Jan 12 • 12M

ചന്ദ്രനില്‍ ഓക്സിജനുണ്ട്, 800 കോടി മനുഷ്യര്‍ക്ക് ലക്ഷക്കണക്കിന് വര്‍ഷം ജീവക്കാനുള്ള ഓക്‌സിജന്‍

അറുന്നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് ഭൂമി വിട്ട് പോകേണ്ടി വരുമെന്ന് വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്

4
2
 
1.0×
0:00
-11:38
Open in playerListen on);
Episode details
2 comments

ബഹിരാകാശത്തേക്ക് കുടിയേറാനുള്ള മനുഷ്യന്റെ മോഹം ഒരിക്കലും നടക്കാത്ത ഒന്നായി കരുതേണ്ടതില്ല. ഒരു നാള്‍ വാസസ്ഥലത്തിനായി മനുഷ്യര്‍ക്ക് ഭൂമിയല്ലാതെ മറ്റൊരിടം കണ്ടെത്തേണ്ടി വരുമെന്ന് ശാസ്ത്രലോകത്തിന് ഏറെക്കുറെ ഉറപ്പാണ്. അറുന്നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് ഭൂമി വിട്ട് പോകേണ്ടി വരുമെന്ന് വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിലനില്‍പ്പിനായി മനുഷ്യന് ഭൂമി വിട്ട് പോകേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യത്തെ താന്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞുവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

2017ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് അത് പറഞ്ഞപ്പോള്‍ ലോകം അല്‍പ്പം അമ്പരക്കുകയും ആശങ്കപ്പെടുകയും ചെയ്തിരുന്നെങ്കിലും ബഹിരാകാശത്തേക്ക് പോകുക, ചൊവ്വയില്‍ താമസമാക്കുക എന്നതൊക്കെ നമുക്കിപ്പോള്‍ ചിന്തയ്ക്ക് അതീതമായ കാര്യമൊന്നും അല്ല. നാസയും സ്‌പെയ്‌സ് എക്‌സുമടക്കം ലോകത്തിന്റെ പലയിടങ്ങളിലുമുള്ള സ്വകാര്യ, ഗവണ്മെന്റ് ബഹിരാകാശ ഏജന്‍സികള്‍ അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഭൗര്‍ഭാഗ്യവശാല്‍ ഭൂമിയെ പോലെ അല്ലെങ്കില്‍ ഭൂമിയേക്കാള്‍ വാസയോഗ്യമായ ഒരിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജലം, ജീവവായു തുടങ്ങി ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ ഉണ്ടെങ്കിലല്ലേ ഭൂമിക്ക് പുറത്തുള്ള ഒരിടം നമുക്ക് വാസയോഗ്യമായി കരുതാനാകൂ.

എന്നാല്‍ കഴിഞ്ഞിടെ ദ കണ്‍സര്‍വേഷന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഭൂമിക്ക് പുറത്ത് വാസയോഗ്യമായ ഒരിടമെന്ന നമ്മുടെ സ്വപ്‌നത്തോട് അടുത്തുനില്‍ക്കുന്നതാണ്. സതേണ്‍ ക്രോസ് സര്‍വ്വകലാശാലയിലെ ജോണ്‍ ഗ്രാന്റ് എന്ന സോയില്‍ സയന്‍സ് പ്രഫസര്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ എണ്ണൂറ് കോടി ജനങ്ങള്‍ക്ക് ലക്ഷം വര്‍ഷങ്ങള്‍ കഴിയാനുള്ളത്ര ഓക്‌സിജന്‍ ഉണ്ടെന്നാണ്. അതൊരു വലിയ സന്തോഷവാര്‍ത്തയാണല്ലേ. പക്ഷേ ഒരു പ്രശ്‌നമുണ്ട്. ചന്ദ്രനിലെ ഓക്‌സിജന്‍ നാമെല്ലാം ശ്വസിക്കുന്ന ഓക്‌സിജനെ പോലെ വാതകരൂപത്തിലല്ല. ചേ്രന്ദ്രാപരിതലത്തിലെ പാറകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് അത്. പാറകള്‍ക്കുള്ളില്‍ നിന്ന് ഓക്‌സിജനെ വേര്‍തിരിക്കാനായാലോ, ചന്ദ്രനില്‍ മനുഷ്യന് ജീവിക്കാനാകുമോ. ജോണ്‍ ഗ്രാന്റിന്റെ ലേഖനം ഒന്ന് വിശകലനം ചെയ്യാം.

