Mar 11 • 11M

പുതിയ സാങ്കേതികവിദ്യകള്‍ ഒരുങ്ങുന്നു; 100% ഊര്‍ജ പുനര്‍നിര്‍മാണത്തിനായി

3
 
1.0×
0:00
-10:48
Open in playerListen on);
Episode details
Comments

2050 ആകുമ്പോഴേക്ക് പുനരുപയോഗിക്കാവുന്ന ഊര്‍ജമാണ് ലോകത്തെ കീഴടക്കാന്‍ പോകുന്നതെന്നാണ് പ്രവചനം


കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുമ്പോഴും അതിനുള്ള പ്രതിവിധികള്‍ തേടുമ്പോഴും നമുക്ക് മുന്നില്‍ വലിയൊരു വാതില്‍ തുറന്നു കിടക്കുന്നതിനെക്കുറിച്ച് നാം മറന്നുകൂടാ; പുനരുപയോഗ അല്ലെങ്കില്‍ പുനര്‍നിര്‍മാണ ഊര്‍ജങ്ങള്‍ (Renewable energy). നമ്മുടെ ഊര്‍ജ സ്രോതസ്സുകള്‍ തന്നെ വീണ്ടും വീണ്ടും എത്ര കാലത്തേക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്നത് പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ്. നമ്മള്‍ ഉപയോഗിച്ച് തീര്‍ത്തുകൊണ്ടിരിക്കുന്ന മറ്റ് ഊര്‍ജ സ്രോതസ്സുകളെ ആശ്രയിച്ച് കാലാകാലം നമുക്ക് കഴിയാനാവില്ലല്ലോ. അപ്പോള്‍ ഇതിനെല്ലാം ഒരു മറുവശം അല്ലെങ്കില്‍ മറുവഴി കണ്ടെത്തിയേ തീരൂ.


2024 ആകുമ്പോഴേക്ക് ലോകത്തെ ഊര്‍ജ സ്രോതസ്സുകളില്‍ 30% പുനരുപയോഗ ഊര്‍ജമാക്കാനും 2050 എത്തുമ്പോഴേക്ക് അത് 100% ആക്കുവാനും ശാസ്ത്രലോകം പദ്ധതിയിടുന്നുണ്ട്


പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യാപകമായിട്ടില്ല. ഒരു സുരക്ഷിത ഭാവി മുന്നില്‍ കാണാന്‍ പുനരുപയോഗ ഊര്‍ജങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗങ്ങളിലൊന്ന്. സൂര്യപ്രകാശവും കാറ്റുമെല്ലാം ഇഷ്ടം പോലെ നമുക്ക് ചുറ്റുമുള്ളപ്പോള്‍ ഇതുപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മറ്റ് ഊര്‍ജ സ്രോതസ്സുകളെക്കുറിച്ചാണ് ഗവേഷണം നടക്കുന്നത്. സൗരോര്‍ജവും (solar energy) പവനോര്‍ജവും (wind energy) ജലവൈദ്യുത പദ്ധതികളുമെല്ലാം (hydro power energy) ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ അളവ് കൂട്ടുകയാണ് ലക്ഷ്യം. ഇത്തരം മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 2024 ആകുമ്പോഴേക്ക് ലോകത്തെ ഊര്‍ജ സ്രോതസ്സുകളില്‍ 30% പുനരുപയോഗ ഊര്‍ജമാക്കാനും 2050 എത്തുമ്പോഴേക്ക് അത് 100% ആക്കുവാനും ശാസ്ത്രലോകം പദ്ധതിയിടുന്നുണ്ട്.

എന്തുകൊണ്ട് പുനരുപയോഗ ഊര്‍ജങ്ങള്‍

നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി വൈദ്യുതി മാറിക്കഴിഞ്ഞു. പണ്ടത്തെ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലിരുന്നുള്ള ജീവിതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും ഇനി ചിന്തിക്കാനാകുമോ! നമ്മള്‍ എന്നും ഉപയോഗിക്കുന്ന ഈ വൈദ്യുതി കിട്ടാതായാല്‍ നാം എന്ത് ചെയ്യും? നമ്മള്‍ മറ്റേതോ യുഗങ്ങള്‍ പുറകിലായതായി തോന്നും. നിലവില്‍ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രകൃതി വാതകം, കല്‍ക്കരി, എണ്ണ എന്നിവയൊക്കെ ഉപയോഗിച്ചും വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്.

