
സ്വന്തമായി ഇലക്ട്രിക് ബൈക്ക് നിര്‍മിച്ച് ഒന്‍പതാം ക്ലാസുകാരന് യാസിന്
ലൈസന്‍സ് പോലും വേണ്ടാത്ത ഒരു ബൈക്കില്‍ കറങ്ങി നാട്ടില്‍ താരമാവുകയാണ് മുഹമ്മദ് യാസിന് എന്ന ഒന്‍പതാം ക്ലാസുകാരന്. സ്വന്തമായി ഒരു ഇലക്ട്രിക് ബൈക്ക് നിര്‍മിച്ചാണ് യാസിന് വ്യത്യസ്തനാകുന്നത്
കൊവിഡ് മൂലം ഉണ്ടായ ലോക്ക് ഡൗണ്‍ പലരേയും വീട്ടില്‍ തളച്ചിട്ടു എന്നു പരിതപിക്കാറുണ്ട്. എന്നാല്‍ ആലപ്പുഴ ഹരിപ്പാട് സ്വദേശി മുഹമ്മദ് യാസിന് എന്ന പതിനാലുകാരന് ലോക്ക് ഡൗണില്‍ കുറച്ച് തിരക്കിലായിരുന്നു. കാരണം തന്റെ സ്വന്തം ഐഡിയക്ക് അനുസരിച്ചുള്ള ഒരു ബൈക്ക് തന്നെ രൂപകല്‍പ്പന ചെയ്ത് ഉണ്ടാക്കിയെടുക്കുകയായിരുന്നു യാസിന്. കൂടെ പഠിക്കുന്ന കുട്ടികള്‍ സൈക്കിളിലും മറ്റും ചുറ്റിക്കറങ്ങുമ്പോള്‍ സ്വന്തമായുണ്ടാക്കിയ ഇലക്ട്രിക് ബൈക്കിലാണ് യാസിന്റെ യാത്ര.
യാസിന്റെ കഥ: വിഡിയോ കാണാം
തലയില്‍ ബള്‍ബ് കത്തിയപ്പോള്‍
പത്തു മാസങ്ങള്‍ക്കു മുന്‍പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് യാസിന്റെ തലയില്‍ ബൈക്കിന്റെ ഹെഡ്ലൈറ്റ് മിന്നുന്നത് പോലെ ഒരു ബള്‍ബ് കത്തിയത്. സൈക്കിളല്ലാതെ ഒരു ബൈക്ക് ഓടിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. അങ്ങനെയാണ് ഒരു ഇലക്ട്രിക് ബൈക്ക് എന്ന ചിന്തയിലേക്ക് എത്തിയത്. അതാകുമ്പോള്‍ ലൈസന്‍സും വേണ്ട, പ്രത്യേകിച്ച് പരിശീലനവും വേണ്ട. കൊവിഡ് മൂലം വീട്ടില്‍ ലോക്കായപ്പോഴാണ് തന്റെ മനസ്സില്‍ ഈ ആശയം തോന്നിയതെന്ന് യാസിന് സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു. ക്രിയാത്മകവും ശാസ്ത്രീയപരവുമായി എന്ത് ചെയ്യാമെന്നാണ് യാസിന് എന്നും ചിന്തിച്ചിരുന്നത്.
ബൈക്ക് എന്ന ആശയത്തിലെത്തിയപ്പോള് തന്നെ ആദ്യം മനസ്സിലുള്ള ഡിസൈന്‍ വരച്ചുണ്ടാക്കി. ഇത് കാണിച്ച് തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ വാപ്പ ഹുസൈനും ഉമ്മ സുമൈയ്യയും പൂര്‍ണ പിന്തുണ നല്കി. ആദ്യം സ്വന്തം സൈക്കിളില്‍ തന്നെ മാറ്റങ്ങള്‍ വരുത്താമെന്ന് ചിന്തിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു. ബൈക്കിന് ലുക്ക് കിട്ടാന്‍ ഷോക്ക് അബ്സോര്‍ബര്‍ ഉള്ള സൈക്കിളാണ് നല്ലതെന്ന് മനസ്സിലാക്കിയാണ് സ്വന്തം സൈക്കിളില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. അങ്ങനെ സൈക്കിളും മറ്റ് പഴയ വസ്തുക്കളും ആക്രി കടയില്‍ നിന്നും വാങ്ങിയാണ് ബൈക്കിനായി പുനരുപയോഗിച്ചത്.
എല്ലാം ആദ്യ പരീക്ഷണമായിരുന്നു. തന്റെ ഐഡിയക്ക് അനുസരിച്ച് ചെയ്തും, ശരിയാകാതെ വരുന്നത് മാറ്റി ചെയ്തും അങ്ങനെ മൂന്ന് മാസങ്ങള്‍ കൊണ്ടാണ് യാസിന് ബൈക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വെല്‍ഡിങ് അറിയാത്തതുകൊണ്ട് അതു മാത്രം പുറത്ത് ഒരു വര്‍ക്ക്ഷോപ്പില്‍ കൊടുത്തു ചെയ്തെടുത്തു. ബാക്കി പെയ്ന്റിങ് അടക്കം എല്ലാം സ്വയം ചെയ്ത യാസിന്, വൈബി (യാസിന് ബൈക്ക്) എന്നാണ് തന്റെ ബൈക്കിന് പേരിട്ടിരിക്കുന്നത്.
