
സ്വന്തമായി സ്പീഡ് ബോട്ട് നിര്‍മിച്ച് യാത്ര ചെയ്ത പതിനഞ്ചു വയസുകാരന്
ഒരു സ്പീഡ് ബോട്ടില്‍ കയറണമെന്ന് അതിയായി ആഗ്രഹിച്ച രഞ്ജു എന്ന പത്താംക്ലാസുകാരന്, ആദ്യമായി ഒരു സ്പീഡ് ബോട്ടില്‍ കയറുന്നത് താന്‍ സ്വന്തമായുണ്ടാക്കിയ ബോട്ടിലാണ്
വീടിന് മുന്നിലെ കായലിലൂടെ ദിനം പ്രതി പാഞ്ഞുപോകുന്ന സ്പീഡ് ബോട്ടുകള്‍ കണ്ട് പലപ്പോഴും രഞ്ജു രതീഷ് എന്ന കൗമാരക്കാരന്റെ ഉള്ളില്‍ ഒരു ആഗ്രഹം മുളച്ചു; എപ്പോഴെങ്കിലും അതില്‍ ഒന്നു കയറണമെന്ന്. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്പീഡ് ബോട്ടില്‍ ഒന്നു കയറാനായില്ല. ഒരു സ്പീഡ് ബോട്ട് സ്വന്തമാക്കാനുള്ള രഞ്ജുവിന്റെ അച്ഛന് രതീഷിന്റെ ആഗ്രഹവും സാമ്പത്തിക പ്രതിസന്ധി മൂലം തടസ്സമായി നിന്നു. എങ്കില്‍ പിന്നെ ഒന്നു സ്വന്തമായി ഉണ്ടാക്കി നോക്കിയാലോ എന്നായി പത്താം ക്ലാസുകാരന് രഞ്ജുവിന്റെ ചിന്ത. ആ ആഗ്രഹവും പരിശ്രമവും എത്തിനിന്നത് ഒരു സ്വപ്ന സാക്ഷാത്കാരത്തിലാണ്.
ചെറിയ വലിയ പരിശ്രമങ്ങള്‍
നമ്മള് ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അത് നേടിത്തരാനായി ഈ ലോകം മുഴുവന്‍ നമ്മുടെ സഹായത്തിനായി എത്തും എന്ന് പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോ പറഞ്ഞത് ശരിയാണെന്ന് പലര്‍ക്കും അനുഭവങ്ങളിലൂടെ തിരിച്ചറിയാറുണ്ട്. അതുപോലെയാണ് രഞ്ജുവിനും തന്റെ അനുഭവം തെളിയിച്ചത് എന്നു പറയേണ്ടി വരും. കാരണം, ഒരു സ്പീഡ് ബോട്ടില്‍ കയറണമെന്ന് അതിയായി ആഗ്രഹിച്ച്, അതുപോലൊന്ന് സ്വന്തമാക്കാന്‍ ആഗ്രഹിച്ച രഞ്ജു ആദ്യമായി ഒരു സ്പീഡ് ബോട്ടില്‍ കയറുന്നത് താന്‍ സ്വന്തമായുണ്ടാക്കിയ ബോട്ടിലാണ്. അതെ, വിധി ചില ചെറിയ സര്‍പ്രൈസുകള്‍ നമുക്ക് തരാറുണ്ട്. പക്ഷേ അതിനായി നമ്മളും പരിശ്രമിക്കണമെന്നു മാത്രം.
ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലാണ് രഞ്ജുവിന്റെ വീട്. വീടിന് മുന്നിലെ കായലും വെള്ളവും ഒക്കെ രഞ്ജുവിന് എന്നും ഏറെ പ്രിയമാണ്. കുട്ടനാടിന്റെ ഭാഗമായതുകൊണ്ടു തന്നെ ഇവിടെ ജീവിക്കുന്നവര്‍ക്ക് കായല്‍ യാത്രയും വള്ളവും ബോട്ടുമില്ലാതെ ഒരു ജീവിതവുമില്ല. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രഞ്ജു ആദ്യമായി ബോട്ടിന്റെയും കാറിന്റെയും മറ്റും ചെറുരൂപങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. ചിത്രരചനയില്‍ താത്പര്യമുണ്ടായിരുന്ന രഞ്ജുവിന് അതെല്ലാം എളുപ്പമായിരുന്നു. അങ്ങനെയിരിക്കെയാണ് കുറച്ചുകൂടി വലിയ മാതൃക ചെയ്താലോ എന്ന് രഞ്ജുവിന് തോന്നിയത്.
വീടിനു മുന്നിലൂടെ എപ്പോഴും പാഞ്ഞുപോകുന്ന സ്പീഡ് ബോട്ടില്‍ കണ്ണുടക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. കായലിന്റെ ഓളപ്പരപ്പിലൂടെ അതില്‍ കയറി പായണമെന്ന രഞ്ജുവിന്റെ ആഗ്രഹം മാത്രം പക്ഷേ നടന്നില്ല. അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛനും അങ്ങനെയൊരു സ്പീഡ് ബോട്ട് സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് രഞ്ജുവിന് മനസ്സിലായി. പക്ഷേ ഒരു സ്പീഡ് ബോട്ട് വാങ്ങാനായി നാല് ലക്ഷം രൂപ വരെ ഏകദേശം ചിലവ് വരും. അതുകൊണ്ട് ആ മോഹം അച്ഛന് രതീഷും ഉള്ളിലൊതുക്കുകയായിരുന്നു. എന്നാല്‍ പിന്നെ ഒന്നു അങ്ങ് ഉണ്ടാക്കി നോക്കാമെന്നായി രഞ്ജുവിന് ചിന്ത.
