ദൈവമില്ല, പ്രപഞ്ചത്തെ ആരും നിയന്ത്രിക്കുന്നുമില്ല; സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞത് സത്യമോ?
ഒരു ചക്ര കസേരയിലിരുന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രതിഭ, സ്റ്റീഫന്‍ ഹോക്കിങ്. ആൽബർട്ട് ഐന്‍സ്റ്റൈനു ശേഷം ലോകം ഇത്രയേറെ വാഴ്ത്തിയ ശാസ്ത്ര പ്രതിഭ വേറെയില്ല
ഒരു ചക്ര കസേരയിലിരുന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രതിഭ, സ്റ്റീഫന്‍ ഹോക്കിങ്. ആൽബർട്ട് ഐന്‍സ്റ്റൈനു ശേഷം ലോകം ഇത്രയേറെ വാഴ്ത്തിയ ശാസ്ത്ര പ്രതിഭ വേറെയില്ല. വര്‍ണനകള്‍ക്കും ചിന്തകള്‍ക്കും അതീതമാണ് സ്റ്റീഫന്‍ ഹോക്കിങ് എന്ന സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞന്റെ ജീവിതവും ശാസ്ത്ര സംഭാവനകളും
ശരീരം മുഴുവന്‍ തളര്‍ന്നുപോയിട്ടും നീണ്ട 55 വര്‍ഷം യന്ത്രകസേരയിലിരുന്ന് ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്ന പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് കണ്ടെത്തലുകള്‍ നടത്തിയ സ്റ്റീഫന്‍ വില്യം ഹോക്കിങ് എന്ന പ്രതിഭയെ അമാനുഷികന്‍ എന്നു വിളിച്ചാലും അത്ഭുതമില്ല. ശരീരത്തിന്റെ ചലനവും സംസാരശേഷിയും വരെ നഷ്ടപ്പെട്ടിട്ടും ചെറിയ ചലനമുള്ള കവിള്‍ത്തടങ്ങളില്‍ നിന്ന് യന്ത്രങ്ങള്‍ അദ്ദേഹം പറയുന്ന ശാസ്ത്ര രഹസ്യങ്ങള്‍ വായിച്ചെടുത്തു. മനസ്സും ചിന്തകളും ശാസ്ത്രത്തിനു വേണ്ടി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ലോകത്തെ അതിശയിപ്പിക്കുന്ന കണ്ടെത്തലുകളായി മാറി. തലച്ചോറിനെ അനുസരിക്കാന്‍ തയ്യാറാകാതിരുന്ന ശരീരത്തെ വരെ തോല്പിച്ച ഹോക്കിങ്ങിന്റെ ജീവിതം ഇന്നും ലോകത്തിന് പ്രചോദനമാണ്. അടുത്തറിയാം സ്റ്റീഫന്‍ ഹോക്കിങ് എന്ന പ്രതിഭയെ, സയന്‍സ് ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സിലൂടെ...
വൈദ്യശാസ്ത്രത്തെ അതിശയിപ്പിച്ച ഹോക്കിങ്
21-ാം വയസ്സില്‍ ശരീരത്തിലെ പേശികളുടെ ബലം നഷ്ടപ്പെട്ട് ഏറിയാല്‍ രണ്ട് വര്‍ഷം കൂടി എന്ന് ഡോക്ടര്‍മാര്‍ ആയുസ്സ് വിധിച്ച ഒരു യുവാവ് പിന്നീട് തന്റെ 76-ാം വയസ്സില്‍ മരിക്കുന്നതു വരെ വൈദ്യശാസ്ത്രത്തെ മാത്രമല്ല, ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുകയായിരുന്നു. അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ് (Amytorophic Lateral Sclerosis) എന്ന വിഭാഗത്തില്‍ പെട്ട മോട്ടോര്‍ ന്യൂറോണ്‍ രോഗമാണ് ഹോക്കിങ്ങിനെ 21 വയസ്സു മുതല്‍ ചക്ര കസേരയിലിരുത്തിയത്. ഇന്നും വൈദ്യശാസ്ത്രത്തിന് ഭേദപ്പെടുത്താന്‍ കഴിയാത്ത അസുഖം. ഈ രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നതും സ്റ്റീഫന്‍ ഹോക്കിങ്ങാണ് എന്നത് അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന ജീവിതത്തിന്റെ മറ്റൊരു ഏട് മാത്രം.
