Dec 22, 2021 • 15M

അന്യഗ്രഹജീവികളും പറക്കും തളികകളും സത്യമോ?

പലരും കണ്ടെന്നു പറയുന്ന പറക്കും തളികകള്‍ അന്യഗ്രഹ ജീവികളുടേതാണോ? അതോ ഇതെല്ലാം മനുഷ്യര്‍ മനുഷ്യരെ പറ്റിക്കാനുപയോഗിക്കുന്ന തന്ത്രങ്ങളാണോ?

4
2
 
1.0×
0:00
-14:34
Open in playerListen on);
Episode details
2 comments

Summary

അന്യഗ്രഹ ജീവികളെയും പറക്കും തളികകളെയും കുറിച്ചുള്ള അഭ്യൂഹങ്ങളും കെട്ടുകഥകളും ഇന്നും പ്രചരിക്കുന്നുണ്ട്. പലരും കണ്ടെന്നു പറയുന്ന പറക്കും തളികകള്‍ അന്യഗ്രഹ ജീവികളുടേതാണോ? അതോ ഇതെല്ലാം മനുഷ്യര്‍ മനുഷ്യരെ പറ്റിക്കാനുപയോഗിക്കുന്ന തന്ത്രങ്ങളാണോ? ഇതിനെല്ലാമുള്ള ഉത്തരം അറിയാന്‍ കൗതുകമില്ലേ?


1947 ജൂണ്‍ 24. അമേരിക്കയിലെ വാഷിങ്ടണിലുള്ള മൗണ്ട് റെയ്നറിന് അടുത്ത് വച്ച് കെന്നത്ത് അര്‍നോള്‍ഡ് എന്ന സിവിലിയന്‍ പൈലറ്റ് അപ്രതീക്ഷിതമായൊരു കാഴ്ച കണ്ടു. അസാധാരണമായ 9 വസ്തുക്കള്‍ ആകാശത്തുകൂടി പറന്നുപോകുന്നു. ഇവയ്ക്ക് സോസറുകളുടെ (flying saucer) ആകൃതിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മണിക്കൂറില്‍ 2700കിലോമീറ്റര്‍ വേഗതയിലായിരിക്കും അത് പറന്നിട്ടുണ്ടാവുക എന്ന് അദ്ദേഹം കണക്കുകൂട്ടി. അതായത്, അക്കാലത്ത് കണ്ടെത്തിയ വിമാനങ്ങളെക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍! ഈ സംഭവം കാട്ടുതീ പോലെ പടര്‍ന്നു. പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം ഫ്ളൈയിങ് സോസറുകള്‍ എന്ന തലക്കെട്ടോടെ വാര്‍ത്തകളും വന്നു. അങ്ങനെ ഫ്ളൈയിങ് സോസറുകള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടി.

1947ന് മുന്‍പും പല തവണ ഇത്തരത്തില്‍ അസാധാരണമായ എന്തോ ഒന്ന് ആകാശത്തു പറക്കുന്നതു കണ്ടതായി ചരിത്രം പറയുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചതും യുഎഫ്ഒ(UFO)യുടെ അഥവാ അണ്‍ഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്ജക്റ്റിന്റെ യഥാര്‍ഥ തെളിവായി കണക്കാക്കപ്പെടുന്നതും അര്‍ണോള്‍ഡിനുണ്ടായ അനുഭവമാണ്. എല്ലാ കാലഘട്ടങ്ങളിലും അതായത്, പതിനായിരം വര്‍ഷം പഴക്കമുള്ള ശിലാലിഖിതം മുതല്‍ പല കാലങ്ങളിലായി കണ്ടെത്തിയ ലിഖിതങ്ങളിലൊക്കെയും ഇത്തരം യുഎഫ്ഒകളുടെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നുണ്ട്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം പറക്കും തളികകളെ കണ്ടതായി ആളുകള്‍ പറഞ്ഞു തുടങ്ങി. ഇവയെന്താണെന്ന് അന്വേഷിക്കാനുള്ള മനുഷ്യന്റെ ആകാംക്ഷയും കൂടി.

