Feb 25 • 10M

സ്വപ്നം കാണാന്‍ പഠിപ്പിച്ച അബ്ദുള്‍ കലാം

എപിജെ അബ്ദുള്‍ കലാം എന്ന അപൂര്‍വ്വ പ്രതിഭയുടെ പ്രചോദിപ്പിക്കുന്ന ജീവിതവും കരിയറും അറിയാം സയന്‍സ് ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സിലൂടെ...

3
1
 
1.0×
0:00
-10:00
Open in playerListen on);
Episode details
1 comment

ഇന്ത്യയുടെ മിസൈല്‍ മാന്‍, ജനങ്ങളുടെ പ്രസിഡന്റ്, ലോകമറിയുന്ന ശാസ്ത്രജ്ഞന്‍; എല്ലാത്തിനും ഉപരി മനുഷ്യരുടെ മനസ്സറിയുന്ന ഒരു നല്ല മനുഷ്യ സ്നേഹി, ഈ വിശേഷണങ്ങള്‍ക്കെല്ലാം ഉടമ ഒരേയൊരു വ്യക്തി- എപിജെ അബ്ദുള്‍ കലാം. എത്ര വര്‍ഷങ്ങള്‍ കടന്നാലും ജനമനസ്സുകളില്‍ മായാത്ത, ഉടയാത്ത ബിംബം. പ്രതിസന്ധികളും ദാരിദ്ര്യവും അലട്ടിയ ചെറുപ്പകാലത്തും അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് കലാം നേടിയത് ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൊണ്ടായിരുന്നു. എപിജെ അബ്ദുള്‍ കലാം എന്ന അപൂര്‍വ്വ പ്രതിഭയുടെ പ്രചോദിപ്പിക്കുന്ന ജീവിതവും കരിയറും അറിയാം സയന്‍സ് ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സിലൂടെ...

ഇന്ത്യയുടെ അഭിമാനം

ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നങ്ങളല്ല യഥാര്‍ഥ സ്വപ്നങ്ങള്‍, ഉറങ്ങാന്‍ നിങ്ങളെ അനുവദിക്കാതിരിക്കുന്നവയാണ് സ്വപ്നങ്ങള്‍ എന്ന് അബ്ദുള്‍ കലാം പറഞ്ഞപ്പോള്‍ അത് നമ്മുടെ ചിന്തകളെ തന്നെയാണ് പ്രചോദിപ്പിച്ചത്. ഒരു സാധാരണ നാട്ടിന്‍പുറത്ത് ജനിച്ച് വലിയ സ്വപ്നങ്ങള്‍ കണ്ട്, അത് യാഥാര്‍ഥ്യമാക്കുകയും മറ്റുള്ളവരെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തയാളായിരുന്നു അബ്ദുള്‍ കലാം. ജീവിതത്തില്‍ വലിയ സ്വപ്നങ്ങള്‍ കാണാനും അത് പ്രാവര്‍ത്തികമാക്കാനും നമ്മെ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍.


സ്‌കൂളില്‍ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നെങ്കിലും കലാം ബുദ്ധിമാനും കഠിനമായി പ്രയത്നിക്കുന്ന വ്യക്തിയുമായിരുന്നു


എയര്‍ഫോഴ്സില്‍ പൈലറ്റാവാന്‍ ആഗ്രഹിച്ച് ലോകമറിയുന്ന ശാസ്ത്രജ്ഞനും പിന്നീട് ഇന്ത്യയുടെ പ്രസിഡന്റുമായ ജന നേതാവ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ പല ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കും പുറകില്‍ കലാമിന്റെ ബുദ്ധിയായിരുന്നു. വിശേഷണങ്ങള്‍ എത്ര പറഞ്ഞാലും മതിയാവില്ല, അബ്ദുള്‍ കലാം എന്ന ഈ അതുല്യ പ്രതിഭയെ വര്‍ണ്ണിക്കാന്‍.

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം

തമിഴ്നാട്ടിലെ പാമ്പന്‍ ദ്വീപിലുള്ള രാമേശ്വരത്ത്‌ ഒരു തമിഴ് മുസ്ലിം കുടുംബത്തിലാണ് ഡോ.അവ്വുല്‍ പക്കിര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്, 1931 ഒക്ടോബര്‍ 15ന്. അന്ന് മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്ന രാമേശ്വരത്തെ ഒരു പള്ളിയിലെ ഇമാം ആയിരുന്ന ജൈനുലാബ്ദീന്‍ മരയ്ക്കാറുടേയും ഐഷാമ്മയുടേയും അഞ്ച് മക്കളില്‍ ഇളയവനായിരുന്നു കലാം. കലാമിന്റെ അച്ഛന്‍ ജൈനുലാബ്ദീന് രാമേശ്വരത്ത് നിന്നും ധനുഷ്‌കോടിയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഒരു ബോട്ടുണ്ടായിരുന്നു. കലാമിന്റെ മുന്‍ഗാമികള്‍ വലിയ പ്രതാപികളും ഭൂവുടമകളും ഒക്കെയായിരുന്നു. പക്ഷേ കലാമിന്റെ കാലമായപ്പോഴേക്കും ആ പ്രതാപമെല്ലാം ഇല്ലാതായി കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി തുടങ്ങിയിരുന്നു.