വിഡിയോ കാണാം
ഐന്‍സ്റ്റൈന്റെ പിന്‍ഗാമി?
നിരവധി കണ്ടെത്തലുകള്‍കൊണ്ട് ലോകത്തെ ഞെട്ടിച്ച വിഖ്യാത ശാസ്ത്രജ്ഞന് ആര്‍ബര്‍ട്ട് ഐന്സ്റ്റൈന് ശേഷം അദ്ദേഹത്തോടൊപ്പം ലോകം ആദരിച്ച ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്കിയ ഹോക്കിങ്, തമോഗര്‍ത്തങ്ങള്‍ തുടങ്ങി പല പ്രപഞ്ച രഹസ്യങ്ങളെയും വിശദീകരിച്ചു. സ്റ്റീഫന്‍ ഹോക്കിങ്ങിന് 13 വയസ്സുള്ളപ്പോഴാണ് ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് മരിക്കുന്നത്. രോഗങ്ങള്‍ ഹോക്കിങ്ങിനെ പല തവണ തോല്പിക്കാന് ശ്രമിച്ചപ്പോഴും പ്രപഞ്ചത്തെ അറിയാനുള്ള അദ്ദേഹത്തിന്റെ അതിയായ ആഗ്രഹത്തിനു മുന്നില്‍ അവയ്ക്കെല്ലാം മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ ഐന്സ്റ്റൈന് ഒഴിച്ചിട്ട ആ സ്ഥാനത്തേക്ക് തന്റെ ആത്മബലവും പരിശ്രമവും കൊണ്ട് സ്റ്റീഫന്‍ ഹോക്കിങ് എന്ന അതുല്യ പ്രതിഭ വളര്‍ന്നു.
ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡില്‍ 1942 ജനുവരി എട്ടിനാണ് ഹോക്കിങ് ജനിച്ചത്. മകന് ഡോക്ടറായി കാണണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ ഫിസിക്സും കോസ്മോളജിയുമെല്ലാമായിരുന്നു ഹോക്കിങ്ങിന് താല്‍പ്പര്യം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഫിസിക്സില്‍ ബിരുദം നേടിയ ഹോക്കിങ് കോസ്മോളജിയില്‍ ഗവേഷണം നടത്താനായി കേംബ്രിജിലാണ് എത്തിയത്. ഈ ഗവേഷണ കാലത്താണ് മോട്ടോര്‍ ന്യൂറോണ്‍ രോഗം ഹോക്കിങ്ങിനെ പിടികൂടാന്‍ തുടങ്ങിയത്. പക്ഷേ ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി തളര്‍ന്നു തുടങ്ങിയപ്പോഴും ആ മനസ്സ് മാത്രം തളരാതെ പിടിച്ചു നിന്നു. അതിനു കരുത്തായി ആ തലച്ചോറും ഇടമുറിയാതെ പ്രവര്‍ത്തിച്ചു.
