Mar 14 • 13M

മറവിരോഗം കൂടുതല്‍ സ്ത്രീകളില്‍, കാരണമെന്ത്? കണ്ടെത്തലുമായി മലയാളി ഗവേഷകര്‍

അല്‍സ്ഹൈമേഴ്‌സ് രോഗം എന്തുകൊണ്ട് സ്ത്രീകളെ കൂടുതലായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്ന സംഘത്തില്‍ മലയാളികളായ ഷീജ നവക്കോടും സജികുമാര്‍ ശ്രീധരനും

5
5
 
1.0×
0:00
-12:51
Open in playerListen on);
Episode details
5 comments

നന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി(എന്‍ടിയു) സിംഗപ്പൂര്‍, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ (എന്‍യുഎസ്) എന്നീ സ്ഥാപനങ്ങളുടെ സംയുക്ത പഠനത്തില്‍ അല്‍ഷിമേഴ്സ് രോഗവും മറ്റ് ന്യൂറോഡിജെനറേറ്റീവ് രോഗങ്ങളും എന്തുകൊണ്ട് സ്ത്രീകളെ കൂടുതലായി ബാധിക്കുന്നുവെന്ന കാര്യമാണ് ശാസ്ത്രജ്ഞര്‍ പരിശോധിച്ചത്. മലയാളികളായ ഷീജ നവക്കോടും സജികുമാര്‍ ശ്രീധരനും ഈ പഠനത്തിന്റെ ഭാഗമായിരുന്നു


നടന്നുതീര്‍ത്ത വഴികളെ കുറിച്ചോ ഒപ്പം ജീവിതനിമിഷങ്ങള്‍ പങ്കിട്ടവരെ കുറിച്ചോ കഴിഞ്ഞ കാലങ്ങളെ കുറിച്ചോ, എന്തിന് തൊട്ട് മുമ്പ് കടന്നുപോയ നിമിഷത്തെ കുറിച്ചോ പോലും ഒരോര്‍മ്മയും ഇല്ലാതെ മനുഷ്യനെ മറവിയുടെ മാറാലയിലേക്ക് തള്ളിവിടുന്ന അല്‍സ്‌ഹൈമേഴ്സ്. ലോകത്ത് ഏറ്റവുമധികം ആള്‍ക്കാരെ ബാധിക്കുന്ന ന്യൂറോഡീജെനറേറ്റീവ്( നാഡീകോശങ്ങള്‍ നശിക്കുകയോ പ്രവര്‍ത്തനരഹിതമാകുകയോ ചെയ്യുന്ന) രോഗമാണ് അല്‍സ്‌ഹൈമേഴ്സ്. ലോകമെമ്പാടും 40 ദശലക്ഷം ആള്‍ക്കാരുടെ ഓര്‍മ്മശക്തിയെയും ചിന്താശേഷിയെയും സ്വഭാവരീതികളെയും താറുമാറാക്കുന്ന ഒരു രോഗം. മറവിരോഗങ്ങളില്‍ 60-70 ശതമാനവും അല്‍സ്‌ഹൈമേഴ്സ് ആണെന്നാണ് കരുതപ്പെടുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് അല്‍സ്‌ഹൈമേഴ്സ് രോഗം കൂടുതലായി ബാധിക്കുന്നത്. സ്ത്രീകളുടെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, വിഷാദരോഗം പിടിപെടാനുള്ള സാധ്യത, വ്യായാമക്കുറവ് അടക്കം പല കാരണങ്ങളും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയായിട്ടുണ്ട്. എങ്കിലും സ്ത്രീപുരുഷന്മാര്‍ക്കിടയിലെ വ്യത്യാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സാധ്യതകളൊന്നും സാമാന്യവല്‍ക്കരിച്ച് ഒരു നിഗമനത്തില്‍ എത്തുക അസാധ്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞിടെ സിംഗപ്പൂരില്‍ നടന്ന ഒരു പഠനം എന്തുകൊണ്ട് സ്ത്രീകള്‍ കൂടുതലായി അല്‍സ്‌ഹൈമേഴ്സിന് ഇരയാകുന്നുവെന്നതില്‍ ചില ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തുകയുണ്ടായി. മലയാളികളായ ഷീജ നവക്കോടും സജികുമാര്‍ ശ്രീധരനും ഈ പഠനത്തിന്റെ ഭാഗമായിരുന്നു.

