Oct 25, 2021 • 14M

അനന്തതയെ ആവാഹിച്ച രാമാനുജന്റെ കഥ-ഭാഗം 1

32 വയസ് വരെ മാത്രം ജീവിച്ച ശ്രീനിവാസ രാമാനുജന്‍ എന്ന പ്രതിഭ ഗണിതശാസ്ത്രത്തിന്റെ 'നിഗൂഢ'തകള്‍ക്ക് നല്‍കിയ സംഭാവനകള്‍ അത്രമേല്‍ മഹത്തരമാണ്

9
6
 
1.0×
0:00
-14:14
Open in playerListen on);
Episode details
6 comments

പുതിയ ഗണിതശാസ്ത്ര ഫോര്‍മുലകള്‍ വികസിപ്പിക്കാവുന്ന, കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യിലധിഷ്ഠിതമായ ഒരു മെഷിന്‍ ഗവേഷകര്‍ വികസിപ്പിച്ചിട്ട് അധിക കാലമായിട്ടില്ല. അവരതിനൊരു പേരിട്ടു, ദ രാമാനുജന്‍ മെഷിന്‍. എന്താ കരണമെന്നല്ലേ...32 വയസ് വരെ മാത്രം ജീവിച്ച ശ്രീനിവാസ രാമാനുജന്‍ എന്ന പ്രതിഭ ഗണിതശാസ്ത്രത്തിന്റെ 'നിഗൂഢ'തകള്‍ക്ക് നല്‍കിയ സംഭാവനകള്‍ അത്രമേല്‍ മഹത്തരമാണ്. അനന്തതയെ അറിഞ്ഞ രാമാനുജന്റെ കഥയിലേക്ക്...

''ഞാന്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസായിട്ടുണ്ട്. ഫസ്റ്റ് ആര്‍ട്സ്(എഫ്എ) വരെ വരെ പഠിച്ചെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പഠനം തുടരാനായില്ല. എങ്കിലും, എന്റെ എല്ലാ സമയവും ഞാന്‍ ഗണിതശാസ്ത്രത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ഗണിതശാസ്ത്രത്തെ കൂടുതല്‍ ഉന്നതിയിലെത്തിക്കാനാണ് എന്റെ ശ്രമം.''

ഒരു നൂറ്റാണ്ട് മുമ്പ് ഗുമസ്തപ്പണിയില്‍ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു യുവാവെഴുതിയ കത്തിലെ വരികളാണിത്. പേര് ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍.

1912ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് മദ്രാസ് പോര്‍ട്ട് ട്രസ്റ്റില്‍ ഗുമസ്തപ്പണിക്കായി അപേക്ഷിച്ച് കൊണ്ട് ലോകം കണ്ട മഹാപ്രതിഭകളില്‍ ഒരാളായ ശ്രീനിവാസ രാമാനുജന്‍ മാനേജ്മെന്റിന് കത്തയച്ചത്. ദാരിദ്ര്യവും ഇല്ലായ്മയുമായിരുന്നു ആ കത്തിന്റെ ഇതിവൃത്തം. നന്നേ ചെറുപ്പത്തിലേ ഗണിതശാസ്ത്രത്തില്‍ അസാമാന്യ വൈഭവം പ്രകടമാക്കിയ രാമാനുജനിലെ പ്രതിഭയ്ക്ക് ദാരിദ്ര്യം എന്നുമൊരു വിലങ്ങുതടിയായിരുന്നു. ഗണിതശാസ്ത്ര സമസ്യകളില്‍ സ്വയം സമര്‍പ്പിച്ച് ഗവേഷണങ്ങളില്‍ മുഴുകുമ്പോഴും വിശപ്പ് അദ്ദേഹത്തെ തട്ടിവിളിച്ചു. ഒരു ജോലിയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം മദ്രാസ് പോര്‍ട്ട് ട്രെസ്റ്റിന് കത്തെഴുതുന്നത്. അപ്പോഴും തന്നിലെ ഗണിതശാസ്ത്ര പ്രതിഭയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസം ആ കത്തില്‍ നിഴലിച്ചിരുന്നു.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവമോ ദാരിദ്ര്യമോ രാമാനുജനിലെ ഗണിതശാസ്ത്ര അഭിനിവേശത്തെ കെടുത്തിയില്ല. ചെറിയ പ്രായത്തില്‍ തന്നെ താന്‍ നടത്തിയ കണ്ടെത്തലുകള്‍ എല്ലാം അദ്ദേഹം നോട്ടുപുസ്തകങ്ങളില്‍ കുറിച്ചുവെച്ചു. പില്‍ക്കാലത്ത് 'രാമാനുജന്റെ നോട്ടുപുസ്തകങ്ങളെ'ന്ന പേരില്‍ അവ വിഖ്യാതമായി. പക്ഷേ, പുസ്തകങ്ങളും കടലാസുകളും വാങ്ങാനുള്ള ചിലവ് മൂലം ക്രിയകള്‍ വെട്ടിച്ചുരുക്കി, സിദ്ധാന്തങ്ങളുടെ കാതലായ ഭാഗങ്ങള്‍ മാത്രമാണ് രാമാനുജന്‍ കുറിച്ച് വച്ചിരുന്നത്. 32 വര്‍ഷങ്ങള്‍  മാത്രം നീണ്ടുനിന്ന ആ ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹത്തെ വരിഞ്ഞുമുറുക്കിയ ദാരിദ്ര്യത്തിന്റെ ആഴമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ക്രിയകളുടെ അഭാവം മൂലം ആദ്യകാലത്ത് രാമാനുജന്‍ നടത്തിയ മിക്ക കണ്ടെത്തലുകള്‍ക്കും തെളിവുകള്‍ ആവശ്യമായിരുന്നു. പിന്നീട് അവയില്‍ ചിലതെല്ലാം പരിഹരിക്കപ്പെട്ടെങ്കിലും ഇപ്പോഴും രാമാനുജന്റെ പല സിദ്ധാന്തങ്ങളും വലിയ ചോഗദ്യചിഹ്നങ്ങളായി ഗണിതശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ അവശേഷിക്കുന്നു.