ഭൂമിക്ക് പുറത്ത് ജീവനുണ്ടോയെന്നും പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ കൗതുകത്തോടെ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ പ്രപഞ്ചം ഇപ്പോഴും നമ്മള്‍ കണ്ടിട്ടില്ലാത്ത ചില അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നു തീര്‍ത്തു പറയാനായിട്ടില്ല. അതിനു കാരണം അന്യഗ്രഹ ജീവികളെയും പറക്കും തളികകളെയും കുറിച്ചുള്ള അഭ്യൂഹങ്ങളും കെട്ടുകഥകളും ഇന്നും പ്രചരിക്കുന്നു എന്നതു തന്നെയാണ്. പക്ഷേ എന്താണ് സത്യം? ഏതാണ് യാഥാര്‍ഥ്യം? അന്യഗ്രഹജീവികളും പറക്കും തളികകളും യഥാര്‍ഥത്തില്‍ ഉണ്ടോ? ഭൂമിയല്ലാതെ ഏതെങ്കിലും ഗ്രഹത്തില്‍ നമ്മെക്കാള്‍ മിടുക്കരായ ആളുകള്‍ താമസിക്കുന്നുണ്ടോ? പലരും കണ്ടെന്നു പറയുന്ന പറക്കും തളികകള്‍ അന്യഗ്രഹ ജീവികളുടേതാണോ? അതോ ഇതെല്ലാം മനുഷ്യര്‍ മനുഷ്യരെ പറ്റിക്കാനുപയോഗിക്കുന്ന തന്ത്രങ്ങളാണോ? ഇതിനെല്ലാമുള്ള ഉത്തരം അറിയാന്‍ കൗതുകമില്ലേ?


ഹോളിവുഡിലും ബോളിവുഡിലുമുള്ള സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ചിട്ടുള്ള അന്യഗ്രഹ ജീവികളും (aliens) അവയുടെ ബഹിരാകാശ പേടകങ്ങളും എല്ലാം നമ്മുടെ സങ്കല്‍പങ്ങളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്


ഇത്രയേറെ വലിയ പ്രപഞ്ചത്തില്‍ നമ്മുടെ കൊച്ചു ഭൂമിയില്‍ മാത്രമായിരിക്കുമോ ജീവന്റെ അംശങ്ങള്‍? ഇന്ന് നമുക്ക് ലഭ്യമായ അറിവു വച്ച് ഭൂമിയില്‍ മാത്രമാണ് ജീവന് അനുകൂല സാഹചര്യങ്ങളുള്ളത്. എന്നാല്‍ നമ്മള്‍ ശ്വസിക്കുന്ന ഓക്സിജനും വെള്ളവും ഒന്നും ആവശ്യമില്ലാത്ത മറ്റൊരു പരിസ്ഥിതിയിലും സാഹചര്യത്തിലും ജീവിക്കുന്നവരുണ്ടെങ്കിലോ! ഇനി നമുക്ക് കാണാന്‍ കഴിയാത്ത രൂപത്തിലാണ് അവരെങ്കിലോ? ഇങ്ങനെ പല വാദങ്ങളാണ് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ളത്. കാരണം, അനന്തവും അജ്ഞാതവുമായി കിടക്കുന്ന പ്രപഞ്ചത്തില്‍ നമുക്ക് എത്തിപ്പെടാനോ കാണാനോ പോലും കഴിയാത്ത നിരവധി സ്ഥലങ്ങളുണ്ട്. അവിടെയെല്ലാം എന്തായിരിക്കുമെന്ന് ഇവിടെയിരുന്നു നമുക്ക് സങ്കല്‍പിക്കാന്‍ പോലുമാകില്ലല്ലോ. അതുകൊണ്ട് അവിടെ എവിടെയെങ്കിലും അന്യഗ്രഹജീവികള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എന്താണ് യുഎഫ്ഒ

