
കാലാവസ്ഥാ ശാസ്ത്രത്തിന്റെ രാജ്ഞി; യൂനിസ് ന്യൂട്ടണ്‍ ഫൂടെ
ചില പരീക്ഷണങ്ങള്‍ വന്‍ വിജയമായാലും അതിനു പിന്നിലെ കരങ്ങള്‍ ചിലപ്പോള്‍ കാലത്തിന്റെ തിരശ്ശീലയില്‍ മറഞ്ഞു പോയേക്കാം. അത്തരമൊരു വ്യക്തിയാണ് യൂനിസ് ന്യൂട്ടണ്‍ ഫൂടെ
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിരന്തരം ചര്‍ച്ചയാവുമ്പോള്‍ മറക്കാന്‍ കഴിയാത്ത ഒരു പേരാണ് യൂനിസ് ന്യൂട്ടണ്‍ ഫൂടെയുടേത്. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തിയിട്ടും തന്റെ പ്രയത്ന ഫലം അവര്‍ക്ക് അറിയാന്‍ കഴിയാതെ പോയി. അധികം ആരും അറിയപ്പെടാതെ പോയ, ചതിക്കപ്പെട്ടുപോയ ആ ജീവിതത്തെക്കുറിച്ച്...
ചില പരീക്ഷണങ്ങള്‍ വന്‍ വിജയമായാലും അതിനു പിന്നിലെ കരങ്ങള്‍ ചിലപ്പോള്‍ കാലത്തിന്റെ തിരശ്ശീലയില്‍ മറഞ്ഞു പോയേക്കാം. അത്തരമൊരു വ്യക്തിയാണ് യൂനിസ് ന്യൂട്ടണ്‍ ഫൂടെ; ചരിത്രത്താളുകളില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ അമേരിക്കന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞ. 165 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ആഗോള താപനം കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്ത മഹാപ്രതിഭയായിരുന്നു അവര്‍. ഇതിനെല്ലാം വഴിവയ്ക്കുന്നത് കാര്‍ബണ്‍ ഡയോക്സൈഡ് ആണെന്ന് ആദ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞ. ഭൂമി സ്വയം ഒരു ചൂട് ഗോളമായി മാറാന്‍ ഇടയാക്കുന്നത് കാര്‍ബണ്‍ ഡയോക്സൈഡ് ആണെന്ന് കണ്ടെത്തിയത് യൂനിസ് ഫൂടെയാണെങ്കിലും അതിന്റെ പ്രശസ്തി നേടിയെടുത്തത് മറ്റ് ചിലരായിരുന്നു. പക്ഷേ അന്ന് ശാസ്ത്രം ഫൂടെയുടെ പേര് വേണ്ടത്ര ഗൗനിച്ചില്ലെങ്കിലും ആ സത്യവും അതിനു പിന്നിലെ തലച്ചോറും കാലം പതിയെ തിരിച്ചറിഞ്ഞു.
കാലത്തിനു മുന്‍പേ തിരിച്ചറിഞ്ഞവള്‍
2021 ആഗസ്റ്റിലാണ് യുണൈറ്റഡ് നേഷന്‍സിന്റെ കാലാവസ്ഥാ പഠന വിഭാഗമായ ഇന്റര്‍നാഷണല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) ആറാം കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗോള താപന നിരക്ക് ഉയരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഭൂമിയില്‍ വലിയ വിപത്തുകള്‍ക്ക് അത് വഴി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. കടല്‍ നിരപ്പ് ഉയരുക, വരള്‍ച്ച, പേമാരി, മഞ്ഞുരുകല്‍, കൊടങ്കാറ്റ് തുടങ്ങി നിരവധി പ്രത്യഘാതങ്ങള്‍ വരും കാലങ്ങളില്‍ മനുഷ്യനെ തേടിയെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇങ്ങനെ വലിയ കാലാവസ്ഥാ മാറ്റങ്ങള്‍ ആഗോള താപനം മൂലമാണെന്നും അതില്‍ കുറവ് വരണമെങ്കില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറയ്ക്കണമെന്നും ഗവേഷകര്‍ പറയുന്നു.
കാലാവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സ്ഥാനം ഏറെ മുകളിലാണ് എന്ന വലിയ കണ്ടെത്തല്‍ യൂനിസ് ഫൂടെ നടത്തിയത് 1856ലാണ്. ഇന്നത്തെ ആധുനിക കാലാവസ്ഥാ ശാസ്ത്രത്തിന്റെ തറക്കല്ലിട്ടതും അവിടെ നിന്നാണ്
അതായത്, ആഗോള താപനം ഉണ്ടാക്കുന്ന വന്‍ വിപത്തുകള്‍ക്ക് ഏറ്റവും വലിയ കാരണം കാര്‍ബണ്‍ ബഹിര്‍ഗമനമാണ്. എന്നാല്‍ ഈ കാര്‍ബണ്‍ ഡൈയോക്സൈഡാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞയെക്കുറിച്ച് എത്ര പേര്‍ക്കറിയാം! ആധുനിക കാലാവസ്ഥാ ശാസ്ത്രത്തിലേക്ക് തന്നെ വെളിച്ചം വീശിയ ആ കണ്ടെത്തലുകള്‍ നടന്നത് 1850 കളിലായിരുന്നു. കാലാവസ്ഥാ മാറ്റങ്ങളുടെ പേരില്‍ ഇന്ന് ലോകരാജ്യങ്ങള്‍ തന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ തല പുകയ്ക്കുമ്പോള്‍ അതിന് കാരണം ഫൂടെ പണ്ടേ കണ്ടെത്തിയിരുന്നു. അന്നു മുതല്‍ അതിനുള്ള ഭാവി നടപടികള്‍ മുന്നില്‍കണ്ട് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് നമുക്ക് ഒരു പരിഹാരത്തിനായി പരക്കം പായേണ്ട അവസ്ഥയുണ്ടാകില്ലായിരുന്നു.
കാലാവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സ്ഥാനം ഏറെ മുകളിലാണ് എന്ന വലിയ കണ്ടെത്തല്‍ യൂനിസ് ഫൂടെ നടത്തിയത് 1856ലാണ്. ഇന്നത്തെ ആധുനിക കാലാവസ്ഥാ ശാസ്ത്രത്തിന്റെ തറക്കല്ലിട്ടതും അവിടെ നിന്നാണ്. അമേരിക്കന്‍ അസോസിയേഷന് ഫോര്‍ ദ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് നടത്തിയ സമ്മേളനത്തിലാണ് ആദ്യമായി കാര്‍ബണ്‍ ഡയോക്സൈഡ് പ്രകൃതിയുടെ വില്ലനാകുന്നതിനെക്കുറിച്ച് പ്രതിപാദിച്ചത്. സൂര്യ രശ്മികളുടെ ചൂട് സാഹചര്യങ്ങളെ എങ്ങനെ ബാധിക്കുന്നു (Circumstances Affecting the Heat of the Sun's Rays) എന്ന ഗവേഷണ പ്രബന്ധം പക്ഷേ സമ്മേളനത്തില്‍ നേരിട്ട് അവതരിപ്പിക്കാനും ഫൂടെയ്ക്ക് കഴിഞ്ഞില്ല. ഫൂടെയ്ക്ക് പകരം പ്രൊഫ. ജോസഫ് ഹെന്റിയാണ് അന്ന് പ്രബന്ധം അവതരിപ്പിച്ചത്.
കാര്‍ബണെന്ന വില്ലനെ കണ്ടെത്തിയവള്
കാര്‍ബണ്‍ ഡയോക്സൈഡിന് അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് ഫൂടെ നടത്തിയ കണ്ടെത്തല്‍ ശാസ്ത്ര ലോകത്തും ആഗോള താപനത്തെക്കുറിച്ചുള്ള പഠനത്തിലും നിര്‍ണായക വഴിത്തിരിവായി. ഇത് കണ്ടെത്തുന്നതിനായി ഫൂടെ ചില പരീക്ഷണങ്ങള്‍ നടത്തി. അന്തരീക്ഷത്തിലെ വിവിധ വാതകങ്ങള്‍ എങ്ങനെയാണ് സൂര്യന്റെ ചൂടിനോട് പ്രതികരിക്കുന്നത് എന്ന് കണ്ടെത്തുകയായിരുന്നു ഫൂടെ തന്റെ പരീക്ഷണങ്ങളിലൂടെ ലക്ഷ്യം വച്ചത്. രണ്ട് ഗ്ലാസ് സിലിണ്ടറുകളും തെര്‍മോമീറ്ററും എയര്‍ പമ്പും ഉപയോഗിച്ചാണ് ഫൂടെ തന്റെ സിദ്ധാന്തം തെളിയിച്ചത്.
