Oct 22, 2021 • 14M

ഇവള്‍ ചതിക്കപ്പെട്ട ശാസ്ത്രനായിക; തട്ടിയെടുത്തത് നൊബേല്‍

പുരുഷന്മാരാല്‍ ചതിക്കപ്പെട്ട നായികയാണവള്‍, റോസലിന്‍ ഫ്രാങ്ക്‌ളിന്‍. ഡിഎന്‍എയുടെ ഘടന കണ്ടുപിടിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച അവരെ ചതിച്ചാണ് മറ്റ് രണ്ട് പേര്‍ നൊബേല്‍ സമ്മാനം നേടിയത്‌

7
3
 
1.0×
0:00
-13:57
Open in playerListen on);
Episode details
3 comments
Illustration: Sudheesh P S/Science Indica/Storiyoh

ലണ്ടനിലെ വില്‍സ്ഡണ്‍ ജൂത സെമിത്തേരിയിലെ അവളുടെ കല്ലറയില്‍ പേരിന് താഴെയായി ശാസ്ത്രജ്ഞയെന്നും അതിന് താഴെയായി വൈറസുകളെ കുറിച്ചുള്ള അവളുടെ ഗവേഷണവും കണ്ടെത്തലുകളും മനുഷ്യരാശിയുടെ എക്കാലത്തെയും നേട്ടങ്ങളില്‍ ഒന്നാണെന്നും കൊത്തിവെച്ചിട്ടുണ്ട്. ഏറ്റവും മുകളിലായി കൊത്തിവെച്ചിരുന്ന പേര് ഇതാണ്, റോസലിന്‍ ഫ്രാങ്ക്ളിന്‍! പുരുഷന്മാരാല്‍ ചതിക്കപ്പെട്ട നായികയാണവര്‍. അറിയാം അവരുടെ ജീവിതം, സയന്‍സ് ഇന്‍ഡിക്ക 'പീപ്പിള്‍ ഇന്‍ സയന്‍സില്‍'

ശാസ്ത്രമായിരുന്നു അവളുടെ മതം, ജീവിതവും. 1940ല്‍ അവള്‍ പിതാവിനെഴുതി ''ശാസ്ത്രവും നിത്യജീവിതവും തമ്മില്‍ വേര്‍പിരിക്കാനാകില്ല, വേര്‍പിരിക്കയുമരുത്. ശാസ്ത്രം, എനിക്ക്, ജീവിതത്തിന്റെ പകുതി വിശദീകരണമാണ്. ഇതുവരെയുള്ള ജീവിതത്തില്‍ അത് വസ്തുതയെയും അനുഭവത്തെയും പരീക്ഷണത്തെയും ആധാരമാക്കിയുള്ളതാണ്.''ശാസ്ത്രലോകത്ത് പിച്ചവെച്ച് തുടങ്ങുന്ന ഒരു യുവശാസ്ത്രജ്ഞയുടെ കൗതുകമായിരുന്നില്ല, മറിച്ച് ഇരുത്തം വന്ന ശാസ്ത്രാന്വേഷിയുടെ ഗൗരവമായിരുന്നു ആ പത്തൊമ്പതുകാരിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ 37ാം വയസ്സില്‍ അവളീ ലോകത്ത് നിന്നും വിട പറഞ്ഞു.

ലണ്ടനിലെ വില്‍സ്ഡണ്‍ ജൂത സെമിത്തേരിയിലെ അവളുടെ കല്ലറയില്‍ പേരിന് താഴെയായി ശാസ്ത്രജ്ഞയെന്നും അതിന് താഴെയായി വൈറസുകളെ കുറിച്ചുള്ള അവളുടെ ഗവേഷണവും കണ്ടെത്തലുകളും മനുഷ്യരാശിയുടെ എക്കാലത്തെയും നേട്ടങ്ങളില്‍ ഒന്നാണെന്നും കൊത്തിവെച്ചിട്ടുണ്ട്. ഏറ്റവും മുകളിലായി കൊത്തിവെച്ചിരുന്ന പേര് ഇതാണ്, റോസലിന്‍ ഫ്രാങ്ക്ളിന്‍!

