Nov 15, 2021 • 11M

ആരാണ് ലോകത്തിലെ ആദ്യത്തെ സൈന്റിസ്റ്റ്?

ആധുനിക സയന്‍സ് വികസിച്ചതെങ്ങനെ? ആരായിരിക്കും ആദ്യത്തെ സൈന്റിസ്റ്റ്? ഫിലോസഫറും സൈന്റിസ്റ്റും ഒന്നാണോ? കൗതുകം നിറഞ്ഞ ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടാന്‍ ഒരു ശ്രമം നടത്തിയാലോ

4
 
1.0×
0:00
-11:25
Open in playerListen on);
Episode details
Comments

പ്രകൃതിയെ അറിയാനുള്ള മനുഷ്യന്റെ വെമ്പലിന് അവനോളം തന്നെ പഴക്കമുണ്ട്. ശാസ്ത്രമെന്നോ (സയന്‍സ്) ശാസ്ത്രജ്ഞനെന്നോ(സൈന്റിസ്റ്റ്) വിശേഷണമുണ്ടായിരുന്നില്ലെങ്കിലും ചുറ്റുമുള്ള ലോകത്തിലെ അമ്പരിപ്പിക്കുന്ന പ്രതിഭാസങ്ങള്‍ മനുഷ്യനെ ശാസ്ത്രാന്വേഷിയാക്കി. ലോകത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ അഥവാ സൈന്റിസ്റ്റ് ആരാണെന്നതിന് ശാസ്ത്രലോകം പല ഉത്തരങ്ങള്‍ തന്നേക്കും. കാരണം സൈന്റിസ്റ്റ് എന്ന പദത്തിന് നല്‍കുന്ന നിര്‍വചനമനുസരിച്ച് പലരും ഈ നേട്ടത്തിന് അര്‍ഹരായെന്ന് വരും.

1833ലാണ് ശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ സൈന്റിസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ബ്രിട്ടീഷ് പണ്ഡിതനായിരുന്ന വില്ല്യം വെവെല്‍ ആണ് ശാസ്ത്രജ്ഞന്‍ എന്ന പദം പ്രയോഗത്തില്‍ കൊണ്ടുവരുന്നത്. അനന്തമായ ശാസ്ത്രലോകത്ത് പലവിധത്തിലുള്ള കണ്ടുപിടിത്തങ്ങളില്‍ മുഴുകിയിരിക്കുന്ന എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. രസതന്ത്രജ്ഞരും ഊര്‍ജ്ജതന്ത്രജ്ഞരും പ്രകൃതിയെക്കുറിച്ച് പഠിക്കുന്നവരും ഗണിതശാസ്ത്രജ്ഞരും എല്ലാം അങ്ങനെ ശാസ്ത്രജ്ഞന്‍ എന്ന പേരിന് കീഴില്‍ അണിനിരന്നു. 2500 വര്‍ഷങ്ങള്‍ക്കിടെ വലുതും ചെറുതുമായ അനവധി കണ്ടുപിടിത്തങ്ങളിലൂടെ ശാസ്ത്രം ഏറെ ദൂരം മുന്നോട്ടുപോയി. അറിവിനായുള്ള അടങ്ങാത്ത ദാഹം കൂടുതല്‍ പേരെ ശാസ്ത്രലോകത്തേക്ക് അടുപ്പിച്ചു.

വില്യം വെവെല്‍ സൈന്റിസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നതിന് മുമ്പ് പ്രകൃതിയിലെ പ്രതിഭാസങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിച്ചവരെല്ലാം തത്വചിന്തകര്‍ അഥവാ ഫിലോസഫേഴ്‌സ് എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയെങ്കില്‍ ഗ്രീക്ക് ചിന്തകനായിരുന്ന അരിസ്റ്റോട്ടിലായിരിക്കും ലോകത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍. കാരണം നമ്മുടെ അറിവില്‍ വെച്ച് ആദ്യത്തെ തത്വചിന്തകന്‍ അരിസ്റ്റോട്ടിലാണ്. പ്രകൃതി പ്രതിഭാസങ്ങളെ പറ്റി അരിസ്റ്റോട്ടില്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ട് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ബിസി നാലാം നൂറ്റാണ്ടില്‍ ഗ്രീസില്‍ യുക്തിയുടെയും നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും പരീക്ഷണത്തിന്റെയും ആദ്യ പാഠങ്ങള്‍ അനാവരണം ചെയ്ത് തുടങ്ങിയത് അരിസ്റ്റോട്ടിലാണ്. മധ്യകാലഘട്ടങ്ങളിലും ആധുനിക യുഗത്തിന്റെ തുടക്കത്തിലും പാശ്ചാത്യ തത്വചിന്തകള്‍ക്കും ശാസ്ത്രസംസ്‌കാരത്തിനും അടിത്തറ പാകുന്നതില്‍ അരിസ്റ്റോട്ടില്‍ വഹിച്ച പങ്ക് ചെറുതല്ല.

