Dec 15, 2021 • 14M

രാത്രി തന്നെ ഉറങ്ങുന്നതെന്തിന്, പകല്‍ ഉറങ്ങിയാലും പോരെ? പോര...

രാത്രി തന്നെ ഉറങ്ങുന്നതെന്തിന്, പകല്‍ ഉറങ്ങിയാലും പോരെ. പലരും സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്. ഇതിന് ശാസ്ത്രം പറയുന്ന ഉത്തരം പോര എന്നുതന്നെയാണ്

4
3
 
1.0×
0:00
-14:24
Open in playerListen on);
Episode details
3 comments

Summary

രാത്രി തന്നെ ഉറങ്ങുന്നതെന്തിന്, പകല്‍ ഉറങ്ങിയാലും പോരെ. പലരും സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്. ഇതിന് ശാസ്ത്രം പറയുന്ന ഉത്തരം പോര എന്നുതന്നെയാണ്. രാവിലെ നേരത്തെ എഴുന്നേല്‍കുമ്പോള്‍ ജീവിതത്തിന്റെ ദിശ തന്നെ മാറുന്ന തലത്തിലേക്ക് ഉയരാന്‍ സാധിക്കും


നീതു പണ്ട് ഒരു ഉറക്കവിരോധിയായിരുന്നു. ഉറക്കത്തെ വെറുക്കുന്ന മനുഷ്യരോ. കണ്ണുകളെ മയക്കിയെടുത്ത് നമ്മെ സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഉറക്കത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. പക്ഷേ ചെറുപ്പകാലം മുതല്‍ക്കേ ഉറക്കവും നീതുവും വലിയ ചങ്ങാത്തത്തിലല്ല. കുഞ്ഞായിരിക്കുമ്പോള്‍ ഇരുട്ടിനോടുള്ള അകാരണമായ ഭയമായിരുന്നു നീതുവിനെ ഉറക്കത്തില്‍ നിന്നകറ്റിയത്. രാത്രി ഒന്ന്, രണ്ട് മണി വരെയെങ്കിലും ലൈറ്റുമിട്ട് നീതു ഉണര്‍ന്നിരിക്കും. പുസ്തകങ്ങളായിരുന്നു ഉറങ്ങുവോളം നീതുവിന് കൂട്ടിരിക്കുക. അക്ഷരങ്ങള്‍ താരാട്ട് പാടുമ്പോള്‍ പുസ്തകത്തെയും കെട്ടിപ്പിടിച്ച് അവള്‍ ഉറങ്ങും. കാലം പോകെ പുസതകങ്ങള്‍ ലാപ്ടോപ്പിനും സ്മാര്‍ട്ട്‌ഫോണിനും വഴിമാറി. ഇവയുടെ നീലവെളിച്ചത്തില്‍ രാത്രിയുടെ യാമങ്ങള്‍ കടന്നുപോകുന്നത് അവളറിയില്ല.

കണ്ണുകള്‍ വേദനിക്കുമ്പോഴാണ് സൈബര്‍ലോകത്തെ കറക്കം മതിയാക്കി അവള്‍ ഉറങ്ങാന്‍ കിടക്കുക. ഉറങ്ങാന്‍ കിടക്കുകയെന്ന് പറയുക തന്നെയാണ് ഉചിതം. ഉറങ്ങണമെന്ന് അതിയായി ആഗ്രഹിച്ച് കണ്ണുകള്‍ മുറുക്കിയടച്ചാലും ഉറക്കം വരില്ല. ആഗ്രഹിക്കുമ്പോള്‍ ഉറങ്ങാന്‍ കഴിയാത്തതിനേക്കാള്‍ വലിയ ടെന്‍ഷന്‍ വേറെ ഇല്ലെന്നാണ് അവള്‍ പറയുക. ഉറക്കം വരുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ട് സങ്കടപ്പെട്ട് എപ്പോഴാണ് ഉറങ്ങുന്നതെന്ന് നീതൂന് പോലും അറിയില്ല. ശരിയായി ഉറങ്ങാത്തതിന്റെ ക്ഷീണം കാരണം എഴുന്നേല്‍ക്കുന്നത് എട്ട്, ഒമ്പത് മണിക്കാണ്. ജോലി ഇല്ലാത്ത ദിവസമാണെങ്കിലോ പത്ത് കഴിയാതെ നീതൂന്റെ തല പൊങ്ങില്ല. തന്റെ ഈ പോക്ക് ശരിയല്ലെന്നും ഉറക്കത്തിന്റെ ടൈംടേബിള്‍ മാറ്റിയെഴുതിയില്ലെങ്കില്‍ താമസിക്കാതെ സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരുമെന്നും മനസിലാക്കിയ നീതു അതിനായി അരയും തലയും മുറുക്കി പണി തുടങ്ങി.


