Nov 1, 2021 • 14M

ഉത്ര കൊലക്കേസ്‌ തെളിയിക്കുന്നതില്‍ സയന്‍സ് വഹിച്ച പങ്കെന്ത്

ശാസ്ത്രം തെളിയിച്ചു 'സര്‍പ്പദോഷമല്ല, അത് കൊലപാതകം ആയിരുന്നുവെന്ന്. ഉത്ര കൊലക്കേസില്‍ സയന്‍സ് വഹിച്ച പങ്കെന്ത്. ആദ്യഭാഗം

5
 
1.0×
0:00
-14:23
Open in playerListen on);
Episode details
Comments

പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പ് കടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് കേരളം ഞെട്ടലോടെ കേട്ട വാര്‍ത്ത. സര്‍പ്പദോഷമെന്നാല്‍ ഇതാണെന്ന് പലരും വിധിയെഴുതി. പക്ഷേ പിന്നാലെ പുറത്തുവന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച, കേരളം ഇന്നോളം കേട്ടിട്ടില്ലാത്ത കൊടുംക്രൂരമായ ഒരു കൊലപാതക കഥയായിരുന്നു. അഞ്ചല്‍ ഉത്ര കൊലപാതകക്കേസ് കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായി ചരിത്രത്തില്‍ ഇടം നേടി.

പാമ്പ് കടിയേറ്റുള്ള സ്വാഭാവിക മരണമായി എഴുതിത്തള്ളിയ കേസ് കൊലപാതകമാണെന്ന് തെളിയിക്കുന്നതിലും ഉത്രയുടെ ഭര്‍ത്താവ് സൂരജിന് ശിക്ഷ വാങ്ങികൊടുക്കുന്നതിലും സയന്‍സ് വഹിച്ച പങ്ക് ചെറുതല്ല.

അഞ്ചല്‍ ഏറം വിഷുവില്‍ വിജയസേനന്റെ മകള്‍ ഉത്രയ്ക്ക് 2020 മാര്‍ച്ചിലാണ് ആദ്യമായി പാമ്പുകടിയേല്‍ക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പാമ്പുകടിയേറ്റ ഉത്രയെ മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. അന്ന് മരണം തൊട്ടടുത്ത് എത്തിയെങ്കിലും ഉത്ര രക്ഷപ്പെട്ടു. രണ്ട് മാസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുമ്പോഴാണ് മേയ് ആറിന് രാത്രിയില്‍ വീണ്ടും പാമ്പുകടിയേല്‍ക്കുന്നത്. ഉത്രയുടെ കയ്യില്‍ പാമ്പുകടിയേറ്റത് പോലെ അടയാളമുണ്ടെന്ന് ഡോക്ടറെയും പാമ്പ് കടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞതായി വീട്ടുകാരെയും അറിയിച്ചതും വീട്ടിലെത്തി ഉത്ര കിടന്ന മുറിയിലെ അലമാരയുടെ താഴെ നിന്നും പാമ്പിനെ കണ്ടെത്തിയതും ഭര്‍ത്താവ് സൂരജാണ്. പിന്നീട് സൂരജ് മുന്‍കൈ എടുത്ത് ഉത്രയുടെ വീട്ടില്‍ സര്‍പ്പപൂജയും നടത്തി.

കൗതുകം നിറഞ്ഞ സയന്‍സ് വിഡിയോകള്‍ക്കായി സയന്‍സ് ഇന്‍ഡിക്ക YouTubeചാനല്‍ ഇവിടെ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്യുക.

സര്‍പ്പദോഷമാണ് ഉത്രയുടെ മരണത്തിനിടയാക്കിയതെന്ന് വരുത്തി തീര്‍ത്ത സൂരജ് മകനെ തനിക്കൊപ്പം നിര്‍ത്താമെന്നും അതിനുള്ള ചെലവ് ഉത്രയുടെ മതാപിതാക്കള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി.

