
സസ്യമാണ്; പക്ഷേ തൊട്ടാല്‍ പാഠം പഠിക്കും
സ്വന്തം ജീവന് സംരക്ഷിക്കാന്‍ നോക്കാത്തവരായി ആരുണ്ട്? മരങ്ങളും ചെടികളുമെല്ലാം അതുപോലെ സ്വന്തം ജീവന് സംരക്ഷിക്കാനും നിലനിര്‍ത്താനുമായി ചില അടവുകളും പ്രതിരോധ മുറകളും സ്വീകരിക്കാറുണ്ട്
സ്വന്തം ജീവന് സംരക്ഷിക്കാന്‍ നോക്കാത്തവരായി ആരുണ്ട്? മരങ്ങളും ചെടികളുമെല്ലാം അതുപോലെ സ്വന്തം ജീവന് സംരക്ഷിക്കാനും നിലനിര്‍ത്താനുമായി ചില അടവുകളും പ്രതിരോധ മുറകളും സ്വീകരിക്കാറുണ്ട്. ഇത്തരത്തില്‍ സസ്യങ്ങള്‍ ചെയ്യുന്ന പ്രതിരോധം എന്തെല്ലാം എന്ന് നോക്കാം..
തൊട്ടാവാടി പോലെ എന്ന ഒരു പ്രയോഗം തന്നെ നമുക്കിടയില്‍ ഉണ്ടാകാറുണ്ട്. ഒന്നു വെറുതേ തൊട്ടാല്‍ തന്നെ വാടുന്ന ഇലകളാണ് തൊട്ടാവാടിയുടേത്. അതുകൊണ്ടാണ് പെട്ടെന്ന് വാടുന്നവരെക്കുറിച്ച് അങ്ങനെയൊരു പ്രയോഗവും. ചെടികള്‍ക്കും മരങ്ങള്‍ക്കും എല്ലാം ജീവനുണ്ടെന്ന് അറിയാമല്ലോ. തൊട്ടാവാടിയുടേത് പോലെ എല്ലാ ചെടികളും മരങ്ങളും നമ്മള് തൊടുന്നതും തലോടുന്നതും ഉപദ്രവിക്കുന്നതും തിരിച്ചറിയുന്നുണ്ട്. പക്ഷേ ചില മരങ്ങളും ചെടികളും അതിനെ പ്രതിരോധിക്കാനും ശ്രമിക്കാറുണ്ട്.
നമ്മെപ്പോലെ തന്നെ ചില ചെടികള്‍ നിസ്സഹായരായി നില്ക്കും. മറ്റു ചിലര്‍ സര്‍വ്വ കഴിവുമെടുത്ത് തന്നെ ഉപദ്രവക്കാന് വരുന്നവരെ തടയാന്‍ നോക്കും. ചെടികളും മരങ്ങളും ഒരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യരെയും മൃഗങ്ങളെയും പോലെതന്നെ ജീവിതം നയിക്കാന്‍ വേണ്ടതെല്ലാം ഒരുക്കുന്നവരാണ്. സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ രീതികളും സ്വഭാവങ്ങളും ഇവയും മാറ്റാറുണ്ട്.
മിക്കപ്പോഴും സസ്യങ്ങള്‍ക്ക് വില്ലനാകുന്നത് സസ്യാഹാരികളായ മൃഗങ്ങളാണ്. മൃഗങ്ങളില്‍ നിന്നും രക്ഷ നേടാനാണ് മിക്ക ചെടികളും പല തരത്തിലുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കുന്നത്. ഒരു ആക്രമണമുണ്ടായാല്‍ വിഷം പുറത്തുവിടുകയും ജീവനില്ലാത്ത പോലെ അഭിനയിക്കുകയും ചെയ്യുന്ന സസ്യങ്ങളുണ്ട്. സാധാരണയായി കാണുന്ന ഒരു പ്രതിരോധ മാര്‍ഗമാണ് മുള്ളുകളും ദുര്‍ഗന്ധവും ഒട്ടിപിടിക്കുന്ന ദ്രാവകങ്ങളുമെല്ലാം.