റോസലിന്‍ ഫ്രാങ്ക്ളിന്‍-ഡിഎന്‍എയുടെ ഇരട്ട ഗോവണി (double helix) ഘടന ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞ. അതേ കണ്ടെത്തല്‍ നൊബേല്‍ പുരസ്‌കാരത്തിന് വഴി തെളിച്ചപ്പോള്‍ സഹപ്രവര്‍ത്തകരാല്‍ മനഃപ്പൂര്‍വ്വം തഴയപ്പെട്ട പെണ്‍ താരകം. പിന്നീട് അവരുടെ കുറ്റസമ്മതത്തിലും തുറന്നുപറച്ചിലിലും മരണാനന്തരം വാഴ്ത്തപ്പെട്ട പ്രതിഭ. ശാസ്ത്രലോകത്തെ സ്ത്രീവിവേചനം സ്ത്രീ മുന്നേറ്റവാദികളുടെ ആയുധമായി മാറിയപ്പോള്‍ ഫെമിനിസത്തിന്റെ ആദ്യകാല ബിംബമായി മാറിയവള്‍. ഇതുമാത്രമായിരുന്നില്ല റോസലിന്‍. ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭാധനരായ ശാസ്ത്ര വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന റോസലിന്റെ ഗവേഷണങ്ങളും കണ്ടെത്തലുകളും അവളുടെ കല്ലറയില്‍ കൊത്തിവെക്കപ്പെട്ടത് പോലെ മനുഷ്യവംശത്തിന്റെ എക്കാലത്തെയും നേട്ടങ്ങളാണ്.

റോസലിനും അവളുടെ വിദ്യാര്‍ത്ഥിയായ റെയ്മണ്ട് കോസ്ലിംഗും 1953ല്‍ പ്രസിദ്ധീകരിച്ച എക്സ്-റേ ചിത്രത്തിന്റെ പേരിലാണ് അവള്‍ ലോകത്ത് ഏറ്റവുമധികം അറിയപ്പെട്ടത്. ഡിഎന്‍എയുടെ ഇരട്ട ഗോവണി ഘടന കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഈ ചിത്രമായിരുന്നു. പക്ഷേ ഡിഎന്‍എയെ ചുറ്റിപ്പറ്റിയുള്ള അവളുടെ കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിന് അവള്‍ നല്‍കിയ സംഭാവനകളുടെ ഒരംശം മാത്രമാണ്.

പ്രപഞ്ച രഹസ്യങ്ങള്‍ക്ക് പിറകേ അക്ഷീണയായി അലഞ്ഞ ശാസ്ത്രാന്വേഷിയായിരുന്നു അവര്‍. ജീവശാസ്ത്രം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങി സമൂഹത്തെ ബാധിക്കുന്ന മേഖലകളിലെല്ലാം അവര്‍ കൈവെച്ചിരുന്നു. കല്‍ക്കരി, കാര്‍ബണ്‍ എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രവിഷയങ്ങളില്‍ വളരെ പ്രധാനപ്പെട്ട ചുവടുവെപ്പുകള്‍ നടത്തിയ റോസലിന്‍ഡ. പിന്നീട് സസ്യങ്ങളിലും മനുഷ്യരിലും അസുഖങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളെ കുറിച്ചുള്ള പഠനത്തില്‍ അവര്‍ അഗ്രഗണ്യയായി. ഇന്ന് കൊറോണ വൈറസുമായി ലോകം പടവെട്ടുന്ന വേളയില്‍ SARS-CoV-2 പോലുള്ള വൈറസുകളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഡിഎന്‍എ സീക്വന്‍സിംഗ്, എക്സ്-റേ ക്രിസ്റ്റലോഗ്രഫി തുടങ്ങിയ ഉപാധികള്‍ ഉപയോഗിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നത് റോസലിന്‍ഡയുടെയും അവളുടെ സഹപ്രവര്‍ത്തകരുടെയും പിന്‍ഗാമികളുടെയും പരിശ്രമഫലമാണെന്ന് എത്ര പേര്‍ക്ക് അറിയാം.