തലച്ചോറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സുപ്രചിയാസ്മാറ്റിക് നൂക്ലിയസ് (എസ്സിഎന്‍) ആണ് മനുഷ്യര്‍ ഉള്‍പ്പടെയുള്ള സസ്തനികളില്‍ ജൈവ ഘടികാരമായി പ്രവര്‍ത്തിക്കുന്നത്. ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം സിക്കാഡിയന്‍ റിഥമെന്നും അറിയപ്പെടുന്നു


വൈകുന്നേരം നേരത്തെ ഭക്ഷണം കഴിച്ച് എട്ട് മണിയാകുമ്പോഴേക്കും എല്ലാവിധ ഉറക്കംകൊല്ലികളോടും ഗുഡ്നൈറ്റ് പറഞ്ഞ് കിടക്കയിലേക്ക് പാഞ്ഞു. ഉറക്കം വരുന്നില്ലല്ലോ എന്ന് ചിന്തിക്കാതെ സ്പീക്കറില്‍ പാട്ടും കേട്ട് കിടക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ പത്തുമണിയാകുമ്പോഴേക്കും അവള്‍ ഉറങ്ങിത്തുടങ്ങി. ഒരു അലാമിന്റെയും സഹായമില്ലാതെ രാവിലെ അഞ്ചുമണിക്ക് കൃത്യമായി എഴുന്നേറ്റു. ഉള്ളിലെ ഘടികാരത്തിന്റെ ഒരു പവറേ. അതിരാവിലെ എഴുന്നേറ്റ് തുടങ്ങിയപ്പോള്‍ നീതുവിന്റെ ജീവിതം തന്നെ മാറി. എല്ലാം പോസിറ്റീവ് മയം. എന്ത് കാര്യങ്ങളിലും ഒരു സംതൃപ്തി. ഉദയത്തിനൊപ്പം പൂ വിരിയുന്നത് പോലെ മനസും വിരിയുന്ന സുഖം. ഇതെല്ലാം തന്റെ തോന്നലുകളാണെന്നാണ് അവള്‍ വിചാരിച്ചത്. സമയത്തിന് ഉറങ്ങാനും എഴുന്നേല്‍ക്കാനും കഴിയുന്നതിന്റെ സന്തോഷം കാരണം മനസ് കാട്ടുന്ന കുസൃതികളാണെന്ന് കരുതി അവളത് ആരോടും പറഞ്ഞില്ല.

എന്നാല്‍ നീതുവിന് വന്ന മാറ്റത്തിന് പിന്നില്‍ കൃത്യമായ ശാസ്ത്രമുണ്ട്. നേരത്തെയുറങ്ങി കാലത്ത് എഴുന്നേല്‍ക്കുന്നത് മാനസിക, ശാരീരിക ഉന്മേഷം നല്‍കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന രണ്ട് പഠനങ്ങള്‍ പരിശോധിക്കാം. ലോകപ്രശസ്ത സര്‍വ്വകലാശാലയായ ബിര്‍മിംഗ്ഹാം ആളുകളുടെ ഉറക്കശീലവുമായി ബന്ധപ്പെട്ട് ഒരിക്കലൊരു ഗവേഷണം നടത്തി. ഇരുപത്തിരണ്ട് പുരുഷന്മാരെയും ഇരുപത് സ്ത്രീകളെയും അവര്‍ പഠനവിധേയമാക്കി. രാത്രി വളരെ വൈകി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു അവര്‍. അതായത് രണ്ട്, രണ്ടര മണി വരെ ഉണര്‍ന്നിരിക്കുകയും രാവിലെ പത്ത് മണി വരെ കിടന്നുറങ്ങുകയും ചെയ്യുന്നവര്‍. പഠനത്തിന്റെ ഭാഗമായി ഇവരോട് രണ്ട് മണിക്കൂര്‍ നേരത്തെയുറങ്ങി, രണ്ട് മണിക്കൂര്‍ നേരത്തെ എഴുന്നേല്‍ക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. പഠനകാലയളവില്‍ ഇവരുടെ ഉമിനീര്‍ കൃത്യമായി പരിശോധിച്ചു. സ്ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെയും ഉറക്കവുമായി ബന്ധപ്പെട്ട ഹോര്‍മോണായ മെലാടോണിന്റെയും അളവിലുള്ള വ്യത്യാസം കണ്ടെത്തുകയായിരുന്നു ഉമിനീര്‍ പരിശോധനയുടെ ലക്ഷ്യം. പഠനത്തിനൊടുവില്‍ കൃത്യതയാര്‍ന്ന ഉറക്കശീലം ശരീരത്തില്‍ ഇരുഹോര്‍മോണുകളുടെയും നില മെച്ചപ്പെടുത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി. നേരെത്തെയുറങ്ങി നേരത്തെ എഴുന്നേറ്റ് ശീലിച്ചപ്പോള്‍ പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളും പുരുഷന്മാരും ശാരീരികമായും മാനസികമായും കൂടുതല്‍ ഊര്‍ജ്വസ്വലരായി.