പതിനെട്ടാം നൂറ്റാണ്ട് വരെ പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രമേഖലകളില്‍ അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍ വ്യക്തമായ സ്വാധീനം ചെലുത്തിയിരുന്നു. എങ്കിലും പ്രകൃതിസഹജമായ എല്ലാ കാര്യങ്ങള്‍ക്കും ഒരു ഉദ്ദേശ്യമുണ്ടെന്ന അദ്ദേഹത്തിന്റെ വിശ്വാസവും സാമാന്യബുദ്ധിയില്‍ അധിഷ്ഠിതമായ ചിന്തകളും (ഉദാഹരണത്തിന് ഭാരം കുറഞ്ഞ വസ്തുക്കളെ അപേക്ഷിച്ച് ഭാരമുള്ളവയാണ് വേഗത്തില്‍ താഴേക്കിടാന്‍ സാധിക്കുക തുടങ്ങിയവ) ചിലപ്പോഴൊക്കെ തെറ്റായ നിഗമനങ്ങളിലേക്കും അരിസ്റ്റോട്ടിലിനെ നയിച്ചു.

വില്യം വെവല്‍ സൈന്റിസ്റ്റിന് നല്‍കുന്ന നിര്‍വ്വചനവും ഇന്നത്തെ നമ്മുടെ പൊതു സങ്കല്‍പ്പവും അനുസരിച്ച് ആധുനിക ശാസ്ത്രശാഖകളുടെ പിതാക്കന്മാരെല്ലാം ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്ന പദവിക്ക് അര്‍ഹരാണ്. ഇക്കൂട്ടത്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇംഗ്ലീഷ് തത്വജ്ഞാനിയായ റോജര്‍ ബേക്കണ്‍ ആദ്യത്തെ ശാസ്ത്രജ്ഞനെന്ന പദവിക്ക് കൂടുതല്‍ യോഗ്യനാണെന്ന് പറയാം, പരീക്ഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞതും അരിസ്റ്റോട്ടിലിനെ വഴിതെറ്റിച്ച തോന്നലുകളെയും കേവലം യുക്തി മാത്രം അടിസ്ഥാനമായുള്ള നിഗമനങ്ങളെയും വിശ്വസിച്ചില്ലെന്നതും ഇദ്ദേഹത്തിന്റെ മേന്മയാണ്. ഇദ്ദേഹത്തോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു വ്യക്തിയാണ് ഫ്രാന്‍സിസ് ബേക്കണ്‍.

ശാസ്ത്ര പ്രതിഭാസങ്ങളെ മനസിലാക്കുന്നതിന് പരീക്ഷണങ്ങളാണ് ഏറ്റവും മികച്ച വഴിയെന്ന് റോജര്‍ പറഞ്ഞ് മൂന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്രീയ രീതികള്‍ (ഘട്ടം ഘട്ടമായുള്ള ശാസ്ത്രീയ വഴികളിലൂടെ കണ്ടെത്തലുകള്‍ തെളിയിക്കുന്ന രീതി) മുന്നോട്ടുവെക്കുന്നത് ഫ്രാന്‍സിസ് ബേക്കണാണ്. അതിനാല്‍ ഈ രണ്ടുപേരെയും ആദ്യകാല ശാസ്ത്രജ്ഞരായി കരുതുന്നവര്‍ ഏറെയാണ്.