ആഘോഷിക്കപ്പെടേണ്ട ഒരു ജീവിതത്തിന് ഉടമയായിരുന്നുവെങ്കിലും തുടക്കത്തില്‍ ദാരിദ്ര്യവും പിന്നീട് അനാരോഗ്യവും കരിനിഴല്‍ വീഴ്ത്തിയ ജീവിതമായിരുന്നു രാമാനുജന്റേത് എന്നതാണ് വാസ്തവം.

അച്ഛന്‍ തുണിക്കടയിലെ കണക്കെഴുത്തുകാരന്‍

കേരളത്തോട് തൊട്ട് കിടക്കുന്ന തമിഴ്നാട്ടിലെ ഈറോഡില്‍ 1887 ഡിസംബര്‍ 22നാണ് രാമാനുജന്‍ ജനിക്കുന്നത്. പിതാവ് ശ്രീനിവാസ അയ്യങ്കാര്‍ ഒരു തുണിക്കടയിലെ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാള്‍. രാമാനുജന് ഒരു വയസായപ്പോള്‍ കുടുംബം കുംഭകോണത്തേക്ക് താമസം മാറ്റി. കുംഭകോണത്തെ പല സ്‌കൂളുകളിലായിരുന്നു രാമാനുജന്റെ പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് എല്ലാ വിഷയങ്ങളിലും മിടുക്കനായിരുന്നു അദ്ദേഹം. 1897 നവംബറിലെ പ്രാഥമിക പരീക്ഷയില്‍ തഞ്ചാവൂര്‍ ജില്ലയിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു.

വളരെ ചെറിയ പ്രായത്തിലേ ഗണിതത്തോട് അസാധാരണ താല്‍പ്പര്യം പ്രകടിപ്പിച്ച കൊച്ചു രാമന്റെ ലോകം ഗണിതവും കൂട്ടുകാര്‍ സംഖ്യകളുമായിരുന്നു. രാമാനുജനിലെ ഗണിതശാസ്ത്ര പ്രതിഭയെ അധ്യാപകര്‍ തിരിച്ചറിഞ്ഞ ആദ്യ സംഭവമായി പറയപ്പെടുന്ന ഒരു കഥയുണ്ട്. 'രാമാനുജന്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ ഏത് സംഖ്യയെയും അതേ സംഖ്യ കൊണ്ട് ഹരിച്ചാല്‍ ഉത്തരം ഒന്നായിരിക്കുമെന്ന് ഗണിതശാസ്ത്ര അധ്യാപകന്‍ പ്രസ്താവിച്ചു. മൂന്നുപഴം മൂന്ന് കുട്ടികള്‍ക്ക് വീതിച്ച് കൊടുത്താന്‍ ഓരോരുത്തര്‍ക്കും ഓരോ പഴം കിട്ടുമെന്ന ഉദാഹരണവും അദ്ദേഹം മുന്നോട്ടുവെച്ചു. പക്ഷേ ഇല്ലാത്ത പഴം ഇല്ലാത്ത ആളുകള്‍ക്ക് വീതിച്ചുനല്‍കിയാല്‍ ഒരോരുത്തര്‍ക്കും എന്തുകിട്ടുമെന്ന സംശയം രാമാനുജന്‍ ഉന്നയിച്ചു. പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ ഉത്തരം ഒന്ന് തന്നെ ആയിരിക്കുമോ എന്നതായിരുന്നു ആ സംശയത്തിന്റെ കാരണം.'

