ശാസ്ത്രം അടയാളപ്പെടുത്തിയ 2021; ഇതാ പ്രധാന സംഭവങ്ങള്‍
സൂര്യന്റെ അന്തരീക്ഷത്തില്‍ ആദ്യമായി എത്തിയ പാര്‍ക്കര്‍ ദൗത്യവും മനുഷ്യന്‍ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ പാത തുറന്നതും മുതല്‍ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയുടെ വിക്ഷേപണം വരെ...
ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കടന്നുപോയ വര്‍ഷമായിരുന്നു 2021. ഓരോ വര്‍ഷം കഴിയുന്തോറും ശാസ്ത്രത്തിനുണ്ടാകുന്ന വളര്‍ച്ച അതിശയിപ്പിക്കുന്നതാണെങ്കിലും, 2021 വര്‍ഷം കാലം അടയാളപ്പെടുത്തുന്നത് ശാസ്ത്രത്തിന്റേതു കൂടിയായിട്ടാകും. സൂര്യന്റെ അന്തരീക്ഷത്തില്‍ ആദ്യമായി എത്തിയ പാര്‍ക്കര്‍ ദൗത്യവും മനുഷ്യന്‍ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ പാത തുറന്നതും മുതല്‍ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയുടെ വിക്ഷേപണം വരെ എല്ലാം ലോകം പ്രതീക്ഷയോടെയാണ് കേട്ടത്. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുള്ള ആവേഗം ശാസ്ത്രത്തിന് നല്‍കിയ വര്‍ഷം കൂടിയാണിത്.
ബഹിരാകാശ ദൗത്യങ്ങളുടെ വര്‍ഷമായിരുന്നു 2021 എന്നും പറയാം. കാരണം, അത്രയേറെ ബഹിരാകാശ ദൗത്യങ്ങളും പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളും ഭൂമിക്ക് പുറത്ത് നടന്ന വര്‍ഷം കൂടിയായിരുന്നു ഇത്. ഇക്കഴിഞ്ഞ ഒരു വര്‍ഷം ശാസ്ത്രത്തെ സംബന്ധിച്ച് എത്രത്തോളം നിര്‍ണായകമായിരുന്നു എന്നും പ്രധാന ശാസ്ത്ര ദൗത്യങ്ങള്‍ ഏതെല്ലാമായിരുന്നു എന്നും നോക്കാം.
ചൊവ്വാ ദൗത്യങ്ങള്‍
ഇക്കഴിഞ്ഞ വര്‍ഷം മൂന്ന് രാജ്യങ്ങളാണ് ചൊവ്വാ ദൗത്യത്തില്‍ വിജയിച്ചത്. നാസയുടെ പെര്‍സീവറന്‍സും ചൈനയുടെ ടിയാന്‍വെന്‍-1 റോവറും ചൊവ്വയെ തൊട്ടു. മാത്രമല്ല, യുഎഇയുടെ ഹോപ് ചൊവ്വയെ ചുറ്റുന്നു. അഞ്ച് ടണ്‍ ഭാരമുള്ള ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വയിലേക്ക് എത്തിയ ഏറ്റവും ഭാരമുള്ള വാഹനങ്ങളിലൊന്നായി മാറി. വിവിധ പര്യവേഷണങ്ങള്‍ക്കായി 13 ശാസ്ത്ര ഉപകരണങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഇതോടെ റഷ്യയ്ക്കും അമേരിക്കയ്ക്കും ശേഷം ചൊവ്വയില്‍ ഇറങ്ങി ഭൂമിയിലേക്ക് ആശയവിനിമയം നടത്തുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറി.