ഹോളിവുഡിലും ബോളിവുഡിലുമുള്ള സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ചിട്ടുള്ള അന്യഗ്രഹ ജീവികളും (aliens) അവയുടെ ബഹിരാകാശ പേടകങ്ങളും എല്ലാം നമ്മുടെ സങ്കല്‍പങ്ങളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. പച്ച തവളകളുടെ സാദൃശ്യത്തില്‍ നാം സങ്കല്‍പിച്ചു വച്ചിരിക്കുന്ന വിചിത്ര രൂപമുള്ള അന്യഗ്രഹ ജീവികളും, അവയുടേതെന്ന് നാം സംശയിക്കുന്ന സൂപ്പര്‍ സോണിക് വിമാനങ്ങളെ പോലും വെല്ലുന്ന ഡിസ്‌ക് മാതൃകയിലുള്ള പറക്കും തളികകളും എല്ലാം സത്യമാണോ എന്നാണ് ഇപ്പോഴും ലോകം അന്വേഷിക്കുന്നത്. ഫ്ളൈയിങ് സോസര്‍ എന്നറിയപ്പെടുന്ന പറക്കും തളികയില്‍ കയറി അവര്‍ നമ്മളെ തേടി ഒരു ദിവസം വരുമെന്നും, അല്ല പല തവണ ഇവിടെ വന്നുപോയിട്ടുണ്ടെന്നുമെല്ലാം വാദങ്ങള്‍ ഉയരുന്നു.

1953ല്‍ അമേരിക്കന്‍ വ്യോമസേനയാണ് തിരിച്ചറിയാന്‍ കഴിയാത്ത, പറക്കുന്ന ഇത്തരം വസ്തുക്കളെ യുഎഫ്ഒ എന്നു വിളിച്ചു തുടങ്ങിയത്. പിന്നീട് ഇവയില്‍ വിശ്വസിക്കുന്നവരും ഇല്ലാത്തവരുമെല്ലാമായി ചര്‍ച്ചകളും വാദപ്രതിവാദങ്ങളും കൊഴുത്തു. യുഎഫ്ഒകളുടെ അകത്ത് അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും അവയാണ് ഇവ നിയന്ത്രിക്കുന്നതെന്നും നിഗമനങ്ങള്‍ വന്നു. മനുഷ്യരെക്കാള്‍ വലിയ സാങ്കേതികവിദ്യ കൈവശമുള്ളവരാണ് അന്യഗ്രഹ ജീവികളെന്നും അതുകൊണ്ടാണ് നമുക്കും മുന്‍പു തന്നെ വലിയ വിമാനങ്ങള്‍ പോലുള്ളവ നിര്‍മിച്ച് നമ്മെക്കാള്‍ വേഗത്തില്‍ പറക്കാന്‍ പഠിച്ചതെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. അന്യഗ്രഹ ജീവികളും യുഎഫ്ഒകളും സത്യമാണെന്ന് വിശ്വസിക്കുന്ന നിരവധി ശാസ്ത്രജ്ഞരുമുണ്ട്.

ഒരുപക്ഷേ അവര്‍ നമ്മെക്കാള്‍ ബുദ്ധിശക്തിയുള്ളവരെങ്കില്‍ സ്വാഭാവികമായും നമ്മെ കീഴ്പെടുത്താന്‍ ശ്രമിക്കുമെന്നും അല്ലെങ്കില്‍ അവര്‍ക്ക് നമ്മള്‍ വെറും ശിശുക്കളായി തോന്നിയിരിക്കാമെന്നെല്ലാം വാദങ്ങളുണ്ട്. ഹിന്ദി ചിത്രമായ പികെയില്‍ എത്തുന്ന അന്യഗ്രഹ ജീവിയെ പോലെ എല്ലാം മനസ്സിലാക്കാന്‍ കഴിവുണ്ടെങ്കിലും മനുഷ്യരുടെ പോലെ കുശാഗ്ര ബുദ്ധി ഇല്ലാത്തവരുമാകാം. ഇനി അവര്‍ക്ക് നമ്മെ കാണാമെങ്കിലും നമുക്ക് അവരെ കാണാന്‍ കഴിയാത്തതായിരിക്കും എന്നിങ്ങനെ നീണ്ടു പോകും ഇവയെക്കുറിച്ചുള്ള വാദങ്ങള്‍. നമ്മെക്കാള്‍ സാങ്കേതികവിദ്യയില്‍ അഗ്രഗണ്യരാകാം ഇവരെന്നും പറയപ്പെടുന്നു. അതുകൊണ്ടാണല്ലോ യുഎഫ്ഒകള്‍ ചക്രവാളത്തിന്റെ ഇരു വശങ്ങളിലേക്കും നിമിഷനേരംകൊണ്ട് സഞ്ചരിക്കാന്‍ പറ്റുന്നത്ര വേഗത്തില്‍ പോകുന്നത്.

