Oct 1, 2021 • 17M

ശൂന്യമല്ലാത്ത ശൂന്യാകാശവും അവിടുത്തെ കാഴ്ച്ചകളും

എന്താണ് ശൂന്യത, ഒന്നുമില്ലാത്ത ഒന്നാണോ അത്? ശൂന്യതയും നമ്മുടെ നിലനില്‍പ്പും തമ്മില്‍ ബന്ധമുണ്ടോ? ശൂന്യതയുടെ രഹസ്യങ്ങളറിയാം

12
6
 
1.0×
0:00
-16:49
Open in playerListen on);
Episode details
6 comments

മനുഷ്യര്‍ എല്ലാ കാലത്തും സ്വര്‍ഗ്ഗത്തെ അന്വേഷിച്ചിട്ടുണ്ട്. നമ്മുടെ അറിവിന് അപ്പുറത്തുള്ള, സങ്കല്‍പ്പത്തില്‍ മാത്രമുള്ള ആ ലോകം ഭൂമിയേക്കാള്‍ മനോഹരമാണെന്നാണ് മനുഷ്യന്റെ വിശ്വാസം. എന്നാല്‍ നമുക്ക് അറിയുന്ന, നമ്മുടെ കണ്‍മുന്നിലുള്ള ഭൂമിയെ കുറിച്ചും ഭൂമിക്ക് പുറത്തുള്ള ബഹിരാകാശത്തെ കുറിച്ചും അവിടെയുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും നമുക്കെന്തറിയാം.

Illustration: Sudheesh P S/Science Indica/Storiyoh

നാം ജീവിക്കുന്ന ഭൂമിയും ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥവും സൗരയൂഥം സ്ഥിതി ചെയ്യുന്ന ക്ഷീരപഥവും, ക്ഷീരപഥത്തെ പോലുള്ള അനേകായിരം ആകാശഗംഗകളും ഒക്കെ അടങ്ങിയതാണ് ഈ പ്രപഞ്ചം. അവിടെ സൂര്യനും ചന്ദ്രനും ഭൂമിയും മറ്റ് ഗ്രഹങ്ങളും നക്ഷത്രങ്ങളും മാത്രമല്ല ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും തമോഗര്‍ത്തങ്ങളും അങ്ങനെ എന്തെല്ലാമോ ഉണ്ട്.

എന്നാല്‍ നമ്മുടെ അറിവുകള്‍ക്കപ്പുറം രഹസ്യങ്ങളും നിഗൂഢതകളുമുള്ളതാണീ പ്രപഞ്ചം. അതിന്റെ ഒരറ്റം മാത്രമാണ് മനുഷ്യര്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ശൂന്യത

എന്താണീ ലോകം എന്ന് ചോദിച്ചാല്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളും സസ്യലതാദികളും കടലും കാറ്റും പര്‍വ്വതങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും മനുഷ്യനിര്‍മ്മിതമായ മറ്റ് സാധനങ്ങളും അങ്ങനെ പലതുമടങ്ങിയ ഒരിടമെന്ന് പറയാം. പക്ഷേ അവയെല്ലാം അപ്രത്യക്ഷമായാല്‍ എന്താണ് ബാക്കിയുണ്ടാകുക. അവ മാത്രമല്ല, ഭൂമി, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ആകാശഗംഗകള്‍, നമുക്ക് കാണാന്‍ പോലുമാകാത്ത നേര്‍ത്ത കണികകള്‍, പൊടി ഇവയെല്ലാം മാഞ്ഞുപോയാല്‍ ബാക്കിയെന്തുണ്ടാകും. ഒന്നുമുണ്ടാകില്ല അല്ലേ. അതിനെ നാം ശൂന്യതയെന്ന് വിശേഷിപ്പിക്കുന്നു.