'ഡാര്‍ക് ലേഡി ഓഫ് ഡിന്‍എ' അഥവാ ഒരു ചതിയുടെ കഥ

ഡിയോക്സി റൈബോനൂക്ലിക് ആസിഡ്, അഥവാ ഡിഎന്‍എ- ജീവജാലങ്ങളുടെ ജനിതക വിവരങ്ങള്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ക്രോമസോമുകളുടെ പ്രധാന ഘടകം. ഡിഎന്‍എയുടെ ഇരട്ട ഗോവണി ഘടന ശാസ്ത്രലോകത്തെ നിര്‍ണ്ണായക കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു. 1962ല്‍ ഈ കണ്ടെത്തലിന് ജെയിംസ് വാട്ട്സണ്‍, ഫ്രാന്‍സിസ് ക്രിക്, മോറിസ് വില്‍ക്കിന്‍സ് എന്നിവര്‍ക്ക് നൊബെല്‍ പുരസ്‌കാരം ലഭിച്ചു. പക്ഷേ ഈ കണ്ടെത്തലിന് വിത്ത് പാകിയ വ്യക്തിയുടെ പേര് എവിടെയും പരാമര്‍ശിക്കപ്പെട്ടില്ല. അത് റോസലിന്‍ ആയിരുന്നു.

1951ല്‍ ലണ്ടനിലെ കിംഗ്സ് കോളെജില്‍ ബയോഫിസിക്കല്‍ ലബോറട്ടറിയില്‍ എത്തിയതിന് ശേഷമാണ് റോസലിന്‍ ഡിഎന്‍എയെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. മുമ്പ് പാരീസില്‍ നിന്ന് പഠിച്ച എക്സ്-റേ ഡിഫ്രാക്ഷന്‍ സാങ്കേതികവിദ്യയുടെ സഹായത്താലായിരുന്നു ഇത്. അക്കാലത്ത് ഡിഎന്‍എയുടെ രാസഘടന സംബന്ധിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു. ഡിഎന്‍എയെ കുറിച്ചുള്ള പഠനം തുടങ്ങി അധികം വൈകാതെ തന്നെ അവയുടെ സാന്ദ്രത അവള്‍ തിരിച്ചറിഞ്ഞു. അതിനേക്കാള്‍ വലിയ കാര്യമെന്തെന്ന് വെച്ചാല്‍ ഒരു ചുറ്റുഗോവണി പോലെ വളഞ്ഞുവളഞ്ഞാണ് ഡിഎന്‍എ തന്മാത്രയെന്നും അവള്‍ തിരിച്ചറിഞ്ഞു. കിംഗ്സ് കോളെജില്‍ റോസലിന്റെ സഹപ്രവര്‍ത്തകനായിരുന്നു മോറിസ് വില്‍കിന്‍സ്. ഇവര്‍ക്കിടയിലെ അസ്വാരസ്യം ഇരുവരെയും രണ്ടുവഴിക്കാക്കി. റോസലിന്‍ ഒറ്റയ്ക്ക് ഗവേഷണം തുടര്‍ന്നു. എന്നാല്‍ വില്‍കിന്‍സ് കേംബ്രിജിലെ കാവെന്‍ഡിഷ് ലബോറട്ടറിയില്‍ ഡിഎന്‍എ തന്മാത്രയുടെ മാതൃക തയ്യാറാക്കാന്‍ ശ്രമിക്കുകയായിരുന്ന ഫ്രാന്‍സിസ് ക്രിക് ജെയിംസ് വാട്ട്സണ്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നു.

