
അത്ര വലിയ ചെകുത്താനാണോ യഥാര്‍ത്ഥത്തില്‍ ബര്‍മുഡ ട്രയാങ്കിള്‍?
ബര്‍മുഡ ട്രയാങ്കിള്‍ മേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങളെയും കപ്പലുകളെയും എല്ലാം കണ്ടുപിടിക്കപ്പെടാത്ത ഏതോ ഒരു ശക്തി വലിച്ചങ്ങെടുക്കുമെന്നാണ് ഇപ്പോഴും പരക്കുന്ന നിഗൂഢ കഥകള്‍. എന്താണ് യാഥാര്‍ത്ഥ്യം?
എന്താണീ ബര്‍മുഡ ട്രയാങ്കിള്‍? ഇത്രയും പേടിയോടെ അതിനെ കാണാന്‍ കാരണമെന്താണ്? 13 വയസുകരാനായ പീറ്റര്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ ടീച്ചറോട് ചോദിച്ചതാണ്. എന്നാല്‍ ബര്‍മുഡ ട്രയാങ്കിളിനെ കുറിച്ച് അങ്ങനെ ആധികാരികമായൊന്നും ആ അധ്യാപികയ്ക്ക് പറയാനുണ്ടായില്ല. വിമാനങ്ങള്‍ അപ്രത്യക്ഷമാകുന്ന നിഗൂഢതയും മറ്റും പറഞ്ഞുകൊടുത്തെങ്കിലും എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം അവര്‍ക്ക് വ്യക്തമായി നല്‍കാനായില്ല.
അങ്ങനെ പീറ്ററിന്റെ മനസില്‍ ബാക്കി ആയത് ബര്‍മുഡ ട്രയാങ്കിളിനെ കുറിച്ച് നിഗൂഢത മാത്രമാണ്. അതിന് പുറകിലുള്ള ശാസ്ത്രീയമായ അറിവുകളിലേക്കൊന്നും അവരുടെ ചര്‍ച്ച നീണ്ടില്ല. 13 വയസുകാരനില്‍ ബാക്കിയാവുന്നത് ബര്‍മുഡ ട്രയാങ്കിളിനെ കുറിച്ചുള്ള കെട്ടുകഥയും. കൗതുകങ്ങളായ അറിവുകളോട് താല്‍പ്പര്യമുള്ള എല്ലാവരും തന്നെ ചെറുപ്പം മുതല്‍ കേട്ട നിഗൂഢതകളില്‍ ഒന്നാണ് ബര്‍മുഡ ട്രയാങ്കിള്‍. ചെകുത്താന് ത്രികോണം എന്നും ഇതിനെ പലരും വിശേഷിപ്പിക്കുന്നു.
വര്‍ഷം 1945. ഡിസംബര്‍ അഞ്ചാം തീയതി ഏകദേശം ഉച്ചയോട് കൂടി അമേരിക്കയുടെ അഞ്ച് നാവിക വിമാനങ്ങള്‍ പരിശീലന പറക്കലിനായി ഫ്ളോറിഡയില്‍ നിന്നും പുറപ്പെടുന്നു. ഫ്ളൈറ്റ് 19 എന്നാണ് ഈ വിമാനങ്ങളെ മൊത്തത്തില്‍ വിളിച്ചിരുന്നത്. മൂന്ന് മണിക്കൂര്‍ പരിശീലനത്തിന് പുറപ്പെട്ട ആ വിമാനങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് വെച്ച് അസ്വാഭാവിക സാഹചര്യങ്ങളില്‍ കാണാതാകുന്നു. അവരെ അന്വേഷിച്ച് പോയ വിമാനങ്ങളും തിരിച്ചുവന്നില്ല. ഇതോടെ കെട്ടുകഥകള്‍ വ്യാപകമായി. 27 മനുഷ്യരും ആറ് വിമാനങ്ങളും അങ്ങനെ ഒരു വിവരവുമില്ലാതെ കാണാതായി. ചെകുത്താന്റെ ത്രികോണം അങ്ങനെയാണ് ലോകത്തിന്റെ സജീവ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഈ സാങ്കല്‍പ്പിക ത്രികോണത്തിനകത്ത് കടക്കുന്ന പല കപ്പലുകളും വിമാനങ്ങളും കാണാതാകുന്നതാണ് നിഗൂഢത സിദ്ധാന്തങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. എന്നാല്‍ അവിടെക്കൂടി പോകുന്ന എല്ലാ കപ്പലുകളും വിമാനങ്ങളും കാണാതാകുന്നുണ്ടോ? മറ്റ് പ്രദേശങ്ങളില്‍ ഇതിനേക്കാള്‍ കൂടുതല്‍ അപകടങ്ങളും തിരോധാനങ്ങളും നടക്കുന്നില്ലേ? ലോകത്തെ തന്നെ ഏറ്റവും വലിയ 'മിസ്ട്രി' എന്നു കരുതുന്ന ബര്‍മുഡ ട്രയാങ്കിളില്‍ എത്രമാത്രം സത്യമുണ്ട്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്താണെന്ന് നോക്കാം?
