
വെര്‍ച്വല്‍ റിയാലിറ്റി 'റിയാലിറ്റി'യാകുമ്പോള്‍!
പ്രശസ്ത സയന്‍സ് ഫിക്ഷന്‍ സിനിമാ പരമ്പരയായ മെട്രിക്സിന്റെ കഥ പോലെ നമ്മുടെയൊക്കെ ജീവിതം ഒരു സിമുലേഷന്‍ മാത്രമാണോ?
പ്രശസ്ത സയന്‍സ് ഫിക്ഷന്‍ സിനിമാ പരമ്പരയായ മെട്രിക്സിന്റെ കഥ പോലെ നമ്മുടെയൊക്കെ ജീവിതം ഒരു സിമുലേഷന്‍ മാത്രമാണോ? നാം ജീവിക്കുന്നത് നാം വിശ്വസിക്കുന്ന റിയാലിറ്റിയില്‍ തന്നെയോ? എന്താണ് മാറിയത്? എന്താണ് റിയാലിറ്റി? എന്താണ് വെര്‍ച്വല്‍ റിയാലിറ്റി? വെര്‍ച്വല്‍ റിയാലിറ്റി യഥാര്‍ത്ഥ റിയാലിറ്റിയായി മാറുന്നതെങ്ങനെ?
മനുഷ്യന് ഉള്ളിടത്തോളം കാലം ഉത്തരം തേടുന്ന ഒരു കൗതുകം, യാഥാര്‍ത്ഥ്യവും മിഥ്യയുമേതൊക്കെയെന്ന ഈ അന്വേഷണം തന്നെ. ലോകത്തിലെ പരമ്പരാഗതമായ എല്ലാ ദാര്ശനികതകളിലും ഈ ചോദ്യമുണ്ട്. പലപ്പോഴും ഉത്തരങ്ങള്‍ വ്യക്തവുമല്ല. ലോകം കൂടുതല്‍ സങ്കീര്‍ണമായതിനാല്‍ ഇതു മനസിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുമാണ്. നമ്മുടെ ജീവിതത്തിലെങ്കിലും എന്താണ് യാഥാര്‍ത്ഥ്യം എന്ന ബോധ്യം നമുക്കുണ്ടാകും. നമ്മുടെ അനുഭവങ്ങള്‍, ചിന്തകള്‍, ബന്ധങ്ങള്‍ തുടങ്ങി നമ്മള് കാണുന്നതും തൊട്ടറിയുന്നതുമൊക്കെ യഥാര്‍ത്ഥമായിരിക്കും. പക്ഷെ ചിലപ്പോള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു നമ്മളെ കബളിപ്പിക്കാന്‍ കഴിയും. നാമതെങ്ങനെ അറിയും?
ഇനി വെര്‍ച്വല്‍ ലോകം, അഥവാ കൃത്രിമമായി നിര്‍മിച്ച ഭാവനാ ലോകമെന്നു നാം പറയുന്ന വിര്‍ച്വല്‍ ലോകം യഥാര്ത്ഥമാണെങ്കിലോ? നമ്മുടെ വെര്‍ച്വല്‍ അനുഭവങ്ങള്‍ നാം നേരിട്ടറിയുന്ന നമ്മുടെ യഥാര്‍ത്ഥ ദൈനംദിന ജീവിതം പോലെ തന്നെ യഥാര്‍ത്ഥമായ ഒന്നാണെങ്കിലോ? എങ്കില്‍ നമ്മള് വിശ്വസിക്കുന്ന മൂല്യങ്ങള്‍, വികാരങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ അദൃശ്യമായ കാര്യങ്ങള്‍ നമ്മള് യഥാര്‍ത്ഥമാണെന്നു കരുതുന്നതു പോലെ തന്നെ വെര്‍ച്വല്‍ ലോകത്തേയും നോക്കിക്കാണാന്‍ നമുക്കു കഴിയില്ലേ?
