
എന്താണ് കാലാവസ്ഥാ വ്യതിയാനം അഥവാ ക്ലൈമറ്റ് ചേഞ്ച്-ഭാഗം 1
മൂന്ന് കഥകളിലൂടെ അറിയാം കാലാവസ്ഥ വ്യതിയാനവും അതുണ്ടാക്കുന്ന മഹാദുരിതങ്ങളും
Summary
കടല്‍ക്കാറ്റേറ്റ് ഒന്ന് റിലാക്സ് ചെയ്യാന്‍ പാകത്തില്‍ ഭാവിയില്‍ കടലുണ്ടാകുമോ, മരം ചുറ്റി പ്രണയിക്കാന്‍ മാത്രം മരങ്ങളുണ്ടാകുമോ...കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ഇനിയും നമ്മള്‍ക്ക് വ്യക്തമായ പദ്ധതിയില്ലെങ്കില്‍ മേല്‍പ്പറഞ്ഞത് സംഭവിച്ചെന്നു വരാം. എല്ലാ രജ്യങ്ങളിലും ഇന്ന് പ്രധാന ചര്‍ച്ചയാകുകയാണ് കാലാവസ്ഥ വ്യതിയാനം അഥവാ ക്ലൈമറ്റ് ചേഞ്ച്. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ അവബോധമൊന്നും ഇപ്പോഴും നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കില്ല. മൂന്ന് കഥകളിലൂടെ അറിയാം കാലാവസ്ഥ വ്യതിയാനവും അതുണ്ടാക്കുന്ന മഹാദുരിതങ്ങളും
ഒരു കഥ പറയാം. ഈ കഥ നടക്കുന്നത് ദൂരെയൊരു കാട്ടിലാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ, നിബിഡമായ, ഒരു വലിയ മഴക്കാടായിരുന്നു അത്. മഴക്കാട്, പേര് കേള്‍ക്കുമ്പോള്‍ തന്നെ എന്തൊരു കുളിരല്ലേ. മനുഷ്യര്‍ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത നാനാവിധത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും അവിടെ തിങ്ങിപ്പാര്‍ത്തിരുന്നു. ഈ കാടിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവിടുത്തെ കാലാവസ്ഥ എങ്ങനെയാകണമെന്ന് തീരുമാനിക്കുന്നത് പോലും ആ കാട് ആയിരുന്നു. അവിടുത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള കാലാവസ്ഥ തീരുമാനിക്കുന്നതില്‍ ഈ കാടിന് വലിയ പങ്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ആ കാട്ടില്‍ ഒരു കാട്ടുതീ പടര്‍ന്നുപിടിച്ചു.
കാട്ടുതീയെന്തെന്ന് പോലും അറിയാതിരുന്ന അവിടുത്തെ മൃഗങ്ങള്‍ എന്തുചെയ്യണമെന്ന് അറിയാതെ, സര്‍വ്വവും ചുട്ടെരിച്ച് പിന്നാലെ അലറിയടുക്കുന്ന തീക്ക് മുന്നിലായി ഓടി. ചിലര്‍ മണ്ണിനടിയിലെ മാളങ്ങളില്‍ അഭയം തേടി. മറ്റുചിലര്‍ ജലാശയങ്ങളില്‍ മുങ്ങിക്കിടന്നു. കൂട് വിട്ട് പക്ഷികളും പറന്നു. കൂട്ടിനുള്ളിലെ മുട്ടയ്ക്കുള്ളില്‍ കുഞ്ഞുജീവനുകള്‍ വെന്തു. വലിയ ഓട്ടക്കാര്‍ തീനാളങ്ങളെ പിന്നിലാക്കി ഏറെ മുന്നിലെത്തി. പിന്നാലെ മറ്റുള്ളവരും. പക്ഷേ ആഴ്ചകളോളം സംഹാരതാണ്ഡവമാടിയ അഗ്നിജ്വാലകളില്‍ നിന്ന് ഏറെദൂരം ഓടിരക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാട്ടുതീയണഞ്ഞപ്പോള് സസ്യലതാദികളുടെ ചാരത്തിനൊപ്പം വെന്ത മാംസത്തിന്റെ ഗന്ധവും കാറ്റിലൂടെ ലോകമാകെ പരന്നു. ലോകത്തിന്റെ ശ്വാസകോശമെന്ന് വിളിക്കുന്ന ആമസോണ്‍ മഴക്കാടിനെ കുറിച്ചുള്ളതാണ് ഈ കഥ.
