Feb 11 • 14M

ഒരേയൊരു ഭൂമി; ഭൂമിയുടെ ഉത്ഭവം ഇങ്ങനെ

ഓരോ നാല്‌ വര്‍ഷം കൂടുമ്പോഴും നമ്മള്‍ ഒരു ദിവസം അധികമായി കലണ്ടറില്‍ ചേര്‍ത്ത്‌ ലീപ്‌ ഇയര്‍ ആയി കണക്കാക്കുന്നു,എന്തിന്?

4
 
1.0×
0:00
-13:37
Open in playerListen on);
Episode details
Comments

ഭൂമി സൂര്യന്‌ ചുറ്റും ഒരു തവണ കറങ്ങി കഴിയുമ്പോള്‍ നമ്മള്‍ കലണ്ടര്‍ അടുത്ത വര്‍ഷത്തേക്ക്‌ മറിക്കും. എന്നാല്‍ ഓരോ നാല്‌ വര്‍ഷം കൂടുമ്പോഴും നമ്മള്‍ ഒരു ദിവസം അധികമായി കലണ്ടറില്‍ ചേര്‍ത്ത്‌ ലീപ്‌ ഇയര്‍ ആയി കണക്കാക്കുകയും ചെയ്യുന്നു. അതെന്തിനാണെന്ന്‌ അറിയാമോ? ഭൂമി കറങ്ങുന്നതില്‍ എന്തെങ്കിലും പ്രത്യേകത ആ വര്‍ഷമുണ്ടോ? ഭൂമിയെക്കുറിച്ച്‌ ഇത്തരം ചില കൗതുകങ്ങള്‍ അറിയാം....


നമ്മള്‍ താമസിക്കുന്ന നമ്മുടെ സ്വന്തം ഭൂമിയില്‍ ഇന്ന്‌ ഒരു കുറവും നമുക്കില്ല എന്നു തന്നെ പറയാം. ഭൂമി തന്നെ നമുക്ക്‌ ജീവിക്കാന്‍ ആവശ്യമായതെല്ലാം പ്രകൃതിയില്‍ ഒരുക്കി വച്ചിട്ടുണ്ട്‌. ജീവശ്വാസം ലഭിക്കാന്‍ നമ്മുടെ ചുറ്റിലും ധാരാളം വായുവുണ്ട്‌, ദാഹം ശമിപ്പിക്കാന്‍ ആവശ്യത്തിനുള്ള ജലം പ്രകൃതിയിലുണ്ട്‌, വെളിച്ചത്തിന്‌ ആവശ്യമുള്ളത്ര പ്രകാശം സൂര്യനില്‍ നിന്നും ലഭിക്കുന്നു, ഭക്ഷിക്കാന്‍ ആവശ്യമുള്ളത്‌ ഉണ്ടാക്കാനായി നല്ല മണ്ണും ഇവിടെയുണ്ട്‌. എന്നാല്‍ മനുഷ്യനും സകല ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു ദിവസംകൊണ്ട്‌ ഉണ്ടായതല്ല ഭൂമി. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രപഞ്ചത്തിലെ ഒരു ചെറിയ ഗോളമായി രൂപപ്പെട്ട ഭൂമിയുടെ ആദ്യകാലം പൊടിപടലങ്ങളും വാതകങ്ങളും നിറഞ്ഞതായിരുന്നു. അതില്‍ നിന്നും ഭൂമിയുടെ ഉത്ഭവത്തിലേക്ക്‌ എങ്ങനെ പരിണമിച്ചു എന്നറിയണ്ടേ..

