Oct 6, 2021 • 11M

നരച്ച മുടി വീണ്ടും കറുക്കുമോ, സാധ്യമെന്ന് ശാസ്ത്രം

നരച്ച മുടിക്ക് പഴയ നിറം വീണ്ടെടുക്കാന്‍ കഴിയുമോ, ഡൈ അടിക്കുന്നത് പോലുള്ള കൃത്രിമ മാര്‍ഗങ്ങളില്ലാതെ.  സാധിക്കുമെന്ന് പഠനങ്ങള്‍. എന്നാല്‍ മാനസിക പിരിമുറുക്കം ഒട്ടും പാടില്ല...

9
4
 
1.0×
0:00
-10:31
Open in playerListen on);
Episode details
4 comments

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊളംബിയ സര്‍വ്വകലാശാലയിലെ മൈറ്റോകോണ്ട്രിയല്‍ സൈക്കോബയോളജിസ്റ്റായ മാര്‍ട്ടിന്‍ പിക്കാര്‍ഡില്‍ പല ഘട്ടങ്ങളായി നടക്കുന്ന കോശങ്ങളുടെ പ്രായമാകല്‍ പ്രക്രിയയെ കുറിച്ച് ഒരു ചിന്ത ഉടലെടുക്കുന്നത്.

ഘടനാപരമായയി ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണത്. ജീവന്റെ നിര്‍മാണഘടകങ്ങള്‍ എന്ന് തന്നെ ഇവയെ വിശേഷിപ്പിക്കാം.

ചില കോശങ്ങള്‍ ബാക്കിയുള്ളവയെ അപേക്ഷിച്ച് വളരെ നേരത്തെ പ്രായമാകലിന്റെ സൂചന കാണിക്കുന്നതായി മാര്‍ട്ടിന്‍ മനസിലാക്കി. അങ്ങിങ്ങായി നടക്കുന്ന ഈ പ്രക്രിയ ഏറ്റവുമധികം പ്രതിഫലിക്കുന്നത് നമ്മുടെ തലയിലാണ്, അതായത് മുടിയിഴകളില്‍. കാരണം എല്ലാ മുടിയിഴകളും ഒരുമിച്ച് നരയ്ക്കുന്നില്ല.

കോശതലത്തില്‍ നടക്കുന്ന പ്രക്രിയയുടെ പ്രതിഫലനം തന്നെയാകാം മുടിയിഴകളിലും കാണുന്നതെന്ന് അദ്ദേഹം സംശയിച്ചു. ആദ്യം നരയ്ക്കുന്ന മുടിയിഴകള്‍ ഒരുപക്ഷേ പ്രതിരോധശേഷി കുറഞ്ഞതോ അല്ലെങ്കില്‍ അതിജീവന ശേഷി കുറഞ്ഞതോ ആയിരിക്കാം. തന്റെ ഭാര്യയുമായി പിക്കാര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഭാഗികമായി നരച്ച ഒരു മുടിയിഴ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മുടി നരയ്ക്കുന്നതിന്റെ വേഗതയും ഏത് കാലഘട്ടത്തിലാണ് മുടി നരയ്ക്കാന്‍ തുടങ്ങിയതെന്നും അക്കാലത്ത് മുടി നരയ്ക്കലിനെ സ്വാധീനിക്കുന്ന തരത്തില്‍ ജീവിതത്തില്‍ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോയെന്നും കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന് പിക്കാര്‍ഡ് പറഞ്ഞു.

യുവത്വം നഷ്ടപ്പെടുന്നുവെന്നതിന്റെ ആദ്യത്തെ സൂചനകളിലൊന്നാണ് മുടി നരയ്ക്കല്‍

എന്നാല്‍ അദ്ദേഹത്തെ അമ്പരിപ്പിച്ചുകൊണ്ട് പിക്കാര്‍ഡിന്റെ ഭാര്യ തന്റെ തലയില്‍ രണ്ട് നിറത്തിലുള്ള മുടിയിഴകള്‍ കണ്ടിട്ടുള്ളതായി പറഞ്ഞു. ഉടന്‍ അവയില്‍ ചിലത് പറിച്ച് നല്‍കുകയും ചെയ്തു. വലിയൊരു കണ്ടെത്തലിലേക്ക് പിക്കാര്‍ഡിനെയും സംഘത്തെയും നയിച്ച അവിസ്മരണീയ സംഭവമായിരുന്നു അത്.

മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടുക, ചര്‍മ്മത്തിന്റെ സ്നിഗ്ദ്ധത നഷ്ടപ്പെടുക, മുടിയിഴകള്‍ നരച്ച് തുടങ്ങുക…പ്രായമാകുന്നുവെന്ന് ശരീരം വിളിച്ചോതുന്ന ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ മനസില്‍ ചെറുപ്പം കാത്തുസൂക്ഷിക്കാത്തവര്‍ക്കെല്ലാം അല്‍പ്പമൊന്ന് അടിപതറും. യുവത്വം നഷ്ടപ്പെടുന്നുവെന്നതിന്റെ ആദ്യത്തെ സൂചനകളിലൊന്നാണ് മുടി നരയ്ക്കല്‍.

പലരിലും മുപ്പതുകളുടെ വിടവാങ്ങലിനൊപ്പം മുടിയും വെളുപ്പിന്റെ മേലങ്കിയണിയും, ചിലരില്‍ അതിനും മുമ്പ്. നരച്ച മുടി വീണ്ടും കറുപ്പിക്കുന്ന (അല്ലെങ്കില്‍ അതിന്റെ സ്വാഭാവിക നിറത്തിലെത്തിക്കുന്ന) ഉല്‍പ്പന്നങ്ങളൊക്കെ വിപണിയില്‍ ലഭ്യമാണെങ്കിലും സ്വാഭാവികമായി മുടിയുടെ നിറം വീണ്ടെടുക്കുന്നത് അസാധ്യമായ കാര്യമായാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സ്വാഭാവിക നിറം നഷ്ടപ്പെട്ട മുടിയിഴകള്‍ താല്‍ക്കാലികമായെങ്കിലും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നാണ് പിക്കാര്‍ഡിന്റെ പഠനത്തിലൂടെ തെളിഞ്ഞത്.

മാത്രമല്ല മാനസിക പിരിമുറുക്കം മുടി നരയ്ക്കലിനെ സ്വാധീനിക്കുമെന്ന മുന്‍ കണ്ടെത്തലുകളെ ഈ പുതിയ പഠനം ഒന്നുകൂടി ദൃഢപ്പെടുത്തുകയും ചെയ്തു.

പുതിയ കണ്ടെത്തല്‍ അല്ല

മുമ്പും ചില പഠനങ്ങളില്‍ നരച്ച മുടി പഴയ നിറം വീണ്ടെടുത്ത ഒറ്റപ്പെട്ട കേസുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി ശാസ്ത്രലോകത്ത് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. 1972ല്‍ പുറത്തിറങ്ങിയ ഒരു പ്രബന്ധത്തില്‍ ത്വക്ക്രോഗവിദഗ്ധനായിരുന്ന സ്റ്റാന്‍ലി കോമൈഷ്, മുപ്പത്തെട്ടുകാരനായ ഒരാളില്‍ ഈ 'അസ്വാഭാവിക പ്രതിഭാസം' കണ്ടെത്തുയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ മുടിയിഴകള്‍ ഒന്നുകില്‍ കറുപ്പോ(ദേശ, വംശ ഭേദങ്ങള്‍ക്കനുസരിച്ച് മാറാം) വെളുപ്പോ ആയിരിക്കുമെന്നിരിക്കേ, ഇദ്ദേഹത്തിന്റെ മൂന്ന് മുടിയിഴകളുടെ അറ്റം വെളുത്തും വേരുകളോട് ചേര്‍ന്ന് കറുപ്പും ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുപക്ഷേ നരച്ച മുടി കറുപ്പ് നിറം വീണ്ടെടുത്തതിന്റെ സൂചനയാകാം ഇതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ മുന്‍ പഠനങ്ങളില്‍ നിന്ന് പിക്കാര്‍ഡിന്റെ പഠനം വ്യത്യസ്തമാകുന്നത് കേവലം ഒരാളില്‍ മാത്രമല്ല, വ്യത്യസ്ത പ്രായങ്ങളിലും വംശങ്ങളിലും ലിംഗങ്ങളിലുമുള്ള പത്തിലധികം പേരില്‍ തന്റെ കണ്ടെത്തല്‍ തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതിനാലാണ്. മാത്രമല്ല, നരച്ച മുടി വീണ്ടും സ്വാഭാവിക നിറം വീണ്ടെടുക്കുമെന്നതിന് ഇന്ന് വരെയുള്ളതില്‍ ഏറ്റവും ശക്തമായ തെളിവ് നല്‍കുന്ന ഏക പഠനം ഇദ്ദേഹത്തിന്റേതാണ്. മാനസിക പിരിമുറുക്കം ശക്തമായ ഘട്ടത്തില്‍ മുടി നരയ്ക്കാമെന്നും അതിന് ശേഷം വീണ്ടും പഴയ നിറത്തിലേക്ക് മടങ്ങിപ്പോകാമെന്നുമാണ് ഈ പഠനം അവകാശപ്പെടുന്നത്.

