
ചന്ദ്രനിലേക്കും അതിനപ്പുറവും! 2022 കാത്തിരിക്കുന്ന ബഹിരാകാശയാത്രകള്‍
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രനില്‍ ഒരു കോളനി സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു കൂട്ടം ദൗത്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് യുഎസ് ചന്ദ്രനിലേക്ക് മടങ്ങുകയാണ്
ബഹിരാകാശ പര്യവേക്ഷണത്തിന് സുപ്രധാനമായ വര്‍ഷമാണ് 2022. അടുത്ത 10 മാസത്തിനുള്ളില്‍ നിരവധി പ്രധാന പദ്ധതികള്‍ ലോഞ്ച് പാഡില്‍ എത്തും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രനില്‍ ഒരു കോളനി സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു കൂട്ടം ദൗത്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് യുഎസ് ചന്ദ്രനിലേക്ക് മടങ്ങുകയാണ്. യൂറോപ്പും റഷ്യയും മുമ്പത്തെ എല്ലാ ശ്രമങ്ങളിലും പരാജയപ്പെട്ടിട്ടും ചൊവ്വയില്‍ ബഹിരാകാശ പേടകം ഇറക്കാന്‍ ശ്രമിക്കുന്നു. ചൈന ടിയാന്‍ഗോങ് ബഹിരാകാശ നിലയം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങളും ബഹിരാകാശത്തേക്ക് നിരവധി ദൗത്യങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്.
റോക്കറ്റുകളും ചന്ദ്രനും
പുതിയ ബഹിരാകാശ വിക്ഷേപണ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നാസ. SLS അഥവാ സ്പേസ് ലോഞ്ച് സിസ്റ്റം, ഇതുവരെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണ്. ആര്‍ട്ടെമിസ് ബഹിരാകാശ പര്യവേക്ഷണ പരിപാടിയുടെ ഭാഗമായി ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനായി നിര്‍മിച്ചതാണിത്. ഈ ദൗത്യങ്ങളിലൂടെ, റോബോട്ടുകള്‍, പേടകങ്ങള്‍ തുടങ്ങിയവയേക്കാള്‍ കൂടുതല്‍ മനുഷ്യരുടെ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കും പരീക്ഷണ-ഗവേഷണങ്ങള്‍ക്കും അവസരമൊരുക്കാം. ബഹിരാകാശയാത്രികരെ പതിവായി ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകാനും നാസ ഉദ്ദേശിക്കുന്നു.
300 അടി ഉയരത്തില്‍ ഒരു ഒറിയോണ്‍ ക്യാപ്സൂളിനെ വഹിച്ചു കൊണ്ട് SLS റോക്കറ്റ് ചന്ദ്രന്റെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് വലം വെച്ചെത്താനാകുന്ന സഞ്ചാരപാതയിലെത്തും. ചന്ദ്രോപരിതലത്തിന് 62 മൈലിനടുത്ത് എത്തിയ ശേഷം, 40000 മൈല്‍ ഉയരത്തിലേക്ക് കുതിക്കും. മനുഷ്യര്‍ക്കായി നിര്‍മിച്ചിട്ടുള്ള ഏതൊരു ബഹിരാകാശ വാഹനവും ഇതുവരെ പറന്നിട്ടില്ലാത്ത ദൂരം ഭൂമിയില്‍ നിന്ന് അതിനെ കൊണ്ടുപോകും. നാലു മുതല്‍ ആറ് ബഹിരാകാശ യാത്രികരെ വരെ ഉള്‍ക്കൊള്ളിക്കാനാകുന്ന ഒറിയോണ്‍ സ്പേസ് ക്യാപ്സ്യൂള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, കാപ്സ്യൂളിന് ശക്തിയും ഭ്രമണപഥത്തില്‍ കുതിച്ചുകയറാനുള്ള പ്രോപ്പല്ഷനും നല്കുന്ന ഒരു യൂറോപ്യന്‍ സര്‍വീസ് മൊഡ്യൂള്‍ കൂടി ഘടിപ്പിക്കും. ഇത് ഈ സര്‍വീസ് മൊഡ്യൂള്‍ നിര്‍മിച്ച യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്ക് ഭാവിയിലെ ആര്‍ടെമിസ് ദൗത്യങ്ങളിലെ പ്രധാന പങ്കാളിത്തത്തിനുള്ള വഴി തെളിയിക്കുകയും ചെയ്യും.