ശാസ്ത്രലോകത്തെ ഒരു വിഭാഗം ആളുകള്‍ ഇറ്റാലിയന്‍ പ്രതിഭയായ ഗലീലിയോ ഗലീലിയെ ലോകത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്ന വിശേഷണത്തിന് അനുരൂപനായി കരുതുന്നു


പക്ഷേ, ശാസ്ത്രലോകത്തെ ഒരു വിഭാഗം ആളുകള്‍ ഇറ്റാലിയന്‍ പ്രതിഭയായ ഗലീലിയോ ഗലീലിയെ ലോകത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്ന വിശേഷണത്തിന് അനുരൂപനായി കരുതുന്നു. ഗലീലിയോയുടെ ചലനങ്ങളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചുമുള്ള പഠനങ്ങളും മതപരമായ പ്രമാണങ്ങളെ എതിര്‍ക്കാനുള്ള ചങ്കൂറ്റവും അദ്ദേഹത്തെ അക്കാലത്തെ ശാസ്ത്രാന്വേഷികളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. അക്കാലത്തെ ഏറ്റവും ശേഷി കൂടിയ ടെലസ്‌കോപ്പ് (ദൂരദര്‍ശിനി) നിര്‍മ്മിച്ചതും അതുപയോഗിച്ച് സൂര്യനെ കേന്ദ്രീകരിച്ചുള്ള മാതൃകയാണ് സൗരയൂഥത്തിന് ഉളളതെന്ന് ഉറപ്പിച്ചതും ഗലീലിയോ ആണ്. ആ കണ്ടെത്തല്‍ ലോകത്തിലെ എക്കാലത്തെയും മഹാത്തായ ശാസ്ത്രവിപ്ലവം ആയിരുന്നു. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഗണിതശാസ്ത്രവും ഉപയോഗപ്പെടുത്തിയാണ് ഗലീലിയോ പ്രകൃതിയെ മനസിലാക്കിയത്. ചരിത്രം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞരില്‍ ഒരാളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവെന്നാണ് ഗലീലിയോയെ വിശേഷിപ്പിച്ചത്. കേവലം ഊര്‍ജ്ജതന്ത്രത്തിന്റെ മാത്രമല്ല, ആധുനിക ശാസ്ത്രത്തിന്റെ പിതാവ് തന്നെ ഗലീലിയോ ആണെന്ന് പറയാം.

പക്ഷേ, ആദ്യകാല ചരിത്ര നായകന്മാരും ആദ്യശാസ്ത്രജ്ഞന്‍ എന്ന പദവിക്ക് അര്‍ഹരാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഇബ്ന് അല്‍ ഹൈതത്തിനെ പോലുള്ള വ്യക്തികളാണ് അതിന് കാരണം. മേല്‍പ്പറഞ്ഞ യൂറോപ്പില്‍ നിന്നുള്ള ശാസ്ത്രപ്രതിഭകള്‍ക്കെല്ലാം നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എഡി ഒന്നാം നൂറ്റാണ്ടിനോട് അടുപ്പിച്ച് പ്രകാശത്തെ കുറിച്ചും കാഴ്ചയെക്കുറിച്ചും ഗഹനമായി പഠിച്ച വ്യക്തിയാണ് ഇബ്നു അല്‍ ഹൈതം. പല തരത്തിലുള്ള പരീക്ഷണങ്ങളിലൂടെ അനുമാനങ്ങളെ വിലയിരുത്തി ശാസ്ത്രീയ രീതികള്‍ അവതരിപ്പിച്ച വ്യക്തിയുമാണ് ഹൈതം. ഇന്നത്തെ ഇറാഖിലെ ബസ്രയില്‍ 965കളിലാണ് അബു അലി അല്‍ ഹസ്സന്‍ അല്‍ ഹസ്സന്‍ ഇബ്ന് അല്‍ ഹൈതം ജനിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് ശേഷം യൂറോപ്യന്‍ പണ്ഡിതര്‍ ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചാണ് ശാസ്ത്രീയ രീതികളെ കുറിച്ച് മനസിലാക്കുന്നത്. ശാസ്ത്രീയ രീതികളെന്ന സങ്കല്‍പ്പം പ്രചരിപ്പിച്ച റോജര്‍ ബേക്കണിന് പ്രചോദനമായത് ഇബ്ന് അല്‍ ഹൈതമാണ്. തുടക്കത്തില്‍ ദൈവശാസ്ത്രമാണ് ഹൈതത്തെ ആകര്‍ഷിച്ചതെങ്കിലും പിന്നീട് ഗ്രീക്ക് തത്വചിന്തകരുടെ ദര്‍ശനങ്ങളിലും യൂക്ലിഡ്, ആര്‍ക്കിമിഡിസ് തുടങ്ങിയ ഗണിതശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങളിലും ഹൈതം ആകൃഷ്ടനായി. ക്ഷേത്രഗണിതത്തില്‍ (Geometry)  ബീജഗണിതം (Algebra) ആദ്യമായി ഉപയോഗിച്ച വ്യക്തി കൂടിയാണ് ഇബ്നു അല്‍ ഹൈതം. അനലിറ്റിക്കല്‍ ജ്യോമിട്രിയെന്ന ഗണിതശാസ്ത്ര ശാഖയുടെ കണ്ടുപിടിത്തം പോലും അങ്ങനെയാണ്. കാമറ ഒബ്സ്‌ക്യൂറയെന്ന ഇന്നത്തെ ക്യാമറയുടെ ആദ്യകാല രൂപവും ഇബ്നുവിന്റെ സംഭാവനയാണ്. പലവിധ പരീക്ഷണങ്ങളിലൂടെ അനുമാനങ്ങളെ പഠനവിധേയമാക്കിയ ആദ്യ വ്യക്തിയെന്നാണ് ''Ibn al-Haytham: First Scientist, എന്ന പുസ്തകത്തില്‍ ബ്രാഡ്ലി സ്റ്റെഫാന്‍ ഹൈതത്തെ വിശേഷിപ്പിക്കുന്നത്.