ഒന്നുമില്ലാത്തത് ശൂന്യതയെന്ന വാചകം പോലും തെറ്റാണെന്നാണ് ശാസ്ത്രം പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഒന്നുമില്ലാത്ത ഒന്നല്ല ശൂന്യത. നമുക്ക് അറിയാത്ത എന്തൊക്കെയോ സ്വഭാവ സവിശേഷതകളുള്ള വളയ്ക്കാനും തിരിക്കാനും പ്രകമ്പനമുണ്ടാക്കാനും കഴിയുന്ന തികച്ചും യാഥാര്‍ത്ഥമായ ഒന്നാണ് സ്പേസ് അഥവാ ശൂന്യതയെന്ന് കൊളംബിയ സര്‍വ്വകലാശാലയിലെ പ്രഫസറായ ബ്രയാന്‍ ഗ്രീന്‍ പറയുന്നു. അതിനാല്‍ ശൂന്യതയെ നമുക്ക് ചുറ്റുമുള്ള, പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ ഒന്നെന്ന് വിളിക്കാം.

വെള്ളമില്ലാതെ മീനിന് ജീവിക്കാനാകില്ല എന്നതുപോലെ ശൂന്യതയില്ലാതെ പ്രപഞ്ചത്തിന് നിലനില്‍പ്പില്ല. ശൂന്യത എല്ലാടിയത്തുമുണ്ട്. പ്രപഞ്ചത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഒന്നാണത്. എല്ലാ വസ്തുക്കളുടെയും അടിസ്ഥാനമായ ആറ്റത്തില്‍ പോലും ശൂന്യമായ ഇടങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ശൂന്യതയുടെ ഒരു ചിത്രമെടുത്താല്‍ അതില്‍ നമുക്ക് കാണാന്‍ ഒന്നുമുണ്ടാകില്ല. അതിനാല്‍ ഒന്നുമില്ലാത്തതിനെ പോലെ തോന്നിക്കുന്ന ഒന്നാണ് ശൂന്യതയെന്ന് പറയാം. എന്തുകൊണ്ടാണ് ശൂന്യത സര്‍വ്വവ്യാപിയാകുന്നത്, ത്രിമാന രൂപത്തിലുള്ളതാകുന്നത്, ഇത്ര വലുപ്പമുള്ളതാകുന്നത്, ഒന്നുമില്ലായ്മയോട് സാദൃശ്യമുള്ളതാകുന്നത് എന്നീ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായൊരു ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഊര്‍ജ്ജതന്ത്രത്തിലെ ഏറ്റവും നിഗൂഢമായ ഒന്നാണതെന്ന് മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ പ്രഫസര്‍ ജെയിംസ് ഗേറ്റ്സ് ജൂനിയര്‍ ചൂണ്ടിക്കാട്ടുന്നു.

ബഹിരാകാശം അഥവാ ശൂന്യാകാശം

ഇനി ശൂന്യാകാശത്തിലേക്ക് വരാം. ബഹിരാകാശം എവിടെയാണെന്ന് ചോദിച്ചാല്‍ ആകാശത്തിലേക്ക് കൈ ചൂണ്ടിക്കാണിക്കുന്നവരായിരിക്കും കൂടുതല്‍. എന്നാല്‍ ബഹിരാകാശം കൃത്യമായി എവിടെയാണ് അല്ലെങ്കില്‍ എവിടെ വെച്ച് തുടങ്ങുന്നുവെന്ന ചോദ്യത്തിന് പലര്‍ക്കും ഉത്തരമുണ്ടായിരിക്കില്ല. യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ ലോകം ഒരു ധാരണയിലെത്തിയിട്ടില്ല. ഭൂമിയുടെ അന്തരീക്ഷം അവസാനിക്കുന്നിടത്ത് ബഹിരാകാശം ആരംഭിക്കുന്നുവെന്നതാണ് പൊതുവെയുള്ള ധാരണ.

