ബഹിരാകാശവും മാലിന്യക്കൂമ്പാരമാക്കുമോ മനുഷ്യന്
മനുഷ്യര്‍ പല കാലങ്ങളിലായി വിക്ഷേപിച്ച ബഹിരാകാശ വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ നമുക്ക് തന്നെ തിരിച്ചടിയാകുമോ? ഇവ ഭൂമിയിലേക്ക് തിരിച്ചെത്തുമോ?
ബഹിരാകാശവും ഭൂമി പോലെ മാലിന്യങ്ങള്‍ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. മനുഷ്യര്‍ പല കാലങ്ങളിലായി വിക്ഷേപിച്ച ബഹിരാകാശ വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ നമുക്ക് തന്നെ തിരിച്ചടിയാകുമോ? ഇവ ഭൂമിയിലേക്ക് തിരിച്ചെത്തുമോ?
ഒരു മാസം നിങ്ങള്‍ താമസിക്കുന്ന വീട് വൃത്തിയാക്കാതെയും അടിച്ചുവാരാതെയും ഇരുന്നാല്‍ എന്തായിരിക്കും അവസ്ഥ? പൊടി മാത്രമായിരിക്കില്ല വീട്ടിലുണ്ടാവുക, മാലിന്യങ്ങള്‍ പലതും കുന്നുകൂടിയിട്ടുണ്ടാകും. അവിടവിടെ കൂടിക്കിടക്കുന്ന സാധനങ്ങളും മാലിന്യങ്ങളും തട്ടിമുട്ടി വീഴാതെ സൂക്ഷിച്ചു പോകേണ്ടിവരില്ലേ? അവയില്‍ ഏതെങ്കിലും തട്ടി ചിലപ്പോള്‍ നിങ്ങളും വീണെന്നിരിക്കാം. ഇതേ അവസ്ഥയാണ് ഇപ്പോള്‍ നമ്മുടെ ബഹിരാകാശത്തും. നമ്മള് മനുഷ്യര്‍ വൃത്തിഹീനമാക്കിയതു മൂലം മാലിന്യങ്ങള്‍ കുന്നുകൂടി തുടങ്ങിയിരിക്കുകയാണ് ബഹിരാകാശത്തും. വരും കാലങ്ങളില്‍ ഈ ബഹിരാകാശ മാലിന്യങ്ങള്‍ നമുക്കു തന്നെ വിനയാകുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം കുമിഞ്ഞുകൂടിയ ഈ മാലിന്യങ്ങള്‍ മൂലം ഇന്ന് ബഹിരാകാശത്തുള്ള പല ഉപഗ്രഹങ്ങളുടെയും നില വരെ പരുങ്ങലിലാണ്.
ഇക്കഴിഞ്ഞ നവംബറില്‍ റഷ്യ തങ്ങളുടെ പഴയ ഉപഗ്രഹം ബഹിരാകാശത്തു വച്ച് മിസൈല്‍ തൊടുത്ത് തകര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. ഈ പരീക്ഷണത്തിന് ഇത്രയേറെ പ്രാധാന്യം കിട്ടിയത് അതിന്റെ ഭാവി ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ആശങ്ക കൊണ്ടുകൂടിയാണ്. കാരണം ഇതെല്ലാം ഭാവിയില്‍ വന്‍ ദുരന്തത്തിലേക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 1500 ഓളം കാണാന്‍ കഴിയുന്ന വലിപ്പത്തിലുള്ള വസ്തുക്കള്‍ ബഹിരാകാശത്ത് ഇതുമൂലം ചിതറി തെറിച്ചു എന്നാണ് കണക്ക്. ഇതുകൂടാതെ ആയിരക്കണക്കിന് ചെറു വസ്തുക്കളും ഇനി ഭൂമിക്ക് ചുറ്റും കറങ്ങും. നിലവില്‍ ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശത്തു തന്നെ ഒട്ടനവധി വസ്തുക്കള്‍ മാലിന്യങ്ങളായി കറങ്ങുന്നുണ്ട്. ഇവയെല്ലാം ഭാവിയില്‍ ബഹിരാകാശ യാത്രികര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിനും സുരക്ഷാ ഭീഷണി ഉയര്‍ത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
എന്താണ് ബഹിരാകാശ മാലിന്യം
പലവിധ പരീക്ഷണങ്ങള്‍ക്കായി അനവധി വര്‍ഷങ്ങളായി മനുഷ്യര്‍ ഭൂമിക്ക് പുറത്തെ ബഹിരാകാശത്തേക്കും മറ്റ് ഗ്രഹങ്ങളിലേക്കുമെല്ലാം ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിക്കാന്‍ തുടങ്ങിയിട്ട്. ഇന്ന് ഭൂമിക്ക് പുറത്തെ അന്തരീക്ഷത്തില്‍ ഏകദേശം രണ്ടായിരത്തോളം പ്രവര്‍ത്തനക്ഷമമായ ഉപഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്രയും കാലം വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങളും വസ്തുക്കളുമൊക്കെ എവിടെയായിരിക്കും? ഇതില്‍ മിക്കതും ബഹിരാകാശത്ത് തന്നെ ഉണ്ടെന്നതാണ് വാസ്തവം. ഇങ്ങനെ മനുഷ്യര്‍ ഭൂമിക്ക് പുറത്ത് ഉപേക്ഷിച്ചു പോയ മെഷീനുകളെയും മറ്റ് വസ്തുക്കളെയുമാണ് ബഹിരാകാശ മാലിന്യങ്ങള്‍ അഥവാ സ്പേസ് ജങ്ക് എന്നു വിളിക്കുന്നത്.