ബര്‍മുഡ ട്രയാങ്കിള്‍
വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഒരു സാങ്കല്‍പ്പിക ത്രികോണത്തെയാണ് ബര്‍മുഡ ട്രയാങ്കിള്‍ എന്നു വിളിക്കുന്നത്. നിരവധി വിമാനങ്ങളും കപ്പലുകളും ബോട്ടുകളും അതിലുണ്ടായിരുന്ന ആളുകളും ഈ ഭാഗത്ത് വച്ച് അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് ഈ പ്രദേശത്തെ ചെകുത്താന് ത്രികോണം എന്നെല്ലാം വിളിക്കാന്‍ തുടങ്ങിയത്. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ബര്‍മുഡ ട്രയാങ്കിളിനെക്കുറിച്ച് ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
അമേരിക്കയിലെ മിയാമി, കരീബിയന്‍ ദ്വീപായ പോര്‍ട്ടോ റിക്കോ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ദ്വീപ് എന്നിവയ്ക്ക് ഇടയിലായി നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സാങ്കല്‍പ്പിക ത്രികോണ ആകൃതിയിലുള്ള ബര്‍മുഡ ട്രയാങ്കിള്‍ സ്ഥിതി ചെയ്യുന്നത്. ശരിക്കും ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കൗതുകമുള്ളവര്‍ ഇപ്പോഴും ഇതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഇവിടെ കാണാതായ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണ് എന്ന് ഇതുവരെ വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും ഇവിടുത്തെ നിഗൂഢതയ്ക്ക് പിന്നിലെ സാങ്കല്‍പ്പിക കഥകളൊന്നും ശാസ്ത്രം അംഗീകരിച്ചിട്ടുമില്ല.
തുടക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പ്
സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്നതുപോലെ യാഥാര്‍ഥ്യവും ചില സങ്കല്‍പ്പങ്ങളും ചേര്‍ന്നതാണ് ബര്‍മുഡ ട്രയാങ്കിളിനെക്കുറിച്ച് ഇന്ന് നാം കേള്‍ക്കുന്ന പലതും. 1945ലെ ഫ്ളൈറ്റ് 19 തിരോധാനമാണ് ബര്‍മുഡ ട്രയാങ്കിളിനെ സജീവ ചര്‍ച്ചാവിഷയമാക്കിയതെങ്കിലും അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പും അപ്രത്യക്ഷലുകള് ഉണ്ടായിട്ടുണ്ട്. 1918 മാര്‍ച്ചില്‍ അമേരിക്കന്‍ നേവിയുടെ യുഎസ്എസ് സൈക്ലോപ്സ് എന്ന 542 അടി നീളമുള്ള ചരക്കു കപ്പല്‍ ഈ പ്രദേശത്ത് കാണാതായി. കപ്പലില്‍ 300 ജീവനക്കാരും 10,000 ടണ്‍ മാംഗനീസുമുണ്ടായിരുന്നു. എന്നാല്‍ ഇതിനെന്തു സംഭവിച്ചു എന്ന് ആര്‍ക്കും മനസ്സിലായില്ല.
