Mar 29 • 10M

കുട്ടികളുടെ ബുദ്ധിശക്തി കൂട്ടണോ? ഇതാ എളുപ്പവഴി

ഒരു കുട്ടിയുടെ ബുദ്ധിയുടെ 80 ശതമാനത്തോളം വികാസം നടക്കുന്നത് മൂന്ന് വയസ്സിനുള്ളിലാണ്

3
 
1.0×
0:00
-9:58
Open in playerListen on);
Episode details
Comments

കുട്ടികളുടെ ബുദ്ധി ഉണര്‍ത്താന്‍ മാതാപിതാക്കള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അവരുമായി നിരന്തരം നടത്തുന്ന സംസാരങ്ങള്‍ അവരെ കൂടുതല്‍ മിടുക്കരാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

തങ്ങളുടെ കുട്ടി നല്ല ബുദ്ധിയുള്ളവരാകണമെന്നും എല്ലാ കാര്യങ്ങളിലും മിടുക്കരാകണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. ജനിക്കുന്നതിനു മുന്‍പ് തന്നെ തന്റെ കുഞ്ഞ് എന്തായി തീരണം എന്നുവരെ ആലോചിച്ചു വയ്ക്കുന്ന മാതാപിതാക്കളുമുണ്ട്. മാത്രമല്ല മാര്‍ക്കറ്റില്‍ കിട്ടുന്ന പല പ്രോട്ടീന്‍ പൗഡറുകളും ഹെല്‍ത്ത് മിക്സുകളും എല്ലാം നല്‍കി തന്റെ കുട്ടിയുടെ ബുദ്ധിയെ പരിപോഷിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നവരാണ് മാതാപിതാക്കള്‍. യഥാര്‍ഥത്തില്‍ ഒരു കുട്ടിയുടെ ബുദ്ധി വികസിക്കാന്‍ ഇവയൊന്നുമല്ല അത്യാവശ്യം. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് അതിന് വേണ്ടത്. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം, അവരോട് സംസാരിക്കുക. അതെ, കുഞ്ഞുങ്ങളോട് സംസാരിച്ചു കൊണ്ടേയിരിക്കുകയാണ് അവരുടെ ബുദ്ധി വളര്‍ച്ചയ്ക്ക് ആവശ്യമുള്ള പ്രധാന കാര്യമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഒരു കുട്ടിയുടെ ബുദ്ധിയുടെ 80 ശതമാനത്തോളം വികാസം നടക്കുന്നത് മൂന്ന് വയസ്സിനുള്ളിലാണ്. അഞ്ച് വയസ്സാകുമ്പോഴേക്ക് 90% തലച്ചോറും വികസിക്കും. അതായത്, ഏകദേശം പൂര്‍ണ വളര്‍ച്ചയിലേക്കെത്തും. ആ സമയം കുഞ്ഞിന്റെ അടുത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന അവന്റെ മാതാപിതാക്കന്മാര്‍ തന്നെയാണ് ബുദ്ധി വികാസത്തിനു വേണ്ട തറക്കല്ലിടുന്നതും. എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയും ചോദിച്ചും പഠിക്കുന്ന പ്രായത്തില്‍ അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കി അവരെ ബുദ്ധി കൂര്‍മതയുള്ളവരാക്കി മാറ്റേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കു തന്നെയാണ്.

അമേരിക്കയിലെ ലോകപ്രശസ്തമായ മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലെ ഗവേഷകര്‍ പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അച്ഛനമ്മമാര്‍ കുട്ടികളോട് സംസാരിക്കേണ്ടതിന്റെ ആവശ്യകതയും ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ ചെയ്യരുത്, ഇത് കഴിക്കണം, ഇതുവഴി നടക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളല്ല പറയുന്നത്. അവരോട് മനസ്സു തുറന്ന് അവര്‍ക്കു വേണ്ടി സമയം മാറ്റി വച്ച് സംസാരിക്കണമെന്നാണ്. അപ്പോള്‍ അവര്‍ തിരിച്ച് നിങ്ങളോടും മനസ് തുറക്കാന്‍ തുടങ്ങും.