ഗണിതത്തോടുള്ള അഗാധ പ്രണയം

1898ല്‍ തുടര്‍വിദ്യാഭ്യാസത്തിനായി രാമാനുജനെ കുംഭകോണത്തെ ടൗണ്‍ ഹൈസ്‌കൂളില്‍ ചേര്‍ത്തു. ഗണിതശാസ്ത്രത്തോട് അടങ്ങാത്ത ആവേശമായിരുന്നു ഈ കാലയളവിലെല്ലാം രാമാനുജന്‍ പ്രകടിപ്പിച്ചിരുന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയല്‍വാസിയുടെ കയ്യില്‍ നിന്നും വാങ്ങിയ എസ് എല്‍ ലോണിയുടെ ത്രികോണമിതിയെ കുറിച്ചുള്ള പുസ്തകവും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജോര്‍ജ്ജ് ഷൂബ്രിഡ്ജ് കാര്‍ എന്ന ഗണിത ശാസ്ത്ര അധ്യാപകന്റെ 'A Synopsis Of Elementary Results In Pure Mathematics'  എന്ന ഗ്രന്ഥവും രാമാനുജന്‍ വായിച്ച് പൂര്‍ത്തിയാക്കിയെന്നത് ഇതിന് തെളിവാണ്. കാറിന്റെ പുസ്തകം രാമാനുജനില്‍ വലിയ സ്വാധീനമുണ്ടാക്കി. പല സിദ്ധാന്തങ്ങളും സമവാക്യങ്ങളും ഹ്രസ്വമായ തെളിവുകളുമാണ് 1886ല്‍ പ്രസിദ്ധീകരിച്ച ആ ഗ്രന്ഥത്തില്‍ ഉണ്ടായിരുന്നത്. രാമാനുജന്‍ ഉപയോഗിക്കുന്ന സമയത്ത് അതില്‍ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളുടെയും പ്രസക്തി നഷ്ടപ്പെട്ടിരുന്നു. എങ്കിലും രാമാനുജനെ സംബന്ധിച്ചെടുത്തോളം തനിക്കുള്ളിലെ ഗണിതശാസ്ത്രത്തിന്റെ കനല്‍ ഊതി ജ്വലിപ്പിക്കാനുള്ള ആദ്യത്തെ ആയുധമായിരുന്നു കാറിന്റെ പുസ്തകം. അതിലെ ഗണിതശാസ്ത്ര സമസ്യകള്‍ രാമാനുജന്‍ സ്വന്തമായി പരിഹരിച്ചു. അവ ഉപയോഗിച്ച് സ്വന്തമായി മറ്റ് പല സിദ്ധാന്തങ്ങളും വികസിപ്പിച്ചു. അവയെല്ലാം കുറിച്ച് സൂക്ഷിച്ചുവെച്ചു. പക്ഷേ വളരെ ഹ്രസ്വമായാണ് തന്റെ ഓരോ കണ്ടെത്തലും രാമാനുജന്‍ എഴുതിവെച്ചിരുന്നത്. കാറിന്റെ പുസ്തകം മാതൃകയാക്കിയത് കൊണ്ടാണോ അതല്ല കടലാസുകള്‍ക്കായി ചിലവഴിക്കാന്‍ പണം ഇല്ലാത്തത് കൊണ്ടാണോ അതുമല്ലെങ്കില്‍ തന്റെ ഗണിതഫലങ്ങള്‍ക്ക് തെളിവ് ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണോ അദ്ദേഹമങ്ങനെ ചെയ്തതെന്നത് വ്യക്തമല്ല. അക്കാലത്ത് വിവിധതരത്തിലുള്ള സംഖ്യാശ്രേണികളുടെ ആകെത്തുക കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും രാമാനുജന്‍ ആരംഭിച്ചിരുന്നു.