ശൂന്യതയില്‍ നിന്നും ഭൂമിയിലേക്ക്‌

ശൂന്യതയില്‍ നിന്നും പ്രപഞ്ചം ഉണ്ടായെന്നും അതായിരുന്നു എല്ലാത്തിന്റേയും തുടക്കമെന്നും നമുക്കറിയാം. ഈ പ്രപഞ്ചത്തിലെ കോടാനുകോടി ആകാശഗംഗകളില്‍ അതിലും അനേകം നക്ഷത്രങ്ങളുണ്ട്‌. പ്രപഞ്ചം ഉണ്ടായപ്പോള്‍ ആ ഇരുട്ടില്‍ മറ്റ്‌ പല സത്യങ്ങളും ഉടലെടുക്കുകയായിരുന്നു. ചുറ്റിലും പൊടിയും വാതകങ്ങളും നിറഞ്ഞ മേഘപടലങ്ങളായിരുന്നു. സൂപ്പര്‍നോവ പോലുള്ള ഒരു വലിയ പൊട്ടിത്തെറിയുടെ ആഘാതം മൂലം ഇവ കറങ്ങാന്‍ തുടങ്ങിയെന്നാണ്‌ ഒരു വിഭാഗം ശാസ്‌ത്രജ്ഞര്‍ വിശ്വസിക്കുന്നത്‌. കറങ്ങിക്കൊണ്ടിരുന്ന ഈ മേഘത്തെ സോളാര്‍ നെബൂല എന്നാണ്‌ വിളിക്കുന്നത്‌. അതിവേഗം കറങ്ങികൊണ്ടിരുന്ന സോളാര്‍ നെബൂല അതിന്റെ തന്നെ ഗുരുത്വാകര്‍ഷണ ബലത്തില്‍ പതിയെ കൂടിച്ചേര്‍ന്ന്‌ നടുവിലായി ഹൈഡ്രജന്‍ കണികകള്‍ വളരെ വേഗം ഇളകിമറിയാന്‍ തുടങ്ങി. ഹൈഡ്രജന്‍ പ്രോട്ടോണുകളാകട്ടെ കൂടിച്ചേര്‍ന്ന്‌ ഹീലിയം പുറത്തുവിടാന്‍ തുടങ്ങി. ഇത്‌ വലിയ അളവില്‍ ഊര്‍ജം പുറന്തള്ളാനും ആരംഭിച്ചു.

അങ്ങനെ ഇതിനു നടുവിലായി സൂര്യന്‍ പരിണമിച്ചു. നമ്മുടെ സൗരയൂഥത്തിന്റെ നടുവിലായി സൂര്യന്‍ സ്ഥാനം പിടിച്ചു. ഏകദേശം 4.603 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സൂര്യന്‍ ഉണ്ടായ ശേഷമാണ്‌ സൗരയൂഥത്തിലെ മറ്റ്‌ ഗ്രഹങ്ങളും വസ്‌തുക്കളും ഉണ്ടാകുന്നത്‌. നെബൂലയിലെ 99% വസ്‌തുക്കളും സൂര്യനുണ്ടാകുന്ന സമയത്ത്‌ ഉപയോഗിച്ചിരുന്നു. എന്നാല്‍ ചില വാതകങ്ങളും പൊടിപടലങ്ങളും സൂര്യന്‍ ഉണ്ടായ ശേഷം വീണ്ടും ബാക്കിയുണ്ടായിരുന്നു. ഇവയെല്ലാം ചെറിയ കൂട്ടങ്ങളായി ഒന്നിച്ചു ചേര്‍ന്നു.

കറങ്ങികൊണ്ടിരുന്ന മേഘങ്ങളും മറ്റ്‌ വാതകങ്ങളുമെല്ലാം കൂട്ടിയിടിച്ചു അവയും കുറേ ഒന്നിച്ചു ചേര്‍ന്നു. അങ്ങനെ ചിലത്‌ ഗ്രഹങ്ങളായും രൂപപ്പെട്ടു. അതായത്‌ ചില വസ്‌തുക്കള്‍ക്ക്‌ അവയുടെ സ്വന്തം ഗുരുത്വാകര്‍ഷണ ബലത്തില്‍ അവയെ പിടിച്ചു നിര്‍ത്തുവാന്‍ സാധിക്കുകയും അങ്ങനെ ഗ്രഹങ്ങളുടെ രൂപം പ്രാപിക്കുവാനും കഴിഞ്ഞു. ചുവന്ന ഭീമന്‍ നക്ഷത്രമായ സൂര്യനും അതിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയായി ഒരു കൂട്ടുകുടുംബം പോലെ നമ്മുടെ സൗരയൂഥം തന്നെ 4.571 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ രൂപപ്പെട്ടതാണ്‌. അവയിലൊന്നായി സൂര്യനില്‍ നിന്ന്‌ മൂന്നാമനായി നമ്മള്‍ ഇന്ന്‌ വസിക്കുന്ന നീല ഉരുണ്ട ഭൂഗോളമായി ഭൂമിയും ഉണ്ടായി.