കാലത്തെഴുന്നേല്‍ക്കുന്നതിന്റെ മാഹാത്മ്യം നമ്മള്‍ ഭാരതീയര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞതാണ്. ദൈവികമായി കരുതിപ്പോരുന്ന ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റാല്‍ ആ ദിവസം വളരെ നല്ലതായിരിക്കുമെന്ന വിശ്വാസം പണ്ടുകാലം മുതല്‍ക്കേ ഇന്ത്യയിലുണ്ട്


ഇനി മറ്റൊരു പഠനറിപ്പോര്‍ട്ട് പരിശോധിക്കാം. സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രിബോഗ് സര്‍വ്വകലാശാലയിലെ ജൈവശാസ്ത്ര വിഭാഗം ഗവേഷകര്‍ പ്ലോസ് ജനിറ്റിക്സില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാശം വ്യക്തികളുടെ മാനസിക സമ്മര്‍ദ്ദ നിലയിലുണ്ടാക്കുന്ന മാറ്റമാണ് ചര്‍ച്ച ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ ശൈത്യകാലം കൊടുംതണുപ്പിന്റെ കാലമാണ്. മാമരം കോച്ചുന്ന തണുപ്പ് എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ഈ സമയത്ത് പകലും വെളിച്ചം നന്നേ കുറവായിരിക്കും. വെളിച്ചക്കുറവ് മൂലം ശൈത്യകാലത്ത് ഇവിടങ്ങളിലുള്ളവരില്‍ സാധാരണയായി കാണപ്പെടുന്ന ഒരു മാനസികപ്രശ്നമാണ് സീസണല്‍ എഫക്ടീവ് ഡിസോഡര്‍ അഥവാ സാഡ്. പക്ഷേ പകല്‍സമയത്ത് കൃത്രിമമായി പ്രകാശം ലഭ്യമാക്കിയപ്പോള്‍ സാഡ് രോഗികളില്‍ കാര്യമായ മാറ്റമുണ്ടായതായി പഠനം പറയുന്നു. മുമ്പ് രോഗം വന്നിട്ടുള്ളവര്‍ക്ക് ശൈത്യകാലമെത്തുമ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് തന്നെ ലൈറ്റ് തെറാപ്പി ലഭ്യമാക്കിയാല്‍ രോഗലക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാമെന്നാണ് 2009ല്‍ നടന്ന ഈ പഠനം പറയുന്നത്. പ്രകാശപൂരിതമായ അന്തരീക്ഷം ജീവജാലങ്ങള്‍ക്ക് മാനസിക, ശാരീരിക ഉന്മേഷം നല്‍കുമെന്ന് ചുരുക്കം.

