Feb 7 • 11M

മനുഷ്യജീവിതം മാറ്റിമറിച്ച പത്ത് കണ്ടുപിടിത്തങ്ങള്‍

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാതന റോമന്‍ കാലഘട്ടത്തിലാണ് ആണി കണ്ടുപിടിക്കുന്നത്

4
 
1.0×
0:00
-10:44
Open in playerListen on);
Episode details
Comments

മൊബീല്‍ ഫോണ്‍, മിക്‌സി, കംപ്യൂട്ടര്‍, ടിവി, കാര്‍ ഇതൊന്നും ഇല്ലാതെ നമുക്കിന്ന് ജീവിക്കാന്‍ കഴിയുമോ. ഇതൊന്നും ഇല്ലെങ്കിലുള്ള അവസ്ഥയൊന്ന് ചിന്തിച്ചുനോക്കൂ. പക്ഷേ ഇവയൊന്നും ഉപയോഗിക്കാത്ത നമ്മുടെ പൂര്‍വ്വികര്‍ അവരുടെ കാലത്തെ കണ്ടുപിടിത്തങ്ങളാല്‍ അനുഗ്രഹീതരായിരുന്നു. മനുഷ്യര്‍ ഉണ്ടായ കാലം മുതല്‍ക്ക് തന്നെ കണ്ടുപിടിത്തങ്ങളും ആരംഭിച്ചിരുന്നിരിക്കണം. ആവശ്യങ്ങളാണല്ലോ കണ്ടുപിടിത്തങ്ങളുടെ മാതാവ്. അങ്ങനെ ഓരോ ആവശ്യങ്ങളും ഓരോ മഹത്തായ സൃഷ്ടികള്‍ക്ക് കാരണമായി. കല്ല് കൊണ്ടുള്ള ഉളി മുതല്‍ ചക്രങ്ങള്‍ മുതല്‍ ചൊവ്വാ പര്യവേക്ഷണ വാഹനങ്ങള്‍ വരെയും ഇന്റെര്‍നെറ്റ് വരെയും കണ്ടുപിടിത്തങ്ങളിലൂടെ മനുഷ്യജീവിതം കൂടുതല്‍ സുന്ദരവും എളുപ്പമുള്ളതുമായി. ഇതുവരെയുള്ളതില്‍ വെച്ച് ലോകത്തിലെ ഏറ്റവും മഹത്തരമായ പത്ത് കണ്ടുപിടിത്തങ്ങളെ കുറിച്ച് അറിയാം.

ചക്രം

ഏതാണ്ട് 3500 ബിസിയിലാണ് ചക്രം കണ്ടുപിടിക്കുന്നത്. അതിന് മുമ്പ് കരയിലൂടെയുള്ള ചരക്ക് നീക്കത്തിന് ഒരു പരിധിയുണ്ടായിരുന്നു. പക്ഷേ ചലിക്കാത്ത ഒന്നിനെ ഉരുട്ടിക്കൊണ്ട് പോകാവുന്ന ഒന്നുമായി ബന്ധിപ്പിച്ചപ്പോള്‍ മനുഷ്യന്‍ അന്നുവരെ കാണാത്ത അത്ഭുതം സംഭവിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു ചക്രം.

കല്ലോ മറ്റോ ഉരുണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ട ഒരാളായിരിക്കും ചക്രമെന്ന ആശയത്തിലേക്ക് എത്തിയിരിക്കുക. പക്ഷേ യഥാര്‍ത്ഥത്തില്‍ ചക്രത്തേക്കാള്‍ ഇരുചക്രങ്ങളെ ആക്‌സിലിലൂടെ ബന്ധിപ്പിച്ചിടത്താണ് ചക്രമെന്ന കണ്ടുപിടിത്തം ഇക്കാലം വരെ പ്രസക്തമായ ഏറ്റവും മികച്ച കണ്ടുപിടിത്തമായി മാറിയത്. ഭാരമുള്ള വസ്തുക്കള്‍ വിവിധയിടങ്ങളില്‍ എത്തിക്കുന്നതിനും യാത്രയ്ക്കുമെല്ലാം അടിസ്ഥാനപരമായി നാം ആശ്രയിക്കുന്നത് ചക്രങ്ങളെയാണ്. ചക്രമെന്ന കണ്ടുപിടിത്തം ഇല്ലായിരുന്നെങ്കിലും നമുക്ക് ചുറ്റുമുള്ള പലതും നിശ്ചലാവസ്ഥയില്‍ ആയിരുന്നേനെ.