അപ്പോള്‍ നമ്മുടെ ഭൂമിക്ക്‌ എത്ര പ്രായമുണ്ടെന്ന്‌ അറിയാമോ? 4.543 ബില്യണ്‍ വര്‍ഷങ്ങളായി നമ്മുടെ ഭൂമി രൂപീകൃതമായിട്ട്‌. ഈ പ്രപഞ്ചത്തില്‍ ജീവന്റെ അംശമുണ്ടെന്ന്‌ നാം കരുതുന്ന ഒരേയൊരു ഇടം. സൂര്യനോട്‌ അടുത്ത്‌ കിടക്കുന്ന ബുധന്‍(മെര്‍ക്കുറി), ശുക്രന്‍(വീനസ്‌), ഭൂമി(എര്‍ത്ത്‌), ചൊവ്വ(മാര്‍സ്‌) എന്നീ നാല്‌ ഗ്രഹങ്ങള്‍ ഇന്നര്‍ പ്ലാനറ്റ്‌സ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവയെല്ലാം മറ്റ്‌ ഗ്രഹങ്ങളെ അപേക്ഷിച്ച്‌ ചെറുതും പാറക്കെട്ടുകള്‍ നിറഞ്ഞ പ്രതലമുള്ളവയുമാണ്‌. ഇവയ്‌ക്ക്‌ മാത്രമേ സൂര്യന്റെ ചൂട്‌ താങ്ങാനുള്ള ശേഷിയും ഉള്ളൂ.

പഴയ ഭൂമിയും പുതിയ ഭൂമിയും

നിറയെ ജലവും പാറക്കെട്ടുകളും പ്രകൃതി സുന്ദര ജീവജാലങ്ങളും എല്ലാമായല്ല ഭൂമി ആദ്യം ഉണ്ടായത്‌. വളരെ ചൂടേറിയ പാറ ഉരുകിയ പ്രതലങ്ങളുള്ള ഒരു ഗ്രഹമായിരുന്നു ഭൂമി ആദ്യം. നൂറായിരം വര്‍ഷങ്ങള്‍കൊണ്ടാണ്‌ നമ്മുടെ ഭൂമി ഒന്ന്‌ തണുത്തു തുടങ്ങിയത്‌; സമുദ്രങ്ങളില്‍ ജലം രൂപപ്പെട്ടത്‌. ഭൂമി പല പാളികളായി മാറി. ക്രസ്റ്റ്‌ എന്നു വിളിക്കുന്ന പുറം പാളി കനം കുറഞ്ഞതും ഘര രൂപത്തിലുള്ളവയുമെല്ലാമായി. അകം പാളികള്‍ കനം കൂടിയവയും ഭാഗികമായി ഘര രൂപത്തിലുള്ളവയുമായി മാറി. സൂര്യനോട്‌ അടുത്ത്‌ കിടക്കുന്ന മറ്റു മൂന്ന്‌ ഇന്നര്‍ പ്ലാനറ്റുകളും പോലെ തന്നെ ഭൂമിയും മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ ഇന്നത്തെ അഅവസ്ഥയില്‍ എത്തിയതെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ അനുമാനിക്കുന്നത്‌. കോര്‍ അക്രീഷന്‍ മോഡല്‍ (core accretion model) എന്ന സിദ്ധാന്തമാണ്‌ ഇതിന്‌ ബലമേകുന്നതും ഭൂരിഭാഗം ശാസ്‌ത്രജ്ഞരും വിശ്വിക്കുന്നതും.

