Feb 18 • 12M

'മണ്ടനായ വിദ്യാര്‍ഥി' ലോകമറിയുന്ന ഉപജ്ഞാതാവായതെങ്ങനെ?

പഠനത്തില്‍ സമര്‍ഥനല്ലാതിരുന്ന എഡിസണിനെ 'മണ്ടനായ വിദ്യാര്‍ഥി' എന്നാണ്‌ അധ്യാപകന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്‌

4
 
1.0×
0:00
-12:22
Open in playerListen on);
Episode details
Comments

ഔദ്യോഗിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാത്ത, സ്‌കൂളില്‍ നിന്നും പുറത്താക്കിയ 'മണ്ടനായ വിദ്യാര്‍ഥി', ചെവിക്ക്‌ കേള്‍വിക്കുറവുണ്ടായിരുന്ന കുട്ടി എന്നീ വിശേഷണങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരു പയ്യന്‍ ലോകമറിയുന്ന തോമസ്‌ ആല്‍വ എഡിസണ്‍ എന്ന ഉപജ്ഞാതാവായ കഥ...


വെളിച്ചമില്ലാത്ത ലോകത്തെക്കുറിച്ച്‌ ഇന്ന്‌ നമുക്ക്‌ ചിന്തിക്കാനാകില്ല. കുറച്ച്‌ സമയത്തേക്കെങ്കിലും വൈദ്യുതി ഒന്നു മുടങ്ങിയാല്‍ ഉടനേ കെഎസ്‌ഇബിയിലേക്ക്‌ വിളിക്കുന്നവരാണ്‌ നമ്മള്‍. എന്നാല്‍ ഇന്ന്‌ നമ്മള്‍ തെളിക്കുന്ന ഓരോ ബള്‍ബിന്റേയും പ്രകാശത്തിന്റെയും പിന്നില്‍ നാം കടപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട്‌, തോമസ്‌ ആല്‍വ എഡിസണ്‍. അതെ, ലോകത്തെ തന്നെ ഇരുട്ടില്‍ നിന്ന്‌ പ്രകാശത്തിന്റെ പാതയിലേക്ക്‌ നയിച്ച മനുഷ്യന്‍. ലോകത്തെ അത്ഭുതപ്പെടുത്തിയ നിരവധി കണ്ടുപിടിത്തങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്‌. എന്തിനേറെ പറയുന്നു, ലോകത്തുള്ള മികച്ച 10 ശാസ്‌ത്രജ്ഞരുടെ പേരു പറയാന്‍ ആരോടെങ്കിലും നിര്‍ദേശിച്ചാല്‍ അതിലൊരാള്‍ എഡിസണ്‍ ആയിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വൈദ്യുത ബള്‍ബ്‌ കൂടാതെ ചലച്ചിത്ര ക്യാമറ, ഫോണോഗ്രാഫ്‌, ഇലക്ട്രിക്കല്‍ വോട്ട്‌ റെക്കോര്‍ഡര്‍, ആല്‍ക്കലൈന്‍ സ്‌റ്റോറേജ്‌ ബാറ്ററി, സൗണ്ട്‌ റിക്കോര്‍ഡിങ്‌ തുടങ്ങി ആയിരത്തിലധികം കണ്ടെത്തലുകള്‍ക്ക്‌ പേറ്റന്റ്‌ നേടിയ വ്യക്തിയാണ്‌ എഡിസണ്‍. ലോകത്ത്‌ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ ഗവേഷണ ലബോറട്ടറി തുടങ്ങിയതും അദ്ദേഹമാണ്‌. ബള്‍ബ്‌, ഡയറക്ട്‌ കറന്റ്‌ എന്നീ കണ്ടെത്തലുകളിലൂടെ വൈദ്യുതിയെ ലോകത്ത്‌ മാറ്റി നിര്‍ത്താന്‍ കഴിയാത്ത വിപ്ലവകരമായ ഒരു വസ്‌തുവാക്കി അദ്ദേഹം മാറ്റി. ഒരിക്കല്‍ സ്‌കൂളില്‍ നിന്നും ബുദ്ധിയില്ലാത്ത വിദ്യാര്‍ഥിയായി മുദ്രകുത്തപ്പെട്ട്‌ പുറത്താക്കിയ, ചെവിക്ക്‌ കേള്‍വിശക്തി കുറവായ ഒരു കുട്ടിയാണ്‌ പിന്നീട്‌ ഇത്തരത്തില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന മഹാനായ ഉപജ്ഞാതാവായി മാറിയത്‌ എന്ന്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ തോന്നാം. പക്ഷേ അതെ, തോമസ്‌ ആല്‍വ എഡിസണ്‍ എന്ന ആ കുട്ടിക്കു വേണ്ടി ജീവിതം കരുതിയിരുന്നത്‌ വലിയ ട്വിസ്‌റ്റുകളായിരുന്നു.