ആദ്യത്തെ ചാന്ദ്ര ഔട്ട്പോസ്റ്റിന്റെ പ്രധാന ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ഷാക്കിള്‍ട്ടണ്‍ ഗര്‍ത്തമാണ്
ഏപ്രില്‍ മാസത്തില്‍ പദ്ധതിയിട്ടിരിക്കുന്ന ഈ ദൗത്യം വിജയകരമായാല്‍, ചന്ദ്രനെ ചുറ്റി വരാനായി ഒരു സംഘത്തെ 2024 ല്‍ അയക്കും. അതിനു ശേഷം 2025 ല്‍ ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള ദൗത്യവും. ഇത് സാധ്യമായാല്‍ 53 വര്‍ഷങ്ങള്‍ക്കു ശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലെത്തും. അവസാനത്തെ ചാന്ദ്ര ദൗത്യം 1972 ഡിസംബറിലായിരുന്നു. ഇത്തവണ ക്രൂവില്‍ കുറഞ്ഞത് ഒരു സ്ത്രീയെങ്കിലും ഉള്‍പ്പെടും. ബഹിരാകാശയാത്രികര്‍ മാസങ്ങള്‍ നീണ്ട ദൗത്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചൊവ്വയിലെ ഭാവി കോളനികള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്ത് വരുന്ന കാലത്താണ് പുതിയ വഴിത്തിരിവുകള്‍.
ആദ്യത്തെ ചാന്ദ്ര ഔട്ട്പോസ്റ്റിന്റെ പ്രധാന ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ഷാക്കിള്‍ട്ടണ്‍ ഗര്‍ത്തമാണ്. അതില്‍ വലിയ മഞ്ഞിന്റെ സംഭരണികള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജലം ബഹിരാകാശ സഞ്ചാരികള്‍ക്ക് വിലയേറിയ ഉപജീവനം മാത്രമല്ല. ഹൈഡ്രജനെയും ഓക്സിജനെയും വൈദ്യുതവിശ്ലേഷണം വഴി സംയോജിപ്പിക്കാനും റോക്കറ്റ് ഇന്ധനമാക്കാനും കഴിയും. ചാന്ദ്ര കോളനി നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിപുലമായ റോബോട്ട് അധിഷ്ഠിതമായ ദൗത്യങ്ങള്‍ നാസ ആരംഭിക്കും. നാസയുടെ 2.6 ബില്യണ്‍ ഡോളര്‍-പദ്ധതിയായ CLPS അഥവാ കൊമേഴ്സ്യല്‍ പേലോഡ് സര്‍വീസസ് മുഖേനയാണ് ഈ ദൗത്യങ്ങള്‍ നടപ്പാക്കുന്നത്. ഒരു കൂട്ടം റോബോട്ടുകളെ ചന്ദ്രനിലെത്തിച്ചു കൊണ്ടായിരിക്കും ഈ ദൗത്യം ആരംഭിക്കുക. നാസയുടെ പിന്തുണയോടെ സ്വകാര്യ കമ്പനികള്‍ നിര്‍മിച്ച ഇവയിലെ പല റോബോട്ടുകളും അടിത്തട്ടുകളിലെ ജലാംശവും ചന്ദ്രനിലെ മണ്ണിന്റെ ആഴവും മറ്റും പരിശോധിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിന്റെ പ്രത്യേകതകള്‍ പഠിക്കാന്‍ ഉരുണ്ടുരുണ്ടു നടക്കുന്ന റോവറുകളുമുണ്ട്. സ്പേസ് കമ്പനികളില്‍ പുതുമുഖമായ ആസ്ട്രോബോട്ടിക് അവരുടെ പെരെഗ്രിന് ലാന്‍ഡറുകള്‍ ലാക്കസ് മോര്‍ട്ടിസ് അഥവാ മരണത്തിന്റെ കായല്‍ എന്നറിയപ്പെടുന്ന ചന്ദ്രന്റെ ഇരുണ്ട കല്ലുകളുള്ള വടക്കു കിഴക്കന്‍ ഭാഗത്ത് ഇറക്കും. ഉപകരണങ്ങള്‍ നിറഞ്ഞ 11 പേലോഡുകള്‍ ഇവയില്‍ ഉണ്ടാകും. പിന്നാലെ മറ്റൊരു യു എസ് കമ്പനിയായ ഇന്‍ട്യൂട്ടീവ് മെഷീന്‍സ് ആറു പേലോഡുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേടകം, കൊടുങ്കാറ്റുകളുടെ സമുദ്രമെന്ന് അര്‍ത്ഥം വരുന്ന ഓഷ്യാനസ് പ്രൊസെല്ലറം എന്ന ഭാഗത്തേക്കും അയക്കും.