ഇടത്ത് നിന്നും ഡോ.ജെസ്സീക്ക ഗോണ്ട്,  പ്രഫസര്‍ ച്ന്‍ഗ് തോ ഹീന്‍, പ്രഫസര്‍ സജികുമാര്‍ ശ്രീധരന്‍, ഡോ.ഷീജ നവക്കോട്.

നന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി(എന്‍ടിയു) സിംഗപ്പൂര്‍, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ (എന്‍യുഎസ്) എന്നീ സ്ഥാപനങ്ങളുടെ സംയുക്ത പഠനത്തില്‍ അല്‍സ്‌ഹൈമേഴ്സ് രോഗവും മറ്റ് ന്യൂറോഡിജെനറേറ്റീവ് രോഗങ്ങളും എന്തുകൊണ്ട് സ്ത്രീകളെ കൂടുതലായി ബാധിക്കുന്നുവെന്ന കാര്യമാണ് ശാസ്ത്രജ്ഞര്‍ പരിശോധിച്ചത്. അല്‍സ്‌ഹൈമേഴ്സ് രോഗവുമായി ബന്ധപ്പെട്ട ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച മൗസ് മോഡലുകളില്‍* ആണ് ഇവര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ അല്‍സ്‌ഹൈമേഴ്സ് രോഗ ലക്ഷണങ്ങള്‍ നേരത്തെ കാണിക്കുന്നതെന്തുകൊണ്ട്, മറവി വളരെ പെട്ടെന്ന് അവരെ കീഴ്പ്പെടുത്തുന്നത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താനായിരുന്നു അവരുടെ ശ്രമം. ചുണ്ടെലികളുടെ മസ്തിഷ്‌ക സാംപിളുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും ആണ്‍ ചുണ്ടെലികളെ അപേക്ഷിച്ച്, പെണ്‍ ചുണ്ടെലികള്‍ക്ക് വിവര വിശകലനത്തിനുള്ള കഴിവ് വളരെ വേഗം നഷ്ടമാകുന്നതായും അതിനാല്‍ ഓര്‍മ്മകള്‍ രൂപപ്പെടുന്ന പ്രക്രിയ ഇവരില്‍ ദുര്‍ബ്ബലമാണെന്നും അതേസമയം സ്മൃതിഭ്രംശം വളരെ അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഏറെക്കാലമായി വൈദ്യശാസ്ത്രലോകം തേടുന്ന ഉത്തരത്തിലേക്കുള്ള ആദ്യ പടിയായി ഈ കണ്ടെത്തലുകളെ കാണാവുന്നതാണ്. എയ്ജിംഗ് സെല്‍ ജേണല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.


കടുത്ത ഇന്‍ഫ്ളമേഷനും ഹിപ്പോകാമ്പസ് മേഖലയുടെ വഴക്കക്കുറവും ആയിരിക്കാം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ അല്‍സ്‌ഹൈമേഴ്സ് മൂലമുള്ള ഓര്‍മ്മ നഷ്ടം വേഗത്തിലാകാനുള്ള കാരണം. എല്‍ടിപിയും ഓര്‍മ്മയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്‍ടിപി മെച്ചപ്പെടുത്തുന്ന ഏത് മരുന്നും ഓര്‍മ്മയും മെച്ചപ്പെടുത്തുന്നു. മറിച്ച് എല്‍ടിപിയെ ദുര്‍ബലപ്പെടുത്തുന്ന മരുന്നുകള്‍ ഓര്‍മ്മകളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ഡോ. ഷീജ സയന്‍സ് ഇന്‍ഡിക്കയോട് പറഞ്ഞു


ഓര്‍മ്മകള്‍ക്ക് മുന്നില്‍ മടിച്ച് നില്‍ക്കുന്ന മസ്തിഷ്‌കം

എന്‍ടിയുവിലെ ലീ കോംഗ് ചിയാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രഫസറായ ച്ന്‍ഗ് തോ ഹീന്‍, എന്‍യുഎസിലെ യോംഗ് ലൂ ലിന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഫിസിയോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ സജികുമാര്‍ ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. അല്‍സ്‌ഹൈമേഴ്സ് രോഗബാധയുള്ളവരുടേതിന് സമാനമായ രീതിയില്‍ ജനിതക വ്യതിയാനങ്ങള്‍ വരുത്തിയ പെണ്‍ എലികളുടെ മസ്തിഷ്‌കം പുതിയ വിവരങ്ങളുമായി പൊരുത്തപ്പെടുന്നതിനും പുതിയ ഓര്‍മ്മകള്‍ രൂപപ്പെടുത്തുന്നതിനും വേണ്ടത്ര പര്യാപ്തമല്ല, അല്ലെങ്കില്‍ വഴക്കമുള്ളതല്ലെന്നായിരുന്നു അവരുടെ പ്രധാന കണ്ടെത്തല്‍.

