
ചലഞ്ചര്‍, കൊളംബിയ.. ലോകം ഞെട്ടിയ ബഹിരാകാശ ദുരന്തങ്ങളും അപകടങ്ങളും
ലോകത്ത് ഇതുവരെ ബഹിരാകാശ യാത്രയ്ക്കിടെ സംഭവിച്ച ചില അപകടങ്ങളും ദുരന്തങ്ങളും പരിശോധിക്കാം
അടച്ചിട്ട കുടുസ്സുമുറികള്‍, ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന പേടകം, സീറോ ഗ്രാവിറ്റി, തീ പാറിച്ച് കുതിച്ചുയരുന്ന റോക്കറ്റ്. ബഹിരാകാശ യാത്രയില്‍ അപകടം പതിയിരിക്കുന്ന ഇടങ്ങള്‍ ഏറെയാണ്. അവിടെ ഏറെ ശ്രദ്ധയോടെ വേണം ഓരോ നീക്കങ്ങളും നടത്താന്‍. ഇനി അഥവാ കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ അല്ല പോകുന്നതെങ്കില്‍ സമയോചിതമായ ഇടപെടലുകള്‍ വേണ്ടിവരും. ഇതിനെല്ലാം ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
എങ്കിലും കണക്കുകൂട്ടലുകളിലെ പാളിച്ചകളോ മറ്റെന്തെങ്കിലും കാരണങ്ങളോ മൂലം വളരെ അപൂര്‍വ്വമായി ബഹിരാകാശ പര്യവേക്ഷണ യാത്രകളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അവയില്‍ ചിലത് വലിയ ദുരന്തമായി മാറിയ സംഭവങ്ങളും മുന്നിലുണ്ട്. ഭൂമിയില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പ് ബഹിരാകാശ പേടകം കത്തിച്ചാമ്പലായ ചലഞ്ചര്‍ ദുരന്തം, ബഹിരാകാശ വാസം പൂര്‍ത്തിയാക്കി മടങ്ങിയ യാത്രികര്‍ ഭൂമിയിലെത്താന്‍ ആവേശഭരിതരായി കാത്തുനില്‍ക്കെ സംഭവിച്ച കൊളംബിയ ദുരന്തം അങ്ങനെ ചെറുതും വലുതുമായ നിരവധി അപകടങ്ങളുടെ ഓര്‍മ്മകള്‍ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലുണ്ട്. ലോകത്ത് ഇതുവരെ ബഹിരാകാശ യാത്രയ്ക്കിടെ സംഭവിച്ച ചില അപകടങ്ങളും ദുരന്തങ്ങളും പരിശോധിക്കാം.
സ്യൂട്ടിനുള്ളിലെ വെള്ളച്ചോര്‍ച്ച
2013 ജൂലൈ 16. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ലൂക്ക പാര്‍മിട്ടാനോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വെളിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ തലയ്ക്ക് ചുറ്റും വെള്ളം നിറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മുപ്പത്തിയാറാമത് പര്യവേക്ഷണ യാത്രയായിരുന്നു അത്. സ്പേസ്വാക്കിനിടെ (സ്പേസ് സ്റ്റേഷന് വെളിയിലൂടെയുള്ള നടത്തം, ഒഴുകിനടത്തം എന്നും പറയാം) പാര്മിട്ടാനോയുടെ ഹെല്മെറ്റിനുള്ളില് അവിചാരിതമായി വെള്ളം നിറയാന്‍ തുടങ്ങി. ബഹിരാകാശത്ത് ആയതിനാല്‍ വെള്ളം സ്വതന്ത്രമായി അദ്ദേഹത്തിന്റെ തലയ്ക്ക് ചുറ്റും തങ്ങിനില്ക്കുകയായിരുന്നു. അതോടെ പാര്മിട്ടാനോയ്ക്ക് അദ്ദേഹത്തിന്റെ സഹയാത്രികരുമായി സംസാരിക്കാനോ അവര്‍ പറയുന്നത് കേള്‍ക്കാനോ സാധിക്കാതെ വന്നു. സ്യൂട്ടിനുള്ളിലെ ലിക്വിഡ് കൂളന്റ് സിസ്റ്റത്തിലെ ചെറിയൊരു ലീക്കാണ് പ്രശ്നമുണ്ടാക്കിയത്. ഇത് കുടിക്കാന്‍ പറ്റിയ വെള്ളമല്ല. മാത്രമല്ല തലയ്ക്ക് ചുറ്റും ഒഴുകിനടക്കുന്ന വെള്ളം കുടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഒരു മണിക്കൂറോളം ആ വെള്ളവുമായി പാര്‍മിട്ടാനോ സ്പേസ്വാക്ക് നടത്തി. ബഹിരാകാശ നിലയത്തില്‍ തിരിച്ചെത്തി നനഞ്ഞ സ്പേസ് സ്യൂട്ട് മാറ്റി തുണി കൊണ്ട് വെള്ളം തുടച്ചുമാറ്റിയ പാര്‍മിട്ടാനോ അങ്ങനെ ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ രണ്ടാമത്തെ സ്പേസ്വാക്ക് നടത്തിയ വ്യക്തിയായി മാറി.