ബഹിരാകാശം പ്രത്യേകിച്ച് ആരുടെയും സ്വത്തല്ല, ആര്‍ക്കുവേണമെങ്കിലും പര്യവേക്ഷണം നടത്താവുന്ന എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒരിടമാണ് അതെന്ന് അന്താരാഷ്ട്ര നിയമം പറയുന്നു. അപ്പോഴും ഓരോ രാജ്യത്തിന്റെയും അവകാശമായ വായു മണ്ഡലം എവിടെയാണ് അവസാനിക്കുന്നതെന്നത് സംബന്ധിച്ച് നിയമത്തില്‍ പരാമര്‍ശമില്ല. കാര്‍മന്‍ രേഖയാണ് ബഹിരാകാശത്തിന്റെയും ഭൂമിയുടെ അന്തരീക്ഷത്തിന്റെയും അതിര്‍ത്തിയായി കണക്കാക്കപ്പെടുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 100 കിലോമീറ്റര്‍ ഉയരത്തിലുള്ള സാങ്കല്‍പ്പികരേഖയാണിത്. ഭൂമിയില്‍ നിന്നും നൂറ് കിലോമീറ്റര്‍ മുകളിലെത്തിയാല്‍ അന്തരീക്ഷം തീരെ നേര്‍ത്തതാകുകയും സൂര്യനില്‍ നിന്നുള്ള തീവ്രമായ സൗരവാതം അനുഭവപ്പെട്ട് തുടങ്ങുകയും ചെയ്യുന്നു. ബഹിരാകാശമെന്ന വിസ്മയം ആരംഭിക്കുന്നത് ഇവിടെയാണ്.

വിഡിയോ കാണുക

അതിനാല്‍ ഔട്ടര്‍ സ്പേസ് ഇന്ന് ഇംഗ്ലീഷില്‍ പറയുന്ന ബഹിരാകാശം, ശൂന്യാകാശം എന്നൊക്കെ നാം വിളിക്കുന്ന ആ ഇടം ഭൂമിയിലുള്ള ഒരു വസ്തുവിനെ സംബന്ധിച്ചെടുത്തോളം നാം വസിക്കുന്ന ഗ്രഹത്തില്‍ നിന്നും ഏതാണ്ട് 100 കിലോമീറ്ററിന് മുകളിലുള്ള മേഖലയാണ്. ശ്വസിക്കാനും സൂര്യപ്രകാശത്തെ ചിതറിക്കാനും ആവശ്യമായ വായു അവിടെയില്ല. ആകാശത്തിന് നീലനിറമാണെന്ന് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ നമുക്ക് തോന്നുമെങ്കിലും വായുമണ്ഡലം പിന്നിട്ടാല്‍ ആകാശത്തിന്റെ നീലിമ നിലനിര്‍ത്താന്‍ ആവശ്യമായ ഓക്സിജന്‍ തന്മാത്രകള്‍ കുറഞ്ഞ് തുടങ്ങുമെന്നതിനാല്‍ ബഹിരാകാശത്തെത്തുന്നതോടെ ആകാശമെന്ന് നാം വിളിക്കുന്ന ഇടത്തിന് കറുപ്പ് നിറം കൈവരുന്നു.

ആകാശ ഗോളങ്ങള്‍ക്കിടയിലെ ശൂന്യമായ ഇടമാണ് ബഹിരാകാശമെന്ന് പറയാം. ശബ്ദത്തിന് സഞ്ചരിക്കാന്‍ മാധ്യമം വേണമെന്ന് നമുക്കറിയാം. എന്നാല്‍ ശബ്ദതരംഗങ്ങളെ കടത്തിവിടുന്നതിനുള്ള തന്മാത്രകള്‍ക്കിടയിലെ അകലം വളരെയധികമായതിനാല്‍ ബഹിരാകാശം നിശബ്ദമാണ്. ശൂന്യാകാശമെന്നും പേരുണ്ടെങ്കിലും ബഹിരാകാശം യഥാര്‍ത്ഥത്തില്‍ ശൂന്യമല്ല. പലതരത്തിലുള്ള വാതകങ്ങളും പൊടിപടലങ്ങളും മറ്റ് ദ്രവ്യ കണങ്ങളും പ്രപഞ്ചത്തിന്റെ ശൂന്യമായ ഇടങ്ങളില്‍ തങ്ങിക്കിടക്കുന്നു. ശൂന്യമല്ലാത്ത ഇടങ്ങളില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ആകാശഗംഗങ്ങളും സ്ഥിതി ചെയ്യുന്നു.

