Dec 23, 2021 • 11M

കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും പ്ലാസ്റ്റിക് !പ്രകൃതിയെ രക്ഷിക്കാനും പ്ലാസ്റ്റിക്കിന് കഴിയുമോ?

കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ചാണ് ശാസ്ത്രം ഇപ്പോള്‍ പഠിക്കുന്നത്

4
 
1.0×
0:00
-11:22
Open in playerListen on);
Episode details
Comments

Summary

കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ചാണ് ശാസ്ത്രം ഇപ്പോള്‍ പഠിക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യാം, പ്രകൃതിയെ ഒരു തരത്തില്‍ രക്ഷിക്കുകയുമാകാം. പക്ഷേ ഇതൊരു ശാശ്വത പരിഹാരമാകുമോ? പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങള്‍ മായ്ക്കാന്‍ ഇതിനു കഴിയുമോ?

നമ്മുടെ നിത്യജീവിതത്തില്‍ വെള്ളവും വായുവും ഭക്ഷണവും ഒക്കെ പോലെതന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി പാസ്റ്റിക് മാറിക്കഴിഞ്ഞു. എന്തിനും ഏതിനും പ്ലാസ്റ്റിക് ഇല്ലാതെ പറ്റില്ലെന്നായി. എത്രയൊക്കെ ദുഷ്പേര് കേട്ടാലും പ്ലാസ്റ്റിക്കിനെ ജീവിതത്തില്‍ നിന്നും പുറത്താക്കുക അത്ര എളുപ്പവുമല്ല. പ്ലാസ്റ്റിക്കിനെ ഇത്രയധികം ചീത്തപ്പേര് കേള്‍പ്പിച്ചതില്‍ നമ്മള്‍ മനുഷ്യര്‍ക്കും വലിയ പങ്കുണ്ട്. കാരണം, ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ച് അതിനെ റീസൈക്കിള്‍ (പുതുക്കി ഉപയോഗിക്കുക) ചെയ്താല്‍ പ്രശ്നങ്ങള്‍ ഇതുപോലെ രൂക്ഷമാവില്ലായിരുന്നു. അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിയുന്ന സ്വഭാവവും പ്ലാസ്റ്റിക് കത്തിക്കുന്ന ശീലവുമൊന്നും മാറ്റാതെ പ്ലാസ്റ്റിക്കിനെ മാത്രം കുറ്റം പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്!

പ്ലാസ്റ്റിക്കിന്റെയും മനുഷ്യന്റെയും ഇരുണ്ട മുഖം

ഭൂമിയില്‍ ഒരിക്കലും അലിഞ്ഞു ചേരാതെ പ്ലാസ്റ്റിക് ഇപ്പോഴും കിടക്കുന്നുണ്ടെങ്കില്‍, സമുദ്രങ്ങളില്‍ പോലും പ്ലാസ്റ്റിക് കുമിഞ്ഞു കൂടുന്നുണ്ടെങ്കില്‍ അതിനെല്ലാം ഉത്തരവാദി നമ്മളടങ്ങുന്ന സമൂഹം തന്നെയാണ്. സുനാമി വന്നപ്പോള്‍ കടലിലെ പ്ലാസ്റ്റിക്കെല്ലാം തിരികെ കരയിലേക്ക് കടലമ്മ നിക്ഷേപിച്ചത് ഓര്‍ക്കുക. കേരളത്തില്‍ വെള്ളപ്പൊക്കം വന്ന് പോയ സമയത്ത് മിക്ക പുഴകളുടെയും തീരത്ത് പണ്ട് പുഴയില്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യമെല്ലാം തീരത്ത് അടിഞ്ഞത് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു. പ്രകൃതിക്ക് നല്‍കിയത് തിരിച്ചു കിട്ടുമെന്ന അറിയിപ്പ്.

പക്ഷേ എന്നിട്ടും പഠിക്കാത്ത മനുഷ്യര്‍ ഇവയില്‍ പലതും തിരികെ പുഴയില്‍ തന്നെ വീണ്ടും നിക്ഷേപിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ആരോടാണ് നാം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് മത്സരിക്കുന്നത്! പ്രകൃതിയോട് മാത്രമല്ല, ആത്യന്തികമായി നമ്മോട് തന്നെയാണ്. അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം പോലും മനുഷ്യന്‍ കാണിക്കാറില്ല എന്നതാണ് ഏറ്റവും ദയനീയമായ അവസ്ഥ.

പ്ലാസ്റ്റിക്കില്ലാത്ത ജീവിതമുണ്ടോ!

പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരുണ്ട വശമാണ് നമ്മള്‍ പറഞ്ഞത്. എന്നാല്‍ പ്ലാസ്റ്റിക്കിന്റെ പ്രാധാന്യം ഇതിനൊന്നിനും കുറയ്ക്കാനാവില്ല. കാരണം, ഇരുപതാം നൂറ്റാണ്ട് മുതല്‍ മനുഷ്യ ജീവിതം ഇത്ര ആയസരഹിതമാക്കിയതില്‍ പ്ലാസ്റ്റിക്കിന് വലിയ പങ്കുണ്ട്. പ്ലാസ്റ്റിക് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു എന്നും പറയാം. ഭൂമിയില്‍ പ്ലാസ്റ്റിക് പോളിമറുകള്‍ പോലെ എന്തിനും ഏതിനും ഉപയോഗിക്കാവുന്ന മറ്റൊരു വസ്തു കണ്ടെത്താനായിട്ടില്ല എന്നതാണ് വാസ്തവം. പ്ലാസ്റ്റിക്കില്ലാതെ ഫോട്ടോഗ്രഫിക് ഫിലിം, കോംപാക്റ്റ് ഡിസ്‌ക്, മാഗ്‌നറ്റിക് ടേപ് എന്നിവയൊന്നും നിര്‍മിക്കാനാവില്ല.


കമ്പ്യൂട്ടറുകള്‍, ഫോണ്‍, എയര്‍ക്രാഫ്റ്റ് ഉപകരണങ്ങള്‍, സാറ്റ്ലൈറ്റുകള്‍, സ്പേസ് ഷട്ടിലുകള്‍ തുടങ്ങി എല്ലാത്തിലും പല രൂപത്തിലും ഭാവത്തിലും പ്ലാസ്റ്റിക് അംശങ്ങളുണ്ട്


ഇവയൊന്നുമില്ലാതെ നമ്മള്‍ കാണുന്ന സിനിമകളും പാട്ടുകളുമൊന്നും ഉണ്ടാകില്ലെങ്കില്‍ ഒന്ന് ആലോചിച്ചു നോക്കൂ. എന്തിനധികം, നമുക്ക് ഏറ്റവും അത്യാവശ്യമുള്ള പല ആശുപത്രി ഉപകരണങ്ങളും പ്ലാസ്റ്റിക്കിലാണല്ലോ നിര്‍മിക്കുന്നത്. ബ്ലഡ് ബാഗ്, സിറിഞ്ച്, ട്യൂബുകള്‍ തുടങ്ങി എന്തെല്ലാം... കമ്പ്യൂട്ടറുകള്‍, ഫോണ്‍, എയര്‍ക്രാഫ്റ്റ് ഉപകരണങ്ങള്‍, സാറ്റ്ലൈറ്റുകള്‍, സ്പേസ് ഷട്ടിലുകള്‍ തുടങ്ങി എല്ലാത്തിലും പല രൂപത്തിലും ഭാവത്തിലും പ്ലാസ്റ്റിക് അംശങ്ങളുണ്ട്!

പ്ലാസ്റ്റിക് നിര്‍മാണവും ജൈവ ഇന്ധനങ്ങളും

പ്ലാസ്റ്റിക്കിന്റെ ഒഴിവാക്കല്‍ പ്രശ്നം ഒരു വശത്തേക്ക് മാറ്റിയാല്‍ അതിലും മോശമായ മറ്റൊരു വശമാണ് അതിന്റെ ഉല്‍പ്പാദനം. കാരണം, ജൈവ ഇന്ധനങ്ങളാണ് പ്ലാസ്റ്റിക് ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വലിയ ഒരു ഘടകം. സെല്ലുലോസ്, കോള്‍, പ്രകൃതി വാതകം, ഉപ്പ്, ക്രൂഡ് ഓയില്‍ എന്നീ പ്രകൃതിദത്ത ഉല്‍പ്പപന്നങ്ങളാണ് പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

ഇവയെല്ലാം പോളിമറൈസേഷന്‍ എന്ന പ്രക്രിയയിലൂടെ കടത്തിവിട്ടാണ് നമ്മള്‍ കാണുന്ന രൂപത്തിലേക്കെല്ലാം മാറുന്നത്. ചുരുക്കി പറഞ്ഞാല്‍, പ്രകൃതിദത്തമായ, ജൈവ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് പ്ലാസ്റ്റിക്കും ഉണ്ടാക്കിയെടുക്കുന്നത്. ജൈവ ഇന്ധനങ്ങള്‍ നമുക്ക് നഷ്ടമാകുന്നതും ഭാവിയില്‍ ഇത് ഇതേ പരിസ്ഥിതിക്ക് എതിരാവുന്നതും അതിശയകരമാണ്. ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പ്രകൃതിയില്‍ നിന്നാണെങ്കിലും ആത്യന്തികമായി ഇത് ദോഷം ചെയ്യുന്നതും ഇതേ പ്രകൃതിക്കാണ് എന്നത് വിരോധാഭാസമായി തോന്നാം.