മസ്തിഷ്‌കത്തിനുള്ളിലെ സിനാപ്സിസുകള്‍ അഥവാ മസ്തിഷ്‌ക കോശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളുടെ വഴക്കം നഷ്ടപ്പെടുന്നത് സ്ത്രീകളില്‍ കൊഗ്‌നിറ്റീവ് (തിരിച്ചറിയലുമായി ബന്ധപ്പെട്ട) തകരാറുകള്‍ക്ക് കാരണമായേക്കുമെന്നും അല്‍സ്‌ഹൈമേഴ്സ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് അല്‍സ്‌ഹൈമേഴ്സ് രോഗം സ്ത്രീകളെ കൂടുതലായി ബാധിക്കുമെന്നും സ്ത്രീകള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും നേരത്തെ അറിവുള്ള കാര്യമാണ്. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതാകാം അതിനുള്ള കാരണമെന്നായിരുന്നു കാലങ്ങളായി ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാല്‍ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായി മസ്തിഷ്‌കത്തിനുള്ളിലെ സിനാപ്സിസുകള്‍ എടുക്കുന്ന സമയം പുരുഷന്മാരേക്കാള്‍ മുമ്പ് സ്ത്രീകളില്‍ കുറയുന്നതായി ചുണ്ടെലികളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ആയൂര്‍ദൈര്‍ഘ്യമല്ലാതെ, പാരമ്പര്യം, ഹോര്‍മോണ്‍, ജീവിതരീതിയുടെ സ്വാധീനം അടക്കം ജൈവപരമായുള്ള കാരണങ്ങള്‍ അല്‍സ്‌ഹൈമേഴ്സ് രോഗബാധയിലെ സ്ത്രീപുരുഷ ഭേദത്തിന് പിന്നിലുണ്ടെന്ന് നിരവധി സമീപകാല പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അതുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകളുടെ മസ്തിഷ്‌ക ശേഷി വളരെ വേഗം ക്ഷയിക്കുന്നതിനും അങ്ങനെ അല്‍സ്‌ഹൈമേഴ്സ് അടക്കമുള്ള രോഗങ്ങള്‍ എളുപ്പം പിടിപെടുന്നതിനും പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ഇനിയും പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നുവെന്ന് അസി.പ്രഫസര്‍ ച്ന്‍ഗ് അഭിപ്രായപ്പെടുന്നു.

ആണ്‍പെണ്‍ ഭേദം

അല്‍സ്‌ഹൈമേഴ്സ് ഒരു പ്രോഗ്രസ്സീവ് ന്യറോഡിജെനറേറ്റീവ് രോഗമാണ്. നാഡീകോശങ്ങളും അവയുടെ കണക്ഷനുകളും നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് ഈ രോഗം രോഗിയെ എത്തിക്കുക. ഓര്‍മ്മകള്‍ നഷ്ടപ്പെടലാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. മുന്നോട്ട് പോകുന്തോറും രോഗിക്ക് സാരമായ ഓര്‍മ്മക്കുറവ് സംഭവിക്കുകയും സ്വഭാവപരവും സാമൂഹികവുമായ ശേഷികള്‍ നഷ്ടമാകുകയും ചെയ്യുന്നു. ഓര്‍മ്മ രൂപീകരണത്തിലെ ചില  തന്മാത്ര പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനും കാലക്രമേണ അല്‍സ്‌ഹൈമേഴ്സ് രോഗികളായ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാനുമാണ് എന്‍ടിയുവിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ ഡോ.ഷീജ നവക്കോട്, ഡോ.ജെസ്സീക ഗോണ്ട് എന്നിവര്‍ ശ്രമിച്ചത്.