പഠനം

പ്രാദേശിക പരസ്യങ്ങളിലൂടെയും സോഷ്യല്‍മീഡിയ വഴിയും ആളുകളുമായി നേരിട്ട് സംസാരിച്ചുമാണ് പിക്കാര്‍ഡും സംഘവും ഒമ്പത് വയസിനും അറുപത്തിയഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള പതിനാലോളം പേരില്‍ നിന്നായി രണ്ട് നിറത്തിലുള്ള മുടിയിഴകള്‍ സംഘടിപ്പിച്ചത്. ഇവരെല്ലാം പല വംശങ്ങളിലുള്ളവരായിരുന്നു. തലയില്‍ നിന്നടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒറ്റ നിറത്തിലുള്ളതും രണ്ട് നിറത്തിലുള്ളതുമായ മുടിയിഴകള്‍ ഇവര്‍ ഗവേഷകര്‍ക്ക് നല്‍കി.

സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഗവേഷകര്‍ മുടിയിഴകളിലെ ഈ നിറവ്യത്യാസത്തെ ഡിജിറ്റലായി പരിശോധിച്ചു. പഠനത്തില്‍ പങ്കെടുത്തവരില്‍ ഒമ്പതിനും മുപ്പത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ളവരുടെ നരച്ച മുടി പഴയ നിറം വീണ്ടെടുത്തതായി അവര്‍ കണ്ടെത്തി. തലയില്‍ മാത്രമല്ല മറ്റ് ശരീരഭാഗങ്ങളിലെ രോമങ്ങളിലും ഈ പ്രതിഭാസം കാണാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു.

പ്രായമാകലിന്റെ ഭാഗമായുള്ള മുടി നരയ്ക്കല്‍ ആരംഭിക്കുന്ന സമയത്താണ് മുടി വീണ്ടും പഴയ നിറം വീണ്ടെടുക്കാനുള്ള സാധ്യതയുള്ളതെന്ന് പിക്കാര്‍ഡ് പറയുന്നു. ഇടയ്ക്ക് കറുത്ത മുടിയിഴകള്‍ക്കിടയില്‍ വെളുത്ത ഒന്നിനെ കണ്ടെത്തുകയും പിന്നീട് കുറച്ച് കാലം കഴിഞ്ഞ് അതിനെ കാണാതാകുകയും ചെയ്ത അനുഭവങ്ങള്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. അത് ഒരുപക്ഷേ നരച്ച മുടി പഴയ നിറം വീണ്ടെടുത്തതാകാം. അതേസമയം മുടി മുഴുവന്‍ നരച്ചവരില്‍ മുടിയിഴകള്‍ക്ക് പഴയ നിറം വീണ്ടെടുക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കും. അപ്പോഴും ചില മുടിയിഴകള്‍ പഴയ നിറത്തിലേക്ക് മടങ്ങാനുള്ള സാധ്യതയും ഉണ്ട്. മുടി മാത്രമല്ല, പ്രായമാകലിന്റെ ഭാഗമായി പല ജീവകലകളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ പഴയപടി ആകാനുള്ള സാധ്യതയുണ്ടോ എന്ന വിഷയത്തില്‍ ഗവേഷകര്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിവരികയാണ്. മുടിയുടെ കാര്യത്തില്‍ അത് സംഭവിക്കാമെന്ന കണ്ടെത്തല്‍ അവര്‍ക്ക് ഏറെ പ്രതീക്ഷയേകുന്നതാണ്.