ആണി

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാതന റോമന്‍ കാലഘട്ടത്തിലാണ് ആണി കണ്ടുപിടിക്കുന്നത്. അപ്പോഴേക്കും മനുഷ്യന്‍ ലോഹം ഉരുക്കി വിവിധ വിവിധ രൂപങ്ങളിലേക്ക് വാര്‍ത്തെടുക്കാനും പഠിച്ചിരുന്നു. ആണി കണ്ടുപിടിക്കുന്നതിന് മുമ്പ് മരം കൊണ്ടുള്ള നിര്‍മ്മിതികളില്‍ പല കഷ്ണങ്ങള്‍ ചേര്‍ത്തുവെക്കുന്നതിന് അവയെ പ്രത്യേക ആകൃതികളിലാക്കി ബന്ധിപ്പിക്കേണ്ടിയിരുന്നു(ഇന്റെര്‍ലോക്കിംഗ്). ഇതൊരു ഭാരിച്ച ജോലി ആയിരുന്നു. പ്രത്യേകിച്ച കെട്ടിട നിര്‍മ്മാണ മേഖലകളില്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ കൈ കൊണ്ട് നിര്‍മ്മിച്ച ആണികളായിരുന്നു ഉണ്ടായിരുന്നത്. പഴുത്ത, ചതുരാകൃതിയിലുള്ള ലോഹദണ്ഡിനെ ചുറ്റിക കൊണ്ട് അടിച്ച് അറ്റം മൂര്‍ച്ചയുള്ളതാക്കി മാറ്റുകയായിരുന്നു അന്നൊക്കെ. അതിനുശേഷമാണ് ആണിയുണ്ടാക്കുന്ന യന്ത്രങ്ങള്‍ കണ്ടെത്തുന്നത്.

അതേസമയം സ്‌ക്രൂ കണ്ടുപിടിച്ചത് ഗ്രീക്ക് ചിന്തകനായിരുന്ന ആര്‍ക്കിമിഡിസ് ആണെന്നാണ് പറയപ്പെടുന്നത്.

വടക്ക്‌നോക്കി യന്ത്രം

നക്ഷത്രങ്ങളെ നോക്കി ദിശ മനസിലാക്കി കടല്‍യാത്ര നടത്തിയിരുന്ന പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു. പക്ഷേ പകല്‍സമയത്തും മേഘാവൃതമായ അന്തരീക്ഷത്തിലും അവര്‍ വളരെ കഷ്ടപ്പെട്ടു. ബിസി രണ്ടാം നൂറ്റാണ്ടിനും എഡി ഒന്നാം നൂറ്റാണ്ടിനും ഇടയില്‍ ചൈനയിലെ ഹാന്‍ സാമ്രാജ്യത്തിലാണ് ആദ്യമായി വടക്ക്‌നോക്കി യന്ത്രം കണ്ടുപിടിക്കപ്പെടുന്നത്. പ്രകൃത്യാ കാന്തിക സ്വഭാവമുള്ള ഇരുമ്പയിര് ആയ അയഡോസ്‌റ്റോണ്‍ കൊണ്ടാണ് അവര്‍ അത് നിര്‍മ്മിച്ചത്. നൂറ്റാണ്ടുകളോളം അവര്‍ അതിനെ കുറിച്ച് പഠിച്ചിരുന്നു. എന്നാല്‍ പതിനൊന്നാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ സോംഗ് സാമ്രാജ്യമാണ് വടക്ക് നോക്കി യന്ത്രം ദിശ മനസിലാക്കാന്‍ ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് ആ സാങ്കേതികവിദ്യ പാശ്ചാത്യരിലേക്കും പിന്നീട് ലോകമാകെയും പ്രചരിച്ചു. സമുദ്ര സഞ്ചാരത്തിനും സമുദ്രപാതകള്‍ കണ്ടെത്തുന്നതിനും മനുഷ്യനെ ഏറ്റവുമധികം സഹായിച്ച ഉപകരണമായി അത് മാറി. ഇന്നും ലോകത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് വടക്കുനോക്കി യന്ത്രം.