ദാരിദ്ര്യം പിടിമുറുക്കിയപ്പോഴും കലാം തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. പിന്നീട് വീട്ടിലെ പട്ടിണിയകറ്റാന്‍ ചെറു പ്രായത്തില്‍ തന്നെ കലാം പത്രം വില്‍ക്കാന്‍ പോയി തുടങ്ങി. സ്‌കൂളില്‍ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നെങ്കിലും കലാം ബുദ്ധിമാനും കഠിനമായി പ്രയത്നിക്കുന്ന വ്യക്തിയുമായിരുന്നു. പഠിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു കലാമിന്. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ പഠനത്തിനായി മാത്രം ചിലവിട്ടു. ഗണിതം പഠിക്കാനായിരുന്നു കൂടുതല്‍ താല്‍പര്യം. സ്‌കൂള്‍ പഠനത്തിന് ശേഷം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജില്‍ നിന്ന് 1954ല്‍ ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ കലാം അതിനു ശേഷം മദ്രാസിലേക്ക് ചുവടുമാറി.


ദാരിദ്ര്യം പിടിമുറുക്കിയപ്പോഴും കലാം തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. പിന്നീട് വീട്ടിലെ പട്ടിണിയകറ്റാന്‍ ചെറു പ്രായത്തില്‍ തന്നെ കലാം പത്രം വില്‍ക്കാന്‍ പോയി തുടങ്ങി


പരീക്ഷണങ്ങളുടെ കാലം

മദ്രാസിലെത്തിയ കലാം തന്റെ കരിയര്‍ തുടങ്ങാനുള്ള തറക്കില്ലിടുന്നത് ഇവിടെ നിന്നാണ്. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 1955ല്‍ എയ്റോസ്പേസ് എന്‍ജിനീയറിങ്ങിന് ചേര്‍ന്ന കലാമിന് പക്ഷേ അവിടെ പരീക്ഷണങ്ങള്‍ അനവധി നേരിടേണ്ടി വന്നു. അവസാന വര്‍ഷത്തെ പ്രൊജക്റ്റില്‍ കലാമിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാവാതിരുന്ന കോളേജിലെ ഡീന്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ പ്രൊജക്റ്റ് പൂര്‍ണമാക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ കലാമിന്റെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ഡീനിനെ അതിശയിപ്പിച്ചുകൊണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ കലാം അത് പൂര്‍ത്തിയാക്കി.


കരയിലും വെള്ളത്തിലും മഞ്ഞിലും ചെളിയിലുമെല്ലാം ഓടിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ചെറിയ ഹോവര്‍ക്രാഫ്ര്റ്റ് ഡിസൈന്‍ ചെയ്തായിരുന്നു കലാമിന്റെ കരിയറിന്റെ തുടക്കം


പിന്നീട് ഡീന്‍ തന്നെ ഇക്കാര്യത്തില്‍ കലാം തന്നെ അത്ഭുതപ്പെടുത്തിയതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, 'കലാമിന് സാധ്യമാകില്ലെന്ന് ഉറപ്പിച്ചാണ് ചെയ്യാന്‍ കഴിയാത്തൊരു സമയപരിധി നല്‍കി സമ്മര്‍ദ്ദത്തിലാക്കിയത്.' കലാമിന്റെ ആത്മാര്‍ഥതയും സത്യസന്ധതയും വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം. അക്കാലത്ത് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഫൈറ്റര്‍ പൈലറ്റാകാന്‍ കലാമിന് ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള പരീക്ഷയില്‍ ഒന്‍പതാമനായി എത്തിയെങ്കിലും എട്ട് ഒഴിവുകള്‍ മാത്രമേ അപ്പോള്‍ വ്യോമസേനയിലുണ്ടായിരുന്നുള്ളൂ. കാലം അദ്ദേഹത്തിനായി കരുതിവച്ചിരുന്ന വിധി മറ്റൊന്നായതുകൊണ്ടാകാം, അന്ന് അതു നേടാന്‍ കലാമിന് കഴിയാതെ പോയത്.