പല ഘട്ടങ്ങളായാണ്‌ ഭൂമി രൂപപ്പെട്ടതെന്നാണ്‌ ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. കൂട്ടമായി ഉണ്ടായിരുന്ന വാതകങ്ങളും പൊടിയും പാറകളും ഐസും എല്ലാം ചേര്‍ന്ന്‌ ഒരു ഗ്രഹമായി ആദ്യ ഘട്ടത്തില്‍ മാറി. അക്രീഷന്‍ (accretion) എന്നറിയപ്പെടുന്ന ഈ ഘട്ടത്തിനു ശേഷം ഒരു ചെറിയ ഗ്രഹം ഉത്ഭവിച്ച്‌ അധികമാകാത്ത ഭൂമിയെ കൂട്ടിയിടിച്ചു. ആ സമയത്താണ്‌ ഭൂമിയുടെ ഉപഗ്രഹമായി ചന്ദ്രന്‍ രൂപപ്പെട്ടത്‌ എന്നാണ്‌ ശാസ്‌ത്രം കരുതുന്നത്‌. അവസാന ഘട്ടത്തില്‍ നിരവധി ചിന്നഗ്രഹങ്ങളും ഭൂമിയിലേക്ക്‌ വന്ന്‌ ഇടിച്ചപ്പോള്‍ അവയില്‍ ജലമുണ്ടായിരുന്നെന്നും അതില്‍ കുറേ ഭൂമിയില്‍ തന്നെ നിലനിന്നു പോന്നുവെന്നും പഠനങ്ങളുണ്ട്‌.

ഛിന്നഗ്രഹങ്ങള്‍ ഭൂമി രൂപം പ്രാപിക്കുന്നതിനു മാത്രമല്ല സഹായിച്ചത്‌. അവ നമ്മുടെ ഗ്രഹത്തെ പല ഘട്ടങ്ങളിലും വളര്‍ന്ന്‌ രൂപം കൊള്ളാനും സഹായിച്ചിട്ടുണ്ട്‌. ഭൂമിയുണ്ടായി ആദ്യകാലത്ത്‌ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ ഇടയ്‌ക്കിടെ പതിക്കാറുണ്ടായിരുന്നെന്നും അവയില്‍ നിന്നും വലിയൊരു ശതമാനം ജലവും ഭൂമിയിലെത്തി എന്നുമാണ്‌ നിഗമനം. എന്നുവച്ചാല്‍, ഛിന്നഗ്രഹങ്ങളിലുള്ള മിനറലുകള്‍ക്ക്‌ അകത്ത്‌ ജലാംശം ഉണ്ടെന്നും ഇത്‌ ഭൂമിയില്‍ പതിക്കുമ്പോള്‍ ചിതറിത്തെറിക്കുന്ന ഭാഗങ്ങളില്‍ പാറക്കഷ്‌ണങ്ങള്‍ പതിക്കാം. ഇവ പതിച്ചതിനു ശേഷം അവയിലെ 30% ജലം ഭൂമിയിലെ പാറക്കഷ്‌ണങ്ങളില്‍ നിലനിന്നിരുന്നു എന്നുമാണ്‌ ശാസ്‌ത്രജ്ഞര്‍ കരുതുന്നത്‌.

ജീവന്റെ തുടിപ്പ്‌

പിന്നീടാണ്‌ ഭൂമിക്ക്‌ ചുറ്റും വാതകങ്ങളുടെ ഒരു ആവരണം ഗുരുത്വാകര്‍ഷണം മൂലം സൃഷ്ടിക്കപ്പെടുന്നതും അതിനെ അന്തരീക്ഷം (atmosphere) എന്ന്‌ വിളിക്കാന്‍ തുടങ്ങിയതും. ആദ്യ കാലങ്ങളില്‍ ലഘുവായ ഹൈഡ്രജന്‍, ഹീലിയം പോലുള്ള വാതകങ്ങളാണ്‌ ഭൂമിയിലുണ്ടായിരുന്നത്‌. ഓക്‌സിജന്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഭൂമി മാറിക്കൊണ്ടിരുന്നു. ഒപ്പം ഭൂപ്രകൃതിയും. അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങി. അങ്ങനെ വീണ്ടും ചില പുതിയ അമോണിയ, കാര്‍ബണ്‍ ഡയോക്‌സൈഡ്‌ പോലുള്ള വാതകങ്ങളും നീരാവിയിലൂടെ ജലവും രൂപപ്പെട്ടു. ജലം കൂടിച്ചേര്‍ന്ന്‌ സമുദ്രങ്ങളായി മാറിത്തുടങ്ങി. അങ്ങനെ ജീവന്റെ ആദ്യ പതിപ്പ്‌ സമുദ്രങ്ങളില്‍ രൂപം കൊണ്ടു.

