Nov 5, 2021 • 11M

എന്താണ് വാല്‍നക്ഷത്രം, എവിടെ നിന്നുവരുന്നു, എങ്ങോട്ട് പോകുന്നു? ഭാഗം-1

സൗരയൂഥത്തിലെ വൃത്തികെട്ട മഞ്ഞുകട്ടകള്‍ എന്നൊക്കെ വാല്‍നക്ഷത്രങ്ങളെ പലരും വിശേഷിപ്പിക്കും. എങ്കിലും ആള് ചില്ലറക്കാരനല്ല.

6
 
1.0×
0:00
-11:23
Open in playerListen on);
Episode details
Comments

സൗരയൂഥത്തിലെ വൃത്തികെട്ട മഞ്ഞുകട്ടകള്‍ എന്നൊക്കെ വാല്‍നക്ഷത്രങ്ങളെ പലരും വിശേഷിപ്പിക്കും. എങ്കിലും ആള് ചില്ലറക്കാരനല്ല. ബഹിരാകാശത്തെ നിഗൂഢതകളെ കുറിച്ചു പഠിക്കുന്നവര്‍ക്ക് വാല്‍നക്ഷത്രം ഒഴിച്ചുകൂടാന്‍ പറ്റാത്തതതാണ്. അവ എവിടെ നിന്നു വരുന്നു, എങ്ങോട്ടു പോകുന്നു എന്നെല്ലാം അറിയാം...

4.6 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപം കൊണ്ടപ്പോള്‍ അതിന്റെ അവശിഷ്ടങ്ങളായി ബാക്കിവന്നവയാണ് വാല്‍നക്ഷത്രങ്ങള്‍ അഥവാ ധൂമകേതുക്കള്‍. പേര് സൂചിപ്പിക്കുന്നത് പോലെ യഥാര്‍ത്ഥത്തില്‍ അവ നക്ഷത്രമല്ല, ചിത്രങ്ങളില്‍ കാണുന്നത് പോലെ സ്വയം പ്രകാശിക്കുകയുമില്ല. തണുത്തുറഞ്ഞ, ഇരുണ്ട ജൈവ ഘടകങ്ങള്‍ അടങ്ങിയ സൗരയൂഥ വസ്തുക്കളാണവ.

സൗരയൂഥത്തിലെ വൃത്തികെട്ട മഞ്ഞുകട്ടകള്‍ എന്നൊക്കെ വേണമെങ്കില്‍ നമുക്കവയെ വിളിക്കാം. എന്നാല്‍ സൗരയൂഥ സൃഷ്ടിയെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഈ വാല്‍നക്ഷത്രങ്ങളില്‍ ഒളിഞ്ഞ്കിടക്കുന്നുണ്ട്. ഭൂമിയില്‍ ജീവന്റെ ഉല്‍പ്പത്തിക്ക് അടിസ്ഥാനമായ വെള്ളവും മറ്റ് ഓര്‍ഗാനിക് സംയുക്തങ്ങളും എത്താനുള്ള കാരണം വാല്‍നക്ഷത്രങ്ങളാണ് എന്നും പറയപ്പെടുന്നുണ്ട്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണ് വാല്‍നക്ഷത്രങ്ങള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നതും നമുക്ക് ദൃശ്യമാകുന്നതും.