പ്രായമാകുന്ന കോശങ്ങള്‍

മുടി നരയ്ക്കലെന്നത് ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്ന കാര്യമല്ല. കാലങ്ങളായുള്ള ഒരു പ്രക്രിയയാണിത്. തലയുടെ പല ഭാഗങ്ങളിലും പുരുഷന്മാരുടെ താടിയിലുമാണ് മുടിയുടെ ഈ നിറംമാറ്റം ആദ്യം കാണാന്‍ കഴിയുക. ശരീരത്തിലെ അനേകം കോശങ്ങളില്‍ ഒരുപോലെയല്ല പ്രായമാകല്‍ നടക്കുന്നത് എന്നതുപോലെ, മുടി നരക്കുന്നതും ഒരുപോലെയല്ല. പല രീതിയിലും ശരീരം മുഴുവന്‍ നടക്കുന്ന കോശതലത്തിലുള്ള പ്രായമാകലിന്റെ പ്രതിഫലനമാണ് മുടി നരയ്ക്കല്‍. ചില മുടിയിഴകള്‍ വേഗം നരക്കുന്നതിന്റെ കാരണം അവയ്ക്ക് മാനസിക പിരിമുറുക്കം പോലുള്ള ഘകടങ്ങളെ അതിജീവിക്കാനുള്ള ശേഷി കുറവുള്ളത് കൊണ്ടാകാമെന്നാണ് പഠനം പറയുന്നത്.

മാനസിക പിരിമുറുക്കവും മുടി നരയ്ക്കലും തമ്മിലുള്ള ബന്ധം

മുടി നരയ്ക്കലും മാനസിക പിരിമുറുക്കവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പിക്കാര്‍ഡും സംഘവും പരിശോധിച്ചിരുന്നു. കടുത്ത മാനസിക പിരിമുറുക്കം മുടി നരയ്ക്കാന്‍ കാരണമാകുമെന്നത് വളരെക്കാലമായുള്ള ഒരു വിശ്വാസമാണ്. ചരിത്രത്തിലുടനീളം ഇതിന് ബലം പകരുന്ന ഒട്ടേറെ സംഭവങ്ങള്‍ കാണാന്‍ കഴിയും. പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച് രാജ്ഞി ആയിരുന്ന മേരി അന്റോനെറ്റയുടെ മുടി ഒരു രാത്രി കൊണ്ട് നരച്ചതിന്റെ കാരണം തന്റെ വധശിക്ഷയെക്കുറിച്ചുള്ള ചിന്ത ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

കടുത്ത മാനസിക പിരിമുറുക്കത്തിന്റെ കാലയളവിലാണ് മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെട്ടതെന്ന് ഗവേഷകര്‍ മനസിലാക്കി

മുടിയിഴകളുടെ നിറം സംബന്ധിച്ച ഡിജിറ്റല്‍ പരിശോധനയിലൂടെ ഓരോ മുടിയിഴയിലെയും നിറവ്യത്യാസം കൃത്യമായി അടയാളപ്പെടുത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചു. മുടിയുടെ ശരാശരി വളര്‍ച്ച നിരക്ക്(ഒരു മാസം ഒരു സെന്റിമീറ്റര്‍) ഉപയോഗിച്ച് ഏകദേശം എപ്പോഴാണ് ഈ നിറവ്യത്യാസം സംഭവിച്ചതെന്ന് ഗവേഷകര്‍ കണക്കുകൂട്ടി. പിന്നീട് ഈ കാലയളവില്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്തവരോട് ചോദിച്ചറിഞ്ഞു.

കടുത്ത മാനസിക പിരിമുറുക്കത്തിന്റെ കാലയളവിലാണ് മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെട്ടതെന്ന് ഗവേഷകര്‍ മനസിലാക്കി. ഇതിന് നേര്‍ വിപരീതമായി മാനസികോല്ലാസത്തിന്റെ ഘട്ടങ്ങളില്‍ മുടി സ്വാഭാവിക നിറത്തിലേക്ക് തിരിച്ചുവന്ന സംഭവങ്ങളും അവരുടെ ശ്രദ്ധയില്‍ പെട്ടു. അതേസമയം വളരെ കുറച്ച് പേരില്‍ മാത്രം ഒതുങ്ങിയ ഒരു പഠനമായതിനാല്‍ ഇത് നൂറ് ശതമാനം ശരിയാണെന്ന് അവകാശപ്പെടാന്‍ ഗവേഷകര്‍ക്ക് കഴിയില്ല. എന്നാല്‍ ഇതൊരു സൂചന ആയി എടുത്ത് ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനം നടത്താന്‍ ഗവേഷകര്‍ക്ക് ഈ കണ്ടെത്തല്‍ ഒരു പ്രചോദനമായിരിക്കും.