1945ല്‍ ഫ്ളൈറ്റ് 19 എന്നറിയപ്പെടുന്ന അഞ്ച് സൈനിക വിമാനങ്ങളും അതിലുണ്ടായിരുന്ന 14 സൈനികരും പെട്ടെന്ന് ഇവിടെ എത്തിയപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ വിമാനങ്ങളെ തേടിപ്പോയ മറ്റൊരു സൈനിക വിമാനവും അതിലെ 13 പേരും കൂടി അജ്ഞതയിലേക്ക് മറഞ്ഞു.
തിരച്ചില്‍ നടത്താന്‍ പോയ പിഎംബി വിമാനം ആകാശത്ത് വച്ച് പൊട്ടിത്തെറിച്ചെന്ന് കരുതാമെന്ന വിലയിരുത്തലിലാണ് പിന്നീട് നടന്ന അന്വേഷണ കമ്മീഷനുകള്‍ എത്തിയത്. പക്ഷേ ഇതിനും വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ല. കാണാതായ അഞ്ച് നാവിക വിമാനങ്ങളുടെ നേതാവായിരുന്ന പൈലറ്റ് ചാള്‍സ് ടെയ്ലറുടെ പിഴവാണെന്ന് ആദ്യ റിപ്പോര്‍ട്ട് വന്നെങ്കിലും അതല്ല അജ്ഞാതമായ എന്തോ കാരണമാണ് അതിന് പിന്നില്‍ എന്ന് പിന്നീട് അന്തിമ റിപ്പോര്‍ട്ട് വന്നു.
ഈ സംഭവങ്ങള്‍ക്കെല്ലാം ശാസ്ത്രീയമായ അടിത്തറ ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ ബര്‍മുഡ ട്രയാങ്കിള്‍ ലോക മാപില്‍ സ്ഥാനം പിടിച്ചിട്ടില്ല
ഈ പ്രദേശത്ത് പലതരത്തിലുള്ള അസ്വാഭാവികത ഉള്ളതായി ക്രിസ്റ്റഫര്‍ കൊളംബസ് വരെ എഴുതിയിട്ടുണ്ട്. വടക്കുനോക്കിയന്ത്രത്തിന് (Compass) ഈ മേഖലയില്‍ മാറ്റങ്ങളുണ്ടെന്ന് അദ്ദേഹം വളരെ നേരത്തെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. പക്ഷേ 1964ല്‍ വിന്‍സന്റ് ഗാഡിസ്, അര്‍ഗോസി മാസികയില്‍ ഫ്ളൈറ്റ് 19 നെക്കുറിച്ച് എഴുതിയ കവര്‍ സ്റ്റോറിയിലാണ് ആദ്യമായി ഈ പ്രദേശത്തെ ബര്‍മുഡ ട്രയാങ്കിള്‍ എന്ന് വിളിച്ചത്. പണ്ടു കാലം തൊട്ട് ഇവിടെ കാണാതായ ചെറു ബോട്ടുകള്‍ മുതല്‍ കപ്പലുകള്‍ വരെ എത്രയുണ്ടെന്ന് കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. എങ്കിലും നിലവിലെ അറിവ് വച്ച് 50 കപ്പലുകളും 20 വിമാനങ്ങളും ഈ മേഖലയില്‍ എങ്ങോട്ടെന്നറിയാതെ അപ്രത്യക്ഷമായി പോയിട്ടുണ്ട്.
മാപില്‍ കാണില്ല
ഈ സംഭവങ്ങള്‍ക്കെല്ലാം ശാസ്ത്രീയമായ അടിത്തറ ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ ബര്‍മുഡ ട്രയാങ്കിള്‍ ലോക മാപില്‍ സ്ഥാനം പിടിച്ചിട്ടില്ല. ഇക്കാരണത്താല്‍ തന്നെ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഇത്തരമൊരു മേഖലയുണ്ടെന്ന് ഭൂമിശാസ്ത്രപരമായി ഔദ്യോഗിക പേരുകള്‍ നല്കുന്ന അമേരിക്കയിലെ ബോര്‍ഡും അംഗീകരിച്ചിട്ടില്ല. കൂടാതെ അമേരിക്കയിലെ കോസ്റ്റ് ഗാര്‍ഡ് ഈ മേഖലയെ പേടിക്കേണ്ട മേഖലകളുടെ ഗണത്തില്‍ പെടുത്തിയിട്ടുമില്ലെന്ന് മാത്രമല്ല ബര്‍മുഡ ട്രയാങ്കിള്‍ എന്നൊരു സംഗതി ഭൂമിശാസ്ത്രപരമായി ഉണ്ടെന്നും സ്ഥിരീകരിക്കുന്നില്ല!