നിഗൂഢതകള്‍ തേടി

പല സ്ഥലങ്ങളിലും പലപ്പോഴായി ഇവ കണ്ടെന്നു പറയുന്നവര്‍ ഉണ്ടെങ്കിലും ഇവയെക്കുറിച്ച് വ്യക്തമായ ഒരു സ്ഥിരീകരണമോ തെളിവോ ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ ലോകത്തെ വന്‍ ശക്തിയായ അമേരിക്ക തന്നെ ഇതിന്റെ അന്വേഷണത്തിനു മുന്നിട്ട് ഇറങ്ങിയിരിക്കുന്നു. കാരണം യുഎഫ്ഒകളെക്കുറിച്ചുള്ള മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ 2020 ഏപ്രിലില്‍ അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍ പുറത്തുവിട്ടു. ഇവ ഭൂമിയില്‍ നിര്‍മിക്കപ്പെടാത്ത തിരിച്ചറിയാന്‍ കഴിയാത്ത യുഎഫ്ഒകളാണെന്ന് അങ്ങനെ പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇതോടെ യുഎഫ്ഒകളെക്കുറിച്ച്് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അമേരിക്കന്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയായിരുന്നു.

യുഎഫ്ഒ എന്നറിയപ്പെടുന്ന ഇത്തരം അസ്വാഭാവിക പറക്കല്‍ നടത്തുന്ന തിരിച്ചറിയാനാകാത്ത വസ്തുക്കള്‍ എന്താണെന്ന് തിരിച്ചറിയുകയാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്ക ഇതേക്കുറിച്ച് രണ്ടാം തവണയും അന്വേഷണത്തിനായി യുഎഫ്ഒ ടാസ്‌ക് ഫോഴ്സ് എന്നൊരു സമിതിയെയും നിയോഗിച്ചു കഴിഞ്ഞു. ഇതോടെ യുഎഫ്ഒ വെറും കെട്ടുകഥയല്ല, അതില്‍ എന്തൊക്കെയോ സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും സമ്മതിക്കുകയാണ് അമേരിക്ക. എന്നാല്‍ അപ്പോഴും അന്യഗ്രഹ ജീവികളെക്കുറിച്ച് വ്യക്തമാക്കാന്‍ നാസയ്ക്കും ആയിട്ടില്ല.

ഇക്കഴിഞ്ഞ ജൂണിലും അമേരിക്കന്‍ സര്‍ക്കാര്‍, അണ്‍ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിന ടാസ്‌ക് ഫോഴ്സ് എന്ന സംഘത്തെ നിയോഗിച്ച് നാസയുടെ സഹകരണത്തോടെ യുഎഫ്ഒയെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. എന്നാല്‍ 2004 മുതല്‍ ഇതുവരെ യുഎഫ്ഒയെ കണ്ടു എന്നു പറയപ്പെടുന്ന 144 സംഭവങ്ങളില്‍ ഒന്ന് ഹോട്ട് എയര്‍ ബലൂണായിരുന്നു എന്നും മറ്റ് 143 എണ്ണം എന്താണെന്ന് തിരിച്ചറിയാന്‍ പാകത്തിനുള്ള വ്യക്തമായ തെളിവുകളില്ല എന്നും പറയുകയാണുണ്ടായത്. ലോകം മുഴുവന്‍ യുഎഫ്ഒയ്ക്കും അന്യഗ്രഹ ജീവികള്‍ക്കും ഒരു ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. അമേരിക്കയ്ക്കു മേല്‍ സമ്മര്‍ദ്ദം മുറുകിയതോടെ വീണ്ടും ഒരു അന്വേഷണത്തിനു കൂടെ ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ മുതിരുകയാണ്.

എപ്പോള്‍, എങ്ങനെ?

