Dec 17, 2021 • 14M

പാഴായിപ്പോകുന്ന 'ചൂടെ'ല്ലാം ഊര്‍ജമാക്കി മാറ്റിയാലോ...ഇത് കലക്കും

പാഴായിപ്പോകുന്ന താപത്തെ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ നേരിട്ട് വൈദ്യുതിയാക്കി മാറ്റാന്‍ കഴിയുമോ. കഴിയും. അവിടെയാണ് തെര്‍മോ ഇലക്ട്രിസിറ്റിയെന്ന ആശയം പ്രസക്തമാകുന്നത്

5
 
1.0×
0:00
-13:32
Open in playerListen on);
Episode details
Comments

Summary

ഒരു സാധാരണ വൈദ്യുത നിലയം കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ 30 ശതമാനത്തോളം മാത്രമേ വൈദ്യുതിയാക്കി മാറ്റുന്നുള്ളു. ബാക്കിയുള്ളത് താപമായി പാഴായിപ്പോകുന്നു. ഇതും ഊര്‍ജമാക്കി മാറ്റാനുള്ള പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍


ചുവന്ന ഗ്രഹത്തിലെ ജീവന്റെ തുടിപ്പുകള്‍ തേടി 2020ലാണ് നാസയുടെ പെര്‍സെവെറന്‍സ് പേടകം ചൊവ്വയിലേക്ക് പറന്നുയര്‍ന്നത്. ജൂലൈ മാസം വിക്ഷേപിച്ച അമേരിക്കയുടെ ഈ ചൊവ്വാ പര്യവേഷണ വാഹനം ആറുമാസങ്ങള്‍ക്ക് ശേഷം 2021 ഫെബ്രുവരിയില്‍ ചൊവ്വയിലെ ജെസീറോ ഗര്‍ത്തത്തിനടുത്തായി ഇറങ്ങി. ചൊവ്വയില്‍ എന്നെങ്കിലും ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് പെര്‍സെവെറന്‍സിന്റെ മുഖ്യദൗത്യം. പാറകള്‍ നിറഞ്ഞ ചൊവ്വയുടെ പ്രതലം തുരന്നാണ് പെര്‍സെവെറന്‍സ് അതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക. എന്തുമാത്രം അധ്വാനമുള്ള ജോലിയായിരിക്കും അതല്ലേ, എത്രമാത്രം ഊര്‍ജ്ജം അതിനാവശ്യമായി വരും. ഒരു ചൊവ്വാവര്‍ഷം (ഭൂമിയിലെ 687 ദിവസങ്ങള്‍) ചുവന്ന ഗ്രഹത്തിലെ പ്രാചീന ജീവിതത്തിന്റെ അവശേഷിപ്പുകള്‍ക്കായി തിരച്ചില്‍ നടത്തി തിരിച്ച് ഭൂമിയിലേക്ക് വരുമ്പോള്‍ അവിടെ നിന്ന് ഭാവി പഠനങ്ങള്‍ക്കായി കല്ലിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ കൊണ്ടുവരികയെന്ന കര്‍ത്തവ്യവും പെര്‍സെവെറന്‍സില്‍ നിക്ഷിപ്തമാണ്. എവിടെ നിന്നായിരിക്കും ഇതിനെല്ലാം വേണ്ട ഊര്‍ജ്ജം ഈ പേടകത്തിന് ലഭിക്കുക. പ്ലൂട്ടോണിയം എന്ന റോഡിയോആക്റ്റീവ് (അണുവികിരണ ശേഷിയുള്ള) മൂലകത്തിന്റെ ആറ്റമിക് നൂക്ലിയസ് വികിരണസമയത്ത് പുറത്ത് വിടുന്ന താപോര്‍ജ്ജമാണ് ചൊവ്വയില്‍ പെര്‍സെവെറന്‍സ് പേടകത്തിന് അതിന്റെ ജോലികളെല്ലാം നിര്‍വ്വഹിക്കുന്നതിനാവശ്യമായ ഊര്‍ജ്ജമേകുന്നത്. ചൂടിനെ തനിക്കാവശ്യമായ ഊര്‍ജ്ജമാക്കി മാറ്റാന്‍ പെര്‍സെവെറന്‍സിനെ സഹായിക്കുന്നത് ഒരു തെര്‍മോ ഇലക്ട്രിക് ഉപകരണമാണ്.