രസകരമായ മറ്റൊരു കാര്യം സസ്യങ്ങളും കിളികളുമെല്ലാം തമ്മിലുള്ള ആശയവിനിമയമാണ്. ചെടികള്‍ അവയെ ആക്രമിക്കാന്‍ വരുന്ന ചില ജീവികളെക്കുറിച്ച് പക്ഷികള്‍ക്ക് സൂചനകള്‍ നല്കുമത്രേ. അങ്ങനെ ചെടികള്‍ക്ക് രക്ഷപ്പെടാനും പക്ഷികള്‍ക്ക് വിശപ്പടക്കാനുമാകും. ഇത്തരത്തില്‍ നമ്മള് കരുതുന്നതിലും സമര്‍ഥമായാണ് സസ്യങ്ങള്‍ സ്വയം അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്.
യാന്ത്രിക പ്രതിരോധം
സസ്യാഹാരികളായ മൃഗങ്ങള്‍, അത് വലുതായാലും ചെറുതായാലും ചെടികളെയും മരങ്ങളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. പക്ഷേ എല്ലാ ചെടികളും മരങ്ങളുടെ ഇലകളുമൊന്നും മൃഗങ്ങള്‍ക്കും അകത്താക്കാനാവില്ല. കാരണം, ചില സസ്യങ്ങള്‍ ആക്രമണം മണത്താല്‍ അവ പരമാവധി തങ്ങളുടെ സുരക്ഷയെ കരുതി പ്രതിരോധിക്കാനും തങ്ങള്‍ക്ക് പറ്റുന്ന തരത്തില്‍ തിരിച്ച് അക്രമിക്കാനും ശ്രമിക്കും. ഇങ്ങനെയുള്ള സസ്യങ്ങളുടെ ചെറുത്തുനില്പിനെയാണ് പ്രതിരോധം എന്നു വിളിക്കുന്നത്. ഇതില്‍ ആദ്യ പടിയെന്നോണം സ്വാഭാവികമായി ആര് എപ്പോള്‍ ഈ ചെടികളുടെ അടുത്ത് എത്തിയാലും ഒരു യാന്ത്രിക പ്രതിരോധം തീര്‍ക്കും. അതായത്, ഇത്തരം ചെടികളില്‍ ഇതൊരു അബോധപൂര്‍വ്വമായൊരു സംഗതിയാണ്.
ആദ്യ പടിയായി തീര്‍ക്കുന്ന തടസം ശക്തിയുള്ള ചില്ലകളും മെഴുകുപോലെയുള്ള പുറം തൊലിയുമാണ്. ഇവ രണ്ടും സസ്യാഹാരികളായ മൃഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഒരു പരിധി വരെ സഹായിക്കും. പിന്നെ അടുത്തത് കട്ടിയുള്ള തോടുകളും മുള്ളുകളുമാണ്. ഈ മുള്ളുകള്‍ ചില്ലകളും ഇലകളും രൂപാന്തരം പ്രാപിക്കുന്നവയായിരിക്കും. കള്ളിമുള്‍ച്ചെടി (cactus) പോലുള്ളവയുടെ അരികില്‍ മുഴുവന്‍ കാണുന്ന മുള്ളുകള്‍ ഇലകള്‍ പരിഷ്കരിച്ചതാണ്.
ഇത് മൃഗങ്ങള്‍ക്ക് നിരവധി ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ദേഹത്ത് തടിപ്പും അലര്‍ജിയും വരെ അനുഭവപ്പെടാന്‍ ഇടയാക്കും. അതോടെ ഒരുവിധം മൃഗങ്ങള്‍ പിന്മാറുകയും സസ്യങ്ങള്‍ രക്ഷപ്പെടുകയും ചെയ്യും. അക്വേഷ്യ മരങ്ങളുടെ വര്‍ഗത്തില്‍ പെട്ട ചിലത് ഉറുമ്പുകളുമായി ഒരു പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എങ്ങനെയെന്നല്ലേ? ഇവ ഉറുമ്പുകള്‍ക്ക് മരത്തില്‍ താമസമൊരുക്കികൊടുക്കും. പകരം മരത്തിന്റെ ഇലകള്‍ കഴിക്കാന്‍ വരുന്നവയെ ഉറുമ്പുകള്‍ ഇലകളില്‍ വച്ചു തന്നെ കടിച്ച് ഓടിക്കും.