ആദ്യശാസ്ത്രജ്ഞന്‍ എന്ന പദവിക്ക് അര്‍ഹരാണെങ്കിലും ഇവരാരും സ്വയം ശാസ്ത്രജ്ഞരെന്ന മേലങ്കി എടുത്തണിഞ്ഞിട്ടില്ല. ശാസ്ത്രജ്ഞന്‍ എന്ന പദം കണ്ടുപിടിക്കുന്നത് പോലും പിന്നെയും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് എന്നതിനാലാണിത്. എന്നാല്‍ ഇവരെല്ലാം തത്വചിന്തകരായി അംഗീകരിക്കപ്പെട്ടിരുന്നു. ഒരു തൊഴില്‍ എന്നതിലുപരിയായി പുരാതന ഗ്രീക്ക് സംസ്‌കാരത്തില്‍ വേരുകളൂന്നിയ ഒരു പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായാണ് ഇവര്‍ സ്വയം അടയാളപ്പെടുത്തിയിരുന്നത്.

ആദ്യ ശാസ്ത്രജ്ഞന്‍ പല സങ്കല്‍പ്പങ്ങള്‍

പരീക്ഷണങ്ങളോട് വലിയ ആഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പല കണ്ടെത്തലുകളും തെറ്റായിരുന്നെങ്കിലും (സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പല്ലുകള്‍ കുറവാണെന്നാണ് അരിസ്റ്റോട്ടില്‍ വിശ്വസിച്ചിരുന്നത്) ശാസ്ത്രത്തെ അല്‍പ്പം വിശാലമായ തലത്തില്‍ വ്യാഖ്യാനിച്ചാല്‍, ചിലര്‍ക്ക് അരിസ്റ്റോട്ടിലാണ് ആദ്യ സൈന്റിസ്റ്റ്. പക്ഷേ, അനുഭവങ്ങളില്‍ നിന്നുമാണ് എല്ലാ സിദ്ധാന്തങ്ങളും ഉടലെടുക്കുന്നതെന്നും എല്ലാ സിദ്ധാന്തങ്ങളും നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നവയെ കുറിച്ചായിരിക്കുമെന്നും വാദിക്കുന്ന എംപീരിസിസത്തിന്റെ മകുടോദാഹരണമാണ് അരിസ്റ്റോട്ടില്‍ എന്ന ആരോപണത്തെ The Lagoon: How Aristotle Invented Science, എന്ന പുസ്തകത്തില്‍ ജൈവശാസ്ത്രജ്ഞനായ ആര്‍മണ്ട് മാരി ലെറോയി ശക്തമായി എതിര്‍ക്കുന്നുണ്ട്. പല മഹത്തായ കണ്ടുപിടിത്തങ്ങളും അരിസ്റ്റോട്ടില്‍ നടത്തിയിട്ടുണ്ടെന്ന അവകാശങ്ങളിലൂടെയാണ് അത്തരം ആരോപണങ്ങളെ ലെറോയി ഖണ്ഡിക്കുന്നത്. പ്രകൃതിയെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയുമാണ് ശാസ്ത്രം തന്നെ ഉണ്ടായതെന്ന് ലെറോയി അവകാശപ്പെടുന്നു.

