Dec 30, 2021 • 11M

മലയാളി ശാസ്ത്രജ്ഞ വീണ വി എസ് കണ്ടെത്തിയത് ക്ഷീരപഥത്തിലെ കാണാക്കാഴ്ചകള്‍

ക്ഷീരപഥത്തിന്റെ രണ്ട് സ്പൈറല്‍ ആമുകളെ തമ്മില്‍ ക്രോസ് ചെയ്ത് ബന്ധിപ്പിക്കുന്ന നീണ്ട നേര്‍ത്ത മേഘപടലങ്ങള്‍ തരംഗങ്ങളായി ഉണ്ടെന്ന് ആദ്യമായി കണ്ടെത്തുന്നത് മലയാളിയായ വീണ വി എസ് എന്ന ജ്യോതിശാസ്ത്രജ്ഞയാണ്

5
1
 
1.0×
0:00
-11:15
Open in playerListen on);
Episode details
1 comment

കോട്ടയം വടവാതൂരില്‍ ഉള്ള വീടിന്റെ ടെറസില്‍ കിടന്ന് ആകാശത്തെ നക്ഷത്രങ്ങളെ അസൂയയോടെ എന്നും നോക്കുമായിരുന്നു വീണ എന്ന കൊച്ചു പെണ്‍കുട്ടി. ഓറിയോണ്‍ പോലുള്ള നക്ഷത്ര സമൂഹങ്ങളെ ആകാശത്ത് കണ്ടെത്താന്‍ അമ്മ കൈരളിയാണ് വീണയെ ആദ്യം പഠിപ്പിച്ചത്. അന്ന് നക്ഷത്രങ്ങളെ തൊടാന്‍ അതിയായി ആഗ്രഹിച്ച വീണ, ഇന്ന് ജ്യോതിശാസ്ത്ര രംഗത്തെ തന്നെ പുതിയ കണ്ടെത്തല്‍ കൊണ്ടു ഞെട്ടിച്ച മികച്ച ശാസ്ത്രജ്ഞയായി വളര്‍ന്നു. വീണ വി എസ് എന്ന കോട്ടയംകാരി ആകാശത്തെയും നക്ഷത്രങ്ങളെയും കൈയ്യെത്തി പിടിച്ച കഥ സയന്‍സ് ഇന്‍ഡിക്കയോട് പങ്കുവയ്ക്കുന്നു.

സ്വപ്നം കണ്ട ആകാശം

'കുഞ്ഞുനാള്‍ മുതല്‍ നക്ഷത്രങ്ങളും ആകാശവുമായിരുന്നു എന്നും സ്വപ്നം കണ്ടിരുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും ആകാശം നോക്കി കിടക്കുന്നതായിരുന്നു. അമ്മയാണ് ജ്യോതിശാസ്ത്രജ്ഞയായാല്‍ ഇതെല്ലാം അടുത്ത് കാണാം എന്നു പറഞ്ഞു തന്നത്. ക്ലാസിലെ ഒരു സാധാരണ കുട്ടിയായിരുന്ന എനിക്ക് പക്ഷേ അതിനെല്ലാം സാധിക്കുമോ എന്ന് സംശയിച്ചവരുണ്ട്. ശാസ്ത്രജ്ഞരാവാന്‍ എക്സ്ട്രാ ബ്രില്യന്റ്സ് വേണം എന്നെല്ലാം ഞാനും ഒരിക്കല്‍ കരുതിയിരുന്നു. തരക്കേടില്ലാതെ പഠിക്കുമായിരുന്നതുകൊണ്ട് പത്തിലും പന്ത്രണ്ടിലും നല്ല മാര്‍ക്ക് കിട്ടി. അപ്പോഴെല്ലാം മനസ്സില്‍ അസ്ട്രോണമി മാത്രമായിരുന്നു,' വീണ പറയുന്നു.