രാമാനുജനിലെ ഗണിതശാസ്ത്ര പ്രതിഭയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 1904കളില്‍ അദ്ദേഹം ആഴത്തിലുള്ള ഗവേഷണങ്ങളില്‍ മുഴുകി. ഏതെങ്കിലും ഒരു സംഖ്യ വരെയുള്ള ഭിന്നസംഖ്യകളുടെ ആകെ എണ്ണം, പതിനനഞ്ച് ദശാംശ സ്ഥാനങ്ങള്‍ വരെയുള്ളതിന്റെ യൂലേഴ്സ് കോണ്‍സ്റ്റന്റ്, ബെര്‍ണോലി സംഖ്യകള്‍ എന്നിവയെക്കുറിച്ചെല്ലാം രാമാനുജന്‍ പല കണ്ടുപിടിത്തങ്ങളും നടത്തി. അവയില്‍ പലതും പിന്നീട് ഗണിതശാസ്ത്രത്തിന് രാമാനുജന്‍ നല്‍കിയ വലിയ സംഭാവനകളായി.

1903ല്‍ ഒന്നാംക്ലാസോടെയാണ് രാമാനുജന്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസാകുന്നത്. തുടര്‍ന്ന് കുംഭകോണത്തുള്ള ഗവണ്‍മെന്റ് കോളെജില്‍ തുടര്‍പഠനത്തിനായി ചേര്‍ന്നു. പഠനത്തിലുള്ള മിടുക്ക് കാരണം സ്‌കോളര്‍ഷിപ്പോടെയായിരുന്നു കോളെജ് കാലം. പക്ഷേ അപ്പോഴോക്കും രാമാനുജന്റെ ലോകം ഗണിതശാസ്ത്രം മാത്രമായി മാറിയിരുന്നു. മറ്റ് വിഷയങ്ങളിലുള്ള താല്‍പ്പര്യം പൂര്‍ണ്ണമായി നഷ്ടപ്പെട്ടതോടെ വര്‍ഷാന്ത്യ പരീക്ഷയില്‍ ജന്തുശാസ്ത്രം, ശരീരശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ തോല്‍ക്കുന്ന സ്ഥിതി വന്നു. അതോടെ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് നഷ്ടമായി. ഇത് രാമാനുജനെ മാനസികമായി തളര്‍ത്തിയെന്നും അദ്ദേഹം വീട് വിട്ട് വിശാഖപട്ടണത്തേക്ക് പോയെന്നും കഥകളുണ്ട്. അപ്പോഴും ഗണിതശാസ്ത്ര ഗവേഷണങ്ങള്‍ അദ്ദേഹം കൈവിട്ടില്ല. ഹൈപ്പര്‍ജോമെട്രിക് ശ്രേണികളും അഭാജ്യസംഖ്യകളുമായി അവയ്ക്കുള്ള ബന്ധവുമൊക്കെ കണ്ടെത്തുന്നതില്‍ വ്യാപൃതനായിരുന്നു അയാള്‍. പിന്നീട് പഴയ കോളെജില്‍ പഠനം തുടരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും പിതാവിന്റെ നിര്‍ബന്ധത്തില്‍ 1906ല്‍ മദ്രാസിലെ പച്ചയ്യപ്പാസ് കോളെജില്‍ ജൂനിയര്‍ ഫസ്റ്റ് ആര്‍ട്സിന് ചേരുകയും ചെയ്തു.

എഫ്എ പരീക്ഷ പാസായാല്‍ രാമാനുജന് നല്ലൊരു ജോലി ലഭിക്കുമെന്ന ചിന്തയിലായിരുന്നു പിതാവ് കോളെജില്‍ അയച്ചത്. പരീക്ഷ പാസായാല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ പഠിക്കാമെന്നതായിരുന്നു രാമാനുജന്റെ ചിന്ത. പക്ഷേ അവിടെയും കണക്കിനോട് മാത്രമായിരുന്നു രാമാനുജന്റെ താല്‍പ്പര്യം. പച്ചയ്യപ്പാസില്‍ അസുഖം കാരണം ഇടയ്ക്ക് രാമാനുജന് പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് എഫ് എ പരീക്ഷ എഴുതിയെങ്കിലും കണക്കിന് നൂറ് ശതമാനം മാര്‍ക്കും  മറ്റ് വിഷയങ്ങള്‍ക്ക് തോല്‍വിയുമായിരുന്നു ഫലം. ഇതോടെ നല്ലൊരു ജോലി, സര്‍വ്വകലാശാല പഠനം എന്നീ മോഹങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. അപ്പോഴും ഇതിനെല്ലാം കാരണമായ ഗണിതശാസ്ത്രവുമായുള്ള ആത്മബന്ധം ഉപേക്ഷിക്കാന്‍ ആ അപൂര്‍വ്വ ധിഷണാശാലി തയ്യാറായിരുന്നില്ല.

