Jan 31 • 14M

നിക്കോള ടെസ്‌ലയെ എഡിസണ്‍ ചതിച്ചതോ?

ലോകത്തിന്‌ മുഴുവന്‍ ഉപകാരപ്രദമായ പല കണ്ടെത്തലുകള്‍ നടത്തിയിട്ടും ആരാരുമില്ലാതെ, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണ്‌ ഒരു ഭ്രാന്തനെപ്പോലെ ജീവിതം അവസാനിച്ച നിക്കോള ടെസ്‌ല എന്ന മഹാനെക്കുറിച്ച്‌ അറിയാം

4
 
1.0×
0:00
-14:06
Open in playerListen on);
Episode details
Comments

തോമസ്‌ ആല്‍വ എഡിസണും നിക്കോള ടെസ്‌ലയും തമ്മിലുണ്ടായിരന്ന പകയുടെ കഥ ശാസ്‌ത്രലോകത്ത്‌ പ്രസിദ്ധമാണ്‌. തന്റെ സഹായിയായിരുന്ന നിക്കോള ടെസ്‌ലയെ എഡിസണ്‍ യഥാര്‍ഥത്തില്‍ ചതിക്കുയായിരുന്നോ? ഇരുവരും തമ്മില്‍ നടന്ന 'കറന്റ്‌ യുദ്ധ'ത്തിന്റെ സത്യാവസ്ഥയെന്ത്‌?


ലോകത്തിന്‌ മുഴുവന്‍ ഉപകാരപ്രദമായ പല കണ്ടെത്തലുകള്‍ നടത്തിയിട്ടും ആരാരുമില്ലാതെ, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണ്‌ ഒരു ഭ്രാന്തനെപ്പോലെ ജീവിതം അവസാനിച്ച നിക്കോള ടെസ്‌ല എന്ന മഹാനെക്കുറിച്ച്‌ അറിയാം സയന്‍സ്‌ ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സിലൂടെ..

1884ല്‍ പോക്കറ്റില്‍ വെറും നാല്‌ സെന്റ്‌ (100 സെന്റാണ്‌ അമേരിക്കയില്‍ ഒരു ഡോളര്‍) പണവും കുറച്ച്‌ വസ്‌ത്രങ്ങളുമായി ന്യൂയോര്‍ക്കില്‍ ഒരു യുവാവ്‌ വന്നിറങ്ങി. സ്‌മില്‍ജന്‍ എന്ന ഗ്രാമത്തില്‍ നിന്ന്‌ തന്റെ ഗവേഷണങ്ങള്‍ക്ക്‌ പുതുവഴി തേടി നിക്കോള ടെസ്‌ല എന്ന 28കാരന്‍ എത്തിയത്‌ ഉപജ്ഞാതാവും ബിസിനസുകാരനുമായ തോമസ്‌ ആല്‍വ എഡിസണ്‍ എന്ന 37കാരന്റെ അടുത്താണ്‌. അവിടെ നിന്നും ടെസ്‌ലയുടെ ജീവിതം മാറിമറിയാന്‍ തുടങ്ങുകയായിരുന്നു. എഡിസണിന്റെ അപ്രന്റീസായി ജോലി ചെയ്‌ത ടെസ്‌ല പിന്നീട്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ എതിരാളിയായി മാറി.

ഒരു വര്‍ഷത്തോളം എഡിസണു കീഴില്‍ ജോലി ചെയ്‌ത ടെസ്‌ല പിന്നീട്‌ അവിടെ നിന്ന്‌ മാറിയെങ്കിലും അവര്‍ തമ്മിലുള്ള പോര്‌ മുറുകുകയായിരുന്നു. ശാസ്‌ത്രത്തിന്റെ പേരില്‍, അല്ലെങ്കില്‍ കറന്റ്‌ കണ്ടെത്തിയതിന്റെ പേരില്‍ ഇരുവരും തമ്മില്‍ നടന്ന ആ ശീതയുദ്ധത്തിന്റെ കഥ എന്നും ശാസ്‌ത്ര ലോകത്ത്‌ ചര്‍ച്ചാ വിഷയമാണ്‌. 1880കളില്‍ നടന്ന ആ 'കറന്റ്‌ യുദ്ധം' (Current war) ഇവരില്‍ ആരുടെ ഇലക്ട്രിക്കല്‍ സംവിധാനമാണ്‌ ലോകത്തെ ഭരിക്കാന്‍ പോകുന്നത്‌ എന്നായിരുന്നു. അതിനുള്ള ഉത്തരവും ഒരിക്കല്‍ തരംതാഴ്‌ത്തപ്പെട്ട നിക്കോള ടെസ്‌ല എന്ന ഉപജ്ഞാതാവിന്റെ കഥയുമാണ്‌ ഇനി പറയാന്‍ പോകുന്നത്‌.

