എന്തുകൊണ്ട് സയന്‍സ് മാതൃഭാഷയില്‍ പഠിപ്പിക്കണം....
തദ്ദേശീയ ഭാഷകളില്‍ സയന്‍സ് വിദ്യാഭ്യാസവും അറിവും പകര്‍ന്ന് നല്‍കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സയന്‍സ് ഇന്‍ഡിക്കയുടെ ദൗത്യവും അതുതന്നെയാണ്
Science is not democratic, it is an elitist activity...ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞതാണ്. അതായത് സയന്‍സ് അത്ര ജനാധിപത്യപരമൊന്നുമല്ല, അതുകൊണ്ട് എല്ലാവരും പഠിക്കേണ്ടതില്ല, വരേണ്യര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന്. പരമ്പരാഗത രീതിയില്‍ ബുദ്ധി കൂടിയവര്‍ പഠിച്ചാല്‍ മതിയെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ അത് മതിയോ. എല്ലാ മനുഷ്യരെയും ഒരു പോലെ ബാധിക്കുന്ന സയന്‍സ് എല്ലാവരും മനസിലാക്കേണ്ടേ? അതില്‍ എല്ലാവരുടെയും പങ്കാളിത്തം വേണ്ടേ? വേണം, പക്ഷേ, അതിനൊരു പ്രധാന പ്രതിബന്ധമായി നില്‍ക്കുന്നത് ഭാഷ തന്നെയാണ്.
സയന്‍സ് വിദ്യാഭ്യാസം മാതൃഭാഷയിലാക്കിയാല്‍ സങ്കീര്‍ണമെന്ന് പറയുന്ന ഈ വിഷയം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടും. കാര്യങ്ങളെ ശാസ്ത്രാഭിരുചിയോട് കൂടി സമീപിക്കുന്ന ഒരു തലമുറ വളര്‍ന്നുവരികയും ചെയ്യും. തദ്ദേശീയ ഭാഷകളില്‍ സയന്‍സ് വിദ്യാഭ്യാസവും അറിവും പകര്‍ന്ന് നല്‍കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സയന്‍സ് ഇന്‍ഡിക്കയുടെ ദൗത്യവും അതുതന്നെയാണ്
ഇപ്പോഴൊന്നുമല്ല, കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമൊന്നും പൂട്ടിയിടാത്ത കാലത്തെ ഒരു സ്‌കൂള്‍ സന്ദര്‍ശനം. മലപ്പുറം ജില്ലയിലെ ഒരു സാധാരണ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് രംഗം. ആറാം ക്ലാസുകാര്‍ക്കോ ഏഴാം ക്ലാസുകാര്‍ക്കോ ആണെന്നു തോന്നുന്നു ടീച്ചര്‍ ക്ലാസെടുക്കുന്നത്. ഇംഗ്ലീഷില്‍ അതിഗംഭീരവായനയാണ്. ഒരു വരി തെറ്റാതെ ടീച്ചര്‍ വായിച്ചുപോകുന്നുണ്ട്.