പെണ്‍ ചുണ്ടെലികളില്‍ ആണ്‍ ചുണ്ടെലികളെ അപേക്ഷിച്ച് എല്‍ടിപി(ലോംഗ് ടേം പൊട്ടെന്‍സിയേഷന്‍ അഥവാ സിനാപ്സിസുകളെ ശക്തിപ്പെടുത്തുന്ന പ്രക്രിയ) വളരെ വേഗം ദുര്‍ബലപ്പെടുന്നതായി ഗവേഷക സംഘം പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. മസ്തിഷ്‌കത്തിലെ ഹിപ്പോകാമ്പസ് മേഖലയില്‍ നടക്കുന്ന എല്‍ടിപി ദീര്‍ഘകാല ഓര്‍മ്മകള്‍ രൂപീകരിക്കുന്ന നാഡീകോശങ്ങള്‍ക്കിടയിലെ സിനാപ്സിസുകളെ ശാക്തീകരിക്കുന്ന പ്രക്രിയയാണ്. മസ്തിഷ്‌കം എങ്ങനെ ഓര്‍മ്മകള്‍ക്ക് രൂപം നല്‍കണം, പുതിയ കാര്യങ്ങള്‍ പഠിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നിദാനമായ പ്രധാനപ്പെട്ട കോശ പ്രവര്‍ത്തനമാണ് ഹിപ്പോകാമ്പസ് മേഖലയിലെ എല്‍ടിപി. അല്‍സ്‌ഹൈമേഴ്സ് മൗസ് മോഡലുകളുടെ മസ്തിഷ്‌ക പ്രവര്‍ത്തനം റെക്കോഡ് ചെയ്തപ്പോള്‍ എല്‍ടിപി മുഖേനയുള്ള ഓര്‍മ്മ രൂപീകരണം പെണ്‍ ചുണ്ടെലില്‍ വളരെ വേഗം ക്ഷയിക്കുന്നതായി ഗവേഷകര്‍ മനസിലാക്കി.

ദീര്‍ഘകാലം എല്‍ടിപി ശക്തമായി നിലനിന്നാല്‍ ഓര്‍മ്മകള്‍ക്ക് ഇളക്കം തട്ടില്ലെന്നാണ് ചുണ്ടെലികളില്‍ നടന്ന ഈ പരീക്ഷണം സൂചിപ്പിക്കുന്നതെന്ന് പ്രഫസര്‍ ച്ന്‍ഗ് പറയുന്നു. അതേസമയം കാലം കഴിയുന്നതിനനുസരിച്ച് എല്‍ടിപി ദുര്‍ബ്ബലമായാല്‍ ഓര്‍മ്മകള്‍ നഷ്ടമാകും. ചുരുക്കിപ്പറഞ്ഞാല്‍ എല്‍ടിപി വളരെ വേഗം ദുര്‍ബ്ബലമായാല്‍ ഓര്‍മ്മയുമായി ബന്ധപ്പെട്ട തകരാറുകള്‍ സംഭവിക്കുന്നു. ഇത് തന്നെയാകും അല്‍സ്‌ഹൈമേഴ്സ് രോഗികളില്‍ സംഭവിക്കുന്നുണ്ടാകുക. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനായി കൃത്രിമമായി ചുണ്ടെലികളില്‍ എല്‍ടിപി നടത്തിയപ്പോഴും ആണ്‍ ചുണ്ടെലികളെ അപേക്ഷിച്ച് പെണ്‍ ചുണ്ടെലികള്‍ അതിനോട് ദുര്‍ബലമായാണ് പ്രതികരിച്ചതെന്നും പഠനം കണ്ടെത്തി. അതിനാല്‍ എല്‍ടിപി ക്ഷയിക്കുന്നതും അല്‍സ്‌ഹൈമേഴ്സ് രോഗം സ്ത്രീ പുരുഷന്മാരെ വ്യത്യസ്തരീതിയില്‍ ബാധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വ്യത്യസ്ത പരീക്ഷണങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് പ്രഫസര്‍ ച്ന്‍ഗ് പറയുന്നു.