പൊതുവെ മൗനിയും അന്തര്‍മുഖനും ആയിരുന്ന രാമാനുജന്‍ ഗണിതശാസ്ത്ര സംവാദങ്ങളില്‍ വാചാലനായിരുന്നതായി പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പച്ചയപ്പാസിലെ ഗണിതശാസ്ത്ര അധ്യാപകനായ പ്രൊഫസര്‍ എന്‍ രാമാനുജാചാരിയും രാമാനുജനും തമ്മില്‍ ഗണിത വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നു. പരിസരം പോലും മറന്ന് സുഹൃത്തുക്കള്‍ക്ക് കണക്കുകള്‍ക്ക് വിശദീകരിച്ച് കൊടുക്കാനും രാമാനുജന് അതീവ താല്‍പ്പര്യമായിരുന്നു.

വിവാഹവും തൊഴിലന്വേഷണങ്ങളും

സര്‍വ്വകലാശാല പഠനമെന്ന മോഹം പൊലിഞ്ഞെങ്കിലും തുടര്‍വര്‍ഷങ്ങളിലും രാമാനുജന്‍ ഗവേഷണങ്ങള്‍ തുടര്‍ന്നു. ആരുടെയും സഹായമോ എന്തിന് ഗണിതശാസ്ത്രത്തില്‍ ഔപചാരിക വിദ്യഭ്യാസം പോലുമില്ലാതെ സ്വന്തമായി പല സിദ്ധാന്തങ്ങളും അദ്ദേഹം ഈ കാലയളവില്‍  വികസിപ്പിച്ചു. കാറിന്റെ പുസ്തകത്തിലുള്ള കാര്യങ്ങള്‍ ഒഴിച്ചാല്‍ അപ്പോള്‍ ഗണിതശാസ്ത്ര മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ എന്താണെന്നു പോലും ആ പ്രതിഭയ്ക്ക് അറിയുമായിരുന്നില്ല.

അഭാജ്യ സംഖ്യകളിലും ( fractions) സംഖ്യാശ്രേണികളിലുമായിരുന്നു രാമാനുജന്റെ മുഴുവന്‍ ശ്രദ്ധയും. ചെറുപ്രായം മുതല്‍ക്ക് പലപ്പോഴും അസുഖങ്ങള്‍ അദ്ദേഹത്തെ അവശനാക്കിയിരുന്നു. 1909ന് ഇരുപത്തിയൊന്നാം വയസ്സിലാണ് പത്തുവയസുകാരിയായ എസ് ജാനകി അമാളിനെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിച്ചതോടെ വരുമാനമില്ലാതെ കഴിയുക പ്രയാസമായി. ഗണിതശാസ്ത്ര ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ട് പോകാന്‍ സാധിക്കുന്ന തരത്തിലുള്ള ജോലിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഗണിതശാസ്ത്രത്തിലുള്ള രാമാനുജന്റെ അസാമാന്യ കഴിവ് തിരിച്ചറിയപ്പെടുന്നത് ഇക്കാലയളവിലാണ്. ജേണല്‍ ഓഫ് ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയില്‍ രാമാനുജന്‍ പല ഗണിതശാസ്ത്ര പ്രശ്നങ്ങളും ഉന്നയിക്കുകയും പ്രശ്നപരിഹാരം കണ്ടെത്തുകയും ചെയ്തു. 1911ല്‍ ഈ ജേണലില്‍ രാമാനുജന്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം ഇന്ത്യയിലെ ഗണിതശാസ്ത്ര പ്രതിഭകളുടെ ശ്രദ്ധ പിടിച്ചുപറ്റി. സര്‍വ്വകലാശാല വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും മദ്രാസിലും ഇന്ത്യയിലും രാമാനുജന്‍ ഗണിതശാസ്ത്ര പ്രതിഭയായി അംഗീകരിക്കപ്പെട്ട് തുടങ്ങി.