മാറിമറിഞ്ഞ വഴികള്‍

ഇന്ന്‌ ക്രൊയേഷ്യയുടെ ഭാഗവും അന്ന്‌ ഓസ്‌ട്രിയയുടെ ഭാഗവുമായിരുന്ന സ്‌മില്‍ജന്‍ എന്ന ഗ്രാമത്തില്‍ 1856 ജൂലൈ 10ന്‌ ജനിച്ച നിക്കോള ടെസ്‌ല ഭാവി മുന്നില്‍ കണ്ടുള്ള ഒരു ശാസ്‌ത്രജ്ഞനും ഉപജ്ഞാതാവുമായിരുന്നു. സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ്‌ കുടുംബത്തില്‍ വളര്‍ന്ന ടെസ്‌ലയുടെ പിതാവ്‌ ഒരു ഓര്‍ത്തഡോക്‌സ്‌ വൈദികനായിരുന്നു. അമ്മ ഡ്യൂക മാന്‍ഡിക്‌ വീട്ടുപകരണങ്ങളും മറ്റും നിര്‍മിക്കുന്നതില്‍ മിടുക്കിയും എല്ലാ കാര്യങ്ങളും വളരെ വേഗം ഓര്‍മിച്ചുവയ്‌ക്കാന്‍ കഴിവുള്ളവളുമായിരുന്നു. ഇതേ ഓര്‍മശക്തിയും കഴിവുമാണ്‌ തനിക്ക്‌ ലഭിച്ചതെന്ന്‌ പിന്നീട്‌ ടെസ്‌ല തന്നെ പറഞ്ഞിട്ടുണ്ട്‌.

ചെറുപ്പത്തില്‍ തന്നെ കണക്കിലും മറ്റും അതീവ താല്‍പര്യവും ബുദ്ധിയും പ്രകടിപ്പിച്ചിരുന്ന ടെസ്‌ല അതിസങ്കീര്‍ണ കണക്കുകള്‍ വരെ മനസ്സില്‍ കണക്കുകൂട്ടി പറയുമായിരുന്നു. ഇത്‌ ടെസ്‌ല തനിയേ ചെയ്യുന്നതല്ല, വെറുതേ അധ്യാപകരെ പറ്റിക്കുകയാണെന്നു വരെ ആദ്യ കാലങ്ങളില്‍ ടെസ്‌ലയുടെ അധ്യാപകര്‍ വിചാരിച്ചിരുന്നു. ഒരിക്കല്‍ കോളറ ബാധിച്ച്‌ 9 മാസക്കാലം കിടപ്പിലായ ടെസ്‌ല പലപ്പോഴും മരണത്തെ തൊട്ടടുത്ത്‌ കണ്ട നിമിഷങ്ങള്‍ വരെയുണ്ടായിട്ടുണ്ട്‌. ടെസ്‌ലയുടെ പിതാവിന്‌ അദ്ദേഹത്തെയും ഒരു പുരോഹിതനാക്കാന്‍ ആയിരുന്നു താല്‍പര്യമെങ്കിലും അസുഖ ബാധിതനായ ടെസ്‌ല തിരികെ ജീവിതത്തില്‍ വന്നാല്‍ മകന്റെ ആഗ്രഹം പോലെ നല്ലൊരു എന്‍ജിനീയറിങ്‌ സ്‌കൂളില്‍ ചേര്‍ക്കാമെന്ന്‌ ആ പിതാവ്‌ മകനോട്‌ പറഞ്ഞു.

