
ചോദ്യങ്ങളിലൂടെ വളര്‍ന്നു വലുതായ ശാസ്ത്രം, ആ ചോദ്യങ്ങള്‍ ഇവയായിരുന്നു
മറ്റ് ചോദ്യങ്ങളും ശാസ്ത്രീയ ചോദ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?
പുതിയ കാര്യങ്ങള്‍ അറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത ജിജ്ഞാസയുടെ ഫലമാണ് എല്ലാ ശാസ്ത്ര ഗവേഷണങ്ങളും. നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ കുറിച്ച് ലോകത്തെല്ലാവര്‍ക്കും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടാകും. പ്രപഞ്ചത്തിന്റെ ചലനങ്ങളും പ്രതിഭാസങ്ങളും സംബന്ധിച്ച ആ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഏറ്റവും മികച്ച വഴി ശാസ്ത്രം തന്നെയാണെന്നതില്‍ ഒരു സംശയവും ഇല്ല. ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രീയ രീതി (scientific method) എന്നൊരു പ്രക്രിയയുണ്ട്. നിരീക്ഷണങ്ങള്‍, കണ്ടെത്തലുകള്‍, അനുമാനങ്ങള്‍, കൂടുതല്‍ നിരീക്ഷണങ്ങളിലേക്ക് നയിക്കുന്ന പ്രവചനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള അന്വേഷണങ്ങളുടെ ചാക്രിക പ്രക്രിയയെന്ന് അതിനെ വിളിക്കാം.
അധ്യാപന മേഖലയില്‍ പ്രബലമായ ശാസ്ത്ര വസ്തുതകളെയാണ് മിക്കപ്പോഴും അധ്യാപകര്‍ കൂട്ടുപിടിക്കാറ്. വസ്തുതകളുടെയും ശാസ്ത്രപദങ്ങളുടെയും ഒരു വലിയ പട്ടിക തന്നെ ഓര്‍ത്തുവെക്കാന്‍ അവര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടാറുണ്ട്. പക്ഷേ ഈയൊരു പ്രക്രിയയില്‍ ചിലപ്പോഴൊക്കെ ശാസ്ത്രീയ അന്വേഷണങ്ങളോടുള്ള സര്‍ഗാത്മക വാസന നഷ്ടമാകാറുണ്ട്. യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യുന്ന പ്രക്രിയ എന്ന രീതിയില്‍ ശാസ്ത്രത്തെ അവതരിപ്പിക്കുന്ന വിദ്യാഭ്യാസ മാതൃകകള്‍ ആണ് നമുക്കാവശ്യം. അങ്ങനെ വരുമ്പോള്‍ ശാസ്ത്ര വിഷയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ വ്യാപ്തിയുള്ള ഒന്നായി മാറും. ജിജ്ഞാസയോടെ നാം സമീപിക്കുന്ന ഒരു പ്രക്രിയയെന്ന് അപ്പോള്‍ നമുക്ക് ശാസ്ത്രത്തെ വിശേഷിപ്പിക്കാനാകും. പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് ശാസ്ത്രജ്ഞരെ നയിക്കുന്ന ശാസ്ത്രീയമായ ചോദ്യങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.
മറ്റ് ചോദ്യങ്ങളും ശാസ്ത്രീയ ചോദ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?
ശാസ്ത്രീയമായ ചോദ്യങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. പല പ്രധാനപ്പെട്ട ചോദ്യങ്ങളും ശാസ്ത്രത്തിന് പുറത്ത് നിന്നുള്ളവയാണ്. ഉദാഹരണത്തിന് ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്, ദൈവമുണ്ടോ, നിങ്ങള്‍ ആരെ വിവാഹം ചെയ്യണം തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്കാന് ശാസ്ത്രത്തിന് കഴിയില്ല. വീണ്ടും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്ന നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഉത്തരം പറയാന്‍ സാധിക്കുന്ന ചോദ്യങ്ങള്‍ മാത്രമേ ശാസ്ത്രം പരിഗണിക്കുന്നുള്ളു. എന്നിരുന്നാലും ശാസ്ത്രീയമല്ലാത്ത ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ശാസ്ത്രത്തിന്റെ സഹായത്തോടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ.