കഥയല്ല കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആമസോണ്‍ നേരിടുന്ന പച്ചയായ യാഥാര്‍ത്ഥ്യം. ബ്രസീല്‍, കൊളംബിയ, പെറു, വെനസ്വെല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനൈം, ഫ്രഞ്ച് ഗയാന എന്നീ ഒമ്പത് തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലായി ഏതാണ്ട് രണ്ട് ദശലക്ഷത്തിലധികം മൈലുകള്‍ പരന്നുകിടക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ ഭൂമിക്ക് പ്രകൃതി കനിഞ്ഞരുളിയ വരദാനമായിരുന്നു. ഭൂമിയിലെ പത്തിലൊരു ജീവിവര്‍ഗ്ഗം അധിവസിക്കുന്നത് ആമസോണ്‍ കാടുകളിലാണെന്നാണ് പറയപ്പെടുന്നത്. പക്ഷേ 2019ല്‍ ആമസോണ്‍ കാടിനെ വിഴുങ്ങിയ കാട്ടുതീയില്‍ 23 ദശലക്ഷത്തിലധികം മൃഗങ്ങള്‍ എരിഞ്ഞമര്ന്നെന്നാണ് കണക്ക്.
മനുഷ്യരുടെ കൈകടത്തലുകളാണ് ആമസോണ്‍ കാടുകളെ ഈ നിലയില്‍ എത്തിച്ചത്. മൃഗങ്ങളെ വളര്‍ത്താനും മറ്റുമായി മരങ്ങള്‍ വെട്ടിനിരത്തിയും മനപ്പൂര്‍വ്വം തീയിട്ടും വന നശീകരണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ കാലാവസ്ഥ പിണങ്ങുന്നത് മനുഷ്യന് തിരിച്ചറിഞ്ഞില്ല.
ഒരു പ്രദേശത്തിന്റെ കാലങ്ങളായുള്ള (കുറഞ്ഞത് മുപ്പത് വര്‍ഷം) കാലാവസ്ഥ സവിശേഷതകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കാലാവസ്ഥ വ്യതിയാനമെന്ന് വിളിക്കാം
ഇനി മറ്റൊരു സംഭവകഥ പറയാം. ഇത് നടക്കുന്നത് ദൂരെയൊന്നുമല്ല, നമ്മുടെ കൊച്ച് കേരളത്തില്‍ തന്നെ. ആരും മറന്നിരിക്കാന്‍ വഴിയില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഓഗസ്റ്റ് മാസത്തില്‍ ദിവസങ്ങളോളം നിര്‍ത്താതെ പെയ്ത കര്‍ക്കിടകപ്പേമാരിയില്‍ മലയാളക്കരയാകെ മുങ്ങി. നദികള്‍ നിറഞ്ഞൊഴുകി. അണക്കെട്ടുകളില്‍ ജലനിരപ്പ് പരമാവധിയിലെത്തിയതോടെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടി വന്നു. ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും ഒരുമിച്ച് തുറന്നു. പല നഗരങ്ങളും വെള്ളത്തിനടിയിലായി. 1924ന് ശേഷം കേരളം കണ്ട മഹാപ്രളയം, 483 മരണം, ലക്ഷക്കണക്കിന് കുടുംബങ്ങള്‍ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍.
പ്രളയം നമുക്ക് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രകൃതി ദുരന്തമായിരുന്നുവെങ്കിലും തൊട്ടടുത്ത വര്‍ഷവും ഇതാവര്‍ത്തിച്ചു. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്തിന്റെ പലയിടങ്ങളിലും പ്രളയം അടിക്കടി നാശം വിതച്ചു.