അസുഖം മാറി ജീവിതത്തിലേക്ക്‌ വന്ന ടെസ്‌ല ഇംപീരിയല്‍ റോയല്‍ ടെക്‌നിക്കല്‍ കോളേജില്‍ ചേര്‍ന്ന ആദ്യ വര്‍ഷങ്ങളില്‍ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. പക്ഷേ പോളിടെക്‌നിക്‌ സ്‌കൂളില്‍ അവസാന വര്‍ഷമായപ്പോഴേക്കും പഠനം ഉപേക്ഷിച്ചു മടങ്ങി. വീട്ടുകാരുമായും ആ സമയം അകന്ന ടെസ്‌ല ചെറിയ ജോലികള്‍ ചെയ്‌തു ജീവിക്കുവാനും തുടങ്ങി. ടെസ്‌ലയെ അന്വേഷിച്ച്‌ കണ്ടെത്തിയ പിതാവ്‌ വീണ്ടും പഠിക്കാനായി വീട്ടിലേക്ക്‌ അദ്ദേഹത്തെ മടക്കി കൊണ്ടുവന്നു. അധികം വൈകാതെ ടെസ്‌ലയുടെ പിതാവ്‌ മരിക്കുകയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ സഹായത്തോടെ പ്രേഗിലേക്ക്‌ പഠിക്കാനായി വിടുകയും ചെയ്‌തു. പക്ഷേ സര്‍വ്വകലാശാലയില്‍ വൈകി ചേര്‍ന്ന ടെസ്‌ലയ്‌ക്ക്‌ അവിടെ ഗ്രീക്ക്‌ അടക്കമുള്ള ഭാഷകള്‍ വശമാക്കാന്‍ ബുദ്ധിമുട്ടി. അവിടെ നിന്നും നല്ല മാര്‍ക്ക്‌ വാങ്ങാന്‍ ടെസ്‌ലയ്‌ക്ക്‌ കഴിഞ്ഞുമില്ല.


നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കാനായി ആദ്യ ഹൈഡ്രോ ഇലക്ട്രിക്‌ പവര്‍ പ്ലാന്റ്‌ ഡിസൈന്‍ ചെയ്‌തതും ടെസ്‌ലയായിരുന്നു. 1898ല്‍ റിമോട്ട്‌ കണ്‍ട്രോളില്‍ ഓടുന്ന ഒരു ടെലിഓട്ടോമാറ്റിക്‌ ബോട്ടും അദ്ദേഹം പ്രവര്‍ത്തിപ്പിച്ചു


പിന്നീട്‌ ചെറിയ ചില ജോലികള്‍ ചെയ്‌ത്‌ കഴിഞ്ഞിരുന്ന ടെസ്‌ലയ്‌ക്ക്‌ തന്റേതായ രീതിയില്‍ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഹംഗറിയിലും പാരിസിലും ചില കമ്പനികളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്‌ത ടെസ്‌ല ആ മേഖലയില്‍ പ്രാവീണ്യം നേടിയിരുന്നു. ഈ അറിവ്‌ കമ്പനിയിലെ മാനേജ്‌മെന്റിന്റെ വിശ്വാസം നേടിയെടുക്കാനും ഡൈനാമോകളും മോട്ടറുകളും ജനറേറ്ററുകളും ഡിസൈന്‍ ചെയ്യുന്നതില്‍ ടെസ്‌ലയെ നിയമിക്കാനും കാരണമായി. അതിനു ശേഷമാണ്‌ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ ടെസ്‌ല ന്യൂയോര്‍ക്കില്‍ വന്നിറങ്ങുന്നത്‌.

വൈദ്യുതി യുദ്ധത്തിന്റെ ഒടുവില്‍?