എന്ത് സംഭവിക്കുന്നു
ഒരു സൂചന പോലും നല്‍കാതെ പൊടുന്നനെ അപ്രത്യക്ഷമായ ചില കപ്പലുകളുകളുടെ മാത്രം അവശിഷ്ടങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ കാന്തിക ശക്തി വടക്കുനോക്കിയന്ത്രത്തിലേതും തമ്മില്‍ ചേരാതെ വരും. അതായത്, യഥാര്‍ഥ വടക്കു ദിശയും വടക്കുനോക്കിയന്ത്രത്തിലെ വടക്കും സാധാരണ ഗതിയില്‍ കുറച്ച് വ്യത്യാസപ്പെട്ടിരിക്കും. പക്ഷേ ഇവിടെ കാന്തിക ദിശയനുസരിച്ചുള്ള വടക്കും യഥാര്‍ഥ വടക്കും ഒരേ ദിശയിലാവും. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന നാവികര്‍ക്ക് വടക്കുനോക്കിയന്ത്രത്തിന്റെ സഹായം തേടാനാവില്ല. അങ്ങനെ ദിശ മാറിപ്പോകാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മുന്‍പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ക്ക് ഇലക്ട്രോണിക് നാവിഗേഷന്‍ ഇല്ലാതെയും വടക്കുനോക്കിയന്ത്രത്തിന്റെ സഹായം ഇല്ലാതെയും ഈ ഭാഗം കടക്കാനുള്ള പ്രത്യേക പരിശീലനം നല്കിതുടങ്ങി. പക്ഷേ കപ്പല്‍ ഓടിക്കുന്ന നാവികര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനമൊന്നും നല്‍കാറില്ല. സാധാരണ പോകുന്ന കപ്പല്‍ വഴികള്‍ പോലെ മാത്രമേ തങ്ങള്‍ ഈ വഴിയും കാണുന്നുള്ളൂ. കൂടാതെ, പലപ്പോഴും മോശം കാലാവസ്ഥയും സമുദ്രം പ്രക്ഷുബ്ദമാകുന്നതും ഇടയ്ക്കിടയ്ക്ക് നേരിടുന്ന പ്രതിസന്ധികളാണ്. ഏത് പ്രതിസന്ധികളെും നേരിടാനുള്ള പരിശീലനമാണ് തങ്ങള്‍ നേടിയിട്ടുള്ളതെന്നും നാവികനായ ആന്‍ജോ അല്‍ഫോണ്‍സ് പറയുന്നു.
കാലാവസ്ഥയാണ് മറ്റൊരു വില്ലന്‍. ഈ ഭാഗത്ത് ചില സമയങ്ങളില്‍ വലിയ കൊടുംകാറ്റും ചുഴലിക്കാറ്റും സംഭവിക്കാറുണ്ട്. ഇത് മേഘങ്ങള്‍ മൂടാനും വലിയ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാനും അങ്ങനെ കപ്പലുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഗള്‍ഫ് കറന്റ് എന്ന് അറിയപ്പെടുന്ന സമുദ്രത്തിന്റെ കനത്ത നീരൊഴുക്ക് ഈ ഭാഗത്തുകൂടി ചിലപ്പോള്‍ കടന്നുപോകാറുണ്ട്. ഇത് സമുദ്രത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാം. 80 കിലോമീറ്ററുകളോളം വീതിയിലാണ് ഇവ ചിലപ്പോള്‍ സമുദ്രത്തില്‍ അടിച്ചുകയറുക. അപ്രതീക്ഷിതമായെത്തുന്ന ഇത്തരം സംഭവങ്ങള്‍ നാവികരെ വലയ്ക്കാം. കൂടാതെ പെട്ടെന്നുണ്ടാകുന്ന വേലിയേറ്റങ്ങളും കപ്പലുകള്‍ക്ക് നാശം സംഭവിക്കാനിടയാകും. എന്നാല്‍ ഗള്‍ഫ് കറന്റ് ഉണ്ടാകുമ്പോള്‍ എട്ടടി വരെ ഉയരത്തില്‍ തിരമാലയടിക്കാം. ചിലപ്പോള്‍ അതിന്റെ മൂന്നിരട്ടി വരെ കൂടുകയും ചെയ്യും.