നാസയുടെ പെര്‍സീവറന്‍സിന്റെ ഇന്‍ജനുവിറ്റി ഹെലികോപ്റ്റര്‍ അന്യഗ്രഹത്തില്‍ നിയന്ത്രിത പറക്കല്‍ നടത്തുന്ന ആദ്യ പര്യവേഷണ വാഹനമായി മാറി. 2.9 കിലോമീറ്റര്‍ സഞ്ചരിച്ച പെര്‍സീവറന്‍സ് ഒരു ചൊവ്വാ ദിവസം ഏറ്റവും കൂടുതല്‍ സമയം ഓടിച്ചെന്ന റെക്കോര്‍ഡും സ്വന്തമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്പേസ് ഏജന്‍സി അയച്ച ഹോപ് ഒര്‍ബിറ്റര്‍ 2021 ഫെബ്രുവരി 9നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ചൊവ്വയുടെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഹോപ്പിന്റെ ലക്ഷ്യം. 2021 ഫെബ്രുവരിയിലാണ് ഇവയെല്ലാം ചൊവ്വയിലോ ചൊവ്വയുടെ അന്തരീക്ഷത്തിലോ എത്തിയത് എന്നതും ഒരു പ്രത്യേകതയായി.
സൂര്യനെ തൊട്ട് പാര്‍ക്കര്‍
ചരിത്രത്തിലാദ്യമായി ഒരു ബഹിരാകാശ പേടകം സൂര്യനെ തൊട്ടതിനും 2021 സാക്ഷിയായി. നാസയുടെ പാര്‍ക്കര്‍ ദൗത്യം സൂര്യന്റെ പുറത്തെ കൊറോണയില്‍ തൊട്ടു. ഇത്രനാള്‍ മനുഷ്യ സ്പര്‍ശമേല്‍ക്കാതെ പുറത്തു നിന്നും നാം പഠിച്ചിരുന്ന സൂര്യനെ ഇനി അടുത്തറിഞ്ഞ് പഠിക്കാനുള്ള അവസരമായി പാര്‍ക്കറിന്റെ സൂര്യസ്പര്‍ശം. സൂര്യന്റെ ഉത്ഭവവും പ്രപഞ്ചത്തിലെ മറ്റ് നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിനുമെല്ലാം ഇത് സഹായകരമാകും എന്നാണ് കരുതുന്നത്. 2018ല്‍ വിക്ഷേപിച്ച പാര്‍ക്കര്‍ പേടകം ചുട്ടുപൊള്ളുന്ന സൂര്യന്റെ പുറംപാളിയിലേക്ക് എത്തിയത് മൂന്ന്് വര്‍ഷങ്ങളെടുത്ത് 2021 നവംബറിലാണ്. 1.1 ദശലക്ഷം ആളുകളുടെ പേരെഴുതിയ മെമ്മറി കാര്‍ഡ് ഇതിലുണ്ട്.
നാസയുടെ പുതിയ ദൗത്യങ്ങള്‍
ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചു വിടാനുള്ള നാസയുടെ ഡബിള്‍ അസ്റ്റിറോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് (DART) എന്ന ഡാര്‍ട്ട് ദൗത്യവും ഈ വര്‍ഷം വിക്ഷേപിച്ചു. ഭൂമിയെ ഛിന്നഗ്രഹങ്ങള്‍ പതിച്ചുണ്ടാകുന്ന വിപത്തുകളില്‍ നിന്ന് പ്രതിരോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാഴത്തിന്റെ (Jupiter) ട്രോജന്‍ ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസയുടെ ലൂസി ദൗത്യം യാത്ര തുടങ്ങിയത് 2021 ഒക്ടോബറിലാണ്. സൗരയൂഥത്തിന്റെ ചരിത്രം വ്യക്തമാക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. ക്ഷീരപഥത്തിനു പുറത്ത് മറ്റൊരു ഗ്രഹമുണ്ടെന്നതിന്റെ സൂചനകള്‍ നല്‍കാനും നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററിക്ക് കഴിഞ്ഞു. നമ്മുടെ ആകാശഗംഗയ്ക്കപ്പുറത്ത് മറ്റൊരു ഗ്രഹമുണ്ടെന്ന് കണ്ടെത്തുന്നത് ആദ്യമായാണ്.