ഒരോ സിലിണ്ടറിലും രണ്ട് മെര്‍ക്കുറി തെര്‍മോമീറ്റര്‍ വീതം ഘടിപ്പിച്ച ഫൂടെ ഇവയില്‍ എയര്‍ പമ്പ് ഉപയോഗിച്ച് ഒരു സിലിണ്ടറിലെ വായുവിനെ പുറത്താക്കി. അതിനുശേഷം അതില്‍ കാര്‍ബണ്‍ ഡയോക്സൈഡ് നിറച്ചു. പിന്നീട് ഈ രണ്ടു സിലിണ്ടറുകളും സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ചൂട് പിടിക്കാനായി വച്ചു. കാര്‍ബണ്‍ ഡയോക്സൈഡ് നിറച്ച സിലിണ്ടര്‍ അന്തരീക്ഷ വായു നിറഞ്ഞ സിലിണ്ടറിനെക്കാള്‍ അധികം ചൂട് പിടിക്കുന്നതായി കണ്ടെത്താന്‍ ഇതിലൂടെയായി. അതായത്, അന്തരീക്ഷത്തിലെ ചൂട് അതിവേഗം ആഗിരണം ചെയ്യാന്‍ കാര്‍ബണ്‍ ഡയോക്സൈഡിന് കഴിയുമെന്ന് ഇതിലൂടെ ഫൂടെ തെളിയിക്കുകയായിരുന്നു.
കാര്‍ബണിക് ആസിഡ് വേപര്‍ എന്നാണ് ഫൂടെ കാര്‍ബണ്‍ ഡയോക്സൈഡിനെ വിളിച്ചിരുന്നത്. ചൂടില്‍ നിന്നും മാറ്റിയാലും കാര്‍ബണ്‍ ഡയോക്സൈഡ് നിറച്ച സിലിണ്ടര്‍ കൂടുതല്‍ സമയം ചൂട് നിലനിര്‍ത്തുമെന്നും മനസ്സിലായി. അങ്ങനെയാണ് കാര്‍ബണ്‍ ഡയോക്സൈഡിന് സൂര്യനില്‍ നിന്നുള്ള ചൂട് കൂടുതലായി പിടിച്ചു നിര്‍ത്താനുള്ള കഴിവുണ്ടെന്ന് മനസ്സിലായത്. ഈ പരീക്ഷണങ്ങളില്‍ നിന്നാണ് കാര്‍ബണ്‍ ഡയോക്സൈഡ് ഭൂമിയുടെ അന്തരീക്ഷത്തില്‍ ചൂട് നിലനിര്‍ത്തുമെന്നും അത് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും തെളിഞ്ഞത്.
ഫൂടെയുടെ കണ്ടെത്തലിനു മുന്‍പ് വരെ ആരും കാലാവസ്ഥയ്ക്ക് കാര്‍ബണ്‍ ഡയോക്സൈഡിനുള്ള പങ്ക് തിരിച്ചറിഞ്ഞിരുന്നില്ല
എന്നാല്‍ ആ സമയം ഭൂമിശാസ്ത്രജ്ഞര്‍ ലോക കാലാവസ്ഥയുടെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അത്രയും കാലം സസ്യങ്ങള്‍ക്കുള്ള ആഹാരമായി മാത്രം കണ്ടിരുന്ന കാര്‍ബണ്‍ ഡയോക്സൈഡ് ഒരു വില്ലനാണെന്ന് കൂടി തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. ഫൂടെയുടെ കണ്ടെത്തലിനു മുന്‍പ് വരെ ആരും കാലാവസ്ഥയ്ക്ക് കാര്‍ബണ്‍ ഡയോക്സൈഡിനുള്ള പങ്ക് തിരിച്ചറിഞ്ഞിരുന്നില്ല. കാലാവസ്ഥാ ശാസ്ത്രത്തിന്റെ ഉത്ഭവത്തിനു കാരണമാകും വിധം വലിയ കുതിപ്പ് നല്കാന് പോന്നതായിരുന്നു ഫൂടെയുടെ കണ്ടെത്തലെന്ന് അമേരിക്കയിലെ കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ജിയോളജി വിഭാഗം മേധാവിയായ ഡോ.ജോസഫ് ഡി.ഓര്‍ട്ടിസ് പറയുന്നു.