വീട്ടുകാരും വീണയുടെ ആഗ്രഹങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി. പക്ഷേ പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണം, ഈ മേഖലയില്‍ എങ്ങനെ മുന്നേറാന്‍ കഴിയുമെന്നൊന്നും ധാരണയില്ലായിരുന്നു. ഇന്നത്തെ പോലെ ഇന്റര്‍നെറ്റും ഒന്നും സുലഭമായിരുന്നില്ല. അതുകൊണ്ടുതന്നെ അന്ന് എല്ലാവരും ചിന്തിക്കുന്നത് മെഡിസിന്‍ അല്ലെങ്കില്‍ എന്‍ജിനിയറിങ് കോഴ്സുകളെക്കുറിച്ച് മാത്രമാണ്. അസ്ട്രോണമി എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലരും അസ്ട്രോളജി എന്നു വരെ തെറ്റിദ്ധരിക്കുമായിരുന്നു. അത്രയേറെ ആളുകള്‍ക്കും ഇതേക്കുറിച്ചുള്ള പരിജ്ഞാനം കുറവായിരുന്നു-വീണ ഓര്‍ത്തെടുക്കുന്നു.

വഴിത്തിരിവ്

ആ സമയത്താണ് മലയാള മനോരമ പത്രത്തില്‍ അബ്ദുള്‍ ഖഫൂര്‍ എന്ന മലപ്പുറത്തുള്ള ഒരു അധ്യാപകന്‍ ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് എഴുതിയ ലേഖനം കണ്ടത്. അമ്മ അദ്ദേഹത്തിന്റെ മേല്‍വിലാസം സംഘടിപ്പിച്ചു തന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് ഉപദേശം ചോദിച്ചു കത്തെഴുതി. അദ്ദേഹം ഫോണ്‍ വിളിക്കാനുള്ള നമ്പര്‍ അയച്ചു തന്നിട്ട് വിളിക്കാന്‍ ആവശ്യപ്പെട്ടു. അസ്ട്രോണമിക്കായി ബിരുദ ബിരുദാനന്തര കോഴ്സുകളൊന്നും ഇന്ത്യയിലില്ല എന്നു മനസ്സിലായി. അങ്ങനെ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിഎസ്സി ഫിസിക്സ് പഠിക്കാനായി കോട്ടയം സിഎംഎസ് കോളേജില്‍ ചേര്‍ന്നത്. പിന്നീട് എംഎസ്സിയും ചെയ്ത ശേഷം ഗവേഷണം അസ്ട്രോണമിയില്‍ ചെയ്യാം എന്ന് അദ്ദേഹം നിര്‍ദേശിച്ചു.

'എന്നാല്‍ നമ്മുടെ നാട്ടിലെ അന്നത്തെ രീതിയനുസരിച്ച് അത്യാവശ്യം മാര്‍ക്കുള്ള എല്ലാവരും പോകുന്ന വഴിക്ക് ഞാന്‍ നടക്കാത്തതിന് എന്നെ അതിശയത്തോടെ നോക്കിയവരുണ്ട്. അച്ഛന്റെയും അമ്മയുടേയും സഹപ്രവര്‍ത്തകരുടെ മക്കള്‍ അടക്കം എല്ലാവരും മെഡിസിനും എന്‍ജിനിയറിങ്ങിനും പോയപ്പോള്‍ ഞാന്‍ ബിരുദത്തിനു പോയതിനെ പരിഹസിച്ചവരുണ്ട്. പക്ഷേ എന്റെ ലക്ഷ്യം അറിയാവുന്ന വീട്ടുകാര്‍ നല്‍കിയ പിന്തുണയാണ് എന്നെ ഇവിടെയെത്തിച്ചത്. അന്നെല്ലാം പത്രത്തില്‍ അസ്ട്രോണമിയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാം വെട്ടിയെടുത്ത് സൂക്ഷിക്കുമായിരുന്നു.'

ഐഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടാനായി മദ്രാസില്‍ എത്തിയപ്പോള്‍ ആകെ അന്ധാളിപ്പായിരുന്നുവെന്ന് വീണ. 'കൂടെയുള്ളവരെല്ലാം ഭയങ്കര പഠിപ്പിസ്റ്റുകളായിരുന്നു. അന്നെല്ലാം ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. പക്ഷേ അതെല്ലാം അതിജീവിച്ചതാണ് ഇന്നും എന്റെ ജീവിതത്തിലെ വലിയ കാര്യമായി തോന്നുന്നത്. കാരണം, ഐഐടിയില്‍ നിന്നാണ് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഞാന്‍ പഠിച്ചത്. അത് പിന്നീട് വളരെയേറെ ഗുണം ചെയ്തു. അന്നത്തെ ഞാനും ഇന്നത്തെ ഞാനും തമ്മില്‍ അത്രയേറെ അന്തരമുണ്ട്.'