ലോകം തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ നടത്തിയ പ്രതിഭയായിരുന്നു നിക്കോള ടെസ്‌ല എന്നു പറയാം. പക്ഷേ പ്രശസ്‌തിയെക്കാളും തന്റെ കണ്ടെത്തലുകളില്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം നിരന്തരം വിവാദങ്ങളിലും പങ്കാളിയായി. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ നടന്ന രണ്ടു വന്‍ കണ്ടെത്തലുകളുടെ പേരില്‍ എഡിസണുമായുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്‌മയാണ്‌ അതില്‍ ഏറ്റവും ജനശ്രദ്ധ നേടിയത്‌. എഡിസണിന്റെ സഹായിയായി നിന്ന കാലത്ത്‌ ലാബിലേക്കുള്ള ജനറേറ്ററുകളും മറ്റ്‌ ഉപകരണങ്ങളും വയ്‌ക്കാനും പുതിയ മെഷീനുകള്‍ ഡിസൈന്‍ ചെയ്യുന്നതിലുമെല്ലാം ടെസ്‌ല മിടുക്കു കാണിച്ചു.

പിന്നീട്‌ ഇന്‍ഡക്ഷന്‍ മോട്ടറുകള്‍ക്കായി ആള്‍ട്ടര്‍നേറ്റിങ്‌ കറന്റുകളെ ഉപയോഗപ്പെടുത്തുന്നതിന്‌ പുതിയ പദ്ധതി ടെസ്‌ല ആവിഷ്‌കരിച്ചു. ടെസ്‌ലയുടെ ഈ കണ്ടെത്തലാണ്‌ എഡിസണുമായി പിന്നീടുണ്ടായ പോരിന്‌ കാരണം. എഡിസണ്‍ കണ്ടെത്തിയ ഡയറക്‌റ്റ്‌ കറന്റ്‌ (DC) അക്കാലത്ത്‌ അമേരിക്കയില്‍ വ്യാപകമായി ഉപയോഗിച്ചു പോന്നിരുന്നു. എന്നാല്‍ അതിനുണ്ടായിരുന്ന ഒരു പ്രശ്‌നം പവര്‍ പ്ലാന്റുകളില്‍ നിന്നും കുറഞ്ഞ വോള്‍ട്ടേജ്‌ വൈദ്യുതി ട്രാന്‍സ്‌മിഷന്‍ ലൈനുകളിലേക്ക്‌ കൂടിയ വോള്‍ട്ടേജില്‍ ദൂരേക്ക്‌ വൈദ്യുതി കടത്തിവിടാന്‍ കഴിയാത്തതുകൊണ്ട്‌ ഉപഭോക്താക്കളുടെ അടുത്തായി ചെറിയ പവര്‍ പ്ലാന്റുകള്‍ ഇടയ്‌ക്ക്‌ സ്ഥാപിക്കേണ്ടതായി വന്നു.

എന്നാല്‍ ടെസ്‌ലയുടെ ആള്‍ട്ടര്‍നേറ്റിങ്‌ കറന്റ്‌ (AC) ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരം കണ്ടു. ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ച്‌ വോള്‍ട്ടേജ്‌ വ്യതിയാനം ക്രമപ്പെടുത്താനും ഉപഭോക്താവില്‍ നിന്നും മൈലുകള്‍ അകലെ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതും ഒരു പ്രശ്‌നമല്ലാതായി. തനിയെ ഇത്‌ പ്രചരിപ്പിക്കാന്‍ തക്ക സ്വാധീനം ഇല്ലാതിരുന്ന ടെസ്‌ല ഇതിന്റെ പേറ്റന്റ്‌ ജോര്‍ജ്‌ വെസ്‌റ്റിങ്‌ഹൗസ്‌ എന്ന അമേരിക്കന്‍ വ്യാപാരിക്ക്‌ വിറ്റു. എഡിസണ്‌ ഇത്‌ വലിയ തിരിച്ചടിയായി. നാളെ ലോകം ആരുടെ കണ്ടുപിടുത്തമാണ്‌ കൂടുതല്‍ അംഗീകരിക്കുക എന്ന നിലയിലേക്ക്‌ ആ വാശി കുറച്ചു നാള്‍ നീണ്ടു. ഇതാണ്‌ 'വൈദ്യുതി യുദ്ധം' എന്ന പേരില്‍ അറിയപ്പെട്ടത്‌.