ചലഞ്ചര്‍ ദുരന്തം
1986 ജനുവരി 28നാണ് ചലഞ്ചര്‍ ദുരന്തം സംഭവിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ബഹിരാകാശ പേടകം പറന്നുയര്‍ന്ന് ഒരു മിനിട്ടിന് ശേഷം പേടകത്തിന്റെ ഒ-റിംഗിന് (റോക്കറ്റ് ബൂസ്റ്ററുകളെ വേര്‍തിരിക്കുന്ന റബ്ബര്‍ സീല്‍) തീ പിടിക്കുകയും അത് റോക്കറ്റിലേക്ക് പടരുകയും ആയിരുന്നു. പേടകം ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറന്നുയരുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. പേടകത്തില്‍ ഉണ്ടായിരുന്ന ഏഴ് ബഹിരാകാശ യാത്രികരും മരണപ്പെട്ടു. നാസയുടെ 'ടീച്ചര്‍ ഇന്‍ സ്പേസ'് പദ്ധതിയുടെ ഭാഗമായ ക്രിസ്റ്റ മക്ഓലിഫ് എന്ന അധ്യാപികയും പേടകത്തില്‍ ഉണ്ടായിരുന്നു. ബഹിരാകാശ നിലയത്തില്‍ വെച്ച് ക്ലാസുകള്‍ നടത്തുകയും പരീക്ഷണങ്ങള്‍ നടത്തുകയുമായിരുന്നു ക്രിസ്റ്റയുടെ ദൗത്യം. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക, ജ്യോതിശാസ്ത്ര പഠനത്തിന് വേണ്ട ഉപകരണങ്ങള്‍ പരീക്ഷിക്കുക, ഹാലിയുടെ വാല്‍നക്ഷത്രത്തെ പഠിക്കുക എന്നിവയൊക്കെ ആയിരുന്നു ആ ബഹിരാകാശ യാത്രയുടെ ലക്ഷ്യങ്ങള്‍.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം പേടകം പൊട്ടിത്തെറിക്കുന്ന കാഴ്ച ഭൂമിയിലുള്ളവര്‍ക്ക് കാണാമായിരുന്നു. മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ആയിരുന്നു ചലഞ്ചര്‍ വിക്ഷേപണം നടന്നത്. അത്ര കുറഞ്ഞ താപനിലയില്‍ ഒ-റിംഗുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചേക്കുമെന്നും അത് അപകടത്തിന് വഴിവെച്ചേക്കുമെന്നും വിക്ഷേപണത്തിന് മുമ്പ് തന്നെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതിനോടകം പലതവണ വിക്ഷേപണം മാറ്റിവെച്ചതിനാല്‍ വിക്ഷേപണവുമായി മുന്നോട്ട് പോകാനായിരുന്നു നാസയുടെ തീരുമാനം. ചലഞ്ചര്‍ ദുരന്തത്തിന് ശേഷം നാസ സ്പേസ് ഷട്ടില്‍ പരിപാടി താത്കാലികമായി നിര്‍ത്തിവെച്ചു. അപകട കാരണം കണ്ടെത്തുന്നതിനായി റോജേഴ്സ് കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
അപ്പോളോ 12ന് മിന്നലേറ്റപ്പോള്‍
നീല്‍ ആംസ്ട്രോങിന് ശേഷം രണ്ടാമതും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ അപ്പോളോ 12 ദൗത്യം. 'നീലിന് ചെറിയൊരു അടി, പക്ഷേ എനിക്ക് വലുതെന്ന'് ചാള്‍സ് കൊണാര്‍ഡ് പറഞ്ഞ ആ ദൗത്യത്തിലും ചില അപകടങ്ങള്‍ ഉണ്ടായിരുന്നു. 