നക്ഷത്ര രഹസ്യങ്ങള്‍ തേടി

തിരുവനന്തപുരം ഐഐഎസ്ടിയില്‍ ഗവേഷണത്തിനു ചേര്‍ന്നതോടെയാണ് വീണ പൂര്‍ണമായും അസ്ട്രോണമിയിലേക്ക് തിരിഞ്ഞത്. 'നമ്മുടെ ആകാശഗംഗയിലെ (galaxy) സൂര്യനെക്കാള്‍ എട്ടു മടങ്ങ് ഭാരമുള്ള നക്ഷത്രങ്ങളുടെ (massive stars) ഉത്ഭവത്തെക്കുറിച്ചായിരുന്നു പിഎച്ച്ഡി ഗവേഷണം നടത്തിയത്. അവയുടെ സ്വഭാവം പൊതുവേ മറ്റ് നക്ഷത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാകും. വലിയ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ പൊതുവേ ആകാശഗംഗയുടെ ഇടയില്‍ ഫിലമെന്റ് പോലെ കാണപ്പെടാറുമുണ്ട്.'

ഐഐഎസ്ടിയിലെ ഗവേഷണ കാലത്ത് ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിന് അസ്ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കെ ഡി അഭയങ്കര്‍ അവാര്‍ഡും വീണയ്ക്ക് ലഭിച്ചു.

പിന്നീട് ജര്‍മനിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് ഇതിനോട് ബന്ധപ്പെടുത്തി ക്ഷീരപഥത്തിന്റെ (milky way) ഉള്‍ഭാഗത്തായുള്ള നക്ഷത്രങ്ങളെയും മേഘങ്ങളെയും കുറിച്ച് പഠിക്കുകയായിരുന്നു വീണ. '1000 പ്രകാശ വര്‍ഷങ്ങളിലും നീളമുള്ള മേഘങ്ങള്‍, അതായത് ഫിലമെന്റ്സ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത്തരത്തിലുള്ള പുതിയ ഫിലമെന്റുകള്‍ ഉണ്ടോ, അത് ഏത് ദിശയിലേക്കാണ് പ്രവഹിക്കുന്നത് എന്നിവ കണ്ടെത്തുകയായിരുന്നു എന്റെ ലക്ഷ്യം,' വീണ പറയുന്നു.

കുടുംബത്തോടൊപ്പം വീണ

ക്ഷീരപഥത്തിന്റെ മധ്യഭാഗത്തു നിന്നും സര്‍പ്പിളാകൃതിയില്‍ നാല് കരങ്ങള്‍ (spiral arms) ഉണ്ട്. നൂറുകണക്കിന് നക്ഷത്രങ്ങളുടെ കൂട്ടമാണിത്. അതില്‍ ഉള്‍പ്പെട്ട ഒന്നാണ് സൂര്യന്‍. ഭൂമിയില്‍ നിന്നും ടെലസ്‌കോപ് ഉപയോഗിച്ചു നോക്കുമ്പോള്‍ നക്ഷത്രങ്ങളുടെയും വാതക മേഘങ്ങളുടെയും കൂട്ടത്തെ പ്രകാശ ബാന്‍ഡുകളായാണ് കാണപ്പെടുന്നത്. കഴിഞ്ഞ 10 വര്‍ഷമായി പലരും വിവിധ സ്ഥലങ്ങളില്‍ നിന്ന് ടെലസ്‌കോപ് ഉപയോഗിച്ച് ഇത്തരത്തിലുള്ള നൂലുപോലെ തോന്നിക്കുന്ന മേഘപടലങ്ങളുടെ ഫിലമെന്റ്സ് കണ്ടെത്തിയിരുന്നു. പക്ഷേ അതെല്ലാം സ്പൈറല്‍ ആമിന്റെ അതേ ദിശയിലുള്ളവയായിരുന്നു. എന്നാല്‍ സ്പൈറല്‍ ആമുകളെ തമ്മില്‍ ബന്ധിപ്പിച്ച് ക്രോസ്ലിങ്ക് ചെയ്യുന്ന തരത്തില്‍ നൂലു പോലെ ഇത്രയധികം നീളമുള്ള മേഘസമൂഹത്തെ കണ്ടെത്തുന്നത് ഇത് ആദ്യമായാണ്.