ചൂടായി, പാഴായിപ്പോകുന്ന ഊര്‍ജം

ഒരു വൈദ്യുതനിലയത്തില്‍ ഊര്‍ജ്ജസ്രോതസ്സായ കല്‍ക്കരി കത്തിക്കുമ്പോഴും വാഹനങ്ങളിലെ ആന്തര ദഹന എഞ്ചിനുകള്‍ (internal combustion engine) പ്രവര്‍ത്തിക്കുമ്പോഴുമെല്ലാം ഇന്ധനത്തിന്റെ രാസോര്‍ജ്ജം പൂര്‍ണ്ണമായും ഉപയോഗക്ഷമമായ വൈദ്യുതിയോ ഊര്‍ജമോ ആയി മാറുന്നില്ല. ഈ അവസരങ്ങളിലെല്ലാം ധാരാളം താപോര്‍ജ്ജം ഉണ്ടാകുന്നു. ഉദാഹരണത്തിന് ഒരു സാധാരണ വൈദ്യുത നിലയം കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ 30 ശതമാനത്തോളം മാത്രമേ വൈദ്യുതിയാക്കി മാറ്റുന്നുള്ളു. ബാക്കിയുള്ളത് താപമായി പാഴായിപ്പോകുന്നു. ഇത്തരത്തില്‍ വലിയ തോതില്‍ ഊര്‍ജം വെറുതെ പാഴായിപ്പോകുന്നത് തടയാനുള്ള വഴികള്‍ ശാസ്ത്രലോകം അന്വേഷിക്കാന്‍ തുടങ്ങിട്ട് കാലങ്ങളായി.


ഒരു വശം ചൂടും മറുവശം തണുത്തതുമായ രണ്ട് ലോഹപ്ലേറ്റുകള്‍ക്കിടയില്‍ രണ്ട് വ്യത്യസ്ത സെമികണ്ടക്റ്ററുകള്‍ (അര്‍ദ്ധചാലകങ്ങള്‍) ചേര്‍ത്ത് വെക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് തെര്‍മോഇലക്ട്രിക് ഇഫക്റ്റ് അഥവാ താപവൈദ്യത പ്രഭാവം


ശൈത്യകാലത്ത് അന്തരീക്ഷത്തെ ചൂടാക്കാനും ഒരു താപ വൈദ്യുതനിലയത്തില്‍ വെള്ളത്തെ ചൂടാക്കി ടര്‍ബൈനുകള്‍ കറക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുമൊക്കെ നമുക്ക് ആ താപം ഉപയോഗപ്പെടുത്താം. പക്ഷേ പാഴായിപ്പോകുന്ന താപത്തെ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ നേരിട്ട് വൈദ്യുതിയാക്കി മാറ്റാന്‍ കഴിയുമോ. കഴിയും. അവിടെയാണ് തെര്‍മോ ഇലക്ട്രിസിറ്റിയെന്ന ആശയം പ്രസക്തമാകുന്നത്.

തെര്‍മോഇലക്ട്രിക് ഇഫക്റ്റ്

ഒരു വശം ചൂടും മറുവശം തണുത്തതുമായ രണ്ട് ലോഹപ്ലേറ്റുകള്‍ക്കിടയില്‍ രണ്ട് വ്യത്യസ്ത സെമികണ്ടക്റ്ററുകള്‍ (അര്‍ദ്ധചാലകങ്ങള്‍) ചേര്‍ത്ത് വെക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് തെര്‍മോഇലക്ട്രിക് ഇഫക്റ്റ് അഥവാ താപവൈദ്യത പ്രഭാവം. ഒരു തെര്‍മോ ഇലക്ട്രിക് ജനറേറ്ററിന് ലോഹപ്ലേറ്റുകളിലെ ഈ താപവ്യതിയാനത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റാന്‍ കഴിയും. പെര്‍സെവെറന്‍സ് പേടകം മാത്രമല്ല, 1970കളില്‍ സൗരയൂഥത്തിന്റെ ഏറ്റവും ദൂരെയുള്ള ഗ്രഹങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇറങ്ങിത്തിരിച്ച വോയേജര്‍ എന്ന ബഹിരാകാശ പേടകവും നാസയുടെ മറ്റൊരു ചൊവ്വാദൗത്യമായ ക്യൂരിയോസിറ്റിയുമെല്ലാം തെര്‍മോഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്ലൂട്ടോണിയം ആണവ റിയാക്റ്റര്‍ ഉണ്ടാക്കുന്ന താപോര്‍ജ്ജം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