1969 നവംബര്‍ 14ന് അപ്പോളോ 12 ഭൂമിയില്‍ നിന്ന് കുതിച്ചുയരവേ പേടകത്തിന്റെ മുകള്‍ഭാഗത്തിന് രണ്ട് തവണ മിന്നലേറ്റു. പേടകത്തെ എരിച്ചുകളയാനുള്ള പവര്‍ ആ മിന്നലിനുണ്ടായിരുന്നു. ആദ്യതവണ മിന്നലേറ്റത് വിക്ഷേപണം കാണാനെത്തിയ ജനക്കൂട്ടത്തിന് കാണാമായിരുന്നു. അതവരെ തീര്‍ത്തും ആശങ്കാകുലരാക്കി. എന്നാല്‍ മിന്നല്‍ മൂലം പേടകത്തിന് തകരാറുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ദൗത്യം സുരക്ഷിതമാണെന്നും വിക്ഷേപണവുമായി മുന്നോട്ട് പോകാമെന്നും പരിശോധനയ്ക്ക് ശേഷം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ചാന്ദ്രയാത്ര കഴിഞ്ഞ് ഭൂമിയിലേക്കുള്ള തിരിച്ചുവരവിലും അപ്പോളോ 12 ചില പ്രശ്നങ്ങളില്‍ പെട്ടു. നവംബര്‍ 24ന് പെസഫിക് സമുദ്രത്തിലാണ് പേടകം താഴ്ന്നിറങ്ങിയത്. ഈ സമയത്ത് ഒരു വലിയ തിരമാല പേടകത്തില്‍ വന്നടിച്ചു. അപ്രതീക്ഷിതമായ ഈ ആഘാതത്തില്‍ പേടകം ആടിയുലഞ്ഞു. ഈ ശക്തിയില്‍ പേടകത്തിനുള്ളിലെ 16 എംഎം ഫിലിം ക്യാമറ യാത്രികനായ അലന് ബീനിന്റെ തലയില്‍ വന്ന് വീണ് മുറിവുണ്ടാക്കി. സഹയാത്രികനായ ചാള്‍സ് കൊണാര്‍ഡ് ഉടന്‍ തന്നെ മുറിവില്‍ മരുന്ന് വെച്ച് കെട്ടി.
പാരച്യൂട്ട് വിടര്‍ന്നില്ല, കണ്ണീരോര്‍മ്മയായി വ്ളാദിമര്‍ കോമറോവ്
ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെടുന്ന സോവിയറ്റ് റഷ്യയിലെ ആദ്യ ബഹിരാകാശ യാത്രികരില്‍ ഒരാളായിരുന്നു വ്ളാദിമര്‍ കോമറോവ്. രണ്ട് തവണ ബഹിരാകാശത്ത് (ഔട്ടര്‍ സ്പേസ്) പ്രവേശിക്കുന്ന ആദ്യ റഷ്യക്കാരനും അദ്ദേഹമാണ്. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുക എന്ന ലക്ഷ്യത്തോടെയുള്ള സോവിയറ്റ് റഷ്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു സൂയസ് 1. എന്നാല്‍ ഈ പേടകത്തിന്റെ രൂപകല്‍പ്പനയിലുള്ള അപാകതകള്‍ മൂലം കൊമറോവിന് നഷ്ടമായത് ബഹിരാകാശ സ്വപ്നങ്ങള്‍ മാത്രമല്ല സ്വന്തം ജീവന് തന്നെയാണ്. വളരെ അപകടം നിറഞ്ഞ, ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു അത്. രണ്ട് പേടകങ്ങളാണ് ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നത്. ആദ്യം വിക്ഷേപിക്കുന്ന സൂയസ് 1ല്‍ ഭൂമിയെ ഭ്രമണം ചെയ്തതിന് ശേഷം രണ്ടാമത് വിക്ഷേപിക്കുന്ന സൂയസ് 2 എന്ന പേടകത്തെ കണ്ടുമുട്ടുക എന്നതായിരുന്നു ലക്ഷ്യം. ഇരുപേടകങ്ങളുടെയും ഭ്രമണവേഗതയെല്ലാം ഇതിനനുസരിച്ച് അഡ്ജെസ്റ്റ് ചെയ്യാനായിരുന്നു പ്ലാന്‍. അങ്ങനെ കൊമേറോവിനെയും വഹിച്ചുള്ള സൂയസ് 1 വിക്ഷേപിക്കുകയും അത് ഭൂമിയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. സൂയസ് 2 വിക്ഷേപിക്കേണ്ട സമയമായി. എന്നാല്‍ ചില തകരാറുകള്‍ കാരണം സൂയസ് 2 വികേഷേപണം നിര്‍ത്തിവെക്കേണ്ടതായി വന്നു.