ബുദ്ധിയില്ലാത്ത വിദ്യാര്‍ഥി

അമേരിക്കയിലെ ഒഹിയോയിലുള്ള മിലനില്‍ 1847 ഫെബ്രുവരി 11 നാണ്‌ തോമസ്‌ എഡിസണിന്റെ ജനനം. കാനഡയില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ ഒരു സാധാരണ കുടുംബമായിരുന്നു എഡിസണിന്റേത്‌. പിതാവ്‌ സാമുവല്‍ എഡിസണിന്‌ മിലാനില്‍ മരക്കച്ചവടമായിരുന്നു. അമ്മ നാന്‍സി എഡിസണിന്റെയും സാമുവലിന്റേയും ഏഴാമത്തെ മകനായിരുന്നു തോമസ്‌ എഡിസണ്‍. എഡിസണ്‌ എട്ടു വയസ്സുള്ളപ്പോള്‍ കുടുംബത്തിന്‌ പോര്‍ട്ട്‌ ഹുറൂണിലേക്ക്‌ താമസം മാറേണ്ടതായും വന്നു. ഇക്കാലത്താണ്‌ എഡിസണിനെ സ്‌കൂളില്‍ ചേര്‍ക്കുന്നത്‌. പക്ഷേ പഠനത്തില്‍ സമര്‍ഥനല്ലാതിരുന്ന എഡിസണിനെ 'മണ്ടനായ വിദ്യാര്‍ഥി' എന്നാണ്‌ ഒരു അധ്യാപകന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്‌.


പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന, അമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന കുട്ടിയായിരുന്നു എഡിസണ്‍. തന്റെ മകന്റെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ അമ്മ അവനെ അതിനനുസരിച്ച്‌ വളര്‍ത്തി


ഒരു ദിവസം സ്‌കൂളില്‍ നിന്നും എഡിസണിന്റെ കൈയ്യില്‍ അമ്മയ്‌ക്ക്‌ കൊടുക്കാനായി ഒരു എഴുത്ത്‌ കൊടുത്തയച്ചു. അതു വായിച്ചു കണ്ണു നിറഞ്ഞ അമ്മയോട്‌ എഡിസണ്‍ കാര്യം തിരക്കി. 'നിങ്ങളുടെ മകന്‍ അതിയായ കഴിവുള്ള കുട്ടിയാണ്‌. അതുകൊണ്ട്‌ അവനെ പഠിപ്പിക്കാനായി ഈ സ്‌കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ പോരാതെ വരും. അതുകൊണ്ട്‌ നിങ്ങള്‍ തന്നെ അവനെ പഠിപ്പിക്കുന്നതാകും നല്ലത്‌' എന്നാണ്‌ ആ കത്തിലെന്ന്‌ എഡിസണിന്‌ അമ്മ വായിച്ചു കേള്‍പ്പിച്ചു. അന്നു മുതല്‍ എഡിസണിന്റെ അധ്യാപിക അമ്മയായിരുന്നു. വെറും മൂന്നു മാസത്തെ സ്‌കൂള്‍ വിദ്യാഭ്യാസം അതോടെ അവസാനിച്ചു.


വിജയത്തെക്കാള്‍ പരാജയം രുചിച്ചാണ്‌ എഡിസണ്‍ എന്ന പ്രതിഭ തന്റെ മാറ്റുരച്ച്‌ മിനുക്കി സ്വയം പണിതെടുത്തത്‌


പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന, അമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന കുട്ടിയായിരുന്നു എഡിസണ്‍. തന്റെ മകന്റെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ അമ്മ അവനെ അതിനനുസരിച്ച്‌ വളര്‍ത്തി. എഡിസണിനെ ലോകമറിയുന്ന മഹാനാക്കിയതും അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നതും അമ്മയായിരുന്നു. ഒരിക്കല്‍ എഡിസണ്‍ തന്നെ അതേക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌, 'എന്നെ ഞാനാക്കിയത്‌ എന്റെ അമ്മയാണ്‌. ജീവിക്കാന്‍ ഒരു ലക്ഷ്യമുണ്ടെന്നും നിരാശനാകാതിരിക്കാന്‍ ഒരാള്‍ കൂടെയുണ്ടെന്ന്‌ തോന്നിച്ചതും അമ്മയായിരുന്നു'.