യുഎഫ്ഒകളും അതിലുണ്ടെന്നു വിശ്വസിക്കപ്പെടുന്ന അന്യഗ്രഹ ജീവികളും എപ്പോള്‍ എവിടെ എങ്ങനെ കാണുമെന്ന് ഇതുവരെ ആര്‍ക്കും പ്രവചിക്കാനായിട്ടില്ല. വളരെ പൊടുന്നനെ ആകാശത്ത് പ്രത്യക്ഷപ്പെട്ട് ചിലപ്പോള്‍ അതിവേഗത്തിലും മറ്റ് ചിലപ്പോള്‍ കുറച്ചു സമയം ആകാശത്തു നില്‍ക്കുന്നതായുമാണ് ഇവയെ കണ്ടിട്ടുള്ളത്. ഇവയില്‍ മിക്കതും പറക്കും തളികയുടെ മാതൃകയിലുള്ളവയായിരുന്നു. ചിലപ്പോള്‍ ഇതില്‍ നിന്നും വലിയ പ്രകാശവും ദൃശ്യമായിരുന്നു. പക്ഷേ ഒരു രാജ്യത്തിന്റെ വ്യോമ മേഖലയില്‍ കടക്കാന്‍ കടമ്പകളേറെയുള്ളപ്പോള്‍ ഒരു സ്ഥലത്തു പോലും ഇവയെ കണ്ടെത്താനോ എവിടെ നിന്നും വരുന്നുവെന്ന് തിരിച്ചറിയാനോ എവിടേക്ക് പോയിയെന്ന് മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ല എന്നത് അതിശയം നിറയ്ക്കുന്നതാണ്. നിയന്ത്രിത വ്യോമമേഖയലയിലടക്കം ഇവയെ അമേരിക്കന്‍ സൈനികര്‍ കണ്ടെന്നു തറപ്പിച്ച് പറഞ്ഞതോടെയാണ് ഇതൊരു മുഖ്യ വിഷയമായി തന്നെ അമേരിക്ക സ്വീകരിച്ചത്.

യുഎഫ്ഒകളെ പല സ്ഥലങ്ങളിലും കണ്ടപ്പോഴും അവയെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ അത്ര കാര്യമായി ഗൗനിക്കാതെയിരുന്നതിന് പല കാരണങ്ങളും പറയപ്പെടുന്നുണ്ട്. അതിലൊന്ന് യുഎഫ്ഒ ഒരിക്കലും ഏതെങ്കിലും തരത്തില്‍ മനുഷ്യന് ദോഷം വരുന്ന തരത്തിലോ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന തരത്തിലോ ആയിരുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ അതില്‍ ദുരൂഹതയുണ്ടെന്ന് പരസ്യമായി സമ്മതിക്കാനും രാജ്യങ്ങള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിയന്ത്രിത വ്യോമമേഖയലയിലടക്കം രാജ്യത്തെ നീരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഇവ കടന്നത് ആശങ്കയുളവാക്കുന്നതാണെന്നും അതുകൊണ്ടാണ് പെന്റഗണ്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും പറയുന്നു.

അഭ്യൂഹങ്ങള്‍ പലത്

അന്യഗ്രഹ ജീവികളും യുഎഫ്ഒകളും കാലങ്ങളായി ചര്‍ച്ചയാകുമ്പോഴും കേട്ടിരുന്ന അഭ്യൂഹങ്ങളില്‍ വലുതായിരുന്നു അമേരിക്കയോ ചൈനയോ പോലുള്ള ഏതെങ്കിലും രാജ്യങ്ങള്‍ തന്നെ ഇതെല്ലാം കെട്ടിചമയ്ക്കുന്നതാകാം എന്നത്. അതുമല്ലെങ്കില്‍ ഏതെങ്കിലും രാജ്യക്കാര്‍ തന്നെ നിര്‍മിച്ച് ഇറക്കുന്നതാകാം ഇതെല്ലാം എന്ന്. അതായത് മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനായി നിയോഗിക്കപ്പെടുന്ന ചാര വിമാനങ്ങളാകാം ഇവയെന്നാണ് പറയപ്പെടുന്നത്. എന്തിനേറെ പറയുന്നു, അമേരിക്കന്‍ വ്യോമ സേനയുടെ അതീവ രഹസ്യ കേന്ദ്രമായ ഏരിയ 51 എന്നറിയപ്പെടുന്ന എയര്‍ ഫോഴ്സ് ബേസിനെ ചുറ്റിപ്പറ്റിയും ഏറെ വിവാദങ്ങള്‍ പുകഞ്ഞു. ഇവിടെ അന്യഗ്രഹജീവികള്‍ വന്നിറങ്ങിയിട്ടുണ്ടെന്നും അതല്ല ഇവിടെ നിര്‍മിക്കുന്നതാണ് പറക്കും തളികകള്‍ എന്നുവരെയും അഭ്യൂഹങ്ങള്‍ പരന്നു. ദീര്‍ഘകാലമായി അമേരിക്ക യുഎഫ്ഒ വിഷയത്തില്‍ തുടര്‍ന്ന മൗനവും ഇതിനു ബലമേകി. എന്നാല്‍ ഇതേ അമേരിക്ക തന്നെ ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് ഈ വാദങ്ങളുടെ മുനയൊടിച്ചു.

