Feb 8 • 11M

മനുഷ്യനെന്നാണ്‌ മനുഷ്യനായത്‌ !

ഇന്നത്തെ രണ്ടു കാലില്‍ നടക്കുന്ന മനുഷ്യന്റെ മുന്‍ഗാമി അങ്ങ്‌ കിഴക്കന്‍ ആഫ്രിക്കയിലാണ്‌ ആദ്യം ഉണ്ടായത്‌

5
 
1.0×
0:00
-11:01
Open in playerListen on);
Episode details
Comments

ഇന്ന്‌ നമ്മള്‍ കാണുന്ന ആധുനിക മനുഷ്യന്‍ എന്തെല്ലാം നേടി? ആകാശവും ഭൂമിയും, കടലും കരയും, എന്തിനേറെ ബഹിരാകാശം വരെയും അവന്‍ എത്തി നില്‍ക്കുന്നു. മനുഷ്യന്റെ വികാസം അത്രയേറെ വേഗത്തിലാണ്‌. അവന്‍ തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച്‌ നേടിയതെല്ലാം എങ്ങനെയാണ്‌ സാധ്യമായത്‌ എന്നു ചിന്തിച്ചിട്ടുണ്ടോ? അതെല്ലാം എത്ര വേഗത്തിലാണ്‌ മനുഷ്യന്‍ സാധ്യമാക്കിയത്‌! ഈ ഭൂമി രൂപം കൊണ്ടിട്ട്‌ 4.543 ബില്യണ്‍ വര്‍ഷങ്ങളായി. എന്നാല്‍ അതേ ഭൂമിയില്‍ മനുഷ്യന്‍ രൂപം കൊണ്ടിട്ട്‌ വെറും മൂന്ന്‌ ലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതെല്ലാം കീഴടക്കിയ മനുഷ്യന്റെ പരിണാമം വളരെ പ്രധാന്യം അര്‍ഹിക്കുന്നതു തന്നെയാണ്‌. അപ്പോള്‍ എങ്ങനെയാണ്‌ ഇവിടെ മനുഷ്യന്‍ രൂപം കൊണ്ടത്‌ എന്നറിയാന്‍ കൗതുകമില്ലേ?

അതെ, പെട്ടെന്ന്‌ ഒരു ദിവസം ഉണ്ടായതല്ല മനുഷ്യന്‍ എന്നു നമുക്കറിയാം. പരിണാമം എന്ന വലിയ പ്രക്രിയയിലൂടെ പല ഘട്ടങ്ങള്‍ കടന്നാണ്‌ നാം ഇന്നു കാണുന്ന ആധുനിക മനുഷ്യനിലേക്ക്‌ എത്തിയത്‌. ആധുനിക മനുഷ്യന്റെ വര്‍ഗ്ഗം ഹോമോ സാപിയന്‍സ്‌ (Homo Sapiens) എന്നാണ്‌ അറിയപ്പെടുന്നത്‌. ബുദ്ധിമാനായ മനുഷ്യന്‍ (wise man) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്‌ ഈ വാക്കുണ്ടായത്‌. അതെ, ബുദ്ധി തന്നെയാണ്‌ മനുഷ്യനെ ലോകത്തുള്ള മറ്റ്‌ ജീവികളില്‍ നിന്നെല്ലാം ഏറ്റവും വ്യത്യസ്‌തനാക്കുന്നതും. ഇന്ന്‌ ഈ ലോകം തന്നെ നിയന്ത്രിക്കുന്ന തരത്തിലേക്ക്‌ മനുഷ്യന്‍ എത്തിയതും ഇതേ ബുദ്ധി ഉപയോഗിച്ചാണ്‌.

പരിണാമ കഥ തുടങ്ങുന്നതിങ്ങനെ

നാലര ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ ഭൂമി ഉണ്ടായിക്കഴിഞ്ഞ്‌ ഇവിടെ ആദ്യം ഉണ്ടായത്‌ ചെടികളും പിന്നെ മൃഗങ്ങളുമെല്ലാമാണെന്ന്‌ നമുക്കറിയാം. കാലാന്തരത്തിലാണ്‌ പല മാറ്റങ്ങളും ഭൂമിയില്‍ ഉണ്ടായതെങ്കിലും ഏക കോശ ജീവിയില്‍ നിന്ന്‌ ഇന്ന്‌ കാണുന്ന തരത്തില്‍ നിരവധി കോശങ്ങളുള്ള ജീവികളിലേക്കും മറ്റുമുള്ള പരിണാമം ഒരു വലിയ കഥ തന്നെയാണെന്ന്‌ പറയാം. എന്നാല്‍ ഭൂമിയില്‍ പ്രധാന പരിണാമങ്ങള്‍ സംഭവിച്ചത്‌ കഴിഞ്ഞ 500 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌. ദിനോസറുകള്‍ അടക്കം ഭൂമി ഒരിക്കല്‍ അടക്കി വാണിരുന്നവ പലതും ഇക്കാലത്ത്‌ ഉണ്ടാവുകയും നാമാവശേഷമാവുകയും ചെയ്‌തു.