പുതിയ തുടക്കം

എന്‍ജിനിയറിങ് കഴിഞ്ഞ ഉടനേ കലാം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (DRDO) ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചു. കരയിലും വെള്ളത്തിലും മഞ്ഞിലും ചെളിയിലുമെല്ലാം ഓടിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ചെറിയ ഹോവര്‍ക്രാഫ്ര്റ്റ് ഡിസൈന്‍ ചെയ്തായിരുന്നു കലാമിന്റെ കരിയറിന്റെ തുടക്കം. പക്ഷേ അപ്പോഴും ഡിആര്‍ഡിഒ യിലെ ജോലിയില്‍ അത്ര തൃപ്തനായിരുന്നില്ല കലാം. ഈ സമയത്താണ് വിഖ്യാത ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായ്ക്ക് കീഴില്‍ അദ്ദേഹം ജോലി ചെയ്തു തുടങ്ങിയത്. പിന്നീട് 1969ല്‍ കലാമിന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലേക്ക് (ISRO) സ്ഥലംമാറ്റം ലഭിച്ചു. അവിടെ നിന്നാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ആ കൈകളിലൂടെ പിറക്കുന്നത്.

മിസൈല്‍ മാന്‍

1965ല്‍ കലാം റോക്കറ്റ് പ്രൊജക്റ്റ് സാങ്കേതികവിദ്യയില്‍ തനിച്ച് ഗവേഷണം നടത്തി തുടങ്ങി. നാല് വര്‍ഷങ്ങള്‍ക്കു ശേഷം അതിനായി കൂടുതല്‍ എന്‍ജിനിയര്‍മാരുടെ സേവനം കൂടി സര്‍ക്കാര്‍ അനുവദിച്ചു. ഇന്ത്യയുടെ ആദ്യ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ ഉപഗ്രഹ വിക്ഷേപണ വാഹനം (SLV) നിര്‍മിക്കുന്നതിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്നു കലാം. ആദ്യമായി ഇന്ത്യ സ്വന്തം വിക്ഷേപണ വാഹനത്തില്‍ പരീക്ഷണാര്‍ഥം അയച്ച രോഹിണി എന്ന ഉപഗ്രഹം 1980ല്‍ വിക്ഷേപിക്കാനുമായി. ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങുന്നത് അന്നുമുതലാണ്.

പിന്നീട് നിരവിധി അഭിമാനാര്‍ഹമായ വിക്ഷേപണങ്ങള്‍ നടത്താന്‍ ഐഎസ്ആര്‍ഒ യെ സഹായിച്ച പിഎസ്എല്‍വി എന്നറിയപ്പെടുന്ന പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV) നിര്‍മിച്ചതിന്റെ പുറകിലും കലാമിന്റെ ബുദ്ധിയായിരുന്നു. അഗ്‌നി, പൃഥ്വി എന്നീ മിസൈലകളുടെ നിര്‍മാണവും പ്രവര്‍ത്തനവും കലാമിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയുടെ മിസൈല്‍ സാങ്കേതികവിദ്യയും ന്യൂക്ലിയര്‍ ആയുധങ്ങളുടെ പ്രയോഗത്തിലും എല്ലാം കലാമിന്റെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു. നിരവധി മിസൈലുകളുടെ വിജയകരമായ വിക്ഷേപണം പൂര്‍ത്തിയായതിലൂടെ ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന പേരും അദ്ദേഹത്തിനു വീണു. ഫൈബര്‍ ഗ്ലാസ് സാങ്കേതികവിദ്യയുടേയും ആദ്യ കണ്ടെത്തല്‍ കലാമിന്റേതാണ്.

ജന നായകന്‍

പല കാലങ്ങളിലായി പല തരത്തിലായി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സര്‍ക്കാരിലും കലാമിന് സ്വാധീനമുണ്ടായിരുന്നു. അതു പക്ഷേ രാഷ്ട്രീയ കൗശലം കൊണ്ടല്ലായിരുന്നു, രാജ്യത്തിന്റെ കുതിപ്പിന് നെടുംതൂണാകാന്‍ കഴിയുന്നവണ്ണം തന്റെ കഴിവും പ്രാഗല്‍ഭ്യവും നന്മയ്ക്കായി ഉപയോഗിച്ചു കൊണ്ടായിരുന്നു. 1992 മുതല്‍ 1997 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു കലാം. അടുത്ത വര്‍ഷം, 98ല്‍ രാജ്യം നടത്തിയ ന്യൂക്ലിയര്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇന്ത്യയെ ഒരു ഒഴിച്ചുനിര്‍ത്താനാകാത്ത ശക്തിയാണെന്ന് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തെളിയിച്ചതും ഇദ്ദേഹമായിരുന്നു. ഇതോടെ കലാം ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ ഒരു നായക പരിവേഷം നേടി.

