
ശരിക്കും വീണോ, ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍?
ഒരു ദിവസം പോലും ജീവിക്കില്ലെന്ന് കരുതിയ ആ കുഞ്ഞ് പിന്നീട് ശാസ്ത്രത്തിന്റെ ഉന്നതങ്ങളിലെത്തി. അറിയാം ആരാണ് ന്യൂട്ടനെന്ന്
യുവാവായിരുന്നപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് അകന്ന് നില്ക്കുന്ന അന്തര്‍മുഖനായിരുന്നു ഐസക് ന്യൂട്ടന്. ഒരു ദിവസം പോലും ജീവിക്കില്ലെന്ന് കരുതിയ ആ കുഞ്ഞ് പിന്നീട് ശാസ്ത്രത്തിന്റെ ഉന്നതങ്ങളിലെത്തി. അറിയാം ന്യൂട്ടനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സയന്‍സ് ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സില്‍
ചരിത്രത്തില്‍ പ്രത്യേക ഇടമുള്ള ഒരു ആപ്പിള്‍ മരത്തിന്റെ കാവല്‍ക്കാരാണ് നാമെല്ലാം. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമവും ആ ആപ്പിള്‍ മരവും പരസ്പരം ഇഴ ചേര്‍ന്ന് കിടക്കുന്നു. നാമെല്ലാം ആ കഥ കേട്ടിട്ടുണ്ട്. ഐസക് ന്യൂട്ടനെന്ന പേര് ഒരുപക്ഷേ നമ്മളെല്ലാവരും ആദ്യമായി കേള്‍ക്കുന്നത് ആപ്പിള്‍ കഥയ്ക്കൊപ്പമായിരിക്കും. യുവാവായിരുന്ന ഐസക് ന്യൂട്ടന് ആ ആപ്പിള്‍ മരത്തിന്റെ ചുവട്ടിലിരുന്ന് നിഗൂഢമായ പ്രപഞ്ചത്തെ കുറിച്ച് ആലോചനയില്‍ മുഴുകി ഇരിക്കുകയായിരുന്നു. അപ്പോഴാണ് വിശ്വവിഖ്യാതമായ ആ ആപ്പിള്‍ അദ്ദേഹത്തിന്റെ തലയില്‍ വീഴുന്നത്. എന്തായിരിക്കും അപ്പോള്‍ അദ്ദേഹം പറഞ്ഞിരിക്കുക. വേദന കൊണ്ട് ഹാവൂ എന്നോ അതോ യുറീക്ക എന്നോ. അത് എന്തുതന്നെ ആയാലും ആപ്പിളിനെ താഴേക്ക് വീഴ്ത്തിയ ശക്തിയും തങ്ങളെയെല്ലാം ഭൂമിയില്‍ പിടിച്ച് നിര്‍ത്തുന്ന ശക്തിയും ചന്ദ്രനെയും മറ്റ് ഗ്രഹങ്ങളെയും അവരുടെ ഭ്രമണപഥത്തില്‍ പിടിച്ചുനിര്‍ത്തുന്ന ശക്തിയും ഒന്നാണെന്ന് അദ്ദേഹം കണ്ടെത്തി. എന്തുകൊണ്ട് ആ ആപ്പിള്‍ മറ്റൊരു ദിശയിലേക്ക് പോകാതെ നേരെ താഴേക്ക് വീണുവെന്ന ചോദ്യമാണ് ആ കണ്ടെത്തലിലേക്ക് അദ്ദേഹത്തെ നയിച്ചത്. ആ ശക്തിയാണ് ഗുരുത്വാകര്‍ഷണം.
ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്തിരിക്കുക ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ ആയിരിക്കുമെങ്കിലും പ്രകാശം, ചലനം, കാല്‍ക്കുലസ് എന്നിങ്ങനെ ന്യൂട്ടന്റെ വ്യക്തിമുദ്ര പതിഞ്ഞ ശാസ്ത്രശാഖകള്‍ അനവധിയാണ്
എന്തായാലും ഈ കഥ ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ്. ഇതൊരു സംഭവ കഥ തന്നെയാണോ, അതോ ന്യൂട്ടന്റെ കണ്ടെത്തലിനെ ഭാവനാത്മകമായി ചിത്രീകരിച്ചതാണോ എന്ന സംശയം സ്വാഭാവികമാണ്. എന്നാല്‍ ഐസക് ന്യൂട്ടന്റെ ജീവചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ വില്യം സ്റ്റുക്കിലി ന്യൂട്ടന് തന്നെ തന്നോട് ഈ കഥ പറഞ്ഞിട്ടുള്ളതായി 'മെമ്മയേഴ്സ് ഓഫ് സര് ഐസക് ന്യൂട്ടന്‍സ് ലൈഫ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട ആപ്പിള്‍ കഥ സത്യമാണെന്ന് തന്നെ പറയാം. ഈ ആപ്പിള്‍ മരം കാണാന്‍ പതിനായിരക്കണക്കന് ആളുകളാണ് എത്തുന്നത്.
ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്തിരിക്കുക ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ ആയിരിക്കുമെങ്കിലും പ്രകാശം, ചലനം, കാല്‍ക്കുലസ് എന്നിങ്ങനെ ന്യൂട്ടന്റെ വ്യക്തിമുദ്ര പതിഞ്ഞ ശാസ്ത്രശാഖകള്‍ അനവധിയാണ്.
ഒറ്റപ്പെട്ട കുട്ടിക്കാലം
സര് ഐസക് ന്യൂട്ടന് ജനിക്കുന്ന സമയത്ത് യൂറോപ്പ് ജൂലിയന്‍ കലണ്ടറായിരുന്നു പിന്തുടര്ന്നിരുന്നത്. അതുപ്രകാരം ക്രിസ്തുമസ് ദിനത്തിലാണ് അദ്ദേഹത്തിന്റെ ജനനം (1642 ഡിസംബര്‍ 25). എന്നാല്‍ പിന്നീട് യൂറോപ്പും ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറി. അങ്ങനെ വരുമ്പോള്‍ ഐസക് ന്യൂട്ടന്റെ ജനനത്തീയ്യതി 1643 ജനുവരി നാലാണ്. ഇംഗ്ലണ്ടിലെ വൂള്‍സ്തോര്‍പ്പ് എന്ന ഗ്രാമത്തിലാണ് ന്യൂട്ടന്റെ ജനനം. ന്യൂട്ടന് ജനിക്കുന്നതിന് മൂന്ന് മാസം മുമ്പ് അദ്ദേഹത്തിന്റെ പിതാവ് (പേര് ഐസക് ന്യൂട്ടന് എന്ന് തന്നെയായിരുന്നു) മരിച്ചു. പ്രതീക്ഷിച്ചതിലും മൂന്ന് മാസം മുമ്പായിരുന്നു ന്യൂട്ടന്റെ ജനനം. അതിനാല്‍ തന്നെ ദുര്‍ബലനായ, വളരെ ചെറിയ കുഞ്ഞായിരുന്നു ന്യൂട്ടന്. ഒരു ദിവസം പോലും തികയ്ക്കില്ലെന്ന് കരുതിയിരുന്ന ആ കുട്ടി ലോകം കണ്ട മഹാ ശാസ്ത്രജ്ഞനായി 84 വര്‍ഷക്കാലം ജീവിച്ചു. ജനനത്തിന് മുമ്പ് തന്നെ പിതാവിനെ നഷ്ടപ്പെട്ട ന്യൂട്ടന് അധികം വൈകാതെ തന്നെ മാതൃസ്നേഹവും നഷ്ടമായി.
ന്യൂട്ടന് ജനിച്ച് രണ്ടാംവര്‍ഷം മാതാവായ ഹന്ന എയ്സ്കഫ്, ബര്‍നബാസ് സ്മിത്ത് എന്നയാളെ വിവാഹം ചെയ്ത് അടുത്തുള്ള ഗ്രാമത്തിലേക്ക് പോയി. പിന്നീട് സ്മിത്ത് മരിക്കുന്നത് വരെ ഒമ്പത് വര്‍ഷക്കാലം ന്യൂട്ടന് അമ്മയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. ഇതെല്ലാം കുഞ്ഞ് ന്യൂട്ടനെ മാനസികമായി വളരെയധികം തകര്‍ത്തിരുന്നു. രണ്ടാമതും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഹന്ന ന്യൂട്ടന്റെ ജീവിതത്തിലേക്ക് തിരികെ എത്തി.