ടീച്ചര്‍ക്ക് നല്ല ആവേശമുണ്ട്. എന്നാല്‍ കുട്ടികളുടെ ശരീരഭാഷയില്‍ അത്ര ആവേശമൊന്നും കണ്ടില്ല. പലരുടെയും മുഖത്ത് എന്തോ കേട്ട് നോക്കിയിരിക്കും പോലുള്ളൊരു ഭാവം. പ്രകാശത്തെ കുറിച്ചോ മറ്റോ ആണ് ക്ലാസ്. സ്‌കൂള്‍ സന്ദര്‍ശന വിഷയം മറ്റൊന്നായിരുന്നെങ്കിലും ഒന്നു രണ്ടു കുട്ടികളോട് വെറുതെ അവര്‍ പഠിക്കുന്ന കാര്യത്തെ കുറിച്ചൊന്നു സംസാരിച്ചു. ടീച്ചര്‍ പഠിപ്പിച്ച പ്രകാശരശ്മികളെക്കുറിച്ചൊന്നും പറയാനില്ല ഒരാള്‍ക്ക്. ക്ലാസില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചൊരു ചുരുക്കം പറയാമോയെന്നുള്ള ചോദ്യമൊന്നും അവര്‍ക്ക് പിടിച്ചതേയില്ല. ഒരു കക്ഷിയോട് വിശദമായി കാര്യം തിരക്കി. 'ഹോ, ഇംഗ്ലീഷിലുള്ള ക്ലാസൊന്നും മനസിലാകില്ല ചേട്ടാ,' വന്ന ഉത്തരം ഇങ്ങനെയായിരുന്നു. ഇംഗ്ലീഷില്‍ സയന്‍സെന്നല്ല മിക്ക വിഷയങ്ങളും പഠിപ്പിക്കുന്നത് അങ്ങനെ മനസിലാക്കാന്‍ അവിടെയുള്ള നല്ലൊരു ശതമാനം കുട്ടികളും ശ്രമിക്കാറില്ല, അല്ലെങ്കില്‍ അവര്‍ക്ക് സാധിക്കാറില്ല.
അപ്പോള്‍ എങ്ങനെ പാസാകുമെന്ന് ചോദ്യം. ''അത് കാണാപ്പാഠം പഠിച്ചെഴുതിയാ പോരെ,'' ഒരു കക്ഷിയുടെ ഉത്തരം. പ്രാഥമിക വിദ്യാഭ്യാസം, പ്രത്യേകിച്ചും സയന്‍സ് വിദ്യാഭ്യാസം തദ്ദേശീയ ഭാഷകളിലാക്കേണ്ടതിന്റെ ചര്‍ച്ചകളെ കുറിച്ച് അപ്പോഴാണ് ഞാനോര്‍ത്തത്. സയന്‍സ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വലിയ മാര്‍ക്ക് നേടി പാസായി വരുന്ന കുട്ടികളില്‍ പലര്‍ക്കും അടിസ്ഥാനപരമായ സയന്‍സ് ആശയങ്ങളെ കുറിച്ച് ഒരു ധാരണയുമുണ്ടാകില്ല. ഓര്‍മശക്തിയില്‍ വിരുതില്ലാത്തവര്‍ പഠിക്കാന്‍ കൊള്ളാത്തവരായി പെട്ടെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. ഇതൊന്നും ഒറ്റപ്പെട്ട കേസല്ല, ഇംഗ്ലീഷ് പ്രധാന ഭാഷയല്ലാത്ത മൂന്നാം ലോക രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമെല്ലാം സംഭവിക്കുന്ന സാധാരണ കാര്യമാണ്.
സയന്‍സ് ആശയങ്ങള്‍, അതും കുട്ടികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി മലയാളത്തില്‍ തന്നെ പറഞ്ഞുകൊടുക്കുന്ന സമ്പ്രദായം നമ്മുടെ സ്‌കൂളുകളില്‍ എത്രമാത്രമുണ്ടെന്ന കണക്കെടുത്താല്‍ പരിതാപകരമാകും സ്ഥിതി.
കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ ഒന്നിലും ഒരു സൈന്റിഫിക് അപ്രോച്ച്, അല്ലെങ്കില്‍ കാര്യങ്ങളെ സമീപിക്കുന്നതില്‍ ഒരു ശാസ്ത്ര മനോഭാവം ഇല്ലാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് ഭാഷ തന്നെയാണ്.
വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം ഒരിക്കല്‍ നാഗ്പൂരിലെ ധരംപീത് സയന്‍സ് കോളെജില്‍ അവിടുത്തെ കുട്ടികളുമായി സംവദിക്കുകയായിരുന്നു. 2011ലോ മറ്റോ ആണ് സംഭവം. കൂടുതല്‍ ക്രിയാത്മകമായി എങ്ങനെ സയന്‍സ് പഠനം സാധ്യമാകും എന്നതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ''സയന്‍സുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാനും കൂടുതല്‍ ക്രിയേറ്റിവിറ്റിക്കും വേണ്ടത് ഒറ്റ കാര്യമാണ്. കുട്ടികളെ അവരുടെ മാതൃഭാഷയില്‍ തന്നെ സയന്‍സ് പഠിപ്പിക്കുക.'