ഇങ്ങനെ പലതും ഭൂമിയില്‍ പൂര്‍ണമായി ഇല്ലാതായി പുതിയ രൂപത്തിലുള്ള പലതും ഇവിടെ രൂപംകൊണ്ടു. 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ഛിന്നഗ്രഹം വന്ന്‌ ദിനോസറുകള്‍ അടക്കം ഭൂമിയിലെ ഒട്ടുമിക്ക വലിയ ജീവികളെയും ഇല്ലാതാക്കിയപ്പോള്‍ ചില ചെറു ജീവികളും കടല്‍ ജീവികളുമൊക്കെ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. നമ്മുടെ അറിവിലുള്ള ഏറ്റവും വലിയ വംശനാശവും ഇതായിരുന്നു. അതിനുശേഷമുള്ള കാലം സസ്‌തനികളുടേതായിരുന്നു. വലിയ ഇരപിടിയന്മാരില്ലാതെ അവ വളര്‍ന്നു പെരുകി.

പ്രൈമേറ്റുകള്‍ എന്നറിയപ്പെടുന്ന ആള്‍ക്കുരങ്ങ്‌ വര്‍ഗത്തില്‍ പെട്ടവയാണ്‌ ഇങ്ങനെ വലിയ വൈവിധ്യത്തിന്‌ വിധേയരായത്‌. അതായത്‌, ദിനോസറുകള്‍ ഇല്ലാതായി വെറും 20 ലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറം 63 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രൈമേറ്റ്‌സ്‌ ഹാപ്ലോറീന്‍സ്‌ (haplorrhines), സ്‌ട്രെപ്‌സിറീന്‍സ്‌ (strepsirrhines) എന്നിങ്ങനെ രണ്ടായി ഇവ തിരിഞ്ഞു. ഹാപ്ലോറീന്‍സ്‌ ആണ്‌ കുരങ്ങുകളും വാലില്ലാ കുരങ്ങുകളും ഒക്കെയായി മാറിയത്‌. അതിനു ശേഷം അഞ്ച്‌ ദശലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്ക്‌ ഇവയ്‌ക്ക്‌ ജനിതക മാറ്റങ്ങളും സംഭവിക്കാന്‍ തുടങ്ങി. അങ്ങനെ സസ്‌തനികളും പക്ഷികളും സസ്യങ്ങളും എന്നുവേണ്ട എല്ലാ ജീവനുള്ളവയും പരിണാമത്തിലൂടെ പുതുതായി രൂപം കൊള്ളാന്‍ തുടങ്ങി. പരിണാമം എന്നത്‌ വൈവിധ്യമാര്‍ന്ന പ്രകൃതിയിലെ മാറ്റങ്ങള്‍ കൊണ്ടു കൂടിയാണ്‌ സംഭവിക്കുന്നത്‌. എല്ലാം പരസ്‌പരം സഹകരിച്ചു ചെയ്യുന്നു എന്നര്‍ഥം.

55 ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വീണ്ടും ഒരു മാറ്റം നമ്മുടെ ഭൂമിക്കുണ്ടായി. ഹരിതഗൃഹ വാതകങ്ങള്‍ പതിയെ ഭൂമിയില്‍ ഉയരാന്‍ തുടങ്ങി. അങ്ങനെ താപനവും ഉയര്‍ന്നു തുടങ്ങിയപ്പോള്‍ സമുദ്രത്തിന്റെ അടിത്തട്ടിലുണ്ടായിരുന്ന പല ജീവികളും സസ്യങ്ങളുമെല്ലാം നശിച്ചു തുടങ്ങി. ഈ മാറ്റം പിന്നീട്‌ സമുദ്രത്തില്‍ വലിയ സസ്‌തനികള്‍ക്ക്‌ വളരാനുള്ള ഇടമൊരുക്കി. ഒന്നു നശിച്ചെങ്കിലും മറ്റ്‌ പലതിനും അത്‌ വഴിയൊരുക്കി. മനുഷ്യ വര്‍ഗം ഉള്‍പ്പെടെയുള്ള സസ്‌തനികള്‍ ഭൂമി ഭരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്‌, 25 ദശലക്ഷം വര്‍ങ്ങള്‍ക്ക്‌ മുന്‍പ്‌ കുരങ്ങുകളും ആള്‍ക്കുരങ്ങുകളും വൈവിധ്യമാര്‍ന്നവയായി മാറുകയാണ്‌ ഉണ്ടായത്‌.