വാല്‍നക്ഷത്രങ്ങള്‍ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു

കുയ്പെര്‍ ബെല്‍റ്റ്, ഓര്‍ട്ട് ക്ലൗഡ് എന്നീ മേഖലകളില്‍ നിന്നാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. ജെരാര്‍ഡ് കുയ്പറിന്റെ സിദ്ധാന്തം അനുസരിച്ച് സൗരയൂഥത്തില്‍ നെപ്ട്യൂണിന് വെളിയിലായി, പ്ലൂട്ടോയ്ക്ക് അടുത്തായി ഡിസ്‌ക് ആകൃതിയില്‍ തണുത്തുറഞ്ഞ വസ്തുക്കള്‍ നിറഞ്ഞ ഒരു മണ്ഡലമുണ്ട്. ഇതാണ് കുയ്പെര്‍ ബെല്‍റ്റ്. ഇവിടെയാണ് സൂര്യനെ ചുറ്റുന്ന ഒട്ടനവധി ചെറിയ വാല്‍നക്ഷത്രങ്ങള്‍ ഉള്ളത്. ഇവ യാദൃശ്ചികമായി ഗുരുത്വാകര്‍ഷണം മൂലം ഒരു പ്രത്യേക പരിക്രമണ പാതയിലേക്ക് എത്തിപ്പെടുകയും സൂര്യനോട് കൂടുതല്‍ അടുത്ത് വരികയും ചെയ്യുന്നു. ഹ്രസ്വകാല വാല്‍നക്ഷത്രങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. ഇവയ്ക്ക് സൂര്യനെ ചുറ്റാന്‍ 200ല്‍ കുറവ് വര്‍ഷങ്ങള്‍ മതിയാകും. മുമ്പ് വന്ന് പോയിട്ടുള്ളവ ആയതിനാല്‍ ഭൂരിഭാഗം കേസുകളിലും ഇവ എപ്പോഴാണ് വീണ്ടും പ്രത്യക്ഷപ്പെടുകയെന്ന് പ്രവചിക്കാനാകും.

എന്നാല്‍ സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള (സൂര്യനില്‍ നിന്നും 100,000 അസ്ട്രോണമിക്കല്‍ യൂണിറ്റ് അകലെ, സൂര്യനും ഭൂമിക്കും ഇടയിലുള്ള ദൂരത്തിന്റെ 100,000 മടങ്ങ് ദൂരത്തില്‍) ഓര്‍ട്ട് ക്ലൗഡ് മേഖലയില്‍ നിന്ന് വരുന്ന വാല്‍നക്ഷത്രങ്ങളുടെ സഞ്ചാരം പ്രവചനാതീതമാണ്. ഈ വാല്‍നക്ഷത്രങ്ങള്‍്ക്ക് സൂര്യനെ ഒരുപ്രാവശ്യം വലംവെക്കാന്‍ 30 ദശലക്ഷം വര്‍ഷമെങ്കിലും വേണ്ടിവരും. ഇപ്പോള്‍ സൂര്യനോട് അടുത്തുകൊണ്ടിരിക്കുന്ന ബെര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീന്‍ (ഈ വാല്‍നക്ഷത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ വിശദമാക്കുന്നുണ്ട്) ഓര്‍ട്ട് ക്ലൗഡ് മേഖലയില്‍ നിന്നുള്ള വാല്‍നക്ഷത്രമാണ്.

കുയ്പെര്‍ ബെല്‍റ്റിലെ സൗരയൂഥ അവശിഷ്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓര്‍ട്ട് ക്ലൗഡിലെ മേഖലയിലെ തണുത്തുറഞ്ഞ വസ്തുക്കളുടെ വലുപ്പം ഏതാണ്ട് ഒരു പര്‍വ്വതത്തിനൊപ്പമോ അതില്‍ കൂടുതലോ വരും. അത്തരത്തിലുള്ള ശതകോടിയിലധികം അവശിഷ്ടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

മിക്ക വാല്‍നക്ഷത്രങ്ങളും സൂര്യനില്‍ നിന്നും സുരക്ഷിതമായ ഒരു അകലത്തില്‍ പരിക്രമണം ചെയ്യുകയാണ് പതിവ്. ഉദാഹരണത്തിന് ഹാലിയുടെ വാല്‍നക്ഷത്രം ഒരിക്കലും സൂര്യനില്‍ നിന്നും 89 ദശലക്ഷം കിലോമീറ്ററുകള്‍ക്കുള്ളില്‍ വന്നിട്ടില്ല. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഇവയുടെ പരിക്രമണ പാതയില്‍ മാറ്റമുണ്ടായാല്‍ ചില വാല്‍നക്ഷത്രങ്ങള്‍ സൂര്യനിലേക്ക് നേരിട്ട് പതിക്കുകയോ അല്ലെങ്കില്‍ തകര്‍ന്ന് ബാഷ്പീകരിച്ച് പോകുന്ന തരത്തില്‍ സൂര്യന് വളരെ അടുത്തെത്തുകയോ ചെയ്യാറുണ്ട്.