ആത്മവിശ്വാസത്തിന്റെ കരുത്ത്‌

സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല എഡിസണിന്റെ മാതാപിതാക്കള്‍. പക്ഷേ എന്നിട്ടും അവര്‍ എഡിസണ്‌ ധാരാളം പുസ്‌തകങ്ങള്‍ വാങ്ങി കൊടുത്തിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന സയന്‍സ്‌ പുസ്‌തകങ്ങള്‍ വായിച്ച എഡിസണ്‌ സ്വന്തമായി പരീക്ഷണങ്ങള്‍ ചെയ്യാനുള്ള പ്രചോദനമായി. എന്നാല്‍ ആദ്യകാലങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയമായിരുന്നു. പക്ഷേ തന്റെ ആത്മവിശ്വാസവും പരിശ്രമവും ഉപേക്ഷിക്കാന്‍ എഡിസണ്‍ തയ്യാറായിരുന്നില്ല. വളര്‍ന്ന്‌ ലോകമറിയുന്ന ശാസ്‌ത്രജ്ഞനായി അദ്ദേഹം മാറിയതും ഈ പരിശ്രമത്തിന്റേയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്‌. വിജയത്തെക്കാള്‍ പരാജയം രുചിച്ചാണ്‌ എഡിസണ്‍ എന്ന പ്രതിഭ തന്റെ മാറ്റുരച്ച്‌ മിനുക്കി സ്വയം പണിതെടുത്തത്‌.

കൂറേ നാളുകള്‍ക്കു ശേഷം ഒരിക്കല്‍ എഡിസണ്‍ വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വയ്‌ക്കുന്നതിനിടെ ഒരു കടലാസ്‌ കണ്ടു. അതെടുത്തു നോക്കിയ എഡിസണിന്‌ മനസ്സിലായി പണ്ട്‌ അമ്മയ്‌ക്ക്‌ കൊടുക്കാനായി സ്‌കൂളില്‍ നിന്നും തന്നുവിട്ട കത്തായിരുന്നു അതെന്ന്‌. അതു വായിച്ച എഡിസണ്‍ പക്ഷേ അക്ഷരാര്‍ഥത്തില്‍ കരഞ്ഞുപോയി. 'നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത കുട്ടിയാണ്‌. അവനെ പഠിപ്പിച്ച്‌ സമയം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ ദയവു ചെയ്‌ത്‌ ഇനി മുതല്‍ അവനെ സ്‌കൂളിലേക്ക്‌ അയക്കരുത്‌' എന്നായിരുന്നു ആ കത്തിലെ വരികള്‍. അന്ന്‌ തന്റെ അമ്മ ഇതുപോലെ ആ കത്ത്‌ വായിച്ച്‌ കേള്‍പ്പിക്കുകയോ തന്നെ ശകാരിക്കുകയോ ചെയ്‌തിരുന്നെങ്കില്‍ ഒട്ടും ആത്മവിശ്വാസമില്ലാത്ത കഴിവില്ലാത്ത ഒരു കുട്ടിയായി താന്‍ മാറിയേനെ എന്ന്‌ എഡിസണ്‍ പറഞ്ഞിട്ടുണ്ട്‌. അമ്മ എഡിസണിന്റെ കഴിവ്‌ തിരിച്ചറിഞ്ഞ്‌ പ്രോത്സാഹിപ്പിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിന്‌ തന്നെ അതൊരു നഷ്ടമായി മാറുമായിരുന്നു.