വര്‍ദ്ധിച്ച കാര്‍ബണും ആശങ്കകളും
ഭൂമിയുടെ ഉപരിതലം ചൂടാകുമ്പോള്‍ അത് പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്കും ചൂട് പിടിക്കുമെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്‍ നമ്മുടെ അന്തരീക്ഷം തന്നെ കാര്‍ബണ്‍ ഡയോക്സൈഡ്, മീഥെയ്ന്‍, നീരാവി തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളാലാണ് ചൂട് പിടിക്കുന്നത്. ഇവയെല്ലാം ചൂടിനെ ആഗിരണം ചെയ്യുന്നതു കൊണ്ടാണത്. മറ്റ് വാതകങ്ങളെ അപേക്ഷിച്ച് ഇവ ചൂടിനെ ആഗിരണം ചെയ്യുക മാത്രമല്ല, അന്തരീക്ഷത്തില്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്യും. ഇവ ഭൂമിയുടെ ഉപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ നമ്മുടെ അന്തരീക്ഷത്തില്‍ വലിയ അളവില്‍ കാര്‍ബണ്‍ ഡയോക്സൈഡ് കലര്‍ന്നാല്‍ താപനിലയിലും വ്യതിയാനങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കാനായി. 1800 കളില്‍ തന്നെ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടി തുടങ്ങിയിരുന്നു. ജൈവ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപയോഗമൊക്കെ ഈ കാലഘട്ടത്തില്‍ തന്നെ വ്യാപകമായി തുടങ്ങിയിരുന്നു. ഇതെല്ലാം കാലക്രമേണ വര്‍ദ്ധിക്കുക മാത്രമല്ല, ആധുനികവത്കരണത്തിന്റെ ഭാഗമായി കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയും വന്നു. ഇതെല്ലാമാണ് 165 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫൂടെ പ്രവചിച്ചതും.
മറന്ന സത്യങ്ങള്‍
യൂനിസ് ഫൂടെയുടെ ഭര്‍ത്താവും ജഡ്ജും ഗവേഷകനുമായിരുന്ന എലിഷ ഫൂടെയും 1856ല്‍ അമേരിക്കന്‍ അസോസിയേഷന് ഫോര്‍ ദ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് നടത്തിയ സമ്മേളനത്തില്‍ മറ്റൊരു പ്രബന്ധം അവതരിപ്പിച്ചിരുന്നു. സൂര്യ രശ്മികള്‍ ഏതെല്ലാം തരത്തില്‍ ഉപയോഗപ്രദമായ തരത്തില്‍ മാറ്റിയെടുക്കാം എന്നായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. സമ്മേളനത്തില്‍ ഏറെ ശ്രദ്ധ നേടിയ കണ്ടെത്തല്‍ യൂനിസ് ഫൂടെയുടേത് ആയിരുന്നെങ്കിലും അവരെ അധികമാരും ശ്രദ്ധിച്ചില്ല. എലിഷ ഫൂടെയുടെ പ്രബന്ധം ഒരു പ്രമുഖ യൂറോപ്യന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോഴും യൂനിസ് ഫൂടെയെ പലരും കണ്ടില്ലെന്നു നടിച്ചു.
1857ല്‍ ദി ആന്വല്‍ ഓഫ് സയന്റിഫിക് ഡിസ്കവറി എന്ന പുസ്തകത്തില്‍ യൂനിസ് ഫൂടെയുടെ പ്രബന്ധത്തിന്റെ കാതല്‍ പ്രസിദ്ധീകരിച്ചെങ്കിലും അവരെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. മാത്രമല്ല, ഈ പുസ്തകം ഇറക്കിയ ഡേവിഡ് എ വെല്‍സ് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം എഴുതിയ ജിയോളജി പുസ്തകത്തിലും യൂനിസ് ഫൂടെയുടെ പേരോ കടപ്പാടോ ഇല്ലാതെ അവരുടെ പ്രബന്ധത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അവിടെയും തീര്‍ന്നില്ല ഫൂടെ നേരിട്ട അവഗണനകള്‍. 1859ല്‍ ഐറിഷ് ശാസ്ത്രജ്ഞനായ ജോണ്‍ ടിന്‍ഡാള്‍ ഭൂമിയുടെ സ്വാഭാവിക ഹരിതഗൃഹ വാതകങ്ങളെക്കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചു.
മുകളിലെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡിന്റെ ദീര്‍ഘതരംഗ ആഗിരണം മൂലമാണ് കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതെന്ന് പറഞ്ഞു. അങ്ങനെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ പങ്കിനെക്കുറിച്ച് കണ്ടെത്തിയ ആളെന്ന പ്രശസ്തി മുഴുവനും ടിന്ഡാളിനെ തേടിയെത്തി. കാലാവസ്ഥാ ശാസ്ത്രത്തിന് യൂനിസ് ഫൂടെ എന്ന അതുല്യ പ്രതിഭ നല്കിയ സംഭാവനകള്‍ ഏവരും മനപ്പൂര്‍വ്വം മറന്നുകളഞ്ഞു.