പിന്നീട് 1999 മുതല്‍ 2001 വരെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായും കലാം പ്രവര്‍ത്തിച്ചു; കേന്ദ്ര മന്ത്രിക്കു തുല്യ റാങ്കുള്ള പദവി. ഇക്കാലത്താണ് വിഷന്‍ 20-20 എന്ന പേരില്‍ 2020 വര്‍ഷത്തേക്കുള്ള ഒരു ദീര്‍ഘകാല പദ്ധതിയും സ്വപ്നവും അദ്ദേഹം പങ്കു വയ്ക്കുന്നത്. കാര്‍ഷിക ക്ഷമതയും സാമ്പത്തിക വളര്‍ച്ചയും ആരോഗ്യ-വിദ്യാഭ്യാസ തലത്തിലുള്ള വളര്‍ച്ച, അങ്ങനെ അടിമുടി ഇന്ത്യ ഒരു വികസിത രാജ്യമാകാനായി വേണ്ട കര്‍മ്മപദ്ധതികളും അദ്ദേഹം മുന്നോട്ടുവച്ചു. പക്ഷേ 2021 കഴിഞ്ഞ് 2022ലേക്ക് കടക്കുന്ന നമ്മള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നം തന്നെയാണ്.

ഇന്ത്യയുടെ അമരക്കാരന്‍

2002ല്‍ ഇന്ത്യ ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാരാണ് കലാമിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. കെ.ആര്‍. നാരായണന് പിന്‍ഗാമിയാകാന്‍ പ്രതിപക്ഷവും പിന്തുണ നല്‍കി. അങ്ങനെ കക്ഷി ഭേദമന്യേ എല്ലാവരും ഒന്നിച്ച് എ.പി.ജെ.അബ്ദള്‍ കലാം എന്ന ഇന്ത്യയുടെ സ്വകാര്യ അഹങ്കാരത്തെ രാജ്യത്തിന്റെ അമരക്കാരനാക്കി. ഇന്ത്യയുടെ പതിനൊന്നാം പ്രസിഡന്റായി കലാം എത്തിയപ്പോള്‍ രാജ്യം അദ്ദേഹത്തെ ഹൃദയത്തിലാണ് വരവേറ്റത്. അങ്ങനെ ജനങ്ങളുടെ പ്രസിഡന്റ് എന്ന് സ്നേഹത്തോടെ അദ്ദേഹത്തെ എല്ലാവരും വിളിച്ചു. എന്നാല്‍ 2007ല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോള്‍ ഒരു തവണ കൂടി ആ പദവി ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറി.

പ്രസിഡന്റ് പദവിക്ക് ശേഷവും കലാം തന്റെ ജീവിതം ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വേണ്ടി മാത്രമായി ഉഴിഞ്ഞുവച്ചിരുന്നു. ഇന്ത്യയെ ഒരു വികസിത രാജ്യമായി കാണാന്‍ ആഗ്രഹിച്ച അദ്ദേഹം രാജ്യമൊട്ടാകെ നിരവധി സര്‍വ്വകലാശാലകളിലും മറ്റുമായി നിരവധി വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചും പ്രസംഗിച്ചും വെളിച്ചമായി. ഇന്ത്യയിലും വിദേശത്തുമുള്ള 48 സര്‍വ്വകലാശാലകള്‍ കലാമിനോടുള്ള ബഹുമാനാര്‍ഥം ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

മാത്രമല്ല, ഇന്ത്യയിലെ ഒരു പൗരന് നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരത രത്നയും (1997) പത്മ ഭൂഷണ്‍ (1981), പത്മ വിഭൂഷണ്‍ (1990) എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. 1999ല്‍ പുറത്തിറങ്ങിയ കലാമിന്റെ ആത്മകഥ 'അഗ്‌നിചിറകുകള്‍' ഇന്നും അനവധി പേരെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥമാണ്. 2015 ജൂലൈ 27ന് ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സംസാരിക്കുന്നതിനിടെ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞു വീണു. അങ്ങനെ ഇന്ത്യയുടെ അഭിമാന സൂര്യന്‍ അന്ന് 83-ാം വയസ്സില്‍ അസ്തമിച്ചു.

ജീവിതം മുഴുവന്‍ ഒരു നാടിനു വേണ്ടി സമര്‍പ്പിച്ച്, അതിന്റെ ഉയര്‍ച്ചയ്ക്കായി പ്രയത്നിച്ച വ്യക്തിയായിരുന്നു കലാം. അവിവാഹിതനായി തുടര്‍ന്ന അദ്ദേഹം മരണം വരെ തന്റെ സഹോദരങ്ങളും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ ലളിതമായ ജീവിത ശൈലി കൊണ്ടും കാഴ്ചപ്പാട് കൊണ്ടും അദ്ദേഹം മരണം വരെ വേറിട്ട വ്യക്തിത്വം പുലര്‍ത്തിയിരുന്നു. മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷവും കലാമിന്റെ ജീവിതവും ആദര്‍ശങ്ങളും കാഴ്ചപ്പാടും ചര്‍ച്ചയാകുന്നതും അതുകൊണ്ടെല്ലാമാണ്.