ആഫ്രിക്കയില്‍ നിന്ന്‌

ഇന്നത്തെ രണ്ടു കാലില്‍ നടക്കുന്ന മനുഷ്യന്റെ മുന്‍ഗാമി അങ്ങ്‌ കിഴക്കന്‍ ആഫ്രിക്കയിലാണ്‌ ആദ്യം ഉണ്ടായത്‌. അഞ്ചു മുതല്‍ ഏഴ്‌ ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആഫ്രിക്കയില്‍ ഉണ്ടായിരുന്ന വാലില്ലാത്ത കുരങ്ങന്മാരാണ്‌ (apes) ആദ്യമായി രണ്ടു കാലില്‍ നടന്നു തുടങ്ങിയത്‌. ഇന്നത്തെ മനുഷ്യന്റെ ആദ്യ രൂപം എന്ന്‌ അവയെ വിശേഷിപ്പിക്കാം. മൂന്നര ദശലക്ഷം മുന്‍പു തന്നെ അവ കല്ലുപയോഗിച്ച്‌ തീപ്പൊരി ഉണ്ടാക്കി തുടങ്ങിയിട്ടുണ്ടെന്നും കണ്ടെത്താനായിട്ടുണ്ട്‌. പിന്നീട്‌ രണ്ട്‌ ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഇവ ആഫ്രിക്കയില്‍ നിന്ന്‌ ഇന്നത്തെ ഏഷ്യ, യൂറോപ്പ്‌ എന്നീ ഭാഗങ്ങളിലേക്ക്‌ ചേക്കേറി തുടങ്ങിയത്‌ എന്നാണ്‌ ശാസ്‌ത്രജ്ഞരുടെ കണക്കുകൂട്ടല്‍.


കിഴക്കന്‍ ഏഷ്യയില്‍ കണ്ടെത്തിയവ യൂറോപ്പിലും ഏഷ്യയിലും കണ്ടെത്തിയ നിയാണ്ടര്‍ത്താല്‍ (Neanderthal) മനുഷ്യന്‌ സമാനമായി നട്ടെല്ല്‌ നിവര്‍ത്തി രണ്ടു കാലില്‍ നടക്കാന്‍ ശേഷിയുള്ളവരുമായിരുന്നു


ഇക്കാലത്ത്‌ ഗ്രേറ്റ്‌ ഏപ്‌സ്‌ വിഭാഗത്തില്‍ പെട്ട ഓറങ്‌ഗുട്ടന്‍ തെക്കന്‍ ഏഷ്യയിലേക്കും വ്യാപിച്ചു എന്നാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ ഇന്നു വരെ ഉണ്ടായതില്‍ വച്ച്‌ കൂടുതല്‍ കാലം നിലനിന്ന ഗ്രേറ്റ്‌ ഏപ്‌സ്‌ വര്‍ഗത്തില്‍ പെട്ടത്‌ ഗൊറില്ലകള്‍ മാത്രമാണ്‌. ഏകദേശം ഏഴു ദശലക്ഷം വര്‍ഷങ്ങളായി അവ ഭൂമിയില്‍ ഉണ്ട്‌. എന്നാല്‍ ഇതേ ഗ്രേറ്റ്‌ ഏപ്‌സില്‍ തന്നെ ആറ്‌ ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ രണ്ടായി വേര്‍തിരിവു വന്നു. ഒന്ന്‌ നമ്മള്‍ മനുഷ്യരുടെ ആദിമ കാല തലമുറക്കാരും മറ്റൊന്ന്‌ ചിമ്പാന്‍സികളും ബൊണോബോസുമായി. നമ്മുടെ പിന്മുറക്കാരെ അന്വേഷിച്ചുള്ള യാത്രയില്‍ ആദ്യം എത്തുന്നത്‌ ആര്‍ഡിപിത്തിക്കസ്‌ (Ardipithecus) വിഭാഗത്തിലാണ്‌. 5.6 ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഉണ്ടായെന്നു കരുതുന്ന രണ്ടു പാദങ്ങളുള്ള ഇവയാണ്‌ ഗ്രേറ്റ്‌ ഏപ്‌സില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള ഇടനാഴി. ഇവയുടെ ഫോസിലുകളാണ്‌ ഇന്നത്തെ മനുഷ്യനിലേക്കുള്ള ആ പരിവര്‍ത്തന കാലത്തുണ്ടായെന്നു കരുതാന്‍ ലഭിച്ച തെളിവുകള്‍. മനുഷ്യന്റെയും കുരങ്ങിന്റേയും രൂപമിശ്രിതമാണ്‌ ഇവയെന്നും പറയാം.