കാലം മറക്കില്ല
സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പൊരുതിയിരുന്ന യൂനിസ് ഫൂടെ വിഖ്യാത ശാസ്ത്രജ്ഞന് ഐസക് ന്യൂട്ടന്റെ അകന്ന ബന്ധു കൂടിയായിരുന്നു. ഇത്രയൊക്കെയായിട്ടും അന്ന് ഒരു സ്ത്രീ എന്ന നിലയില്‍ യൂനിസ് ഫൂടെ തന്റെ കരിയറില്‍ എത്രമാത്രം അവഗണന നേരിട്ടിരുന്നു എന്ന് ലോകം മനസ്സിലാക്കാന്‍ കുറേയേറെ വര്‍ഷങ്ങളെടുത്തു. കൃത്യമായി പറഞ്ഞാല്‍, 154 വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ലാണ് യൂനിസ് ഫൂടെയുടെ കണ്ടെത്തലുകളായിരുന്നു അതെന്ന് ലോകം തിരിച്ചറിഞ്ഞത്. 1857ല്‍ അന്നത്തെ സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം കണ്ടെത്തിയ ജിയോളജിസ്റ്റ് റേ സോറെന്സണാണ് ആ കണ്ടെത്തല്‍ നടത്തിയത്. അദ്ദേഹമാണ് കാര്‍ബണ്‍ ഡയോക്സൈഡും കാലാവസ്ഥാ മാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യം കണ്ടെത്തിയത് യനിസ് ഫൂടെയാണെന്നും അവരെ കാലം തിരിച്ചറിയാതെ പോവുകയായിരുന്നുവെന്നും മനസ്സിലാക്കിയത്.
പിന്നീട് 2011ല്‍ സോറെന്‍സണ്‍ അദ്ദേഹം ഫൂടെയെക്കുറിച്ച് നടത്തിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു. 2018ല്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാല ഇതേക്കുറിച്ച് പഠനം നടത്തുകയും മണ്മറഞ്ഞെന്നു കരുതിയ ആ സത്യം ഏവരും അറിയുകയും ചെയ്തു. 2019 നവംബറില്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാല ഫൂടെയുടെ കണ്ടെത്തലുകളെ മാനിച്ച് അവരോടുള്ള ആദരം പ്രകടിപ്പിച്ചു. കൂടാതെ, ഫൂടെയാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ പങ്കിനെക്കുറിച്ച് ആദ്യമായി കണ്ടെത്തിയതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2019ല്‍ ടിന്‍ഡാളിന്റെ ജീവചരിത്രം രചിച്ച ജാക്സണ് ഫൂടെയുടെയും ടിന്ഡാളിന്റെയും പ്രബന്ധങ്ങളെക്കുറിച്ചു പഠിച്ചു. യൂറോപ്യന്‍ ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടായിരുന്ന ടിന്‍ഡാള്‍ യൂനിസ് ഫൂടെയുടെ പ്രബന്ധം കണ്ടിട്ടും എവിടെയും അവരുടെ പേര് പരാമര്‍ശിച്ചിരുന്നില്ല എന്ന് ജാക്സണ് പറയുന്നു. ജാക്സണണിന്റെ അന്വേഷണത്തില്‍ ടിന്‍ഡാള്‍ ഫൂടെയുടെ കണ്ടെത്തലിനെക്കുറിച്ച് അജ്ഞനായിട്ടാണോ അതോ ഫൂടെയുടെ പ്രബന്ധം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഏതായാലും, യൂനിസ് ഫൂടെയുടെ കണ്ടെത്തലിനും മരണത്തിനും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം മറനീക്കി പുറത്തുവന്ന ആ സത്യം ലോകം തിരിച്ചറിഞ്ഞത് അറിയാനുള്ള ഭാഗ്യം അവര്‍ക്കില്ലാതെ പോയി. അവരുടെ ഒരു നല്ല ഫോട്ടോ പോലും ശാസ്ത്രലോകത്തിന് ലഭിക്കാതെയും പോയി.
സത്യം, അത് ശാസ്ത്രം പോലെ, എത്ര വര്‍ഷങ്ങള്‍ക്കിപ്പുറമാണെങ്കിലും തിരിച്ചറിയുക തന്നെ ചെയ്യും.