അതേസമയം തന്റെ മുന്‍ഗാമികളെ കുറിച്ച് അക്കാലത്ത് അരിസ്റ്റോട്ടില്‍ തന്നെ പറഞ്ഞിരുന്നതായും അതിലൊരാള്‍ അനക്സിമന്‍ഡര്‍ ആയിരുന്നെന്നും സൈദ്ധാന്തിക ഊര്‍ജ്ജതന്ത്രജ്ഞനായ കരോള്‍ റോവെല്ലി പറയുന്നു. The First Scientist: Anaximander and His Legacy, എന്ന റോവെല്ലിയുടെ പുസ്തകം അനക്സിമന്‍ഡറിന്റെ വിപ്ലവാത്മക കണ്ടുപിടിത്തങ്ങളിലൂടെയാണ് ശാസ്ത്രമുണ്ടായതെന്ന വാദമാണ് മുന്നോട്ടുവെക്കുന്നത്. പ്രപഞ്ചഘടന സംബന്ധിച്ച് അനക്സിമന്‍ഡര്‍ പല നിഗമനങ്ങളും മുന്നോട്ടുവെച്ചിരുന്നു. രണ്ട് സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം നടന്ന കോപ്പര്‍നിക്കസ് വിപ്ലവത്തിന് തുല്യമായ പ്രാധാന്യം തന്നെ അനക്സിമന്‍ഡറിന്റെ കണ്ടെത്തലുകളും അര്‍ഹിക്കുന്നുണ്ടെന്ന് റോവല്ലി പറയുന്നു. പ്രപഞ്ചത്തെ കുറിച്ച് അന്നുവരെ ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയതാണ് ശാസ്ത്രമെന്ന പുതിയൊരു പാത വെട്ടിത്തുറന്നതെങ്കില്‍  ആ സാഹസത്തിന് തുടക്കമിട്ടത് ന്യൂട്ടന്റെ ചലന സിദ്ധാന്തങ്ങളോ ഗലീലിയോയുടെ പരീക്ഷണങ്ങളോ ഫ്രാന്‍സിസ് ബേക്കണിന്റെ കണ്ടെത്തലുകളോ അല്ലെന്നും ആനക്സിമന്‍ഡറിന്റെ ചിന്തകളായിരുന്നുവെന്നും റോവല്ലി അവകാശപ്പെടുന്നു.


അരിസ്റ്റോട്ടിലായിരുന്നു തെയില്‍സിന്റെ തത്വചിന്തകളുടെയും ശാസ്ത്രത്തിന്റെയും മുഖ്യ സ്രോതസ്സ്


പക്ഷേ ആ അനക്സിമന്‍ഡറിനും ഒരു ഗുരുനാഥനുണ്ടായിരുന്നു-തെയില്‍സ്. ബിസി 620നും 546നും ഇടയിലാണ് ഗ്രീക്ക് തത്വചിന്തകനായിരുന്ന മെലിറ്റസില്‍ തെയില്‍സിന്റെ പിറവി. അരിസ്റ്റോട്ടിലായിരുന്നു തെയില്‍സിന്റെ തത്വചിന്തകളുടെയും ശാസ്ത്രത്തിന്റെയും മുഖ്യ സ്രോതസ്സ്. അടിസ്ഥാനപരമായ പ്രമാണങ്ങളെ കുറിച്ച് അന്വേഷിക്കുകയും ദ്രവ ഘടകങ്ങളുടെ ഉല്‍പ്പത്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്ത ആദ്യ വ്യക്തിയെന്നാണ് അരിസ്റ്റോട്ടില്‍ തെയില്‍സിനെ അടയാളപ്പെടുത്തുന്നത്. എല്ലാ വിഷയങ്ങളിലും താല്‍പ്പര്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.