ഗിയറൊഴികെ എല്ലാം
ഒരു ബൈക്കില്‍ കാണുന്ന ഗിയര്‍ ഒഴികെ എല്ലാം തന്നെ യാസിന്റെ ബൈക്കിലുമുണ്ട്. 7എഎച്ചിന്റെ നാല് ബാറ്ററികളിലാണ് ബൈക്ക് വൈദ്യുതിയില്‍ റീചാര്‍ജ് ചെയ്ത് പ്രവര്‍ത്തിക്കുന്നത്. നാല് മണിക്കൂര്‍ കൊണ്ട് മുഴുവന്‍ ചാര്‍ജ് കേറിയാല്‍ 30 കിലോമീറ്റര്‍ വരെ ഇതുകൊണ്ട് ഓടിക്കാം എന്ന് യാസിന് പറയുന്നു. രണ്ട് പേര്‍ക്ക് സുഖമായി ഇരിക്കാവുന്ന ബൈക്ക് മണിക്കൂറില്‍ 25 കിലോമീറ്റര്‍ സ്പീഡില്‍ പോകും. ഹെഡ്ലൈറ്റും ഇന്‍ഡിക്കേറ്ററും ഹോണും എല്ലാമുള്ള ഈ ബൈക്കില്‍ സ്പീഡോമീറ്ററും ഘടിപ്പിച്ചിട്ടുണ്ട്. സാധാരണ ഇലക്ട്രിക് ബൈക്കുകള്‍ പോലെ തന്നെ താക്കോല്‍ തിരിച്ച് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ആക്സിലേറ്ററും കൊടുത്ത് വിട്ടു പോകാം. ബ്രേക്ക് പിടിക്കുമ്പോള്‍ മോട്ടോര്‍ കട്ടാവുകയും വാഹനം നില്‍ക്കുകയും ചെയ്യും.
ടയറില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ വഴി കിലോമീറ്റര്‍ അളക്കാനുള്ള സ്പീഡോമീറ്ററും യാസിന് ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 35,000 രൂപയ്ക്ക് അടുത്ത് മാത്രമാണ് ഈ ഇലക്ട്രിക് ബൈക്ക് നിര്‍മിക്കാന്‍ യാസിന് ചിലവ് വന്നത്. പെട്രോളും ലൈസന്‍സും ഒന്നും വേണ്ടെങ്കിലും കണ്ടാല്‍ ഒരു കൊച്ചു മൊപ്പെഡ് ബൈക്ക് പോലെ തോന്നിക്കും. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഇതുമായി റോഡിലിറങ്ങിയപ്പോള്‍ പോലീസും കൈകാണിച്ചു. ഇത് താന്‍ ഉണ്ടാക്കിയ ഇലക്ട്രിക് ബൈക്കാണെന്ന് പറഞ്ഞപ്പോള്‍ പോലീസിനും അതിശയമായി. അത് ഓടിച്ചു നോക്കുക കൂടി ചെയ്ത അവര്‍ യാസിനെ അഭിനന്ദിക്കാനും മറന്നില്ല.
ലക്ഷ്യങ്ങള്‍ ഏറെ
അനന്തപുരം കെകെവിഎംഎച്ച്എസ്എസില് പഠിക്കുന്ന യാസിന്, യുപി സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ ശാസ്ത്ര-കരകൗശല പ്രദര്ശനത്തിനെല്ലാം ചേരുമായിരുന്നു. ഈ സമയത്തെല്ലാം സ്വന്തമായി എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനായിരുന്നു യാസിന് താല്പര്യം. ഇലക്ട്രിക് ബൈക്ക് മാത്രമല്ല യാസിന് സ്വയം നിര്‍മിച്ചിരിക്കുന്നത്. മേശപ്പുറത്ത് വച്ച് ഒരു കൈകൊണ്ട് അനായാസം കറക്കാവുന്ന ഇടിയപ്പം അച്ച് സ്റ്റാന്റ്, അതിവേഗം ഏത് കാടും വൃത്തിയാക്കാന്‍ കഴിയുന്ന ഗ്രാസ് കട്ടര്‍, കൊവിഡ് തുടങ്ങിയപ്പോള്‍ കാല് കൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ തുടങ്ങിയവയെല്ലാം യാസിന് സ്വയം നിര്‍മിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഓടിക്കുന്ന ബൈക്കില്‍ 80 കിലോ വരെ ഭാരം വഹിക്കാമെന്നാണ് കണക്കാക്കുന്നത്. നാല് ബാറ്ററികള്‍ക്കും കൂടെ അത്യാവശ്യം ഭാരമുണ്ട്. അതുകൊണ്ട് വാഹനത്തിന്റെ വേഗതയും കുറയുന്നുണ്ട്. ഇത് പരിഹരിക്കാനായി നിലവിലെ ബാറ്ററികള്‍ക്ക് പകരമായി ലിഥിയം ബാറ്ററികള്‍ ഘടിപ്പിക്കാനാണ് യാസിന് പദ്ധതിയിടുന്നത്. ഇത് ബൈക്കിന്റെ ഭാരം കുറയ്ക്കുമെന്നതിനൊപ്പം മൈലേജ് കിട്ടാനും ഉപകരിക്കുമെന്ന് കണക്കുകൂട്ടുന്നു.
ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല യാസിന്റെ ലക്ഷ്യങ്ങള്‍. മുതിര്‍ന്നു കഴിയുമ്പോള്‍ ഒരു മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആകാന്‍ ആഗ്രഹിക്കുന്ന യാസിന്റെ അടുത്ത ലക്ഷ്യം ഒരു സോളാര്‍ കാറാണ്. അതിനുള്ള ഡിസൈനെല്ലാം തയ്യാറാക്കി വച്ചിരിക്കുകയാണ് ഈ മിടുക്കന്. സാമ്പത്തികം അടക്കം കുറച്ച് കാര്യങ്ങള്‍ കൂടി ആയാല്‍ അധികം വൈകാതെ സോളാര്‍ കാറും യാസിന്റേതായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.