എങ്കില്‍ നമ്മുടെ ഭൂമിയിലും വെറുതേ പാഴായിപ്പോകുന്ന താപോര്‍ജ്ജത്തെ വൈദ്യുതിയാക്കി മാറ്റിക്കൂടേ. മാറ്റാം. മറ്റ് ഇന്ധനസ്രോതസ്സുകളെ പോലെ അന്തരീക്ഷത്തെ മലിനമാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളാതെ തന്നെ താപത്തെ വൈദ്യുതിയാക്കി മാറ്റാന്‍ തെര്‍മോ ഇലക്ട്രിക് ജനറേറ്ററുകള്‍ക്ക് കഴിയും. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്നത് പോലെ. പക്ഷേ തെര്‍മോഇലക്ട്രിക് ജനറേറ്ററുകളുടെ ക്ഷമത വളരെ കുറവാണെന്നതും ഇവയുടെ നിര്‍മ്മാണം വളരെ ചെലവേറിയവയാണെന്നതുമാണ് നമുക്ക് മുമ്പിലുള്ള വെല്ലുവിളി. മാത്രമല്ല ഈ ജനറേറ്ററുകളില്‍ ഉപയോഗിച്ചിരിക്കുന്ന സാമഗ്രികളില്‍ ചിലത് ആരോഗ്യത്തിന് ദോഷമാണുതാനും. ഇത്തരം വെല്ലുവിളികള്‍ കാരണം നിലവില്‍ ബഹിരാകാശ ദൗത്യങ്ങള്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് മാത്രമേ തെര്‍മോഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളു.

എന്നാല്‍ കുറഞ്ഞ ചെലവില്‍ തെര്‍മോഇലക്ട്രിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. വിലയേറിയ ഉപകരണങ്ങളെ പോലെ തന്നെ കാര്യക്ഷമമാണ് ഇവയെന്ന് അവര്‍ അവകാശപ്പെടുന്നു. പ്രകൃതിസൗഹൃദമായ പുതിയ തലമുറ കാര്‍ എഞ്ചിനുകളുടെയും വ്യാവസായിക ഫര്‍ണസുകളുടെയും (ചൂളകള്‍) മറ്റ് ഊര്‍ജോല്‍പ്പാദന ഉപകരണങ്ങളുടെയും കണ്ടെത്തലിലേക്ക് ഒരുപക്ഷേ ഗവേഷകരുടെ ഈ കണ്ടുപിടിത്തം നയിച്ചേക്കും. ഉന്നതപ്രകടനം കൈവരിക്കാനുള്ള മികച്ച മാര്‍ഗമായാണ് ഈ കണ്ടെത്തലിനെ കുറിച്ച് തനിക്ക് തോന്നുന്നതെന്ന് ചൈനയിലെ ബെയ്ഹാംഗ് സര്‍വ്വകലാശാലയിലെ മെറ്റീരിയല്‍ സൈന്റിസ്റ്റായ ലി-ഡോംഗ് സാഹോ പറയുന്നു. എങ്കിലും ഗവേഷകര്‍ പുതിയതായി കണ്ടെത്തിയ പദാര്‍ത്ഥങ്ങള്‍ കൊണ്ട് ചെലവ് കുറഞ്ഞ, ഉന്നത ശേഷിയുള്ള തെര്‍മോഇലക്ട്രിക് ജനറേറ്ററുകള്‍ ഉണ്ടാക്കുന്നതിന് ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പക്ഷേ സമീപഭാവിയില്‍ തന്നെ ഇവ ഉപയോഗത്തില്‍ വരുമെന്നാണ് താന്‍ കരുതുന്നതെന്നും ലി-ഡോംഗ് സാഹോ കൂട്ടിച്ചേര്‍ക്കുന്നു.

