
വീണ്ടുമൊരു വംശനാശം അരികെയോ?
ഭൂമി അതിന്റെ ചരിത്രത്തിലെ ആറാമത്തെ കൂട്ട വംശനാശത്തിന് സാക്ഷ്യം വഹിക്കുന്നതായി ഹവായ് സര്‍വ്വകലാശാലയുടെ ഒരു പഠനം അവകാശപ്പെടുന്നു
നമുക്കേറെ പരിചിതമാണ് ദിനോസറുകളുടെ വംശനാശത്തിന്റെ കഥ. വലിയ ഛിന്നഗ്രഹം വന്നു പതിച്ച് ആ ഒരു ജീവിവര്‍ഗം തന്നെ ഇല്ലാതായ കഥ. വംശനാശമുണ്ടാകാന് തക്ക സാഹചര്യങ്ങളേക്കുറിച്ചുള്ള ഈ കേട്ടറിവുകളേക്കാള്‍ വളരെ വിഭിന്നമാണ് കാര്യങ്ങള്‍. ഭൂമി അതിന്റെ ചരിത്രത്തിലെ ആറാമത്തെ കൂട്ട വംശനാശത്തിന് സാക്ഷ്യം വഹിക്കുന്നതായി ഹവായ് സര്‍വ്വകലാശാലയുടെ ഒരു പഠനം അവകാശപ്പെടുന്നു. അതായത് ദിനോസറുകള്‍ക്ക് മാത്രമല്ല വംശനാശമുണ്ടായിട്ടുള്ളത്.
നമ്മുടെ ഗ്രഹത്തിന്റെ ചരിത്രത്തില്‍ മുമ്പ് അഞ്ച് പ്രാവശ്യം മാത്രമാണ് ഇത്രയധികം ജീവജാലങ്ങളും ജൈവവൈവിധ്യവും വളരെ പെട്ടെന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. അഞ്ചാമത്തേത് ദിനോസറുകള്‍ തുടച്ചുനീക്കപ്പെട്ട സമയമായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സംഭവിക്കുന്നതിനെ 'ആറാമത്തെ കൂട്ട വംശനാശം' എന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും വിളിക്കുന്നത്. ഇന്നത്തെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നതിനെ 'ജൈവ ഉന്മൂലനം' എന്നുപോലും ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
വംശനാശം ജീവിതത്തിന്റെ ഭാഗമാണ്, മൃഗങ്ങളും സസ്യങ്ങളും എല്ലാ സമയത്തും അപ്രത്യക്ഷമാകുന്നുണ്ട്. നമ്മുടെ ഗ്രഹത്തില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളുടെയും ഏകദേശം 98 ശതമാനത്തിനും ഇപ്പോള്‍ വംശനാശം സംഭവിച്ചിരിക്കുന്നു.
ഒരു ജീവി വംശനാശം സംഭവിക്കുമ്പോള്‍, ആവാസവ്യവസ്ഥയില്‍ അതിന്റെ പങ്ക് സാധാരണയായി പുതിയ ജീവികളാല്‍ അല്ലെങ്കില്‍ നിലവിലുള്ള മറ്റ് ജീവജാലങ്ങളാല്‍ നികത്തപ്പെടുന്നു. ഭൂമിയുടെ 'സാധാരണ' വംശനാശത്തിന്റെ നിരക്ക് 100 വര്‍ഷത്തില്‍ 10,000 സ്പീഷീസുകള്‍ക്ക് 0.1 മുതല്‍ 1 സ്പീഷിസ് വരെയാകുമെന്ന് പലപ്പോഴും കരുതപ്പെടുന്നു. വംശനാശത്തിന്റെ പശ്ചാത്തല നിരക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.