ഇതുതന്നെയാണ് 2018 ജനുവരി മാസത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവര്‍ത്തിച്ചത്. അവരവരുടെ തദ്ദേശീയ ഭാഷകളിലാകണം കുട്ടികളെ സയന്‍സ് പഠിപ്പിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ രാജ്യം ഇപ്പോഴും അതില്‍ എത്രമാത്രം വിജയിക്കുന്നു എന്നത് സംശയകരമാണ്. പുതിയ ദേശീയ എജുക്കേഷന്‍ പോളിസിയെല്ലാം ആ ദിശയിലാണെന്നത് അല്‍പ്പം ആശ്വാസം പകരുന്നു എങ്കിലും അടിസ്ഥാന മാറ്റം വരേണ്ടത് മാതാപിതാക്കളുടെയും ടീച്ചര്‍മാരുടെയും ചിന്തകളിലാണ്.
“ലോക ജനസംഖ്യയിലെ 40 ശതമാനത്തിനും തങ്ങള്‍ സംസാരിക്കുന്നതോ തങ്ങള്‍ക്ക് മനസിലാകുന്നതോ ആയ ഭാഷയില്‍ വിദ്യാഭ്യാസം ലഭ്യമല്ല
ആരോണ്‍ ബെനവോട്ട്, മുന്‍ ഡയറക്റ്റര്‍, യുനെസ്‌കോ ജിഎംആര്‍
എന്താണ് പഠനങ്ങള്‍ പറയുന്നത്?
യുനെസ്‌കോയുടെ ഗ്ലോബല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട് (ജിഎംആര്‍) അഞ്ച് വര്‍ഷം മുമ്പ് ഒരു ശ്രദ്ധേയ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അന്താരാഷ്ട്ര മാതൃഭാഷാ ദിനമായ ഫെബ്രുവരി 21നായിരുന്നു അത് പുറത്തുവിട്ടത്. സ്വന്തമല്ലാത്ത മറ്റൊരു ഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് കുട്ടികളുടെ പഠനപ്രക്രിയയെ സാരമായി ബാധിക്കുമെന്നായിരുന്നു പഠനം ചൂണ്ടിക്കാട്ടിയത്.
യുനെസ്‌കോ ജിഎംആര്‍ ഡയറക്റ്ററായിരുന്ന ആരോണ്‍ ബെനവോട്ട് ഈ ലേഖകനോട് ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പറഞ്ഞതിങ്ങനെ, 'ലോക ജനസംഖ്യയിലെ 40 ശതമാനത്തിനും തങ്ങള്‍ സംസാരിക്കുന്നതോ തങ്ങള്‍ക്ക് മനസിലാകുന്നതോ ആയ ഭാഷയില്‍ വിദ്യാഭ്യാസം ലഭ്യമല്ല.
സ്ഥിരമായി സംസാരിക്കാത്ത ഒരു ഭാഷയിലുള്ള പഠനം ഒരു വിദ്യാര്‍ത്ഥിയെ പഠനത്തില്‍ പുറകോട്ട് നയിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളെ ഇത് ബാധിക്കുന്നത് വളരെ ആഴത്തിലാണ്.'
പഠന മാധ്യമമായ ഭാഷ കുട്ടികള്‍ക്ക് മനസിലാകുന്നതായാല്‍ അവരുടെ പഠനം ഏറെ മെച്ചപ്പെടുമെന്നാണ് യുനെസ്‌കോയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പല പശ്ചിമ ആഫ്രിക്കന്‍ സ്‌കൂളുകളിലും ഫ്രഞ്ചാണ് പ്രധാന ഭാഷ. അവിടുത്തെ കുട്ടികളെ സംബന്ധിച്ചിടത്തോളം അതൊരു അപരിചിത ഭാഷയാണ്. സ്വാഭാവികമായും അവരുടെ പഠനം പല തലങ്ങളില്‍ ബുദ്ധിമുട്ടേറിയതാകുന്നു-യുനെസ്‌കോയുടെ പോളിസി പേപ്പറില്‍ പറയുന്നു.