റിഗോലിത്തില്‍ കുടുങ്ങിക്കിടക്കുന്ന ഓക്‌സിജന്‍

ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ മുന്നേറ്റത്തിനൊപ്പം ബഹിരാകാശത്തെ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകളിലും അടുത്തകാലത്തായി ശാസ്ത്രലോകം കൂടുതല്‍ സമയവും പണവും നിക്ഷേപിക്കുന്നുണ്ട്. പ്രത്യേകിച്ച് ചന്ദ്രനില്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴി കണ്ടെത്തുന്നതിന്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയും നാസയും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവെക്കുകയുണ്ടായി. നാസയുടെ വരാനിരിക്കുന്ന മെഗാപദ്ധതിയായ ആര്‍ട്ടെമിസ് പ്രോഗ്രാമിന് കീഴില്‍ ഓസ്‌ട്രേലിയന്‍ നിര്‍മ്മിത ബഹിരാകാശ പേടകത്തെ ചന്ദ്രനിലേക്ക് അയക്കുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തിലെ പാറകള്‍ ശേഖരിക്കുകയെന്നതാണ് ഈ പേടകത്തിന്റെ ലക്ഷ്യം. ഈ പാറകള്‍ ഭൂമിയില്‍ നാം കാണുന്നവയെ പോലെ വെറും ശിലകളല്ല. ചന്ദ്രനില്‍ എന്നെങ്കിലും നമുക്ക് ശ്വസിക്കാന്‍ കഴിയുന്ന രീതിയില്‍ ഓക്‌സിജന്‍ ഉണ്ടായാല്‍ അതിന്റെ സ്രോതസ്സ് അവിടുത്തെ പാറകളായിരിക്കും.

ചന്ദ്രനില്‍ അന്തരീക്ഷമുണ്ടെങ്കിലും, ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും വിഭിന്നമായി അത് വളരെ നേര്‍ത്തതാണ്. മാത്രമല്ല ഹൈഡ്രജന്‍, നിയോണ്‍, ആര്‍ഗണ്‍ തുടങ്ങിയ വാതകങ്ങളാണ് ചന്ദ്രനിലെ അന്തരീക്ഷത്തിലുള്ളത്. മനുഷ്യരെ പോലെ ഓക്‌സിജനെ ആശ്രയിച്ച് ജീവിക്കുന്ന സസ്തനികള്‍ക്ക് നിലനിന്ന് പോകാന്‍ കഴിയുന്ന അന്തരീക്ഷസ്ഥിതിയല്ല അവിടുത്തേത്. പക്ഷേ ചന്ദ്രനില്‍ ധാരാളം ഓക്‌സിജന്‍ ഉണ്ടെന്നുള്ളതാണ് വസ്തുത. എന്നാലത് വാതകരൂപത്തിലല്ല. റിഗോലിത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് ചന്ദ്രനിലെ ഓക്‌സിജന്‍. റിഗോലിത്ത് എന്താണെന്നല്ലേ. ചന്ദ്രോപരിതലത്തില്‍ മൂടിക്കിടക്കുന്ന നേര്‍ത്ത പൊടിപടലങ്ങളുടെയും പാറകളുടെയും പാളിയാണ് റിഗോലിത്ത്. റിഗോലിത്തില്‍ നിന്നും ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാനായാല്‍ ചന്ദ്രനില്‍ മനുഷ്യവാസം യാഥാര്‍ത്ഥ്യമാക്കാന്‍ അത് മതിയാകില്ലേ.

ധാതുക്കളിലെ ഓക്‌സിജന്‍

നമുക്ക് ചുറ്റുമുള്ള നിരവധി ധാതുക്കളില്‍ ഓക്‌സിജന്‍ അടങ്ങിയിട്ടുണ്ട്. ഭൂമിയില്‍ കാണപ്പെടുന്ന പാറകളാല്‍ തന്നെയാണ് ചന്ദ്രനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഉല്‍ക്കകളില്‍ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ ചന്ദ്രനില്‍ അല്‍പ്പം കൂടുതലാണ്.സിലിക്ക, അലൂമിനിയം, ഇരുമ്പ്, മഗ്നീഷ്യം ഓക്‌സൈഡ് എന്നിവ ചന്ദ്രോപരിതലത്തില്‍ കൂടുതലാണ്. ഈ ധാതുക്കളിലെല്ലാം ഓക്‌സിജന്‍ ഉണ്ട്. എന്നാല്‍ നമ്മുടെ ശ്വാസകോശത്തിന് സ്വീകരിക്കാന്‍ തക്കതായ രൂപത്തിലല്ലെന്ന് മാത്രം.