അതായത്, മനുഷ്യര്‍ നടത്തുന്ന വിവിധ ബഹിരാകാശ പരീക്ഷണങ്ങളുടെ ഭാഗമായി ബോധപൂര്‍വ്വമോ അപകടം മൂലമോ ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെയാണ് ബഹിരാകാശ മാലിന്യങ്ങളായി കണക്കാക്കുന്നത്. ഇവയില്‍ മനുഷ്യന് ആദ്യമായി നിര്‍മിച്ച ക്രിത്രിമ ഉപഗ്രഹമായ സ്ഫുട്നിക്കിനെ വഹിച്ച റോക്കറ്റിന്റെ ഭാഗമാണ് ആദ്യത്തെ ബഹിരാകാശ മാലിന്യമെന്ന് പറയാം. അതിനുശേഷം പിന്നീട് അങ്ങോട്ട് പരാജയപ്പെട്ട വലിയ ഉപഗ്രഹങ്ങള്‍ മുതല്‍ ദൗത്യം അവസാനിപ്പിച്ച് ഭ്രമണപഥത്തില്‍ ഇപ്പോഴും നില്ക്കുന്നവയും റോക്കറ്റുകളും വരെയുണ്ട്. അവിടെയും അവസാനിച്ചില്ല, ഉപയോഗത്തിലില്ലാത്ത ഇത്തരം വസ്തുക്കള്‍ പരസ്പരം കൂട്ടിയിടിച്ച് വീണ്ടും ചെറിയ കഷ്ണങ്ങളായി മാറുന്നുണ്ട്. ഇങ്ങനെ നമുക്ക് എണ്ണി തിട്ടപ്പെടുത്താവുന്നതും അല്ലാത്തതുമായ ഒട്ടനവധി വലുതും ചെറുതുമായ അവശിഷ്ടങ്ങളുണ്ട്. ചന്ദ്രനിലും ഇത്തരം മനുഷ്യനിര്‍മിത മാലിന്യങ്ങള്‍ നിരവധി ഉണ്ട്.
എത്രയധികം?
ബഹിരാകാശത്ത് നമ്മള് മനുഷ്യര്‍ പല കാലങ്ങളിലായി വിക്ഷേപിച്ചിട്ടുള്ള പേടകങ്ങള്‍, റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗശൂന്യമായതു തുടങ്ങി അവയില്‍ നിന്നും അടര്‍ന്നു വീണ ചെറിയ കഷണങ്ങള്‍ വരെ ഭൂമിക്ക് ചുറ്റും ഇപ്പോഴും വലയം ചെയ്യുന്നുണ്ട്. മൂവായിരത്തോളം ഉപയോഗശൂന്യമായ കൃത്രിമ ഉപഗ്രഹങ്ങള്‍ തന്നെ ഇക്കൂട്ടത്തിലുണ്ട്. എന്തിനധികം പറയുന്നു, 10 സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള മുപ്പത്തിനാലായിരത്തിലധികം വസ്തുക്കളും ചെറു കഷ്ണങ്ങളായി ലക്ഷക്കണക്കിന് കുഞ്ഞന്‍ വസ്തുക്കളുമുണ്ട്.