ബഹിരാകാശം എത്രത്തോളം വലുതാണെന്നത് സംബന്ധിച്ച് കൃത്യമായൊരു ധാരണ ആര്‍ക്കുമില്ല. മനുഷ്യനിര്‍മ്മിതമായ ഉപകരണങ്ങള്‍ കൊണ്ട് പ്രപഞ്ചത്തെ എത്രത്തോളം അളക്കാന്‍ കഴിയും? പ്രകാശവര്‍ഷമെന്ന അളവുകോല്‍ ഉപയോഗിച്ചാണ് നാം ബഹിരാകാശത്തെ വലിയ ദൂരങ്ങളെ അളക്കുന്നത്. ഒരു പ്രകാശവര്‍ഷമെന്നാല്‍ ഒരു വര്‍ഷം കൊണ്ട് പ്രകാശത്തിന് സഞ്ചരിക്കാവുന്ന ദൂരമാണ് (അതായത് ഏകദേശം 9.3 ട്രില്യണ്‍ കിലോമീറ്ററുകള്‍).

ടെലസ്‌കോപ്പുകളിലൂടെ കാണാനാകുന്ന പ്രകാശത്തില്‍ നിന്നും 13.7 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച, പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച മഹാവിസ്ഫോടന കാലം മുതല്‍ക്കുള്ള ആകാശഗംഗകളെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും നമ്മുടെ അറിവുള്ള ഊ പ്രപഞ്ചത്തെ കൂടാതെ വേറെയും പ്രപഞ്ചങ്ങള്‍ ബഹിരാകാശത്ത് ഉണ്ടോ എന്ന കാര്യത്തില്‍ ജ്യോതിശാസ്ത്ര സമൂഹത്തിന് യാതൊരു ഉറപ്പുമില്ല. അതായത് നമുക്ക് കാണാന്‍ സാധിക്കുന്നതിലും വളരെ വലുതായിരിക്കാം ബഹിരാകാശമെന്ന് സാരം.

കോസ്മിക് കിരണങ്ങള്‍

ബഹിരാകാശത്തെ ഭൂരിഭാഗം ഇടങ്ങളും ശൂന്യമാണ്. അവിടെ കേവലം പൊടിപടലങ്ങളും വാതകങ്ങളും മാത്രമായിരിക്കും ഉണ്ടായിരിക്കുക. മനുഷ്യര്‍ക്ക് അത് ശൂന്യമായി തോന്നാമെങ്കിലും പ്രപഞ്ചത്തിലുടനീളം വികിരണം പ്രസരിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. നമ്മുടെ സൗരയൂഥത്തില്‍ തന്നെ സൂര്യനില്‍ നിന്നുള്ള പ്ലാസ്മയും മറ്റ് തന്മാത്രകളുും കൊണ്ട് നിര്‍മ്മിതമായ സൗരവാതം ഗ്രഹങ്ങളിലെല്ലാം പരക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഈ പ്രതിഭാസം മൂലം ഭൂമിയുടെ ധ്രുവങ്ങള്‍ക്കരികിലായി ഒരു ഓറ (പ്രകാശവലയം) പ്രത്യക്ഷപ്പെടാറുമുണ്ട്.