വാല്‍നക്ഷത്രങ്ങളുടെ വാല്‍

തിളങ്ങുന്ന നീണ്ട വാലാണ് വാല്‍നക്ഷത്രങ്ങളുടെ പ്രധാന ആകര്‍ഷണം. ഒരു വാല്‍നക്ഷത്രത്തിന്റെ ഭൂരിഭാഗവും തണുത്തുറഞ്ഞ ഐസാണ്. കിലോമീറ്ററുകള്‍ വലുപ്പത്തിലുള്ള ഈ തണുത്തുറഞ്ഞ ഭാഗത്തെ ന്യൂക്ലിയസ് എന്നാണ് വിളിക്കുന്നത്. മഞ്ഞുകട്ടകള്‍, പൊടിപടലങ്ങള്‍(ധൂമം), തണുത്തുറഞ്ഞ വാതകങ്ങള്‍ എന്നിവയാണ് ന്യൂക്ലിയസിലുള്ളത്. വാല്‍നക്ഷത്രം സൂര്യനോട് അടുക്കുമ്പോള്‍ ചൂട് മൂലം ഈ ഐസ് നേരിട്ട് നീരാവിയായി മാറും. അതിനൊപ്പം പൊടിപടലങ്ങളും ചേര്‍ന്ന് വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസിന് ചുറ്റുമായി ഒരന്തരീക്ഷം രൂപപ്പെടും. കോമ എന്നാണ് ഇത് അറിയപ്പെടുന്നത്. സൂര്യനോട് കൂടുതല്‍ അടുക്കുന്തോറും കോമയുടെ വലുപ്പവും കൂടിവരും. പതിനായിരക്കണക്കിന് കിലോമീറ്ററുകളോളം വലുപ്പത്തില്‍ ഇവയെത്താറുണ്ട്.

സൂര്യപ്രകാശത്തിന്റെ മര്‍ദ്ദവും അതിവേഗത്തിലുള്ള സൗരകണികകളും (സൗരവാതം) മൂലം കോമയിലെ പൊടിപടലവും വാതകങ്ങളും സൂര്യന് എതിര്‍ദിശയിലേക്ക് തെറിക്കുന്നു. അങ്ങനെയാണ് വാല്‍നക്ഷത്രത്തിന് തിളക്കമേറിയ വാല്‍ രൂപപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു വാല്‍നക്ഷത്രത്തിന് രണ്ട് വാലുകളുണ്ട്, ഒന്ന് പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമവാലും, മറ്റേത് വാതകങ്ങള്‍ നിറഞ്ഞ അയേണ്‍ വാലും. വാല്‍നക്ഷത്രങ്ങളുടെ ഇംഗ്ലീഷ് പദമായ കോമറ്റ് എന്ന വാക്ക് പോലും നീണ്ട മുടിയുള്ള എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദമായ കോമെറ്റ്സില്‍ നിന്നാണ് ഉത്ഭവിച്ചത്. എന്തുതന്നെയായാലും തിളക്കമേറിയ വാലിന്റെ സാന്നിധ്യം പരിശോധിച്ചാണ് ജ്യോതിശാസ്ത്രജ്ഞര്‍ പുതിയതായി കണ്ടെത്തുന്ന സൗരയൂഥ വസ്തുക്കള്‍ വാല്‍നക്ഷത്രമാണോ ഛിന്നഗ്രഹമാണോ എന്ന് തീരുമാനിക്കുന്നത്.