പകരക്കാര്‍ പകരമാകുമോ?

പ്ലാസ്റ്റിക്കില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കാനുള്ള വഴികള്‍ ശാസ്ത്രജ്ഞര്‍ തേടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പ്ലാസ്റ്റിക്കിന് പകരം വയ്ക്കാനുള്ള പല ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഇറങ്ങി തുടങ്ങിയെങ്കിലും യഥാര്‍ഥത്തില്‍ അവയൊന്നും പ്ലാസ്റ്റിക്കിന്റെ എല്ലാ ഉപയോഗങ്ങള്‍ക്കും പകരം വയ്ക്കാനാകില്ല എന്നതാണ് സത്യം. ഡിസ്പോസിബിള്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍ പോലുള്ളവയ്ക്ക് പകരം പാള പാത്രങ്ങളും പേപ്പര്‍ ഗ്ലാസുകളുമെല്ലാം ഉപയോഗിക്കാന്‍ തുടങ്ങിയത് നല്ല മാറ്റങ്ങള്‍ തന്നെയാണ്. കൂടാതെ, ബയോപ്ലാസ്റ്റിക്കുകള്‍ വലിയ വിപണി ശ്രദ്ധ നേടിവരുന്നുണ്ടെങ്കിലും ഇതില്‍ ചില അപകടങ്ങളും പതുങ്ങിയിരിപ്പുണ്ട്. ഭൂമിക്ക് കേടില്ലാത്ത, അഴുകുന്ന തരം പ്ലാസ്റ്റിക്കുകളാണ് ഇവയെന്ന് പലരും വാദിക്കുന്നു.

പേരു സൂചിപ്പിക്കുന്ന പോലെ അത്ര എളുപ്പം അഴുകുന്നതുമല്ല അവ. വ്യാവസായിക അടിസ്ഥാനത്തില്‍ പ്രൊസസ് ചെയ്താല്‍ മാത്രമേ അത് സാധ്യമാകൂ. മാത്രമല്ല, അതിനും കുറേയധികം ഊര്‍ജം ഉപയോഗിക്കേണ്ടിയിരിക്കുന്നു. ജൈവ പ്ലാസ്റ്റിക്കിനായി വിളകള്‍ ശേഖരിക്കുകയും അതിനായി യന്ത്രങ്ങളുടെ സഹായവും എല്ലാം ആവശ്യമാണ്. ഇതിനുള്ള മറ്റ് അസംസ്‌കൃത സാധനങ്ങളും ഫാക്റ്ററികളില്‍ ഉല്‍പ്പാദിപ്പിക്കണം. ഇത്രയും വഴികളിലൂടെ കടന്നുപോകേണ്ട ഈ ബയോപ്ലാസ്റ്റിക്കുകളുടെ നിര്‍മാണത്തിന് സാധാരണ പ്ലാസ്റ്റിക് നിര്‍മാണത്തെക്കാള്‍ അധികം കാര്‍ബണ്‍ പ്രസരണം വേണ്ടി വരുമെന്നാണ് കണക്കുകള്‍ പറയുന്നത്. അതായത്, ജൈവമാണ് എന്നു പറയുമ്പോഴും കാര്‍ബണ്‍ ബഹിര്‍ഗമനത്തിലൂടെ അവ ആത്യന്തികമായി ഭൂമിക്കും പ്രകൃതിക്കും ദോഷം തന്നെയാണ് വരുത്തുന്നത് എന്നര്‍ഥം.

യുകെയിലെ ഷഫീല്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ബയോപ്ലാസ്റ്റിക് ഉപയോഗിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കുകയും അതിന്റെ പരിസ്ഥിതി പ്രഭാവങ്ങളെയും കുറിച്ച് അടുത്തിടെ പഠനം നടത്തിയിരുന്നു. എന്നാല്‍ ചോളം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വച്ച് നടത്തിയ പരീക്ഷണം പരാജയപ്പെടുകയും ശുദ്ധമായ ഫോസില്‍ ഓയില്‍ വച്ചു നടത്തിയ പരീക്ഷണം വിജയിക്കുകയുമാണ് ചെയ്തത്. പക്ഷേ ഗവേഷകര്‍ ആഗ്രഹിച്ച ഫലമായിരുന്നില്ല അതെന്ന് ഷഫീല്‍ഡ് സര്‍വ്വകലാശാലയിലെ കെമിക്കല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ. പീറ്റര്‍ സ്റ്ററിങ് പറയുന്നു.