അവരുടെ കൊച്ചു കൊച്ചു കഥകളും സന്തോഷങ്ങളും പരാതികളുമെല്ലാം കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ അവരെല്ലാം തുറന്നു പറയാന്‍ ശീലിക്കും. ഇത് ഭാവിയിലും നിങ്ങളും മക്കളുമായുള്ള ഇഴയടുപ്പം കൂട്ടും. മുതിര്‍ന്നാലും മാതാപിതാക്കള്‍ തങ്ങളെ കേള്‍ക്കാന്‍ മനസ്സുള്ളവരാണെന്നും അവരോട് സുഹൃത്തുക്കളോടെന്ന പോലെ എല്ലാം മറയില്ലാതെ പറയാന്‍ കഴിയുമെന്നുമുള്ള വിശ്വാസം അവരില്‍ ആത്മവിശ്വാസം കൂട്ടും. ഇതെല്ലാം കുട്ടികളുമായി ചെറുപ്പം മുതല്‍ നടത്തുന്ന സംഭാഷണങ്ങളെ ആശ്രയിച്ചാണ്. അവരെ കേള്‍ക്കാന്‍ നിങ്ങള്‍ എത്ര സമയം കണ്ടെത്താറുണ്ടെന്ന് ഇനി ഒന്നു ആലോചിച്ചു നോക്കൂ.

ഭാഷയ്ക്കും ബുദ്ധിക്കും

കുഞ്ഞുങ്ങളോട് നന്നായി സംസാരിച്ചാല്‍ അവരും പെട്ടെന്ന് സംസാരിക്കാന്‍ തുടങ്ങും എന്ന് പറയാറില്ലേ. അതിന്റെ പുറകിലും ഇതേ കാര്യമാണ്. ഒരു കുഞ്ഞ് ജനിച്ച ഉടനേ കാര്യങ്ങള്‍ മനസ്സിലാക്കാനോ തിരിച്ച് പ്രതികരിക്കാനോ കഴിയില്ല. പക്ഷേ അവര്‍ സംസാരിച്ചു തുടങ്ങമ്പോള്‍ നമ്മളും അവരോട് സംസാരിച്ചാല്‍ മതി എന്നു കരുതരുത്. കാരണം, അവര്‍ പ്രതികരിക്കുന്നില്ലെങ്കിലും ജനിക്കുമ്പോള്‍ മുതല്‍ ഓരോ ദിവസവും അവര്‍ പഠിച്ചുകൊണ്ടേയിരിക്കുകയാണ്. തങ്ങളുടെ ചുറ്റും നടക്കുന്ന സംസാരങ്ങളിലൂടെ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹ പ്രകടനങ്ങളിലൂടെയെല്ലാം അവര്‍ ലോകത്തെ മനസിലാക്കുകയാണ്.

കുഞ്ഞുങ്ങളെ എപ്പോഴും കളികളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും വ്യാപൃതരാക്കുന്നത് അവരുടെ ബുദ്ധി വികാസത്തിന് വളരെയേറെ സഹായകമാകും. അവരറിയാതെ പലതും അവര്‍ പഠിക്കും. വരും കാലത്തിലേക്കുള്ള അറിവുകളുടെ വാതായനം ജനിക്കുമ്പോള്‍ മുതല്‍ അവരില്‍ തുറക്കപ്പെടുന്നു. അവര്‍ അറിയാതെ തന്നെ വീട്ടില്‍ സംസാരിക്കുന്ന ഭാഷ പഠിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. മാതാപിതാക്കള്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷ അവരറിയാതെ തനിയെ അവരുടെ ഉള്ളിലേക്ക് എത്തുന്നു. ഇതെല്ലാം സംഭാഷണങ്ങള്‍ വഴിയാണ്. ഇതൊന്നും അറിയാതെയാണെങ്കിലും ചില മാതാപിതാക്കള്‍ കുട്ടികളോട് ധാരാളം സംസാരിക്കാറുണ്ട്. അവരിലെ മാറ്റം പ്രകടമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