രാസ പ്രതിരോധം
ഇനി അടുത്ത ഘട്ടം പ്രതിരോധമാണ്. ചെടിയുടെ പുറം ഭാഗത്തെ സംരക്ഷണ കവചം മറികടന്നും ഏതെങ്കിലും തരത്തില്‍ അപകടത്തിലായാല്‍ അടുത്ത പ്രവര്‍ത്തന ഘട്ടത്തിലേക്ക് ചെടികള്‍ നീങ്ങും. അതിനായാണ് ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിഷാംശമുള്ള ചില എന്സൈമുകളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ചില എന്‍സൈമുകളിലെ വിഷാംശം ഇത് അകത്താക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ തക്ക മാരകമാണ്. ഇത്തരം എന്‍സൈമുകളും രാസപ്രവര്‍ത്തനങ്ങളും പ്രകാശസംസ്ലഷണത്തിലൂടെ നേരിട്ട് ലഭിക്കുന്നതല്ല. ഇത് ചെടികളുടെ ശ്വസനത്തിനും വളര്ച്ചയ്ക്കുമൊന്നും അത്യാവശ്യമുള്ള സാധനങ്ങളുമല്ല.
അതായത്, ഇത് പൂര്‍ണമായും പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായുള്ളതാണ്. ആല്‍ക്കലോയ്ഡ് പോലുള്ള സെക്കന്‍ഡറി മെറ്റബോളൈറ്റുകള്‍ ചെടികള്‍ക്ക് ജീവിക്കാന്‍ അത്യാവശ്യമുള്ളതല്ലെങ്കില്‍ കൂടി ഇത്തരം പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ പ്രാപ്തമാണ്. കാപ്പി ചെടിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഇത്തരത്തിലൊന്നാണ്. അതുപോലെ പുകയില ചെടിയില്‍ നിന്നും നമ്മള് പുകയില കഷായം ഉണ്ടാക്കി പ്രാണികളെ തുരത്താന്‍ ഉപയോഗിക്കുന്നതിന്റെ പുറകിലും ഇതേ തന്ത്രമാണ്.
ഇനി ചെടികള്‍ പ്രയോഗിക്കുന്ന മറ്റൊരു അടവാണ് ദുര്‍ഗന്ധം വമിപ്പിക്കല്‍. തങ്ങളുടെ അടുത്ത് ആക്രമിക്കാന്‍ വരുന്ന മൃഗങ്ങളെയോ പ്രാണികളെയോ ഒരു പ്രത്യേക തരം ദുര്‍ഗന്ധം പരത്തി ഓടിക്കുകയാണ് ചെയ്യുന്നത്. ഇനി ഇത് ചെടിയുടെ ഏതെങ്കിലും ഭാഗം കടിച്ചാല്‍ കയ്പ്പും ചവര്‍പ്പും എല്ലാം ഉള്ള രുചിയായി തോന്നും. ഇനി മറ്റ് ചില സസ്യങ്ങള്‍ ഇതിലും ബുദ്ധിമാന്മാരാണ്. ഇവരെ ഇനി ഏതെങ്കിലും മൃഗങ്ങള്‍ കഴിച്ചെന്നിരിക്കട്ടെ, അവ പിന്നീട് ഒരു തരം കിറുങ്ങിയ അവസ്ഥയിലാകാം.
ഇങ്ങനെയെല്ലാം സംഭവിച്ചാല്‍ പിന്നെ ഇര തേടി വരുന്നവര്‍ തങ്ങളുടെ അടുത്ത് വരില്ലെന്ന് സസ്യങ്ങള്‍ക്കും അറിയാം. ഗ്ളൈക്കോള്‍ സയനൈഡ് പോലുള്ള മാരക വിഷവസ്തുക്കള്‍ മൃഗങ്ങളും മറ്റും ചെടികള്‍ അകത്താക്കി കഴിഞ്ഞാല്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഇത് മൃഗങ്ങള്‍ മനസ്സിലാക്കിയാല്‍ പിന്നെ അതൊന്നും വീണ്ടും കഴിക്കാന്‍ ധൈര്യപ്പെടില്ല എന്നുമാത്രമല്ല, കൂട്ടത്തിലുള്ളവര്‍ക്കും അപകട സൂചന നല്‍കും.