1953 ഫെബ്രുവരിയില്‍ ഡിഎന്‍എയ്ക്ക് രണ്ട് ചെയിനുകള്‍ ഉണ്ടെന്ന് റോസലിന്‍ തന്റെ നോട്ടുപുസ്തകത്തില്‍ കുറിച്ചുവെച്ചു. ഇതിന് തെളിവായ എക്സ്-റേ ഫോട്ടോഗ്രാഫും അവളുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ അവളറിയാതെ വില്‍കിന്‍സ് ആ ഫോട്ടോ വാട്ട്സണെയും ക്രിക്കിനെയും കാണിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കാവെന്‍ഡിഷ് ലബോറട്ടറിയിലെ മൂവര്‍സംഘം ഇരട്ട ഗോവണി ഘടനയിലുള്ള, ലോകം ഏറെ ആഘോഷിച്ച ഡിഎന്‍എ മാതൃക തയ്യാറാക്കി. എന്നാല്‍ തന്റെ പ്രസിദ്ധീകരിക്കാത്ത ഫോട്ടോഗ്രാഫാണ് ആ നിര്‍ണായക കണ്ടെത്തലിലേക്ക് അവരെയെത്തിച്ചതെന്ന് റോസലിന്‍ അറിഞ്ഞില്ല.

''തീര്‍ച്ചയായും റോസി അവളുടെ കണ്ടെത്തലുകള്‍ ഞങ്ങള്‍ക്ക് നേരിട്ട് തന്നതല്ല, ഞങ്ങളുടെ കയ്യിലാണ് അവയെന്ന് കിംഗ്സിലെ ആരും തിരിച്ചറിഞ്ഞിരുന്നില്ല''. 1968ല്‍ പുറത്തിറങ്ങിയ, അക്കാലത്തെ ബെസ്റ്റ് സെല്ലറായ 'ദ ഡബിള്‍ ഹെലിക്സ്' എന്ന തന്റെ പുസ്തകത്തിലൂടെ ആ സത്യം ലോകത്തോട് വിളിച്ചുപറയുമ്പോള്‍ ജെയിംസ് വാട്ട്സണ്‍ ഹാര്‍വാര്‍ഡ് പ്രഫസറും നൊബേല്‍ സമ്മാന ജേതാവും ആയിരുന്നു. പക്ഷേ ആ സത്യം തിരിച്ചറിയാന്‍ അന്ന് റോസലിന്‍ ജീവനോടെ ഇല്ലായിരുന്നു.

വിവേചനത്തിന്റെ ഇര

ജെയിംസ് വാട്ട്സണിന്റെ പുസ്തകത്തില്‍ റോസലിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പല പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. റോസലിന്റെ അകാല മരണവും പുരുഷ കേന്ദ്രീകൃത ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന അസമത്വവും അവഗണനയും 1960കളില്‍ സ്ത്രീ ശാക്തീകരണ വക്താക്കളെ രോഷാകുലരാക്കി. വാട്ട്സണിന്റെ പുസ്തകത്തില്‍ റോസിയെക്കുറിച്ച് വന്ന മോശം പരാമര്‍ശങ്ങള്‍ അവരുടെ വികാരത്തെ കൂടുതല്‍ ജ്വലിപ്പിച്ചു.

റോസലിന്‍ ഫെമിനിസ്റ്റ് ബിംബമായി ഉയര്‍ന്നുവന്നു. പുരുഷ വര്‍ഗ്ഗത്തിന്റെ യശ്ശസ്സിനായി തന്റെ നേട്ടങ്ങള്‍ ഹോമിക്കേണ്ടി വന്ന പ്രതിഭയായിരുന്നു റോസലിന്‍. അവള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കാതെ പോയത് ശാസ്ത്ര സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന സ്ത്രീവിദ്വേഷത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അതേസമയം മരണശേഷം റോസലിന്‍ഡയ്ക്ക് കൈവന്ന ഫെമിനിസ്റ്റ് പരിവേഷത്താല്‍ ഒരു ശാസ്ത്രജ്ഞയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അവരുടെ യഥാര്‍ത്ഥ ധിഷണവൈഭവവും സ്വാതന്ത്ര്യവും മറയ്ക്കപ്പെട്ടുവെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്.

