
മരണത്തിലും തുടര്‍ന്ന റേഡിയോ ആക്റ്റിവിറ്റി
മേരി ക്യൂറി ഉപയോഗിച്ചിരുന്ന ബുക്കുകളും പേപ്പറുകളും വസ്ത്രങ്ങളും, എന്തിനേറെ, വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ വരെയും അമിത റേഡിയേഷന് പുറപ്പെടുവിക്കുന്നവയാണ് എന്ന് കണ്ടെത്തിയിരുന്നു
ശാസ്ത്ര ചരിത്രത്തിലെ പ്രചോദിപ്പിക്കുന്ന ഏടാണ് മേരി ക്യൂറിയെന്ന ഇതിഹാസത്തിന്റെ ജീവിതം. മേരി ക്യൂറിയുടെ അസാധാരണ ജീവിതകഥയുടെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കാനും കേള്‍ക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
1903ലാണ് ബെക്വറലിനും പിയറി ക്യൂറിക്കും മേരി ക്യൂറിക്കുമായി ഫിസിക്സില്‍ നൊബേല്‍ പങ്കിട്ടു നല്‍കിയത്. അങ്ങനെ ആദ്യമായി നൊബേല്‍ ചരിത്രത്തില്‍ ഒരു വനിത സ്ഥാനം പിടിച്ചു. അന്നുവരെ സ്ത്രീകള്‍ക്കെതിരെ നിലനിന്നിരുന്ന അസമത്വങ്ങളില്‍ നിന്നുകൊണ്ട് പോരാടി മേരി നേടിയ വിജയം. അക്കാലത്തെ ശാസ്ത്രജ്ഞരുടെ കൂട്ടത്തില്‍ മേരി മാത്രമായിരുന്നു ഏക വനിത. പക്ഷേ 1903ലെ നൊബേലില്‍ ക്യൂറി ദമ്പതികള്‍ കണ്ടെത്തിയ മൂലകങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. മറ്റൊരിക്കല്‍ അതിനായി ഇരുവര്‍ക്കും ഒരിക്കല്‍ കൂടി നൊബേല്‍ നല്‍കാം എന്ന കണക്കുകൂട്ടലിലായിരുന്നു അത്. പക്ഷേ എല്ലാത്തിനേയും തകിടം മറിക്കുന്ന ഒന്ന് മേരിയെ തേടി എത്താനിരിക്കുന്നുണ്ടായിരുന്നു.
അപ്രതീക്ഷിത വിയോഗം
ഇരുവര്‍ക്കും നൊബേല്‍ ലഭിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 1906ല്‍ പാരിസില്‍ വച്ച് ഒരു റോഡപടകടത്തില്‍ പിയറി ക്യൂറി മരിച്ചു. റോഡ് മുറിച്ചുകടന്നിരുന്ന പിയറിയുടെ മേല്‍ ആറ് ടണ്‍ ഭാരം വഹിച്ചുവന്ന കുതിരവണ്ടി ഇടിക്കുകയായിരുന്നു. 11 വര്‍ഷം മാത്രം നീണ്ടു നിന്ന ആ ദമ്പത്യത്തില്‍ രണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും മേരിയേയും വിട്ട് പിയറി പോയി. പക്ഷേ പ്രതിസന്ധികളോട് മാത്രം പൊരുതി വന്നിരുന്ന മേരിക്ക് ഈ ആഘാതവും തരണം ചെയ്യാനായത് തന്റെ ഇച്ഛാശക്തികൊണ്ടാണ്. സോര്‍ബോണിലെ പിയറിയുടെ അധ്യാപന ഒഴിവിലേക്ക് മേരിക്ക് ക്ഷണം ലഭിച്ചു. അങ്ങനെ സോര്ോണ് സര്‍വ്വകലാശാലയിലെ ആദ്യ വനിത അധ്യാപികയായി മേരി ചുമതലയേറ്റു. തന്റെ ഗവേഷണങ്ങളും അതിനോടൊപ്പം മേരി തുടര്‍ന്നു.
പിയറിയോടൊപ്പം ഒന്നിച്ച കണ്ടെത്തിയ പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ പേരില്‍ 1911ല്‍ മേരിക്ക് രസതന്ത്രത്തിലും നൊബേല്‍ സമ്മാനം ലഭിച്ചു. ദമ്പതികളായി ആദ്യം സ്വീകരിച്ച നൊബേലിന്റെ സ്ഥാനത്ത് മേരി തനിച്ച് കെമിസ്ട്രിയില്‍ നൊബേല്‍ സ്വീകരിച്ചു. തന്റെ നൊബേല്‍ സ്വീകരണ പ്രസംഗത്തില്‍ മേരി പിയറിയുടെ സംഭാവനകളെയും പിയറിയെയും അനുസ്മരിച്ചത് ഏവരുടേയും ഹൃദയം തൊട്ടു. അങ്ങനെ ആദ്യമായി രണ്ടു തവണ നൊബേല്‍ സ്വീകരിക്കുന്ന വ്യക്തിയായി മേരി ക്യൂറി മാറി. ഇന്നും രണ്ട് ശാസ്ത്ര ശാഖകളില്‍ ഒരുപോലെ പ്രാവീണ്യം തെളിയിച്ച് നൊബേല്‍ സ്വീകരിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല.