ഇത്തരത്തിലുള്ള ഫോക്സ്ഗ്ളോവ്സ് പോലുള്ള സസ്യങ്ങള്‍ കഴിച്ചാല്‍ ഇവയുടെ അകത്തേക്ക് ചെല്ലുന്ന കാര്‍ഡിയാക് ഗ്ളൈകോസൈഡ്സ് തുടങ്ങിയവയുടെ രാസപ്രവര്‍ത്തനങ്ങള്‍ മൂലം, മതിഭ്രമം, ഛര്‍ദ്ധി, മനം പിരട്ടല്‍ തുടങ്ങി ഗുരുതര രോഗങ്ങളിലേക്ക് മാറി മരണം വരെയും സംഭവിക്കാം. പശുക്കളെ അഴിച്ചു വിട്ടാലും അവ കപ്പ ഇല, റബ്ബര്‍ ഇല പിന്നെ നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന കമ്മ്യൂണിസ്റ്റ് പച്ച എന്നറിയപ്പെടുന്ന ചെടി ഇവയൊന്നും കഴിക്കാറില്ല. ഇവ അകത്താക്കിയാലുള്ള ദോഷങ്ങള്‍ മൃഗങ്ങള്‍ക്ക് മറ്റാരും പറഞ്ഞുകൊടുക്കുകയും വേണ്ടല്ലോ.
മുള്ളിനെ മുള്ള് കൊണ്ട് എടുക്കല്‍
ചില പ്രാണികള്‍ ആണ് സസ്യത്തെ ആക്രമിക്കാന്‍ വരുന്നതെങ്കില്‍ അതിന്റെ ശത്രുവായ പ്രാണിയെ വിളിച്ചുവരുത്താനും ഈ മിടുക്കരായ സസ്യങ്ങള്‍ക്ക് അറിയാം. ഏതെങ്കിലും ഒരു ജീവി ഒരു ചെടിയെ ആക്രമിക്കാന്‍ വന്നെന്ന് ഇരിക്കട്ടെ, അത് മറ്റ് ചെടികള്‍ക്കും ചില സൂചനകള്‍ നല്‍കും, അപകടകാരി എത്തിയിട്ടുണ്ട് എന്ന മട്ടില്‍. ഇനി ചെടിയുടെ ഏതെങ്കിലും ഭാഗം പ്രാണിയോ മറ്റോ വന്ന് നശിപ്പിച്ചാലും ആ ഭാഗം മാത്രം നശിപ്പിക്കാനും മറ്റ് സ്ഥലങ്ങളെ അത് ബാധിക്കാതെ നോക്കാനും സസ്യങ്ങള്‍ക്ക് കഴിവുണ്ട്.
'കോ എവലൂഷന്‍ എന്ന ഒരു പ്രക്രിയയുണ്ട്. അതായത്, സസ്യങ്ങളുടെ പ്രതിരോധത്തിന് അനുസരിച്ച് പ്രാണികളും പരിണാമം പ്രാപിക്കും, തങ്ങളെ ആക്രമിക്കാന്‍ വരുന്നവര്‍ക്ക് അനുസരിച്ച് സസ്യങ്ങളും അവയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തും. ഇത് പരസ്പരം രണ്ടു കൂട്ടര്‍ക്കും പരിണാമത്തിന് കാരണമാവുകയും ചെയ്യും. പോസിറ്റീവായും നെഗറ്റീവായും ഇവ സംഭവിക്കാം. സസ്യങ്ങളുടെ പ്രതിരോധത്തെക്കുറിച്ച് പറയുമ്പോള്‍, പ്രാണികള്‍ക്ക് എതിരെ ചെടികള്‍ ചില കെമിക്കല്‍ ഡിഫന്സുകളെടുക്കും. അതിനെ പ്രതിരോധിക്കാനായി പ്രാണികളും ചില വിദ്യകളുപയോഗിക്കും. ഇതെല്ലാം പരിണാമസംബന്ധിയായ പ്രക്രിയയാണ്. ഇത്തരത്തിലാണ് ചെടികളും പ്രാണികളും തമ്മില്‍ ഒരു 'ആയുധ പന്തയം' നടത്തുന്നത്.,' ചിറ്റൂര്‍ ഗവ. കോളേജിലെ ബോട്ടണി പ്രൊഫസറായ ഡോ.സോജന് ജോസ് പറയുന്നു.
