
ആസിഡ് മഴ, തീക്കാറ്റ്, സുനാമി...ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹം വന്നിടിച്ചപ്പോള്‍ ഭൂമിയില്‍ എന്ത് സംഭവിച്ചു?
നിനച്ചിരിക്കാത്ത നേരത്ത് വന്ന ആ അതിഥി ഭൂമിക്ക് നല്കിയ ആഘാതം വലുതായിരുന്നു. അഞ്ചാം കൂട്ടവംശനാശത്തിനാണ് (fifth mass extinction) അന്ന് ഭൂമി വേദിയായത്
മെക്സിക്കന്‍ ഉള്‍ക്കടലിനുള്ളില്‍ ഭൂമി ഒളിപ്പിച്ചിരിക്കുന്ന ഒരു മുറിപ്പാടുണ്ട്. ഏതാണ്ട് 150 കിലോമീറ്റര്‍ വലുപ്പവും ഇരുപതിനടുത്ത് കിലോമീറ്റര്‍ ആഴവുമുള്ള ഒരു മുറിപ്പാട്. ചിക്സുലുബ് ക്രാറ്റര്‍ (ഗര്‍ത്തം) എന്നാണതിന്റെ പേര്. ബഹിരാകാശത്ത് നിന്നെത്തിയ ചിക്സുലുബ് ഇംപാക്ടറെന്ന ഛിന്നഗ്രഹമാണ്(അതൊരു വാല്‍നക്ഷത്രമാണെന്നും വാദങ്ങളുണ്ട്) ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഉണങ്ങാത്ത ആ മുറിപ്പാട് ഭൂമിക്ക് സമ്മാനിച്ചത്. നിനച്ചിരിക്കാത്ത നേരത്ത് വന്ന ആ അതിഥി ഭൂമിക്ക് നല്കിയ ആഘാതം വലുതായിരുന്നു. അഞ്ചാം കൂട്ടവംശനാശത്തിനാണ് (fifth mass extinction) അന്ന് ഭൂമി വേദിയായത്. അതായത് അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന ഭൂരിഭാഗം സസ്യങ്ങളും ജന്തുക്കളും (എണ്‍പത് ശതമാനത്തോളം) എന്നന്നേക്കുമായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. നമുക്കായി വലിയ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് പോയ ദിനോസറുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഒരു വലിയ പര്‍വ്വതത്തിന്റെ വലുപ്പമുള്ള (ഏതാണ്ട് പത്ത് മൈല്‍ വീതി) ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചു. മെക്സികോയിലെ യുകട്ടാന്‍ ഉപദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള മേഖലയിലായിരുന്നു ഭൂമിക്ക് ആ അപ്രതീക്ഷിത പ്രഹരമേറ്റത്. ആ കൂട്ടിയിടി ഭൂമിയുടെ ചരിത്രം തന്നെ മാറ്റിയെഴുതി. സുനാമികള്‍ വീശിയിടിച്ചു. തീക്കാറ്റ് ആഞ്ഞുവീശി. ചാരത്തിനൊപ്പം പൊടിയും ഉരുകി ആവിയായ പാറകളും നിറഞ്ഞ അന്തരീക്ഷം സൂര്യനെ മറച്ചു. അത്തരം പാറകളിലെ സള്‍ഫര്‍, സള്‍ഫ്യൂരിക് ആസിഡ് എയറോസോളുകളുകളായി മാറി ആസിഡ് മഴ പെയ്യിച്ചു. അങ്ങനെ ഭൂമിയിലെ സമുദ്രങ്ങള്‍ ആസിഡ്മയമായി. ബഹിരാകാശത്ത് നിന്നെത്തിയ അതിഥിയുടെ കൂട്ടിയിടിയും അതിന്റെ പ്രത്യാഘാതങ്ങളും മൂലം ഭൂമിയില്‍ അന്നുണ്ടായിരുന്ന ജീവജാലങ്ങളുടെ നാലിലൊന്ന് മാത്രം ബാക്കിയായി.
മറ്റെന്തൊക്കെയാണ് ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ സംഭവിച്ചത്?