മറ്റൊരു പ്രശ്നം സാധാരണ പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്യാനായി എടുക്കുന്നതിന്റെ കൂടെ ഈ ബയോപ്ലാസ്റ്റിക്കുകള്‍ കലര്‍ന്നാല്‍ അത് പുനര്‍നിര്‍മിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഗുണമേന്മയെയും ബാധിക്കും. അതുകൊണ്ടുതന്നെ ഇതെല്ലാം വിചാരിച്ച ഫലം അന്തിമമായി നല്‍കാത്തത് ശാസ്ത്രജ്ഞര്‍ക്ക് നിരാശയുളവാക്കുകയാണ് ചെയ്തത്. പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ കണ്ടെത്തുന്ന വഴി അതിലും വലിയ ദുരന്തം ആകരുതല്ലോ.

കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും പ്ലാസ്റ്റിക് !

ഒരു ദശാബ്ദത്തിലേറെയായി കെമിസ്റ്റുകള്‍ പ്ലാസ്റ്റിക്കിനുള്ള പകരക്കാരനെ ഫലപ്രദമായി കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ അതിനൊരു ഉത്തരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. മനുഷ്യന് ഇന്ന് ഏറ്റവും വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ജൈവ ഇന്ധനങ്ങള്‍ക്ക് പകരം അസംസ്‌കൃത വസ്തുക്കളായി ഫാക്റ്ററികളില്‍ നിന്നും മറ്റും പുറത്തു വരുന്ന കാര്‍ബണ്‍ ഡയോക്സൈഡ് മാലിന്യം ഉപയോഗിച്ച് പ്ലാസ്റ്റിക് നിര്‍മിക്കാനാകുമെന്നാണ് കണ്ടെത്തല്‍. ഇത് വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല, ഭൂമിക്ക് വില്ലനാകുന്ന കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും ഒരു വലിയ മോചനവുമാകും അത്. പ്രകൃതിയെയും ഭൂമിയെയും രക്ഷിക്കാനുള്ള ഒരു കൈത്താങ്ങ്.

കാര്‍ബണ്‍ ഡയോക്സൈഡ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഹൈഡ്രജന്‍ നിര്‍മാണത്തിന്റെ ഭാഗമായാണ് നല്ലൊരു ശതമാനം കാര്‍ബണ്‍ ഡയോക്സൈഡ് ഉണ്ടാകുന്നത്. ഗവേഷകര്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഫാക്റ്ററികളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ഇത് പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ജൈവ ഇന്ധനങ്ങള്‍ ലാഭിക്കാന്‍ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറയുന്നത് ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുകയും അങ്ങനെ കാലാവസ്ഥാ വ്യതിയാനത്തില്‍ മാറ്റമുണ്ടാവുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഇന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ മുഖ്യ കാരണം തന്നെ ഈ കാര്‍ബണ്‍ ബഹിര്‍ഗമനമാണ്. അത് കുറയ്ക്കാനാകുന്ന ഏത് കാര്യവും കാലാവസ്ഥയ്ക്ക് ഗുണം ചെയ്യും, ഒപ്പം നമുക്കും.

കാറ്റലിസ്റ്റുകളാണ് പ്രധാനികള്‍

ഷഫീല്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കാര്‍ബണ്‍ ഡയോക്സൈഡ് കൊണ്ട് അസാധ്യമെന്ന് തോന്നാവുന്ന നൈലോണും നിര്‍മിച്ചു കഴിഞ്ഞു. പ്രത്യേകതരം കാറ്റലിസ്റ്റുകള്‍ (ഉത്പ്രേരകങ്ങള്‍) ഉപയോഗിച്ചാണ് കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും പ്ലാസ്റ്റിക് ഉണ്ടാക്കുന്നത്. ഇതിനായുള്ള പ്രക്രിയയിലെ രാസപ്രവര്‍ത്തം വേഗത്തിലാക്കാന്‍ സഹായിക്കുന്ന വസ്തുക്കളാണ് കാറ്റലിസ്റ്റുകളായി ഉപയോഗിക്കുന്നത്. ജര്‍മന്‍ കമ്പനിയായ കൊവെസ്ട്രോയിലെ ശാസ്ത്രജ്ഞര്‍ കാര്‍ബണ്‍ ഡയോക്സൈഡുകളുമായി പ്രവര്‍ത്തിക്കുന്ന കാറ്റലിസ്റ്റുകളെ കണ്ടെത്തി രാസപദാര്‍ഥങ്ങളുടെ ഒരു ശ്രേണി രൂപപ്പെടുത്തി പോളിയൂറിഥെയ്്ന്‍ (Polyurethane) എന്ന പദാര്‍ഥത്തിന്റെ അടിസ്ഥാനമുണ്ടാക്കി.