ജീവിവര്‍ഗ്ഗങ്ങള്‍ മാറ്റിസ്ഥാപിക്കപ്പെടുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ അപ്രത്യക്ഷമാകുന്നതാണ് കൂട്ട വംശനാശം. ഇത് സാധാരണയായി നിര്‍വചിക്കപ്പെടുന്നത് ലോകത്തിലെ 75% സ്പീഷീസുകളും ഭൂമിശാസ്ത്രപരമായ ഒരു 'ഹ്രസ്വ' സമയത്തിനുള്ളില്‍, അതായത് 2.8 ദശലക്ഷം വര്‍ഷത്തില്‍ താഴെ മാത്രം നഷ്ടപ്പെടുന്ന സാഹചര്യമായാണ്.
വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക്ക് ഉണ്ടാവുന്ന മാറ്റാനാവാത്ത നാശനഷ്ടങ്ങളും കാരണം അഗ്നിപര്‍വ്വതങ്ങള്‍, സുനാമി തുടങ്ങി പല വലിയ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഭൂമിയില്‍ ഈ ദശകത്തില്‍ ഉണ്ടായേക്കുമെന്ന് പല വിദഗ്ധരും വര്‍ഷങ്ങളായി ഊഹിക്കുന്നുണ്ട്
ഭൂമിയില്‍ മനുഷ്യരുണ്ടായിട്ട് വെറും 200,000 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ, എന്നിട്ടും ഈ ഗ്രഹത്തില്‍ നമ്മുടെ സ്വാധീനം വളരെ വലുതാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഭൂമിയുടെ ചരിത്രത്തിലെ നമ്മുടെ കാലഘട്ടത്തെ 'ആന്ത്രോപോസീന്‍' അഥവാ മനുഷ്യരുടെ യുഗം. എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നു-നമ്മള് ഇപ്പോള്‍ വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് ചുറ്റുമുള്ള പ്രകൃതിക്ക് കനത്ത ആഘാതം സൃഷ്ടിച്ചു. വ്യവസായം, കൃഷി, ഫോസില്‍ ഇന്ധന ഉപയോഗം എന്നിവ കാരണം വായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. അതേസമയം, മറ്റ് രാസചക്രങ്ങളുടെ തടസ്സം കടലുകളും നദികളും നിര്‍ജ്ജീവ മേഖലകളാക്കി മാറ്റുന്നു. കാലാവസ്ഥാ വ്യതിയാനം ഇതിനകം നമുക്ക് ചുറ്റുമുള്ള ലോകത്തെ ബാധിക്കുന്നു. ആഗോളതാപനം ഹിമാനികള്‍ ഉരുകുന്നതിനും സമുദ്രനിരപ്പ് ഉയരുന്നതിനും ജീവജാലങ്ങളുടെ വംശനാശത്തിനും വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റ് തുടങ്ങിയ ഗുരുതരമായ കാലാവസ്ഥാ സംഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക്ക് ഉണ്ടാവുന്ന മാറ്റാനാവാത്ത നാശനഷ്ടങ്ങളും കാരണം അഗ്നിപര്‍വ്വതങ്ങള്‍, സുനാമി തുടങ്ങി പല വലിയ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഭൂമിയില്‍ ഈ ദശകത്തില്‍ ഉണ്ടായേക്കുമെന്ന് പല വിദഗ്ധരും വര്‍ഷങ്ങളായി ഊഹിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ വലിയ തോതിലുള്ള ഒരു വംശനാശം ഭൂമിയെ കാത്തിരിക്കുന്നുവെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു. നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങളുടെ എണ്ണം അതിവേഗം തുടച്ചുമാറ്റപ്പെട്ടേക്കാവുന്ന ഈ വംശനാശത്തിനു കാരണമായി മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെയാണ് ഗവേഷണം കുറ്റപ്പെടുത്തുന്നത്.