ശാസ്ത്രം തെളിയിച്ചു 'സര്‍പ്പദോഷമല്ല, കൊലപാതകം'

മാതാപിതാക്കളുടെ സംശയവും ആഴ്ചകളുടെ ഇടവേളയില്‍ പാമ്പ് കടിയേറ്റതിലെ അസ്വാഭാവികതയും ഒഴിച്ചാല്‍ ഉത്ര കേസില്‍ സൂരജിനെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നതിന് തുടക്കത്തില്‍ പൊലീസിന്റെ പക്കല്‍ യാതൊരു തെളിവുകളും ഇല്ലായിരുന്നു. അതേസമയം കേസില്‍ സൂരജിനെ സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. കുറ്റമറ്റ അന്വേഷണത്തിലൂടെ പാമ്പ് കടിയുമായി ബന്ധപ്പെട്ട മെഡിക്കല്‍, ഫോറന്‍സിക്, ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് 152 സെന്റിമീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊല്ലുകയായിരുന്നുവെന്ന് കേരള പൊലീസ് തെളിയിച്ചു. ഇന്ത്യയില്‍ ഇതിന് മുമ്പും പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ആ സംഭവങ്ങളിലെല്ലാം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇത് പാമ്പ് കടിയേറ്റുള്ള സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പൊലീസിന് തെളിയിക്കാനായത് ശാസ്ത്രത്തിന്റെ പിന്‍ബലം ഒന്നുകൊണ്ട് മാത്രമാണ്.

ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, അവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ നെക്രോപ്സി (മനുഷ്യരിലെ പോസ്റ്റുമോര്‍ട്ടത്തിന് സമാനമായി മരണശേഷം മൃഗങ്ങളില്‍ നടത്തുന്ന പരിശോധന) റിപ്പോര്‍ട്ട്, അത് നടത്തിയ വെറ്ററിനറി സര്‍ജന്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവശാസ്ത്രജ്ഞര്‍, ഹെര്‍പ്പറ്റോളജിസ്റ്റുകള്‍(ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവയെക്കുറിച്ച് പഠിക്കുന്നവര്‍), പാമ്പ് പിടുത്തക്കാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള നല്‍കിയ നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഉത്ര കേസില്‍ പ്രതി സൂരജിനെതിരെ പോലീസിന് പിടിവള്ളിയായത്.

കൗതുകം നിറഞ്ഞ ഒരു മികച്ച ശാസ്ത്ര ലേഖനം നിങ്ങളുടെ ഇന്‍ബോക്‌സില്‍ എന്നും രാവിലെ എത്തും. ഇവിടെ ക്ലിക്ക് ചെയ്ത് സയന്‍സ് ഇന്‍ഡിക്ക സബ്‌സ്‌ക്രൈബ് ചെയ്യുക. ഇപ്പോള്‍ സൗജന്യം.


പാമ്പിനെ ആയുധമാക്കി ഒരാളെ വകവരുത്തിയ കേസില്‍ രാജ്യത്ത് ആദ്യമായി ഒരാള്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയാണ്? അതില്‍ സയന്‍സിന്റെ റോള്‍ എന്താണ്? നോക്കാം.

പാമ്പ് കടിച്ച പാടുകള്‍ അസ്വാഭാവികം

ഫോറന്‍സിക് തെളിവുകള്‍ തന്നെയാണ് ഉത്ര കേസില്‍ വളരെ നിര്‍ണായകമായത്. കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടും കേസിന്റെ നിജാവസ്ഥ തെളിയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഉത്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ.ആര്‍ രാഗേഷും കോടതിയില്‍ തന്റെ കണ്ടെത്തലുകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിരുന്നു. അതില്‍ പ്രധാനം പാമ്പ് കടിച്ചതിന്റെ അടയാളങ്ങള്‍ അസ്വാഭാവികമാണ് എന്നുള്ളതായിരുന്നു. അദ്ദേഹം അങ്ങനെ പറയാനുള്ള കാരണങ്ങള്‍ ഇവയാണ്. രണ്ട് തവണ പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങള്‍ ഉത്രയുടെ ഇടതുകയ്യില്‍ ഉണ്ടായിരുന്നു. അവ രണ്ടും വളരെ അടുത്തടുത്തായിരുന്നു. മാത്രമല്ല രണ്ട് അടയാളങ്ങളിലും പാമ്പിന്റെ പല്ലുകള്‍ക്കിടയിലെ അകലം സാധാരണ പാമ്പ് കടിക്കുമ്പോള്‍ ഉണ്ടാകുന്നതിലും കൂടുതലായിരുന്നു.