3000 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ബാക്ടീരിയ ഉണ്ടാകുന്നത്‌. പ്രകാശസംശ്ലേഷണം വഴി ഇവ ഓക്‌സിജനും പുറപ്പെടുവിക്കാന്‍ തുടങ്ങി. അങ്ങനെ പതിയെ അന്തരീക്ഷത്തിലേക്ക്‌ ഓക്‌സിജന്‍ കൂടി എത്തിതുടങ്ങി. നൂറു ദശലക്ഷം വര്‍ഷങ്ങള്‍കൊണ്ട്‌ ഭൂമിയുടെ അന്തരീക്ഷം അങ്ങനെ മാറിതുടങ്ങി. ഇന്ന്‌ നമ്മുടെ അന്തരീക്ഷത്തില്‍ 21% ഓക്‌സിജനും 78% നൈട്രജനുമാണുള്ളത്‌. ബാക്കി ചെറിയൊരു ശതമാനം മറ്റ്‌ വാതകങ്ങളും. ഈ അന്തരീക്ഷത്തിലാണ്‌ ജീവന്‍ ആദ്യം തുടിക്കാന്‍ തുടങ്ങിയത്‌. വരണ്ട പാറകള്‍ നിറഞ്ഞ പ്രതലമുണ്ടായിരുന്ന ഭൂമിക്ക്‌ ജീവന്‍ വച്ചു തുടങ്ങിയതും അപ്പോഴാണ്‌. ഏകദേശം 58 കോടി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജീവന്‍ ചെറു രൂപങ്ങളില്‍ ലളിത മാതൃകകളില്‍ ആയിരുന്നുവെന്നും പിന്നീടാണ്‌ ബഹുകോശ ജീവികള്‍ ഉണ്ടായതെന്നുമാണ്‌ പഠനങ്ങള്‍.

ഒരേയൊരു ഭൂമി

സൂര്യനില്‍ നിന്നും മൂന്നാമതായി സ്ഥിതി ചെയ്യുന്ന ഭൂമിയാണ്‌ ഇന്ന്‌ നമുക്കറിയാവുന്ന വാസയോഗ്യമായ ഒരേയൊരു സ്ഥലം. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലിപ്പത്തില്‍ അഞ്ചാമനായ ഭൂമി മാത്രമാണ്‌ പ്രതലത്തില്‍ ജലമുള്ള ഒരേയൊരു ഗ്രഹവും. പാറയും ലോഹങ്ങളും കൊണ്ട്‌ നിര്‍മിക്കപ്പെട്ട ടെറസ്‌ട്രിയല്‍ പ്ലാനറ്റുകളില്‍ ഉള്‍പ്പെട്ട ബുധന്‍(മെര്‍ക്കുറി), ശുക്രന്‍(വീനസ്‌), ഭൂമി(എര്‍ത്ത്‌), ചൊവ്വ(മാര്‍സ്‌) എന്നിവയില്‍ ഭൂമിയാണ്‌ വലുത്‌. ഏകദേശം 1000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ഭൂമി അഥവാ എര്‍ത്ത്‌ എന്ന പേര്‌ വന്നത്‌. ഭൂമി ഒഴികെ മറ്റെല്ലാ ഗ്രഹങ്ങളും ഗ്രീക്ക്‌ അല്ലെങ്കില്‍ റോമന്‍ ദേവന്മാരുടേയോ ദേവതകളുടേയോ പേരിലാണ്‌ അറിയപ്പെടുന്നത്‌. ഭൂമി എന്ന്‌ അര്‍ഥം വരുന്ന ജര്‍മന്‍ വാക്കായ 'എര്‍ത്ത്‌' എന്ന പേരിലാണ്‌ നമ്മുടെ ഗ്രഹം അറിയപ്പെടാന്‍ തുടങ്ങിയത്‌.

