Nov 29, 2021 • 7M

ഇതാ ഒരു സാറ്റലൈറ്റ്, സമുദ്ര മാലിന്യ നിരീക്ഷണത്തിനും ശുചീകരണത്തിനും

സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യ നിരീക്ഷണത്തിന് നാസയുടെ ഒരു സാറ്റലൈറ്റ് ഉപയാഗോപ്പെടുത്താന്‍ സാധിക്കും. പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിന് പുതിയ മാനം നല്‍കുന്നു അത്

7
3
 
1.0×
0:00
-7:17
Open in playerListen on);
Episode details
3 comments

സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം-ഭാഗം 2

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് മനസിലാക്കുന്നതിന്റെ പരിമിതികളായിരുന്നു ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തില്‍ പറഞ്ഞത്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നതും അതായിരുന്നു. എത്രമാത്രം സൂക്ഷ്മ പ്ലാസ്റ്റിക് സമുദ്രത്തില്‍ അടിഞ്ഞ് കൂടുന്നുവെന്ന് കൃത്യമായി മനസിലാക്കിയാല്‍ മാത്രമേ ഇത് സംബന്ധിച്ച ബോധവല്‍ക്കരണം സാധാരണക്കാര്‍ക്കിടയില്‍ നടത്താന്‍ സാധിക്കൂ.

കൗതുകം നിറഞ്ഞ ഒരു മികച്ച ശാസ്ത്ര ലേഖനം നിങ്ങളുടെ ഇന്‍ബോക്‌സില്‍ എന്നും രാവിലെ എത്തും. ഇവിടെ ക്ലിക്ക് ചെയ്ത് സയന്‍സ് ഇന്‍ഡിക്ക സബ്‌സ്‌ക്രൈബ് ചെയ്യുക. ഇപ്പോള്‍ സൗജന്യം.

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതും നീക്കവും മനസിലാക്കിയെങ്കില്‍ മാത്രമേ അതുമൂലമുള്ള പ്രത്യാഘാതങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് തിരിച്ചറിഞ്ഞ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ ഇതിനായി ഒരു നൂതന ആശയം മുന്നോട്ടുവെച്ചിരിക്കുന്നു. നാസയുടെ സാറ്റലൈറ്റില്‍ നിന്നുമുള്ള വിവരങ്ങള്‍ സമുദ്രങ്ങളിലെ മാലിന്യത്തെ നിരീക്ഷിക്കാന്‍ ഉപയോഗപ്പെടുത്തുകയെന്നതായിരുന്നു ഇത്.


നാസ 2016ല്‍ വിക്ഷേപിച്ച സൈക്ലോണ്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം(സിവൈജിഎന്‍എസ്എസ്) കടലിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സ്ഥാനവും നീക്കവും കണ്ടെത്താന്‍ ഉപയോഗപ്പെടുമെന്നായിരുന്നു മിഷിഗണ്‍ സര്‍വ്വകലാശാല ഗവേഷകരുടെ കണ്ടെത്തല്‍


സമുദ്രങ്ങളിലെ തിരമാലകള്‍ക്കൊപ്പം സ്രോതസ്സില്‍ നിന്നും ആയിരമോ പതിനായിരമോ മൈലുകള്‍ സഞ്ചരിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളെ നിരീക്ഷിക്കുന്നതും നീക്കം ചെയ്യുന്നതും വളരെ ബുദ്ധിമുട്ടാണെന്നാണ് നാസ പറയുന്നത്. എന്നാല്‍ ഭൂമിയിലെ സമുദ്രങ്ങള്‍ക്ക് മുകളിലുള്ള കാറ്റിന്റെ വേഗത അളക്കുന്നതിനും ചുഴലിക്കാറ്റുകളുടെ ശക്തിയും വേഗതയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനുമുള്ള നാസയുടെ 2016ല്‍ വിക്ഷേപിച്ച സൈക്ലോണ്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം(സിവൈജിഎന്‍എസ്എസ്) കടലിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സ്ഥാനവും നീക്കവും കണ്ടെത്താന്‍ ഉപയോഗപ്പെടുമെന്നായിരുന്നു മിഷിഗണ്‍ സര്‍വ്വകലാശാല ഗവേഷകരുടെ കണ്ടെത്തല്‍.

കൗതുകം നിറഞ്ഞ സയന്‍സ് വിഡിയോകള്‍ക്കായി സയന്‍സ് ഇന്‍ഡിക്ക YouTubeചാനല്‍ ഇവിടെ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്യുക.