യഥാര്‍ത്ഥ റോസി

മുന്‍കോപിയും പിടിവാശിക്കാരിയുമായ റോസിയെയാണ് വാട്ട്സണിന്റെ പുസ്തകം വരച്ചുകാട്ടുന്നത്. എന്നാല്‍ യഥാര്‍ത്ഥ റോസി ശാസ്ത്രത്തോട് വളരെ അഭിനിവേശമുള്ള കഠിനാധ്വാനിയായ ഒരു സ്ത്രീ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അതേസമയം ശാസ്ത്രത്തിന് പിറകേയുള്ള അലച്ചിലില്‍ പ്രകൃതിയെ ആസ്വദിക്കാന്‍ അവള്‍ മറന്നുപോയില്ല. യാത്രകളെ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട് അവള്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. മാത്രമല്ല സാഹസിക സഞ്ചാരിയും പര്‍വ്വതാരോഹകയും കൂടിയായിരുന്നു റോസലിന്‍ഡ. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വാക്കുകളില്‍ അവള്‍ മിടുക്കിയായ ഒരു ശാസ്ത്രജ്ഞയും കരുണയുള്ള ഒരു സ്ത്രീയുമാണ്. അതേസമയം അവളൊരു മുന്‍കോപി ആയിരുന്നുവെന്നും അവര്‍ സമ്മതിക്കുന്നുണ്ട്. ഇത് പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് ഒരു വെല്ലുവിളിയായിരുന്നു.


'ദ ഡബിള്‍ ഹെലിക്സ്' എന്ന തന്റെ പുസ്തകത്തിലാണ് ഒടുവില്‍ അവളെ ചതിച്ചവര്‍ സത്യം വെളിപ്പെടുത്തിയത്


1920 ജൂലൈ 25ന് ലണ്ടനിലെ ഒരു സമ്പന്ന ജൂത കുടുംബത്തിലാണ് റോസലിന്‍ഡ എല്‍സീ ഫ്രാങ്ക്ളിന്‍ ജനിക്കുന്നത്. വിദ്യാഭ്യാസത്തിനും സാമൂഹിക സേവനത്തിനും ഏറെ വില കല്‍പ്പിച്ചിരുന്ന കുടുംബമായിരുന്നു റോസലിന്റേത്‌. കേംബ്രിജ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ ന്യൂഹാം വിമെന്‍സ് കോളെജില്‍ നിന്ന് ഫിസിക്സും കെമിസ്ട്രിയും പഠിച്ചതിന് ശേഷം ബ്രിട്ടീഷ് കോള്‍ യൂട്ടിലൈസേഷന്‍ റിസര്‍ച്ച് അസോസിയേഷന്റെ ഭാഗമായിരുന്നു റോസലിന്‍. ഫോസില്‍ ഇന്ധനമായ കല്‍ക്കരിയുടെ സാന്ദ്രത, ഘടന, രാസസംയോഗം എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അന്ന് റോസലിന്‍ കണ്ടെത്തിയിരുന്നു. കല്‍ക്കരി സംബന്ധിച്ച ഗവേഷണം ശാസ്ത്രലോകത്ത് അവള്‍ക്ക് അംഗീകാരം നേടിക്കൊടുത്തു.

1946ല്‍ റോസലിന്‍ പാരീസിലെത്തി. എക്സ്-റേ ക്രിസ്റ്റോലഗ്രഫിയിലുള്ള തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം. പാരീസ് ജീവിതം അവള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടെങ്കിലും കിംഗ്സ് കോളെജില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ തിരിച്ച് ലണ്ടനിലേക്ക് പോയി.