ആദ്യമായല്ല പക്ഷേ ഇവയെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനു മുന്‍പ് അന്യഗ്രഹത്തില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്നറിയാന്‍ ലേസര്‍ രശ്മികളും റേഡിയോ സന്ദേശങ്ങളുമെല്ലാം ഭൂമിയില്‍ നിന്നും അയച്ചിട്ടുണ്ട്. 1972ല്‍ അമേരിക്കയിലെ കേപ് കെന്നഡിയില്‍ നിന്നും പറന്നുയര്‍ന്ന പയനീര്‍-10 എന്ന ബഹിരാകാശ വാഹനത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് കാണാനായി മനുഷ്യരെയും ഭൂമിയെയും കുറിച്ച് അറിവ് നല്‍കുന്ന സൂചനകള്‍ ആലേഖനം ചെയ്തിരുന്നു. പക്ഷേ അതൊന്നും തന്നെ ഇതുവരെ ഫലം കണ്ടില്ല. അതായത്, ഇതുവരെ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നതിന് വ്യക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ല.


ഇന്ത്യയിലെ ആദ്യത്തെ സംഭവം 1951 മാര്‍ച്ച് 15ന് ന്യൂഡല്‍ഹിയിലാണ് നടന്നത്. അവിടെ ഒരു ഫ്ളൈയിങ് ക്ലബ്ബിലെ അംഗങ്ങള്‍ 700 അടിയോളം വലിപ്പമുള്ള ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു വസ്തു ഭൂമിയില്‍ നിന്നും ഏകദേശം 4000 അടി മുകളില്‍ തെക്കോട്ടു ചലിക്കുന്നതായി കണ്ടു


എന്നാല്‍ 1981 മുതല്‍ പല വര്‍ഷങ്ങളിലും ചിലരെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയതായും ചില പരിശോധനകള്‍ക്കു ശേഷം അവരെ തിരികെ ഭൂമിയില്‍ ഉപേക്ഷിച്ചു പോയതായും വെളിപ്പെടുത്തലുകളുണ്ടായി. ഇവരില്‍ നിന്നാണ് പച്ച നിറമോ ചാര നിറമോ ഉള്ള കുറുകിയ മെലിഞ്ഞ ശരീരവും വലിയ തലയും കണ്ണുകളും മൂക്കിനു പകരം രണ്ട് ഓട്ടകളും മാത്രമുള്ള ജീവികളായി അന്യഗ്രഹ ജീവികളെ സങ്കല്‍പിക്കാന്‍ തുടങ്ങിയത്. ഇവരെ കുറേയേറെ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴെല്ലാം ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. എങ്കിലും വിശ്വസനീയമായ ഒരു തെളിവ് ഇവയില്‍ നിന്നൊന്നും അന്യഗ്രഹ ജീവികളുണ്ടെന്നതിന് ലഭ്യമായില്ല എന്നാണ് പറയുന്നത്. യുഎഫ്ഒകള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവ അന്യഗ്രഹ ജീവികളുടേതാണോ എന്നതും തീര്‍ച്ചപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിലും പല തവണ

അമേരിക്കയില്‍ മാത്രമല്ല യുഎഫ്ഒകളെ കണ്ടതായി പറയപ്പെടുന്നത്. അനേകം രാജ്യങ്ങളില്‍ പല സമയത്തായി ഇവയെ കണ്ടവരുണ്ട്. ഇന്ത്യയിലും പല സ്ഥലങ്ങളില്‍ ഇവയെ കണ്ടതായി വാദിക്കുന്നവരുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സംഭവം 1951 മാര്‍ച്ച് 15ന് ന്യൂഡല്‍ഹിയിലാണ് നടന്നത്. അവിടെ ഒരു ഫ്ളൈയിങ് ക്ലബ്ബിലെ അംഗങ്ങള്‍ 700 അടിയോളം വലിപ്പമുള്ള ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു വസ്തു ഭൂമിയില്‍ നിന്നും ഏകദേശം 4000 അടി മുകളില്‍ തെക്കോട്ടു ചലിക്കുന്നതായി കണ്ടു. അന്നത്തെ ഫ്ളൈയിങ് ജെറ്റുകള്‍ക്കു പോലും ഇല്ലാത്ത അത്ര വേഗത്തിലായിരുന്നു ഇതിന്റെ സഞ്ചാരം. ഈ സംഭവം വലിയ ചര്‍ച്ചയാവുകയും വാര്‍ത്തയാവുകയുമെല്ലാം ചെയ്തു.