ഉത്രയെ കരുതിക്കൂട്ടി പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്ന വാദത്തിന് ഏറ്റവും നിണായകമായത് ഉത്രയുടെ ശരീരത്തില്‍ കണ്ട പാമ്പിന്റെ പല്ലുകള്‍ തമ്മിലുള്ള അകലത്തിലെ അസ്വാഭാവികത തന്നെയാണ്


രണ്ട് മുറിപ്പാടുകളിലും പല്ലുകള്‍ക്കിടയിലെ അകലം വ്യത്യസ്തവുമായിരുന്നു (2.3, 2.8 സെന്റിമീറ്റര്‍). രാസപരിശോധന റിപ്പോര്‍ട്ടില്‍ ഉത്രയുടെ ശരീരത്തില്‍ സിറ്റിര്‍സിന്‍ എന്ന ഗുളികയുടെ അംശം ഉണ്ടായിരുന്നതായും തെളിഞ്ഞു. ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ അബദ്ധവശാല്‍ അല്ലെങ്കില്‍ സ്വാഭാവികമായി പാമ്പ് കടിച്ചതായിരിക്കാനുള്ള സാധ്യത വിരളമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെമ്മി പരീക്ഷണം

ഉത്രയെ കരുതിക്കൂട്ടി പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്ന വാദത്തിന് ഏറ്റവും നിണായകമായത് ഉത്രയുടെ ശരീരത്തില്‍ കണ്ട പാമ്പിന്റെ പല്ലുകള്‍ തമ്മിലുള്ള അകലത്തിലെ അസ്വാഭാവികത തന്നെയാണ്. എന്നാലിത് കോടതിയില്‍ തെളിയിക്കുക വളരെ വെല്ലുവിളി നിറഞ്ഞ സംഗതി ആയിരുന്നു. ഇതിനായി കേരള പോലീസ് മഹീന്ദ്ര വൈല്‍ഡ്ലൈഫ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുടെ ചെയര്‍മാനും സുവോളജിസ്റ്റും ഹെര്‍പ്പറ്റോളജിസ്റ്റുമായ മവീഷ് കുമാര്‍ എംവിയുടെ സഹായം തേടി. തന്നെ സംബന്ധിച്ചെടുത്തോളം ഉത്ര കേസ് തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നുവെന്ന് മവീഷ് കുമാര്‍ സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു.


അനക്കമില്ലാതെ കിടക്കുന്ന ഒരാളെ മൂര്‍ഖന്‍ കടിക്കില്ലെന്ന് തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി മവീഷ് നൂറ് ശതമാനം ഉറപ്പ് പറയുന്നു


കേസിന്റെ ആവശ്യത്തിനായി ആദ്യമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ അയച്ചുകൊടുത്തത് പാമ്പുകടിയേറ്റ ഉത്രയുടെ കൈയ്യിന്റെ ഫോട്ടോ ആയിരുന്നു. അതൊരു സാധാരണ പാമ്പ് കടിയല്ലെന്ന് അപ്പോഴേ താന്‍ പറഞ്ഞിരുന്നതായി മവീഷ് പറയുന്നു. പാമ്പുകളുമായി വളരെ അടുത്ത് ഇടപഴകി ശീലമുള്ള, പാമ്പുകളെ കുറിച്ച് ശാസ്ത്രീയമായി പഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ ഫോട്ടോ കണ്ടപ്പോള്‍ ഇത് മൂര്‍ഖന്‍ കടിച്ചതായിരിക്കില്ലെന്നും പല്ലുകള്‍ക്കിടയിലെ അകലം ഇത്ര വലുതാണെങ്കില്‍ പാമ്പ് രാജവെമ്പാല ആയിരിക്കണമെന്നും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അടുത്തടുത്തായി ഒരേ രീതിയില്‍ മൂര്‍ഖന്‍ കടിക്കുന്നത് ദുരൂഹമാണെന്നും മവീഷ് പൊലീസിനോട് പറഞ്ഞു. കേസിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയതോടെ മവീഷും അന്വേഷണ സംഘത്തിലെ ശാസ്ത്രീയ വിദ്ഗ്ധ സമിതിയുടെ ഭാഗമായി.