മാതൃഭാഷ നിര്‍ബന്ധം, കൂട്ടിന് മറ്റൊരു ഭാഷയുമാകാം
ദ്വിഭാഷാ പദ്ധതികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ മികച്ച നിലവാരത്തിലേക്ക് കുട്ടികള്‍ എത്തിയതായി യുനെസ്‌കോ വ്യക്തമാക്കുന്നുണ്ട്. മാതൃഭാഷയില്‍ പഠനം സാധ്യമാക്കിയതോടെ എല്ലാ വിഷയങ്ങളിലും മികച്ച സ്‌കോര്‍ നേടാന്‍ കുട്ടികള്‍ക്കാകുന്നു. ഗ്വാട്ടിമാലയിലേയും എത്യോപ്പിയലിയെയും കേസ് സ്റ്റഡികളാണ് ഇതിന് തെളിവായി ആരോണ്‍ ബെനവട്ടിനെ പോലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അല്‍പ്പം ചെലവേറിയതാണെങ്കിലും ദ്വിഭാഷ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുകയാണ് മികവുറ്റ മാര്‍ഗമെന്ന് യുനെസ്‌കോ പഠനങ്ങള്‍ പറയുന്നു. ടീച്ചര്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെങ്കിലും മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ദ്വിഭാഷ പഠന പദ്ധതിയിലൂടെ വലിയ മാറ്റം സാധ്യമാകും. അതേസമയം പഠനം മാതൃഭാഷയില്‍ ആയതുകൊണ്ടുമാത്രം കുട്ടികള്‍ക്ക് മികച്ച ശാസ്ത്ര അഭിരുചി ഉണ്ടായിക്കൊള്ളണമെന്ന് നിര്‍ബന്ധവുമില്ല. മറിച്ച് മാതൃഭാഷയില്‍ സയന്‍സ് പഠിപ്പിച്ചാല്‍ സയന്‍സില്‍ വൈദഗ്ധ്യം നേടാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.
ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഇക്കാര്യം എടുത്ത് പറയുന്നുമുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള പഠന മാധ്യമമായി അതത് സ്ഥലങ്ങളിലെ തദ്ദേശീയ ഭാഷ ഉപയോഗപ്പെടുത്തണമെന്ന ആഹ്വാനമാണ് ദേശീയ വിദ്യാഭ്യാസ നയം നല്‍കുന്നത്.
മാത്രമല്ല, സയന്‍സിന്റെ ജനാധിപത്യവല്‍ക്കരണത്തിനും ഇത്തരമൊരു മാറ്റം അനിവാര്യമാണ്. ഉന്നത ശ്രേണിയിലെന്ന് കരുതപ്പെടുന്നവരുടെ ഒരു പ്രവര്‍ത്തനം മാത്രമായി സയന്‍സ് ഒതുങ്ങിപ്പോകരുതെങ്കില്‍ മാതൃഭാഷയില്‍ ശാസ്ത്രം പഠിപ്പിക്കണമെന്നാണ് പ്രശസ്ത ശാസ്ത്രജ്ഞന്‍ സി വി രാമന്‍ ഒരിക്കല്‍ പറഞ്ഞത്. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്നതാകണം സയന്‍സ്. ഓരോ മനുഷ്യന്റെ ജീവിതവും സയന്‍സുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതവര്‍ക്ക് മനസിലാകണമെങ്കില്‍ അവര്‍ക്കറിയാവുന്ന ഭാഷയില്‍ സയന്‍സ് അവരിലേക്കെത്തണം.