കരീബിയന്‍-അറ്റ്ലാന്റിക് ഭാഗത്ത് വരുന്ന കൊടുങ്കാറ്റുകള്‍ വലിയ ചുഴികളും ചുഴലിക്കാറ്റും സമുദ്രത്തില്‍ ഉണ്ടാക്കിയേക്കാം എന്നും നിഗമനങ്ങളുണ്ട്. ഈ വമ്പന്‍ ചുഴികള്‍ കപ്പലുകളെ മാത്രമല്ല വിമാനങ്ങളെ വരെ വലിച്ച് അടുപ്പിക്കാനുള്ള സാധ്യതകളും തള്ളാനാകില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ വലിയ മീഥെയ്ന്‍ വാതകം അടങ്ങിയിട്ടുണ്ടെന്നും ചില സമയത്ത് ഇത് വായുവുമായി കലര്‍ന്ന് കഴിയുമ്പോള്‍, ഉണ്ടാകുന്ന ചെറിയ ഇടിമിന്നലില്‍ പോലും വാതകം കത്തി അവിടെയുള്ള കപ്പലിനെയും വിമാനത്തെയുമെല്ലാം കടലിലേക്ക് തള്ളുകയാണെന്നും കരുതുന്നവരുണ്ട്.
സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗങ്ങളാണ് ഈ മേഖലയില്‍. 19,000 അടി മുതല്‍ 27,500 അടി വരെ സമുദ്ര നിരപ്പില്‍ നിന്നും താഴേക്ക് ആഴമുണ്ട് ഇവിടെ. ഈ സാങ്കല്പിക ത്രികോണത്തില്‍ കുടുങ്ങുന്ന കപ്പലുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങള്‍ പോലും കണ്ടുകിട്ടാത്തതിന് ഒരു കാരണമായി പറയുന്നത് സമുദ്രത്തിന്റെ ഈ ഭാഗത്തെ ആഴമാണ്. 25,000 അടിയിലേറെ ആഴമുള്ള ഈ ഭാഗത്ത് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോകുന്ന വസ്തുക്കള്‍ കണ്ടെടുക്കുകയും കണ്ടുപിടിക്കുകയും അസാധ്യമെന്നു തന്നെ പറയേണ്ടി വരും.
കഥകളും കെട്ടുകഥകളും
ഏതു കാര്യത്തിനും ചില കഥകള്‍ പിറക്കുക സ്വാഭാവികമാണല്ലോ. പ്രത്യേകിച്ച് ദുരൂഹതകള്‍ നിറഞ്ഞ കാര്യം കൂടിയായാല്‍ പറയേണ്ടതില്ല. ബര്‍മുഡ ട്രയാങ്കിളിന് പിന്നില്‍ അത്തരം അനവധി കഥകളും കെട്ടുകഥകളുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു കഥയുടെ ഭാഗമായാണ് ചെകുത്താന് ത്രികോണം എന്ന പേരു വീണത്. വലിയ ജല ജന്തുക്കളും ഭീമാകാരന്‍ കണവയ്ക്കും അന്യഗ്രഹ ജീവികള്‍ക്കും വരെ ഇവിടത്തെ ദുരൂഹതയ്ക്ക് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്! ഭൂമിക്ക് പുറമേയുള്ള മറ്റ് വസ്തുക്കളുടെ സാന്നിധ്യമാണെന്നും സമുദ്രത്തിനടിയിലുള്ള അന്യഗ്രഹ ജീവികള്‍ കപ്പലുകളെ റാഞ്ചുന്നതാണെന്നും എല്ലാം കഥകളുണ്ട്.