എണ്ണ, കല്‍ക്കരി തുടങ്ങിയവയെല്ലാം നാം പ്രകൃതിയില്‍ നിന്നും ഒരു തരത്തില്‍ ഊറ്റി എടുക്കുന്നവയല്ലേ? നമുക്ക് പ്രകൃതിയായി കനിഞ്ഞു നല്‍കിയിരിക്കുന്ന സ്രോതസ്സുകളെ മാത്രമേ എല്ലാക്കാലത്തും സ്ഥായിയായി ആശ്രയിക്കാന്‍ കഴിയൂ. അല്ലാത്തവ സ്വാഭാവികമായും ഒരു ദിവസം ഇല്ലാതായാല്‍ എന്താകുമെന്ന് ചിന്തിച്ചു നോക്കൂ. ഈ പറയുന്ന സ്വാഭാവികമല്ലാത്ത സ്രോതസ്സുകളെ ഉപയോഗിക്കാന്‍ കഴിയാത്തൊരു ഘട്ടം വന്നാല്‍ അതിനെ തരണം ചെയ്യണമല്ലോ. അവിടെയാണ് പുനരുപയോഗ ഊര്‍ജങ്ങളുടെ പ്രസക്തി. എപ്പോള്‍ വേണമെങ്കിലും നമുക്ക് ആശ്രയിക്കാവുന്ന, ലഭ്യമാകുന്ന, താരതമ്യേന ചിലവ് കുറച്ചു ചെയ്യാന്‍ കഴിഞ്ഞേക്കാവുന്ന സ്രോതസ്സുകളാണ് ഇവ. അതായത്, നമ്മള്‍ ഉപയോഗിച്ചു കഴിഞ്ഞാലും സ്വാഭാവികമായി വീണ്ടും പ്രകൃതിയില്‍ യഥേഷ്ടം ഉത്പാദിപ്പിക്കപ്പെടുന്നവയാണ് ഇത്.

പ്രധാന പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍:

സൂര്യപ്രകാശം (Solar energy)
കാറ്റ് (Wind energy)
ജലം (Hydro power)
തിരമാലകള്‍ (Wave power)
തരംഗങ്ങള്‍ (Tidal power)
ഭൗമ താപം (Geothermal heat)

ഇത്തരം പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദനവും വായു/വെള്ളം ചൂടാക്കലും തണുപ്പിക്കലും എന്തിനേറെ വാഹനങ്ങളില്‍ ഇന്ധനമാക്കി യാത്ര ചെയ്യാന്‍ വരെ സാധിക്കും. ജൈവ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലും നമുക്ക് സുസ്ഥിരമായി ആശ്രയിക്കാന്‍ കഴിയുക പുനരുപയോഗ ഊര്‍ജങ്ങള്‍ തന്നെയാണ്. മുകളില്‍ പറഞ്ഞതു കൂടാതെ, ബയോമാസ് എന്ന ഒരു തരം ഊര്‍ജം കൂടിയുണ്ട്. സസ്യങ്ങള്‍, മൃഗങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും കിട്ടുന്ന സ്വാഭാവിക ഊര്‍ജ സ്രോതസ്സാണിത്. ഇതില്‍ നിന്നും കിട്ടുന്ന ഊര്‍ജം ഉപയോഗിച്ച് വൈദ്യുതിയും ചൂടും ഉണ്ടാക്കാനും ഇന്ധനത്തിനും എല്ലാം ഉപയോഗിക്കാറുണ്ട്. കാറ്റും സൂര്യപ്രകാശവുമാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍.