മേല്‍പ്പറഞ്ഞ ധാതുക്കളെല്ലാം ചന്ദ്രനില്‍ അല്‍പ്പം വ്യത്യസ്തമായ രൂപങ്ങളിലാണ് കാണപ്പെടുന്നത്. ഉദാഹരണത്തിന് ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന കാഠിന്യമേറിയ പാറകളിലും പൊടിയിലും ചരലിലും കല്ലുകളിലുമെല്ലാം ഈ ധാതുക്കളുണ്ട്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ചന്ദ്രനില്‍ ഉല്‍ക്കകള്‍ വന്ന് പതിച്ചതിന്റെ ഫലമായാണ് ഉപരിതലത്തില്‍ ഇത്തരത്തില്‍ പാറകളുടെയും കല്ലിന്റെയും ചരലിന്റെയും ഒരു പാളി രൂപപ്പെടാന്‍ കാരണം. ചിലര്‍ ചന്ദ്രോപരിതലത്തെ ലൂണാര്‍ സോയില്‍ അഥവാ ചന്ദ്രനിലെ മണ്ണ് എന്നാണ് വിളിക്കുന്നത്. എന്നാല്‍ മണ്ണിനെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനെന്ന നിലയില്‍ തനിക്ക് അതിനെ മണ്ണെന്ന് വിളിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ജോണ്‍ ഗ്രാന്റ് പറയുന്നത്. മണ്ണെന്നാല്‍ ഭൂമിയില്‍ മാത്രം ഉള്ള സവിശേഷമായ ഒന്നാണെന്നും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പലതരത്തിലുള്ള ജീവജാലങ്ങളുടെ പ്രവര്‍ത്തനഫലമായാണ് അതുണ്ടാകുന്നതെന്നും അതിന് കാരണമായി അദ്ദേഹം വിശദീകരിക്കുന്നു. റിഗോലിത്ത് എന്ന കാഠിന്യമേറിയ പാറകളാണ് കാലാന്തരത്തില്‍ മണ്ണായി മാറുന്നത്. പലതരത്തിലുള്ള ജീവജാലങ്ങള്‍ ഈ പ്രക്രിയയില്‍ പങ്കെടുക്കുന്നതിനാല്‍ റിഗോലിത്തില്‍ ഇല്ലാത്ത പല ധാതുക്കളും മണ്ണില്‍ ഉണ്ടായെന്ന് വരാം. അതിനാല്‍ തന്നെ ഭൂമിയിലെ മണ്ണിന് തനതായ ഭൗതിക, രാസ, ജൈവ സവിശേഷതകള്‍ ഉണ്ട്. അതേസമയം ചന്ദ്രനില്‍ കാണപ്പെടുന്ന ധാതുക്കള്‍ റിഗോലിത്തില്‍ ഉള്ളവ മാത്രമാണ്. അതില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല.

എങ്ങനെ വേര്‍തിരിക്കും?

ചന്ദ്രനിലെ റിഗോലിത്തില്‍ ഏകദേശം 45 ശതമാനം ഓക്‌സിജന്‍ ഉണ്ട്. എന്നാല്‍ മുമ്പ് പറഞ്ഞ ധാതുക്കളില്‍ മറ്റ് മൂലകങ്ങളുമായി കൂടിച്ചേര്‍ന്നാണ് ആ ഓക്‌സിജന്‍ ഉള്ളത്. ആ ബന്ധം തകര്‍ത്ത് ഓക്‌സിജനെ വേര്‍തിരിക്കണമെങ്കില്‍ വന്‍തോതില്‍ ഊര്‍ജം ആവശ്യമാണ്. ഇലക്ട്രോലിസിസ് എന്ന പ്രക്രിയയെ കുറിച്ച് അറിയുന്നവര്‍ക്ക് ഇത് എളുപ്പത്തില്‍ മനസിലാക്കാം. രാസമാറ്റം ഉണ്ടാക്കുന്നതിനായി ഒരു പദാര്‍ത്ഥത്തിലൂടെ വൈദ്യുതി കടത്തിവിടുന്ന പ്രക്രിയ ആണിത്. ഭൂമിയില്‍ വ്യാവസായിക, നിര്‍മ്മാണ മേഖലകളില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന പ്രക്രിയയാണിത്. പ്രത്യേകിച്ച് അലൂമിനിയം പോലുള്ളവയുടെ നിര്‍മ്മാണത്തില്‍. അലൂമിനിയം ഓക്‌സൈഡില്‍ നിന്നുമാണ് അലൂമിനിയം വേര്‍തിരിച്ചെടുക്കുന്നത്. ഇവിടെ ഓക്‌സിജന്‍ ഉപോല്‍പ്പന്നമായും ലഭിക്കും. എന്നാല്‍ ചന്ദ്രനില്‍ മറിച്ചാണ് വേണ്ടത്. ഓക്‌സിജന്‍ പ്രധാന ഉല്‍പ്പന്നമായും അലൂമിനിയം ഉപോല്‍പ്പന്നമായും ലഭിക്കണം. ഇതില്‍ വലിയ സങ്കീര്‍ണ്ണതകളൊന്നുമില്ല. ചന്ദ്രോപരിതലത്തിലെ ഓക്‌സിജന്‍ അടങ്ങിയ ധാതുക്കളില്‍ നിന്നും ഇലക്ട്രോലിസിസ് വഴി ഓക്‌സിജനെ വേര്‍തിരിച്ചെടുക്കാനായേക്കും. പക്ഷേ പറയുന്നത് പോലെ എളുപ്പമല്ല അത്. ഇതിനാവശ്യമായ ഊര്‍ജ്ജം നാം കരുതുന്നതിലും അപ്പുറമായിരിക്കും.