നാല് തരം ശാസ്ത്രീയ ചോദ്യങ്ങള്‍
നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ പോലെ തന്നെ വൈവിധ്യാത്മകമാണ് ശാസ്ത്രീയ അന്വേഷണങ്ങളും. ശാസ്ത്രീയ അന്വേഷണങ്ങളിലേക്ക് നയിക്കുന്ന ചോദ്യങ്ങളെ പലതായി തരം തിരിക്കാനാകും. ഇതില്‍ ആദ്യത്തേത്ത് നിലനില്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. പ്രകൃതിയില്‍ നടക്കുന്ന പ്രതിഭാസങ്ങളെയും പ്രകൃതിയില്‍ നിലനില്‍ക്കുന്ന വസ്തുക്കളെയും സംബന്ധിച്ച ചോദ്യങ്ങളാണവ. ഭൂമിയിലുള്ള നാനാവിധ സസ്യങ്ങള്‍, ജീവജാലങ്ങള്‍, ധാതുക്കള്‍, വിവിധ ആകാശഗംഗകള്‍, നക്ഷത്രങ്ങള്‍, രാസ മൂലകങ്ങള്‍ അവയെ പട്ടികപ്പെടുത്തിയ ആവര്‍ത്തനപ്പട്ടിക, പലതരം അസുഖങ്ങള്‍ അവയെ സുഖപ്പെടുത്തേണ്ട രീതികള്‍ തുടങ്ങി നിലനില്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഫലമായി നൂറ്റാണ്ടുകള്‍ക്കിടെ ലോകത്തുണ്ടായ കണ്ടുപിടിത്തങ്ങള്‍ അനവധിയാണ്. ഇപ്പോഴും നിലനില്‍പ്പുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രജ്ഞര്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ചില ചോദ്യങ്ങള്‍ നമുക്ക് ഇപ്പോള്‍ ശാസ്ത്രീയമായി തോന്നില്ലെങ്കിലും കുറേ കാലം കഴിയുമ്പോള്‍ അവ ശാസ്ത്രീയമായി മാറാം. ഉദാഹരണത്തിന് 1900ത്തില്‍ എഡ്വിന് ഹബിള്‍ ആകാശഗംഗകളെ കണ്ടുപിടിക്കുന്നതിന് മുമ്പ് പ്രപഞ്ചോല്പ്പത്തിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ അപ്രസക്തങ്ങളായിരുന്നു
ശാസ്ത്രീയമായ ചോദ്യങ്ങളെ രണ്ടാമതായി ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെന്ന് തരം തിരിക്കാം. പ്രകൃതിയില്‍ നാം കാണുന്നതും അല്ലാത്തതുമായ വസ്തുക്കളും പ്രതിഭാസങ്ങളും എങ്ങനെ ഉണ്ടായി എന്ന ചോദ്യങ്ങളാണിവ. ഉത്തരങ്ങള്‍ക്കായി ഏവരും ഉറ്റുനോക്കുന്ന ചോദ്യങ്ങളാണിവ. പ്രപഞ്ചോല്‍പ്പത്തി, ഭൂമിയുടെ ഉല്‍പ്പത്തി, ജീവന്റെ ഉല്‍പ്പത്തി തുടങ്ങിയവയെല്ലാം ശാസ്ത്രത്തിലെ ഏറ്റവും ആവേശമുണര്‍ത്തുന്ന നിഗൂഢതകളില്‍ ചിലതാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്ന സംഭവങ്ങളുമായി ചേര്‍ത്ത് വിശദീകരിക്കപ്പെടേണ്ടവയാണ്. അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ സമകാലികമായ തെളിവുകള്‍, പ്രകൃതി നിയമങ്ങളോടുള്ള യോജിപ്പ് എന്നിവയെല്ലാം ആവശ്യമായി വരും. ഒരു കഥയായി, ചരിത്ര കഥയായി ആണ് പലപ്പോഴും ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അവതരിപ്പിക്കപ്പെടാറ്. നിലനില്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത്.