കിംഗ്സ് കോളെജില്‍ റോസലിന്‍ സന്തോഷവതി ആയിരുന്നില്ലെന്നാണ് അവരുടെ ജീവചരിത്രമെഴുതിയ ബ്രെന്‍ഡ മഡോക്സ് പറയുന്നത്. എന്നാലത് അവിടുത്തെ ലിംഗ വിവേചനം മൂലമായിരുന്നില്ലെന്നും മതമടക്കമുള്ള മറ്റ് വിഷയങ്ങള്‍ കൊണ്ടായിരുന്നെന്നും അവരുടെ തന്നെ ഡയറികുറിപ്പുകള്‍ ചൂണ്ടിക്കാട്ടി ബ്രെന്‍ഡ പറയുന്നു. അതിനാല്‍ ഡിഎന്‍എയെ കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കുക എന്നതിനേക്കാളും കിംഗ്സ് കോളെജില്‍ നിന്ന് എത്രയും വേഗം പുറത്തുചാടുകയെന്നതായിരുന്നു അവളുടെ ലക്ഷ്യം. ഡിഎന്‍എ ഘടനയോട് ഏറ്റവും അടുത്തെത്തിയിട്ടും അത് മുഴുമിപ്പിക്കാതെ ലണ്ടനിലെ ബ്രിക്ബെക് കോളെജിലേക്ക് അവള്‍ കൂടുമാറിയത് അതിനാലാകും.

ബ്രിക്ബെക് കോളെജില്‍ റോസലിന്‍ സന്തോഷവതിയായിരുന്നു.  അവിടെ ടൊബാക്കോ മൊസൈക് വൈറസുകളെ (ടിഎംവി) കുറിച്ച് പഠിക്കുന്ന ഗവേഷക സംഘത്തിന്റെ മേധാവിയായിരുന്നു അവര്‍. അക്കാലത്ത് പുകയിലച്ചെടികളെ പിടികൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന വൈറസായിരുന്നു ടിഎംവി.

എക്സ്-റേ രംഗത്തെ തന്റെ കഴിവുകള്‍ ഉപയോഗിച്ച് ടിഎംവി വൈറസുകളുടെ ആര്‍എന്‍എ ഘടന തയ്യാറാക്കാനായിരുന്നു അവരുടെ ശ്രമം. അവരതില്‍ വിജയിക്കുകയും ചെയ്തു. അവയുടെ വിശദമായ എക്സ്-റേ ഡിഫ്രാക്ഷന്‍ ചിത്രങ്ങള്‍ റോസലിന്‍ഡ തയ്യാറാക്കി. ബാക്ടീരിയകളുടെയും മറ്റ് ജീവജാലങ്ങളുടെയും ഡിഎന്‍എയില്‍ നിന്ന് വ്യത്യസ്തമായി ടിഎംവിയുടെ ആര്‍എന്‍എ (റൈബോന്യൂക്ലിക് ആസിഡ്) ഒറ്റ ഇഴയുള്ള വളഞ്ഞുവളഞ്ഞുള്ള ഒന്നാണെന്നും അത് സെന്‍ട്രല്‍ കാവിറ്റിയില്‍ അല്ല അതിന്റെ പ്രോട്ടീനിലാണെന്നുമുള്ള കണ്ടെത്തലുകളില്‍ റോസലിന്‍ഡ സുപ്രധാന പങ്ക് വഹിച്ചു.