2007 ഒക്ടോബറില്‍ കൊല്‍ക്കത്തയിലും 2013 ജൂണില്‍ ചെന്നൈയിലും പലരും യുഎഫ്ഒകളെ കണ്ടെന്ന് പറഞ്ഞിരുന്നു. അതേ വര്‍ഷം ഓഗസ്റ്റില്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും 2014ല്‍ മുംബൈയിലെ ഒരു പൈലറ്റും ഇവ കണ്ടതായി അധികൃതരെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചാബിലെ ലുധിയാനയില്‍ രാത്രി ആകാശത്ത് ദീര്‍ഘവൃത്താകൃതിയില്‍ തിളങ്ങുന്ന വസ്തു കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇരു വശങ്ങളിലുമായി ലൈറ്റുകളും മിന്നുന്നുണ്ടായിരുന്നെന്നാണ് സാക്ഷ്യം. ആളുകള്‍ ഇത് ഫോണുകളില്‍ വിഡിയോയായും ഫോട്ടോയായും എടുത്തത് തെളിവിനായി കാണിക്കുകയും ചെയ്തു. കേരളത്തില്‍ തന്നെ പലരും ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടുണ്ടെന്ന് മുന്‍കാലങ്ങളില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മുന്‍പ് 2014ല്‍ ഛത്തീസ്ഗഡിലെ കാന്‍കര്‍ ജില്ലയിലെ ചരാമ ഗുഹകളില്‍ നിന്നും ലഭിച്ച പതിനായിരം വര്‍ഷം പഴക്കമുള്ള ഗുഹാചിത്രമാണ് മറ്റൊരു തെളിവായി പറയുന്നത്. ഈ ഗുഹാചിത്രത്തില്‍ അന്യഗ്രഹജീവികളെന്നു തോന്നിപ്പിക്കുന്ന വിധം വിചിത്ര രൂപമുള്ള ചില ജീവികള്‍ ആകാശത്തു നിന്നെത്തി എന്ന തരത്തിലാണ് വരച്ചിരിക്കുന്നത്. ഇന്നത്തെ സ്പേസ് സ്യൂട്ട് പോലുള്ള അംഗവസ്ത്രങ്ങളും തലയില്‍ ആന്റിന ഘടിപ്പിച്ച പോലുള്ള ഹെല്‍മറ്റും പറക്കും തളിക പോലൊരു വാഹനവും വരച്ചുചേര്‍ത്തിട്ടുണ്ട്. അപ്പോള്‍ പണ്ടുകാലത്തുള്ളവര്‍ ഇത്തരം അന്യഗ്രഹജീവികളെയും പറക്കും തളികകളെയും നേരിട്ട് കണ്ടിട്ടുണ്ടാകുമോ അതോ അവരുടെ ഭാവനയായിരിക്കുമോ ഇതെല്ലാം എന്നത് ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളായി തുടരുന്നു.

യുഎഫ്ഒകളെക്കുറിച്ചുള്ള പഠനങ്ങള്‍ അന്യഗ്രഹജീവികളിലേക്കും എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെയെങ്കില്‍ ഇത്രയും കാലം നമ്മള്‍ പഠിച്ച ശാസ്ത്ര സത്യങ്ങളും മാറ്റി എഴുതേണ്ടി വരുമോ തിരുത്തലുകള്‍ നടത്തേണ്ടി വരുമോ എന്നെല്ലാം കാത്തിരുന്നു കാണാം. ഈ ഭൂമിക്കപ്പുറം ജീവനും ജീവിതവുമുണ്ടോ എന്നെല്ലാം അറിയാന്‍ മനുഷ്യന്റെ നിലവിലെ സാങ്കേതികവിദ്യകള്‍ മതിയാകുമോ എന്നും ഇതിലൂടെ വ്യക്തമാകും.