6371 കിലോമീറ്ററാണ്‌ ഭൂമിയുടെ വ്യാസാര്‍ദ്ധം. സൂര്യനില്‍ നിന്ന്‌ കൃത്യം ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റാണ്‌ (AU) ഭൂമിയുടെ അകലമെന്ന്‌ പറയാം. അതായത്‌ ഏകദേശം 150 ദശലക്ഷം കിലോമീറ്ററാണ്‌ സൂര്യനിന്നും ഭൂമിയിലേക്കുള്ള ദൂരം. സൂര്യനില്‍ നിന്നും ഗ്രഹങ്ങളിലേക്കുള്ള ദൂരം അളക്കാനാണ്‌ AU ഉപയോഗിക്കുന്നത്‌. നമ്മുടെ ഭൂമിയിലേക്ക്‌ സൂര്യനില്‍ നിന്നുള്ള പ്രകാശരശ്‌മിക്ക്‌ വരാന്‍ എട്ടു മിനിറ്റാണ്‌ വേണ്ടത്‌.

സൂര്യനെ വലയം ചെയ്യുന്ന ഭൂമി 23.9 മണിക്കൂര്‍ എടുത്താണ്‌ ഓരോ തവണയും സ്വയം ഭ്രമണം ചെയ്യുന്നത്‌. അതായത്‌, 365.25 ദിവസങ്ങളാണ്‌ ഒരു തവണ സൂര്യനെ വലം വയ്‌ക്കാനെടുക്കുന്ന സമയം. ഒരു ദിവസത്തിന്റെ കാല്‍ഭാഗം എല്ലാ വര്‍ഷവും കണക്കാക്കാന്‍ നമ്മുടെ കലണ്ടറില്‍ പ്രായോഗിക ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ടാണ്‌ 365 ദിവസം ഒരു വര്‍ഷമായി നമ്മള്‍ കാണുന്നത്‌. ഇനി നമ്മുടെ കണക്കും ഭൂമിയുടെ കണക്കും തെറ്റാതിരിക്കാനാണ്‌ ഓരോ നാല്‌ വര്‍ഷം കൂടുമ്പോഴും നമ്മള്‍ കലണ്ടറില്‍ ഒരു അധിക ദിവസം ചേര്‍ത്ത്‌ ലീപ്‌ ഇയര്‍ ആയി കണക്കാക്കുന്നത്‌.

ഇനി നമ്മുടെ ഭൂമിക്ക്‌ ഒരു ഉപഗ്രഹം മാത്രമാണ്‌ ഉള്ളത്‌, ചന്ദ്രന്‍. നമ്മുടെ ആകാശത്ത്‌ രാത്രി ഏറ്റവും തെളിച്ചത്തോടെയും വ്യക്തമായും കാണാന്‍ കഴിയുന്ന ഏക ഉപഗ്രഹം. ഭൂമിയില്‍ നിന്നും 3,84,400 കിലോമീറ്ററുകള്‍ അകലെയാണ്‌ ചന്ദ്രനുള്ളത്‌. അതായത്‌, ഭൂമിയെപോലെ 30 ഗ്രഹങ്ങളെ ചന്ദ്രനും ഭൂമിക്കും ഇടയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന അത്ര ദൂരമുണ്ട്‌!! മറ്റ്‌ ചില ഗ്രഹങ്ങളെപോലെ ഭൂമിക്ക്‌ ചുറ്റും വളയങ്ങളില്ല എന്നതും പ്രത്യേകതയാണ്‌. ഭൂമിയുടെ പ്രതലത്തിന്റെ 70% ജലമാണ്‌. ഭൂമിക്ക്‌ പുറത്ത്‌ നമ്മള്‍ കാണുന്ന അഗ്നിപര്‍വ്വതങ്ങളെക്കാള്‍ എത്രയോ അധികം സമുദ്രങ്ങളുടെ അടിത്തട്ടിലാണുള്ളത്‌. ഭൂമിയിലെ ഏറ്റവും നീളമേറിയ പര്‍വ്വത നിരയും സ്ഥിതി ചെയ്യുന്നത്‌ ആര്‍ട്ടിക്‌-അറ്റ്‌ലാന്റിക്‌ സമുദ്രത്തിലാണ്‌.