ബഹിരാകാശ സഞ്ചാരങ്ങള്‍
വെര്‍ജിന്‍ ഗാലക്റ്റിക്, സ്പേസ് എക്സ്, ബ്ലൂ ഒറിജിന്‍ എന്നീ സ്വകാര്യ ബഹിരാകാശ കമ്പനികള്‍ വിനോദ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് കൈയ്യൊപ്പ് പതിപ്പിച്ച വര്‍ഷം കൂടിയായിരുന്നു 2021. നമ്മുടെ കാഴ്ചകള്‍ക്ക് അതീതമായ ലോകം സൃഷ്ടിക്കുന്ന ബഹിരാകാശം ഇതുവരെ ശാസ്ത്രജ്ഞര്‍ക്കും സ്പേസ് ഏജന്‍സികളിലെ ബഹിരാകാശ യാത്രികര്‍ക്കും മാത്രം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമായിരുന്നു. എന്നാല്‍ ഇവിടേക്ക് സാധാരണക്കാരെ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ബഹിരാകാശ ടൂറിസം പദ്ധതിയായി ഇവിടം മാറ്റിയിരിക്കുകയാണ് സ്വകാര്യ സ്പേസ് ഏജന്‍സികള്‍.
അതിലേക്കുള്ള ആദ്യ ചവിട്ടുപടിയായാണ് വെര്‍ജിന്‍ ഗാലക്റ്റികിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിന്‍ ആറ് യാത്രികരെയും കൊണ്ട് ബഹിരാകാശം തൊട്ട് തിരിച്ചുവന്നത്. ബഹിരാകാശത്ത് ആളുകളെ എത്തിച്ച് തങ്ങളുടെ ആധിപത്യം തെളിയിക്കാന്‍ ശതകോടീശ്വരന്മാര്‍ തമ്മിലുള്ള കിടമത്സരത്തില്‍ എഴുപതുകാരനായ റിച്ചാര്‍ഡ് ബ്രാന്‍സനാണ് ആദ്യം ജയിച്ചത്. റിച്ചാര്‍ഡ് ബ്രാന്‍സന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബഹിരാകാശം ചുറ്റി ഒരു മണിക്കൂറിനുള്ളില്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. ഇത് ഒരു പുതു ചരിത്രത്തിലേക്കുള്ള വഴികൂടിയാണ്. മനുഷ്യര്‍ക്ക് ഭൂമിക്ക് പുറത്തും വിനോദ സഞ്ചാരം നടത്താം എന്നു തെളിയിച്ച ആദ്യ യാത്ര.
ബഹിരാകാശ മേഖലയില്‍ മറ്റൊരു ചരിത്രം കൂടി രചിച്ചായിരുന്നു ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ഇന്‍സ്പിരേഷന്‍4 (Inspiration4) ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയത്. 2021 സെപ്റ്റംബര്‍ 15ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പറന്നുയര്‍ന്ന സ്പേസ് എക്സിന്റെ പേടകം ക്രൂ ഡ്രാഗണ്‍ വെറും മൂന്ന് മണിക്കൂര്‍ കൊണ്ടാണ് 585 കിലോമീറ്റര്‍ ഉയരത്തിലെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കാള്‍ ഉയരത്തില്‍ അത് പറന്നുയര്‍ന്നു. മൂന്ന് ദിവസം ബഹിരാകാശത്ത് കറങ്ങി, താമസിച്ചുള്ള യാത്ര. അതും ബഹിരാകാശ രംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത നാല് സാധാരണ പൗരന്മാര്‍ മാത്രമടങ്ങുന്ന സംഘം.
കാപ്സ്യൂള്‍ മാതൃകയിലുള്ള പേടകം സുരക്ഷിതമായി മൂന്നാം ദിവസം കടലില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യഥാര്‍ഥത്തില്‍ പുതിയ ആകാശങ്ങള്‍ തേടിയുള്ള മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് ഒരു ചിറക് കൂടി മുളച്ചു. ജെഫ് ബസോസന്റെ ബ്ലൂ ഒറിജിനും പാസഞ്ചര്‍ സ്പേസ് ഫ്ളൈറ്റുകള്‍ ബഹിരാകാശത്തേക്ക് അയച്ച് ബഹിരാകാശ ടൂറിസത്തിന് വേഗം കൂട്ടി.