സംഭരിക്കലാണ് മുഖ്യം

പുനരുപയോഗിക്കാന്‍ കഴിയുമെങ്കിലും ഈ ഊര്‍ജ സ്രോതസ്സുകളെല്ലാം സംഭരിച്ചു വയ്ക്കലും വലിയ വെല്ലുവിളിയായിരുന്നു. അതിനായുള്ള ചില പരിഹാരങ്ങളാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 2050 വര്‍ഷമാകുമ്പോഴേക്ക് യുഎസ് അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ സ്വാഭാവിക ഊര്‍ജത്തിലേക്ക് പൂര്‍ണമായും മാറാനുള്ള പദ്ധതികളിടുന്നുണ്ട്. അതിന്റെ ഭാഗമായി 2024 ലില്‍ ലോകത്തെ ഊര്‍ജ ഉപയോഗത്തിന്റെ 30% എങ്കിലും പുനരുപയോഗ ഊര്‍ജത്തില്‍ നിന്നാകുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കാക്കുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗവും സോളാറും കാറ്റാടികളും ഉപയോഗിച്ചുള്ളതുമായിരിക്കും.

ഇന്ന് പുനരുപയോഗ ഊര്‍ജങ്ങള്‍ ഉപയോഗിക്കുന്നതിലെ പ്രധാന വെല്ലുവിളി അത് സംഭരിക്കുന്നതിലെ ചിലവുകളാണ്. എല്ലാ സമയവും ഇതെല്ലാം ഒരുപോലെ ലഭ്യമാവില്ലല്ലോ. നല്ല വെയിലുള്ള പകല്‍ മാത്രമല്ലേ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ. അതുപോലെ നല്ല കാറ്റുള്ളപ്പോള്‍ മാത്രമല്ലേ കാറ്റാടി യന്ത്രങ്ങളും പ്രവര്‍ത്തിക്കുകയുള്ളൂ. അപ്പോള്‍ അല്ലാത്ത സമയവും ഇതെല്ലാം നന്നായി ഉപയോഗപ്പെടുത്താനായി സംഭരിച്ചു വച്ചേ മതിയാകൂ. ഇതിനായുള്ള ചില നിര്‍ണായക ഗവേഷണങ്ങളും കണ്ടെത്തലുകളുമാണ് യുഎസിലെ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറി (NREL) നടത്തിയത്.

NREL നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയ മൂന്ന് പ്രധാന സാങ്കേതികവിദ്യകള്‍ ഇവയാണ്:

നീണ്ട ചാര്‍ജുള്ള ബാറ്ററികള്‍

സാധാരണ ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന തരം ആല്‍ക്കലൈന്‍ ബാറ്ററി തുടങ്ങി കാറുകളിലും ലാപ്‌ടോപുകളിലും മറ്റും ഉപയോഗിക്കുന്ന ലിഥിയം-അയേണ്‍ ബാറ്ററി വരെ പലതരത്തിലുള്ള ബാറ്ററികള്‍ നമ്മള്‍ നിരന്തരം കാണുന്നതാണ്. എന്നാല്‍ ഈ ബാറ്ററികള്‍ക്കെല്ലാം ഇനിയും വളര്‍ച്ചാ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അതായത്, കൂടുതല്‍ സമയം ഊര്‍ജം പുറത്തുവിടാന്‍ കഴിവുള്ള വലിയ കപാസിറ്റിയുള്ള ബാറ്ററികളിലൂടെ സോളാര്‍ ഊര്‍ജം രാത്രികളിലും സുഖമായി ഉപയോഗിക്കാന്‍ കഴിയും.

കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ പെരുകി തുടങ്ങുന്ന ഈ കാലത്ത്, ഇത്തരം നീണ്ടു നില്‍ക്കുന്ന ചാര്‍ജുള്ള ബാറ്ററികള്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം. ഇപ്പോള്‍ അപൂര്‍വ്വമായി മാത്രം ഉപയോഗിച്ചു വരുന്ന ഇത്തരം ബാറ്ററികള്‍ വ്യാപകമാക്കാനാണ് ഇനി ഉദ്ദേശിക്കുന്നത്. ഈ ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്നത് ഒരു രാസ പ്രവര്‍ത്തനത്തിലൂടെയാണ്. അങ്ങനെയാണ് കറന്റ് ബാറ്ററിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നതും. പക്ഷേ ഇവിടെ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ബാറ്ററികള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലിഥിയത്തിന്റെയും കോബാള്‍ട്ടിന്റെയും ലഭ്യതക്കുറവാണ്.