ഗവേഷണ കാലം
രോഗം ഒരിക്കലും തന്റെ മനസ്സില്‍ ആധിപത്യം സ്ഥാപിക്കരുതെന്ന് ഹോക്കിങ്ങിന് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടവും വിഷാദവും എല്ലാം ഇല്ലാതാക്കാന്‍ പഠനവും ഗവേഷണവുമെല്ലാം ഹോക്കിങ്ങിനെ സഹായിച്ചു. 1965ല്‍ പ്രപഞ്ചം വികസിക്കുന്നതിന്റെ പ്രത്യേകതകളെക്കുറിച്ച് ഗവേഷണം നടത്തിയാണ് ഹോക്കിങ് പിഎച്ച്ഡി നേടിയത്. പിന്നീട് 2017 ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്കായി ഈ പ്രബന്ധം കേംബ്രിജ് സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രബന്ധം തിരഞ്ഞെത്തിയത് 20 ലക്ഷത്തിലധികം ആളുകളാണ്. ഇതോടെ സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് ഒരു ഘട്ടത്തില്‍ തകരാറിലാവുക പോലും ചെയ്തു. അത്രയേറെ ജനങ്ങള്‍ ഹോക്കിങ്ങിന്റെ കണ്ടെത്തലുകള്‍ക്കും വാക്കുകള്‍ക്കുമായി കാതോര്‍ത്തിരുന്നു.
ഗവേഷണ കാലത്താണ് ലണ്ടനിലെ ബിര്‍ക്ക്ബെക്ക് കോളേജിലെ ഗണിത ശാസ്ത്രജ്ഞന് റോജര്‍ പെന്റോസുമായി ഹോക്കിങ് സൗഹൃദത്തിലാകുന്നത്. പെന്റോസിന്റെ നിഗമനങ്ങളും ചേര്‍ത്ത് ഹോക്കിങ് രചിച്ച Singularities and the Geometry of Space Time എന്ന പ്രബന്ധത്തിന് 1966ല്‍ വിഖ്യാത ആഡംസ് പുരസ്കാരം ലഭിക്കുകയും ചെയ്തു. നക്ഷത്രങ്ങളുടെ അന്ത്യകാലത്ത് രൂപം പ്രാപിക്കുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഹോക്കിങ് ഗാഢമായി പഠിച്ചു. ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ അവതരിപ്പിച്ച സ്പേസ് ടൈം സിംഗുലാരിറ്റിയിലും ഹോക്കിങ് പഠനങ്ങള്‍ നടത്തി.
മഹാവിസ്ഫോടന സിദ്ധാന്തവും തമോഗര്‍ത്തങ്ങളും എല്ലാം അദ്ദേഹം ചേര്‍ത്തു വായിക്കാന്‍ തുടങ്ങി. വലിയ ഭീമന് നക്ഷത്രങ്ങള്‍ അതിന്റെ അവസാനത്തിലാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. അതിശക്തമായ ഗുരുത്വാകര്‍ഷണ ബലത്താല്‍ ചുറ്റുമുള്ള ശൂന്യാകാശത്തെ വരെ വലിച്ച് അടുപ്പിച്ച് അനന്തമായി ചുരുങ്ങി പോകുന്ന തമോഗര്ത്തങ്ങളാണ് സിംഗുലാരിറ്റിയില്‍ പ്രതിപാദിക്കുന്നത്. ഈ പ്രക്രിയ തിരിച്ച് സംഭവിച്ചാല്‍ എങ്ങനെയാകും എന്നാണ് ഹോക്കിങ്സ് ചിന്തിച്ചത്. പ്രപഞ്ചോല്പത്തിക്ക് കാരണമായ മഹാവിസ്ഫോടനം (Bing Bang Theory) സിംഗുലാരിറ്റിയില്‍ നിന്ന് പല കാലങ്ങളിലായി വികാസം പ്രാപിച്ചതാകാമെന്നും ഹോക്കിങ് വിശ്വസിച്ചു. ഈ ഗവേഷണങ്ങളിലെല്ലാം പെന്റോസായിരുന്നു ഹോക്കിങ്ങിന്റെ പങ്കാളി.