ഭാരതീയര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങിവെച്ച ശീലം

കാലത്തെഴുന്നേല്‍ക്കുന്നതിന്റെ മാഹാത്മ്യം നമ്മള്‍ ഭാരതീയര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞതാണ്. ദൈവികമായി കരുതിപ്പോരുന്ന ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റാല്‍ ആ ദിവസം വളരെ നല്ലതായിരിക്കുമെന്ന വിശ്വാസം പണ്ടുകാലം മുതല്‍ക്കേ ഇന്ത്യയിലുണ്ട്. നമ്മുടെ പൂര്‍വ്വികരെല്ലാം ആ ശീലം അനുവര്‍ത്തിച്ച് പോന്നവരാണ്. ഉദാഹരണത്തിന് നമ്മുടെ വീടുകളിലെ മുത്തശ്ശിമാരെയും മുത്തച്ഛന്മാരെയും നോക്കിയാല്‍ മതി. രാവിലെ ആറ് മണിക്ക് മുമ്പെങ്കിലും ഉണരാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. അവരോട് അവരുടെ മുത്തശ്ശീമുത്തശ്ശന്മാര്‍ എങ്ങനെയായിരുന്നുവെന്ന് ചോദിച്ച് നോക്കൂ. അവരും രാവിലെ നാല് മണിയോടെ എഴുന്നേറ്റിരുന്നവര്‍ ആയിരിക്കും. കാലത്തെഴുന്നേറ്റ് ജോലികളെല്ലാം തീര്‍ത്ത് പറമ്പിലൂടെയൊക്കെ നടന്ന്, കുളത്തില്‍ കുളിച്ച് ഉന്മേഷത്തോടെ ദിവസം തുടങ്ങിയിരുന്ന പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു. അതിന് പിന്നിലെ ശാസ്ത്രം ഒരുപക്ഷേ അവര്‍ മനസിലാക്കിയിരിക്കില്ല.  കാലത്തെഴുന്നേല്‍ക്കുന്നതിന്റെ ഗുണങ്ങള്‍ അവര്‍ നേരിട്ട് അനുഭവിച്ചിരുന്നു. വരുംതലമറകളും ആ ശീലം തുടര്‍ന്നു. പക്ഷേ പുതുതലമുറയ്ക്ക് ആ ശീലം കൈമോശം വന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം രാത്രികാലം ഉണര്‍ന്നിരുന്ന് രാവിലെ വൈകിയെഴുന്നേല്‍ക്കുന്ന അനേകം നീതുമാര്‍ നമുക്കിടയിലുണ്ട്. പക്ഷേ നമ്മുടെ കഥയിലെ നീതുവിനെ പോലെ അതിരാവിലെ എഴുന്നേല്‍ക്കുന്നതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ഉറക്കശീലം മാറ്റിവച്ചവരും നിരവധിയാണ്. എന്തായാലും പാരമ്പര്യമായി നാം അനുവര്‍ത്തിച്ച് പോരുന്ന ശീലം ശരിയാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിരിക്കുകയാണ് പാശ്ചാത്യര്‍.

ശരീരത്തിനുള്ളിലെ ഘടികാരം

തലച്ചോറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സുപ്രചിയാസ്മാറ്റിക് നൂക്ലിയസ് (എസ്സിഎന്‍) ആണ് മനുഷ്യര്‍ ഉള്‍പ്പടെയുള്ള സസ്തനികളില്‍ ജൈവ ഘടികാരമായി പ്രവര്‍ത്തിക്കുന്നത്. ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം സിക്കാഡിയന്‍ റിഥമെന്നും അറിയപ്പെടുന്നു. ശരീര താപനില, സമ്മര്‍ദ്ദം, ഉറക്കം തുടങ്ങിവയുടെ ദിവസേനയുടെ താളക്രമം നിയന്ത്രിക്കുന്നത് എസ്സിഎന്‍ ആണ്. എസ്സിഎന്നിന്റെ നിര്‍ദ്ദേശാനുസരണമാണ് പീനിയല്‍ ഗ്രന്ഥി ഒരു വ്യക്തി ഉറങ്ങുന്നതിനായി മെലാടോണിന്‍ ഉല്‍പ്പാദിപ്പിക്കുന്നതും ഉണരുന്നതിനായി മെലാടോണിന്‍ ഉല്‍പ്പാദനം നിര്‍ത്തുന്നതും. ലാറ്ററെല്‍ ഹബെനുലയെന്ന(എല്‍എച്ച്ബി) മറ്റൊരു മേഖല കൂടി നമ്മുടെ തലച്ചോറില്‍ ഉണ്ട്. ഒരു വ്യക്തിയെ ചുറ്റിപ്പറ്റി പലവിധ അസ്വസ്ഥതകള്‍ രൂപമെടുക്കുമ്പോള്‍ ഈ മേഖലയിലെ ന്യൂറോണുകള്‍ (നാഡീകോശങ്ങള്‍) സജീവമാകും.