അനക്കമില്ലാതെ കിടക്കുന്ന ഒരാളെ മൂര്‍ഖന്‍ കടിക്കില്ലെന്ന് തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി മവീഷ് നൂറ് ശതമാനം ഉറപ്പ് പറയുന്നു. അമിതമായ തോതില്‍ ഉറക്കഗുളിക നല്‍കിയിരുന്നതിനാല്‍ മരണസമയത്ത് ഉത്ര അബോധാവസ്ഥയില്‍ ആയിരുന്നുവെന്ന് അവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അത്തരത്തില്‍ അനങ്ങാതെ കിടക്കുന്ന ഉത്രയെ അങ്ങോട്ട് കയറി മൂര്‍ഖന്‍ കടിക്കില്ലെന്ന് മവീഷ് അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാല്‍ ഇത് തെളിയിക്കാന്‍ തക്കതായ പഠനങ്ങളോ മുന്‍കാല കേസുകളോ ലഭിക്കില്ലെന്നും മവീഷിന് അറിയാമായിരുന്നു. അങ്ങനെയാണ് ഡെമ്മി പരീക്ഷണത്തിലൂടെ ശാസ്ത്രീയമായി ഇതൊരു അസ്വാഭാവിക പാമ്പുകടിയാണെന്ന് മവീഷ് തെളിയിക്കുന്നത്. ഇതിനായി കൊലപാതകത്തിന് സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ കിട്ടിയ അതേ മേഖലയില്‍ നിന്നുള്ള അതേ വലുപ്പത്തിലുള്ള മൂന്ന് മൂര്‍ഖന്‍ പാമ്പുകളെയാണ് ഉപയോഗിച്ചത്.

രാത്രി എട്ടര മുതല്‍ ഒന്നര വരെയുള്ള സമയത്താണ് പരീക്ഷണം നടന്നത്. ചെറിയ ചൂടോട് കൂടിയ ഫ്രഷ് ചിക്കന്‍ പീസ് കയ്യില്‍ കെട്ടിയ, കട്ടിലില്‍ കിടത്തിയ ഡെമ്മിക്ക് അടുത്തായി പാമ്പുകളെ കൊണ്ട് ഇട്ടെങ്കിലും മൂന്ന് പാമ്പുകളും ഡെമ്മിക്ക് മുകളിലൂടെ ഇഴഞ്ഞ് നിലത്തിറങ്ങി മുറിയിലെ ഒളിച്ചിരിക്കാന്‍ പറ്റിയ അലമാരക്ക് അരികിലേക്കായി പോയി. പിന്നീട് പ്രകോപിപ്പിച്ചെങ്കിലും രണ്ട് പാമ്പുകള്‍ കയ്യില്‍ കെട്ടിയ ചിക്കന്‍ പീസില്‍ കടിക്കാന്‍ കൂട്ടാക്കിയില്ല. വളരെയധികം ബുദ്ധിമുട്ടിപ്പിച്ചപ്പോള്‍ ഒരെണ്ണം ചിക്കന്‍ പീസില്‍ രണ്ട് തവണ കൊത്തി. 1.7, 1.8 സെ.മീ ആയിരുന്നു ചിക്കന്‍ പീസില്‍ തെളിഞ്ഞ അടയാളങ്ങളില്‍ പല്ലുകള്‍ക്കിടയിലുള്ള അകലം.

സൂരജ് പറഞ്ഞതുപോലെ ഉത്രയെ സ്വാഭാവികമായി പാമ്പ് കടിച്ചതാണെങ്കില്‍ ഇതേ അകലത്തിലുള്ള അടയാളങ്ങളായിരുന്നു കയ്യില്‍ ഉണ്ടാകേണ്ടിയിരുന്നത്. പിന്നീട് മവീഷ് പാമ്പിന്റെ തലയില്‍ പിടിച്ച് ചിക്കന്‍ പീസില്‍ രണ്ട് തവണ കടിപ്പിച്ചപ്പോള്‍ 2, 2.3 സെ.മീ അകലത്തിലുള്ള പല്ലടയാളങ്ങള്‍ ലഭിച്ചു. ഇതില്‍ നിന്നും സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊത്തിക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഇവിടെയും ചില സംശയങ്ങള്‍ നിലനിന്നിരുന്നു. കാരണം തലയില്‍ പിടിച്ച് കടിപ്പിക്കുമ്പോള്‍ ഓരോ തവണയും പല്ലുകള്‍ക്കിടയിലെ അകലം മാറുന്നത് എങ്ങനെയാണ്. തനിക്കും ഇതൊരു പുതിയ അറിവായിരുന്നുവെന്ന് മവീഷ് പറഞ്ഞു.