ഹോക്കിങ് റേഡിയേഷന്
1973ല്‍ ഹോക്കിങ് തന്റെ ആദ്യ അക്കാദമിക് പുസ്തകമായ ദി ലാര്‍ജ് സ്കെയില്‍ സ്ട്രക്ച്ചര്‍ ഓഫ് സ്പേസ് പുറത്തിറക്കി. 1970കളില്‍ ഹോക്കിങ് നടത്തിയ കണ്ടെത്തലുകളും സിദ്ധാന്തങ്ങളും ചര്‍ച്ചാവിഷയമായിരുന്നു. ഇവയെല്ലാം പിന്നീട് സൈദ്ധാന്തിക ഊര്ജതന്ത്രത്തില് വലിയ വിപ്ലവമുണ്ടാക്കിയവയായിരുന്നു. തമോഗര്‍ത്തങ്ങള്‍ക്ക് ചുരുങ്ങുവാനാകില്ല, വികസിക്കാന്‍ മാത്രമേ കഴിയൂ എന്നും അദ്ദേഹം സമര്‍ഥിച്ചു. ക്വാണ്ടം സിദ്ധാന്തത്തിന്റെയും ആക്ഷേികതാ സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തില്‍ തമോഗര്‍ത്തങ്ങളില്‍ നിന്നും വികിരണങ്ങള്‍ പുറത്തു വരുന്നുണ്ടെന്നും ഹോക്കിങ് പറഞ്ഞു.
ഇത് പിന്നീട് ഹോക്കിങ് റേഡിയേഷന് എന്ന് അറിയപ്പെടാനും തുടങ്ങി. ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്നും ഉരുത്തിരഞ്ഞ തമോഗര്‍ത്തങ്ങളില്‍ ക്വാണ്ടം മെക്കാനിക്സ് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് അതുവരെ ആരും ചിന്തിച്ചിരുന്നില്ല. 1978ല്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് പുരസ്കാരവും ഹോക്കിങ്ങിനെ തേടിയെത്തി. 1979 മുതല്‍ 2009 വരെ ഐസക് ന്യൂട്ടനെ പോലുള്ള പ്രതിഭകള്‍ അലങ്കരിച്ചിരുന്ന കേംബ്രിജിലെ പ്രശസ്തമായ ലൂക്കാസിയന്‍ പ്രൊഫസര്‍ ഓഫ് മാത്തമറ്റിക്സ് പദവി ഹോക്കിങ്ങിന്റെ പേരിലുമുണ്ടായിരുന്നു.
യന്ത്രങ്ങളുടെ സഹായത്താല്‍
ശാരീരിക വിഷമതകള്‍ക്കിടയിലും ഗവേഷണങ്ങള്‍ തുടര്‍ന്നിരുന്ന ഹോക്കിങ്ങിനെ തേടി അടുത്ത തിരിച്ചടി ഉണ്ടാകുന്നത് 1985ല്‍ ന്യുമോണിയ ബാധിക്കുന്നതോടെയാണ്. അന്ന് ജീവന് നിലനിര്‍ത്താനായി ചെയ്ത ഒരു ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ ശബ്ദം നഷ്ടമായി. അതോടുകൂടി ഹോക്കിങ്ങിന് ആശയവിനിമയത്തിനായി യന്ത്രങ്ങളുടെ സഹായം തേടേണ്ടി വന്നു. കേംബ്രിജിലെ തന്നെ ശാസ്ത്രജ്ഞര്‍ ആധുനിക സാങ്കേതികവിദ്യകളോടെ വികസിപ്പിച്ച യന്ത്രക്കസേരയും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഹോക്കിങ്ങിന്റെ ജീവിതത്തില്‍ ഉടനീളം സഹായകരമായി.
ഹോക്കിങ്ങിന്റെ കണ്ണടയില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ വഴി കവിളുകളിലെ പേശികളുടെ ചലനങ്ങള്‍ മനസ്സിലാക്കി അക്ഷരങ്ങളാക്കി മാറ്റുന്ന പ്രെഡിക്ടീവ് ടെക്സ്റ്റ് എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഇത്തരത്തില്‍ എഴുതുന്നവ ശബ്ദമാക്കി മാറ്റാനും കഴിയുന്ന സംവിധാനം നിര്‍മിച്ചു. അങ്ങനെ ശരീരം അനങ്ങാത്ത അവസ്ഥയിലും സംസാരശേഷി നഷ്ടപ്പെട്ടിട്ടും ഒരു മനുഷ്യന് ലോകത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ നടത്തി. അനേകായിരങ്ങള്‍ക്ക് പ്രചോദനം നല്കുന്ന വ്യക്തിയായി മാറി അദ്ദേഹം.