കഴിഞ്ഞിടെ അമേരിക്കയിലും കാനഡയിലുമുണ്ടായ ദുരന്തകഥ കൂടി പറഞ്ഞ് കഥകള്‍ അവസാനിപ്പിക്കാം. പൊതുവേ ശൈത്യത്തിന് പേരുകേട്ട ഈ നാടുകളില്‍ അടുത്ത കാലത്തായി താപ തരംഗം അലയടിക്കുകയാണ്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇത്ര മാരകമായ താപ തരംഗം ഇവിടെയുണ്ടാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ സംസ്ഥാനമായ ഒറിഗണില്‍ കാട്ടുതീയും പടര്‍ന്നുപിടിക്കുകയാണ്. ഒറിഗണിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്രയും വലിയ കാട്ടുതീ ഉണ്ടാകുന്നത്. അമേരിക്കയിലും കാനഡയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും അനുഭവപ്പെടുന്ന അതിതീവ്ര താപ തരംഗം തന്നെയാണ് ഈ അപ്രതീക്ഷിത കാട്ടുതീക്ക് കാരണമായി അധികൃതര്‍ പറയുന്നത്. ഇത് അമേരിക്കയിലും കാനഡയിലും മാത്രം ഒതുങ്ങിനില്ക്കുന്നല്ല പ്രതിഭാസമല്ല. രണ്ടായിരത്തിനും 2019നും ഇടയില്‍ ലോകത്ത് അമ്പത് ലക്ഷത്തിലധികം ആളുകള്‍ അസാധാരണ താപനില മൂലം മരണമടഞ്ഞുവെന്നാണ് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം വ്യക്തമാക്കുന്നത്. ഇതില്‍ 500,000ത്തോളം മരണങ്ങള് അമിതമായ ചൂട് ഏല്‍ക്കേണ്ടി വന്നത് മൂലമായിരുന്നു.
ഈ പ്രകൃതി ദുരന്തങ്ങളെല്ലാം എന്താണ് സൂചിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് അസഹനീയമായ ചൂട്, മഴക്കാലത്ത് പ്രളയം, അടിക്കടി ചുഴലിക്കാറ്റുകള്‍...തീവ്ര കാലാവസ്ഥകള്‍ ലോകമൊന്നാകെ പിടിമുറുക്കുകയാണ്. മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ഓരോന്നും അതിനുള്ള വ്യക്തമായ ഉദാഹരണങ്ങളാണ്. എന്താണ് അതിനുള്ള കാരണം. കാലാവസ്ഥ വ്യതിയാനമെന്നതാണ് (ക്ലൈമറ്റ് ചേഞ്ച്-Climate Change) ഒറ്റവാക്കിലുള്ള ഉത്തരം. ഹിമാനികളും ഭൂമിയുടെ ധ്രുവങ്ങളിലെ ഐസുകട്ടകളും ഉരുകിക്കൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. റെക്കോഡ് ചൂട്, മിന്നല്‍ പ്രളയം, വരള്‍ച്ച ഇവയെല്ലാം സര്‍വ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ.
കാലാവസ്ഥ വ്യതിയാനമെന്ന വാക്ക് ലോകം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കില് അതിന്റെ ആഘാതം നാം അനുഭവിച്ച് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളു. പത്ത് വര്‍ഷത്തിനിടെ കാലാവസ്ഥയില്‍ നാം കണ്ട ഭീകരമായ മാറ്റം ഇത്തരത്തിലാണെങ്കില്‍ അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം എന്തൊക്കെ നേരിടേണ്ടി വരും.