കുഞ്ഞ് ഒരു ആറു മാസമാകുമ്പോഴേക്ക് നമ്മള്‍ പറയുന്നതിന് പ്രതികരിച്ചു തുടങ്ങുന്നത് അവരോടുള്ള ഈ സംസാരങ്ങളിലൂടെയാണ്. അങ്ങനെയാണ് അവര്‍ ചിരിക്കാനും കളിക്കാനും കാര്യങ്ങളെ മനസിലാക്കാനുമെല്ലാം തുടങ്ങുന്നത്. കുഞ്ഞുങ്ങളുടെ ആദ്യ അഞ്ചു വര്‍ഷങ്ങള്‍ പ്രാധാന്യമേറുന്നതും ഇതുകൊണ്ടെല്ലാമാണ്. അവരുടെ സ്വഭാവ രൂപീകരണത്തിനും ഈ സമയത്ത് തന്നെയാണ് തറക്കല്ലിടുന്നത്. ഈ പ്രായത്തില്‍ അവരുടെ ബുദ്ധി കൂര്‍മതയും ഭാഷാ നൈപുണ്യവും സംസാരശേഷിയുമെല്ലാം സംഭാഷണങ്ങളിലൂടെ കുട്ടികള്‍ക്ക് ലഭിക്കും. ഇതാദ്യമായാണ് മാതാപിതാക്കളുടെ സംഭാഷണങ്ങള്‍ കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്ക് എത്രത്തോളം പ്രധാനമാണ് എന്ന് തെളിവുകള്‍ സഹിതം ഒരു പഠനം പുറത്തുവരുന്നത്.

സംസാരിച്ചുകൊണ്ടേയിരിക്കുക

കുഞ്ഞുങ്ങള്‍ ചെറുതാവുമ്പോള്‍ നാം അവരെ കൊഞ്ചിക്കുന്നതും ലാളിക്കുന്നതും മറുത്തൊന്നും പ്രതീക്ഷിച്ചിട്ടല്ലല്ലോ. അതുപോലെ അവരോട് സംസാരിക്കുമ്പോഴും ആദ്യമൊന്നും തിരിച്ച് പ്രതീക്ഷിക്കേണ്ട കാര്യമില്ല. പതിയെ അവര്‍ നമ്മോട് പ്രതികരിച്ചു തുടങ്ങും. ആദ്യമൊന്നും അവര്‍ പറയുന്നതിന് വ്യക്തത ഉണ്ടാവില്ലെങ്കിലും നമ്മള്‍ വ്യക്തമായി തന്നെ അവരോട് സംസാരിച്ചുകൊണ്ടിരിക്കണം. ടിവിക്കോ മൊബൈലിനോ ഒന്നും ഈ സംസാരങ്ങളോ സന്തോഷ നിമിഷങ്ങളോ പകരം വയ്ക്കാനാവില്ല. കുഞ്ഞുങ്ങളോട് സംസാരിക്കുന്നതും സമയം ചിലവിടുന്നതും നമ്മുടെ ആരോഗ്യത്തിനും വളരെയേറെ ഗുണം ചെയ്യും.