തിരമാല പോലെ അല്ലെങ്കില്‍ വേവ് ഗ്രാഫ് പോലെ തോന്നിക്കുന്ന ഈ ക്ലൗഡിന് 6000 മുതല്‍ 13000 പ്രകാശ വര്‍ഷം വരെ നീളമുണ്ട്. അതായത്, വളരെ നീളത്തില്‍ നൂലുപോലെയുള്ള തരംഗങ്ങളായി കിടക്കുന്ന ഈ ഫിലമെന്റ് ഒരു സ്പൈറല്‍ ആമില്‍ നിന്നും മറ്റൊന്നിലേക്ക് ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇത് അസാധാരണമാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റല്‍ തെറ്റ് മൂലം വന്നതല്ലെന്ന് പ്രൊഫസറായ ഡോ. പീറ്റര്‍ ഷില്‍കെയെയും സഹപ്രവര്‍ത്തകരെയും എല്ലാം കാണിച്ച് ഉറപ്പു വരുത്തി. അങ്ങനെയാണ് ഈ മേഘങ്ങളുടെ കണ്ടെത്തലിലേക്ക് എത്തുന്നത്.

സാങ്കേതികവിദ്യ പ്രധാനം

ഇപ്പോള്‍ ഇത് കണ്ടെത്താന്‍ സാധിച്ചതിന്റെ ഒരു കാരണം നമ്മുടെ സാങ്കേതികവിദ്യ അത്രയേറെ വളര്‍ന്നതുകൊണ്ടു കൂടിയാണ്. ഉപയോഗിക്കുന്ന ടെലസ്‌കോപ്പിന്റെ സെന്‍സിറ്റിവിറ്റി വളരെ പ്രധാനമാണ്. ഇന്ന് എത്ര മങ്ങിയതാണെങ്കിലും അത് കുറേയേറെ വ്യക്തമായി കാണാന്‍ ആധുനിക സംവിധാനങ്ങള്‍ സഹായിക്കുന്നുണ്ട്. ഇവിടെ നക്ഷത്രങ്ങളല്ല, ക്ലൗഡ്സാണ് കണ്ടെത്തിയത്. ഹൈഡ്രജന്റെ അല്ലെങ്കില്‍ കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള വാതകങ്ങളുടെ ക്ലൗഡ്സാണ്. അവിടെ പലതും ചിലപ്പോള്‍ അവ്യക്തമാകാം. അപ്പോള്‍ നല്ല റെസലൂഷന്‍ ഉള്ള ടെലസ്‌കോപ്പും ഉണ്ടെങ്കിലേ ഇവ വ്യക്തമാവുകയുള്ളൂ.


രണ്ട് സ്പൈറല്‍ ആമുകളെ തമ്മില്‍ ക്രോസ് ചെയ്ത് ബന്ധിപ്പിക്കുന്നതും തരംഗങ്ങളായി കാണുന്നതും ഇത് ആദ്യമായാണ്


ഇത്തരം എക്സ്ട്രീം നാരോ ക്ലൗഡ്സ് കണ്ടെത്താന്‍ നൂതന സാങ്കേതികവിദ്യയുടെ സഹായം പ്രധാനമാണ്. മുന്‍പ് സ്പൈറല്‍ ആമിന്റെ ഇടയില്‍ കണ്ടെത്തിയ ഇത്തരം ഫിലമെന്റുകളെ എല്ലുകള്‍(bones) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അത് അവയുടെ അതേ ദിശയിലായിരുന്നല്ലോ. ഇതിനിടയ്ക്കാണ് നക്ഷത്രങ്ങളുടെ ഉത്ഭവം സംഭവിക്കുന്നത്. ഇനി നമ്മുടെ ക്ഷീരപഥത്തിനു പുറത്തുള്ള മറ്റ് ആകാശഗംഗകളില്‍ ബോണ്‍സ് കൂടാതെ തൂവലുകള്‍ (feathers) എന്ന ഒന്നു കൂടിയുണ്ട്. ഇത്തരം മേഘങ്ങളെ നമ്മുടെ ആകാശഗംഗയില്‍ നിന്നും കാണാന്‍ കുറച്ചു കൂടി എളുപ്പമാണ്. പക്ഷേ, നമ്മുടെ ക്ഷീരപഥത്തിന്റെ പൂര്‍ണരൂപം കാണാന്‍ സൗരയൂഥത്തിന്റെ പുറത്തു കടക്കണം. അതു ഇപ്പോള്‍ സാധ്യവുമല്ല. അതുകൊണ്ടു തന്നെ നമ്മള്‍ കാണുന്ന പരന്ന തളികയുടെ (ഡിസ്‌ക്) ആകൃതിയില്‍ ഇതിനകത്തു നിന്നുകൊണ്ട് പൂര്‍ണമായി എല്ലാം കാണാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