ഋതുഭേദങ്ങളും കാലാവസ്ഥയും
ഋതുഭേദങ്ങള്‍ എന്താണെന്ന് നമുക്കറിയാം. മഴയായും മഞ്ഞായും ചൂടായുമെല്ലാം നാം അതിനെ നേരിട്ട് അനുഭവിക്കുന്നുണ്ട്. ചുരുക്കത്തില്‍ താപനിലയും ആര്‍ദ്രതയും(humidity), കാറ്റും, മഴയും ഒക്കെ ഉള്‍പ്പെട്ട മണിക്കൂറുകളോ ആഴ്ചകളോ നീളുന്ന ഹ്രസ്വകാല അന്തരീക്ഷസ്ഥിതിയാണത്. ദൈനംദിന ജീവിതത്തില്‍ നാം പലതരം ഋതുക്കള്‍ കാണുന്നുണ്ട്. ഓരോ കാലത്തിനനുസരിച്ച് മാത്രമല്ല ദേശത്തിനനുസരിച്ചും ഋതുക്കളില്‍ മാറ്റമുണ്ടാകും. ലോകത്തിന്റെ ഒരു കോണിലുള്ള ആളുകള്‍ ഷോട്ട്സും ധരിച്ച് വീടിന് പുറത്ത് ഹോക്കി കളിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു കോണില്‍ ആളുകള്‍ വീട്ടിനുള്ളിലും കട്ടിയുടുപ്പുകള്‍ ധരിച്ചിട്ടും കിടുകിടാ വിറക്കുന്നുണ്ടാകും.
ഒരു സ്ഥലത്ത് സാധാരണയായി അനുഭവപ്പെടുന്ന ഋതുക്കളാണ് അവിടുത്തെ കാലാവസ്ഥ. സമുദ്രങ്ങള്‍, ഭൂമിയുടെ പ്രതലസ്ഥിതി, ഹിമാനികള്‍ തുടങ്ങിയവയെല്ലാം അന്തരീക്ഷത്തിലുണ്ടാക്കുന്ന സ്വാധീനം അനുസരിച്ചാണ് ഒരു പ്രദേശത്തെ കാലാവസ്ഥ രൂപപ്പെടുന്നത്. വിശാലമായ അര്‍ത്ഥത്തില്‍ ദീര്‍ഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ഋതുഭേദങ്ങളാണ് കാലാവസ്ഥ.. സീസണുകള്‍ അനുസരിച്ച് കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. ഉദാഹരണത്തിന് വേനല്‍ക്കാലത്ത് നല്ല ചൂടുള്ള, വരണ്ട പ്രദേശങ്ങള്‍ ശൈത്യകാലമെത്തുന്നതോടെ മഞ്ഞുമൂടി തണുത്തുറയാറുണ്ട്. പല സ്ഥലങ്ങളില്‍ പല കാലാവസ്ഥയാകും ഉണ്ടാകുക. എപ്പോഴും മഞ്ഞ് മാത്രമുള്ള സ്ഥലങ്ങളുണ്ട്. എപ്പോഴും കഠിനമായ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളും നമ്മുടെ ഭൂമിയിലുണ്ട്. ഭൂമിക്ക് മൊത്തത്തില്‍ ഒരു കാലാവസ്ഥയുണ്ട്. ലോകമൊന്നാകെയുള്ള കാലാവസ്ഥകള്‍ കൂടിച്ചേരുന്നതാണ് ഭൂമിയുടെ കാലാവസ്ഥ.
ചൂടേറുന്നു
4.5 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രപഞ്ചമുണ്ടായത് മുതല്‍ക്ക് ഭൂമിയുടെ കാലാവസ്ഥയില്‍ എപ്പോഴും മാറ്റങ്ങള്‍ അല്ലെങ്കില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. ഭൂമി ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ചൂടായിരുന്ന ഒരു സമയമുണ്ട്. അതുപോലെ ഭൂമിയില്‍ നല്ല തണുപ്പ് അനുഭവപ്പെട്ട ഒരു കാലവും ഉണ്ടായിരുന്നു. വന്‍കരകളുടെയും സമുദ്രങ്ങളുടെയും കിടപ്പിലുണ്ടായിക്കൊണ്ടിരുന്ന നിരന്തരമായ മാറ്റങ്ങളും സൂര്യരശ്മികളുടെ തീവ്രതയിലുള്ള മാറ്റങ്ങളും ഭൂമിയുടെ ഭ്രമണപഥത്തിലുള്ള വ്യത്യാസങ്ങളുമൊക്കെയായിരുന്നു അതിനുള്ള കാരണങ്ങള്‍. സഹസ്രാബ്ദങ്ങളോളമാണ് ഇത്തരം മാറ്റങ്ങള്‍ നീണ്ടുനിന്നത്.