കുഞ്ഞുങ്ങളോടൊത്ത് കളിക്കുമ്പോള്‍ നമ്മുടെ ടെന്‍ഷനും വിഷമങ്ങളുമെല്ലാം മറന്നുപോകാറില്ലേ. അതാണ് ഈ കുട്ടികളുടെ ഏറ്റവും വലിയ പ്രത്യേകതയും. ചുറ്റുമുള്ളവരിലേക്കും അവരുടെ പ്രസരിപ്പും സന്തോഷവും നിറയ്ക്കാന്‍ അവര്‍ക്കാകും. പക്ഷേ അതിന് നമ്മള്‍ കൂടി കുറച്ച് സമയം മാറ്റി വയ്ക്കണമെന്നു മാത്രം. അത് അവരുടെ ബുദ്ധി വളര്‍ച്ചയുടെ കൂടി കാര്യമാണ്. തന്റെ കുഞ്ഞ് മിടുക്കനാവണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്?

കുട്ടികളുമായുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാനും അവരുമായുള്ള സമ്പര്‍ക്കം കൂട്ടാനുമുള്ള ചില പൊടിക്കൈകള്‍:

നോട്ടം - കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നതിനും മുന്‍പ് തന്നെ അവര്‍ നോട്ടത്തിലൂടെയാണ് നമ്മോടുള്ള ഇഷ്ടം കാണിക്കുന്നത്. അവരുടെ കണ്ണുകളില്‍ നോക്കി സംസാരിച്ചു ശീലിക്കുക. പതിയെ അവരും കണ്ണുകളില്‍ നോക്കി പ്രതികരിക്കാന്‍ തുടങ്ങും.

പിന്തുടരുക - കുട്ടികളെ അവരുടെ വഴിക്ക് ഓരോന്ന് ചെയ്യാന്‍ പ്രേരിപ്പിക്കുക. ആദ്യമെല്ലാം തെറ്റുകള്‍ പറ്റുമെങ്കിലും അവര്‍ ചെയ്യുന്നതിനെ നന്നാക്കാന്‍ പ്രോത്സാഹിപ്പിക്കുക. മാത്രമല്ല അവരുടെ ആശയങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ശബ്ദങ്ങള്‍ക്കുമനുസരിച്ച് നമ്മള്‍ അവരെ പിന്തുടരുക.

സംസാരിക്കുക - ശബ്ദങ്ങളും ആംഗ്യങ്ങളും കുട്ടികളെ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായിക്കും. അമ്മ എടുക്കാം എന്നു പറഞ്ഞ് കൈ നീട്ടുമ്പോള്‍ കുഞ്ഞും കൈ നീട്ടുന്നത് ആ പറയുന്നതും അമ്മയുടെ ആംഗ്യവും തമ്മില്‍ ബന്ധിപ്പിച്ച് മനസിലാക്കിയാണ്. ഇത്തരത്തില്‍ സംസാരിക്കുകയും ചില കാര്യങ്ങള്‍ ആംഗ്യങ്ങള്‍ കൂട്ടി പറയുകയും വേണം.

സമയം കൊടുക്കുക - കുഞ്ഞ് സംസാരിച്ചോ പ്രതികരിച്ചോ തുടങ്ങുന്ന സമയത്ത് പരസ്പരം സംസാരിക്കുന്ന തരത്തിലാക്കുക. അവര്‍ക്കും തങ്ങളുടെ കാര്യം പറയാനുള്ള സമയം കൊടുക്കുക. അവരോടൊപ്പം കളിക്കുമ്പോഴും അവരെക്കൊണ്ട് പറയിക്കാനും ചെയ്യിക്കാനും ശ്രമിക്കുക.

ചോദ്യങ്ങള്‍ ചോദിക്കുക-സംശയങ്ങളും ചോദ്യങ്ങളും ചോദിക്കുന്ന കുട്ടികള്‍ മിടുക്കരാണ് എന്നു പറയാറില്ലേ. അവരുടെ ഈ ചിന്താശേഷി കൂടുന്നത് ചെറുപ്പം മുതല്‍ ആലോചിക്കാനുള്ള ശേഷി വളര്‍ത്തുമ്പോഴാണ്. അവര്‍ നമ്മോട് ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലെ കുട്ടികളോട് നമ്മളും 'അതെന്താണ്? അതിനെക്കുറിച്ച് എന്താണ് തോന്നുന്നത്? എങ്ങനെ അത് വന്നെന്ന് ആലോചിക്കൂ' തുടങ്ങിയ ചെറിയ ചില ചോദ്യങ്ങള്‍ ഇട്ടുകൊടുക്കണം.