എട്ട് ചെറിയ സാറ്റലൈറ്റുകളുടെ കൂട്ടമായ സിവൈജിഎന്‍എസ്എസ് സമുദ്ര പ്രതലങ്ങളുടെ പരുഷത കണ്ടെത്താനായി ഒരു റഡാര്‍ ഉപയോഗിക്കുന്നുണ്ട്. കാറ്റിന്റെ വേഗത, ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ സമുദ്രോപരിതലത്തിന്റെ പരുഷതയെ ബാധിക്കുന്നുണ്ട്. കാറ്റ് എങ്ങനെ സമുദ്രോപരിതലത്തെ പരുഷമാക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് റഡാര്‍ കാറ്റിന്റെ വേഗത കണക്കാക്കുന്നത്. എന്നാലിത് കടലിനുള്ളിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ വലിയ കൂമ്പാരം കണ്ടെത്താനും ഉപയോഗപ്പടുമെന്ന് ഗവേഷകര്‍ പറയുന്നു. കാരണം വെള്ളത്തില്‍ ഒരുപാട് സാധനങ്ങള്‍ പൊങ്ങിക്കിടക്കുമ്പോള്‍ കാറ്റിന് വെള്ളത്തെ പരിധിയിലധികം ഇളക്കിമറിക്കാനാകില്ല. അതായത് മാലിന്യങ്ങളൊന്നും ഇല്ലാത്ത ശുദ്ധജലത്തെയും മാലിന്യപൂരിതമായ ജലത്തെയും ഒരേ വേഗതയിലുള്ള കാറ്റ് രണ്ട് രീതിയിലാണ് ബാധിക്കുക. അതിനാല്‍ കാറ്റ് മൂലം സമുദ്രോപരിതലത്തിന് കാര്യമായ ചലനമുണ്ടായില്ലെങ്കില്‍ അവിടെ മൈക്രോപ്ലാസ്റ്റിക്കുകള്‍ കൂടുതലായി ഉണ്ടായിരിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം-ഭാഗം 1 വായിക്കാം


മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സമുദ്ര ഉപരിതലത്തിലെ ജലം അടിക്കടി അസാധാരണമാം വിധം ഇളക്കമില്ലാതെ കാണപ്പെട്ടാല്‍ അവിടെ മൈക്രോപ്ലാസ്റ്റിക്കുകളുടെ ശേഖരം കാര്യമായി ഉണ്ടെന്ന് അനുമാനിക്കാം.

ഭൂമിക്ക് ചുറ്റുമുള്ള സഞ്ചാരത്തിനിടെ സിവൈജിഎന്‍എസ്എസ് ശേഖരിക്കുന്ന ഇത്തരം വിവരങ്ങള്‍ ഉപയോഗപ്പെടുത്തി ഭൂമിയില്‍ ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് ശേഖരമുള്ള സമുദ്രങ്ങളുടെ ചിത്രങ്ങള്‍ ഗവേഷകര്‍ തയ്യാറാക്കി.

പ്ലാസ്റ്റിക് മാലിന്യത്തിന്റെ സഞ്ചാരം

സിവൈജിഎന്‍എസ്എസ് കാറ്റിന്റെ വേഗത നിരന്തരമായി രേഖപ്പെടുത്തുന്നതിനാല്‍, മൈക്രോപ്ലാസ്റ്റിക്കിന്റെ തോതിലുണ്ടാകുന്ന മാറ്റവും കൃത്യമായി കണ്ടെത്താന്‍ കഴിയും. ഒരു വര്‍ഷത്തെ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക്കിന്റെ തോതില്‍ ഓരോ സീസണിലും ഉണ്ടാകുന്ന, ഇതുവരെ കണ്ടെത്തിയിട്ടില്ലാതിരുന്ന വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചു.

ഉത്തരാര്‍ദ്ധഗോളത്തിലെ വേനല്‍ക്കാല മാസങ്ങളില്‍ (ജൂണ്‍, ജൂലൈ) വടക്കന്‍ അറ്റ്ലാന്റിക്, ശാന്തസമുദ്രങ്ങളില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ തോത് കുത്തനെ ഉയരുന്നു. എന്നാല്‍ ദക്ഷിണാര്‍ദ്ധഗോളത്തിലെ സമുദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് ഉയരുന്നത് അവിടെ വേനല്‍ക്കാലം കൊടുമ്പിരി കൊള്ളുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. രണ്ട് അര്‍ദ്ധഗോളങ്ങളിലും മഞ്ഞുകാലത്ത് സമുദ്രങ്ങളിലെ മൈക്ല്രോപ്ലാസ്റ്റിക് തോത് കുറയാനുള്ള കാരണം ഒരുപക്ഷേ പ്ലാസ്റ്റിക് കൂമ്പാരങ്ങളെ തകര്‍ത്ത് മേല്‍ഭാഗത്തുള്ള ജലവും താഴ് ഭാഗത്തുള്ള ജലവും കൂടിക്കലരുന്ന തരത്തിലുള്ള ശക്തമായ പ്രവാഹങ്ങളുടെ സാന്നിധ്യമാകാം. ഈ പ്രവാഹങ്ങള്‍ ഉപരിതലത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളെ അടിത്തട്ടിലേക്ക് എത്തിക്കുന്നുണ്ടാകാം.