അതേസമയം സൂയസ് 1ന്റെ സോളാര്‍ പാനലുകളില്‍ ഒന്ന് പ്രവര്ത്തനനിരതമല്ലെന്ന് അധികൃതര്‍ മനസിലാക്കി. ഇതോടെ പേടകത്തിന് മതിയായ പവര്‍ ലഭിക്കാത്ത സ്ഥിതി വന്നു. ഈ സോളാര്‍ പാനലില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു ഉപകരണം ശരിയായി പ്രവര്‍ത്തിക്കാത്തത് മൂലം പേടകത്തെ നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ വന്നുതുടങ്ങി. ദൗത്യവുമായി മുന്നോട്ട് പോകുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ കൊമറോവ് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തു. ഏറെ പ്രതിസന്ധികള്‍ താണ്ടി ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിയെങ്കിലും സൂയസ് 1ലെ പാരച്യൂട്ടുകള്‍ ശരിയായ രീതിയില്‍ വിടര്‍ന്നില്ല. ഇതോടെ പേടകത്തിന് വേഗത കുറയ്ക്കാന്‍ കഴിയാതെ വന്നു. അങ്ങനെ 1967 ഏപ്രില്‍ 24ന് സൂയസ് 1 ഭൂമിയില്‍ പതിച്ചു. വ്ളാദിമര്‍ കൊമറോവ് മരണത്തിന് കീഴടങ്ങി. പേടകം വന്ന് പതിച്ച സ്ഥലത്ത് പിന്നീട് റഷ്യ കൊമറോവ് സ്മാരകം പണിതു.
ബഹിരാകാശത്തെ വ്യായാമം വിനയായപ്പോള്‍
ബഹിരാകാശത്തും വ്യായാമത്തിന് മുടക്കം വരുത്താതെ ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് യാത്രികരുടെ ആവശ്യമാണ്. അതിനാല്‍ തന്നെ ബഹിരാകാശ നിലയത്തില്‍ വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങളൊക്കെ ഉണ്ട്. 1995ല്‍ റഷ്യയുടെ മോഡുലാര്‍ സ്പേസ് സ്റ്റേഷനായ മിറിലേക്ക് നടത്തിയ പര്യവേക്ഷണ യാത്രയ്ക്കിടയില്‍ യാത്രികനായ നോര്മാന് തഗാര്ഡ് അത്തരം ഉപകരണങ്ങളില്‍ ഒന്നില്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വ്യായാമത്തിനിടെ ഉപകരണത്തിന്റെ സ്ട്രാപ്പുകളില്‍ ഒന്ന് അേേദ്ദഹത്തിന്റെ കണ്ണില്‍ വന്ന് തട്ടി. വേദനയും വെളിച്ചമടിക്കുമ്പോള്‍ നോക്കാനുള്ള ബുദ്ധിമുട്ടും കാരണം തഗാര്ഡിന് ബഹിരാകാശ നിലയത്തില്‍ സൂക്ഷിച്ചിരുന്ന മരുന്ന് കണ്ണില്‍ ഒഴിക്കേണ്ടതായി വന്നു.
കൊളംബിയ ദുരന്തം
2003 ഫെബ്രുവരി ഒന്നിനായിരുന്നു കൊളംബിയ ദുരന്തം. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ മറ്റൊരു കണ്ണീരോര്‍മ്മ. ചലഞ്ചറിന് ശേഷം നാസയുടെ സ്പേസ് ഷട്ടില്‍ പരിപാടി അപകടത്തില്‍ കലാശിച്ച സംഭവം. പേടകം ഭൂമിയില്‍ നിന്ന് പറന്നുയര്‍ന്ന സമയത്ത് പേടകത്തിന് പുറത്തുള്ള ഇന്ധന ടാങ്കില്‍ നിന്നും അടര്‍ന്നുവീണ ഒരു സ്യൂട്ട്കേസിന്റെ വലുപ്പമുള്ള പഞ്ഞിയാണ് അപകടമുണ്ടാകാനുള്ള കാരണം. ചൂടില്‍ നിന്ന് ഇന്ധനടാങ്കിനെ സംരക്ഷിക്കുക, ഐസ് രൂപപ്പെടുന്നത് തടയുക എന്നീ ജോലിയാണ് ടാങ്കിന്റെ സംരക്ഷണ കവചമായ ഈ പഞ്ഞിക്കുള്ളത്.