റഷ്യയും ഇന്ത്യയും അടുത്ത വര്‍ഷം സ്വന്തം ചാന്ദ്ര ലാന്‍ഡറുകള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം ദക്ഷിണ കൊറിയ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ അതിന്റെ ധാതു ഘടന പഠിക്കാന്‍ ഒരു ഉപഗ്രഹം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്
പന്ത്രണ്ടോളം CLPS ദൗത്യങ്ങളാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ സ്വകാര്യ നിക്ഷേപം ആവശ്യമായുള്ള ഈ പരിശ്രമങ്ങളിലെല്ലാം പരാജയത്തിന്റെയും അപകടത്തിന്റെയും ഉയര്‍ന്ന സാധ്യത നിലനില്ക്കുന്നവയാണെന്നാണ് നാസ സയന്‍സ് തലവനായ തോമസ് സെര്ബൂക്കന് മുന്നറിയിപ്പ് നല്‍കിയത്. ഇവയില്‍ പകുതിയോളവും നടക്കാതെ പോയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
റഷ്യയും ഇന്ത്യയും അടുത്ത വര്‍ഷം സ്വന്തം ചാന്ദ്ര ലാന്‍ഡറുകള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം ദക്ഷിണ കൊറിയ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ അതിന്റെ ധാതു ഘടന പഠിക്കാന്‍ ഒരു ഉപഗ്രഹം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
ചൊവ്വയിലേക്ക്
യൂറോപ്പ് - റഷ്യ സംയുക്ത ചൊവ്വ ദൗത്യമായ എക്സോമാര്‍സ് ദൗത്യത്തോടെ ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഒരു പടികൂടി മുന്നോട്ട് കടക്കും. ചൊവ്വയുടെ വടക്കന്‍ അര്‍ധഗോളത്തിലെ ഒക്സിയ പ്ലാനം എന്ന 125 മൈല്‍ വീതിയുള്ള ചെളി നിറഞ്ഞ പ്രതലത്തില്‍ എക്സോമാര്‍സ് ഒരു റോവര്‍ ഇറക്കും. ബ്രിട്ടിഷ് രസതന്ത്രജ്ഞയും ഡിഎന്‍എ കണ്ടെത്തലിനു പിന്നിലെ പ്രധാന വ്യക്തിയുമായിരുന്ന റോസലിന്റ് ഫ്രാങ്ക്ളിന്റെ പേരാണ് ഈ റോവറിന് നല്‍കിയിരിക്കുന്നത്. കുറച്ചു അടികളോളം ചൊവ്വയുടെ ഉപരിതലം കുഴിക്കാന്‍ കഴിയുന്ന റോവര്‍ തേടുന്നത് നാമാവശേഷമായിപ്പോയതോ അതിജീവിച്ചതോ ആയ ഏതെങ്കിലും തരത്തിലുള്ള ജീവന്റെ അംശത്തിന്റെ തെളിവുകളാണ്. ബ്രിട്ടീഷ് കമ്പനിയായ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ആണ് ഈ റോവര്‍ നിര്‍മിച്ചത്. 2022 സെപ്റ്റംബര്‍ 22-നാണ് ഇതിന്റെ വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. 2023 ജൂണ്‍ 10-ന് ഈ റോവര്‍ ചൊവ്വ തൊടുമെന്ന് അനുമാനിക്കുന്നു.