കണ്ടെത്തലുകളുടെ വിപ്ലവം

ലോകത്തെ ആധുനിക വത്‌കരണത്തിലേക്ക്‌ നയിച്ച പല കണ്ടെത്തലുകള്‍ക്കും എഡിസണ്‍ കാരണമായിരുന്നു. തന്റെ സ്വപ്‌നങ്ങളിലേക്ക്‌ എഡിസണ്‍ നടന്നു തുടങ്ങിയത്‌ 1859ല്‍ തന്റെ 12-ാം വയസ്സില്‍ പോര്‍ട്ട്‌ ഹുറൂണിനും ഡിട്രോയിറ്റിനും ഇടയിലെ ട്രെയിനുകളില്‍ പത്ര വില്‍പനക്കാരനായിട്ടായിരുന്നു. ഇക്കാലത്താണ്‌ എഡിസണ്‌ ഒരു അസുഖത്തെ തുടര്‍ന്ന്‌ വലതു ചെവിയുടെ കേള്‍വി ശക്തി കുറയുന്നത്‌. എന്നാല്‍ പിന്നീട്‌ ടെലഗ്രാഫിന്റെ വ്യാവസായിക വത്‌കരണം വന്നപ്പോഴേക്കും അതേക്കുറിച്ച്‌ പഠിക്കാനുള്ള താല്‍പര്യം മൂലം 1863ല്‍ അദ്ദേഹം അപ്രന്റീസ്‌ ടെലഗ്രാഫറായി. ഇത്‌ എഡിസണിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പലതും തനിക്ക്‌ ചെയ്യാന്‍ കഴിയുമെന്ന്‌ എഡിസണ്‍ തിരിച്ചറിഞ്ഞ കാലഘട്ടം. പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന സമയം.

വീണ്ടും പല ജോലികള്‍ ചെയ്‌ത അദ്ദേഹം തന്റെ ഉള്ളിലെ വ്യവസായിയെയും ഇക്കാലത്ത്‌ തിരിച്ചറിഞ്ഞിരുന്നു. 1869ലാണ്‌ എഡിസണ്‌ തന്റെ ആദ്യ പേറ്റന്റ്‌ ലഭിക്കുന്നത്‌. ഇലക്ട്രിക്‌ വോട്ട്‌ റെക്കോര്‍ഡറില്‍ സമ്മതിദാന അവകാശം ആയാസരഹിതമായി നടപ്പാക്കാമെന്ന്‌ അദ്ദേഹം കണ്ടെത്തി. ഇതേ വര്‍ഷം തന്നെ ഒരേ സമയം രണ്ട്‌ സന്ദേശങ്ങള്‍ അയക്കാവുന്ന ഡ്യുപ്ലെക്‌സ്‌ ടെലഗ്രാഫും അദ്ദേഹം കണ്ടെത്തി. ഇതിനു ശേഷം ന്യൂയോര്‍ക്കിലേക്ക്‌ മാറിയ എഡിസണ്‍, അവിടെ സുഹൃത്തായ ഫ്രാങ്ക്‌ളിന്‍ ലിയോനാര്‍ഡ്‌ പോപിനോട്‌ ചേര്‍ന്ന്‌ ചില പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്താന്‍ ആരംഭിച്ചു.

ടെലഗ്രാഫ്‌ ഓപ്പറേറ്ററായിരുന്നതു എഡിസണെ ടെലഗ്രാഫ്‌ മേഖലയില്‍ തിളങ്ങാന്‍ സഹായിച്ചു. അക്കാലത്തെ ടെലഗ്രാഫ്‌ കമ്പനികളില്‍ മികച്ചതായിരുന്ന വെസ്റ്റേണ്‍ യൂണിയന്‍ ടെലഗ്രാഫ്‌ കമ്പനിയെ മറികടന്ന്‌ എഡിസണ്‍ ഒരു വയറിലൂടെ നാല്‌ സന്ദേശങ്ങള്‍ ഒരേ സമയം അയക്കാന്‍ കഴിയുന്ന ക്വാഡ്രുപ്ലെക്‌സ്‌ ടെലഗ്രാഫ്‌ കണ്ടെത്തി. പിന്നീട്‌ വെസ്റ്റേണ്‍ യൂണിയന്‍ കമ്പനി തന്നെ എഡിസണ്‌ ഒരു ലക്ഷം ഡോളര്‍ നല്‍കി ഇതിന്റെ അവകാശം നേടിയെടുക്കുകയായിരുന്നു. ഇതായിരുന്നു എഡിസണിന്റെ ആദ്യ വന്‍ പ്രതിഫലം. അന്നുവരെ ഏതെങ്കിലുമൊരു കണ്ടെത്തലിന്‌ ഒരാള്‍ക്ക്‌ ലഭിക്കാവുന്ന ഏറ്റവും കൂടിയ തുകയും അതായിരുന്നു.