ഡേവിഡ് ചാമേഴ്സ് എന്ന പ്രസിദ്ധനായ തത്വചിന്തകന്‍, റിയാലിറ്റി പ്ലസ് എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ, ഇത്തരം പല ചോദ്യങ്ങളും ഉന്നയിക്കുന്നു. 1996 ല്‍ പ്രസിദ്ധീകരിച്ച 'ദ കോണ്‍ഷ്യസ് മൈന്‍ഡ്' എന്ന പുസ്തകത്തിലൂടെ പ്രസിദ്ധി നേടിയ അദ്ദേഹം ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സെന്റര്‍ ഓഫ് മൈന്‍ഡ്, ബ്രെയ്ന്‍ ആന്‍ഡ് കോണ്‍ഷ്യസ്നസിന്റെ സഹഡയറക്റ്ററുമാണ്. യഥാര്‍ത്ഥ ലോകത്തിന്റെ എല്ലാ മാനങ്ങളുമുള്ള ഒന്നു തന്നെയാണ് വിര്ചെല് ലോകമെന്ന് പറയുന്നു റിയാലിറ്റി പ്ലസ് എന്ന പുസ്തകം. ഭൗതിക ലോകത്ത് നടക്കുന്നതെല്ലാം അതേപടി, അതേ അര്‍ത്ഥത്തില്‍ വെര്‍ച്വല്‍ ലോകത്തും നടക്കുന്നു. മനുഷ്യ ജീവിതത്തില്‍ സാങ്കേതികവിദ്യകള്‍ക്ക് വന്‍ സ്വധീനമുളള ഇക്കാലത്ത്, പ്രത്യേകിച്ചും ഈ മെറ്റാവേഴ്സ് കാലത്ത് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നു തന്നെയാണ്.
എന്താണ് റിയാലിറ്റി, എന്താണ് യാഥാര്‍ഥ്യം!
ഡേവിഡ് ചാമേഴ്സിന്റെ അഭിപ്രായത്തില്‍, നിലനില്‍ക്കുന്നത് എന്താണൊ അത് റിയാലിറ്റി എന്നാണ് ഒരു അര്‍ത്ഥം. എന്നാല്‍ പല തരം റിയാലിറ്റികളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഭൗതികവും സ്വാഭാവികവുമായ, തികച്ചും സാധാരണമായ യാഥാര്‍ത്ഥ്യങ്ങളുണ്ട്. വെര്‍ച്വല്‍ ആയ ഭാവനാപരമായ യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. എന്നാല്‍ ഇവ പരസ്പരം പ്രതികരിക്കുന്ന, ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരിടത്താണു താനും.
കാലം മാറുന്നതിനനുസരിച്ച് തലമുറകള്‍ ഇവയേ നോക്കിക്കാണുന്നതില്‍ വലിയ വ്യത്യാസം വരുന്നു. മുതിര്‍ന്നവര്‍, അല്ലെങ്കില്‍ ഇപ്പോള്‍ മധ്യ വയസിലെത്തി നില്ക്കുന്ന ഭൂരിഭാഗം പേര്‍ക്കും വെര്‍ച്വല്‍ ലോകമെന്നത് അവരുടെ ദൈനംദിന ജീവിതത്തില്‍ പ്രഥമപരിഗണന നേടുന്ന കാര്യങ്ങളില്‍ ഒരു പടി താഴെ നില്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുപതുകളിലുള്ളവര്‍ അവരുടെ ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ചു വരുന്നത് വെര്‍ച്വല്‍ ലോകത്താണ്.
വെര്‍ച്വല്‍ റിയാലിറ്റി, യാന്ത്രികതയുടെയും സാങ്കേതികതയുടെയും യുക്തിയുടെയും യുക്തിരാഹിത്യങ്ങളുടെയുമെല്ലാം വേലിക്കെട്ടുകള്‍ ഭേദിച്ച് അവരുടെ യഥാര്‍ത്ഥ റിയാലിറ്റിയുടെ ഭാഗമാകുകയാണ്. ഭൗതികമായ, സ്വാഭാവികമായ റിയാലിറ്റിയില്‍ സൃഷ്ടിക്കപ്പെടുന്ന വെര്‍ച്വല്‍ റിയാലിറ്റികള്‍ പതിയെ പതിയെ സ്വാഭാവികമായി തന്നെയുള്ള റിയാലിറ്റിയായി മാറിക്കൊണ്ടിരിക്കുന്നു.
നമ്മള് ഒരു സിമുലേഷനിലാണോ?