പിയറിയുടെ അനുസ്മരണാര്ഥം 1914ല്‍ ഒരു ക്യൂറി ആര്‍ട് ലബോറട്ടറിയും റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടും മേരി സ്ഥാപിച്ചു. മേരിയും പിയറിയും ഒന്നിച്ച് ജോലി ചെയ്തിരുന്ന പരീക്ഷണശാലയ്ക്ക് സമീപത്തായി തന്നെയാണ് റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത്. സോര്‍ബോണ്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെയാണ് മേരിക്ക് ഇത് സാധ്യമായതും. ഊര്‍ജതന്ത്രത്തിലും രസതന്ത്രത്തിലും റേഡിയോ ആക്ടിവിറ്റിയിലുമെല്ലാം ഗവേഷണം നടത്തുന്നവര്‍ക്കായാണ് ഇതെല്ലാം മേരി സ്ഥാപിച്ചത്. കൂടാതെ റേഡിയോ ആക്ടിവിറ്റിയുടെ ആരോഗ്യരംഗത്തെ പ്രായോഗികതയും പഠിക്കാന്‍ ഇവിടം ഉപയോഗിച്ചു.
സന്നദ്ധപ്രവര്‍ത്തനം
റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച 1914ലാണ് ഒന്നാം ലോക മഹായുദ്ധം തുടങ്ങിയതും. ജര്‍മനി ഫ്രാന്‍സുമായി യുദ്ധം പ്രഖ്യാപിച്ചു. ഫ്രെഞ്ച് മിലിറ്ററി മേരിയടെയും സഹഗവേഷകരുടേയും സഹായം തേടി. ഫ്രാന്‍സിലുള്ള മുഴുവന്‍ റേഡിയവും ശേഖരിച്ച് മേരിയുടെ പക്കലെത്തിച്ചു, ലഭിച്ചത് ഒരു ഗ്രാം റേഡിയം! ഇതേ ഒരു ഗ്രാം റേഡിയമാണ് ടണ്‍ കണക്കിന് അയിരുകളില്‍ നിന്ന് വേര്‍തിരിച്ച് മേരിയും പിയറിയും മുന്‍പ് കണ്ടെത്തിയിരുന്നതും. യുദ്ധത്തില്‍ ഫ്രാന്‍സിന്റെ സഹായത്തിനായി ഈ ലഭിച്ച റേഡിയം ഉപയോഗിക്കേണ്ടതായി വന്നു. അങ്ങനെയാണ് ആദ്യമായി ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷന് ഉപയോഗിച്ചുള്ള എക്സ്-റേകള്‍ ആശുപത്രികളിലല്ലാതെ യുദ്ധഭൂമിയില്‍ ഫ്രഞ്ചുകാരുടെ ജീവന് രക്ഷിക്കാന്‍ ഉപയോഗിച്ചു തുടങ്ങിയത്.
സഞ്ചരിക്കുന്ന മൊബൈല്‍ എക്സ്-റേ യൂണിറ്റുകളുമായി യുദ്ധഭൂമിയില്‍ മേരി ക്യൂറി എത്തി. 20 കാറുകളില്‍ മൊബൈല്‍ എക്സ്-റേ യൂണിറ്റുകള്‍ മേരി സ്ഥാപിച്ചു അതിനായി ചിലരെ പരിശീലിപ്പിക്കുകയും ചെയ്തു. ഓരോ വാഹനത്തിലും എക്സ്-റേ മെഷീനും ഫോട്ടോഗ്രഫിക് ഡാര്‍ക്ക് റൂമും എല്ലാം സജ്ജീകരിച്ചു. ഇങ്ങനെ മൊബൈല്‍ റേഡിയോളജി യൂണിറ്റുകള്‍ യുദ്ധത്തില്‍ പട്ടാളക്കാരെ സഹായിച്ചു. അതുകൊണ്ടും കഴിഞ്ഞില്ല. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനുള്ള ആഗ്രഹത്തില്‍ മേരി കാര്‍ ഓടിക്കാന്‍ പഠിക്കുകയും വൈദ്യശാസ്ത്രത്തിലെയും ശരീരശാസ്ത്രത്തിലെയും ചില പ്രധാന അറിവുകളും സ്വായത്തമാക്കി. പിന്നീട് കാര്‍ മൈബൈല്‍ യൂണിറ്റുമായി നേരിട്ട് യൂദ്ധഭൂമികളില് സഹായത്തിന് എത്തുകയും ചെയ്തു.