വിജയ പ്രതീക്ഷയുള്ള ദൗത്യമാണെങ്കിലും, ചൊവ്വയില്‍ ഇറങ്ങാന്‍ റഷ്യയ്ക്കോ യൂറോപ്പിനോ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല.
പത്തൊന്‍പത് റഷ്യന്‍, സോവിയറ്റ് ദൗത്യങ്ങളും ചുവന്ന ഗ്രഹത്തില്‍ ഇറങ്ങാനുള്ള രണ്ട് യൂറോപ്യന്‍ ദൗത്യങ്ങളും പരാജയപ്പെട്ടു. നിലവിലെ എക്സോമാര്‍സ് ദൗത്യത്തിനായി ട്രയല്‍ റണ്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നയൂറോപ്പിന്റെ ഷിയാപരെല്ലി ലാന്‍ഡര്‍ ഉള്‍പ്പെടെ. 2016 ല്‍ ഷിയാപരെല്ലി ലാന്‍ഡര്‍ ചൊവ്വയില്‍ വീണ് തകരുകയായിരുന്നു.
ഛിന്നഗ്രഹങ്ങള്‍
ഛിന്നഗ്രഹങ്ങളിലേക്കുള്ള ഏറ്റവും മനോഹരമായ ദൗത്യം ഭൂമിക്ക് വേണ്ടി ഒരു ഛിന്നഗ്രഹ വിരുദ്ധ പ്രതിരോധ സംവിധാനം പരീക്ഷിക്കുന്നതിനുള്ള നാസയുടെ ശ്രമമായിരിക്കും. കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) ബഹിരാകാശ പേടകം സെപ്റ്റംബറില്‍ ഡിമോര്‍ഫോസ് എന്ന ഉപഗ്രഹത്തില്‍ ഇടിക്കും. മണിക്കൂറില്‍ 15,000 മൈല്‍ വേഗതയില്‍ കുതിക്കുന്ന ഒരു ചെറിയ കാറിന്റെ വലിപ്പമുള്ള പ്രോബ്, മാതൃ ഛിന്നഗ്രഹമായ ഡിഡിമോസിന് ചുറ്റും ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള പാറക്കൂട്ടം പോലെയുള്ള ഡിമോര്‍ഫോസിന്റെ ഭ്രമണപഥം മാറ്റാന്‍ ശ്രമിക്കും. ഇതു വിജയിച്ചാല്‍, ഭൂമിയിലേക്ക് പോകുന്ന ഒരു വലിയ ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കാന്‍ കഴിയുന്ന ഉപകരണം വികസിപ്പിക്കാനുള്ള ദൗത്യം പിന്തുടരാന് നാസയ്ക്കും മറ്റ് ബഹിരാകാശ ഏജന്‍സികള്‍ക്കും കൂടുതല്‍ ശക്തി ലഭിക്കും.
മനുഷ്യന്റെ ബഹിരാകാശയാത്രകള്‍
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും തിരികെ ഭൂമിയിലേക്കും മനുഷ്യരെ എത്തിക്കാനായി ഭ്രമണപഥത്തിലേക്ക് തങ്ങളുടെ സ്റ്റാര്‍ലൈനര്‍ ക്രൂ ക്യാപ്സൂള്‍ എത്തിക്കാന്‍ ബോയിങ് ശ്രമിക്കുന്നുണ്ട്. 2019-ല്‍ ഒരു ദൗത്യം പരാജയപ്പെടുകയും 2021-ല്‍ ഇന്ധന വാല്‍വുകള്‍ തുറക്കാതിരുന്നതിനാല്‍ അവസാന നിമിഷം ദൗത്യം പിന്‍വലിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്രൂ ഇല്ലാതെ ആദ്യം ഒരു ടെസ്റ്റ് ഫ്ളൈറ്റ് നടത്തിയതിനു ശേഷം ക്രൂ ഉള്ള സ്റ്റാര്‍ ലൈനറില്‍ ഒരു ടെസ്റ്റ് ഫ്ളൈറ്റ് കൂടി നടത്തും. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ്ഷിപ്പും ഈ ദൗത്യത്തില്‍ സഹകരിക്കുന്നു.