1988ല്‍ സ്റ്റീഫന്‍ ഹോക്കിങ് എഴുതിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം ഇന്നും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്
നിരന്തരമായ ചിന്തകളിലൂടെയും ഗവേഷണങ്ങളിലൂടെയും ലഭിക്കുന്ന പുതിയ അറിവുകള്‍ പങ്കിടുക മാത്രമല്ല, തെറ്റെന്ന് കണ്ടെത്തിയ സിദ്ധാന്തങ്ങളെ തിരുത്താനും ഹോക്കിങ് തയ്യാറായിരുന്നു. തമോഗര്‍ത്തങ്ങള്‍ക്ക് അകത്ത് അകപ്പെടുന്ന വിവരങ്ങള്‍ നശിച്ചു പോകുമെന്ന അദ്ദേഹത്തിന്റെ വാദം ക്വാണ്ടം തിയറിയുടെ അടിസ്ഥാനത്തില്‍ തന്നെ മറ്റ് പല ഗവേഷകരും വെല്ലുവിളിച്ചു. അങ്ങനെ 2004ല്‍ ഹോക്കിങ് റേഡിയേഷനൊപ്പം സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സിന്റെ വിവരങ്ങളും എന്‍കോഡ് ചെയ്യപ്പെട്ട് തമോഗര്‍ത്തങ്ങളില്‍ നിന്ന് പുറത്തു വരാനുള്ള സാധ്യത ഹോക്കിങ് അംഗീകരിച്ചു. ഭൂമിയില്‍ അടുത്ത 600 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യവാസം അസാധ്യമാകുമെന്നും ഹോക്കിങ് പ്രവചിച്ചു. അതിനു മുന്‍പായി ബഹിരാകാശത്ത് മനുഷ്യന് പുതിയ താവളങ്ങള്‍ കണ്ടെത്തണമെന്നും മരിക്കുന്നതിനു മുന്‍പ് അദ്ദേഹം ലോകത്തോട് പറഞ്ഞു.
എഴുത്തും പ്രണയവും
1988ല്‍ സ്റ്റീഫന്‍ ഹോക്കിങ് എഴുതിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം ഇന്നും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. ശാസ്ത്ര സത്യങ്ങളെ ലളിതവത്കരിച്ച് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിച്ച പുസ്തകം നിരവധി പേരെ ശാസ്ത്രത്തോട് അഭിരുചിയുള്ളവരാക്കാനും സഹായിച്ചു. ഏറ്റവും കൂടുതല്‍ കാലം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയതിന് ഗിന്നസ് ബുക്കിലും ഇത് സ്ഥാനം പിടിച്ചു. ഇതു മാത്രമല്ല, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്സ്, യൂണിവേഴ്സ് ഇന്‍ എ നട്ഷെല്‍, ദി ഗ്രാന്‍ഡ് ഡിസൈന്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'മൈ ബ്രീഫ് ഹിസ്റ്ററി' എന്ന ആത്മകഥ 2013ല്‍ അദ്ദേഹം രചിച്ചിരുന്നു.