ഒരു സോഫ്റ്റ് ബോളിന്റെയോ അതിലും വലുതോ ആയ മുപ്പതിനായിരത്തോളം മാലിന്യങ്ങള്‍ എല്ലാം നിലവിലെ ഒരു ഉപഗ്രഹത്തെ വരെ തകര്‍ക്കാന്‍ പര്യാപ്തമാണ്. അമ്പതിനായിരത്തിലധികം അവശിഷ്ടങ്ങളാകട്ടെ ചെറിയ കല്ലുകളുടെ വലിപ്പമുള്ളവയാണ്. ഇവയ്ക്കെല്ലാം ബഹിരാകാശ പേടകങ്ങളെ വരെ നശിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. ഒരു ചെറു ധാന്യത്തിന്റെ വലിപ്പമുള്ള 10 കോടിയിലധികം കഷ്ണങ്ങള്‍ അതിവേഗം ബഹിരാകാശത്ത് സഞ്ചരിക്കുന്നുമുണ്ട്. ഇത്തരത്തില്‍ വിവിധ വലിപ്പത്തിലും പല തരത്തിലുമുള്ള മാലിന്യങ്ങളാണ് യഥാര്‍ഥത്തില്‍ ബഹിരാകാശത്ത് ആശങ്ക സൃഷ്ടിക്കുന്നത്.
ബഹിരാകാശ മാലിന്യങ്ങള്‍ ബഹിരാകാശ വസ്തുക്കള്‍ക്ക് തന്നെ കേടുപാട് വരുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 1996ല്‍ ഫ്രഞ്ച് റോക്കറ്റിന്റെ അവശിഷ്ടം തട്ടി ഫ്രഞ്ച് കൃത്രിമ ഉപഗ്രഹം നശിച്ചിരുന്നു
ഇവയെല്ലാം ഭൂമിക്ക് ചുറ്റും കറങ്ങികൊണ്ടിരിക്കുന്നു എന്നതിനാല്‍ സജീവ ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ പേടകങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും വരെ ഭീഷണിയാണ്. ഈ ബഹിരാകാശ മാലിന്യങ്ങളുടെ അളവ് കൂടുന്നത് ഇവ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവ തമ്മില്‍ കൂട്ടിയിടിച്ച് വീണ്ടും ചെറു കഷ്ണങ്ങളായി മാറി മാലിന്യങ്ങള്‍ പെരുകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ എണ്ണം കൂടിയാല്‍ വീണ്ടും കൂട്ടിയിടി സാധ്യത കൂടുകയും ചെയ്യുന്നു. കെസ്ലര് സിന്‍ഡ്രോം എന്നാണ് ഈ പ്രതിഭാസത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.
ഇന്ത്യ അടക്കം പല രാജ്യങ്ങളും മുന്‍പ് തങ്ങളുടെ ശക്തി തെളിയിക്കാനായി സ്വന്തം ഉപഗ്രഹങ്ങള്‍ മിസൈല്‍ തൊടുത്ത് നശിപ്പിച്ചിട്ടുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് തങ്ങളുടെ പഴയ ഉപയോഗ ശൂന്യമായ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു വച്ചു തന്നെ ചിന്നഭിന്നമാക്കിയത്. ഇതുവഴി ആയിരക്കണക്കിന് മാലിന്യങ്ങളാണ് ബഹിരാകാശത്ത് രൂപപ്പെട്ടതും.
ബഹിരാകാശ മാലിന്യങ്ങള്‍ ബഹിരാകാശ വസ്തുക്കള്‍ക്ക് തന്നെ കേടുപാട് വരുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 1996ല്‍ ഫ്രഞ്ച് റോക്കറ്റിന്റെ അവശിഷ്ടം തട്ടി ഫ്രഞ്ച് കൃത്രിമ ഉപഗ്രഹം നശിച്ചിരുന്നു. 2009ല്‍ പ്രവര്‍ത്തനരഹിതമായ റഷ്യന്‍ സ്പേസ്ക്രാഫ്റ്റ് കൂട്ടിയിടിച്ച് യുഎസിന്റെ ഇറിഡിയം കൊമേഴ്സ്യല്‍ സ്പേസ്ക്രാഫ്റ്റ് കൂടെ പ്രവര്‍ത്തനരഹിതമായി.