ചിക്സുലുബ് മേഖലയുടെയും ലോകത്തിലെ മറ്റിടങ്ങളിലെയും ഭൂമിശാസ്ത്രം വിശദമായി പഠിച്ചതിന് ശേഷം ആ 'നശിച്ച' ദിനത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എന്തൊക്കെയായിരിക്കും സംഭവിച്ചിരിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ ചില നിഗമനങ്ങളില്‍ എത്തി. ഏറ്റവും വലിയ നാശം ഭൂമിക്ക് സമ്മാനിക്കാന്‍ സാധിക്കുന്നത്ര കൃത്യമായ കോണളവിലായിരുന്നു ആ കൂട്ടിയിടിയെന്ന് 2020ല്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 12 കിലോമീറ്റര്‍ വ്യാസമുണ്ടായിരുന്ന ആ ഛിന്നഗ്രഹം ഏതാണ്ട് 27,000 എംപിഎച്ച് (മണിക്കൂറില്‍ 43,000 കിലോമീറ്റര്‍) വേഗതയിലാണ് ഭൂമിയില്‍ വന്നിടിച്ചത്. ചക്രവാളത്തിന് ഏതാണ്ട് 60 ഡിഗ്രി മുകളിലായിരിക്കും ആ കൂട്ടിയിടി നടന്നിരിക്കുകയെന്ന് ടെക്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോഫിസിക്സിലെ റിസര്‍ച്ച് പ്രഫസറായ സീന്‍ ഗുള്ളിക് പറയുന്നു. അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന അളവില്‍ പൊടിയും എയറോസോളുകളും പുറന്തള്ളാന്‍ ആ കൂട്ടിയിടിക്ക് കഴിഞ്ഞിരിക്കണം. മാത്രമല്ല, ചിക്സുലുബ് ഗര്‍ത്തത്തിന്റെ സവിശേഷ ഘടനയും അവിടെ കണ്ടെത്തിയ മുകളിലേക്ക് പൊങ്ങിനില്ക്കുന്ന മാന്റില്‍ ശിലകളും പ്രത്യേകതരം എക്കലും ചില ശിലകളുടെ അഭാവവുമെല്ലാം വലിയ നാശമുണ്ടാക്കാന്‍ കഴിയുന്ന കൃത്യമായൊരു കോണളവിലാണ് ഛിന്നഗ്രഹം വന്നിടിച്ചതെന്ന് വ്യക്തമാക്കുന്നതായി ഗുള്ളിക് പറയുന്നു.
ഭൂമിക്ക് നികത്താനാകാത്ത നാശം വരുത്തിവെച്ച ആ ഛിന്നഗ്രഹവും സമാനമായ വിധി ഏറ്റുവാങ്ങിയിരിക്കാമെന്നും ഒരുപക്ഷേ പൂര്‍ണമായും നശിച്ചിരിക്കാമെന്നും ശാസ്ത്രലോകത്ത് അഭിപ്രായങ്ങളുണ്ട്. ലോകമെമ്പാടും കണ്ട ഇറിഡിയം സാന്നിധ്യമുള്ള, 66 ദശലക്ഷം പഴക്കമുള്ള കളിമണ്‍ ശിലാപാളികളില്‍ നിന്നുമാണ് ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചിരിക്കാമെന്ന തിയറി രൂപപ്പെടുന്നത്
എവാപറൈറ്റ് എന്ന് വിളിക്കുന്ന പ്രത്യേകതരം ശിലകളാണ് ചിക്സുലുബ് മേഖലയില്‍ ഇല്ലെന്ന് ഭൂമിശാസ്ത്ര ഗവേഷകര്‍ പറയുന്നത്. ജിപ്സം, ഹാലൈറ്റ് പോലെ പാളികളായുള്ള സ്ഫിടക ശിലകളാണ് ഇവ. ഛിന്നഗ്രഹം വന്നിടിച്ചപ്പോഴുണ്ടായ ആഘാതത്തില്‍ ഇവ ഉരുകി ബാഷ്പീകരിച്ച് പോയിരിക്കാമെന്നാണ് പഠനം പറയുന്നത്. അങ്ങനെയെങ്കില്‍ ആ ശിലകളില്‍ അടങ്ങിയിട്ടുള്ള 325 ഗിഗാടണ്‍ സള്‍ഫര്‍, സള്‍ഫര്‍ എയറോസോളുകളായി അന്തരീക്ഷത്തില്‍ എത്തിയിരിക്കാം. അതോടൊപ്പം ഈ ശിലകളില്‍ നിന്നും 435 ഗിഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കാം.