റേഡിയോ സാങ്കേതികവിദ്യയ്‌ക്കായി ഉപയോഗിക്കുന്ന ടെസ്‌ല കോയില്‍, ഇന്‍ഡക്ഷന്‍ കോയില്‍ എന്നിവ 1891ലാണ്‌ ടെസ്‌ല കണ്ടെത്തുന്നത്‌


എഡിസണ്‍ തന്റെ ഡിസി പ്രചരിപ്പിക്കാനായി പൊതുവായി ക്യാംപെയ്‌നുകളും മറ്റും സംഘടിപ്പിച്ചു. പക്ഷേ അമേരിക്കയില്‍ എഡിസണിന്റെ ഡിസിയെക്കാള്‍ പ്രവര്‍ത്തനക്ഷമതകൊണ്ട്‌ എസി പ്രചാരം നേടിയെടുത്തു. അങ്ങനെ ജോര്‍ജ്‌ വെസ്‌റ്റിങ്‌ഹൗസിന്റെ സഹായത്തോടെ ടെസ്‌ലയുടെ കണ്ടെത്തല്‍ ലോകത്തിനു തന്നെ ഗുണകരമായി മാറി. ലോകത്തെ ഊര്‍ജ ഉപഭോഗത്തെ തന്നെ സ്വാധീനിച്ച വലിയ കണ്ടെത്തലുകളില്‍ ഒന്നായ ആള്‍ട്ടര്‍നേറ്റിങ്‌ കറന്റ്‌ കണ്ടെത്തിയതായിരുന്നു ടെസ്‌ല ലോകത്തിന്‌ നല്‍കിയ സംഭാവനകളില്‍ ഏറ്റവും വലുത്‌. എന്നാല്‍ എഡിസണുമായി ഉണ്ടായെന്നു പറയുന്ന ശീതയുദ്ധത്തെക്കുറിച്ച്‌ ടെസ്‌ല ആകുലപ്പെട്ടിരുന്നില്ല എന്നാണ്‌ അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഡബ്ല്യു. ബര്‍ണാര്‍ഡ്‌ കാള്‍സണ്‍ പറയുന്നത്‌. വൈദ്യുതി യുദ്ധം ചെറിയ ഒരു കാലഘട്ടത്തിലുണ്ടായിരുന്ന ഒരു വ്യാപാര പോരായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം പറയുന്നുണ്ട്‌.

കറങ്ങുന്ന കാന്തിക വലയം, ഇലക്ട്രിക്‌ ഊര്‍ജം പകരാനായുള്ള ത്രീ-ഫേസ്‌ സിസ്റ്റം തുടങ്ങി ഈ സെര്‍ബിയന്‍-അമേരിക്കന്‍ ഉപജ്ഞാതാവ്‌ ലോകത്തെ 27 രാജ്യങ്ങളില്‍ നിന്നായി 270ല്‍ അധികം പേറ്റന്റുകള്‍ സ്വന്തം പേരിലാക്കി. അവയില്‍ യുഎസില്‍ നിന്നു മാത്രം 112 എണ്ണമുണ്ട്‌. പക്ഷേ ടെസ്‌ലയുടെ ആള്‍ട്ടര്‍നേറ്റിങ്‌-കറന്റ്‌ ഡൈനാമോകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, മോട്ടറുകള്‍ എന്നിവയുടെയെല്ലാം പേറ്റന്റ്‌ അവകാശങ്ങള്‍ ജോര്‍ജ്‌ വെസ്‌റ്റിങ്‌ഹൗസിന്‌ പിന്നീട്‌ വിറ്റു. നമ്മള്‍ ഇന്ന്‌ ഉപയോഗിക്കുന്ന മിക്ക ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ടെസ്‌ല കോയില്‍ പോലുള്ളവ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞും പഴകിയ കണ്ടെത്തലുകള്‍ ആകാതെ വീണ്ടും പുതിയവയ്‌ക്കുള്ള ഊര്‍ജമായി മാറുകയാണ്‌.