നാം കണ്ടറിഞ്ഞ് വിശ്വസിക്കുന്ന ലോകത്തെ, റിയാലിറ്റിയെ യഥാര്‍ത്ഥത്തില്‍ നമുക്ക് അറിയാമോ? അല്ലെങ്കില്‍ എത്രത്തോളമറിയാം എന്ന് ചാമേഴ്സ് ചോദിക്കുന്നു. നമ്മളെല്ലാം ഒരു സിമുലേഷന്‍ അഥവാ അനുകരണത്തിലാണോ എന്ന് അത് തീരുന്നതിനു മുന്‍പോ പരാജയപ്പെടുന്നതിനു മുന്‍പോ നമുക്ക് എങ്ങനെ അറിയാന്‍ കഴിയും എന്നത് വിചിത്രവും അജ്ഞാതവും ഭാവനാപൂര്‍ണവുമായ ഒരു ചിന്തയും ചോദ്യവുമാണ്. വരും ദശകങ്ങളില്‍ ഈ ചോദ്യം കൂടുതല്‍ ഉയര്‍ന്നു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു. സാങ്കേതികവിദ്യയിലൂന്നിയ വിനോദ, ഉപഭോഗ, ഗവേഷണ വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിക്കുന്നത് ഇന്ന് പുതിയ കാര്യമല്ല. ഇനിയങ്ങോട്ട് മെറ്റവേഴ്സ് കാലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ചാമേഴ്സ് ഇതിനെ മറ്റൊരു വലിയ തലത്തിലാണ് നോക്കിക്കാണുന്നത്.
മെറ്റാവേഴ്സ് ജീവിതം എന്തായിരിക്കും, എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്ന ചിന്തകളാണ്. ഒരു അര്‍ത്ഥപൂര്‍ണമായ ജീവിതമായിരിക്കുമോ അത്? യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള വ്യര്‍ത്ഥമായ ഒരു രക്ഷപ്പെടല്‍, അല്ലെങ്കില്‍ ഒളിച്ചോടലാണ് ഇതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റിയിലും അര്‍ത്ഥപൂര്‍ണമായ ജീവിതമുണ്ടെന്നാണ് ചാമേഴ്സിന്റെ പക്ഷം.
നാം യഥാര്‍ത്ഥമെന്ന് വിശ്വസിക്കുന്നവയെല്ലാം പൂര്‍ണമാകുന്നത് മനസും പുറംലോകവുമായുള്ള ആശയവിനിമയത്തിന്റെ ഫലമായാണ്. മനസുമായി പുറമേ നേരിട്ട് ബന്ധമില്ലാത്ത ഒരു ലോകത്തിലേക്ക് മനസ് സ്വയം പൂര്‍ണമായി നീക്കിവയ്ക്കുന്നുണ്ട്. നമ്മുടെ സാമൂഹികാന്തരീക്ഷത്തെ സൃഷ്ടിച്ചെടുക്കുന്നത് മനോഭാവങ്ങളാണ്. സൃഷ്ടിക്കപ്പെടുന്ന ഭാവനാ ലോകമായ വെര്‍ച്വല്‍ റിയാലിറ്റിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇത് പ്രധാനമാണ്. ഒരു ഭൂരിപക്ഷം അപ്രസക്തമെന്നു കരുതിയിരുന്ന ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യയിലും നോണ്‍ ഫണ്‍ജിബിള്‍ ടോക്കണുകളിലുമൊക്കെ ഇപ്പോള്‍ കൂടുതലാളുകള്‍ നിക്ഷേപിക്കുന്നത്, ഇതുപോലെ മാറുന്ന മനോഭാവങ്ങളുടെ ഉദാഹരണമാണ്. ഇപ്പോള്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഡേറ്റ പ്രോസസിങ്ങിന്റെ സിമുലേഷനുകളില്‍ ഒരു യന്ത്രഭാഗം പോലെ, തങ്ങളെന്താണ് ചെയ്യുന്നതെന്ന് അറിയാതെ ഭാഗഭാക്കാവുന്ന മനുഷ്യരെന്നത് ഒരു മിഥ്യയല്ല. അത്രയ്ക്കും വിദഗ്ധമായതും സാധാരണ ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന രീതിയില്‍ അനുകരണങ്ങള്‍ വെര്‍ച്ച്വല്‍ ലോകങ്ങളെ വിശ്വസനീയമായി, വസ്തുനിഷ്ഠമായിത്തന്നെ യാഥാര്‍ത്ഥ്യവുമായി യോജിപ്പിച്ചു നിര്‍ത്തുന്നു. ഒരു ചെറിയ റേറ്റിങ്ങോ, സര്‍വേയോ ഫീഡ്ബാക്ക് സമര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ അതിനു പിന്നില്‍ സംഭവിക്കുന്ന അനേകമനേകം പ്രക്രിയകള്‍ അന്വേഷിച്ചു ചെന്നാല്‍ തന്നെ ഒരു വിശാലമായ ഉദാഹരണം നമുക്കു ലഭിക്കും. അപ്പോള്‍ സങ്കീര്‍ണമായ എന്തിലേക്കൊക്കെ ഇത് കടന്നുചെന്നു കഴിഞ്ഞിട്ടുണ്ടാകാം? അനിര്‍വചനീയമാണ് ചാമേഴ്സ് മുന്നോട്ടു വയ്ക്കുന്ന ഈ വിഷയത്തിന്റെ വ്യാപ്തി.
