Mar 25

നാവ് പുറത്തിട്ട് ദേഷ്യപ്പെടുന്ന ഐന്‍സ്‌റ്റൈന്‍; വിശ്വവിഖ്യാത ഫോട്ടോയ്ക്ക് പിന്നിലെ കഥ

ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍! പേര് കേട്ടപ്പോള്‍ മനസിലേക്ക് ഓടിവന്ന രൂപം ഏതാണ്? നാവ് പുറത്തേക്ക് നീട്ടി കണ്ണ് മിഴിച്ച് ഗോഷ്ടി കാണിക്കുന്ന ആ മുഖമാണോ

4
 
1.0×
--:--
--:--
Open in playerListen on);
Episode details
Comments

ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍! പേര് കേട്ടപ്പോള്‍ മനസിലേക്ക് ഓടിവന്ന രൂപം ഏതാണ്? നാവ് പുറത്തേക്ക് നീട്ടി കണ്ണ് മിഴിച്ച് ഗോഷ്ടി കാണിക്കുന്ന ആ മുഖമാണോ. അതിശയമില്ല. ആ ഫോട്ടോ ഒരിക്കല്‍ കണ്ടവര്‍ പിന്നീടത് മറക്കാനിടയില്ല. കാരണം ആരും ശ്രദ്ധിച്ചുപോകുന്ന വളരെ വിചിത്രവും അപൂര്‍വവുമായ ഐന്‍സ്റ്റൈന്‍ ചിത്രമാണത്. മാത്രമല്ല ഐന്‍സ്‌റ്റൈനൊപ്പം എന്നും എവിടെയും പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നും. ഉദാഹരണത്തിന്  ഐന്‍സ്‌റ്റൈന്‍ എന്ന് ഗൂഗിളിലോ മറ്റേതെങ്കിലും ബ്രൗസറുകളിലോ ടൈപ്പ് ചെയ്തുനോക്കൂ. ആദ്യം നിങ്ങളുടെ കണ്ണുടക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ഇപ്പറഞ്ഞ ഫോട്ടോ തന്നെ ആയിരിക്കും. അരക്കിറുക്കനായ പ്രഫസര്‍ എന്ന് പോലും ലോകത്തെ കൊണ്ട് പറയിപ്പിച്ച ഒരു ഫോട്ടോ ആണത്.

എന്താണ് ഈ ഫോട്ടോയ്ക്ക് പിന്നിലെ കഥ? ഐന്‍സ്‌റ്റൈന്‍ വെറുതെ ഒരു രസത്തിന് ഫോട്ടോയ്ക്ക് ഇങ്ങനെ പോസ് ചെയ്തതാണോ, അതോ അദ്ദേഹം മനപ്പൂര്‍വ്വം അനിഷ്ടത്തോടെ അങ്ങനെ കാണിക്കുകയായിരുന്നോ? ലോകപ്രശസ്തനായ, ലോകത്തെ തന്നെ അമ്പരിപ്പിച്ച കണ്ടെത്തലുകള്‍ നടത്തിയ ഒരു ശാസ്ത്രജ്ഞന്‍ ഇങ്ങനെയൊരു കോമാളി ഭാവം കാട്ടിയത് ഉചിതമായോ? പക്ഷേ വിശ്വവിഖ്യാത ഫോട്ടോയ്ക്ക് പിന്നിലെ കഥ അറിഞ്ഞാല്‍ ഐന്‍സ്റ്റൈന്‍ അങ്ങനെ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കും മനസിലാകും.

സഹികെട്ടാല്‍ ഐന്‍സ്‌റ്റൈനും..

ഇരുപതാം നൂറ്റാണ്ടിലെ ഒരു വ്യക്തിയുടെ ഏറ്റവും മികച്ച പ്രസ്സ് ഫോട്ടോഗ്രാഫ് എന്ന് ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിച്ച ഈ ഫോട്ടോ എടുത്തിരിക്കുന്നത് 1951 മാര്‍ച്ച് 14ന് ഐന്‍സ്റ്റൈന്റെ എഴുപത്തിരണ്ടാം പിറന്നാള്‍ ദിനത്തിലാണ്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ക്ഷീണിതനായി മടങ്ങാന്‍ തുടങ്ങുകയായിരുന്നു ഐന്‍സ്റ്റൈന്‍. പ്രിയ ശാസ്ത്രജ്ഞന്റെ പിറന്നാള്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ഉന്തും തള്ളുമായിരുന്നു. രാത്രി മുഴുവന്‍ ചിരിച്ച് ചിരിച്ച് ഐന്‍സ്‌റ്റൈനും മടുത്തിരുന്നു. പാര്‍ട്ടിയെല്ലാം കഴിഞ്ഞ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മേധാവി ആയിരുന്ന ഡോ.ഫ്രാങ്ക് എയ്ഡലോട്ടിനും അദ്ദേഹത്തിന്റെ ഭാര്യ മരിയ ജാനറ്റിനുമൊപ്പം ഐന്‍സ്‌റ്റൈന്‍ കാറിന്റെ പിന്‍സീറ്റില്‍ കയറിയിരുന്നു. ഇരുവര്‍ക്കും ഇടയിലായിരുന്നു ഐന്‍സ്‌റ്റൈന്‍ ഇരുന്നത്. അപ്പോഴാണ് വീണ്ടും ഒരു സംഘം ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോയ്ക്കായി ഓടിവന്നത്.