പഠനം
ഗ്രന്താമിലെ ഗ്രാമര്‍ സ്കൂളിലായിരുന്നു ന്യൂട്ടന് പഠിച്ചത്. ഇടയ്ക്ക് കുറച്ച് കാലം പഠനം മുടങ്ങിയെങ്കിലും അമ്മയുടെ തിരിച്ചുവരവോടെ അവിടെ തന്നെ പഠനം പുനഃരാരംഭിച്ചു. പഠനകാലത്ത് ക്ലോക്ക്, വിന്ഡ്മില് പോലുള്ള മെഷീനുകള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കനായിരുന്നു ന്യൂട്ടന്. കേംബ്രിജിലെ ട്രിനിറ്റി കോളെജിലായിരുന്നു അദ്ദേഹം മെട്രിക്കുലേഷന്‍ ചെയ്തത്. 1661ല്‍ ന്യൂട്ടന് കേംബ്രിജില്‍ എത്തുമ്പോള്‍ ശാസ്ത്ര വിപ്ലവം ഏറെ മുന്നോട്ട് പോയിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനമായ പല കണ്ടെത്തലുകളും അക്കാലത്ത് പിറവി കൊണ്ടു. നിക്കോളാസ് കോപ്പര്‍നിക്കസ് മുകല്‍ ജൊഹനാസ് കെപ്ലര്‍ വരെയുള്ള ജ്യോതിശാസ്ത്രജ്ഞര്‍ സൂര്യന് കേന്ദ്രമായ പ്രപഞ്ച മാതൃകയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന കണ്ടെത്തലുകള്‍ മുന്നോട്ടുവെച്ചു. ജഡത്വത്തില്‍ അധിഷ്ഠിതമായ പുതിയ ചലന സിദ്ധാന്തങ്ങള്‍ ഗലീലിയോയും മുന്നോട്ടുവെച്ചു. അപ്പോഴും ഭൂമി കേന്ദ്രമായുള്ള പ്രപഞ്ച മാതൃകയിലാണ് യൂറോപ്യന്‍ സര്‍വ്വകലാശാലകള്‍ വിശ്വസിച്ചിരുന്നത്. അതിനാല്‍ തന്നെ ന്യൂട്ടന് പഠിക്കേണ്ടി വന്നതും അതാണ്. എങ്കിലും ലോകത്ത് പുതിയതായി ഉദയം ചെയ്ത ശാസ്ത്രചിന്തകള്‍ ന്യൂട്ടനെ സ്വാധീനിച്ചിരുന്നു.
ഫ്രഞ്ച് തത്വചിന്തകനായ ഡെസ്കാര്ട്ടെസിന്റെയും അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍ക്ക് വിപരീതങ്ങളായ ചലന സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച മറ്റ് ചിലരുടെയും പഠനങ്ങള്‍ ന്യൂട്ടന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അവയുടെ സ്വാധീനമെന്നോണം 1664കളില്‍ ന്യൂട്ടന് തന്റെ നോട്ടുപുസ്തകത്തില്‍ 'Certain Philosophical Questions' എന്ന പേരില്‍ ചില ചിന്തകള്‍ കുറിച്ചുവെച്ചു. തലക്കെട്ടിന് താഴെയായി ഒരു മുദ്രാവാക്യം പോലെ അദ്ദേഹം ഇങ്ങനെ എഴുതി. പ്ലേറ്റോ എന്റെ മിത്രമാണ്, അരിസ്റ്റോട്ടില്‍ എന്റെ മിത്രമാണ്. പക്ഷേ എന്റെ ആത്മമിത്രം സത്യമാണ്. ന്യൂട്ടന്റെ ശാസ്ത്ര ജീവിതം അവിടെ ആരംഭിച്ചു.
അതിനോടകം തന്നെ ചലനവുമായും പ്രകൃതിയുടെ നിലനില്‍പ്പുമായും ബന്ധപ്പെട്ട ചില കണ്ടെത്തലുകള്‍ അദ്ദേഹം നോട്ടുപുസ്തകത്തില്‍ കുറിച്ചുവെച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ തന്നെ ജീവിച്ചിരുന്ന റോബര്‍ട്ട് ബോയലിന്റെ സ്വാധീനത്തില്‍ രസതന്ത്രവുമായി ബന്ധപ്പെട്ട ചില കണ്ടെത്തലുകള്‍ അദ്ദേഹം നടത്തിയിരുന്നു. എവിടെയും രേഖപ്പെടുത്തിയില്ലെങ്കിലും ന്യൂട്ടന് ആഴത്തിലുള്ള ഗണിത പഠനം ആരംഭിച്ചതും ഇതേ കാലയളവിലാണ്. ജ്യാമിതിയില്‍ അഗ്രഗണ്യനായ അദ്ദേഹം പിന്നീട് ബൈനോമിയല്‍ തിയറത്തിന് രൂപം നല്‍കുകയും കാല്‍ക്കുലസ് വികസിപ്പിക്കുകയും ചെയ്തു.
പ്ലേഗും ലോക്ക്ഡൗണും ഗുരുത്വാകര്‍ഷണവും
1665ല്‍ പ്ലേഗ് മൂലം കോളെജ് അടച്ചിട്ടതോടെ രണ്ട് വര്‍ഷത്തേക്ക് ന്യൂട്ടന്റെ പഠനം മുടങ്ങി. ആപ്പിള്‍ തലയില്‍ വീഴുന്നതും ന്യൂട്ടനില്‍ ഗുരുത്വാകര്‍ഷണമെന്ന ആശയം മുള പൊട്ടുന്നതും ഇക്കാലയളവിലാണ്. കരിയറിലെ സുപ്രധാന കാലഘട്ടമായാണ് ന്യൂട്ടന് ഈ കാലത്തെ അടയാളപ്പെടുത്തുന്നത്. 1667ല്‍ സ്വന്തം നിലയ്ക്കുള്ള പഠനത്തിന് ശേഷം കോളെജില്‍ തിരിച്ചെത്തിയ ന്യൂട്ടന് 1696 വരെ അവിടെ ഗണിതശാസ്ത്ര പ്രഫസറായും മറ്റ് ചുമതലകളിലും തുടര്‍ന്നു.