അച്ചടി യന്ത്രം

1440നും 1450നും ഇടയില്‍ ജര്‍മ്മന്‍കാരനായ ജോഹനാസ് ഗുട്ടെന്‍ബര്‍ഗ് ആണ് അച്ചടി യന്ത്രം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ചൈനയിലും കൊറിയയിലും അച്ചുകളും അച്ചടിയും നിലവിലുണ്ടായിരുന്നു. പക്ഷേ, യന്ത്രസഹായത്താല്‍ മഷി ലോഹ അച്ചുകളില്‍ നിന്ന് പേപ്പറുകളിലേക്ക് പകര്‍ത്തുന്ന അച്ചടി രീതി പ്രചരിപ്പിച്ചത് ഗുട്ടെന്‍ബര്‍ഗ് ആണ്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുസ്തകങ്ങള്‍ വേഗത്തില്‍ അച്ചടിച്ച് തുടങ്ങി. ലോകത്ത് അറിവുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത് അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെയാണെന്ന് പറയാം.

ആന്തരിക ദഹന എഞ്ചിന്‍

അനവധി ശാസ്ത്രജ്ഞരുടെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ആന്തരിക ദഹന എഞ്ചിന്‍ അഥവാ ഇന്റേണല്‍ കമ്പഷന്‍ എഞ്ചിന്‍. രാസോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജമാക്കി മാറ്റുന്ന ഈ യന്ത്രത്തിന്റെ ഇന്നത്തെ രൂപം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കണ്ടുപിടിക്കുന്നത്. വ്യാവസായിക യുഗത്തില്‍ മോഡേണ്‍ കാറുകളും വിമാനവും അടക്കം പല യന്ത്രങ്ങളുടെയും നിര്‍മ്മിതിക്കായി ഇവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

ടെലിഫോണ്‍

ഇലക്ട്രോണിക് വോയിസ് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയുടെ വികസനത്തില്‍ നിരവധിപേരുടെ പങ്കാളിത്തമുണ്ട്. ടെലിഫോണ്‍ ഉപയോഗം വ്യാപകമായതോടെ ഇവരില്‍ പലരും അവകാശവാദങ്ങളുമായി രംഗത്ത് വരികയും ചെയ്തു. പക്ഷേ സ്‌കോട്ട്‌ലന്‍ഡ്കാരനായ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലാണ് ആദ്യമായി ഇലക്ട്രിക് ടെലിഫോണിന് പേറ്റന്റ് കരസ്ഥമാക്കുന്നത്. 1876 മാര്‍ച്ച് 7നായിരുന്നു അത്. മൂന്ന് ദിവസത്തിന് ശേഷം ബെല്‍ തന്റെ ആദ്യ ടെലിഫോണ്‍ കോള്‍ നടത്തി. തന്റെ അസിസ്റ്റന്റായ തോമസ് വാട്‌സണെ വിളിച്ച് ''വാട്‌സണ്‍ ഇങ്ങോട്ട് വരൂ, എനിക്ക് താങ്കളെ കാണണം'' എന്ന് ബെല്‍ പറഞ്ഞതായി 'The Telephone Patent Conspiracy of 1876: The Elisha Gray-Alexander Bell Controversy and Its Many Players' എന്ന പുസ്തകത്തില്‍ എ. എഡ്വേര്‍ഡ് ഇവാന്‍സണ്‍ പറയുന്നുണ്ട്.