നാലാമത്തെ വിഭാഗത്തിലുള്ള ശാസ്ത്രീയ ചോദ്യങ്ങള്‍ നമുക്ക് ചുറ്റുമുള്ള ഭൗതിക ലോകത്തെ നമ്മുടെ നേട്ടങ്ങള്‍ക്കായി പരിഷ്കരിക്കുന്നതിനുള്ള വഴികള്‍ അന്വേഷിക്കുന്നു
പ്രകൃതിയുടെ പ്രവര്‍ത്തന രീതിയെ കുറിച്ചുള്ള ചോദ്യങ്ങളാണ് വിവിധതരം ശാസ്ത്രീയ ചോദ്യങ്ങളില്‍ അടുത്തത്. നക്ഷത്രങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത്, പാറകള്‍ എങ്ങനെ ഉണ്ടാകുന്നു, കാന്‍സര്‍ രൂപപ്പെടുന്നത് എങ്ങനെയാണ്, ആറ്റങ്ങള്‍ എങ്ങനെയാണ് പരസ്പരം ഇടപെടുന്നത്, ഫംഗസിന്റെ പ്രത്യുല്‍പ്പാദന രീതി എങ്ങനെയാണ് തുടങ്ങി നമുക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള പ്രക്രിയകളെ കുറിച്ചുള്ള ചോദ്യങ്ങളാണിവ. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലൂടെയാണ് നാം നമ്മുടെ ചുറ്റുപാടുകളെ മനസിലാക്കുന്നത്. മാത്രമല്ല, നമ്മുടെ ഭൂതകാലത്തെ കുറിച്ചും വര്‍ത്തമാന കാലത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഉള്‍ക്കാഴ്ച ലഭിക്കുന്നത് അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെയാണ്.
നാലാമത്തെ വിഭാഗത്തിലുള്ള ശാസ്ത്രീയ ചോദ്യങ്ങള്‍ നമുക്ക് ചുറ്റുമുള്ള ഭൗതിക ലോകത്തെ നമ്മുടെ നേട്ടങ്ങള്‍ക്കായി പരിഷ്കരിക്കുന്നതിനുള്ള വഴികള്‍ അന്വേഷിക്കുന്നു. ഉദാഹരണത്തിന് അസുഖങ്ങള്‍ സുഖപ്പെടുത്തുന്നതിനുള്ള വഴികള്‍, ഉപയോഗപ്രദമായ സാധനങ്ങള്‍ നിര്‍മ്മിക്കല്‍, പരിസ്ഥിതിയില്‍ മാറ്റം വരുത്തല്‍ തുടങ്ങി പല രീതിയില്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ അറിവുകള്‍ പല മേഖലകളിലും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തരം ചോദ്യങ്ങള്‍ വളരെ കൃത്യമായിരിക്കും. മാത്രമല്ല, അവ സാങ്കേതികതയിലൂന്നിയവയാണ്. കൂടുതല്‍ സുരക്ഷിതമായ കാറുകള്‍, സംശുദ്ധ ഊര്‍ജ്ജം, ചിലവ് കുറഞ്ഞ ഭക്ഷണം തുടങ്ങി മനുഷ്യന് കൂടുതല്‍ കാലം സൗഖ്യത്തോടെ ജീവിക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ക്കാണ് ഇത്തരം ചോദ്യങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.
ഈ നാല് തരം ശാസ്ത്രീയ ചോദ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു രോഗം ഭേദമാക്കുന്നതിന് ആ രോഗത്തിന് കാരണമായ രോഗാണുവിനെ കുറിച്ചും അതിന്റെ സ്വഭാവരീതികളെ കുറിച്ചും അറിയണം. അംബരചുംബികളായ കെട്ടിടങ്ങള്‍ പണിയണമെങ്കില്‍ അതിന് വേണ്ട അസംസ്കൃത വസ്തുക്കളുടെ സ്വഭാവരീതികള്‍ അറിയണം. ഇത്തരത്തില്‍ എല്ലാ തരം ശാസ്ത്രീയ ചോദ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശാസ്ത്രീയ ചോദ്യങ്ങളെ സംബന്ധിച്ചുള്ള മറ്റൊരു സവിശേഷ വസ്തുത എന്തെന്നാല്‍ ശാസ്ത്രീയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പലപ്പോഴും പുതിയ ചോദ്യങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ്. ശാസ്ത്രവിഷയങ്ങളിലുള്ള നമ്മുടെ അറിവുകള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് നമുക്ക് അറിയാത്ത കാര്യങ്ങള്‍ ഏറെയുണ്ടെന്ന് നാം മനസിലാക്കുന്നു. ഓരോ പുതിയ കണ്ടുപിടിത്തങ്ങളും അനേകം ഗവേഷണ വിഷയങ്ങള്‍ക്കുള്ള വാതിലുകള്‍ തുറന്നിടുന്നു. നിലനില്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്കും പ്രക്രിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്കും വഴി തുറക്കുന്നു. ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ശാസ്ത്രത്തിന്റെ പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകത്തെ കുറിച്ചുള്ള നമ്മുടെ അറിവുകള്‍ ഏകീകരിക്കുന്നതിന് കാരണമാകും.