ഒരു വയസിനു മുകളിലുള്ള കുട്ടികളുടെ ബുദ്ധി വികാസത്തിന്:

പടികള്‍ എണ്ണുക-നടക്കാന്‍ പഠിക്കുമ്പോഴും പടികള്‍ കയറിയിറങ്ങാന്‍ പഠിക്കുമ്പോഴും കൈ പിടിച്ച് എണ്ണാന്‍ പഠിപ്പിക്കുക. പതിയെ അവര്‍ അക്കങ്ങളും അതിന്റെ വ്യത്യാസങ്ങളും തിരിച്ചറിഞ്ഞു തുടങ്ങും.

കുട്ടിപാട്ടുകള്‍-ഭക്ഷണം കഴിക്കാനും കളിക്കുമ്പോഴുമെല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള കുട്ടി നഴ്സറി പാട്ടുകള്‍ പാടികൊടുക്കാം.

വെള്ളത്തില്‍ കളി-എല്ലാ കുട്ടികളും ആസ്വദിക്കുന്ന ഒന്നാണ് വെള്ളത്തിലുള്ള കളികള്‍. കുളിക്കാന്‍ പോകുമ്പോള്‍ അല്‍പ്പസമയം അവര്‍ക്ക് വെള്ളത്തില്‍ കളിക്കാന്‍ അവസരമൊരുക്കാം. അങ്ങനെ അവര്‍ക്ക് തണുത്ത വെള്ളവും ചൂടു വെള്ളവും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞുകൊടുക്കാം. ഇവ രണ്ടും കൂടിയാണ് ഇളം ചൂടുവെള്ളം ഉണ്ടാക്കുന്നത് എന്നു പറയാം. സോപ്പ് കുമിളകള്‍ ഉണ്ടാക്കി കാണിക്കാം. കൊ കഴുകാനും തുടയ്ക്കാനുമെല്ലാം അവരോട് പറഞ്ഞ് ചെയ്യിക്കാം.

ആവര്‍ത്തിക്കല്‍-കൈ കൊട്ടുന്നതും ആളുകളെ അഭിസംബോധന ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും എന്നു തുടങ്ങി അനുകരിച്ച് കാണിക്കേണ്ടവ കാണിച്ച് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.

നാല് വയസ്സിനു മുന്‍പ്:

പഴങ്ങളും പച്ചക്കറികളും-പഴങ്ങളും പച്ചക്കറികളും കാണിച്ച് അവയുടെ പേരും നിറവും പറയിക്കാം. അതിന്റെ സ്വാദ് എന്താണെന്ന് രുചിച്ച് പറയാന്‍ ആവശ്യപ്പെടുക.

വാഹനങ്ങളും വസ്തുക്കളും - കാണുന്ന വാഹനങ്ങളുടെയും അവയുടെ പ്രത്യേകതകളും പറഞ്ഞു മനസിലാക്കാം. ഇതുപോലെ തന്നെ വീട്ടിലും ചുറ്റുപാടും കാണുന്ന വസ്തുക്കളുടെ പേരും അവയുടെ പ്രത്യേകതകളും പറയിപ്പിക്കാം.

ആളുകളുടെ പേരും ബന്ധുത്വവും - വീട്ടിലുള്ളവരും പുറത്തുള്ളവരും ആരൊക്കെയെന്നും അവരുടെ പേരുകളും പറഞ്ഞു കൊടുക്കുക. പിന്നീട് അവരെ കാണുമ്പോള്‍ അവരാരെന്ന് പറയിപ്പിക്കുക.