പ്രശ്നങ്ങള്‍
ബഹിരാകാശ മാലിന്യങ്ങള്‍ പെരുകുന്നത് വരും കാലങ്ങളില്‍ നമ്മുടെ ബഹിരാകാശ യാത്രകള്‍ക്ക് വരെ തടസ്സമായേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയില്‍ ചിലത് ഭൂമിയുടെ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കാനും സാധ്യതകളേറുന്നു. എന്നാല്‍ ഭൂമിയിലേക്ക് പതിക്കാന്‍ തുടങ്ങിയാലും ഇവ ആകാശത്തു വച്ചു തന്നെ കത്തിപോകാനാണ് സാധ്യത കൂടുതല്‍. വലിയ മാലിന്യങ്ങളാണ് ഭൗമ ഉപരിതലത്തിലേക്ക് പതിക്കുന്നതെങ്കില്‍ ഇവ പൂര്‍ണമായും കത്തിപോകാനുള്ള സാധ്യതയും കുറവാണ്. ഭൂമിയുടെ ഏതെങ്കിലും ഭാഗത്തായി പതിക്കാനും സാധ്യകളുണ്ട്.
ഇപ്പോഴും ചിലതെല്ലാം ഭൂമിയിലേക്ക് ഇടയ്ക്ക് പതിക്കാറുണ്ടെങ്കിലും ഭൂരിഭാഗവും കടലില്‍ വീഴുകയാണ് ചെയ്യുന്നത്. ഇനി ഭൂമിയിലേക്ക് വരുന്നവ തന്നെയും വീണ്ടും പല കഷ്ണങ്ങളായാണ് എത്തുന്നത്. അതുകൊണ്ട് ഏതെങ്കിലും ഉപഗ്രഹം നമ്മുടെ വീടിന് മുകളില്‍ വന്നു വീഴുമെന്നൊന്നും പേടിക്കേണ്ട ആവശ്യമില്ല.
ബഹിരാകാശ മാലിന്യങ്ങള്‍ പരിധിയില്‍ കൂടിയാല്‍ ഇവ നീക്കം ചെയ്യാതെ പുതിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് വരെ അസാധ്യമാകും
2013 ജൂലൈയില്‍ കസാഖിസ്ഥാനിലെ ബിക്കാനൂറില് നിന്നും പുറപ്പെട്ട റഷ്യന്‍ പ്രോട്ടോണ്‍ റോക്കറ്റ് കിഴക്കന്‍ സൈബീരിയയില്‍ പിന്നീട് തകര്‍ന്നു വീഴുകയുണ്ടായി. കുറച്ചു ഭാഗങ്ങള്‍ കത്തിപോയിരുന്നെങ്കിലും റോക്കറ്റിന്റെ ഇന്ധന ടാങ്കില്‍ ഉണ്ടായിരുന്ന വിഷവാതകങ്ങള്‍ പിന്നീട് ഈ ഭാഗത്തുള്ള ജനങ്ങളില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായി എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ അന്തരീക്ഷത്തിലേക്ക് പതിച്ചേക്കാവുന്ന ബഹിരാകാശ മാലിന്യങ്ങള്‍ക്കും ഉണ്ടായേക്കാം എന്നാണ് ആശങ്ക ഉയരുന്നത്.
ബഹിരാകാശ മാലിന്യങ്ങള്‍ പരിധിയില്‍ കൂടിയാല്‍ ഇവ നീക്കം ചെയ്യാതെ പുതിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് വരെ അസാധ്യമാകും. 2000 ത്തില്‍ വെറും 9000 ബഹിരാകാശ അവശിഷ്ടങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് മുപ്പതിനായിരത്തിലധികം ആയി മാറി. തങ്ങളുടെ ഉപഗ്രഹങ്ങളും മറ്റും സംരക്ഷിക്കാനായി ഇന്ന് എല്ലാ സ്പേസ് ഏജന്‍സികളും ഇത്തരത്തിലുള്ള ബഹിരാകാശ മാലിന്യങ്ങളുടെ ചലനം നിരീക്ഷിക്കുന്നുണ്ട്.