ദുശ്ശകുനമായ വാല്‍നക്ഷത്രങ്ങള്‍

അതിപുരാതന കാലം മുതല്‍ക്കേ മനുഷ്യര്‍ വാല്‍നക്ഷത്രം അഥവാ ധൂമകേതുക്കളെ തിരിച്ചറിഞ്ഞിരുന്നു. പൗരാണികരെ സംബന്ധിച്ചെടുത്തോളം അവ ദുരന്തങ്ങളുടെ സൂചനയായിരുന്നു. അതിനാല്‍ത്തന്നെ അവയെ അവര്‍ ഏറെ ഭയപ്പെടുകയും ചെയ്തു. അവിചാരിതമായി പൊടുന്നനെ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നീണ്ട വാലുകള്‍ ഉള്ള നക്ഷത്രങ്ങള്‍ ആപത്ത് ഉണ്ടാക്കുമെന്ന് അവര്‍ വിശ്വസിച്ചു. സൂര്യനോട് അടുക്കുന്തോറും വളരെ വേഗത്തില്‍ അവയുടെ വാലുകള്‍ക്ക് തിളക്കമേറുന്നതും നീളം കൂടുന്നതുമായിരുന്നു അതിനുള്ള പ്രധാനകാരണങ്ങള്‍.

ബഹിരാകാശ മണ്ഡലത്തെ ദൈവങ്ങളുടെ വാസസ്ഥലമായി കരുതിപ്പോന്നിരുന്ന ഒരുകാലത്ത് അപ്രതീക്ഷതമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്ന, പ്രത്യേകിച്ച് രാത്രികളില്‍, ഇത്തരം വസ്തുക്കളുടെ കാഴ്ചകള്‍ ആളുകളെ ഏറെ ഭയപ്പെടുത്തി. 1066-ലെ ഹേസ്റ്റിംഗ്സ് യുദ്ധത്തില്‍ ഹരോള്‍ഡ് രാജാവ് പരാജയപ്പെടാനുള്ള കാരണം അക്കാലത്ത് പ്രത്യക്ഷപ്പെട്ട ഹാലിയുടെ വാല്‍നക്ഷത്രം ആണെന്ന് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നു. ഈ യുദ്ധത്തെ വിവരിക്കുന്ന ബയോ ടേപിസ്റ്റി എന്ന ചിത്രത്തില്‍ ഹാലിയുടെ വാല്‍നക്ഷത്രത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് വാല്‍നക്ഷത്രങ്ങളെ കുറിച്ച് ലോകം കൂടുതല്‍ മനസിലാക്കിയതും ഹാലിയുടെ വാല്‍നക്ഷത്രത്തിലൂടെയാണ്.

ഗ്രീക്ക് യുഗത്തില്‍ വാല്‍നക്ഷത്രങ്ങളുടെ സ്വഭാവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അവയുടെ ഭയത്തിന്റെ പരിവേഷത്തില്‍ മാറ്റം വന്നില്ല. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ ഭൂമിയില്‍ നിന്നോ മറ്റ് ഗ്രഹങ്ങളില്‍ നിന്നോ നക്ഷത്രങ്ങളില്‍ നിന്നോ ഉള്ള വരണ്ട ഉച്ഛാസവായുവിന് അന്തരീക്ഷത്തിന്റെ ഉന്നത തലങ്ങളില്‍ വെച്ച് തീ പിടിക്കുന്നത് മൂലമുള്ള പ്രതിഭാസമായാണ് വാല്‍നക്ഷത്രങ്ങളെ കരുതിപ്പോന്നത്. എന്നാല്‍ റോമന്‍ തത്ത്വചിന്തകനായ ലുസ്യസ് അന്നേയസ് സെനക്ക വാല്‍നക്ഷത്രങ്ങള്‍ വലിയ പരിക്രമണപാതയുള്ള ഗ്രഹങ്ങളായാണ് കരുതിയത്. അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍ക്കാണ് അന്ന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്.

1577-ല്‍ പ്രത്യക്ഷപ്പെട്ട ഭീമാകാരനായ വാല്‍നക്ഷത്രത്തെ ജ്യോതിശാസ്ത്രജ്ഞനായ തെക്കോ ബ്രാഹൈ ശാസ്ത്രീയമായി നിരീക്ഷിക്കുകയും ചന്ദ്രനേക്കാള്‍ കുറഞ്ഞത് നാലിരട്ടിയെങ്കിലും അകലെയാണ് അതെന്ന നിഗമനത്തിലെത്തുകയും ചെയ്തു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഐസക് ന്യൂട്ടണ്‍, എഡ്മണ്ട് ഹാലി, ഇമ്മാനുവല്‍ കാന്റ് എന്നിവര്‍ വാല്‍നക്ഷത്രങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ നല്‍കി.