മൂര്‍ഖന്‍ പാമ്പിന്റെ പല്ലുകള്‍ മോണയില്‍ ഉറച്ചിരിക്കുന്നവയാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇവിടെ തലയില്‍ പിടിച്ച് കടിപ്പിക്കുമ്പോള്‍ പാമ്പിന്റെ താടിയെല്ല് 3, 4 മില്ലിമീറ്റര്‍ വരെ നീങ്ങുന്നതായും പല്ലുകള്‍ക്കിടയിലെ അകലം വര്‍ധിക്കുന്നതായും ഡെമ്മി പരീക്ഷണ സമയത്ത് ചിത്രീകരിച്ച വീഡിയോയില്‍ വ്യക്തമാണ്. അതേസമയം ഉത്രയുടെ ശരീരത്തിലെ പാമ്പ് കടിയുടെ പല്ലടയാളങ്ങളിലെ അകലം പരീക്ഷണത്തില്‍ കണ്ടതിനേക്കാള്‍ കൂടുതലായിരുന്നു. അതിന് വിശദീകരണമായി മവീഷ് പറയുന്നത് താന്‍ പാമ്പിനെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധന്‍ ആയതുകൊണ്ടും അതിനെ ദ്രോഹിക്കരുത് എന്ന ചിന്ത ഉള്ളിലുള്ളത് കൊണ്ടും കൂടുതല്‍ ബലപ്രയോഗം നടത്താത്തിനാലാണെന്നാണ്. അതേസമയം സൂരജിനെ സംബന്ധിച്ചെടുത്തോളം പാമ്പില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തി ഉത്രയുടെ മരണം ഉറപ്പാക്കുക എന്നത് ഒരാവശ്യമായിരുന്നു.

ഉത്രയ്ക്ക് ആദ്യതവണ അണലി കടിയേറ്റ സംഭവത്തിലും മവീഷ് ഡെമ്മി പരീക്ഷണം നടത്തിയിരുന്നു. ഇതും അസ്വാഭാവികമാണെന്ന് തങ്ങളുടെ പരീക്ഷണത്തില്‍ തെളിഞ്ഞതായി മവീഷ് സയന്‍സ് ഇന്‍ഡിക്കയുമായുള്ള അഭിമുഖത്തില്‍ പറയുന്നു. ഉത്ര കേസുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളും ശാസ്ത്രീയമായ കണ്ടെത്തലുകളും വസ്തുതകളും ദേശീയ, അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് മവീഷിന്റെ നേതൃത്വത്തിലുള്ള മഹീന്ദ്ര വൈല്‍ഡ്ലൈഫ് ഫൗണ്ടേഷന്‍. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായും കേസ് ചര്‍ച്ച ചെയ്തു. ഉത്ര കേസ് ഇനി കുറ്റാന്വേഷണ, നീതിന്യായ, വൈദ്യശാസ്ത്ര മേഖലകളില്‍ പുതിയൊരു റഫറന്‍സ് ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അണലി കടിച്ചതും കൊലപാതകശ്രമമെന്ന് വാദിച്ചതെങ്ങനെ?