തന്റെ ജീവിതം മുഴുവന്‍ ഗവേഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമായാണ് മേരി ക്യൂറി മാറ്റിവച്ചത്. ഇന്നത്തെ പോലെ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത്, ഒരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ കഠിന പ്രയത്നത്തിലൂടെയാണ് മേരി തന്റെ കണ്ടെത്തലുകള്‍ നടത്തിയിരുന്നത്
തന്റെ കണ്ടെത്തലുകള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണമെന്ന് കരുതിയ മേരി തന്നെക്കൊണ്ട് ആകുംവിധം യുദ്ധത്തിലും സഹായങ്ങള്‍ ചെയ്തു. അതിനായി തനിക്ക് നൊബേല്‍ സമ്മാനമായി കിട്ടിയ തുകയും സംഭാവന ചെയ്തു. ഒരു ശാസ്ത്രജ്ഞയായി മാത്രമല്ല, ഉത്തരവാദിത്വമുള്ള ഫ്രഞ്ച് പൗരയായി കൂടെ മേരി ആ സമയം പ്രവര്‍ത്തിക്കുകയായിരുന്നു. യുദ്ധം അവസാനിച്ചപ്പോഴേക്ക് പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് എക്സ്-റേ പരിശോധനകള്‍ വേണ്ടിവന്നെന്നാണ് കണക്ക്. പക്ഷേ പിന്നീട് മേരിയുടെ മരണശേഷം ഉണ്ടായ രണ്ടാം ലോക മഹായുദ്ധത്തില്‍ മേരിയുടെ റേഡിയോ ആക്ടിവിറ്റി ആളുകളുടെ ദോഷത്തിനായും ഉപയോഗിച്ചു എന്നത് ഏറെ വിചിത്രമാണ്.
മരണത്തിലും പിന്തുടര്‍ന്ന റേഡിയോ ആക്ടിവിറ്റി
മേരി ക്യൂറിയോടുള്ള ബഹുമാനാര്‍ഥം ഭൗതിക അവശിഷ്ടങ്ങള്‍ മരിച്ച് 60 വര്‍ഷങ്ങള്‍ക്കു ശേഷം പാരിസിലെ സ്മാരകത്തിലേക്ക് മാറ്റിയത് ഈയ്യത്തില്‍ (ഹലമറ) പൊതിഞ്ഞ പെട്ടിയിലാക്കിയാണ്. കാരണം, അത്രയേറെ അപകടകരമായ ആ വികിരണങ്ങള്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷവും പുറത്തുവരാന്‍ സാധ്യതയുണ്ടത്രേ! അവിടെയും തീര്‍ന്നില്ല, മേരി ക്യൂറി ഉപയോഗിച്ചിരുന്ന ബുക്കുകളും പേപ്പറുകളും വസ്ത്രങ്ങളും, എന്തിനേറെ, വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ വരെയും അമിത റേഡിയേഷന് പുറപ്പെടുവിക്കുന്നവയാണ് എന്ന് കണ്ടെത്തിയിരുന്നു. ഇവയെല്ലാം മേരി ക്യൂറി മ്യൂസിയത്തില്‍ ഈയ്യത്തില്‍ പൊതിഞ്ഞ പെട്ടികളിലാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം ഇനിയും ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ വരെ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍!
മേരി ക്യൂറിയുടെ ലബോറട്ടറി കുറിപ്പുകള്‍ ഇന്നും പാരിസിലെ ബിബ്ലിയോതെഖിലെ നാഷണല്‍ ലൈബ്രററിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് സന്ദര്‍ശിക്കാന്‍ ചെല്ലുന്നവര്‍ക്ക് അവിടെ പ്രത്യേകം അനുമതി പത്രം എഴുതി നല്കി സുരക്ഷാ കവചങ്ങള്‍ ധരിച്ചു മാത്രമേ അവ കാണാന്‍ അനുവാദമുള്ളൂ. അമിതമായി റേഡിയം പോലുള്ള മൂലകങ്ങളുമായുള്ള മേരിയുടെ സമ്പര്‍ക്കം മൂലമാണ് ഇവയില്‍ നിന്നും ഇപ്പോഴും റേഡിയേഷന് പുറപ്പെടുവിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. ഇത്രയേറെ മാരകമായ ഈ വികിരണങ്ങള്‍ തന്നെയാണ് 66-ാം വയസ്സില്‍ മേരി ക്യൂറിയുടെ ജീവന് വെടിയാനുള്ള കാരണവും.