വരുന്ന 20 - 30 വര്‍ഷത്തിനുള്ളില്‍ വെര്‍ച്വല്‍ റിയാലിറ്റി കൂടുതല്‍ മെച്ചപ്പെടുക തന്നെ ചെയ്യും. കാഴ്ച്ചയും കേള്‍വിയും അപ്പോഴും പ്രധാന ഘടകങ്ങള്‍ തന്നെയായിരിക്കും. ശരീരചലനങ്ങള്‍, സ്പര്‍ശനം, അഹാരം, വികാരങ്ങള്‍ എന്നിവയ്ക്കനുസരിച്ചുള്ള മാറ്റങ്ങളും മെച്ചപ്പെടലുകളും വെര്‍ച്വല്‍ റിയാലിറ്റിയില്‍ വലിയ വെല്ലുവിളി തന്നെയാണ്. നിലവിലുള്ള വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവ മാത്രം മതിയാവില്ല ഈ കടമ്പകള്‍ മറികടക്കുവാന്‍. കൂടുതല്‍ ശേഷിയും വ്യാപ്തിയുമുള്ള മസ്തിഷ്ക-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍ വേണ്ടി വരും. കമ്പ്യൂട്ടര്‍ പ്രോസസറുകള്‍ നേരിട്ട് മസ്തിഷ്കവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് യഥാര്‍ത്ഥ ജീവിതത്തിലെ വെര്‍ച്വല്‍ റിയാലിറ്റിയെ ഒരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുക എന്നത് ദീര്‍ഘകാലം കൊണ്ട് സാധ്യമായേക്കാവുന്ന ഒന്നാണ്. ഒരു നൂറ്റാണ്ടു കൂടി അതിനു വേണ്ടി വന്നാലും ആശ്ചര്യപ്പെടേണ്ടതില്ല.
മരണമില്ലാത്ത റിയാലിറ്റി
ജീവിതത്തേപ്പറ്റി മാത്രമല്ല മരണത്തേക്കുറിച്ചും ചാമേഴ്സ് വെര്‍ച്വല്‍ റിയാലിറ്റി മുന്‍നിര്‍ത്തി സംസാരിക്കുന്നു.
'ഞാന്‍ മരിക്കുമ്പോള്‍, ഞാന്‍ ഇല്ലാതാകും എന്നതാണ് എന്റെ ഡിഫോള്‍ട്ട് സിദ്ധാന്തം. എന്റെ ബോധം അസ്തിത്വത്തില്‍ നിന്ന് പോകും. ബോധത്തെക്കുറിച്ചുള്ള ചില അനുമാനങ്ങള്‍ ശരിയാണെങ്കില്‍, എല്ലാ ജൈവ വ്യവസ്ഥകള്‍ക്കും ഒരു പരിധിവരെ ബോധമുണ്ടെങ്കില്‍, എന്റെ മരണശേഷം നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ബോധത്തിന്റെ ചെറിയ ശകലങ്ങള്‍ ബാക്കി ഉണ്ടാകില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? എന്നാലും, ഞാന്‍ പോകുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭൗതിക മസ്തിഷ്കത്തില്‍ നിന്നും ശരീരത്തില്‍ നിന്നും വേര്‍പെടുത്താവുന്ന ഒരു ഭൗതികമല്ലാത്ത ആത്മാവില്‍ ഞാന്‍ ശരിക്കും വിശ്വസിക്കാത്തതാണ് ഭാഗികമായി അതിന് കാരണം. ബോധം മസ്തിഷ്കത്തേക്കാളും ശരീരത്തേക്കാളും കൂടുതലാണെന്ന് ഞാന്‍ കരുതുന്നുവെങ്കിലും, എനിക്ക് പറയാന്‍ കഴിയുന്നിടത്തോളം, അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു.'