സൗരോര്‍ജ്ജമോ അല്ലൈങ്കില്‍ ചന്ദ്രനില്‍ തന്നെയുള്ള മറ്റേതെങ്കിലും ഊര്‍ജ്ജസ്രോതസ്സോ ഉപയോഗിച്ചെങ്കില്‍ മാത്രമേ ഈ പ്രക്രിയ കാര്യക്ഷമമാകുകയുള്ളു. മാത്രമല്ല റിഗോലിത്തില്‍ നിന്നും ഓക്‌സിജന്‍ വേര്‍തിരിക്കാന്‍ ഒരു ഉപകരണവും ആവശ്യമായി വരും. ആദ്യം ഖരരൂപത്തിലുള്ള മെറ്റല്‍ ഓക്‌സൈഡിനെ താപം പ്രയോഗിച്ചോ മറ്റേതെങ്കിലും രീതിയിലൂടെയോ ദ്രാവകാവസ്ഥയില്‍ എത്തിക്കണം. ഭൂമിയില്‍ ഇതിന് വേണ്ട എല്ലാ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ലഭ്യമാണ്. എന്നാല്‍ ചന്ദ്രനില്‍ അവ എങ്ങനെ എത്തിക്കും. അത് വലിയൊരു വെല്ലുവിളി തന്നെയാണ്.

ചന്ദ്രനിലെ ഓക്‌സിജന്‍ സാന്നിധ്യവും അത് നല്‍കുന്ന പ്രതീക്ഷയും വളരെ വലുതാണെങ്കിലും മനുഷ്യന് ശ്വസിക്കാനാകുന്ന രൂപത്തിലേക്ക് ചാന്ദ്ര ഓക്‌സിജനെ മാറ്റിയെടുക്കുന്നതിന് വലിയ തോതില്‍ ഊര്‍ജ്ജം ആവശ്യമായി വരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെ ഗവേഷകനായ ബിനുകുമാറും സാക്ഷ്യപ്പെടുത്തുന്നു. ഓക്‌സിജന്‍ വേര്‍തിരിക്കുന്നതിന് ആവശ്യമായ, വ്യാവസായിക നിലവാരത്തിലുള്ള ഉപകരണങ്ങള്‍ ചന്ദ്രനിലെത്തിക്കുക, സൂര്യനെ പോലുള്ള ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ഈ പ്രക്രിയക്ക് ആവശ്യമായ ഊര്‍ജ്ജം കണ്ടെത്തുക എന്നിവയാണ് ഇക്കാര്യത്തില്‍ നമുക്ക് മുമ്പിലുള്ള സാങ്കേതികപരമായ വെല്ലുവിളികള്‍. എന്നാല്‍ റോക്കറ്റ് സാങ്കേതികവിദ്യ വേണ്ടരീതിയില്‍ പുരോഗമിച്ചാല്‍ ഇതെല്ലാം നടക്കാവുന്നതേയുള്ളു.ആര്‍ട്ടെമിസ് ദൗത്യം തുടങ്ങിക്കഴിഞ്ഞാല്‍ ഇത്തരം ആശയങ്ങളെല്ലാം പൂര്‍ണതോതില്‍ അല്ലെങ്കില്‍ കൂടിയും യാഥാര്‍ത്ഥ്യമാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബിനുകുമാര്‍ സയന്‍സ് ഇന്‍ഡിക്കയോട് പറഞ്ഞു. എന്തായാലും ശാസ്ത്രീയമായും സാങ്കേതികപരമായും സാമ്പത്തികമായും ഈ ആശയങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചന്ദ്രനില്‍ നമുക്ക് ഉപയോഗപ്പെടുത്താവുന്ന റിഗോലിത്ത് ഏതാണ്ട് പത്ത് മീറ്റര്‍ ആഴത്തിലാണ് ഉള്ളതെന്ന് സങ്കല്‍പ്പിച്ചാല്‍ അവിടെ നിന്ന് മാത്രം എണ്ണൂറ് കോടി മനുഷ്യര്‍ക്ക് 100,000 വര്‍ഷം ശ്വസിക്കാനുള്ള ഓക്‌സിജന്‍ ലഭ്യമാകും