എന്നാല്‍ അതിലും ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമായിരുന്നു ഹോക്കിങ്ങിന്റെ ആദ്യ ഭാര്യ ജെയ്ന്‍ വൈല്‍ഡ് എഴുതിയ 'ട്രാവലിങ് ടു ഇന്‍ഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫന്‍' എന്നത്. ഇത് പിന്നീട് 2014ല്‍, നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ 'ദി തിയറി ഓഫ് എവരിതിങ്' എന്ന സിനിമയാവുകയും ചെയ്തു. ഹോക്കിങ്ങിന്റെ അസുഖം തിരിച്ചറിഞ്ഞ കാലഘട്ടത്തില്‍ പ്രണയത്തിലായ ജെയ്നും ഹോക്കിങ്ങും പക്ഷേ 1965ല്‍ പ്രതിസന്ധികളെ മറികടന്ന് വിവാഹിതരായി. എഴുത്തുകാരിയായ ലൂസി ഹോക്കിങ് ഉള്‍പ്പെടെ മൂന്ന് മക്കളും ദമ്പതികള്‍ക്ക് ഉണ്ടായി. രോഗം ഹോക്കിങ്ങിനെ തളര്‍ത്തിക്കൊണ്ടിരുന്നപ്പോഴും അദ്ദേഹത്തിന് താങ്ങായി ജെയ്ന്‍ നിന്നു. പക്ഷേ 30 വര്‍ഷം നീണ്ട ദാമ്പത്യം 1995ല്‍ വിവാഹമോചനത്തിലെത്തി.
ഹോക്കിങ്ങിന്റെ മരണശേഷം അദ്ദേഹം പൂര്‍ത്തിയാക്കാതെ പോയ ഒരു പുസ്തകം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. ബ്രീഫ് ആന്‍സേഴ്സ് ടു ദി ബിഗ് ക്വസ്റ്റ്യന്‍സ് എന്ന പുസ്തകത്തില്‍ 'ദൈവമില്ല, പ്രപഞ്ചത്തെ ആരും നിയന്ത്രിക്കുന്നുമില്ല' എന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്
പിന്നീട് തന്റെ നഴ്സും സ്പീച്ച് തെറാപ്പിസ്റ്റുമായ എലേന്‍ മേസനെ 1995ല്‍ ഹോക്കിങ് വിവാഹം കഴിച്ചു. ജെയ്നും രണ്ട് വര്‍ഷത്തിനപ്പുറം മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ ഹോക്കിങ്ങിന്റെ രണ്ടാം വിവാഹവും 11 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചനത്തില്‍ കലാശിച്ചു. വീണ്ടും ഏകാന്തനായ ഹോക്കിങ്ങിന്റെ പരിചരണം ജെയ്നും ഭര്‍ത്താവും ഏറ്റെടുക്കുകയായിരുന്നു. 2018 മാര്‍ച്ച് 14ന് സ്റ്റീഫന്‍ ഹോക്കിങ് മരിക്കുന്നതു വരെ അദ്ദേഹം മക്കള്‍ക്കും കൊച്ചുമക്കള്ക്കുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
അവസാന വാക്കുകള്‍
ഹോക്കിങ്ങിന്റെ മരണശേഷം അദ്ദേഹം പൂര്‍ത്തിയാക്കാതെ പോയ ഒരു പുസ്തകം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. ബ്രീഫ് ആന്‍സേഴ്സ് ടു ദി ബിഗ് ക്വസ്റ്റ്യന്‍സ് എന്ന പുസ്തകത്തില്‍ 'ദൈവമില്ല, പ്രപഞ്ചത്തെ ആരും നിയന്ത്രിക്കുന്നുമില്ല' എന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്. ദൈവ വിശ്വാസിയല്ലാതിരുന്ന ഹോക്കിങ് കാലങ്ങളായി അംഗപരിമിതിയുള്ളവരെ ദൈവം ശപിച്ചതാണെന്ന വാദങ്ങളും തള്ളുന്നുണ്ട്. എല്ലാം വിശദീകരിക്കാന്‍ പ്രകൃതി പോലെ മറ്റേതെങ്കിലും വഴികളാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഭാവി എങ്ങനെ ചിട്ടപ്പെടുത്തണം എന്നതിനും അദ്ദേഹം നല്കിയ അവസാന വാക്കുകള്‍ പ്രസക്തമാണ്. നക്ഷത്രങ്ങളെയാണ് നോക്കേണ്ടത്, താഴെ നിങ്ങളുടെ കാലുകളെയല്ല എന്നാണ് അവസാന പുസ്തകത്തിലെ അവസാന അധ്യായം പറയുന്നത്.