കണക്കുകള്‍ പ്രകാരം, ലോകത്തെ കോബാള്‍ട്ട് മുഴുവനായും ലിഥിയത്തിന്റെ 10 ശതമാനവും 2050 എത്തുമ്പോഴേക്ക് ഇല്ലാതാകുമെന്നാണ്. ഇതു രണ്ടും വളരെ ലഘുവായ സുശക്തമായ ബാറ്ററികള്‍ നിര്‍മിക്കാന്‍ ആവശ്യവുമാണ്. അതുകൊണ്ട് ഇവ രണ്ടിനും പകരക്കാരേയോ ഇവയുടെ പുനരുപയോഗമോ പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍. ലോകത്തെ വന്‍കിട വാഹന നിര്‍മാതാക്കളായ ടെസ്‌ല കോബാള്‍ട്ട് ഇല്ലാത്ത ബാറ്ററികള്‍ അടുത്ത വര്‍ഷങ്ങളില്‍ പുറത്തിറക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. കൂടാതെ, ലിഥിയത്തിനു പകരം സോഡിയം ഉപയോഗിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

സുരക്ഷിത ബാറ്ററികള്‍

ഊര്‍ജ സംരക്ഷണത്തിനായി തയ്യാറാക്കുന്ന മറ്റൊരു പദ്ധതി ബാറ്ററികളുടെ സുരക്ഷിതത്വമാണ്. ബാറ്ററികളില്‍ ഉപയോഗിക്കുന്ന മാധ്യമമായ ഇലക്ട്രോലൈറ്റുകളുടെ ഗുണമേന്മ ഉറപ്പാക്കലാണ് അതിനു വേണ്ടത്. ബാറ്ററികളുടെ നെഗറ്റീവും (അനോഡ്) പോസിറ്റീവും (കാഥോഡ്) തമ്മിലുള്ള ഇലക്ട്രിക് ചാര്‍ജുകളുടെ പ്രവാഹത്തിന് സഹായിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ ദ്രവരൂപത്തിലാണുള്ളത്. ഇലക്ട്രോലൈറ്റുകള്‍ തീപിടിക്കുന്ന തരം വസ്തുക്കളാണ്. അതുകൊണ്ടാണ് ബാറ്ററി ചോരുകയോ മറ്റോ ചെയ്താല്‍ അമിതമായി ചൂടാവുന്നതും തീ പിടിക്കുകയോ ഉരുകുകയോ എല്ലാം ചെയ്യുന്നത്.

എന്നാല്‍ ബാറ്ററികളെ കൂടുതല്‍ ഉറപ്പുള്ളതാക്കാനായി ഖര രൂപത്തിലുള്ള ഇലക്ട്രോലൈറ്റുകള്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനു പ്രായോഗികമായി ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും വരും വര്‍ഷങ്ങളില്‍ ഇത്തരം ബാറ്ററികള്‍ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനാകും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. 2026ല്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഖര രൂപത്തിലുള്ള ബാറ്ററികള്‍ ഇലക്ട്രോണിക് ഉപകരണങ്ങളിലും മറ്റും വലിയ തോതില്‍ ഊര്‍ജം സംഭരിക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനായി ചിലവ് അല്പം കൂടുതലാണിപ്പോള്‍. അത് കുറച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്.