ഹാലിയുടെ വാല്‍നക്ഷത്രം

വാല്‍നക്ഷത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഹാലിയുടെ വാല്‍നക്ഷത്രത്തെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. കാരണം നമുക്ക് ഏറെ പരിചിതമായ വാല്‍നക്ഷത്രങ്ങളിലൊന്നാണത്. വലിയ ന്യൂക്ലിയസും അതുകൊണ്ടുതന്നെ വലിയ പ്രഭയും ആയുസ്സും ഉള്ള ഹാലിയുടെ വാല്‍നക്ഷത്രത്തിന് വാല്‍നക്ഷത്രങ്ങളുടെ ചരിത്രത്തിലും വലിയ പ്രാധാന്യമുണ്ട്.

1680-ല്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട വാല്‍നക്ഷത്രമാണ് എഡ്മണ്ട് ഹാലിയെന്ന ജ്യോതിശാസ്ത്രജ്ഞനെ വാല്‍നക്ഷത്രങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1682-ലും ഈ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ഇതോടെ ഈ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരപഥം എങ്ങനെയായിരിക്കും എന്നറിയാന്‍ ഹാലിക്ക് വലിയ ആകാംക്ഷയായി. ഏറെ പ്രഭയുള്ള ഈ വാല്‍നക്ഷത്രത്തെ വിശദമായി നിരീക്ഷിച്ച ശേഷം ഹാലി ഗുരുത്വാകര്‍ഷണ സിദ്ധാന്തം വാല്‍നക്ഷത്രങ്ങളുടെ കാര്യത്തില്‍ പ്രസക്തമാണോ എന്ന് പരിശോധിച്ചു. എന്നാല്‍ ഇതിന് ഗണിതശാസ്ത്രതലത്തില്‍ ഒട്ടേറെ കണക്കുകൂട്ടലുകള്‍ ആവശ്യമായിരുന്നു. അതിനായി ഹാലി തന്റെ സുഹൃത്തായ ഐസക് ന്യൂട്ടനെ സമീപിച്ചു. ന്യൂട്ടന്റെ സഹായത്താല്‍ ആ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരപഥം കണ്ടെത്താന്‍ ഹാലിക്ക് കഴിഞ്ഞു. മാത്രമല്ല 1531-ലും 1607-ലും 1682-ലും പ്രത്യക്ഷപ്പെട്ട വാല്‍നക്ഷത്രങ്ങളുടെ സഞ്ചാരപഥം ഒരുപോലെ ആയിരുന്നുവെന്നും ഹാലി കണ്ടെത്തി.

വാല്‍നക്ഷത്രങ്ങളെ കുറിച്ചുള്ള ശാസ്ത്രശാഖയില്‍ വളരെ നിര്‍ണായകമായ കണ്ടെത്തലായിരുന്നു അത്. ഓരോ 76 വര്‍ഷം കൂടുമ്പോഴും ആകാശത്ത് ദൃശ്യമാകുന്ന വാല്‍നക്ഷത്രം ഒന്ന് തന്നെയാണെന്നും 1759-ല്‍ അത് വീണ്ടും വരുമെന്നും ഹാലി പ്രവചിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് മുമ്പ് അദ്ദേഹം മരണമടഞ്ഞെങ്കിലും അദ്ദേഹം പറഞ്ഞതുപോലെ 1758 ജനുവരി 12ന് ആ വാല്‍നക്ഷത്രം വീണ്ടും വന്നെത്തി. അങ്ങനെയാണ് ഹാലിയോടുള്ള ആദരസൂചകമായി ആ വാല്‍നക്ഷത്രത്തിന് ഹാലിയുടെ നക്ഷത്രമെന്ന പേര് നല്‍കിയത്.

75-76 വര്‍ഷങ്ങള്‍ കൊണ്ട് സൂര്യനെ വലംവെക്കുന്ന ഹാലിയുടെ നക്ഷത്രം അവസാനമായി 1986-ലാണ് പ്രത്യക്ഷപ്പെട്ടത്. ഇനി 2061-ലാകും ഇത് ദൃശ്യമാകുക.