കേരളത്തിലെ പ്രശ്നം
സയന്‍സ് വിദ്യാഭ്യാസം മലയാളത്തിലാണെങ്കില്‍ തന്നെയും വെല്ലുവിളികള്‍ നിരവധിയുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലയാളം മീഡിയം സ്‌കൂളുകളില്‍ സയന്‍സ് പഠിപ്പിക്കുന്നത് മലയാളത്തില്‍ തന്നെയാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഇത് ഇംഗ്ലീഷ് ഭാഷയിലും സംഭവിക്കുന്നു. എന്നാല്‍ മലയാളം മീഡിയം സ്‌കൂളുകളിലെ കുട്ടികള്‍ ഹൈയര്‍ സെക്കന്‍ഡറി തലത്തിലേക്ക് പോകുമ്പോള്‍ പൊടുന്നനെ കാര്യങ്ങള്‍ മാറുകയാണ്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും കോളെജ് തലത്തില്‍ സയന്‍സ് മലയാളത്തില്‍ പഠിപ്പിക്കുന്നില്ല. ഇത് സയന്‍സില്‍ താല്‍പ്പര്യമുള്ള കുട്ടികളെ പോലും അക്കാഡമിക് തലത്തില്‍ ബാധിക്കുന്നതായി മലയാളം മീഡിയത്തില്‍ പഠിച്ച് ഫിസിക്സ് ബിരുദം നേടിയ മധു എം ചൂണ്ടിക്കാട്ടുന്നു. സയന്‍സുമായി യാതൊരുവിധ ബന്ധവുമില്ലാത്ത മേഖലയിലാണ് അദ്ദേഹമിന്ന് ജോലി ചെയ്യുന്നത്.
സയന്‍സുമായി ബന്ധപ്പെട്ട് പ്രാഥമിക വിദ്യാഭ്യാസകാലത്ത് മലയാളത്തില്‍ പഠിക്കുന്ന ആശയങ്ങളും പദങ്ങളുമൊന്നും ഏകീകൃത സ്വഭാവമുള്ളതല്ല. അവയുടെ ഇംഗ്ലീഷ് എന്തെന്ന് കുട്ടികള്‍ക്ക് ധാരണയുമുണ്ടാകില്ല. ഉന്നത വിദ്യാഭ്യാസ തലത്തിലെത്തുമ്പോള്‍ ഇംഗ്ലീഷുമായി അതിനെ ബന്ധിപ്പിക്കാന്‍ അവര്‍ പെടാപ്പാടുപെടുന്നു. അങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശ്നങ്ങളുണ്ട്. ഇതിനെല്ലാം പുറമെ മലയാളത്തില്‍ സയന്‍സ് പഠിച്ചുവരുന്ന വിദ്യാര്‍ത്ഥിക്ക് കോളെജിലെത്തുമ്പോള്‍ ഇംഗ്ലീഷില്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന കുട്ടികളുടെ ഇടയിലുണ്ടാകുന്ന അപകര്‍ഷതാ ബോധവും കണക്കിലെടുക്കണം. മാനസികായി അത് ഒരു ഉള്‍വലിയലിനാണ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക.
സയന്‍സ് വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെയാക്കുകയും ഒപ്പം ഉന്നതവിദ്യാഭ്യാസത്തിനും മറ്റും ഉപയോഗിക്കുന്ന ഒരു ഭാഷയില്‍ കൂടി അവരെ കാര്യങ്ങള്‍ ധരിപ്പിക്കുകയുമാണ് ഉചിതം
സ്വാഭാവികമായും അവന് അല്ലെങ്കില്‍ അവള്‍ക്ക് അതുവരെ സ്റ്റേറ്റ് നല്‍കിയ സയന്‍സ് വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലാതെ പോകും. പിഎസ്സി കോച്ചിംഗിനോ മറ്റോ പോയി കുറേ ജനറല്‍ നോളജ് കാണാപ്പാഠം പഠിച്ച് ക്ലറിക്കല്‍ ജോലികളിലേക്ക് അവര്‍ ഒതുങ്ങിക്കൂടുകയും ചെയ്യും.