സുപ്രധാന കണ്ടെത്തലുകള്‍
ഗുരുത്വാകര്‍ഷണം കണ്ടെത്തിയെന്നത് ഗണിത, ശാസ്ത്ര മേഖലകള്‍ക്ക് ന്യൂട്ടന് നല്കിയ സംഭാവനകളില്‍ ഒന്ന് മാത്രമാണ്. കാല്ക്കുലസിന് പുറമേ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നായ ഡിഫറെന്‍സിയേഷന്‍, ഇന്റെഗ്രേഷന് എന്നിവ വികസിപ്പിക്കുന്നതിലും ന്യൂട്ടന് സുപ്രധാന പങ്ക് വഹിച്ചു. ഒപ്ടിക്സിലുള്ള കമ്പമാണ് വെളിച്ചം (white light) എന്നത് മഴവില്ലില്‍ കാണുന്ന എല്ലാ നിറങ്ങളും കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന ഒന്നാണെന്ന കണ്ടെത്തലിലേക്ക് അദ്ദേഹത്തെ നയിച്ചത്.
മുതിര്‍ന്നപ്പോള്‍ പ്രതികാര ബുദ്ധിയോടുള്ള പെരുമാറ്റം മൂലവും ന്യൂട്ടന് ആളുകളുടെ വെറുപ്പ് സമ്പാദിച്ചു
ആപ്പിള്‍ താഴേക്ക് പതിച്ചപ്പോള്‍ ഉണ്ടായ ഉള്‍ക്കാഴ്ചയെ തുടര്‍ന്ന് മൂന്ന് ചലന നിയമങ്ങള്‍ക്കാണ് ന്യൂട്ടന് രൂപം നല്‍കിയത്. 1687ല്‍ പ്രസിദ്ധീകരിച്ച പ്രിന്‍സിപ്പിയ എന്ന പേരില്‍ അറിയപ്പെടുന്ന 'ഫിലോസഫിയേ നാച്ചുറാലിസ് പ്രിന്‍സിപ്പിയ മാത്തമാത്തിക' (Mathematical Principles of Natural Philosophy)) എന്ന പുസ്തകത്തിലാണ് ന്യൂട്ടന് തന്റെ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിച്ചത്. ആ പുസ്തകത്തിലൂടെയാണ് ഐസക് ന്യൂട്ടനെന്ന ശാസ്ത്രലോകത്തെ എക്കാലത്തെയും മഹദ് വ്യക്തിത്വത്തെ ലോകം തിരിച്ചറിഞ്ഞത്.
ആര്‍ക്കും ഇഷ്ടമല്ലാത്ത ന്യൂട്ടന്
ലോകത്തെ തിരിച്ചറിവിലേക്ക് നയിച്ച പല കണ്ടെത്തലുകളും നടത്തിയ വ്യക്തിയാണെങ്കിലും എല്ലാവര്ക്കും അത്ര സ്വീകാര്യനായിരുന്നില്ല ഐസക് ന്യൂട്ടന്. പ്രത്യേകിച്ച് വാര്‍ധക്യ കാലത്ത് ബ്രിട്ടനിലെ റോയല്‍ മിന്റിന്റെ മേധാവി ആയിരുന്നപ്പോഴും മറ്റും. മതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അടക്കം പല കാരണങ്ങളും അതിന് പിന്നിലുണ്ടായിരുന്നു.
യുവാവായിരുന്നപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് അകന്ന് നില്ക്കുന്ന അന്തര്‍മുഖനായിരുന്നു അദ്ദേഹം. മുതിര്‍ന്നപ്പോള്‍ പ്രതികാര ബുദ്ധിയോടുള്ള പെരുമാറ്റം മൂലവും ന്യൂട്ടന് ആളുകളുടെ വെറുപ്പ് സമ്പാദിച്ചു. സങ്കീര്‍ണ്ണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്ന് കേംബ്രിജിലെ ഐസക് ന്യൂട്ടന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാത്തമാത്തിക്കല് സയന്‍സസ് ഡയറക്ടര്‍ സര് ഡേവിഡ് വാലേസ് സാക്ഷ്യപ്പെടുത്തുന്നു.
1727ലാണ് സര് ഐസക് ന്യൂട്ടന് മരിക്കുന്നത്. ഉറക്കത്തിനിടെ യാദൃശ്ചികമായിട്ടായിരുന്നു ആ മരണം.