ഭൂമിയുടെ കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നവര്‍ക്ക് സമീപകാലത്തായി നമ്മുടെ അന്തരീക്ഷ താപനില ഗണ്യമായി വര്‍ധിച്ചതായി മനസിലാക്കാന്‍ കഴിയും. അതായത് നൂറ് വര്‍ഷങ്ങള്‍ക്കിടെ ഭൂമിയുടെ താപനില ഏതാണ്ട് ഒരു ഒരു ഡിഗ്രി ഫാരന്‍ഹീറ്റോളം (17.222 ഡിഗ്രി സെല്‍ഷ്യസ്) വര്‍ധിച്ചിട്ടുണ്ട്. ഇതൊരു വലിയ വര്‍ധനയല്ലെന്ന് നമുക്ക് തോന്നിയേക്കാം. അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (എന്‍ഒഎഎ) 2020ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂമിയിലെ സമുദ്രങ്ങളിലെയും കരകളിലെയും മൊത്തത്തിലുള്ള താപനിലയില്‍ 1880ന് ശേഷം ഓരോ ദശാബ്ദത്തിലും ശരാശരി 0.13 ഡിഗ്രി ഫാരന്‍ഹീറ്റിന്റെ (0.08 ഡിഗ്രി സെല്‍ഷ്യസ്) വര്‍ധനയുണ്ടാകുന്നുണ്ട്. 1981കള്‍ക്ക് ശേഷം താപനിലയിലുള്ള വര്‍ധന ഇരട്ടി വേഗതയിലാണ്(0.18 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 0.32 ഡിഗ്രി ഫാരന്‍ഹീറ്റ്).
നമ്മുടെ സമുദ്രങ്ങളുടെ വലുപ്പവും താപശേഷിയും കണക്കിലെടുക്കുമ്പോള്‍ ഭൂമിയുടെ ശരാശരി വാര്‍ഷിക താപനിലയില്‍ ചെറിയൊരു വര്‍ധനയുണ്ടാക്കണമെങ്കില്‍ പോലും വളരെ വലിയ അളവിലുള്ള താപോര്‍ജ്ജം ആവശ്യമാണ്. വ്യാവസായിക യുഗാരംഭത്തിന് മുമ്പ് (1880-1990) ഉണ്ടായിരുന്നതിനേക്കാള്‍ ശരാശരി ഉപരിതല താപനിലയില്‍ ഏതാണ്ട് രണ്ട് ഡിഗ്രിയുടെ വര്‍ധനയാണ് അതിന് ശേഷമുണ്ടായത്. കേള്‍ക്കുമ്പോള്‍ വളരെ ചെറിയ സംഖ്യയെന്ന് തോന്നുമെങ്കിലും അന്തരീക്ഷത്തില്‍ കുടുങ്ങിക്കിടക്കുന്ന താപത്തില്‍ വളരെയധികം വര്‍ധനയുണ്ടായെന്നാണ് അത് സൂചിപ്പിക്കുന്നത്. ഈ അധികതാപം പ്രാദേശിക താപനിലയിലും ഒരോ സീസണ് അനുസരിച്ചുള്ള താപനിലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. തണുപ്പാണെങ്കില്‍ കൊടും തണുപ്പ് ചൂടാണെങ്കില്‍ സഹിക്കാനാകാത്ത ചൂട് തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാക്കുന്നത് ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന താപമാണ്. കാലങ്ങളായി ധ്രൂവങ്ങളിലും സമുദ്രങ്ങളിലും ഉറഞ്ഞ് കിടന്നിരുന്ന ഐസ് ഉരുകാനും മഴയുടെ തീവ്രത വര്‍ധിക്കാനും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥകളില്‍ മാറ്റമുണ്ടാകാനും മൂലകാരണങ്ങളിലൊന്ന് ഭൂമിയുടെ താപനിലയിലുള്ള ഈ വര്‍ധനയാണ്.