തത്വചിന്ത, ചരിത്രം, ശാസ്ത്രം, ഗണിതശാസ്ത്രം, എഞ്ചിനീയറിംഗ്, ഭൂമിശാസ്ത്രം, രാഷ്ട്രീയം എന്നിങ്ങനെ അറിവിന്റെ സമസ്ത മേഖലകളിലും അദ്ദേഹം ഊളിയിട്ട് നടന്നു. പുരാതന ഗ്രീസിലെ ഏഴ് പ്രധാന ജ്ഞാനികളില്‍ ഒരാളായി ചരിത്രം തെയില്‍സിനെ വിലയിരുത്തുന്നു. ബിസി 585ല്‍ തെയില്‍സ് ഗ്രഹണത്തെക്കുറിച്ച് പ്രവചിച്ചിരുന്നതായി ചരിത്രകാരനായ ഹിറോഡോട്ടസ് പറയുന്നുണ്ട്.

അറിവ് കൊണ്ട് സമ്പന്നനായിരുന്നുവെങ്കിലും തെയില്‍സിന്റെ ജീവിതം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. തത്വചിന്തയുടെ ഉപയോഗശൂന്യതയ്ക്ക് തെളിവായി മെലിറ്റസുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നത് തെയില്‍സിനെയാണ്. എന്നാല്‍ ജ്യോതിശാസ്ത്ര രംഗത്തെ കഴിവുകള്‍ ഉപയോഗിച്ച് പ്രകൃതിയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് തെയില്‍സ് സാമ്പത്തികമായി നേട്ടമുണ്ടാക്കി. വിചാരിച്ചാല്‍ തത്വചിന്തകര്‍ക്ക് വളരെ എളുപ്പത്തില്‍ ധനികരാകാമെന്നും എന്നാല്‍ അവരുടെ ലക്ഷ്യം അതൊന്നുമല്ലെന്നും ലോകത്തിന് ബോധ്യപ്പെടുത്തിയത് തെയില്‍സാണെന്ന് അരിസ്റ്റോട്ടില്‍ തന്റെ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.


മിന്നല്‍പ്പിണരുകളെ സീയൂസ് ദേവന്റെ ആയുധങ്ങളായും പോസെഡന്റെ മുഖമുള്ള തിരമാലകളും ഒരു വിശ്വാസമായി നിലനിന്നിരുന്ന യുഗത്തില്‍ സമകാലീന ശാസ്ത്രജ്ഞര്‍ ചെയ്യുന്നത് പോലെ നിരീക്ഷണങ്ങളിലൂടെയും യുക്തികളിലൂടെയും ലോകത്തിന്റെ പ്രവര്‍ത്തനത്തെ വിശദീകരിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് തെയില്‍സ്


അരിസ്റ്റോട്ടിലിനെ പോലെ തെയില്‍സിന്റെയും എല്ലാ കണ്ടെത്തലുകളും ശരിയായിരുന്നില്ല. പക്ഷേ ശാസ്ത്രലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ തള്ളിക്കളയാന്‍ കഴിയുന്നവയല്ല. അമാനുഷികമെന്ന് ധരിക്കപ്പെട്ടിരുന്ന പ്രതിഭാസങ്ങള്‍ക്ക് യുക്തിസഹമായ വിശദീകരണങ്ങള്‍ നല്‍കിയെന്നതാണ് തെയില്‍സിന്റെ ഏറ്റവും വലിയ സംഭാവന. മിന്നല്‍പ്പിണരുകളെ സീയൂസ് ദേവന്റെ ആയുധങ്ങളായും പോസെഡന്റെ മുഖമുള്ള തിരമാലകളും ഒരു വിശ്വാസമായി നിലനിന്നിരുന്ന യുഗത്തില്‍ സമകാലീന ശാസ്ത്രജ്ഞര്‍ ചെയ്യുന്നത് പോലെ നിരീക്ഷണങ്ങളിലൂടെയും യുക്തികളിലൂടെയും ലോകത്തിന്റെ പ്രവര്‍ത്തനത്തെ വിശദീകരിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് തെയില്‍സ്. ആധുനിക ശാസ്ത്രത്തിന്റെ വിത്തുകാള്‍ പാകിയ പ്രതിഭകളെുടെ പരമ്പര തിരഞ്ഞുപോകുമ്പോള്‍ വിട്ടുകളയാന്‍ സാധിക്കാത്ത അനവധി പേരുകളില്‍ ചിലതാണ് ഇവയെല്ലാം.