അപ്പോഴും നിത്യവൃത്തിക്കായി ഒരു വരുമാനമാര്‍ഗ്ഗമില്ലാത്തത് അദ്ദേഹത്തെ അലട്ടിയിരുന്നു. അങ്ങനെ ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരിലൊരാളോട് തനിക്ക് ഒരു ജോലിക്കായി ശുപാര്‍ശ ചെയ്യാന്‍ രാമാനുജന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മദ്രാസിലെ എക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ രാമാനുജന് താത്കാലികമായി നിയമനം ലഭിച്ചു. പിന്നീട് മുന്‍ അധ്യാപകന്‍ രാമാനുജചാരിയുടെ നിര്‍ബന്ധത്തില്‍ രാമാനുജന്‍ അന്നത്തെ നെല്ലൂര്‍ കളക്ടര്‍ ആയിരുന്ന രാമചന്ദ്ര റാവുവിനെ ചെന്ന് കണ്ടു. തന്റെ ഗണിതശാസ്ത്ര കണ്ടെത്തലുകള്‍ കുറിച്ച് വെച്ചിരിക്കുന്ന നോട്ടുപുസ്തകങ്ങളും അദ്ദേഹം കൊണ്ടുപോയിരുന്നു. ഈ കണ്ടുമുട്ടലിനെ കുറിച്ച് പിന്നീട് റാവു പറഞ്ഞത് ഇങ്ങനെയാണ്.

''വലിയ സൗന്ദര്യമോ വൃത്തിയോ ഒന്നും അവകാശപ്പെടാനില്ലാത്ത, തിളക്കമുള്ള കണ്ണുകള്‍ ഉള്ള ആ കുറിയ മനുഷ്യന്‍  കക്ഷത്തില്‍ ഒരു കെട്ട് പഴഞ്ചന്‍ നോട്ടുപുസ്തകങ്ങളുമായി വന്നു. അയാള്‍ കടുത്ത ദാരിദ്ര്യത്തില്‍ ആയിരുന്നു...പുസ്തകം തുറന്ന് അദ്ദേഹം തന്റെ കണ്ടുപിടിത്തങ്ങളെ കുറിച്ച് എന്തെല്ലാമോ വിശദീകരിക്കാന്‍ തുടങ്ങി. ആദ്യം എനിക്കെന്തോ അസ്വാഭാവികമായി തോന്നി. പക്ഷേ അദ്ദേഹം പറയുന്നതില്‍ കഴമ്പുണ്ടോ, അബദ്ധമാണോ എന്ന് വിധിക്കാന്‍ എന്റെ അറിവ് അനുവദിച്ചില്ല. ഞാന്‍ അദ്ദേഹത്തോട് എന്താണ് ആവശ്യമെന്ന് ചോദിച്ചു. ഗവേഷണങ്ങള്‍ അല്ലലില്ലാതെ തുടര്‍ന്നുപോകാന്‍ ഒരു ജീവിതമാര്‍ഗ്ഗമാണ് വേണ്ടതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.''

രാമാനുജന് മദ്രാസ് സര്‍വ്വകലാശാലയില്‍ ഒരു സ്‌കോളര്‍ഷിപ്പ് തരപ്പെടുത്തിക്കൊടുക്കാന്‍ റാവു ശ്രമിച്ചെങ്കിലും എഫ്എ പരീക്ഷയിലെ മറ്റ് വിഷയങ്ങളിലെ പരാജയം തടസ്സമായി. തുടര്‍ന്ന് 1912ല്‍ രാമാനുജന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലിക്കായി അപേക്ഷിച്ചു. അപ്പോഴേക്കും മദ്രാസ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്ര അധ്യാപകര്‍ക്ക് സുപരിചതനായി രാമാനുജന്‍ മാറിയിരുന്നു. ജോലിക്കായി രാമാനുജനെ ശുപാര്‍ശ ചെയ്തുകൊണ്ട് മദ്രാസിലെ പ്രസിഡന്‍സി കോളെജിലെ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന ഇ ഡബ്ല്യൂ മിഡില്‍മസ്റ്റ് പറഞ്ഞത് ഗണിതശാസ്ത്രത്തില്‍ അസാധാരണ കഴിവുള്ള ഈ യുവാവ് ഞൊടിയിടയില്‍ കണക്കുകൂട്ടലുകള്‍ നടത്തുമെന്നാണ്. അങ്ങനെ രാമാനുജന്‍ പോര്‍ട്ട് ട്രസ്റ്റിലെ ഗുമസ്തനായി.

തുടരും