പിന്നെ എഡിസണ്‍ നിര്‍മിച്ച ഇലക്ട്രിക്കല്‍ ട്രാന്‍സ്‌മിഷന്‍ വഴി സന്ദേശങ്ങള്‍ ഓട്ടോമാറ്റികായി റിക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന ഓട്ടോമാറ്റിക്‌ ടെലഗ്രാഫ്‌ കണ്ടെത്തിയെങ്കിലും അത്‌ വ്യാവസായികമായി വലിയ വിജയം കണ്ടില്ല. പക്ഷേ രസതന്ത്രം ഉപയോഗിച്ച്‌ ചെയ്‌ത ഈ കണ്ടെത്തലിന്റെ ചുവടു പിടിച്ച്‌ ഇലക്ട്രിക്‌ പെന്‍, മീമോഗ്രാഫ്‌, ഫോണോഗ്രാഫ്‌ എന്നിവ കണ്ടെത്താന്‍ എഡിസണായി. 1879 ഒക്ടോബറിലാണ്‌ എഡിസണ്‍ വൈദ്യുതിയില്‍ പ്രകാശിക്കുന്ന ബള്‍ബ്‌ കണ്ടെത്തുന്നത്‌. 82ല്‍ ന്യൂയോര്‍ക്കിലെ പേള്‍ സ്‌ട്രീറ്റില്‍ വൈദ്യുതി വിതരണവും ആരംഭിച്ചു. അങ്ങനെ ലോകത്തിനു തന്നെ പ്രകാശം എന്നാല്‍ ബള്‍ബ്‌ എന്ന തരത്തിലേക്ക്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌ എഡിസണായിരുന്നു.


അമേരിക്കയില്‍ മാത്രമായി 1093 പേറ്റന്റുകള്‍ ലഭിച്ച അദ്ദേഹത്തിന്‌ യുകെ, ജര്‍മനി, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ മറ്റ്‌ പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്‌


ചലിക്കുന്ന ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന കൈനറ്റോഗ്രാഫ്‌ എന്ന മൂവിങ്‌ ക്യാമറയും എഡിസന്റെ കണ്ടെത്തലായിരുന്നു. നമ്മള്‍ ഇന്ന്‌ ഏറെ ആസ്വദിക്കുന്ന സിനിമകളും വിഡിയോകളുമെല്ലാം ചിത്രീകരിക്കാന്‍ ആദ്യം വഴിയൊരുക്കിയത്‌ അദ്ദേഹമാണ്‌. സിനിമയില്‍ ശബ്ദം റെക്കോര്‍ഡ്‌ ചെയ്യുന്നത്‌ അടക്കമുള്ള പല സാങ്കേതികവിദ്യകളും എഡിസന്റെ ശ്രമഫലമായിരുന്നു. ഇന്ന്‌ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്‌തുക്കളുടേയും ആദ്യ രൂപം എഡിസണിന്റെ സംഭാവനയായിരുന്നു. ഒരു കാലത്തെ തന്നെ മാറ്റിമറിച്ച വിപ്ലവാത്മകമായ കണ്ടെത്തലുകളായിരുന്നു അതെല്ലാം.

മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍

എഡിസണിന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊന്ന്‌ ന്യൂജഴ്‌സിയിലെ മെന്‍ലോ പാര്‍ക്കില്‍ അദ്ദേഹം ആരംഭിച്ച ലബോറട്ടറിയിലാണ്‌ തുടങ്ങിയത്‌. വ്യാവസായിക അടിസ്ഥാനത്തില്‍ ഗവേഷണ ലബോറട്ടറി ലോകത്തു തന്നെ ആദ്യമായി എഡിസണാണ്‌ തുടക്കമിട്ടത്‌, 1876ല്‍. അവിടെ നിന്നാണ്‌ എഡിസണ്‍ എന്ന സംരംഭകനും വ്യവസായിയുമെല്ലാം വളര്‍ന്നത്‌. ഇവിടെ നിന്നാണ്‌ ലോകമറിയുന്ന പല കണ്ടെത്തലുകളും പിറന്നത്‌. നിരവധി സഹായികളും എഡിസണ്‌ ഇവിടെയുണ്ടായിരുന്നു. അവരുടെകൂടി പരിശ്രമ ഫലമായി എഡിസണിന്റെ നേതൃത്വത്തില്‍ അക്കാലത്ത്‌ പേറ്റന്റുകളുടെ പെരുമഴയായിരുന്നു എഡിസന്റെ പേരില്‍.