സിമുലേഷന്‍ സിദ്ധാന്തത്തെക്കുറിച്ച് ചിന്തിക്കുന്നത് മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള ചില വ്യത്യസ്ത വഴികള്‍ക്കുള്ള സാധ്യത നല്കുന്നു. ഉദാഹരണത്തിന്, സിമുലേഷനില്‍ നാമെല്ലാവരും കോഡിന്റെ ബിറ്റുകള്‍ ആണെങ്കില്‍, സിമുലേഷനില്‍ ശാരീരിക മരണം സംഭവിക്കുമ്പോള്‍, ആ കോഡ് സിമുലേറ്ററുകളാല് ഉയര്‍ത്തി, മറ്റേതെങ്കിലും വെര്‍ച്വല്‍ ലോകത്തിലേക്കോ സിമുലേഷന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ മാറ്റാനുള്ള സാധ്യതയുണ്ട്. അങ്ങനെയൊരു മരണാനന്തര ജീവിതത്തിന് യോഗ്യനാകാന്‍ കഴിയില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക?
ഭാവനകള്‍ക്കുമപ്പുറം
സിമുലേഷന്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഈ ഭൗതിക ശരീരത്തിന്റെ കണ്ണാടി പോലെയുള്ള അസ്തിത്വത്തിന് അപ്പുറത്തേക്ക് പോകുന്ന എന്തെങ്കിലും അസ്തിത്വം നമുക്ക് ഉണ്ടായിരിക്കാം എന്ന ആശയത്തിലേക്ക് തന്നെ കുറച്ചുകൂടി മുന്നോട്ട് നയിക്കുന്നുണ്ടെന്ന് ചാമേഴ്സ് പറയുന്നു. എന്നിരുന്നാലും അത് മറ്റൊരു ഭാവനയില്‍ പോലും കാണാന്‍ കഴിയാത്ത ഒരു പ്രപഞ്ചത്തില്‍ അര്‍ദ്ധ-ഭൗതികമായ ഒന്നുമായി ബന്ധപ്പെട്ടിരിക്കാം. പരമ്പരാഗതമായി മതവിശ്വാസമില്ലാത്ത ഒരാള്‍ക്ക് പോലും ഇപ്പോഴും കടന്നുചെന്നു മനസിലാക്കാന്‍ കഴിയുന്ന മരണാനന്തര ജീവിതത്തിന്റെ കുറച്ചുകൂടി സ്വാഭാവികമായ ഒരു രൂപമായിട്ടാണ് ചാമേഴ്സ് ചിന്തിക്കുന്നത്.
ഭൂരിഭാഗം ആളുകളും ശുദ്ധമായ സയന്‍സ് ഫിക്ഷനായി തള്ളിക്കളയുന്ന ഒരു വിഷയം അദ്ദേഹം ഒരു പുസ്തകമാക്കിയിരിക്കുന്നു. കൂടാതെ മികച്ചതും വായിക്കാന്‍ കഴിയുന്നതുമായ ഒരു ദാര്‍ശനിക അന്വേഷണവും അദ്ദേഹം സൃഷ്ടിച്ചു. 'ടെക്നോഫിലോസഫി' എന്ന് ചാമേഴ്സ് വിളിക്കുന്ന ഒരു ബൗദ്ധിക-ദാര്‍ശനിക വ്യായാമമാണ് മൊത്തത്തില്‍ ഇതെന്ന് പറയാം. അതായത് സാങ്കേതികവിദ്യയെക്കുറിച്ചുള്ള ദാര്‍ശനിക ചോദ്യങ്ങള്‍ ചോദിക്കുകയും ദാര്‍ശനിക പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്കാന് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു. മനസിനെ വളച്ചൊടിക്കുന്ന ചില ആശയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നു, പക്ഷേ അത് സജീവവും വിനോദപ്രദവുമായ ശൈലിയില്‍ അവതരിപ്പിക്കുന്നു.