പ്രകാശവും പെര്‍ 1 ജീനും തമ്മിലുള്ള ബന്ധം

സ്വിസ് ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ എല്‍എച്ച്ബി മേഖല വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ജൈവഘടികാരവുമായി ബന്ധപ്പെട്ട ജീനിനെ പെര്‍ 1 ജീന്‍ എന്നാണ് വിളിക്കുന്നത്. എസ്സിഎന്‍, എല്‍എച്ച്ബി മേഖലകളില്‍ ഈ ജീനിന്റെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. അതായത് ഉറക്കവും മാനസികനിലയും പെര്‍ 1 ജീനിന്റെ പ്രവര്‍ത്തനവും പരസ്പരം ബന്ധിപ്പെട്ടിരിക്കുന്നുവെന്ന് സാരം. ഒരു ദിവസത്തില്‍ വിവിധ സമയങ്ങളില്‍ പ്രകാശമേല്‍ക്കുന്നത് മൂലം പെര്‍ 1 ജീനിലുണ്ടാകുന്ന മാറ്റം (ജൈവഘടികാരം അഥവാ സിക്കാഡിയന്‍ റിഥവുമായി ബന്ധപ്പെട്ട), പ്രത്യേകിച്ച് എല്‍എച്ച്ബിയില്‍ അതുണ്ടാക്കുന്ന മാറ്റം കണ്ടെത്തുകയായിരുന്നു സ്വിസ് ഗവേഷകരുടെ ലക്ഷ്യം. പരീക്ഷണ കാലയളവില്‍ പെണ്‍ എലികളെ ഇരുപത്തിനാല് മണിക്കൂറില്‍ 12 മണിക്കൂറും ഇരുട്ടത്തിട്ടു. ഇവയിലെ മാനസികസമ്മര്‍ദ്ദ നില അറിയുന്നതിനുള്ള പലവിധ പരിശോധനകളും ഗവേഷകര്‍ നടത്തിയിരുന്നു. ഇരുട്ടത്ത് ഇടുന്നതിന് മുമ്പ് അല്‍പ്പനേരം പ്രകാശം ലഭ്യമാക്കുമ്പോള്‍ എലികളുടെ മാനസിക സമ്മര്‍ദ്ദ നിലയില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. രാത്രി പുലര്‍ന്ന് രാവിലെ ആകുന്നത് പോലെ 12 മണിക്കൂര്‍ ഇരുട്ടിന് ശേഷം പ്രകാശം ലഭ്യമാക്കിയപ്പോള്‍ എലികളുടെ മാനസിക നില വളരെയധികം മെച്ചപ്പെട്ടു.

ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ എസ്സിഎന്‍, എല്‍എച്ച്ബി മേഖലകളില്‍ പെര്‍ 1 ജീന്‍ ഉണ്ടാക്കുന്ന മാറ്റം (ജീന്‍ എക്സ്പ്രഷന്‍) നിരാശയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തി. മണിക്കൂറുകള്‍ ഇരുട്ടത്തിരുന്നതിന് ശേഷം പ്രകാശം വന്നെത്തുമ്പോള്‍ മാനസികമായി വളരെയധികം ഉന്മേഷമുണ്ടാകുന്നുവെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. പെര്‍ 1 ജീനിന്റെ സ്വാധീനം തലച്ചോറില്‍ പൂര്‍ണമായും ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ ഏത് സമയത്ത് പ്രകാശം ലഭ്യമാക്കിയാലും എലികളില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല. അതേസമയം രാത്രിജീവികള്‍ ആയാലും പകല്‍ ഉണര്‍ന്നിരിക്കുന്നവര്‍ ആയാലും സസ്തനി വിഭാഗത്തില്‍ പെട്ട ജീവിവര്‍ഗ്ഗങ്ങളില്‍ അതിരാവിലെയുള്ള പ്രകാശരശ്മികള്‍ പോസിറ്റീവ് എനര്‍ജിയുടെ സ്രോതസ്സാണെന്ന് ഗവേഷകരില്‍ ഒരാളെ ഉദ്ധരിച്ച് ദ സൈന്റിസ്റ്റ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാത്രി തന്നെ ഉറങ്ങുന്നതെന്തിന്, പകല്‍ ഉറങ്ങിയാലും പോരെ