പുരുഷ വര്‍ഗ്ഗത്തിന്റെ യശ്ശസ്സിനായി തന്റെ നേട്ടങ്ങള്‍ ഹോമിക്കേണ്ടി വന്ന പ്രതിഭയായിരുന്നു റോസലിന്‍


ടിഎംവി ഗവേഷണം പൂര്‍ത്തിയാക്കിയ റോസലിന്‍ഡ പിന്നീട് ഉരുളക്കിഴങ്ങ്, മുള്ളങ്കി, തക്കാളി, പയറ് തുടങ്ങി സുപ്രധാന വിളകളെ അക്രമിക്കുന്ന കീടങ്ങളെ കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു. 1957ല്‍ മുള്ളങ്കിയിലെ മഞ്ഞ മൊസൈക് വൈറസിന്റെ ഘടനയ്ക്ക് സമാനമായ പോളിയോ വൈറസിനെ കുറിച്ചുള്ള പഠനത്തിനും റോസലിന്‍ഡ തുടക്കമിട്ടിരുന്നു. അക്കാലത്ത് പോളിയോ ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഒരു സാംക്രമികരോഗമായിരുന്നു. എന്നാല്‍ വിധി അവള്‍ക്കെതിരായിരുന്നു. 1956ല്‍ അവള്‍ക്ക് അണ്ഡാശയ അര്‍ബുദം സ്ഥിരീകരിക്കപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷം തന്റെ മുപ്പത്തിയേഴാം വയസ്സില്‍ ആ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു.

മരണം വരെ അവള്‍ ആ സത്യം അറിഞ്ഞില്ല

ഡിഎന്‍എയുടെ ഇരട്ട ചുറ്റുഗോവണി ആകൃതിയിലുള്ള ഘടന ആദ്യമായി ഒപ്പിയെടുത്ത തന്റെ 'ഫോട്ടോ 51' എന്ന മനോഹര ചിത്രം ഇല്ലായിരുന്നെങ്കില്‍ വാട്ട്സണും ക്രിക്കിനും വില്‍കിന്‍സിനും ലോകത്തെ വിസ്മയിപ്പിച്ച ഡിഎന്‍എ മാതൃക ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ലെന്ന് മരണം വരെ റോസലിന്‍ മനസിലാക്കിയില്ലെന്നത് വേദനിപ്പിക്കുന്ന സത്യമായി അവശേഷിക്കുന്നു. പിന്നീട് ലോകത്തോട് ഏറ്റുപറച്ചില്‍ നടത്തിയെങ്കിലും മരണം വരെ സൗഹൃദം നിലനിര്‍ത്തിയ സുഹൃത്തിനോട് നിന്റെ കണ്ടെത്തലാണ് ഞങ്ങളുടെ വിജയത്തിന് അടിസ്ഥാനമെന്ന് സമ്മതിക്കാന്‍ ആ മൂവര്‍ സംഘം തയ്യാറാകാതിരുന്നതും ഖേദകരമാണ്.

ഡിഎന്‍എ ഘടനയുടെ കണ്ടെത്തലില്‍ മനപ്പൂര്‍വ്വം തഴയപ്പെട്ട വ്യക്തിത്വമായും അര്‍ഹതയുണ്ടായിട്ടും നൊബേല്‍ പുരസ്‌കാരം ലഭിക്കാതെ പോയ പ്രതിഭയായിട്ടുമാണ് റോസലിന്‍ ഫ്രാങ്ക്ളിന്‍ പ്രശസ്തയായത്. ശാസ്ത്രലോകം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചതിയുടെ കഥയാണ് അതെന്നത് ശരിയാണ്. പക്ഷേ തെറ്റിദ്ധരിക്കപ്പെട്ട ഒരു നായിക മാത്രമല്ല അവള്‍, കല്‍ക്കരി, കാര്‍ബണ്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ലോകത്തിന് നേട്ടമായ പല ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളും നടത്തിയ, സമൂഹത്തിന് ഭീഷണി ഉയര്‍ത്തിയ വൈറസുകളുടെ ജനിതക സവിശേഷതകള്‍ സൂക്ഷ്മമായി പഠിച്ച് അവയെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ട യഥാര്‍ത്ഥ ശാസ്ത്ര നായികയായിരുന്നു റോസലിന്‍ ഫ്രാങ്ക്ളിന്‍.