സ്ത്രീകള്‍ക്ക് വളരെ വേഗം ഓര്‍മ്മകള്‍ നഷ്ടമാകുന്നു

അല്‍സ്‌ഹൈമേഴ്സ് രോഗത്തിന്റെ മൗസ് മോഡലുകളില്‍ പെണ്‍ ചുണ്ടെലികളുടെ മസ്തിഷ്‌ക സാംപിളുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും അവരില്‍ ഇന്‍ഫ്ളമേഷന്‍ മാര്‍ക്കറുകള്‍ അധികമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. പെണ്‍ ചുണ്ടെലികളില്‍ എല്‍ടിപി വേഗത്തില്‍ ക്ഷയിക്കുന്നതിനുള്ള കാരണം ഇതായിരിക്കാം. കടുത്ത ഇന്‍ഫ്ളമേഷനും ഹിപ്പോകാമ്പസ് മേഖലയുടെ വഴക്കക്കുറവും ആയിരിക്കാം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ അല്‍സ്‌ഹൈമേഴ്സ് മൂലമുള്ള ഓര്‍മ്മ നഷ്ടം വേഗത്തിലാകാനുള്ള കാരണം. എല്‍ടിപിയും ഓര്‍മ്മയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്‍ടിപി മെച്ചപ്പെടുത്തുന്ന ഏത് മരുന്നും ഓര്‍മ്മയും മെച്ചപ്പെടുത്തുന്നു. മറിച്ച് എല്‍ടിപിയെ ദുര്‍ബലപ്പെടുത്തുന്ന മരുന്നുകള്‍ ഓര്‍മ്മകളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ഡോ. ഷീജ സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു.


പുരുഷന്മാരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സരീതികളാണ് മിക്ക രോഗങ്ങള്‍ക്കും നിലവിലുള്ളത്. ബയോമെഡിക്കല്‍ ഗവേഷണങ്ങളില്‍ ലിംഗം ഒരു ബയോളജിക്കല്‍ വേരിയബിളായി ഉള്‍പ്പെടുത്തിയാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുയോജ്യമായ ചികിത്സകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. അത് അല്‍ഷിമേഴ്സ് അടക്കുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ (സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും) വലിയ നേട്ടമാകുമെന്നും ഡോ.ഷീജയും പ്രഫസര്‍ സജികുമാറും ഒരേ സ്വരത്തില്‍ പറയുന്നു


അല്‍സ്‌ഹൈമേഴ്സ് രോഗത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ ജനിതക വ്യതിയാനം വരുത്തിയ ചുണ്ടെലികളില്‍ പഠനം നടത്തുന്നത് രോഗത്തെ അടുത്തറിയാന്‍ സഹായിക്കും. മാത്രമല്ല,  മനുഷ്യരുടെയും ചുണ്ടെലികളുടെയും മസ്തിഷ്‌കത്തിലെ കോശ, തന്മാത്രാ രീതികളിലെ സമാനത കണക്കിലെടുക്കുമ്പോള്‍ മൗസ് മോഡലുകളെ ഉപയോഗിച്ചുള്ള ഈ പഠനം മനുഷ്യരുടെ കാര്യത്തിലും പ്രസക്തമാണെന്ന് ഷീജ അഭിപ്രായപ്പെടുന്നു.

അല്‍സ്‌ഹൈമേഴ്സ് രോഗത്തിന്റെ തുടക്കത്തിലാണ് സിനാപ്സിസുകളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നത്. അതിനാല്‍, ഓര്‍മ്മ പ്രശ്നങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അല്‍സ്‌ഹൈമേഴ്സ് പോലുള്ള ന്യൂറോഡീജെനറേറ്റീവ് രോഗങ്ങള്‍ ബാധിക്കുന്ന രോഗികള്‍ക്ക് അത് ഗുണകരമാകും. ഹോര്‍മോണുകള്‍ അല്‍സ്‌ഹൈമേഴ്സ് രോഗത്തെ എത്തരത്തിലാണ് സ്വാധീനിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എങ്കിലും, മസ്തിഷ്‌ക ഹോര്‍മോണുകളുടെ അളവിലുള്ള വ്യത്യാസം വ്യത്യസ്ത ലിംഗങ്ങളിലുള്ള അല്‍സ്‌ഹൈമേഴ്സ് രോഗികളുടെ നാഡീകോശങ്ങളുടെ വഴക്കത്തെയും സ്മൃതിഭ്രംശത്തെയും എത്തരത്തിലാണ് ബാധിക്കുന്നതെന്ന് പഠിച്ചാല്‍ ഇക്കാര്യത്തില്‍ ചില സൂചനകള്‍ ലഭിച്ചേക്കുമെന്ന് പ്രഫസര്‍ ച്ന്‍ഗ് അഭിപ്രായപ്പെട്ടു. അല്‍സ്‌ഹൈമേഴ്സ് രോഗം ആണ്‍ എലികളെ അപേക്ഷിച്ച് പെണ്‍ എലികളുടെ മസ്തിഷ്‌കത്തെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും അതിന് പിന്നിലെ തന്മാത്രപ്രവര്‍ത്തനം മനസിലാക്കാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമാണ്.