സൂര്യപ്രകാശം സംഭരിക്കാം

ഇനി പറയാന്‍ പോകുന്ന ഊര്‍ജ സംഭരണ മാര്‍ഗം മറ്റുള്ളവയെക്കാള്‍ ഒരുപക്ഷേ ചിലവ് ചുരുങ്ങിയതായിരിക്കും. ഉദാഹരണത്തിന് സൗരോര്‍ജ പ്ലാന്റുകളില്‍ കണ്ണാടികള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തില്‍ നിന്ന് ടണ്‍ കണക്കിന് ഉപ്പ് ഉരുക്കിയെടുക്കും. പണ്ട് സ്‌കൂളില്‍ പരീക്ഷണത്തിനായി കോണ്‍കേവ് കണ്ണാടി സൂര്യന് നേരെ പിടിച്ച് അതിന് അഭിമുഖമായി പേപ്പര്‍ കത്തിച്ചതു പോലെയൊക്കെ തന്നെയുള്ള ഒരു വിദ്യ. കണ്ണാടിയിലൂടെ ഉയര്‍ന്ന തോതില്‍ ചൂട് ആഗിരണം ചെയ്യുന്ന ഉപ്പ് ഉരുകാന്‍ തുടങ്ങും. ഈ ഉരുകിയ ഉപ്പ് ഉപയോഗിച്ച് ഇലക്ട്രിക് ജനറേറ്ററുകളും മറ്റും ഉപയോഗിക്കാന്‍ കഴിയും. നമ്മള്‍ കല്‍ക്കരിയും ന്യൂക്ലിയര്‍ ശക്തിയുമെല്ലാം ഉപയോഗിച്ച് ആവിയുണ്ടാക്കുന്നതു പോലെ.

ഇങ്ങനെ ചൂടാക്കിയ വസ്തുക്കള്‍ സംഭരിച്ച് മഴമൂടലുള്ള സമയത്തു പോലും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ഗുണം. ഇത് സൗരോര്‍ജത്തെ ഏതു സമയവും ഉപയോഗിക്കാന്‍ കഴിയുന്നതാക്കും. എന്നാല്‍ സൗരോര്‍ജം ഇങ്ങനെ സംഭരിച്ച് ഉപയോഗിക്കുന്നത് ഇപ്പോഴും മറ്റ് ഊര്‍ജ ഉത്പാദന വഴികള്‍ വച്ച് നോക്കുമ്പോള്‍ ചിലവേറിയത് തന്നെയാണ്. അതുകൊണ്ട് ഈ ചിലവുകള്‍ കുറയ്ക്കാനും അല്ലെങ്കില്‍ ഉപ്പോ മണലോ പോലെ ഉയര്‍ന്ന താപനില തരണം ചെയ്യാന്‍ കഴിയുന്ന മറ്റ് വസ്തുക്കള്‍ കണ്ടെത്താനുമുള്ള പരിശ്രമത്തിലാണ്.

പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങള്‍

ബാറ്ററികള്‍ പൊതുവേ ചെറിയ ഊര്‍ജ സംഭരണത്തിനായുള്ളതാണെങ്കിലും അത് കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാനായി ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. എന്നാലും അതിനെല്ലാം ഫലമുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അതില്‍ പുനരുപയോഗ ഇന്ധനങ്ങളായ ഹൈഡ്രജനും അമോണിയയും വലിയ പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്. ബാറ്ററികളെക്കാള്‍ കൂടുതല്‍ ഊര്‍ജമുള്ള ഹൈഡ്രജനും അമോണിയയും പക്ഷേ ബാറ്ററികള്‍ക്ക് പകരമാവുകയുമില്ല. എങ്കിലും റോക്കറ്റിനടക്കമുള്ള ഇന്ധനമായും ഉപയോഗിക്കാവുന്നതാണ്. ഇന്ന് ഈ ഇന്ധനങ്ങളെല്ലാം പ്രകൃതി വാതകങ്ങളില്‍ നിന്നാണ് ഉണ്ടാക്കുന്നത്, അല്ലെങ്കില്‍ ജൈവ ഇന്ധനങ്ങളില്‍ നിന്ന്. വൈദ്യുതിയുടെ സഹായത്തോടെ അതിവേഗം വെള്ളത്തില്‍ നിന്ന് വിഘടിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കാം. ഇനി വേണ്ടത് പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ ചെലവു ചുരുക്കുകയും വേഗത്തിലാക്കുകയുമാണ്.