എന്നാല്‍ കൊളംബിയയുടെ ടാങ്കില്‍ നിന്നും അടര്‍ന്നുപോയ പഞ്ഞിക്കഷ്ണം പേടകത്തിന്റെ ഇടത് വശത്തെ ചിറകില്‍ വന്നിടിച്ച് ഒരു ദ്വാരം ഉണ്ടാക്കി. അപ്പോള്‍ തന്നെ ഇക്കാര്യം നാസ ഉദ്യോഗസ്ഥര്‍ മനസിലാക്കിയിരുന്നുവെങ്കിലും ക്യാമറയ്ക്ക് ക്ലാരിറ്റി കുറവായിരുന്നത് കൊണ്ട് ഇത് എത്രത്തോളം അപകടകാരിയാണെന്ന് അവര്‍ക്ക് മനസിലായില്ല. മുമ്പും വിക്ഷേപണ സമയത്ത് പഞ്ഞി അടര്‍ന്ന് പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ അപടകടങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ കരുതി. എന്നാല്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് കൊളംബിയ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ ദ്വാരത്തിലൂടെ പുകയും വാതകങ്ങളും അകത്ത് കയറുകയും ഇടത് ചിറക് പൊട്ടിപ്പോകുകയുമായിരുന്നു. ഇതോടെ ലാന്‍ഡ് ചെയ്യാന്‍ ഏഴ് മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ കൊളംബിയ പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള ഉള്‍പ്പടെ ആറ് അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞരും ബഹിരാകാശത്ത് കാല് കുത്തിയ ആദ്യ ഇസ്രയേലി ജ്യോതിശാസ്ത്രജ്ഞനും അപകടത്തില്‍ മരണപ്പെട്ടു. ഈ അപകടത്തിന് ശേഷവും നാസ സ്പേസ് ഷട്ടില്‍ പരിപാടി നിര്‍ത്തിവെച്ചു. പര്യവേക്ഷണ സമയത്ത് യാത്രികര്‍ ബഹിരാകാശത്ത് നടത്തിയ പരീക്ഷണത്തിന്റെ പഠനഫലങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്നും വീണ്ടെടുത്തിരുന്നു. ബഹിരാകാശത്തെ ഭാരമില്ലായ്മ വിരകളുടെ ശരീരത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്നതായിരുന്നു പഠനം. പെട്രി ഡിഷില്‍ സൂക്ഷിച്ച വിരകളെ കൊളംബിയ ബഹിരാകാശ യാത്രികരുടെ ആത്മാര്‍ത്ഥതയുടെ സൂചകമായി ഇന്നും സൂംരക്ഷിച്ച് പോരുന്നു.
വിഷവാതകം ചോര്‍ന്നുണ്ടായ അപകടം
ആദ്യ യുസ്-സോവിയറ്റ് യൂണിയന് സംയുക്ത ബഹിരാകാശ പദ്ധതിയായ അപ്പോളോ സൂയസ് ടെസ്റ്റ് പ്രോജക്ട് 1975 ജൂലൈയിലാണ് നടന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബഹിരാകാശ മത്സരങ്ങള്‍ക്ക് അവസാനമായതും അന്നാണ്. രണ്ട് പേടകങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പറന്നത്. മൂന്ന് അമേരിക്കക്കാരെ വഹിച്ചിള്ള ഒരു പേടകവും രണ്ട് സോവിയറ്റ് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള മറ്റൊന്നും. ഇരുപേടകങ്ങളും ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ കണ്ടുമുട്ടുകയും രണ്ടും തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തു. ഇരു പേടകങ്ങളിലെയും യാത്രികര്‍ അങ്ങോട്ടുമിങ്ങോട്ടും മാറിക്കയറുകയും പരസ്പരം ആലിഗംനം ചെയ്ത് സമ്മാനങ്ങള്‍ കൈമാറുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വൈരം മറന്ന് ബന്ധം ഊഷ്മളമാക്കുകയെന്ന സന്ദേശമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. 44 മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ അവരവരുടെ പേടകങ്ങളില്‍ തിരിച്ചെത്തുകയും ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയതോടെ അമേരിക്കയുടെ അപ്പോളോ പേടകത്തിന്റെ ആര്‍സിഎസ് (ഉയരം നിയന്ത്രിക്കുന്ന റിയാക്ഷന് കണ്ട്രോള് സംവിധാനം) തകരാറിലാകുകയും യാത്രികര്‍ ഇരിക്കുന്ന കാബിനിലേക്ക് വിഷവാതകമായ നൈട്രജന്‍ ടെട്രോക്സൈഡ് പ്രവഹിക്കാന്‍ തുടങ്ങുകയും ചെയ്തു. ഭാഗ്യവശാല്‍, പേടകം ലാന്‍ഡ് ചെയ്ത ഉടന്‍ കാബിന് വെന്റിലേഷന് നല്കി യാത്രികരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വിഷവാതകം ശ്വസിക്കുക മൂലം പ്രത്യേകതരം ന്യുമോണിയ അവരെ ബാധിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ അവരെല്ലാവരും രോഗമുക്തരായി.