20 ലക്ഷം ജീവജാലങ്ങള്‍ ഒരുകാലത്ത് ഭൂമിയില്‍ ഉണ്ടായിരുന്നു. ജീവജാലങ്ങളില്‍ എഡി 1500 മുതല്‍ ഇന്നുവരെ 7.3 മുതല്‍ 13 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ഇതുവഴി ഏതാണ്ട് 1.50 ലക്ഷം മുതല്‍ 2.60 ലക്ഷം വരെ ജീവജാലങ്ങള്‍ ഇല്ലാതായെന്നാണ് കണക്ക്. കഴിഞ്ഞ 500 വര്‍ഷത്തിനിടെ 1,50,000 മുതല്‍ 2,60,000 വരെ സ്പീഷീസുകള്‍ക്ക് വംശനാശം സംഭവിച്ചതായി പഠനം പറയുന്നു. ഗ്രഹത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ ശാസ്ത്ര സമൂഹത്തോട് ഐക്യപ്പെടാനും പ്രവര്‍ത്തിക്കാനും ഗവേഷകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഇപ്പോഴത്തെ വംശനാശം ഒരു പുതിയ പ്രതിഭാസമല്ലെന്നും പതിനാറാം നൂറ്റാണ്ട് മുതല്‍ ഇത് തുടരുകയാണെന്നും ഗവേഷകര്‍ പറയുന്നു. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അല്ലെങ്കില്‍ ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റില്‍ ചില ഗവേഷകര്‍ അവതരിപ്പിച്ച വീക്ഷണങ്ങളെ എതിര്‍ക്കുന്നതായിരുന്നു ബയോളജിക്കല്‍ റിവ്യൂസില്‍ പ്രസിദ്ധീകരിച്ച ഈ പഠനം. ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റ് പക്ഷപാതപരമാണെന്ന് ഗവേഷണ സംഘത്തിന്റെ തലവന്‍ റോബര്‍ട്ട് കൗവി പറയുന്നു. നട്ടെല്ലില്ലാത്ത ജീവിവര്‍ഗങ്ങളുടെ വംശനാശത്തെപ്പറ്റി ആ റെഡ് ലിസ്റ്റില്‍ ഒന്നും തന്നെയില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചേക്കാവുന്ന ഈ വന്‍തോതിലുള്ള വംശനാശത്തിന്റെ മൂലകാരണം മനുഷ്യര്‍ തന്നെയാണെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ജൈവമണ്ഡലത്തെ വലിയ തോതില്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരേയൊരു ജീവി മനുഷ്യനാണ്. ബാഹ്യസ്വാധീനങ്ങള്‍ക്കു മുന്നില്‍ പരിണമിക്കുന്ന മറ്റൊരു ജീവി മാത്രമല്ല നമ്മള്. നേരെമറിച്ച്, നമ്മുടെ ഭാവിയെക്കുറിച്ചും ഭൂമിയുടെ ജൈവവൈവിധ്യത്തെക്കുറിച്ചും ബോധപൂര്‍വമായ തിരഞ്ഞെടുപ്പ് ഉള്ള ഒരേയൊരു ഇനവും മനുഷ്യര്‍ മാത്രമാണ്-റോബര്‍ട്ട് കൗവി അഭിപ്രായപ്പെടുന്നു.
അടുത്ത ഏതാനും ദശകങ്ങളില്‍ മാത്രം, കുറഞ്ഞത് 1 ദശലക്ഷം സ്പീഷീസുകളെങ്കിലും നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്
45,000 മുതല്‍ 200,000 വര്‍ഷങ്ങള്‍ക്കിടെ, ആഫ്രിക്കയില്‍ നിന്ന് ആധുനിക മനുഷ്യര്‍ വികസിച്ചതു മുതല്‍ എല്ലാ നരവംശ വംശനാശങ്ങളും ഉള്‍പ്പെടുന്നതാണ് ജൈവവൈവിധ്യത്തിനുണ്ടായിരിക്കുന്ന ഈ പ്രതിസന്ധി. എന്നാല്‍ വംശനാശ നിരക്ക് ഇപ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. 1970 മുതല്‍ വന്യമൃഗങ്ങളുടെ ജനസംഖ്യ പകുതിയിലധികം കുറഞ്ഞു, അതേസമയം മനുഷ്യ ജനസംഖ്യ ഇരട്ടിയായി. ദ്വീപുകളിലെ വംശനാശത്തിന്റെ തോത് വിശകലനം ചെയ്യുമ്പോള്‍ പ്രതിസന്ധി വളരെ വ്യക്തമായി വെളിപ്പെടുന്നു. ഹവായിയന്‍ ദ്വീപുകള്‍, ഫ്രഞ്ച് പോളിനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍, ജീവജാലങ്ങളുടെ നഷ്ടം കൂടുതല്‍ രൂക്ഷമാണ്. ഉദാഹരണത്തിന്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ കോളനിവല്‍ക്കരണം ആരംഭിച്ചതിന് ശേഷം പസഫിക് ദ്വീപുകളില്‍ രണ്ടായിരത്തോളം തലം പക്ഷിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. ഇത് ലോകമെമ്പാടുമുള്ള പക്ഷി ജന്തുജാലങ്ങളുടെ ഏതാണ്ട് ആറിലൊന്നിനു തുല്യമാണ്. അടുത്ത ഏതാനും ദശകങ്ങളില്‍ മാത്രം, കുറഞ്ഞത് 1 ദശലക്ഷം സ്പീഷീസുകളെങ്കിലും നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
കൂട്ട വംശനാശത്തില്‍ നിന്ന് നാമെന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടത്?