സ്വന്തം കുടുംബം തന്നെയാണ് ബെല്ലിന് ടെലിഫോണ്‍ കണ്ടുപിടിക്കാന്‍ പ്രചോദനമായത്. അദ്ദേഹത്തിന്റെ പിതാവ് കേള്‍വിശക്തി ഇല്ലാത്തവരോട് സംസാരിക്കുന്ന രീതി പരിശീലിപ്പിക്കുന്ന വ്യക്തി ആയിരുന്നു. സംഗീതജ്ഞയായ മാതാവിന് അവസാനകാലത്ത് കേള്‍വിശക്തി നഷ്ടപ്പെട്ടു. ബെല്ലിന്റെ ഭാര്യയ്ക്ക് തന്റെ അഞ്ചാംവയസ്സില്‍ തന്നെ കേള്‍വിശക്തി നഷ്ടപ്പെട്ടിരുന്നു. ടെലിഫോണിന്റെ കണ്ടെത്തല്‍ ആഗോള വ്യാപാര, ആശയവിനിമയ  രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു. 1922 ആഗസ്റ്റ് 2ന് ഗ്രഹാംബെല്‍ അന്തരിച്ചപ്പോള്‍ അമേരിക്കയും കാനഡയും രണ്ട് മിനിട്ട് ടെലിഫോണ്‍ സേവനം നിര്‍ത്തിവെച്ച് അദ്ദേഹത്തോടുള്ള ആദരം രേഖപ്പെടുത്തി.

ബള്‍ബ്

ബള്‍ബുകളുടെ കണ്ടുപിടിത്തവും ലോകത്തെ മാറ്റിമറിച്ച ഒന്നായിരുന്നു. ഉറങ്ങാത്ത, പ്രകാശം അസ്തമിക്കാത്ത എത്രയോ നഗരങ്ങള്‍ ഇന്ന് ലോകത്തുണ്ട്. സ്വാഭാവിക പ്രകാശ സ്രോതസ്സുകളെ ആശ്രയിച്ച് ജോലികള്‍ ചെയ്തിരുന്ന നമുക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകുന്നതില്‍ ബള്‍ബ് വലിയ പങ്ക് വഹിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ബള്‍ബുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ നിരവധി പേര്‍ ഭാഗമായിട്ടുണ്ട്. എങ്കിലും പൂര്‍ണതോതിലുള്ള പ്രകാശ സംവിധാനത്തിന് രൂപം നല്‍കിയത് തോമസ് എഡിസണ്‍ ആണ്. ഒരു ജനറേറ്ററും വയറിംഗും കാര്‍ബണ്‍ ഫിലമെന്റ് ബള്‍ബും ഉള്‍പ്പെടുന്നതായിരുന്നു 1879ല്‍ അദ്ദേഹം രൂപം നല്‍കിയ പ്രകാശ സംവിധാനം.

ബള്‍ബിനൊപ്പം വൈദ്യുതി കൂടി വ്യാപകമായതോടെ ആളുകളുടെ ഉറക്കക്രമം തന്നെ മാറിമറിഞ്ഞു. ഇരുട്ടത്ത് ഒന്നും ചെയ്യാനില്ലാതെ നേരത്തേ കിടന്നുറങ്ങിയവര്‍ ബള്‍ബ് കത്തിച്ച് ആവശ്യത്തിന് മാത്രം ഉറങ്ങാനും രാത്രിയില്‍ പല ജോലികള്‍ ചെയ്യാനും ആരംഭിച്ചു.

പെന്‍സിലിന്‍

ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് പെന്‍സിലിന്റെ കണ്ടുപിടിത്തം. വളരെ യാദൃശ്ചികമായാണ് അലക്‌സാണ്ടര്‍ ഫ്‌ളെമിംഗ് പെന്‍സിലിന്‍ കണ്ടെത്തുന്നത്. 1928ലാണ് ആ സംഭവം. അദ്ദേഹത്തിന്റെ ലബോറട്ടറിയില്‍ വെച്ചിരുന്ന ബാക്ടീരിയ അടങ്ങിയ പെട്രി ഡിഷിന്റെ അടപ്പ് അല്‍പ്പം തുറന്നുപോയി. അതോടെ സാമ്പിളില്‍ പലയിടത്തും പൂപ്പല്‍ പിടിച്ചു. പൂപ്പല്‍ പിടിച്ച ഇടങ്ങളിലെല്ലാം ബാക്ടീരിയ നശിച്ച് പോയതായി ഫ്‌ളെമിംഗ് ശ്രദ്ധിച്ചു. ബാക്ടീരിയകളെ നശിപ്പിച്ച ആ പൂപ്പല്‍ പെന്‍സിലിയം എന്ന ഫംഗസ് ആയിരുന്നു. പിന്നീടുള്ള രണ്ട് ദശാബ്ദക്കാല പരിശ്രമത്തിന് ശേഷം ഗവേഷകര്‍ പെന്‍സിലിയത്തെ ശുദ്ധീകരിച്ച് പെന്‍സിലിന്‍ എന്ന മരുന്ന് കണ്ടുപിടിച്ചു. അതിനുശേഷം ഇങ്ങോട്ട് ബാക്ടീരിയ മൂലമുണ്ടാകുന്ന നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നായി പെന്‍സിലിന്‍ മാറി.