കൈവിട്ടുപോയ റേഡിയോ

റേഡിയോ സാങ്കേതികവിദ്യയ്‌ക്കായി ഉപയോഗിക്കുന്ന ടെസ്‌ല കോയില്‍, ഇന്‍ഡക്ഷന്‍ കോയില്‍ എന്നിവ 1891ലാണ്‌ ടെസ്‌ല കണ്ടെത്തുന്നത്‌. ടെസ്‌ല കോയിലാണ്‌ ഇന്ന്‌ നാം കാണുന്ന റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ ഇലക്ട്രോണിക്‌ ഉപകരണങ്ങളിലെല്ലാം ഉപയോഗിക്കുന്ന വസ്‌തു. ഇതേ വര്‍ഷമാണ്‌ ടെസ്‌ല അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതും. 1893 മാര്‍ച്ച്‌ 1ന്‌ ടെസ്‌ല ഊര്‍ജം വയര്‍ലെസ്‌ ട്രാന്‍സ്‌മിഷനിലൂടെ കടത്തിവിടുന്നത്‌ എങ്ങനെയെന്ന്‌ തെളിയിച്ചു. റേഡിയോ സിഗ്നലുകള്‍ അയക്കാനും സ്വീകരിക്കാനുമായി ഒരു ഇന്‍ഡക്ഷന്‍ കോയിലും നിര്‍മിച്ചു. ദൂരദേശങ്ങളിലേക്ക്‌ സിഗ്നലുകള്‍ അയക്കാനായി ടെസ്‌ല തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്നപ്പോഴാണ്‌ ഗുഗ്ലീല്‍മോ മാര്‍കോണി റേഡിയോ എന്ന ആശയവുമായി വരുന്നത്‌.

ഇതിനിടയില്‍ ദൗര്‍ഭാഗ്യം പിന്തുടര്‍ന്ന ടെസ്‌ലയുടെ ലാബ്‌ തീപിടിത്തത്തില്‍ കത്തിപോവുകയും ചെയ്‌തു. എന്നാല്‍ അതിലൊന്നും തളരാതെ ടെസ്‌ല, 1897ല്‍ എല്ലാം വീണ്ടും തുടങ്ങി പേറ്റന്റിനായി അപേക്ഷിച്ച്‌ കാത്തിരുന്നു. 1900ല്‍ റേഡിയോ സംബന്ധിയായ രണ്ട്‌ പേറ്റന്റ്‌ കൂടി ടെസ്‌ലയ്‌ക്ക്‌ ലഭിച്ചെങ്കിലും 1904ല്‍ പേറ്റന്റ്‌ ഓഫീസ്‌ മാര്‍ക്കോണിക്ക്‌ റേഡിയോ കണ്ടെത്തലിനുള്ള പേറ്റന്റ്‌ അനുവദിച്ചു. അങ്ങനെ തന്റെ കണ്ടെത്തലുകളുടെ ചുവടുപിടിച്ച്‌ നടത്തിയ റേഡിയോ എന്ന പില്‍ക്കാലത്തെ ഏറ്റവും വലിയ വിപ്ലവമായിത്തീര്‍ന്ന കണ്ടെത്തലില്‍ ടെസ്‌ലയുടെ പേര്‌ ഒഴിവാക്കപ്പെട്ടു.

ഇക്കാരണങ്ങളാലാണ്‌ ഇത്രയേറെ കണ്ടെത്തലുകള്‍ നടത്തിയിട്ടും അത്രമേല്‍ പ്രശസ്‌തനും ലോകം വാഴ്‌ത്തുന്ന വിഖ്യാത ശാസ്‌ത്രജ്ഞനുമായി ടെസ്‌ല അറിയപ്പെടാതെ പോയത്‌. ഇന്നും ടെസ്‌ല എന്ന കാറിനുള്ള പേരും പ്രശസ്‌തിയും പോലും നിക്കോള ടെസ്‌ല എന്ന പ്രതിഭയ്‌ക്ക്‌ ഇല്ലാതെ പോയതും.