കണ്ടെത്തിയത് ഇങ്ങനെ

നമ്മുടെ ക്ഷീരപഥത്തില്‍ മധ്യ ഭാഗത്തു നിന്നു ചലിക്കുന്തോറും പല മേഘങ്ങള്‍ക്കും പല വേഗതയാണ്. ഓരോ മേഘങ്ങളും എവിടെയാണെന്ന് കണ്ടെത്തുന്നത് ഇവ ചലിക്കുന്ന വേഗത അളന്നാണ്. ഡോപ്ലര്‍ ഷിഫ്റ്റിന്റെ സിദ്ധാന്തം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ക്ഷീരപഥത്തിന്റെ മധ്യ ഭാഗത്തുള്ള മേഘങ്ങളെക്കുറിച്ച് അധികം പഠനങ്ങള്‍ നടന്നിരുന്നില്ല. ഇതിനു മുന്‍പ് നാരോ ക്ലൗഡ്സ് കണ്ടതും നമുക്ക് കാണാന്‍ അടുത്തുള്ളവയായിരുന്നു. അങ്ങനെ ക്ഷീരപഥത്തിന്റെ മധ്യ ഭാഗത്തെ മേഘങ്ങളെക്കുറിച്ച് പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പഠനത്തിനിടയിലാണ് പൊങ്ങിയും താഴ്ന്നുമുള്ള ഒരു ഘടന കണ്ടെത്താനായത്. ഇത് ഡേറ്റാ പ്രൊസസിങ്ങില്‍ വരുന്ന എന്തെങ്കിലും പ്രശ്നമാണോ എന്നായിരുന്നു സംശയം. അങ്ങനെ ആര്‍ട്ടിഫിഷ്യലായി എന്തെങ്കിലും കടന്നു കൂടിയതാണോ എന്നെല്ലാം വിശദമായി വീണ്ടും പഠിച്ചു.


ഇതുവരെ മേഘങ്ങള്‍ക്ക്‌ ഇന്ത്യന്‍ പേര് നല്‍കിയിട്ടുണ്ടായിരുന്നില്ല. ആദ്യമായാണ് ഒരു മലയാളിക്ക് ഇത്തരമൊരു ബഹിരാകാശ വസ്തുവിന് പേര് നല്‍കാന്‍ അവസരം ലഭിക്കുന്നതും. അങ്ങനെ വീണ പേരിട്ടു, ഗംഗോത്രി വേവ്


അപ്പോഴാണ് അമേരിക്കന്‍ ഗ്രൂപ്പ് 10 വര്‍ഷം മുന്‍പ് എടുത്ത ഒരു ഡാറ്റ പരിശോധിച്ചത്. അതിലും ഈ തരംഗങ്ങള്‍ കണാനായി. അന്ന് അവര്‍ അത് തിരിച്ചറിഞ്ഞതുമില്ല. അങ്ങനെയെങ്കില്‍ ഇപ്പോള്‍ കണ്ടെത്തിയത് ഒരിക്കലും ആര്‍ട്ടിഫിഷ്യല്‍ ആകില്ല, യഥാര്‍ഥത്തില്‍ ഉള്ളതാണെന്ന് ഉറപ്പുവരുത്താനായി. പിന്നീട് ഇതിന്റെ വേഗത അനുസരിച്ച് എവിടെ സ്ഥിതി ചെയ്യുന്നു എന്ന് നോക്കിയപ്പോഴാണ് ചുരുങ്ങിയത് 6000 പ്രകാശ വര്‍ഷം നീളമുള്ളതാണെന്നും മനസ്സിലാക്കാനായത്. ഇതിനു മുന്‍പ് ഒരു സ്പൈറല്‍ ആമില്‍ നിന്നും പുറത്തു പോകുന്നതും അവയുടെ ഇടയിലുള്ളതുമെല്ലാം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ രണ്ട് സ്പൈറല്‍ ആമുകളെ തമ്മില്‍ ക്രോസ് ചെയ്ത് ബന്ധിപ്പിക്കുന്നതും തരംഗങ്ങളായി കാണുന്നതും ഇത് ആദ്യമായാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ പ്രതിഭാസം കണ്ടെത്തിയത് 2020 മാര്‍ച്ചിലാണ്. കുറേയേറെ തവണ വീണ്ടും പരീക്ഷിച്ച് പല വിദഗ്ധരെ കൊണ്ടും ശരിയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. പക്ഷേ കൊവിഡ് പ്രതിസന്ധി മൂലം പേപ്പര്‍ 2021 നവംബറിലാണ് പ്രസിദ്ധീകരിക്കാനായത്.