കരയുടെയും സമുദ്രത്തിന്റെയും മൊത്തത്തിലുള്ള താപനില കണക്കെടുക്കുമ്പോള്‍ 141 വര്‍ഷത്തിനിടെയുള്ള രണ്ടാമത്തൈ കൊടുംചൂടിന്റെ വര്‍ഷമായിരുന്നു 2020. കരപ്രദേശങ്ങളില്‍ റെക്കോഡ് ചൂടാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഫ്രാാന്‍സിന്റെ മിക്ക ഭാഗങ്ങളും വടക്കന്‍ പോര്‍ച്ചുഗലും സ്പെയിനും റഷ്യയും തെക്ക് പടിഞ്ഞാറന്‍ ചൈനയും ഉള്‍പ്പടെ യൂറോപ്പിന്റെയും ഏഷ്യയുടെയും നിരവധി ഭാഗങ്ങളില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തി. അറ്റ്ലാന്റിക്, ശാന്ത സമുദ്രങ്ങള്‍ ഉള്‍പ്പടെ ഭൂഗോളത്തിന്റെ ഭൂരിഭാഗങ്ങളിലും ശരാശരിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തി. ആര്‍ട്ടിക് ധ്രുവങ്ങളില്‍ വരെ അസാധാരണ ചൂടെത്തി. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ അങ്ങേയറ്റത്ത് പോലും റെക്കോഡ് ചൂട് രേഖപ്പെടുത്തി.
അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ 2020ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂമിയിലെ സമുദ്രങ്ങളിലെയും കരകളിലെയും മൊത്തത്തിലുള്ള താപനിലയില്‍ 1880ന് ശേഷം ഓരോ ദശാബ്ദത്തിലും ശരാശരി 0.13 ഡിഗ്രി ഫാരന്‍ഹീറ്റിന്റെ (0.08 ഡിഗ്രി സെല്‍ഷ്യസ്) വര്‍ധനയുണ്ടാകുന്നുണ്ട്
താപനിലയിലെ ചെറിയ മാറ്റങ്ങള്‍ക്ക് പോലും ഭൂമിയുടെ കാലാവസ്ഥയില്‍ വളരെ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും. താപനിലയിലുള്ള വര്‍ധനവിന്റെ ആഘാതങ്ങള്‍ പ്രകടമായി തുടങ്ങി. ചൂട് മൂലം മഞ്ഞുരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. കാലം തെറ്റി മഴയും വെയിലും എത്തിത്തുടങ്ങി. എന്തിന് ചെടികള്‍ പൂക്കുന്നതിന്റെയും കായ്ക്കുന്നതിന്റെയും സമയങ്ങളില്‍ വരെ മാറ്റമുണ്ടായി കഴിഞ്ഞു.
എന്താണ് കാലാവസ്ഥ വ്യതിയാനം
കാലം തെറ്റിയുള്ള കാലാവസ്ഥയാണ് കാലാവസ്ഥ വ്യതിയാനം. ഋതുഭേദങ്ങളുടെ ക്രമത്തിലും സമുദ്രങ്ങളുടെയും ഭൗമോപരിതലത്തിന്റെയും ഹിമാനികളുടെയും സ്വഭാവത്തിലും പ്രകടമാകുന്ന മാറ്റങ്ങള്‍. അതിനാല്‍ ഒരു പ്രദേശത്തിന്റെ കാലങ്ങളായുള്ള (കുറഞ്ഞത് മുപ്പത് വര്‍ഷം) കാലാവസ്ഥ സവിശേഷതകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കാലാവസ്ഥ വ്യതിയാനമെന്ന് വിളിക്കാം. പല കാരണങ്ങള്‍ കൊണ്ടും കാലാവസ്ഥ വ്യതിയാനമുണ്ടാകാം. നേരത്തെ സൂചിപ്പിച്ചത് പോലെ ഭൂമിക്കും സൂര്യനും ഇടയിലള്ള ദൂരം, ഭൂമിയില്‍ ലഭിക്കുന്ന സൗരോര്‍ജ്ജം, സമുദ്രങ്ങള്‍, അഗ്നിപര്‍വ്വതങ്ങള്‍ എന്നിങ്ങനെ പ്രകൃതിയിലെ സ്വാഭാവികമായ മാറ്റങ്ങളും മനുഷ്യ ഇടപെടലുകളും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്.