മകള്‍ രാത്രി ഉറങ്ങുന്നില്ലെന്നും പകല്‍ പന്ത്രണ്ട് മണി വരെ ഉറങ്ങുന്നുവെന്നും മാനസികരോഗ വിദഗ്ധനോട് പരാതി പറഞ്ഞപ്പോള്‍ ആ മകള്‍ ഡോക്ടറോട് ചോദിച്ച ചോദ്യമാണിത്. രാത്രി ഉറങ്ങാന്‍ എനിക്ക് ഇഷ്ടമല്ല. ഇരുട്ടത്ത് ഉണര്‍ന്നിരിക്കാനും പകല്‍ ഉറങ്ങാനുമാണ് എനിക്കിഷ്ടം. രാത്രി ഉറങ്ങുന്നതാണ് നമ്മുടെ ശരീരത്തിനും മനസ്സിനും നല്ലതെന്ന് ആ കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍ ഏറെ പാടുപെട്ടു. അവള്‍ ചോദിച്ചത് പോലെ ഒരു ദിവസം ശരീരത്തിന് ആവശ്യമായ എട്ട് മണിക്കൂര്‍ ഉറക്കം ഉച്ചയ്ക്ക് ഉറങ്ങിയാല്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ കിട്ടുന്ന ആരോഗ്യനേട്ടങ്ങള്‍ ഉണ്ടാകുന്നില്ല. അത് എന്തുകൊണ്ടാണെന്നല്ലേ. നേരത്തെപ്പറഞ്ഞ ജൈവഘടികാരം അല്ലെങ്കില്‍ സിക്കാഡിയന്‍ റിഥം അനുസരിച്ച് പുറത്ത് ഇരുട്ട് പരക്കുമ്പോഴാണ് തലച്ചോറിലെ ഉറക്കവുമായി ബന്ധപ്പെട്ട മേഖല ഉറങ്ങേണ്ട സമയമായെന്ന് തിരിച്ചറിയുന്നത്.

വൈകിയാണെങ്കിലും രാത്രിയില്‍ തന്നെ ഉറങ്ങി ശീലമുള്ളവരാണ് നമ്മളില്‍ പലരും. പക്ഷേ രാവിലെ എഴുന്നേല്‍ക്കുന്നത് തീര്‍ച്ചയായും പല സമയങ്ങളിലായിരിക്കും. രാവിലെ ഏതെങ്കിലും പ്രത്യേകസമയത്ത് എഴുന്നേല്‍ക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോയെന്നത് പലരുടെയും സംശയമാണ്. നീതുവിനെ പോലെ അത് അനുഭവിച്ച് തന്നെ അറിയേണ്ട കാര്യമാണ്. പക്ഷേ അതിരാവിലെ എഴുന്നേല്‍ക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് നേരത്തെ സൂചിപ്പിച്ച പഠനങ്ങള്‍ അടക്കം നിരവധി ഗവേഷണങ്ങള്‍ പറയുന്നു. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ ആ സമയത്ത് ഉറങ്ങുന്നവരേക്കാള്‍ കൂടുതല്‍ സന്തോഷവാന്മാരും ആരോഗ്യമുള്ളവരും ആയിരിക്കും.

ശാരീരിക, മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനായി ഒരു വ്യക്തിക്ക് ദിവസവും കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിരാവിലെ എഴുന്നേല്‍ക്കണമെങ്കില്‍ രാത്രി നേരത്തെ ഉറങ്ങണമെന്ന് ചുരുക്കം. പക്ഷേ രാത്രിജീവികളായ യുവതലമുറയെ സംബന്ധിച്ചെടുത്തോളം അത് അല്‍പ്പം കടുപ്പമാണ്. എങ്കിലും രാത്രിയിലെ സ്മാര്‍ട്ട്ഫോണ്‍, ടിവി, ലൈറ്റ് ഉപയോഗം പരിമിതപ്പെടുത്തിയും, രാത്രിഭക്ഷണം ലഘുവാക്കിയും, പകല്‍സമയത്ത് വ്യായാമം ശീലമാക്കിയും, രാത്രി നേരത്തെ ഉറങ്ങാന്‍ മനസിനെ പാകപ്പെടുത്തിയും, അതിരാവിലെയുള്ള കിളിക്കൊഞ്ചലുകള്‍ക്ക് കാതോര്‍ത്ത് കിടക്കുകയും ചെയ്താല്‍ പതിയെപ്പതിയെ നേരത്തെ ഉറങ്ങാനും അതിരാവിലെ എഴുന്നേല്‍ക്കാനും നമുക്ക് സാധിക്കും. കാലത്തെഴുന്നേറ്റാല്‍ നല്ല സുഖാ എന്ന് പറയുന്നവരോട് ഇനിമുതല്‍ അതിന് പിന്നിലെ ശാസ്ത്രവും നമുക്ക് പറഞ്ഞുകൊടുക്കാം.