ഗംഗോത്രി വേവ്

സാധാരണ ഇത്തരം മേഘങ്ങള്‍ക്ക് പേരിടുന്നത് പലപ്പോഴും നമ്പറുകളായോ മറ്റോ ആണ്. ഇത്തരം ജ്യോതിശാസ്ത്ര വസ്തുക്കള്‍ക്ക് പേരിടുന്ന ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ കമ്മിറ്റിയാണ് ഇത് നിര്‍ദേശിക്കുന്നതും. എന്നാല്‍ പുതുതായി കണ്ടെത്തിയ ഈ മേഘങ്ങള്‍ വിചിത്രവും അപൂര്‍വ്വവുമായതുകൊണ്ടാണ് ഇതിന് പേര് നല്‍കാന്‍ എനിക്ക് അവസരം ലഭിച്ചതും. ഇതുവരെ ഒരു മേഘങ്ങള്‍ക്കും ഇന്ത്യന്‍ പേര് നല്‍കിയിട്ടുമുണ്ടായിരുന്നില്ല. ആദ്യമായാണ് ഒരു മലയാളിക്ക് ഇത്തരമൊരു ബഹിരാകാശ വസ്തുവിന് പേര് നല്‍കാന്‍ അവസരം ലഭിക്കുന്നതും.

ക്ഷീരപഥം ഒരു ആകാശഗംഗയാണ്. അപ്പോള്‍ ഗംഗ വച്ച് ഒരു പേരിടാം എന്ന് തോന്നി. എന്റെ വീടിന്റെ പേര് ഗംഗോത്രി എന്നായതുകൊണ്ട് ആ പേര് മനസ്സില്‍ ഓര്‍ത്തെടുത്തു. അങ്ങനെയാണ് ഗംഗോത്രി വേവ് എന്ന് പേരിട്ടത്. പേരിടാന്‍ അവസരം ലഭിച്ചതു തന്നെ വലിയ കാര്യമായാണ് കരുതുന്നത്. അതും നമ്മുടെ നാടിന്റെ ഒരു മുദ്ര ആ പേരില്‍ ചേര്‍ക്കാനായെന്നതും അഭിമാനമായി തോന്നി.

ഗവേഷണം തുടരണം

ആകാശഗംഗയെക്കുറിച്ച് ഇതുവരെയുള്ള നിഗമനങ്ങളില്‍ മാറ്റം വരുത്തുന്നതാണ് ഈ കണ്ടെത്തല്‍. കാരണം ക്ഷീരപഥത്തിന്റെ ഉള്ളറകളില്‍ നാം കാണാത്ത ഇത്തരം അപൂര്‍വ്വ പ്രതിഭാസങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതകളുണ്ട്. അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഇനിയും ഗവേഷണങ്ങള്‍ നടത്തണം. അതിനായുള്ള പരിശ്രമത്തിലാണ്. ജര്‍മനിയിലെ കൊളോണ്‍ സര്‍വ്വകലാശാലയിലായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ഗവേഷണം നടത്തിയത്. ഇനി ജര്‍മനിയിലെ തന്നെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റേഡിയോ അസ്ട്രോണമിയിലാണ് അടുത്ത രണ്ടു വര്‍ഷങ്ങള്‍ ഗവേഷണത്തിനായി ചിലവിടുന്നത്.

ഹുംബോള്‍ട് ഫൗണ്ടേഷന്റെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ് നേടിയാണ് ജര്‍മനിയിലെത്തിയത്. നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് വീണയുടെ താല്‍പര്യം. 'എത്രയധികം ഈ വിഷയത്തെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നോ അത്രയധികം ഞാന്‍ എന്റെ സ്വപ്നങ്ങളോട് അടുത്താണ് ജീവിക്കുന്നത്. ഇനിയും ആകാശ വിസ്മയങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തണം. ഗവേഷണം ഒരു ജോലിയായല്ല, ഒരു പാഷനായാണ് ഞാന്‍ കാണുന്നത്. ഇഷ്ടപ്പെട്ട മേഖലയില്‍ തന്നെ എത്താനായതും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും വലിയ അനുഗ്രഹമായാണ് കരുതുന്നത്.'