പ്രതിരോധങ്ങള്‍ പെട്ടെന്ന് തന്നെ എപ്പോഴും നടക്കണമെന്നില്ല. മിനിറ്റുകള്‍ക്കകം നടക്കുന്നതുമുണ്ട്, മണിക്കൂറുകള്‍കൊണ്ട് നടക്കുന്നതുമുണ്ട്. ജാസ്മൊണേറ്റ്സ് (jasmonates) എന്ന സസ്യ ഹോര്‍മോണുകള്‍ ഏതെങ്കിലും കോശങ്ങള്‍ നശിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവ മറ്റ് പരോപജീവികളെ (parasitoid) ആകര്‍ഷിക്കാനും സസ്യത്തെ സഹായിക്കും. അങ്ങനെ കേടുവന്ന ഭാഗത്തെ നേരെയാക്കുന്നതിലും അവിടെയുള്ള ശത്രു പ്രാണികളെ തുരത്താനായി മറ്റ് ചിലതിനെ സസ്യത്തിലേക്ക് ആകര്‍ഷിച്ച് ശത്രുവിനെ ഇല്ലാതാക്കുകയോ തുരത്തുകയോ ചെയ്യുന്ന പരിപാടിയാണിത്.
ചെടികളുടെ വേരുകളും പ്രതിരോധത്തില്‍ പങ്കാളികളാകാറുണ്ട്. ഏതെങ്കിലും രോഗബാധ ചെടികളുടെ ഭാഗങ്ങളിലുണ്ടായാല് അവയ്ക്കെതിരെ പൊരുതാനായി ഉപകാരപ്രദമായ ബാക്ടീരിയകളെ വേരുകളിലുണ്ടാകുന്ന ചില രാസപ്രവര്‍ത്തനങ്ങളിലൂടെ ഉത്പാദിപ്പിക്കും
രോഗാണുക്കളായ കീടങ്ങള്‍ക്കെതിരെ സസ്യങ്ങള്‍ മുകളില്‍ പറഞ്ഞ പോലുള്ള സെക്കന്‍ഡറി മെറ്റബൊളൈറ്റ്സ്, ആന്റി മൈക്രോബിയല്‍ കോമ്പൗണ്ടുകള്‍ എന്നിവ ഉപയോഗിക്കും. കൂടുതലായും ഇത്തരം രോഗാണുക്കള്‍ക്കെതിരെ പൊരുതാന്‍ പശ പോലുള്ള ദ്രാവകങ്ങളാണ് ഉപയോഗിക്കുന്നത്. സെക്കന്‍ഡറി മെറ്റബൊളൈറ്റ്സ് കൂടാതെ സൂക്ഷ്മാണുവിന് എതിരെയുള്ള ആന്റി മൈക്രോബിയല്‍ കെമിക്കല്‍സ്, പ്രോട്ടീനുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം പാത്തോജന്‍സ് (pathogens) എന്നറിയപ്പെടുന്ന രോഗ കാരണമായ കീടാണുക്കള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കും.
ചെടികളുടെ വേരുകളും പ്രതിരോധത്തില്‍ പങ്കാളികളാകാറുണ്ട്. ഏതെങ്കിലും രോഗബാധ ചെടികളുടെ ഭാഗങ്ങളിലുണ്ടായാല് അവയ്ക്കെതിരെ പൊരുതാനായി ഉപകാരപ്രദമായ ബാക്ടീരിയകളെ വേരുകളിലുണ്ടാകുന്ന ചില രാസപ്രവര്‍ത്തനങ്ങളിലൂടെ ഉത്പാദിപ്പിക്കും. സസ്യങ്ങളും മനുഷ്യരെ പോലെയാണ് എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. അവയ്ക്കും ആക്രമണത്തെ പ്രതിരോധിക്കാനും ഇനി അപകടം പറ്റിയാല്‍ അതിനെതിരെ എന്തു ചെയ്യാം എന്നെല്ലാം വ്യക്തമായ ധാരണയുണ്ട്.