കോസ്മിക് കിരണങ്ങള്‍ എന്ന് വിളിക്കുന്ന, സൗരയൂഥത്തിന് പുറത്ത് നിന്നുമുള്ള സൂപ്പര്‍നോവകളില്‍ നിന്ന് പ്രസരിക്കുന്ന കണങ്ങളും ഭൂമിക്കരികിലൂടെ കടന്നുപോകുന്നുണ്ട്. പ്രാപഞ്ചിക സൂക്ഷ്മ തരംഗ പശ്ചാത്തലം  (Cosmic Microwave Background - CMB) പ്രപഞ്ചം മുഴുവന്‍ പരക്കുന്നുണ്ടെന്നതാണ് സത്യം. മഹാവിസ്ഫോടന സമയത്ത് ഉണ്ടായ താപോര്‍ജ്ജത്തിന്റെ ബാക്കിയാണ് സിഎംബിയെന്ന് പറയപ്പെടുന്നു. സൂക്ഷ്മ തരംഗങ്ങളായാണ് സിഎംബി കാണപ്പെടുന്നത്.

പ്രകാശത്തിന് പോലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തില്‍ അതിയായ ഗുരുത്വാകര്‍ഷണം അനുഭവപ്പെടുന്ന ബഹിരാകാശത്തെ ചുഴികളാണ് തമോഗര്‍ത്തങ്ങള്‍

അതേസമയം ഇരുണ്ട ദ്രവ്യവും ഊര്‍ജ്ജവും (ഡാര്‍ക് മാറ്ററും ഡാര്‍ക് എനര്‍ജിയും )മനുഷ്യന് മനസിലാക്കാന്‍ സാധിക്കാത്തതും പ്രകടമല്ലാത്തതുമായ ബഹിരാകാശത്തിന്റെ വലിയ സവിശേഷതയായി ഇന്നും അവശേഷിക്കുന്നു. മറ്റ് വസ്തുക്കളിലുണ്ടാക്കുന്ന സ്വാധീനത്തിലൂടെ മാത്രം കണ്ടെത്താനാകുന്ന തീര്‍ച്ചയായും ഉണ്ടാകാനിടയുള്ള ഇരുണ്ട രഹസ്യമാണ് ഡാര്‍ക് മാറ്ററും ഡാര്‍ക് എനര്‍ജിയും. ജ്യോതിശാസ്ത്രലോകം കരുതുന്നത് പോലെ പ്രപഞ്ചം വികസിച്ച് കൊണ്ടിരിക്കുകയെന്നതാണ് ഇരുണ്ട ദ്രവ്യമുണ്ടെന്നതിന് ഏറ്റവും വലിയ തെളിവ്. ബഹിരാകാശത്തെ അതിവിദൂര വസ്തുക്കളില്‍ നിന്നുള്ള പ്രകാശം വളയാന്‍ കാരണമാകുന്നതും ഇരുണ്ട ദ്രവ്യമാണെന്ന് ശാസ്ത്രലോകം പറയുന്നു.

തമോഗര്‍ത്തങ്ങള്‍

പ്രകാശത്തിന് പോലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തില്‍ അതിയായ ഗുരുത്വാകര്‍ഷണം അനുഭവപ്പെടുന്ന ബഹിരാകാശത്തെ ചുഴികളാണ് തമോഗര്‍ത്തങ്ങള്‍. വളരെ ചെറിയ ഒരു മേഖലയിലേക്ക് ദ്രവ്യം ഉള്‍വലിക്കപ്പെടുകയാല്‍ ഇവിടെ ഗുരുത്വാകര്‍ഷണം വളരെ അധികമായിരിക്കും. ഒരു നക്ഷത്രത്തിന് അന്ത്യം സംഭവിക്കുമ്പോഴാണ് തമോഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നത്. തമോഗര്‍ത്തങ്ങള്‍ക്കുള്ളിലേക്ക് പോകുന്ന പ്രകാശങ്ങള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കാത്തതിനാല്‍ തമോഗര്‍ത്തങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് നമുക്കൊരിക്കലും കാണാന്‍ കഴിയില്ല. എന്നാല്‍ പ്രത്യേക സംവിധാനങ്ങള്‍ ഉള്ള ടെലസ്‌കോപ്പുകള്‍ക്ക് തമോഗര്‍ത്തങ്ങളെ കണ്ടെത്താനാകും. തമോഗര്‍ത്തങ്ങള്‍ക്ക് വളരെ അടുത്തുള്ള നക്ഷത്രങ്ങള്‍ മറ്റ് നക്ഷത്രങ്ങളെ അപേക്ഷിച്ച് എ്ത്തരത്തിലാണ് പെരുമാറുന്നതെന്ന് കണ്ടെത്താനും ഇത്തരം ബഹിരാകാശ ഉപകരണങ്ങള്‍ക്ക് കഴിയും.