ചെലവ് കുറഞ്ഞ തെര്‍മോഇലക്ട്രിക് ഉപകരണങ്ങള്‍ തേടിയുള്ള യാത്ര

വ്യത്യസ്ത താപനിലയിലുള്ള രണ്ട് പദാര്‍ത്ഥങ്ങള്‍ ചേരുമ്പോള്‍ അല്ലെങ്കില്‍ വളരെ അടുത്തായി സ്ഥിതി ചെയ്യുമ്പോള്‍ ക്രമേണ അവ രണ്ടും ഒരേ താപനിലയിലേക്ക് എത്തപ്പെടും. ഇങ്ങനെ സംഭവിക്കുമ്പോള്‍ അവിടെ തെര്‍മോഇലക്ട്രിക് പ്രഭാവം ഇല്ലാതാകുന്നു. തെര്‍മോഇലക്ട്രിക് ഉപകരണങ്ങള്‍ ഇലക്ട്രിക് ചാര്‍ജിനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തള്ളിവിടാന്‍ താപം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. പക്ഷേ തണുത്ത വശത്തെ ചൂടാക്കാന്‍ ഈ ഉപകരണം ചൂടേറിയ വശത്തെ അനുവദിച്ചാല്‍ വൈദ്യുതിയുടെ ഒഴുക്ക് നിലയ്ക്കും. ഇത് പ്രതിരോധിക്കുന്നതിലും ഇലക്ട്രോണുകളെ കടത്തിവിടാനുള്ള ശേഷിയിലുമാണ് തെര്‍മോഇലക്ട്രിക് ഉപകരണങ്ങളുടെ വിജയമിരിക്കുന്നത്. ഫിഗര്‍ ഓഫ് മെറിറ്റ് അഥവാ ZT അളവ് ഉപയോഗിച്ചാണ് ഈ തെര്‍മോഇലക്ട്രിക് പദാര്‍ത്ഥങ്ങളുടെ ശേഷി അളക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ ഉയര്‍ന്ന ZTയോട് കൂടിയ പദാര്‍ത്ഥങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.


ഓട്ടോമൊബീല്‍ രംഗത്തും ഗ്ലാസ്സ്, ഇഷ്ടിക നിര്‍മ്മാണം, റിഫൈനറി, കല്‍ക്കരി, പ്രകൃതിവാതകം എന്നിങ്ങനെ ഇന്ധനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വ്യവസായ മേഖലകളിലും വലിയ ജ്വലന യന്ത്രങ്ങള്‍ (combustion engines) നിരന്തരമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കപ്പല്‍, ടാങ്കര്‍ പോലുള്ള ഇടങ്ങളിലും പുതിയ തെര്‍മോഇലക്ട്രിക് ജനറേറ്ററുകള്‍ ഊര്‍ജോല്‍പ്പാദനത്തില്‍ വിപ്ലവം തന്നെ സൃഷ്ടിക്കും. അങ്ങനെവന്നാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചൂട് കാറ്റായി വെറുതെ പാഴായിപ്പോകുന്ന 65 ശതമാനം ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ നമുക്കാകും


താപവാഹകശേഷി (thermal conductivity ) ദുര്‍ബലമായതും എന്നാല്‍ വൈദ്യുതി കടത്തിവിടാത്തതുമായ സെമികണ്ടക്റ്ററുകള്‍ നിര്‍മ്മിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതിനായുള്ള അക്ഷീണ പരിശ്രമത്തിലായിരുന്നു കൊറിയയിലെ സോള്‍ നാഷണല്‍ സര്‍വ്വകലാശാലയിലെയും നോര്‍ത്ത്വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലെയും ഒരു പറ്റം ശാസ്ത്രജ്ഞര്‍. അവരുടെ ശ്രമം വെറുതെയായില്ല, ഊര്‍ജ്ജോല്‍പ്പാദനത്തില്‍ ലോകത്തിന്റെ ഗതി മാറ്റാന്‍ ശേഷിയുള്ള, വളരെ ആവേശഭരിതമായ കണ്ടെത്തലുകളാണ് കഴിഞ്ഞിടെ ഇവര്‍ നടത്തിയത്.