ഇതുപയോഗിച്ച് അവര്‍ കിടക്കകളും കുഷ്യനുകളും എല്ലാമുണ്ടാക്കാനും തുടങ്ങി. കിടക്കുന്ന ബെഡ് കാര്‍ബണ്‍ ഡയോക്സൈഡ് കൊണ്ട് നിര്‍മിച്ചതാണെന്ന് പറഞ്ഞാല്‍! ഒരു വാതകം കൊണ്ട് കിടക്കയുണ്ടാക്കി അതില്‍ കിടന്നുറങ്ങുന്നത് ഇനി വരും കാലങ്ങളില്‍ ഇവിടെയെല്ലാം സംഭവിക്കാം. കാരണം, പല ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പോളിയൂറിഥെയ്്ന്‍ ഇങ്ങനെ നിര്‍മിക്കാനായാല്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ വിവിധ പ്രശ്നങ്ങള്‍ കുറയ്ക്കാം. ഇത്തരത്തിലുണ്ടാക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ഗുണമേന്മ കൂടുതലുമായിരിക്കും. പോറല്‍ വീഴില്ല ഇതില്‍, തീയില്‍ നിന്നും രക്ഷ നേടാനും സാധിക്കും.


ഫാക്റ്ററികളില്‍ നിന്നും മറ്റും പുറത്തു വരുന്ന കാര്‍ബണ്‍ ഡയോക്സൈഡ് മാലിന്യം ഉപയോഗിച്ച് പ്ലാസ്റ്റിക് നിര്‍മിക്കാനാകുമെന്ന കണ്ടെത്തല്‍ വലിയ വഴിത്തിരിവുണ്ടാക്കും


യുകെ കമ്പനിയായ എകോണിക് ഇതേ മാതൃകയില്‍ കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും പോളിയൂറിഥെയ്്ന്‍ ഉണ്ടാക്കുന്നുണ്ട്. ഇതിലൂടെ അന്തരീക്ഷത്തിലെ 90 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് കുറയ്ക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഇത് നാല് ദശലക്ഷം മരങ്ങള്‍ സംരക്ഷിക്കുന്നതിനോ റോഡില്‍ നിന്നും രണ്ട് ദശലക്ഷം കാറുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നതിനോ തുല്യമാണ്. ഇനി ഇതിലും വലിയ പ്രതീക്ഷയോടെ വിജയകരമാക്കാന്‍ നോക്കുന്ന പദ്ധതിയാണ് കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും എത്തിലിന്‍ (Ethylene) എന്നത്. കാരണം, ഇന്ന് ലോകത്ത് നിര്‍മിക്കുന്ന പകുതി പ്ലാസ്റ്റിക്കും എത്തിലിനില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് സാധ്യമായാല്‍ ശാസ്ത്രത്തിന്റെ വലിയ വിജയം തന്നെയാകുമത്.

വെള്ളവും വൈദ്യുതിയും കാര്‍ബണ്‍ ഡയോക്സൈഡുമായി കൂട്ടിച്ചേര്‍ത്ത് എത്തിലിന്‍ നിര്‍മിക്കുന്നതിനായുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നും എത്തിലിന്‍ ഉല്‍പ്പാദിപ്പിച്ച് അതില്‍ നിന്നും പ്ലാസ്റ്റിക് പോളിഎത്തിലിന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ ഇനിയും 20 വര്‍ഷങ്ങള്‍ കൂടിയെടുത്തേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും വരുന്ന 30-40 വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ എത്തിലിന്‍ നിര്‍മിക്കാനായി ജൈവ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട അവസ്ഥയുമുണ്ടാകും. അതുകൊണ്ടു തന്നെ അതിനു മുന്‍പായി കാര്‍ബണ്‍ ഡയോക്സൈഡ് വച്ചുള്ള എത്തിലിന്‍ നിര്‍മാണം വ്യാപകമായി നടത്തേണ്ടിയും വരും. ഏതായാലും പുതു വഴികള്‍ മനുഷ്യനും പ്രകൃതിക്കും ഗുണകരമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.