പുകഴ്‌ത്തപ്പെടാതെ പോയ നായകന്‍

അക്കാലത്തെ ഉപജ്ഞാതാക്കള്‍ക്കും ശാസ്‌ത്രജ്ഞര്‍ക്കും ഉണ്ടായിരുന്ന അത്ര ബിസിനസ്‌ ബുദ്ധി ടെസ്‌ലയ്‌ക്ക്‌ ഉണ്ടായിരുന്നില്ല എന്നാണ്‌ ചരിത്രം പറയുന്നത്‌. ഭാവിയിലേക്ക്‌ ഉപകാരപ്പെടുന്ന എന്തെങ്കിലും കണ്ടത്തലുകള്‍ നടത്തുന്നതിലായിരുന്നു ടെസ്‌ലയുടെ ശ്രദ്ധ മുഴുവന്‍. സ്വന്തമായി ലബോറട്ടറി തുടങ്ങിയ ടെസ്‌ലയ്‌ക്ക്‌ പക്ഷേ തന്റെ കഴിവുപയോഗിച്ച്‌ നടത്തിയ ഗവേഷണങ്ങളുടെ ഫലവും പിന്നീട്‌ ലോകം വാഴ്‌ത്തിയ പല കണ്ടെത്തലുകള്‍ക്കും പ്രശസ്‌തിയും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ്‌ ടെസ്‌ല നടത്തിയ ഇലക്ട്രോമാഗ്നറ്റിക്‌ തരംഗങ്ങളിലുള്ള പരീക്ഷണങ്ങളുടെ ചുവടപിടിച്ച്‌ 1895ല്‍ വില്‍ഹെം റോണ്‍ടെന്‍ എക്‌സ്‌-റേ പോലുള്ള കണ്ടെത്തലുകളിലേക്ക്‌ എത്തിയത്‌. ആള്‍ട്ടര്‍നേറ്റിങ്‌ കറന്റിനെക്കുറിച്ചുള്ള ആളുകളുടെ ഭയവും ധാരണയും മാറ്റാനായി ടെസ്‌ല തന്റെ ലാബില്‍ വച്ച്‌ തന്റെ ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട്‌ കാണിക്കുക വരെ ചെയ്‌തിരുന്നു.

നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കാനായി ആദ്യ ഹൈഡ്രോ ഇലക്ട്രിക്‌ പവര്‍ പ്ലാന്റ്‌ ഡിസൈന്‍ ചെയ്‌തതും ടെസ്‌ലയായിരുന്നു. 1898ല്‍ റിമോട്ട്‌ കണ്‍ട്രോളില്‍ ഓടുന്ന ഒരു ടെലിഓട്ടോമാറ്റിക്‌ ബോട്ടും അദ്ദേഹം പ്രവര്‍ത്തിപ്പിച്ചു വിജയിച്ചു. 1900ത്തിന്റെ തുടക്കത്തില്‍ നടത്തിയ ടെറസ്‌ട്രിയല്‍ സ്റ്റേഷനറി വേവ്‌സ്‌ എന്ന കണ്ടെത്തല്‍ വയര്‍ലെസ്‌ കമ്മ്യൂണിക്കേഷന്റെ ആദ്യ ചുവടുവയ്‌പ്പായിരുന്നു. ഭൂമി ഒരു വൈദ്യുതിവാഹിയാണെന്നും ചില പ്രത്യേക തരംഗദൈര്‍ഘ്യത്തില്‍ അതിന്‌ പ്രതിധ്വനിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. കൊളരാഡോയിലുള്ള തന്റെ ലബോറട്ടറിയിലേക്ക്‌ അന്യഗ്രഹത്തില്‍ നിന്നും തനിക്ക്‌ ചില സിഗ്നലുകള്‍ ലഭിച്ചുവെന്നും ടെസ്‌ല പറഞ്ഞിരുന്നു. എന്നാല്‍ ആ വാദത്തെ അക്കാലത്തെ മിക്ക ശാസ്‌ത്ര മാസികകളും പരിഹസിക്കുകയാണ്‌ ചെയ്‌തത്‌.