ആസിഡ് മഴ
2014ല്‍ നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് അന്നത്തെ കൂട്ടിയിടിയില്‍ സള്‍ഫര്‍ ധാരാളമായി അടങ്ങിയിട്ടുള്ള സമുദ്രശിലകളില് നിന്ന് സൂക്ഷ്മ ശിലാകണങ്ങളും സള്‍ഫ്യൂരിക് ആസിഡും അന്തരീക്ഷത്തില്‍ എത്തിയിട്ടുണ്ടാകും എന്നാണ്. ഇത്തരം സൂക്ഷമകണങ്ങള്‍ ഒരു മേഘം പോലെ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നതിനാല്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തിന്റെയും താപത്തിന്റെയും അളവില്‍ വലിയ കുറവ് സംഭവിച്ചിരിക്കാം. ആ സാധ്യത കണക്കിലെടുക്കുമ്പോള്‍ പിന്നീട് ദീര്‍ഘനാള്‍ ഭൂമി തണുക്കാനും അതുമൂലം കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കാനും ഇടയുണ്ട്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലില്‍ 2016ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് അക്കാലത്ത് ഉഷ്ണ മേഖലകളിലെ താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 5 ഡിഗ്രി സെല്‍ഷ്യസായി ഇടിഞ്ഞുവെന്നാണ്. സൂര്യപ്രകാശത്തിന്റെ അളവില്‍ കുറവുണ്ടായതോടെ പ്രകാശസംശ്ലേഷണം നടക്കാതെ കരയിലും കടലിലും ഭക്ഷ്യശൃംഖലയുടെ അടിസ്ഥാനം താറുമാറായി. ദിനോസറുകളുടെും മറ്റ് ജന്തുവര്‍ഗ്ഗങ്ങളുടെയും വംശനാശത്തിന് അതും ഒരു കാരണമായിരിക്കാം.
ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിക്ക് ശേഷം അന്തരീക്ഷത്തില്‍ നിറഞ്ഞ പാറപ്പൊടി ഭൗമോപരിതലത്തില്‍ ഉരസി പലയിടങ്ങളിലും കാട്ടുതീ പടര്‍ന്നുപിടിച്ചു
സുനാമി
ഇതിനിടെ അന്തരീക്ഷത്തിലെത്തിയ സള്‍ഫ്യൂരിക് ആസിഡ് ആസിഡ് മഴയായി ദിവസങ്ങളോളം ഭൂമിയില്‍ പെയ്തു. തല്‍ഫലമായി സമുദ്രങ്ങളിലും തടാകങ്ങളിലും പുഴകളിലുമുള്ള അനവധി ജീവജാലങ്ങള്‍ ഇല്ലാതായി. ഭൂമിയൊട്ടാകെയുള്ള സമുദ്രങ്ങളില്‍ സുനാമികള്‍ ഉയര്‍ന്നുപൊങ്ങി. തുടക്കത്തില്‍ 1.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ 46 അടി ഉയരത്തിലും വടക്കന്‍ പസഫിക് സമുദ്രത്തില്‍ 13 അടി ഉയരത്തിലും തിരമാല പൊങ്ങിയതായി പറയപ്പെടുന്നു. വലിയ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങിയതിന്റെ തെളിവുകള്‍ ലൂസിയാനയില്‍ കണ്ടെത്തിയിട്ടുണ്ട്. ലൂസിയാനയില്‍ നടത്തിയ 3D seismic surveyയില്‍ 52 അടി ഉയരത്തില്‍ കണ്ടെത്തിയ മെഗാറിപ്പിള്സ്(പ്രത്യേകരീതിയിലുള്ള അടയാളങ്ങള്‍) ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ചതിന്റെ അനന്തരഫലമായി ഉണ്ടായതാണെന്നാണ് കരുതപ്പെടുന്നത്.
തീക്കാറ്റ്
ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിക്ക് ശേഷം അന്തരീക്ഷത്തില്‍ നിറഞ്ഞ പാറപ്പൊടി ഭൗമോപരിതലത്തില്‍ ഉരസി പലയിടങ്ങളിലും കാട്ടുതീ പടര്‍ന്നുപിടിച്ചു. ഇങ്ങനെയുണ്ടായ പുകയും ചാരവും ഒന്നുകൂടി സൂര്യപ്രകാശത്തെ ഭൂമിയില്‍ നിന്നകറ്റി. അതും പിന്നീടുള്ള ശൈത്യത്തിന് കാരണമായി.