2014ലാണ് നോര്‍ത്ത്വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലെ മെര്‍ക്യൂരി കനാത്സിഡിസും സംഘവും 3.1 ZTയോട് കൂടിയ ടിന്‍ സെലിനൈഡിന്റെ ഒറ്റ ക്രിസ്റ്റല്‍ കണ്ടെത്തുന്നത്. അന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും ഉയര്‍ന്ന ZTയോടുകൂടിയ തെര്‍മോഇലക്ട്രിക് പദാര്‍ത്ഥമായിരുന്നു അത്. പക്ഷേ പ്രായോഗികതലത്തില്‍ ആ പദാര്‍ത്ഥം തെര്‍മോഇലക്ട്രിക് ഉപകരണ നിര്‍മാണത്തിന് ഉപയോഗിക്കുകയെന്നത് അസാധ്യമാണെന്ന് കനാത്സിഡിസ് തന്നെ സമ്മതിച്ചിരുന്നു. അതിനാല്‍ ചെലവ് കുറഞ്ഞ തെര്‍മോഇലക്ട്രിക് പദാര്‍ത്ഥം തേടിയുള്ള അന്വേഷണം അദ്ദേഹം അവസാനിപ്പിച്ചില്ല. ഇതിനോടകം തന്നെ ലഭ്യമായ ടിന്നും സെലീനിയം പൗഡറുകളും ഉപയോഗിച്ച് തെര്‍മോഇലക്ട്രിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കനാത്സിഡിയും സംഘവും തീരുമാനിച്ചു. ഒരിക്കല്‍ സംസ്‌കരിച്ചാല്‍ ഇവ ഉപയോഗിച്ച് ഒറ്റ ക്രിസ്റ്റലുകള്‍ക്ക് പകരം പോളിക്രിസ്റ്റലൈന്‍ ടിന്‍ സെലിനൈഡിന്റെ ധൂളികള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതായിരുന്നു നേട്ടം. പോളിക്രിസ്റ്റലൈന്‍ ധൂളികളുടെ നിര്‍മ്മാണം വളരെ ചിലവ് കുറഞ്ഞതാണെന്ന് മാത്രമല്ല, ചൂടാക്കിക്കഴിഞ്ഞാല്‍ ഇവയെ മൂന്ന് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ നീളമുള്ള, തെര്‍മോഇലക്ട്രിക് ഉപകരണങ്ങളുടെ നിര്‍മാണത്തിന് അനുയോജ്യമായ ലോഹക്കട്ടികളാക്കി മാറ്റാനും സാധിക്കും. പോളിക്രിസ്റ്റലൈന്‍ ലോഹക്കട്ടികള്‍ സുലഭമായതിനാല്‍, ഓരോ ധൂളികള്‍ ഉപയോഗിച്ച്, താപക്കൈമാറ്റം മന്ദഗതിയിലാക്കുന്നതിലുള്ള ബുദ്ധിമുട്ടുകളെ മറികടക്കാമെന്നും കനാത്സിഡി പ്രതീക്ഷിച്ചു. പക്ഷേ പോളിക്രിസ്റ്റലൈന്‍ പദാര്‍ത്ഥങ്ങള്‍ പരീക്ഷണവിധേയമാക്കിയപ്പോള്‍ അവയുടെ താപവാഹകശേഷി ഉയര്‍ന്നു. അതോടെ ZT സ്‌കോര്‍ ഏറ്റവും കുറഞ്ഞ 1.2 ലേക്ക് എത്തി.


മറ്റ് ഇന്ധനസ്രോതസ്സുകളെ പോലെ അന്തരീക്ഷത്തെ മലിനമാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളാതെ തന്നെ താപത്തെ വൈദ്യുതിയാക്കി മാറ്റാന്‍ തെര്‍മോ ഇലക്ട്രിക് ജനറേറ്ററുകള്‍ക്ക് കഴിയും