ആശയം രൂപംകൊണ്ടപ്പോള്‍
തന്റെ മനസ്സിലള്ള ആശയം വച്ച് രഞ്ജു ബോട്ട് നിര്‍മാണം തുടങ്ങി. കൂടെ കട്ടയ്ക്ക് സപ്പോര്‍ട്ടുമായി ചേട്ടന് രാഹുലും അച്ഛന് രതീഷും അമ്മ മഞ്ജുവും രഞ്ജുവിന് ആത്മവിശ്വാസം നല്കി. പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ബോട്ട് നിര്‍മാണം തുടങ്ങിയത്. മനസ്സിലുള്ള അറിവുകളും ശാസ്ത്ര പുസ്തകത്തിനു പുറത്തെ പ്രായോഗിക പരിഞ്ജാനവും എല്ലാം വച്ച് രഞ്ജു സ്പീഡ് ബോട്ടിന്റെ എന്ജിന് സ്റ്റാര്‍ട്ട് ചെയ്തു. ഇരുമ്പ് ഫ്രെയിം കൂട്ടി മറൈന്‍ പ്ലൈവുഡും അതിനു മുകളില്‍ ഫൈബറും വച്ചാണ് ബോട്ടിന്റെ രൂപം തയ്യാറാക്കിയത്. വീട്ടിലുണ്ടായിരുന്ന യമഹയുടെ ഒരു എന്‍ജിനും ഇതിനോട് ചേര്‍ത്തുവച്ചു.
സാധാരണ സ്പീഡ് ബോട്ടുകളില്‍ ഉപയോഗിക്കുന്ന പോലെ മികച്ച ഹോഴ്സ് പവര്‍ ഉള്ള എന്ജിന് പണച്ചിലവ് കൂടും. അതുകൊണ്ടാണ് കൈയ്യിലുണ്ടായിരുന്ന എന്ജിന് ഇതിനായി ഉപയോഗിച്ചതെന്ന് രഞ്ജു പറയുന്നു. എങ്കിലും കായലിനു മീതെ ഒന്നു പായാനും തന്റെ ആഗ്രഹത്തിനനുസരിച്ച് യഥേഷ്ടം വെള്ളത്തില്‍ കറങ്ങാനും ഇത് ധാരാളമാണെന്ന് പറയുന്നു ഈ കുട്ടനാടുകാരന്‍. മറ്റൊരു വാഹനത്തിന്റെ സ്റ്റീയറിങ്ങാണ് ബോട്ടിനായി ഉപയോഗിച്ചത്. എട്ടു പേര്‍ക്ക് ഇരിക്കാവുന്ന ബോട്ടില്‍ സീറ്റിങ്ങെല്ലാം ഇരുമ്പു കൊണ്ടാണ് ചെയ്തത്.
വെല്‍ഡിങ് ചെയ്യാന്‍ അറിയില്ലായിരുന്നു. അതിനായി ഒരു മെഷീന് വാടകയ്ക്ക് എടുത്ത് ചെയ്തു പഠിച്ചാണ് ബോട്ട് സ്വയം വെല്‍ഡ് ചെയ്തത്- അഭിമാനത്തോടെ രഞ്ജു സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു. ചെറിയ സഹായങ്ങള്‍ക്ക് അച്ഛനും ചേട്ടനും കൂടിയതൊഴിച്ചാല്‍ ബാക്കിയെല്ലാം രഞ്ജു തന്നെയാണ് ചെയ്തത് എന്നു പറയുമ്പോള്‍ ആ മുഖത്ത് സന്തോഷം നിറയുന്നു. അങ്ങനെ തന്റെ നാലു മാസം നീണ്ട പരിശ്രമത്തിനൊടുവില്‍ രഞ്ജു എന്ന പതിനഞ്ചു വയസ്സുകാരന് ആ സ്വപ്നം പൂര്‍ത്തിയാക്കി. എഴുപത്തിയയ്യായിരം രൂപയ്ക്കാണ് രഞ്ജു സ്പീഡ് ബോട്ട് പൂര്‍ത്തിയാക്കിയത്.
ഇന്ന് ഈ ബോട്ടിലൂടെ തന്റെ വീടിന് മുന്നിലൂടെ സ്പീഡില്‍ പോകുമ്പോള്‍, പരിശ്രമിച്ചാല്‍ എന്തും നേടാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ കൗമാരക്കാരന്. സ്പീഡ് ബോട്ടിന് ശേഷം തകര വീപ്പകൊണ്ട് രണ്ടു പേര്‍ക്ക് കയറിയിരിക്കാന്‍ കഴിയുന്ന ഒരു ചെറു ബോട്ട്് കൂടി നിര്‍മിച്ചിട്ടുണ്ട് രഞ്ജു. അടുത്തതായി ഒരു ഹൗസ് ബോട്ട് കൂടി സ്വന്തമായി നിര്‍മിക്കണമെന്നാണ് ഈ പതിനൊന്നാം ക്ലാസുകാരന്റെ ആഗ്രഹം. പ്ലസ് ടുവിന് ശേഷം മറൈന്‍ എന്‍ജിനിയറിങ്ങിന് ചേരാനാണ് പുളിങ്കുന്ന് സെന്റ്. ജോസഫ് എച്ച്എസ്എസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ രഞ്ജുവിന്റെ പദ്ധതി.