അമേരിക്കയില്‍ മാത്രമായി 1093 പേറ്റന്റുകള്‍ ലഭിച്ച അദ്ദേഹത്തിന്‌ യുകെ, ജര്‍മനി, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ മറ്റ്‌ പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്‌. വൈദ്യുത വെളിച്ചവും മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം 389 പേറ്റന്റുകള്‍ എഡിസണ്‍ നേടിയിരുന്നു. തന്റെ ബുദ്ധിശക്തിയും ആത്മവിശ്വാസവും കഠിന പ്രയത്‌നവും കൊണ്ടു മാത്രമാണ്‌ എഡിസണ്‍ പ്രതിസന്ധികളെയും പ്രായോഗിക ബുദ്ധിമുട്ടുകളെയുമെല്ലാം അവഗണിച്ച്‌ മുന്‍പന്തിയിലേക്ക്‌ കുതിച്ചത്‌. എന്നാല്‍ ഇടക്കാലത്ത്‌ നിക്കോള ടെസ്‌ല എന്ന ഉപജ്ഞാതാവുമായി ഉടലെടുത്ത ചില തര്‍ക്കങ്ങള്‍ 'വൈദ്യുതി യുദ്ധം' എന്ന പേരില്‍ അക്കാലത്ത്‌ ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കി.

കുടുംബം

ഔദ്യോഗിക ജീവിതത്തിനിടയില്‍ കുടുംബത്തിലും ചില പ്രതിസന്ധികള്‍ എഡിസണ്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌. 1871ല്‍ തന്റെ 24-ാം വയസ്സിലാണ്‌ എഡിസണ്‍ വിവാഹിതനാവുന്നത്‌. 16കാരിയായ മേരി സ്റ്റില്‍വെല്ലിനെ വിവാഹം ചെയ്‌ത എഡിസണ്‌ മൂന്ന്‌ കുട്ടികളുമുണ്ടായി. എല്ലാ കാര്യങ്ങളിലും എഡിസണിന്‌ പിന്തുണ നല്‍കിയിരുന്ന മേരി പക്ഷേ അധിക നാള്‍ ജീവിച്ചില്ല. മൂന്ന്‌ കുഞ്ഞുങ്ങളെയും എഡിസണെ ഏല്‍പിച്ച്‌ 84ല്‍ മേരി അസുഖ ബാധിതയായി മരിച്ചു. ഇത്‌ എഡിസന്റെ ജീവിതത്തില്‍ വലിയ ആഘാതമുണ്ടാക്കി. രണ്ടു വര്‍ഷത്തിനു ശേഷം 86ല്‍ എഡിസണ്‍ രണ്ടാമത്‌ മിന മില്ലര്‍ എന്ന 20കാരിയെ വീണ്ടും വിവാഹം ചെയ്‌തു.

ശാസ്‌ത്രജ്ഞനായ ലൂയിസ്‌ മില്ലറുടെ മകളായിരുന്നു മിന. ഈ ബന്ധത്തിലും എഡിസണ്‌ മൂന്ന്‌ മക്കളുണ്ടായി. ന്യൂ ജഴ്‌സിയുടെ ഗവര്‍ണറായിരുന്ന ചാള്‍സ്‌ എഡിസണ്‍, മിനയുടെയും എഡിസണിന്റെയും രണ്ടാമത്തെ മകനായിരുന്നു. എഡിസണിന്റെ കാലശേഷം വ്യവസായങ്ങള്‍ ഏറ്റെടുത്തതും ചാള്‍സാണ്‌. ചാള്‍സിന്റെ അനുജന്‍ തിയഡോര്‍ മില്ലര്‍ എഡിസണും എണ്‍പതോളം പേറ്റന്റുകള്‍ നേടി പിന്നീട്‌ പ്രശസ്‌തനായിരുന്നു. 1931 ഒക്ടോബര്‍ 18നാണ്‌ എഡിസണ്‍ തന്റെ 84-ാം വയസ്സില്‍ മരണമടയുന്നത്‌. എഡിസണ്‍ എന്ന പേര്‌ ഇന്നും ശാസ്‌ത്രലോകത്ത്‌ പ്രസക്തിയുള്ളതാവുന്നത്‌ അദ്ദേഹം നല്‍കിയ സംഭാവനകളുടെ പേരിലാണ്‌. വ്യകതമായ ജീവിതലക്ഷ്യങ്ങളുണ്ടായിരുന്ന ഒരു സാധാരണ കുട്ടിക്ക്‌ എങ്ങനെ ലോകം തന്നെ കീഴടക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ്‌ തോമസ്‌ ആല്‍വ എഡിസണ്‍ എന്ന പ്രതിഭ.