എപ്പോഴാണ് കാലാവസ്ഥ മാറിത്തുടങ്ങിയത്
ചരിത്രം പരിശോധിച്ചാല്‍ ഭൂമി എക്കാലത്തും കാലാവസ്ഥ വ്യതിയാനത്തിന് വേദിയായിട്ടുണ്ടെന്ന് മനസിലാകും. 650,000 വര്‍ഷങ്ങള്‍ക്കിടെ ഏഴ് തവണ ഭൂമിയില്‍ ഹിമാനികളുടെ തോതില്‍ വര്‍ധനയും പിന്‍വാങ്ങലും രേഖപ്പെടുത്തിയിട്ടുണ്ട്. 11,700 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനത്തെ ഹിമയുഗം പൊടുന്നനെ അവസാനിക്കുന്നതും ആധുനിക കാലാവസ്ഥ യുഗത്തിന് തുടക്കമാകുന്നതും. മനുഷ്യ സംസ്കാരം ഉടലെടുക്കുന്നതും അതിന് ശേഷമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായ നേരിയ വ്യതിയാനങ്ങളും ഭൂമിക്ക് ലഭിക്കുന്ന സൗരോര്‍ജ്ജത്തിന്റെ അളവിലുള്ള വ്യത്യാസവുമാണ് അന്ന് കാലാവസ്ഥയില്‍ വ്യതിയാനങ്ങളുണ്ടാക്കിയത്.
പക്ഷേ ഇപ്പോഴുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഇരുപതാം നൂറ്റാണ്ടിന് ശേഷമുള്ള മനുഷ്യരുടെ ഇടപെടലുകളാണ് ഇപ്പോള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ആക്കം കൂട്ടുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് കാര്‍ബണ്‍ ഡയോക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും ഭൂമിയില്‍ പിടിച്ചുനിര്‍ത്താന്‍ ആരംഭിച്ചത്. ഹരിതഗൃഹ വാതകങ്ങളുടെ അളവിലുള്ള വര്‍ധന ആഗോളതാപനത്തിന് ഇടയാക്കിയെന്നതില്‍ യാതൊരു സംശയവും ഇല്ല.
അടുത്ത നൂറ് വര്‍ഷങ്ങള്‍ കൂടെ ഭൂമിയുടെ താപനിലയിലുള്ള വര്‍ധന തുടരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അങ്ങനെവന്നാല്‍ കൂടുതല്‍ ഹിമാനികളും സമുദ്രങ്ങളിലെ ഐസുകട്ടകളും ഉരുകാന്‍ തുടങ്ങും. അതിന്റെ പ്രതിഫലനമെന്നോണം സമുദ്രങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും. ചില സ്ഥലങ്ങള്‍ അത്യുഷ്ണത്തിന്റെ പിടിയിലാകും. മറ്റിടങ്ങളില്‍ മഞ്ഞ് മൂടും. ചിലയിടങ്ങളില്‍ പേമാരികള്‍ മൂലം പ്രളയമുണ്ടാകും. മറ്റിടങ്ങള്‍ വരണ്ടുണങ്ങും. പലയിടത്തും ചുഴലിക്കാറ്റുകള്‍ സംഹാരതാണ്ഡവമാടും.
രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥ വ്യതിയാനമെന്ന വാക്കിനെ പാശ്ചാത്യ രാജ്യങ്ങളിലും ഭൂമിയുടെ ധ്രുവങ്ങളിലും മാത്രം പ്രകടമായ ഒന്നെന്ന ലാഘവത്തോടെ കരുതിയിരുന്ന നമ്മള് ഇന്ന് അതിന്റെ തീവ്രതയും സംഹാരശേഷിയും ഏറെക്കുറെ മനസിലാക്കിയിരുന്നു. കാലാവസ്ഥ എന്നും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ഇപ്പോഴുണ്ടാകുന്ന കാലാവസ്ഥ മാറ്റത്തെ തടുക്കാന്‍ നമുക്ക് കഴിയുമെന്ന തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ടായാല്‍ വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ ഒരു പരിധി വരെ തടയാന്‍ നമുക്കാകും.