ചില ചോദ്യങ്ങള്‍ നമുക്ക് ഇപ്പോള്‍ ശാസ്ത്രീയമായി തോന്നില്ലെങ്കിലും കുറേ കാലം കഴിയുമ്പോള്‍ അവ ശാസ്ത്രീയമായി മാറാം. ഉദാഹരണത്തിന് 1900ത്തില്‍ എഡ്വിന് ഹബിള്‍ ആകാശഗംഗകളെ കണ്ടുപിടിക്കുന്നതിന് മുമ്പ് പ്രപഞ്ചോല്പ്പത്തിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ അപ്രസക്തങ്ങളായിരുന്നു. പക്ഷെ വലിയ ടെലസ്കോപ്പുകളുടെ കണ്ടുപിടിത്തത്തോടെ സ്ഥിതിഗതികള്‍ മാറി. അതുപോലെ ഇപ്പോള്‍ നമുക്ക് ശാസ്ത്രീയമല്ലെന്ന് തോന്നുന്ന, ഉദാഹരണത്തിന് മനസ്, ബോധം പോലുള്ള കാര്യങ്ങള്‍ ഒരു നൂറ്റാണ്ടിന് ശേഷം വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ശാസ്ത്രീയ അടിത്തറയുള്ള വിഷയങ്ങളായി മാറാം.
ശാസ്ത്രീയ ചോദ്യങ്ങളെ സംബന്ധിച്ച ഏറ്റവും സവിശേഷമായ കാര്യമെന്തെന്നാല്‍ ഒരു ശാസ്ത്രീയ ചോദ്യത്തിനും പൂര്‍ണ്ണമായി ഉത്തരം കണ്ടെത്തുക സാധ്യമല്ലെന്നുള്ളതാണ്. പരീക്ഷണങ്ങള്‍ക്കിടയിലെ ചെറിയ പിശകുകള്‍, ആറ്റോമിക തലത്തില്‍ വസ്തുക്കള്‍ കാണിക്കുന്ന അസ്ഥിരത, കാലാന്തരത്തില്‍ അസാധാരണ പെരുമാറ്റം പ്രകടിപ്പിക്കുന്ന വസ്തുക്കള്‍, സംവിധാനങ്ങള്‍, പ്രകാശത്തിന്റെ വേഗത തുടങ്ങി പല ഘടകങ്ങളും ശാസ്ത്രീയമായ ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണമായ ഉത്തരം കണ്ടെത്തുന്നതിന് തടസങ്ങളാണ്. എങ്കിലും ഇത്തരം പരിമിതികള്‍ക്കിടയിലും ശാസ്ത്രജ്ഞര്‍ വളരെ വലിയ കണ്ടെത്തലുകള്‍ നടത്തി. പ്രപഞ്ചത്തെ കുറിച്ചും നമ്മുടെ നിലനില്‍പ്പിനെ കുറിച്ചും, ദൂരയുള്ള ആകാശഗംഗകളെ കുറിച്ചും വരെ നിര്‍ണ്ണായകമായ പലതും കണ്ടെത്തി. പ്രകൃതി നിയമങ്ങള്‍ കണ്ടെത്തി. ഇപ്പോഴും ആ കണ്ടെത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ തത്വങ്ങളും നിയമങ്ങളും കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ അവലംബിക്കുന്ന കൃത്യമായ വ്യവസ്ഥയോട് കൂടിയ പ്രക്രിയയെ ശാസ്ത്രീയ രീതി എന്നാണ് വിളിക്കുന്നത്.