ഇതിന് കാരണം തേടിയുള്ള ഗവേഷക സംഘത്തിന്റെ യാത്ര രണ്ട് വര്‍ഷത്തോളം നീണ്ടു. ഒടവില്‍ 2016ല്‍, ലോഹക്കട്ടികളായി മാറുന്നതിന് മുമ്പ് പോളിക്രിസ്റ്റലൈന്‍ ടിന്‍ സെലിനൈഡ് ധൂളികള്‍ക്ക് ചുറ്റുമായി ടിന്‍ ഓക്സൈഡിന്റെ വളരെ കനം കുറഞ്ഞ പാളി രൂപപ്പെടുന്നതാണ് അവയുടെ താപവാഹകശേഷി ഉയരാനുള്ള കാരണമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ പാളികള്‍ കാരണം ഓരോ പോളിക്രിസ്റ്റലൈന്‍ ധൂളികളിലൂടെയുള്ള താപക്കൈമാറ്റം വളരെ വേഗത്തിലായി. ചൂട് ഉപയോഗിച്ച് സെലീനിയം പൗഡറുകളില്‍ നിന്ന് ഓക്സിജനെ അകറ്റി ഓടിക്കുന്നതിലായിരുന്നു തുടര്‍ന്നുള്ള പഠനത്തില്‍ കനാത്സിഡിയും സംഘവും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഒടുവിലത്തെ പഠനത്തില്‍ കണ്ടെത്തിയ തനത് പോളിക്രിസ്റ്റലൈന്‍ ടിന്‍ സെലിനൈഡിന് ഒറ്റ ക്രിസ്റ്റല്‍ ടിന്‍ സെലിനേഡിനേക്കാള്‍ താപവാഹകശേഷികുറവാണെന്ന് മാത്രമല്ല, അതിന്റെ ZT 3.1 ആണെന്നതും വളരെ വലിയ നേട്ടമാണ്. ഇവ ഉപയോഗിച്ച് ഉന്നത ശേഷിയുള്ള, ചിലവ് കുറഞ്ഞ തെര്‍മോഇലക്ട്രിക് ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്ന് കനാത്സിഡി പറയുന്നു. പക്ഷേ അത് അടുത്തകാലത്തൊന്നും നടക്കുന്ന കാര്യമല്ല. കാരണം ഗവേഷക സംഘം നിര്‍മ്മിച്ച പോളിക്രിസ്റ്റലൈന്‍ ടിന്‍ സെലിനൈഡില്‍ സോഡിയം ആറ്റങ്ങളുടെ മുനയുണ്ട് (spike). അതിനാല്‍ അവ പോസിറ്റീവ് ചാര്‍ജിനെ കടത്തിവിടുന്ന പി-ടൈപ്പ് പദാര്‍ത്ഥമായിരിക്കും. എന്നാല്‍ തെര്‍മോഇലക്ട്രിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് നെഗറ്റീവ് ചാര്‍ജിനെയും കടത്തിവിടുന്ന എന്‍-ടൈപ്പ് പതിപ്പ് ആവശ്യമാണ്. കഴിഞ്ഞിടെ ബ്രോമിന്‍ മുനയോട് കൂടിയ എന്‍-ടൈപ്പ് സിംഗിള്‍ ക്രിസ്റ്റല്‍ ടിന്‍ സെലിനൈഡ് ബെയ്ഹാംഗ് സര്‍വ്വകലാശാലയിലെ ലി-ഡോംഗ് സാഹോയും സംഘവും നിര്‍മ്മിച്ചിരുന്നു.

ഏതായാലും എന്‍-ടൈപ്പ് പോളിക്രിസ്റ്റലൈന്‍ പതിപ്പ് നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കനാത്സിഡിയും സംഘവും ആരംഭിച്ച് കഴിഞ്ഞു. എന്‍-ടൈപ്പ്, പി-ടൈപ്പ് ഉപകരണങ്ങള്‍ ചേര്‍ത്ത് വെക്കാന്‍ സാധിച്ചാല്‍ (pairing) അത്യുന്നത ശേഷിയുള്ള തെര്‍മോഇലക്ട്രിക് ജനറേറ്ററുകളുടെ പുതിയ യുഗത്തിനാകും അത് വഴിയൊരുക്കുക. ഓട്ടോമൊബീല്‍ രംഗത്തും (വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വലിയൊരളവ് എക്സ്ഹോസ്റ്റ് പൈപ്പിലൂടെ ചൂട് പുകയായി പുറത്തേക്ക് പോകുന്നതിനാണ് ചെലവാകുന്നത്) ഗ്ലാസ്സ്, ഇഷ്ടിക നിര്‍മ്മാണം, റിഫൈനറി, കല്‍ക്കരി, പ്രകൃതിവാതകം എന്നിങ്ങനെ ഇന്ധനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വ്യവസായ മേഖലകളിലും വലിയ ജ്വലന യന്ത്രങ്ങള്‍ (combustion engines) നിരന്തരമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കപ്പല്‍, ടാങ്കര്‍ പോലുള്ള ഇടങ്ങളിലും പുതിയ തെര്‍മോഇലക്ട്രിക് ജനറേറ്ററുകള്‍ ഊര്‍ജോല്‍പ്പാദനത്തില്‍ വിപ്ലവം തന്നെ സൃഷ്ടിക്കും. അങ്ങനെവന്നാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചൂട് കാറ്റായി വെറുതെ പാഴായിപ്പോകുന്ന 65 ശതമാനം ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ നമുക്കാകും.