ആധുനിക ഊര്‍ജതന്ത്രത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേരി ക്യൂറിയുടെ ജീവിതം 2019ല്‍ 'റേഡിയോആക്ടീവ്'എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു
ശാസ്ത്രത്തിനു വേണ്ടി ജീവന് വെടിഞ്ഞ രക്തസാക്ഷി എന്നു അവരെ വിശേഷിപ്പിക്കാം. തന്റെ ജീവിതം മുഴുവന്‍ ഗവേഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമായാണ് മേരി ക്യൂറി മാറ്റിവച്ചത്. ഇന്നത്തെ പോലെ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത്, ഒരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ കഠിന പ്രയത്നത്തിലൂടെയാണ് മേരി തന്റെ കണ്ടെത്തലുകള്‍ നടത്തിയിരുന്നത്. അപ്ലാസ്റ്റിക് അനീമിയ എന്നു പേരുള്ള രോഗമായിരുന്നു അവരുടെ മരണകാരണം. അമിത റേഡിയേഷന് കാലങ്ങളോളം ശരീരത്തില്‍ ഏറ്റതുമൂലം മേരി ക്യൂറിയുടെ എല്ലുകളുടെ മജ്ജയെ നശിപ്പിച്ചെന്നാണ് കണ്ടെത്തിയത്. അങ്ങനെ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാവാതെ വരികയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. ഭര്‍ത്താവ് പിയറി ക്യൂറിയുടെ ഭൗതിക അവശിഷ്ടങ്ങളും മേരിയുടെ കബറിടത്തില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
നൊബേല്‍ കുടുംബം
മേരിക്കും ഭര്‍ത്താവ് പിയറി ക്യൂറിക്കും രണ്ട് പെണ്മക്കളായിരുന്നു. ഐറിന് ക്യൂറിയും ഈവ് ക്യൂറിയും. മേരിയേയും പിയറിയേയും പോലെ ഐറിനും ശാസ്ത്രത്തില്‍ തത്പരയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മേരിയെ ലബോറട്ടറിയില്‍ ഐറിന് സഹായിച്ചു പോന്നു. പിയറി മരിക്കുമ്പോള്‍ ഒന്‍പതും രണ്ടും വയസ്സ് മാത്രം പ്രായമായ കുഞ്ഞുങ്ങളെ മേരി ശാസ്ത്രം കൈകാര്യം ചെയ്തതുപോലെ മിടുക്കോടെ വളര്‍ത്തി. പില്ക്കാലത്ത് ഐറിനും ഭര്‍ത്താവ് ഫെഡ്രറിക് ജോലിയറ്റ് ക്യൂറിയും 1935ല്‍ രസതന്ത്രത്തില്‍ തന്നെ ഒന്നിച്ച് നൊബേല്‍ സമ്മാനം കരസ്ഥമാക്കി.
അങ്ങനെ ഒരു കുടുംബത്തിലെ തന്നെ നാല് പേര് നൊബേല്‍ കരസ്ഥാമാക്കിയെന്ന അപൂര്‍വ്വതയും കൈവരിച്ചു. എന്നാല്‍ അമ്മയെപ്പോലെ തന്നെ അമിത റേഡിയേഷന് മൂലം 58-ാം വയസ്സില്‍ ലുക്കീമിയ ബാധിച്ച് ഐറിനും രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവ് ജോലിയറ്റ് ക്യൂറി കരള്‍ സംബന്ധമായ രോഗങ്ങള്‍ മൂലവും അന്തരിച്ചു. ഇളയ മകള്‍ ഈവ് പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായി മാറി.
സിനിമയെ വെല്ലുന്ന ജീവിതം
ആധുനിക ഊര്‍ജതന്ത്രത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേരി ക്യൂറിയുടെ ജീവിതം 2019ല്‍ 'റേഡിയോആക്ടീവ്'എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു. ലോകം ആദരിക്കുന്ന ഒരു പ്രതിഭയോടുള്ള ആദരസൂചകമായി മാത്രമല്ല ഈ സിനിമ ചര്‍ച്ചയായത്. ഇത്രയേറെ ജീവിതാനുഭങ്ങളുള്ള സിനിമാ കഥയെപ്പോലും വെല്ലുന്ന ജീവിതം അവര്‍ക്കുണ്ടായിരുന്നു എന്ന തിരിച്ചറിവാണ് അതിന് ഇടയാക്കിയത്. ഒട്ടേറെ വെല്ലുവിളികളും ട്വിസ്റ്റുകളും അതിശയങ്ങളും റൊമാന്സും എല്ലാം നിറഞ്ഞ ഒരു യഥാര്‍ഥ സിനിമ പോലെ തന്നെയായിരുന്നു മേരി ക്യൂറിയുടെ ജീവിതവും മരണവുമെല്ലാം.