ഇന്നിലേക്കുള്ള വഴി

പരിണാമം സംബന്ധിച്ച്‌ കിട്ടിയ തെളിവുകള്‍ അനുസരിച്ച്‌ ഇന്നത്തെ ആധുനിക മനുഷ്യന്റെ അനാട്ടമിക്ക്‌ സമാന തരത്തിലുള്ളവ രൂപം പ്രാപിച്ചത്‌ ആഫ്രിക്കയില്‍ ഏകദേശം 1,95,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ എന്നായിരുന്നു ആദ്യം കരുതിയത്‌. ഇത്‌ എത്യോപ്യയില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട്‌ 2017ല്‍ ജര്‍മനിയിലെ മാക്‌സ്‌പ്ലാങ്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഇവലൂഷണറി ആന്ത്രപോളജി നടത്തിയ അന്വേഷണത്തില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നും 5000 കിലോമീറ്റര്‍ അപ്പുറത്ത്‌ മൊറോക്കോയില്‍ നിന്നും 3,15,000 വര്‍ഷം പഴക്കമുള്ള തലച്ചോറിന്റെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഈ കണ്ടെത്തല്‍ എല്ലാ വിഭാഗം ശാസ്‌ത്രജ്ഞരെയും തൃപ്‌തിപ്പെടുത്തിയിട്ടില്ല. പക്ഷേ മനുഷ്യന്റെ ആദ്യ വര്‍ഗം കിഴക്കന്‍ ആഫ്രിക്ക മാത്രമല്ല, വടക്കന്‍ ആഫ്രിക്കയിലും പടര്‍ന്നിരുന്നു എന്നു അനുമാനിക്കുന്നവരുമുണ്ട്‌.

കാരണം, കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നും ലഭിച്ചതിനു സമാനമായി മൊറോക്കോയിലും കണ്ടെത്തിയ അന്നത്തെ അവരുടെ തലച്ചോര്‍ ഇന്നത്തെ മനുഷ്യന്റേതിനു സമാന വലിപ്പമുള്ളതായിരുന്നു. മാത്രമല്ല, കിഴക്കന്‍ ഏഷ്യയില്‍ കണ്ടെത്തിയവ യൂറോപ്പിലും ഏഷ്യയിലും കണ്ടെത്തിയ നിയാണ്ടര്‍ത്താല്‍ (Neanderthal) മനുഷ്യന്‌ സമാനമായി നട്ടെല്ല്‌ നിവര്‍ത്തി രണ്ടു കാലില്‍ നടക്കാന്‍ ശേഷിയുള്ളവരുമായിരുന്നു. ഇങ്ങനെ വലിയ തലച്ചോറുള്ളവ മാറ്റങ്ങളെ കുറേക്കൂടി ആഴത്തില്‍ സ്വീകരിക്കാനും മാറാനും അതുകൊണ്ടുതന്നെ പലതും അതിജീവിക്കാനും ശേഷിയുള്ളവരായിരുന്നു. ഇതാണ്‌ രണ്ടര ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഹോമോ എന്ന വര്‍ഗത്തിന്റെ പരിണാമത്തില്‍ എത്തിയതും.


അനാട്ടമി ഒരുപോലെയാണെങ്കിലും ആദ്യ കാല മനുഷ്യരില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമവും ഒരു വലിയ മാറ്റം തന്നെയാണ്‌