സൂരജിന്റെ വീട്ടില്‍ വെച്ച് 2020 മാര്‍ച്ചില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റതും കൊലപാതക ശ്രമമായിരുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. ഉത്രയുടെ ചികിത്സാരേഖകളില്‍ നിന്നും ഡിസ്ചാര്‍ജ് സമ്മറിയില്‍ നിന്നും റസല്‍ വൈപ്പര്‍ (ഒരിനം അണലി) ആണ് കടിച്ചതെന്ന് വ്യക്തമായിരുന്നു. ഉത്രയുടെ വലതുകാലില്‍ കണങ്കാലിന് 20 സെന്റിമീറ്റര്‍ മുകളിലായി ചെരിഞ്ഞാണ് പാമ്പ് കടിച്ചതിന്റെ അടയാളം കാണപ്പെട്ടത്. കിടക്കുന്ന അവസ്ഥയില്‍ പാമ്പ് കടിയേല്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു അടയാളം കാണുകയെന്ന് വിദഗ്ധര്‍ സ്ഥരീകരിച്ചു. മാത്രമല്ല, അണലി കടിച്ചാല്‍ അസഹിനീയമായ വേദന അനുഭവപ്പെടും.

സാധാരണ ഗതിയില്‍ കടിച്ച ഉടനെ തന്നെ പാമ്പ് കടിയേറ്റ ആള്‍ വേദന കൊണ്ട് പുളയും. എന്നാല്‍ ഗാഢനിദ്രയില്‍ ആയിരുന്നപ്പോഴായിരിക്കും ഉത്രയെ അണലി കടിച്ചിരിക്കുക. വേദന സഹിക്കാതായപ്പോള്‍ മാത്രമാണ് ഉത്ര ഉറക്കമുണര്‍ന്നത്. അണലി കടിക്കുമ്പോഴും ഉത്രയ്ക്ക് ഏതെങ്കിലും രീതിയിലുള്ള മയക്കുഗുളികകള്‍ നല്‍കിയിരിക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ഒന്നാം നിലയില്‍ വെച്ചാണ് ഉത്രയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നത്. ഉയരങ്ങളിലേക്ക് കയറാന്‍ അണലിക്ക് സാധിക്കില്ലെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ പാമ്പിനെ കരുതിക്കൂട്ടി അവിടെ എത്തിച്ചതാകാമെന്ന സംശയം ബലപ്പെട്ടു.

സൂരജിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം നനഞ്ഞ മണ്ണുള്ള ചതുപ്പ് മേഖലയാണ്. ഇത്തരം സ്ഥലങ്ങള്‍ അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പുകളുടെ വാസസ്ഥലമല്ല. ഉത്രയെ കടിച്ച റസര്‍ വൈപ്പര്‍ വരണ്ട മേഖലകള്‍ ഇഷ്ടപ്പെടുന്നവയാണെന്നും അതിനാല്‍ സൂരജിന്റെ വീടുള്ള ചതുപ്പുമേഖല അവയ്ക്ക് അനുയോജ്യമായ വാസമേഖലയല്ലെന്നും കോടതിയെ ധരിപ്പിക്കുന്നതില്‍ വിജയിച്ചു. മാത്രമല്ല ഭിത്തിയിലൂടെ വളരെ എളുപ്പത്തില്‍ ഇഴഞ്ഞ് കയറാനും ടൈലിലൂടെ നീങ്ങാനും പടികള്‍ കയറാനും ഇവയ്ക്ക് കഴിയില്ല. വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരക്കൊമ്പിലൂടെ ആയിരിക്കാം അണലി വീടിന്റെ മുകള്‍ നിലയില്‍ എത്തിയിരിക്കുക എന്നതായിരുന്നു സൂരജിന്റെ വീട്ടുകാരുടെ വാദം. എന്നാല്‍ റസല്‍ വൈപ്പര്‍ മരം കയറില്ലെന്ന സത്യം പുറത്തായതോടെ ആ കള്ളം പൊളിഞ്ഞു.

ചൂടോ അനക്കമോ തിരിച്ചറിഞ്ഞാണ് അണലികള്‍ ഇരയെ അക്രമിക്കുന്നത്. അതിനാല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ അണലി ഉത്രയെ കടിക്കാനുള്ള സാധ്യതയും വിരളമാണെന്ന് വിദഗ്ധര്‍ കോടതിയെ അറിയിച്ചിരുന്നു.

അടുത്ത ഭാഗം: മൂര്‍ഖന്‍ കടിക്കുന്നതെപ്പോള്‍, അണലി മരം കയറുമോ, ഉത്ര കേസിലെ പാഠങ്ങള്‍