കുറച്ച് കാലത്തേക്ക് കുറഞ്ഞ സ്ഥലത്തും ഈ രീതിയില്‍ സാറ്റലൈറ്റ് വിവരങ്ങള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോതും സഞ്ചാരവും നിരീക്ഷിക്കുക സാധ്യമാണ്. ചൈനയിലെ യാംഗ്സെ, ക്വിയാന്‍ടാംഗ് നദികളില്‍ നിന്നും കിഴക്കന്‍ ചൈന കടലിലേക്ക് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളെ ഈ രീതിയില്‍ നിരീക്ഷിച്ചിരുന്നു. വ്യാവസായിക ഉല്‍പ്പാദനം കൂടുമ്പോള്‍ ഇവിടെ കൂടുതല്‍ മാലിന്യമെത്തുന്നതായി ഗവേഷകര്‍ മനസിലാക്കി.

സാറ്റലൈറ്റ് നിരീക്ഷണത്തിലൂടെ മാലിന്യ ശുചീകരണവും

തങ്ങളുടെ ഗവേഷണം പല രീതിയില്‍ ലോകത്തിന് ഉപകാരപ്പെടുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. സമുദ്ര ശുചീകരണം ലക്ഷ്യമിടുന്ന സ്വകാര്യ സംഘടനകളും ശുചീകരണ സാങ്കേതികവിദ്യകളില്‍ ഗവേഷണം നടത്തുന്ന കമ്പനികളും പ്ലാസ്റ്റിക് മാലിന്യവും അവശിഷ്ടങ്ങളും ശേഖരിക്കാനും റീസൈക്കിള്‍ ചെയ്യാനും സംസ്‌കരിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങളുള്ള കപ്പലുകളെയാണ് ആശ്രയിക്കുന്നത്. അവര്‍ക്ക് മാലിന്യം കൂടുതലായുള്ള മേഖലകള്‍ കണ്ടെത്താനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സാറ്റലൈറ്റ് വിവരങ്ങള്‍ ഉപയോഗപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.


ഭൂമിക്ക് ചുറ്റുമുള്ള സഞ്ചാരത്തിനിടെ നാസയുടെ സാറ്റലൈറ്റ് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തി ഭൂമിയില്‍ ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് ശേഖരമുള്ള സമുദ്രങ്ങളുടെ ചിത്രങ്ങള്‍ ഗവേഷകര്‍ തയ്യാറാക്കിവരികയാണ്


അതേസമയം സമുദ്രോപരിതലത്തിന്റെ പരുഷതയിലുള്ള വ്യത്യാസങ്ങള്‍ക്ക് മൈക്രോപ്ലാസ്റ്റിക്ക് മാലിന്യവുമായി ബന്ധമുണ്ടെങ്കിലും ഇത് തങ്ങള്‍ നിരീക്ഷണത്തിലൂടെ മാത്രം കണ്ടെത്തിയ കാര്യമാണെന്നും അല്ലാതെ അവ രണ്ടും തമ്മില്‍ ഭൗതികമായി വ്യക്തമായൊരു ബന്ധം ഉണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ സമ്മതിക്കുന്നുണ്ട്. ഒരുപക്ഷേ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം മൂലമുള്ള മറ്റെന്തെങ്കിലും കാരണമായിരിക്കാം ഉപരിതലജലത്തിന്റെ പരുഷതയില്‍ വ്യത്യാസമുണ്ടാകുന്നത്. സമുദ്രോപരിതലത്തിലെ സര്‍ഫക്ടന്റുകള്‍ ഇതിനുള്ള ഒരു സാധ്യതയാണ്. സോപ്പുപൊടിയിലും മറ്റ് ഉല്‍പ്പന്നങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈ രാസവസ്തുക്കള്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ക്ക് സമാനമായാണ് സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത്. കാറ്റിന്റെ സാന്നിധ്യത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടാക്കുന്ന അതേ മാറ്റമാണ് ജലോപരിതലത്തില്‍ ഇവയുണ്ടാക്കുക.

അതിനാല്‍ സമുദ്രത്തില്‍ കാറ്റിന് കാര്യമായ ഇളക്കമുണ്ടാക്കാന്‍ സാധിക്കാത്ത ഇടങ്ങള്‍ ഉണ്ടാകാനുള്ള കാരണം സംബന്ധിച്ച് ആദ്യം പഠനങ്ങള്‍ നടത്തണമെന്ന് ഗവേഷകര്‍ പറയുന്നു. ഇനി അഥവാ അവയുണ്ടാകുന്നത് സര്‍ഫക്ടന്റുകള്‍ മൂലമാണെങ്കില്‍ അവയുടെ സഞ്ചാരം മൈക്രോപ്ലാസ്റ്റിക്കുകള്‍ക്ക് സമാനമാകാനുള്ള കാരണം സംബന്ധിച്ചും പഠനം ആവശ്യമാണ്. എന്നാല്‍ കടലിനുള്ളിലെ മൈക്രോപ്ലാസ്റ്റിക് മാലിന്യത്തെ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും തങ്ങളുടെ ഈ ഗവേഷണം ഉപയോഗപ്പെടും എന്ന് തന്നെയാണ് ഗവേഷകരുടെ വിശ്വാസം.