മുടി നരയ്ക്കുന്നതെങ്ങനെ?

മനുഷ്യശരീരത്തില്‍ ദശലക്ഷക്കണക്കിന് രോമകൂപങ്ങള്‍ അല്ലെങ്കില്‍ ത്വക്കിനെ പൊതിഞ്ഞുകൊണ്ടുള്ള ചെറിയ സഞ്ചികളുണ്ട്. മെലാനിന്‍ അടങ്ങിയ ഈ സഞ്ചികളാണ് മുടി ഉണ്ടാക്കുന്നതും മുടിക്കും തൊലിക്കും നിറം നല്‍കുന്നതുമെല്ലാം. കാലക്രമേണ, പ്രത്യേകിച്ച് പ്രായമാകുമ്പോള്‍ ഇവയ്ക്ക് മെലാനിന്‍ നഷ്ടമാകുകയും മുടിയുടെ നിറം മങ്ങുകയും ചെയ്യും. ഇങ്ങനെയാണ് മുടി നരയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുടിയുടെ സ്വാഭാവിക നിറം വെള്ളയാണ്. മെലാനിന്‍ മൂലമാണ് മുടിക്ക് പല നിറങ്ങള്‍ ലഭിക്കുന്നത്. മെലാനിന്റെ അളവ് കുറയുന്നതനുസരിച്ച് മുടിയുടെ നിറവും മങ്ങിക്കൊണ്ടിരിക്കും. അതേസമയം മുപ്പത് വയസിന് ശേഷം മെലാനിന്‍ നഷ്ടപ്പെടുന്നത് ഒരു സ്വാഭാവിക പ്രക്രിയ ആണ്.

മരത്തടിയിലെ അടയാളങ്ങള്‍ എന്നപോലെ മുടിയിഴകള്‍ ഒരു വ്യക്തിയുടെ പൂര്‍വ്വകാല ജീവിതത്തെ അടയാളപ്പെടുത്തുന്ന ജീവിത രേഖയാണെന്ന് പിക്കാര്‍ഡ്

ചിലര്‍ക്ക് വളരെ നേരത്തെയും മുടി നരയ്ക്കാം. ജീവകങ്ങളുടെ അപര്യാപ്തത, പാരമ്പര്യം, ചില പ്രത്യേക രോഗങ്ങള്‍, മാനസിക പിരിമുറുക്കം, ഓക്സിഡേറ്റീവ് സ്ട്രെസ്സ്(ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തെ ചെറുക്കാന്‍ മതിയായ ആന്റിഓക്സിഡന്റുകള്‍ ഇല്ലാതെ വരുമ്പോഴുണ്ടാകുന്ന അസന്തുലിതാവസ്ഥ), പുകവലി, മുടിയുടെ നിറം മാറ്റുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശ ഉല്‍പ്പന്നങ്ങള്‍ എന്നിവ അകാലനരയ്ക്കുള്ള കാരണങ്ങളാണ്.

മുടി ഒരു ജീവിതരേഖ

മരത്തടിയിലെ അടയാളങ്ങള്‍ എന്നപോലെ മുടിയിഴകള്‍ ഒരു വ്യക്തിയുടെ പൂര്‍വ്വകാല ജീവിതത്തെ അടയാളപ്പെടുത്തുന്ന ജീവിത രേഖയാണെന്ന് പിക്കാര്‍ഡ് പറയുന്നു. അതിനാല്‍ത്തന്നെ, മുന്‍കാല സംഭവങ്ങള്‍ ഒരാളിലെ പ്രായമാകല്‍ പ്രക്രിയയെ എത്തരത്തിലാണ് സ്വാധീനിച്ചതെന്ന് കണ്ടെത്തുന്നതിനുള്ള ശക്തമായ ഉപാധിയാണ് അയാളുടെ മുടിയിഴകള്‍.