വീണ്ടും തിരിച്ചടികള്‍

ലോകത്തെ ഏതു സ്ഥലത്തേക്കും സന്ദേശങ്ങളും ചിത്രങ്ങളും മറ്റ്‌ വിവരങ്ങളും കൈമാറാനായി വയര്‍ലെസ്‌ കമ്മ്യൂണിക്കേഷന്‍ പ്രചരിപ്പിക്കുന്നതിനായി ടെസ്‌ല തന്റെ ടെലിഫോണി, ടെലിഗ്രഫി പേറ്റന്റുകളുടെ 51% അവകാശങ്ങളും അമേരിക്കക്കാരനായ ജെ.പിയര്‍പോണ്ട്‌ മോര്‍ഗന്‍ എന്നയാള്‍ക്ക്‌ കൈമാറി. ഇദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നര ലക്ഷം ഡോളര്‍ പണം ഇതിനായി മേടിക്കുകയും ചെയ്‌തു. ഒരു വയര്‍ലെസ്‌ വേള്‍ഡ്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ ടവറും ടെസ്‌ല സ്ഥാപിച്ചു. പക്ഷേ ടെസ്‌ല കരുതിയ പോലെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായില്ല. വീണ്ടും പണത്തിന്റെ ബുദ്ധിമുട്ടുകളും മോര്‍ഗന്റെ സാമ്പത്തിക സഹായം നിന്നുപോയതും മറ്റുമായി ആ പദ്ധതി ടെസ്‌ലയ്‌ക്ക്‌ ഉപേക്ഷിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നായിരുന്നു അത്‌.

പണത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മൂലം ടെസ്‌ലയടെ പല ആശയങ്ങളും പുസ്‌തകങ്ങളില്‍ ഒതുങ്ങിപോയി. എന്നാല്‍ ഇക്കാലത്ത്‌ ടെസ്‌ലയ്‌ക്ക്‌ ലഭിച്ച ഒരു അംഗീകാരം 1917ല്‍ അമേരിക്കന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇലക്ട്രിക്കല്‍ എന്‍ജിനീയേര്‍സ്‌ നല്‍കിയ എഡിസണ്‍ മെഡലാണ്‌. പലപ്പോഴും ഒരു ഭ്രാന്തനായ ബുദ്ധിമാനെപ്പോലെ പെരുമാറിയ അദ്ദേഹത്തിന്‌ വളരെ ചുരുക്കം സുഹൃത്തുക്കളെ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ ആധുനിക ആശയവിനിമയ സംവിധാനങ്ങളുടെ നട്ടെല്ല്‌ ടെസ്‌ല നടത്തിയ കണ്ടെത്തലുകളായിരുന്നു.

അതിബുദ്ധിമാനായ ഒരു മനുഷ്യനായിരുന്നിട്ടും ഇത്രയേറെ കണ്ടെത്തലുകള്‍ നടത്തിയ ആളായിരുന്നിട്ടും ന്യൂയോര്‍ക്കിലെ ഒരു ഒറ്റമുറിയില്‍ ദരിദ്രനെപോലെ ഏകനായായിരുന്നു ടെസ്‌ലയുടെ ജീവിതം. ന്യൂയോര്‍ക്ക്‌ നഗരത്തിലെ പാര്‍ക്കുകളില്‍ ഉണ്ടായിരുന്ന പ്രാവുകളോട്‌ മാത്രം കഥകള്‍ പറഞ്ഞ്‌ അവയെ പരിപാലിച്ച്‌, ആരോരുമില്ലാതെ, ആരോടും സംസാരിക്കാതെ 1943 ജനുവരി 7ന്‌ ആ ഒറ്റമുറിയില്‍ കിടന്ന്‌ അദ്ദേഹം മരിച്ചു. ഇന്ന്‌ വൈദ്യുതി രംഗത്ത്‌ വലിയ സംഭാവനകള്‍ നല്‍കുന്ന ഉപജ്ഞാതാക്കള്‍ക്കും ശാസ്‌ത്രജ്ഞര്‍ക്കും നിക്കോള ടെസ്‌ല അവാര്‍ഡ്‌ നല്‍കി ആദരിക്കുന്നുണ്ട്‌. എന്നാല്‍ അതിന്‌ കാരണക്കാരനായ മനുഷ്യന്‍ ആരാലും ശ്രദ്ധിക്കാതെ, ദാരിദ്ര്യത്തില്‍ കൂപ്പുകുത്തി ഈ ലോകത്ത്‌ നിന്നു പോയത്‌ വിധിയുടെ മറ്റൊരു വിരോധാഭാസം.