ഭക്ഷ്യസുരക്ഷ: ലോകത്തിലെ ഭക്ഷണ വിതരണത്തിന്റെ മൂന്നിലൊന്ന് തേനീച്ചകളെപ്പോലുള്ള ജീവികളെ ആശ്രയിച്ചിരിക്കുന്നു. അവ നശിച്ചാല്‍ കാര്‍ഷിക വിളവ് കുത്തനെ ഇടിഞ്ഞേക്കാം. വേട്ടക്കാര്‍ കൊഴിഞ്ഞുപോകുന്നതിനാല്‍ ചില വിളകളുടെ കീടങ്ങള്‍ തഴച്ചുവളര്ന്നേക്കാം, ഇത് ഏകവിള മാത്രമുള്ള കൃഷികളുടെ വിളവെടുപ്പിനെ കൂടുതല്‍ ബാധിക്കും.
മണ്ണിന്റെ ഫലഭൂയിഷ്ഠത: ഗുരുതരമായ സൂക്ഷ്മാണുക്കള്‍ നശിച്ചാല്‍ മണ്ണിന്റെ ഗുണനിലവാരം മോശമാകും. ജലക്ഷാമവും പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കൂടും. പ്രതിരോധശേഷി നഷ്ടപ്പെടും. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനപരമായ നഷ്ടം സംഭവിക്കും.
ഇച്ഛാശക്തിയുടെ അഭാവം
ഈ പ്രതിസന്ധിയുടെ ഗൗരവത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും, പരിഹാരങ്ങള്‍ നിലവിലുണ്ടെങ്കിലും, തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെങ്കിലും, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം വ്യക്തമാണ്. പ്രതിസന്ധിയെ നിരാകരിക്കുക, പ്രതികരിക്കാതെ സ്വീകരിക്കുക, അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുക...ഈ മനോഭാവം മനുഷ്യരാശിയുടെ പൊതു ഉത്തരവാദിത്തത്തെ ഇല്ലാതാക്കുകയും ആറാമത്തെ കൂട്ട വംശനാശത്തിലേക്കു വഴിയൊരുക്കുകയും ചെയ്യുന്നു-റോബര്‍ട്ട് കൗവിയുടെ വാക്കുകളാണ്.
ഭൂമിയില്‍ വന്‍തോതില്‍ വംശനാശം സംഭവിക്കുന്ന ഇതു പോലെ ഒരു സംഭവത്തിന് സമീപകാലത്ത് സാധ്യതയില്ലെന്ന് പല ശാസ്ത്രജ്ഞരും അവകാശപ്പെടുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള കാട്ടുതീ, വെള്ളപ്പൊക്കം, സുനാമി എന്നിവ, ഭൂമി ഒരു വലിയ ജൈവവൈവിധ്യ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് മറ്റൊരു കൂട്ടര് വിശ്വസിക്കുന്നു.