ഛിന്നഗ്രഹത്തിന് എന്ത് സംഭവിച്ചു
ഭൂമിക്ക് നികത്താനാകാത്ത നാശം വരുത്തിവെച്ച ആ ഛിന്നഗ്രഹവും സമാനമായ വിധി ഏറ്റുവാങ്ങിയിരിക്കാമെന്നും ഒരുപക്ഷേ പൂര്‍ണമായും നശിച്ചിരിക്കാമെന്നും ശാസ്ത്രലോകത്ത് അഭിപ്രായങ്ങളുണ്ട്. ലോകമെമ്പാടും കണ്ട ഇറിഡിയം സാന്നിധ്യമുള്ള, 66 ദശലക്ഷം പഴക്കമുള്ള കളിമണ്‍ ശിലാപാളികളില്‍ നിന്നുമാണ് ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചിരിക്കാമെന്ന തിയറി രൂപപ്പെടുന്നത്. ഒരു ദശാബ്ദത്തിന് ശേഷം കൂട്ടിയിടിക്ക് തെളിവായി യൂകട്ടാന് ഉപദ്വീപിനും കരീബിയന്‍ കടലിനും ഇടയില്‍ ചിക്സുലൂബ് ഗര്‍ത്തം കണ്ടെത്തുകയും ചെയ്തു. ഇവിടെ നിന്നും ദൂരേക്ക് പോകുന്തോറും ശിലകളിലെ ഇറിഡിയത്തിന്റെ അളവ് കുറഞ്ഞുവരുന്നതിനാല്‍ ഛിന്നഗ്രഹം ഇടിച്ചത് അവിടെ തന്നെയാണെന്ന് ഏതാണ്ട് തീര്‍ച്ചയായി.
ഭൂമിയില്‍ ഇടിച്ച ബഹിരാകാശ വസ്തു ഛിന്നഗ്രഹമാണോ വാല്‍നക്ഷത്രമാണോ എന്ന സംശയം ഇപ്പോഴും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അതൊരു ഛിന്നഗ്രഗഹമാണെന്നാണ് പരക്കെ അംഗീകരിക്കപ്പെടുന്നതെങ്കിലും മറിച്ചും വാദിക്കുന്നവരുണ്ട്. 2021 ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡിലെ ജ്യോതിശാസ്ത്രജ്ഞരായ അമീര്‍ സിറാജും അവി ലൊയബും അവതരിപ്പിച്ച പേപ്പറില്‍ ജിയോകെമിസ്ട്രി പ്രകാരം ഭൂമിയില്‍ വന്നിടിച്ചത് ഒരു വാല്‍നക്ഷത്രമാണെന്ന കണ്ടെത്തലാണ് മുന്നോട്ട് വെക്കുന്നത്.
ഇതെല്ലാം എങ്ങനെ കണ്ടെത്തി
ശിലാപാളികള്‍ പഠനവിധേയമാക്കിയാല്‍ എപ്പോഴാണ് ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചിട്ടുണ്ടാകുകയെന്ന് കണ്ടെത്താന്‍ ഭൗമശാസ്ത്രജ്ഞര്‍ക്ക് വളരെ എളുപ്പമാണ്. ഏതാണ്ട് 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള, ക്രിറ്റേഷ്യസ് യുഗത്തോളം പഴക്കമുള്ള ശിലകളില്‍ ഇറിഡിയം മൂലകം അടങ്ങിയ കളിമണ്ണിന്റെ നേര്‍ത്ത പാളി കാണാമെന്ന് ജേണല്‍ സയന്‍സില്‍ 1980കളില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഭൂമിയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈ മൂലകം പക്ഷേ ബഹിരാകാശ ശിലകളില്‍ സാധാരണമാണ്. അതേസമയം സുനാമി, കാട്ടുതീ പോലുള്ള സംഭവങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കാം. ഇതിന്റെ പ്രത്യാഘാതമായി അനുഭവപ്പെട്ട ശൈത്യം ദശലക്ഷം വര്‍ഷങ്ങള്‍ നീണ്ടുപോയിരിക്കാം. എന്തായാലും ഭൂമിയെ മൊത്തത്തില്‍ പിടിച്ചുലച്ച ഒരു വിപത്തിന് മാത്രമേ കൂട്ട വംശനാശത്തിന് കാരണമാകാന്‍ കഴിയൂ എന്ന് തീര്‍ച്ചയാണ്.