ആണ്‍, പെണ്‍ വ്യത്യാസങ്ങള്‍ ഒരു രോഗത്തിന്റെ വളര്‍ച്ചയില്‍ ഉണ്ടാക്കുന്ന വ്യത്യാസങ്ങള്‍ പഠനവിധേയമാക്കിയാല്‍ അല്‍സ്‌ഹൈമേഴ്സ് രോഗമുണ്ടാകാനുള്ള കാരണങ്ങള്‍ മനസിലാക്കാന്‍ അതിലൂടെ കഴിഞ്ഞേക്കുമെന്ന് പ്രഫസര്‍ സജികുമാര്‍ ശ്രീധരന്‍ പറയുന്നു. ഓരോ രോഗവും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാക്കുന്ന ശാരീരിക മാറ്റങ്ങള്‍ വ്യത്യസ്തതരത്തില്‍ ആയതിനാല്‍ എല്ലാ ബയോമെഡിക്കല്‍ ഗവേഷണങ്ങളിലും ലിംഗമെന്നത് ഒരു ബയോളജിക്കല്‍ വേരിയബിള്‍ ആയി ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സജികുമാര്‍ ശ്രീധരന്‍ പറയുന്നു. പുരുഷന്മാരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സരീതികളാണ് മിക്ക രോഗങ്ങള്‍ക്കും നിലവിലുള്ളത്. ബയോമെഡിക്കല്‍ ഗവേഷണങ്ങളില്‍ ലിംഗം ഒരു ബയോളജിക്കല്‍ വേരിയബിളായി ഉള്‍പ്പെടുത്തിയാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുയോജ്യമായ ചികിത്സകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. അത് അല്‍സ്‌ഹൈമേഴ്സ് അടക്കുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ (സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും) വലിയ നേട്ടമാകുമെന്നും ഡോ.ഷീജയും പ്രഫസര്‍ സജികുമാറും ഒരേ സ്വരത്തില്‍ പറയുന്നു.

പാലക്കാട് ജില്ലയിലെ ചിതലിയിലെ നവക്കോട് സ്വദേശികളായ എന്‍ വി ഗംഗാധരന്റെയും ദ്രൗപതി പുഷ്പത്തിന്റെയും മകളായ ഷീജ നിലവില്‍ അല്‍സ്‌ഹൈമേഴ്സ് രോഗം, ഹോണ്‍ടിംഗ്ടണ്‍ രോഗം, വാസ്‌കുലാര്‍ ഡിമെന്‍ഷ്യ അടക്കമുള്ള മറവിരോഗങ്ങളില്‍ സംഭവിക്കുന്ന സ്മൃതിഭ്രംശത്തെ കുറിച്ചുള്ള ഗവേഷണങ്ങളിലാണ്. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഷീജ ജര്‍മ്മനിയിലെ മാഗ്ഡിബര്‍ഗിലുള്ള ഓട്ടോ വണ്‍ ഗീറിക് സര്‍വ്വകലാശാലയില്‍ നിന്നുമാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്.

ആലപ്പുഴയിലെ ഹരിപ്പാട്, ചിങ്ങോലി സ്വദേശിയായ ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനായ സജികുമാര്‍ ശ്രീധരന്‍ 2012 മുതല്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പ്രഫസറാണ്.

** മനുഷ്യ ജീവശാസ്ത്രത്തെ കുറിച്ചും അസുഖങ്ങളെ കുറിച്ചും പഠിക്കുന്നതിനായി ലബോറട്ടറിയില്‍ ഉപയോഗിക്കുന്ന ചുണ്ടെലികളാണ് മൗസ് മോഡലുകള്‍. പലതരം ജീവികളെ മോഡലുകളായി ഉപയോഗിക്കാറുണ്ടെങ്കിലും സസ്തനികളെന്ന നിലയില്‍ മനുഷ്യരോട് ഏറെ സാദൃശ്യങ്ങള്‍ ഉള്ളതിനാലും മനുഷ്യര്‍ക്കുണ്ടാകുന്ന നിരവധി അസുഖങ്ങള്‍ അവയ്ക്കും വരുന്നതിനാലും മൗസ് മോഡലുകള്‍ മനുഷ്യരുമായി ബന്ധപ്പെട്ട ജീവശാസ്ത്ര പഠനങ്ങള്‍ക്ക് അനുയോജ്യമാണ്.