ബഹിരാകാശ മാലിന്യവും ഭൂമിയുടെ പരിസ്ഥിതിയും
ഓരോ വര്‍ഷവും 80 ടണ്‍ ബഹിരാകാശ മാലിന്യം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പതിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണക്ക്. പക്ഷേ ഇവയില്‍ ബഹുഭൂരിപക്ഷവും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപോവുകയും ചെയ്യാറുമുണ്ട്. അതുകൊണ്ടുതന്നെ നമ്മള് അത് അറിയാറില്ല എന്നു മാത്രം. പക്ഷേ കത്തിപോയി എന്നു കരുതി അതില്ലായി എന്നല്ല അര്‍ഥം. അതിലൂടെ ഉണ്ടാകുന്ന അമിത ചൂടില്‍ ആ അവശിഷ്ടങ്ങള്‍ ഉരുകുകയാണ് ചെയ്യുന്നത്. ഇതിലെ രാസഘടകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും ചെയ്യുന്നു. ഇത്തരം മാലിന്യങ്ങളിലെ ചില പോളിമറുകള്‍ രാസപ്രവര്‍ത്തനം നടന്ന് നൈട്രിക് ഓക്സൈഡ് പുറന്തള്ളും. ഇത് ഓസോണ്‍ പാളിക്ക് വിള്ളല്‍ വീഴ്ത്താന്‍ ഇടയാക്കുന്നതുമാണ്.
എന്നാല്‍ ഭാഗ്യവശാല്‍ നമ്മുടെ ഭൂമി ഇത്രയേറെ വലുതായതുകൊണ്ടും ഭൂമിയുടെ അന്തരീക്ഷം വിശാലമായതുകൊണ്ടും ഇത്തരത്തിലുണ്ടാകുന്ന എരിയലും രാസപ്രവര്ത്തനങ്ങളുമെല്ലാം അവഗണിക്കാവുന്നതേയുള്ളൂ. കാരണം, നമ്മള് മനുഷ്യര്‍ ഭൂമിയില്‍ അല്ലാതെ ചെയ്തു കൂട്ടുന്ന ദോഷങ്ങളെ അപേക്ഷിച്ച് ആയിരക്കണക്കിന് മാത്രം വരുന്ന ബഹിരാകാശ മാലിന്യങ്ങളുടെ കണക്ക് കാലാവസ്ഥാ മാറ്റത്തിന് ചെറിയ ഒരു ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്.
എന്നാല്‍ പേടിക്കേണ്ട കാലം വരുന്നുണ്ടെന്നും യൂറോപ്യന്‍ കോണ്‍ഫറന്‍സ് ഓണ്‍ സ്പേസ് ഡെബ്രിസ് ഓര്‍മപ്പെടുത്തുന്നു. 2100 ആകുമ്പോഴേക്ക് ഇന്നുള്ളതിലും 50 ഇരട്ടിയായി ബഹിരാകാശ മാലിന്യങ്ങള്‍ ഭൗമാന്തരീക്ഷത്തിലേക്ക് എത്തുമെന്നും ഇവ കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം എന്നുമാണ് പറയുന്നത്. കാരണം, കാലാവസ്ഥാ മാറ്റം അന്തരീക്ഷത്തെയും മാറ്റിമറിക്കാം. നമ്മുടെ ഭൂമിയുടെ അന്തരീക്ഷം അന്ന് ചുരുങ്ങുകയും അന്തരീക്ഷത്തിന്റെ മുകളിലെ പാളികള്‍ കനം കുറയുകയും ചെയ്യാം. ഇത് വസ്തുക്കള്‍ തമ്മിലുള്ള ഫ്രിക്ഷന്‍ കുറയ്ക്കുകയും ബഹിരാകാശ മാലിന്യങ്ങളുടെ വേഗത നിയന്ത്രണം കുറയുകയും ചെയ്യും.
പരിഹാരമുണ്ടോ?
ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനായി 1990കളില്‍ തന്നെ നാസ ബഹിരാകാശ മാലിന്യങ്ങള്‍ നിയന്ത്രിക്കാനായി മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. ഇതിനായി ഇന്റര്‍ ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി കൂടിയാല്‍ ചലത് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരും. വരും കാലങ്ങളില്‍ ഉണ്ടാക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളില്‍ പോളിമെറിക് ഫോം കോട്ടിങ് നല്‍കാനും അങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പതിക്കുന്നവയല്ലാം കത്തി ചാമ്പലാകാനും പറ്റുന്ന തരത്തില്‍ രൂപകല്പന ചെയ്യുന്നതും ആലോചനയിലാണ്. എങ്കിലും ഇതുവരെ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമോ ആഗോള തലത്തില്‍ അംഗീകരിക്കുന്ന ഒരു പരിഹാര മാര്‍ഗമോ ഉണ്ടായിട്ടില്ല.