അനന്തസാധ്യതകളുടെ ആകാശം തേടി
ബഹിരാകാശത്തെ വേറിട്ട മറ്റൊരു സഞ്ചാരം നടത്തിയത് ചില സിനിമ പ്രവര്‍ത്തകരാണ്. റഷ്യ ബഹിരാകാശത്ത് ഒരു സിനിമ ചിത്രീകരിച്ചു ചരിത്രത്തില്‍ ഇടം പിടിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 12 ദിവസം താമസിച്ച് ചിത്രീകരിച്ച 'ചലഞ്ച്' എന്ന ചിത്രത്തിന്റെ അഭിനേതാവും സംവിധായകനുമാണ് ബഹിരാകാശത്ത് ഇതിനായി പോയി വന്നത്. അങ്ങനെ ആദ്യമായി ബഹിരാകാശം സിനിമ ചിത്രീകരണത്തിനും വേദിയായി.
ചൈനയും ബഹിരാകാശത്ത് സാന്നിധ്യം ഊട്ടിയുറപ്പിച്ച വര്‍ഷമായിരുന്നു കടന്നുപോയത്. ചൈന തങ്ങളുടെ സ്പേസ് സ്റ്റഷനില്‍ മൂന്ന് ബഹിരാകാശ സഞ്ചാരികളെ മൂന്ന് മാസത്തെ വാസത്തിനു ശേഷം സെപ്റ്റംബറില്‍ തിരികെ ഭൂമിയിലെത്തിച്ചു. ചൈനയുടെ ആദ്യ ദൈര്‍ഘ്യമേറിയ മനുഷ്യ ദൗത്യമായിരുന്നു അത്. ഒക്ടോബറില്‍ മൂന്ന് ബഹിരാകാശ സഞ്ചാരികളെ ആറ് മാസത്തെ സ്പേസ് സ്റ്റേഷന്‍ വാസത്തിനായി അയക്കുകയും ചെയ്തു.
2021 അവസാനത്തോടെ ആയിരുന്നെങ്കിലും ശാസ്ത്ര പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന ജെയിംസ് വെബ്ബ് ടെലസ്‌കോപ് അതിന്റെ യാത്ര തുടങ്ങി. ലോകത്തെ ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലസ്‌കോപായ ജെയിംസ് വെബ്ബ് ദൂരദര്‍ശിനി പ്രപഞ്ചത്തിന്റെ മറ്റ് കോണുകളിലുള്ള ജീവന്റെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ വിക്ഷേപിച്ച ദൂരദര്‍ശിനി 15 വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെയും പ്രതീക്ഷകളുടെയും ഫലമായാണ് കുതിച്ചുയര്‍ന്നത്.
ഇസ്റോയുടെ പ്രതീക്ഷകള്‍
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (ഇസ്റോ) അത്ര നല്ല വര്‍ഷമായിരുന്നില്ല 2021. ജിഎസ്എല്‍വി എഫ് 10 ദൗത്യം പരാജയപ്പെട്ടു. എന്നാല്‍ ചന്ദ്രയാന്‍-2 ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയത് (OH, H2O) ഏറെ പ്രതീക്ഷ നല്‍കിയ കണ്ടെത്തലായിരുന്നു. കൂടാതെ, ഫെബ്രുവരി 28ന് വിക്ഷേപിച്ച 'സിന്ധു നേത്ര' എന്ന കൃത്രിമ ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്ത് നടക്കുന്ന ഏത് നാവിക-കര സേനകളുടെ സാന്നിധ്യവും പ്രവര്‍ത്തവും നിരീക്ഷിക്കുന്നതിന് സഹായകമാണ്. കൊവിഡ് പ്രതിസന്ധി മൂലം പല ദൗത്യങ്ങളും വൈകുന്നെങ്കിലും ഗഗന്‍യാന്‍ ദൗത്യങ്ങള്‍ പുരോഗമിക്കുന്നു എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി ഇന്ത്യ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ തയ്യാറെടുക്കുന്ന ഗഗന്‍യാന്‍ 2023ല്‍ വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.