ഇനി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചുവരുന്ന സാധാരണ വിദ്യാര്‍ത്ഥികളുടെ കാര്യമെടുക്കുക. പത്താം ക്ലാസ് കഴിഞ്ഞുള്ള പഠനകാലയളവില്‍ പരീക്ഷയെഴുത്തും പാസാകലുമെല്ലാം നടക്കുമെങ്കിലും യഥാര്‍ത്ഥ ശാസ്ത്രാഭിരുചി പലപ്പോഴും അവര്‍ക്കുണ്ടാകുന്നില്ല. അവരുടെ മാതൃഭാഷയായ മലയാളത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കാത്തതിനാലാണത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സയന്‍സ് വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെയാക്കുകയും ഒപ്പം ഉന്നതവിദ്യാഭ്യാസത്തിനും മറ്റും ഉപയോഗിക്കുന്ന ഒരു ഭാഷയില്‍ കൂടി അവരെ കാര്യങ്ങള്‍ ധരിപ്പിക്കുകയുമാണ് ഉചിതം. യുനെസ്‌കോ പോലുള്ള സംവിധാനങ്ങള്‍ നിര്‍ദേശിക്കുന്ന പോംവഴി അതാണ്. ഇത്തരത്തില്‍ ദ്വിഭാഷ വൈദഗ്ധ്യമുള്ള ടീച്ചര്‍മാരെ വളര്‍ത്തിയെടുക്കുന്നതും അതിനുള്ള സജ്ജീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കുന്നതുമെല്ലാം വലിയ നിക്ഷേപം ആവശ്യമുള്ള കാര്യമാണെങ്കിലും ഒരു തലമുറയുടെ ഭാവി ശോഭനമാക്കാന്‍ അത് ചെയ്ത് തുടങ്ങണമെന്നാണ് വിദഗ്ധരുടെ പക്ഷം.
കുട്ടികള്‍ സംസാരിക്കുന്ന ഭാഷയില്‍ തന്നെ, കേവലം തിയറികള്‍ക്കപ്പുറം പ്രായോഗികതലത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി സയന്‍സ് പഠിപ്പിക്കുന്ന സ്‌കൂളുകളിലേക്കാകണം നമ്മുടെ പരിവര്‍ത്തനം
മറ്റൊരു പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത് ഉന്നത വിദ്യാഭ്യാസവും മലയാളത്തില്‍ തന്നെയാക്കുക എന്നതാണ്. അതായത് സയന്‍സ് വിഷയങ്ങളിലുള്ള ബിരുദ, ബിരുദാനന്തര പഠനങ്ങളും മലയാളം മാധ്യമത്തില്‍ തന്നെയാക്കുക എന്നത്. നിലവിലെ നമ്മുടെ വിദ്യാഭ്യാസ ആവാസവ്യവസ്ഥയില്‍ ഏറെ ശ്രമകരമായ ദൗത്യമായിരിക്കുമത്. വലിയ പൊളിച്ചടുക്കലുകള്‍ തന്നെ വേണ്ടിവരും.
കുട്ടികള്‍ സംസാരിക്കുന്ന ഭാഷയില്‍ തന്നെ, കേവലം തിയറികള്‍ക്കപ്പുറം പ്രായോഗികതലത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി സയന്‍സ് പഠിപ്പിക്കുന്ന സ്‌കൂളുകളിലേക്കാകണം നമ്മുടെ പരിവര്‍ത്തനം. സ്വന്തം ഭാഷയില്‍ അറിവ് നേടുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുകയും ആത്മവിശ്വാസമുള്ളവരായി തീരുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കാരണം മാതൃഭാഷ ഓരോ വ്യക്തിയുടെയും സ്വത്വബോധവുമായി ബന്ധപ്പെട്ടതു കൂടിയാണ്.
മലയാളത്തിൽ സയൻസ് പഠിക്കണം എന്ന് സ്‌കൂൾ തലത്തിൽ ഏറെ ആഗ്രഹിച്ചിരുന്നു...ഇപ്പോൾ സയൻസ് ഇൻഡിക അത്തരമൊരു ദൗത്യം മുന്നോട്ട് വയ്ക്കുന്നതിൽ ഏറെ സന്തോഷം... All the best Storiyoh and Science Indica
മലയാളത്തില്‍ പറഞ്ഞാല്‍ സയന്‍സ് വളരെ സിമ്പിളാണ്