സ്വയം പ്രകാശിക്കുന്ന ഭീമന്‍ ഇന്ധനപ്പന്തുകളാണ് നക്ഷത്രങ്ങള്‍. നമ്മുടെ സൂര്യന്‍ തന്നെ ഉദാഹരണം

തമോഗര്‍ത്തങ്ങള്‍ മൂന്ന് തരത്തിലുണ്ട്. ഏറ്റവും ചെറിയവ, സ്റ്റെല്ലാര്‍ ബ്ലാക്ക്ഹോള്‍, ബിഗ് ബ്ലാക്ക് ഹോള്‍. ഏറ്റവും ചെറിയ തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചോല്‍പ്പത്തിയുടെ സമയത്ത് ഉണ്ടായെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ വളരെ വലിയ ഒരു നക്ഷത്രം അതിന്റെ കേന്ദ്രഭാഗത്തിലേക്ക് ചുരുങ്ങുകയോ അല്ലെങ്കില്‍ പൊട്ടിത്തെറിക്കുകയോ ചെയ്യുമ്പോഴാണ് സ്റ്റെല്ലാര്‍ ബ്ലാക്ക്ഹോളുകള്‍ ഉണ്ടാകുന്നത്. ഇങ്ങനെ പൊട്ടിത്തെറിക്കുമ്പോള്‍ ബഹിരാകാശാത്തേക്ക് തെറിക്കുന്ന നക്ഷത്ര ഭാഗങ്ങളാണ് സൂപ്പര്‍ നോവകള്‍. ഇവയെക്കാള്‍ വലുതാണ് സൂപ്പര്‍മാസ്സീവ് ബ്ലാക്ക്ഹോളുകള്‍. അവ ഉള്‍പ്പെടുന്ന ആകാശഗംഗ രൂപപ്പെട്ട അതേസമയത്ത് തന്നെയായിരിക്കും ഈ ബ്ലാക്ക്ഹോളുകളും ഉണ്ടായിട്ടുണ്ടാകുകയെന്നും എല്ലാ ആകാശഗംഗകളുടെയും കേന്ദ്രത്തില്‍ ഇത്തരമൊരു സൂപ്പര്‍മാസ്സീവ് ബ്ലാക്ക്ഹോള്‍ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

തമോഗര്‍ത്തങ്ങള്‍ തമ്മിലുള്ള ഇടപെടലുകളുടെ ഫലമായാണ് സ്ഥല കാല പ്രതലത്തില്‍ പ്രകമ്പനങ്ങള്‍ അഥവാ ഗുരുത്വ തരംഗങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനാണ് ഇക്കാര്യം ആദ്യമായി പ്രവചിച്ചത്. പിന്നീട് 2017ല്‍ ഗുരുത്വ തരംഗങ്ങളെ കുറിച്ച് പഠുക്കുന്ന ലിഗോ എന്ന ശാസ്ത്രകൂട്ടായ്മ ഗുരുത്വതരംഗങ്ങളിലൂടെ തമോഗര്‍ത്തങ്ങള്‍ തമ്മിലുള്ള ഇടപെടലുകളും കൂടിച്ചേരലും കണ്ടെത്തി.

നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ഛിന്നഗ്രഹങ്ങള്‍, വാല്‍നക്ഷത്രങ്ങള്‍

സ്വയം പ്രകാശിക്കുന്ന ഭീമന്‍ ഇന്ധനപ്പന്തുകളാണ് നക്ഷത്രങ്ങള്‍. നമ്മുടെ സൂര്യന്‍ തന്നെ ഉദാഹരണം. ചുവന്ന നിറത്തില്‍ ജ്വലിക്കുന്ന ഭീമന്‍ നക്ഷത്രങ്ങള്‍ മുതല്‍ തണുത്ത വെള്ളക്കുള്ളന്മാര്‍ വരെ നക്ഷത്രഗണത്തിലുണ്ട്. ഇന്ധനങ്ങളുടെ കരുത്തിലാണ് നക്ഷത്രങ്ങള്‍ ജ്വലിക്കുന്നത്. ഇന്ധനം തീരുമ്പോള്‍ അവയ്ക്ക് അന്ത്യം സംഭവിക്കും എന്നാലിത് ഏറെക്കാലം കൊണ്ട് സംഭവിക്കുന്ന പരിണാമപ്രക്രിയയാണ്. ജ്വലിക്കാനുള്ള ഇന്ധനം തീരുമ്പോഴാണ് നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത്. ഇത്തരം പൊട്ടിത്തെറികളുടെ ഫലമായി സൂപ്പര്‍നോവകളും വെളുത്ത കുള്ളന്മാരും ഉണ്ടാകുന്നു. ചിലപ്പോള്‍ നക്ഷത്രങ്ങളുടെ പൊട്ടിത്തെറയിലൂടെ ഭീമാകാരങ്ങളായ വസ്തുക്കളും ഉണ്ടാകാറുണ്ട്. ന്യൂട്രോണ്‍ നക്ഷത്രമെന്നാണ് ഇവയെ വിളിക്കുന്നത്.

2006ല്‍ ഗ്രഹങ്ങള്‍ക്ക് അന്ന് വരെ ഉണ്ടായിരുന്ന നിര്‍വ്വചനം സംബന്ധിച്ച് ശാസ്ത്രലോകത്ത് ഒരു സംവാദം പൊട്ടിപ്പുറപ്പെട്ടു. പ്യൂട്ടോയെ ഒരു ഗ്രഹമായി കരുതാനാകുമോ, ഇല്ലെയോ എന്ന ചോദ്യത്തില്‍ നിന്നാണ് ആ സംവാദത്തിന്റെ തുടക്കം. എന്നാല്‍ സൂര്യനെ വലംവെക്കുന്ന, ഗോളാകൃതി ലഭിക്കത്തക്ക വലുപ്പമുള്ള, തടസ്സങ്ങളില്ലാത്ത കൃത്യമായ ഭ്രമണപഥമുള്ള ബഹിരാകാശ വസ്തുക്കളാണ് ഗ്രഹങ്ങള്‍ എന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ (ഐഎയു) വിധിയെഴുതി. ഈ മാനദണ്ഡം അനുസരിച്ച് പ്ലൂട്ടോയും മറ്റ് ചെറിയ വസ്തുക്കളും കുള്ളന്‍ ഗ്രഹങ്ങളായി വരും. അതേസമയം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ സംബന്ധിച്ച് കൃത്യമായൊരു നിര്‍വ്വചനം ഐഎയു നല്‍കിയിട്ടില്ല.

കുള്ളന്‍ ഗ്രഹങ്ങള്‍ ആകാന്‍ തക്കതായ വലുപ്പമില്ലാത്ത പാറകളാണ് ഛിന്ന ഗ്രഹങ്ങള്‍

സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്ക് സമാനമായ സ്വഭാവങ്ങളുള്ള അയല്‍ക്കാരായ ഗോളങ്ങള്‍ എന്ന് ഇവയെ വേണമെങ്കില്‍ വിളിക്കാം. ഇത്തരത്തിലുള്ള നിരവധി ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തില്‍ വരെ ചില ഗ്രഹങ്ങള്‍ രൂപമെടുത്ത് കൊണ്ടിരിക്കുകയാണ്. പ്രോ പ്ലാനറ്റുകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്.