ഇനി പറയപ്പെടുന്ന മറ്റൊരു കഥ പണ്ട് ഇല്ലാതായ അറ്റ്ലാന്റിസ് എന്ന ദ്വീപ് സമുദ്രത്തിനടിയില്‍ ഇപ്പോഴും ഉണ്ടെന്നും അവിടേക്കാണ് ഇവയെല്ലാം കൊണ്ടുപോകുന്നതെന്നുമാണ്! ഈ മിഥ്യാ നഗരം കടലിനടിയില്‍ ഉണ്ടെന്നും ഇതിന് കപ്പലുകളെയും വിമാനങ്ങളെയും വലിച്ചിടാന്‍ പോന്ന ഊര്‍ജം ഉണ്ടെന്നും നിഗൂഢത സിദ്ധാന്തക്കാര്‍ പറയുന്നു. 1974ല്‍ ചാള്‍സ് ബെര്‍ലിറ്റ്സ് ഇറക്കിയ 'ദ ബര്‍മൂഡ ട്രയാങ്കിള്‍' എന്ന പുസ്തകത്തിലും ഈ കഥ പറയപ്പെടുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള കഥകള്‍ പ്രചരിക്കാനും തുടങ്ങി.
ഇതുവഴി പോകുന്ന എല്ലാ കപ്പലുകളും വിമാനങ്ങളും അവിടെവച്ച് കാണാതാവുന്നില്ല. എല്ലാം വിഴുങ്ങുന്ന ഭീമാകാരനൊന്നുമല്ല ഈ പറയുന്ന ബര്‍മുഡ ട്രയാങ്കിള്‍
കാലവും സമയവും ഒരു പ്രത്യേക സ്ഥലത്ത് യോജിക്കുമ്പോള്‍ സമുദ്രം വാതില്‍ തുറന്ന് ഇവയെയെല്ലാം അതിനകത്താക്കി മൂടുന്നെന്ന് മറ്റൊരു വിചിത്രമായ കഥകൂടിയുണ്ട്. അങ്ങനെ സത്യത്തെക്കാള്‍ മിഥ്യാധാരണകളും കെട്ടുകഥകളുമാണ് ബര്‍മുഡയെ വ്യത്യസ്തമാക്കിയത്.
അറിയാത്ത ചിലത്
കാര്യം ഇവിടെ ദുരൂഹതകളെല്ലാം പറയുന്നുണ്ടെങ്കിലും ഇപ്പോഴും ഈ വഴി കപ്പലുകളും ആകാശത്ത് വിമാനങ്ങളും പറക്കാറുണ്ട്. അതുമാത്രമല്ല, ലോകത്തെ കപ്പലുകള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന സമുദ്ര വഴികളില്‍ ഒന്നാണ് ബര്‍മുഡ ട്രയാങ്കിള്‍. ഈ മേഖലയിലെ സമുദ്രത്തിലൂടെ ദിനംപ്രതി കപ്പലുകളും ഈ വ്യോമമേഖലയിലൂടെ അനവധി വിമാനങ്ങളും കടന്നു പോകാറുണ്ട്. അതായത്, ഇതുവഴി പോകുന്ന എല്ലാ കപ്പലുകളും വിമാനങ്ങളും അവിടെവച്ച് കാണാതാവുന്നില്ല. എല്ലാം വിഴുങ്ങുന്ന ഭീമാകാരനൊന്നുമല്ല ഈ പറയുന്ന ബര്‍മുഡ ട്രയാങ്കിള്‍. മാത്രമല്ല അന്താരാഷ്ട്ര വ്യോമപാതയും ഈ വഴി സജീവമാണ്. അത്തരമൊരു ഭീതിയുണ്ടെങ്കില്‍ ഇത്രയധികം കപ്പലുകളും വിമാനങ്ങളും ഈ വഴി തന്നെ വീണ്ടും തിരഞ്ഞെടുക്കുകയില്ലല്ലോ.
മനുഷ്യരുടെ തെറ്റോ പ്രകൃതിയുടെ വികൃതിയോ അതോ മറ്റേതെങ്കിലും ബാഹ്യ ശക്തികളുടെ ഇടപെടലോ..ബര്‍മുഡ ട്രയാങ്കിളിന്റെ ചരിത്രവും ദുരൂഹതകളും ഇനിയും ബാക്കിയാണ്, വ്യക്തമായ ഒരു തെളിവ് ലഭിക്കുന്നത് വരെ.