ഐന്‍സ്റ്റൈന്‍ ഒട്ടും നല്ല മൂഡില്‍ ആയിരുന്നില്ല. അതുമതിയെന്ന് അദ്ദേഹം ആക്രോശിച്ചു. എന്നിട്ടും ഫോട്ടോഗ്രാഫര്‍മാര്‍ കേട്ടില്ല. ഒടുവില്‍ സഹികെട്ട് ഐന്‍സ്‌റ്റൈന് അങ്ങനെ കാണിക്കേണ്ടി വന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെ നാക്ക് പുറത്തിട്ട് അദ്ദേഹം തന്റെ അമര്‍ഷം പ്രകടിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്ത് അദ്ദേഹം നാക്ക് അകത്തിട്ടു. പക്ഷേ യുപിഐ ഫോട്ടോഗ്രാഫറായ ആര്‍തര്‍ സാസ്സേയ്ക്ക് അതുല്യപ്രതിഭയുടെ നിമിഷനേരത്തെ ആ അപൂര്‍വഭാവം ക്യാമറയില്‍ ഒപ്പിയെടുക്കാനായി.

ഐന്‍സ്‌റ്റൈന്റെയും ഇഷ്ടഫോട്ടോ

അന്നത്തെ ആ സംഭവം ഐന്‍സ്‌റ്റൈനെ ചൊടിപ്പിച്ചിരിക്കാമെങ്കിലും പിന്നീട് അദ്ദേഹവും ആ ഫോട്ടോയില്‍ ആകൃഷ്ടനായി എന്നതാണ് സത്യം. സാസ്സെ എടുത്ത ഫോട്ടോ ഇഷ്ടപ്പെട്ട ഐന്‍സ്‌റ്റൈന്‍ അതിന്റെ ഒമ്പത് പ്രിന്റുകളാണ് യുപിഐയോട് ആവശ്യപ്പെട്ടത്. പേഴ്സണല്‍ ഗ്രീറ്റിംഗ് കാര്‍ഡുകളായി ഉപയോഗിക്കുന്നതിനായിരുന്നു അത്. അതില്‍ മിക്കതിലും ഐന്‍സ്റ്റൈന്റെ തല മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് ലോകപ്രശസ്തമായി മാറിയ ഐന്‍സ്‌റ്റൈന്‍ ചിത്രമായി. അതിലൊരണ്ണം മാത്രം ഐന്‍സ്‌റ്റൈന്റെ ഒപ്പോടുകൂടി ഒരു ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചിരുന്നു. 2017ല്‍ 125,000 ഡോളറിനാണ് അത് ലേലത്തില്‍ പോയത്.

ഐന്‍സ്റ്റൈനുമായി ബന്ധപ്പെട്ട പ്രിന്റുകളും കത്തുകളും മറ്റ് സ്മാരകങ്ങളും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോകുന്നത് പുതിയ സംഭവമൊന്നും അല്ല. 2017ല്‍ തന്നെ സാമാന്യ ആപേക്ഷികതയെ പറ്റിയുള്ള ഒരു ഫിസിക്സ് അധ്യാപകന്റെ സംശയങ്ങള്‍ക്ക് 1953ല്‍ ഐന്‍സ്‌റ്റൈന്‍ എഴുതിയ മറുപടിക്കത്ത് 54,000 ഡോളറിന് ഒരാള്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. 2013ല്‍ ഐന്‍സ്റ്റൈന്‍ ഉപയോഗിച്ചിരുന്ന ബൈബിള്‍ 68,500 ഡോളറിന് വിറ്റുപോയി. നാസി ഭരണത്തില്‍ നിന്നും ജൂതന്മാരെ രക്ഷപ്പെടാന്‍ സഹായിച്ച ഒരു തൊപ്പിക്കച്ചവടക്കാരന് 1939ല്‍ ഐന്‍സ്‌റ്റൈന്‍ എഴുതിയ കത്ത് 2014ല്‍ 12,500 ഡോളറിനാണ് ലേലത്തില്‍ പോയത്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ലേലം 2012ലായിരുന്നു നടന്നത്. ഐന്‍സ്‌റ്റൈന്റെ 'ഗോഡ് ലെറ്റര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കത്ത് 3 മില്യണ്‍ ഡോളറിനാണ് ഈബേയില്‍ വിറ്റുപോയത്. മതപരമായ വിശ്വാസങ്ങള്‍ ബാലിശമാണെന്ന തന്റെ കാഴ്ചപ്പാടുകള്‍ ആണ് ഐന്‍സ്‌റ്റൈന്‍ ഈ കത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.