കുള്ളന്‍ ഗ്രഹങ്ങള്‍ ആകാന്‍ തക്കതായ വലുപ്പമില്ലാത്ത പാറകളാണ് ഛിന്ന ഗ്രഹങ്ങള്‍. 10199 ചാരില്‍കോ പോലെ വളയങ്ങളുള്ള ഛിന്നഗ്രഹങ്ങളെ വരെ കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥം രൂപപ്പെട്ടപ്പോള്‍ ബാക്കി വന്നവയാണ് ഛിന്ന ഗ്രഹങ്ങളെന്ന് അവയുടെ വലുപ്പത്തില്‍ നിന്നും മനസിലാക്കാം. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മേഖലയിലാണ് മിക്ക ഛിന്നഗ്രഹങ്ങളും കാണപ്പെടുന്നത്.

സൗരയൂഥത്തിലെ പൊടിപിടിച്ച ഭീമന്‍ മഞ്ഞുകട്ടകളാണ് വാല്‍നക്ഷത്രങ്ങള്‍. തണുത്തുറഞ്ഞ വസ്തുക്കള്‍ നിറഞ്ഞ ഊര്‍ട്ട് ക്ലൗഡ് മേഖലയില്‍ നിന്നുമാണ് ഭൂരിഭാഗം വാല്‍നക്ഷത്രങ്ങളും ഉത്ഭവിക്കുന്നത്. വാല്‍നക്ഷത്രങ്ങള്‍ സൂര്യനോട് അടുക്കുമ്പോള്‍ ചൂട് മൂലം മഞ്ഞ് ഉരുകുകയും പൊടിപടലങ്ങളുമായി കൂടിച്ചേര്‍ന്ന് അതൊരു വാലായി പരിണമിക്കുകയും ചെയ്യുന്നു.

ആകാശഗംഗകള്‍

ബഹിരാകാശത്തെ ഏറ്റവും വലിയ നിര്‍മ്മിതിയെന്ന് ആകാശഗംഗകളെ വിളിക്കാം. നക്ഷത്രങ്ങളുടെ വലിയ ശേഖരമാണ് ഓരോ ആകാശഗംഗകളും. സൗരയൂഥം ഉള്‍പ്പെടുന്ന നമ്മുടെ ആകാശഗംഗ ക്ഷീരപഥമെന്നാണ് അറിയപ്പെടുന്നത്. മില്‍ക്കിവേ എന്ന് ഇംഗ്ലീഷില്‍ പറയും. പല വലുപ്പത്തിലും ആകൃതിയിലുമുള്ള അകാശഗംഗകള്‍ ഉണ്ട്. ബഹിരാകാശത്തെ മറ്റ് വസ്തുക്കളോട് അടുക്കുമ്പോഴോ അല്ലെങ്കില്‍ അവയിലെ നക്ഷത്രങ്ങള്‍ക്ക് പ്രായമാകുമ്പോഴോ ആകാശഗംഗങ്ങളുടെ ആകൃതിയില്‍ മാറ്റമുണ്ടാകാം.

ആകാശഗംഗകളുടെ നടുക്കായി സൂപ്പര്‍മാസ്സീവ് ബ്ലാക്ക്ഹോളുകള്‍ കണ്ടുവരാറുണ്ട്. ആകാശഗംഗ പോലെ ആയിരക്കണക്കിന് ആകാശഗംഗകള്‍ ഉള്‍പ്പെട്ടതാണ് ആകാശഗംഗക്കൂട്ടം.
.

A guest post by
Science Writer Science Indica
Subscribe to Veena