ഗര്‍ഭനിരോധന ഉപാധികള്‍

ആധുനിക ലോകത്തെ മറ്റൊരു വിപ്ലവാത്മക കണ്ടുപിടിത്തമായിരുന്നു ഗര്‍ഭനിരോധന ഉപാധികള്‍. ഗുളികകളും കോണ്ടവും മാത്രമല്ല, മറ്റ് ഗര്‍ഭനിരോധന ഉപാധികളും ആധുനിക ലോകത്തെ സ്ത്രീപുരുഷന്മാര്‍ക്ക് ലൈംഗിക സ്വാതന്ത്ര്യം നല്‍കി. മാത്രമല്ല, ഇവ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒരു സ്ത്രീക്ക് ജനിക്കുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ഓരോ കുട്ടിക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും ലഭിക്കുകയും ചെയ്തു. ആഗോളതലത്തിലും ഗര്‍ഭനിരോധന ഉപാധികള്‍ ജനസംഖ്യാ നിയന്ത്രണത്തിന് ഏറെ ഗുണകരമായിട്ടുണ്ട്. കോണ്ടം പോലുള്ള ഗര്‍ഭനിരോധന ഉപാധികള്‍ ലൈംഗിക രോഗങ്ങള്‍ പകരുന്നത് തടയാനും സഹായകമായി.

ഇന്റെര്‍നെറ്റ്

പരസ്പര ബന്ധിത കംപ്യൂട്ടര്‍ ശൃംഖലകളുടെ ആഗോള സംവിധാനമാണ് ഇന്റെര്‍നെറ്റ്. ബില്യണ്‍ കണക്കിന് ആളുകളാണ് ലോകത്ത് ഇന്ന് ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നത്. 1960കളില്‍ യുഎസ് പ്രതിരോധ വകുപ്പിലെ അഡ്വാന്‍ഡ്‌സ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സിയില്‍ നിന്നുള്ള കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരാണ് ആര്‍പനെറ്റ് എന്ന പേരിലുള്ള ഇന്റെര്‍നെറ്റിന്റെ ആദ്യകാല രൂപത്തിന് തുടക്കമിടുന്നത്. ഏജന്‍സിയിലെ കംപ്യൂട്ടറുകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ആശയവിനിമയ ശൃംഖല ആയിരുന്നു അത്.

1970കളില്‍ ഈ സാങ്കേതികവിദ്യ കൂടുതല്‍ വികാസം പ്രാപിച്ചു. റോബര്‍ട്ട് കാന്‍, വിന്റണ്‍ സെര്‍ഫ് എന്നിവര്‍ വികസിപ്പിച്ച ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍, ഇന്റെര്‍നെറ്റ് പ്രോട്ടോക്കോള്‍ തുടങ്ങിയ കമ്മ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകള്‍ ഇന്റെര്‍നെറ്റിനെ കൂടുതല്‍ ഉയരത്തില്‍ എത്തിച്ചു. 1989ല്‍ ടിം ബെര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ് കൂടി കണ്ടുപിടിച്ചതോടെ ഇന്റെര്‍നെറ്റ് ഇന്ന് കാണുന്ന നിലയിലേക്കുള്ള വളര്‍ച്ച ആരംഭിച്ചു.