ആദ്യ കാലത്തെ ഹോമോ ഇറക്ടസ്‌ എന്ന മനുഷ്യര്‍ 1.9 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ രണ്ടു കാലില്‍ നടക്കുക മാത്രമല്ല, നിവര്‍ന്നു നടക്കാന്‍ തുടങ്ങി. കുറച്ചുകൂടി വലിയ തലച്ചോര്‍ ഉണ്ടായിരുന്ന ഇവരാണ്‌ ആദ്യമായി തീ ഉപയോഗിച്ച്‌ തുടങ്ങിയവരും. ആഫ്രിക്കയ്‌ക്ക്‌ പുറത്തും ഇവര്‍ വ്യാപിച്ചു തുടങ്ങി. എന്നാല്‍ അപ്പോഴും എന്നാണ്‌, എവിടെയാണ്‌ ഈ മാറ്റം സംഭവിച്ചതെന്ന്‌ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്രയേറെ ക്രിയാത്മകമായി ചിന്തിക്കുന്ന, ബുദ്ധിയും യുക്തിയും ഉപയോഗിച്ച്‌ കാര്യങ്ങളെ നിയന്ത്രിക്കാനറിയുന്ന, പൂര്‍ണ മനുഷ്യന്റെ സ്വഭാവവും ശരീരവും ജീനുകളുമുള്ള ആധുനിക മനുഷ്യന്‍ എങ്ങനെ എപ്പോള്‍ ഉണ്ടായി എന്നതിന്‌ കൃത്യമായി ഒരു ഉത്തരമില്ല എന്നു തന്നെ പറയേണ്ടി വരും.

ആധുനിക മനുഷ്യനിലേക്ക്‌

ഏകദേശം ഏഴ്‌ ലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഹോമോ വിഭാഗത്തില്‍ തന്നെയുള്ളവ പാചകം ചെയ്‌തിരുന്നതായും അഞ്ച്‌ ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വസ്‌ത്രം ഉപയോഗിച്ചിരുന്നതായും ചില ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഇന്നത്തെ നമ്മള്‍, ആധുനിക മനുഷ്യന്‍ അഥവാ ഹോമോ സാപിയന്‍സ്‌, രൂപം പ്രാപിച്ചിട്ട്‌ ഏകദേശം മൂന്ന്‌ ലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളുവെന്നാണ്‌ നിഗമനം. ഹോമോ സാപിയന്‍സിന്റെ കാലത്താണ്‌ ഭാഷകളും ഉണ്ടായത്‌.

ആദ്യകാലത്തെ മനുഷ്യന്‍ ഇന്നത്തെ രീതികളുമായി തീര്‍ത്തും വ്യത്യസ്‌തരായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. മനുഷ്യന്‍ ജീവിക്കാനായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി സമൂഹ ജീവിയായി കഴിയാനും തുടങ്ങി. അനാട്ടമി ഒരുപോലെയാണെങ്കിലും ആദ്യ കാല മനുഷ്യരില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമവും ഒരു വലിയ മാറ്റം തന്നെയാണ്‌. വേട്ടയാടിയും കാടുമായി ഇണങ്ങിയും ജീവിച്ച മനുഷ്യന്‍ സ്വന്തമായി ഒരു സംസ്‌കാരം രൂപപ്പെടുത്തിയതും ആധുനിക സംവിധാനങ്ങളിലേക്കുള്ള ചുവടുവയ്‌പ്പുമെല്ലാം ഒരു പരിണാമ പ്രക്രിയ തന്നെയായി കാണാം. ജീവശാസ്‌ത്രപരമായി അല്ലെങ്കിലും സാംസ്‌കാരികമായി മനുഷ്യന്‍ മാറിയത്‌ ആ പരിണാമത്തിന്റെ ഭാഗമായാണ്‌.

മഹാവിസ്‌ഫോടനത്തില്‍ നിന്നും ഈ പ്രപഞ്ചം ഉണ്ടായിട്ട്‌ 13.8 ബില്യണ്‍ വര്‍ഷങ്ങളായെങ്കിലും അതിന്റെ 99.998% സമയവും കടന്നാണ്‌ ഇന്നത്തെ മനുഷ്യന്‍ ഇവിടെ ഉടലെടുത്തത്‌. അതായത്‌, ഈ പ്രപഞ്ചത്തില്‍ ഏറ്റവും അവസാനം എത്തിയവരെന്നും വേണമെങ്കില്‍ പറയാം. പക്ഷേ അത്രയേറെ ചുരുങ്ങിയ സമയം കൊണ്ട്‌ നമ്മള്‍ എന്തെല്ലാം മനസ്സിലാക്കി! പ്രപഞ്ചോത്‌പത്തി മുതല്‍ മനുഷ്യന്റെ ഈ പരിണാമ കഥ വരെ നാം ചികഞ്ഞെടുത്തു. ഈ ലോകം തന്നെ കീഴടക്കിയ മനുഷ്യന്‍ പ്രപഞ്ചത്തിലെ മറ്റ്‌ തുരുത്തുകളിലേക്കും ചേക്കേറാന്‍ ഒരുങ്ങുന്നു. നമ്മുടെ ഈ കഥ ഇവിടെ അവസാനിക്കുന്നില്ല, അത്‌ തുടര്‍ന്നുകൊണ്ടേയിരിക്കും...