നക്ഷത്രങ്ങള്‍ നല്‍കിയ പ്രതീക്ഷ

മുഴുവന്‍ സമയവും കുത്തിയിരുന്ന് പഠിക്കുന്ന ആളല്ല ഞാന്‍. പഠിക്കുന്നത് വളരെ കുറച്ച് സമയം ആണെങ്കിലും ആ സമയം നന്നായി ഗ്രഹിച്ചു പഠിക്കുന്ന രീതിയാണ്. അല്ലാതെ എപ്പോഴും ഇരുന്ന് പഠിക്കാന്‍ പറഞ്ഞാല്‍ അതിനു കഴിയുന്ന ഒരാളല്ല. മാത്രമല്ല, മറ്റുള്ളവര്‍ ചെയ്യുന്നതു പോലെ കണ്ട് അതുപോലെ പഠിക്കാനൊന്നും പറ്റുമായിരുന്നില്ല. എന്റേതായ രീതിയില്‍ സമ്മര്‍ദ്ദം ഇല്ലാതെ പഠിക്കാനായിരുന്നു എന്നും ശ്രമിച്ചിട്ടുള്ളത്. അതിനും എന്നെ നക്ഷത്രങ്ങള്‍ സഹായിച്ചിട്ടുണ്ട്. കാരണം, എന്നും രാത്രി ഒരു മണിക്കൂറോളം ആകാശം നോക്കി കിടക്കുമായിരുന്നു. ഇത് വല്ലാത്ത ഉന്മേഷവും ശാന്തതയും മനസ്സിന് നല്‍കിയിരുന്നു. മാത്രമല്ല, എന്നെങ്കിലും നക്ഷത്രങ്ങളെ കൈയ്യെത്തി പിടിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും അപ്പോള്‍ തോന്നും.

ആ ആഗ്രഹങ്ങളാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. പിഎച്ച്ഡി ഗവേഷണ കാലത്ത് എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്ന് വിചാരിച്ച സമയം വരെയുണ്ട്. പക്ഷേ അന്നെല്ലാം എന്റെ സ്വപ്നങ്ങളും പാഷനുമാണ് മുന്നോട്ട് നയിച്ചത്. നമ്മുടെ കഴിവുകളിലുള്ള വിശ്വാസമില്ലായ്മയാണ് പലരുടേയും പ്രശ്നം. മാതാപിതാക്കളുടെ പിന്തുണയുണ്ടെങ്കില്‍ ഇതെല്ലാം മറികടക്കാന്‍ എളുപ്പമാണെന്ന് ഞാന്‍ പറയും. എന്റെ മാതാപിതാക്കള്‍ക്ക് എന്നിലുണ്ടായിരുന്ന വിശ്വാസവും അവര്‍ എനിക്ക് നല്‍കിയ ആത്മവിശ്വാസവുമാണ് എന്റെ ഏറ്റവും വലിയ ശക്തി.

റിട്ട. അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.വി.ഷാജിമോനും റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ എന്‍. കൈരളിയുമാണ് മാതാപിതാക്കള്‍. ഒരു അനുജനുണ്ട്. എന്നെ ഇത്രയധികം പിന്തുണച്ചതിന് എന്റെ മാതാപിതാക്കള്‍ക്കുള്ള പാരിതോഷികമാണ് ഈ നേട്ടം. നമുക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതു ചെയ്യുക. മറ്റുള്ളവരെ കണ്ട് അതുപോലെ ആകാന്‍ കുട്ടികളെ നിര്‍ബന്ധിക്കാതിരിക്കുകയാണ് മാതാപിതാക്കളും ചെയ്യേണ്ടത്. ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ നിന്നുകൊണ്ട് അസ്ട്രോഫിസിസ്റ്റ് ആവുക എന്നത് അസംഭവ്യമായിരുന്നേനെ, എന്റെ കുടുംബം എന്നെ പിന്തുണച്ചില്ലായിരുന്നെങ്കില്‍.