ഈ വര്‍ഷം ആദ്യം ബെല്‍ജിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പെയ്‌സ് ആപ്ലിക്കേഷന്‍സ് സര്‍വ്വീസസ് എന്ന സ്റ്റാര്‍ട്ടപ്പ് ഇലക്ട്രോലിസിസിലൂടെയുള്ള ഓക്‌സിജന്‍ ഉല്‍പ്പാദന പ്രക്രിയ മെച്ചപ്പെടുത്തുന്ന മൂന്ന് റിയാക്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ ഇന്‍-സിറ്റു റിസോഴ്‌സ് യൂട്ടലൈസേഷന്‍ (ഐഎസ്ആര്‍യു) ദൗത്യത്തിന്റെ ഭാഗമായി 2025ഓടെ ഈ സാങ്കേതികവിദ്യ ചന്ദ്രനില്‍ എത്തിക്കാന്‍ ആകുമെന്നാണ് അവരുടെ പ്രതീക്ഷ.

എത്രമാത്രം ഓക്‌സിജന്‍ ചന്ദ്രന് നല്‍കാനാകും

ചന്ദ്രോപരിതലത്തിലെ പാറകളില്‍ കാണപ്പെടുന്ന ധാതുക്കളില്‍ നിന്ന് എങ്ങനെയെങ്കിലും ഓക്‌സിജന്‍ വേര്‍തിരിക്കാന്‍ കഴിഞ്ഞാലും അത് എത്രമാത്രം ഉണ്ടാകുമെന്നുള്ളതാണ് അടുത്ത ചോദ്യം.

കാഠിന്യമേറിയ ശിലാപദാര്‍ത്ഥങ്ങള്‍ ചന്ദ്രോപരിതലത്തില്‍ മാത്രമല്ല അകക്കാമ്പിലും ഉണ്ടാകാം. അവയിലും ഓക്‌സിജന്‍ മറഞ്ഞിരിക്കുന്നുണ്ടാകാം. പക്ഷേ അവയൊന്നും കണക്കിലെടുക്കാതെ ചന്ദ്രോപരിതലത്തില്‍ വളരെ എളുപ്പത്തില്‍ ലഭ്യമായ റിഗോലിത്തില്‍ മാത്രം എത്രമാത്രം ഓക്‌സിജന്‍ ഉണ്ടാകുമെന്ന് നമുക്ക് പരിശോധിക്കാം. റിഗോലിത്തിലെ ഓരോ ക്യൂബിക് മീറ്ററിലും ശരാശരി 1.4 ടണ്‍ ധാതുക്കള്‍ ഉണ്ടാകും. ഇതില്‍ കുറഞ്ഞത് 630 കിലോഗ്രാം ഓക്‌സിജനും ഉണ്ടാകാം. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഒരു ദിവസം മനുഷ്യന് ഏകദേശം 800 ഗ്രാം ഓക്‌സിജന്‍ ആവശ്യമാണെന്നാണ് നാസ പറയുന്നത്. അപ്പോള്‍ 630 കിലോഗ്രാം ഓക്‌സിജന്‍ കൊണ്ട് ഒരു വ്യക്തിക്ക് രണ്ട് വര്‍ഷമോ അതില്‍ക്കൂടുതലോ ജീവിക്കാം.

ഇനി ചന്ദ്രനില്‍ നമുക്ക് ഉപയോഗപ്പെടുത്താവുന്ന റിഗോലിത്ത് ഏതാണ്ട് പത്ത് മീറ്റര്‍ ആഴത്തിലാണ് ഉള്ളതെന്ന് സങ്കല്‍പ്പിച്ചാല്‍ അവിടെ നിന്ന് മാത്രം എണ്ണൂറ് കോടി മനുഷ്യര്‍ക്ക് 100,000 വര്‍ഷം ശ്വസിക്കാനുള്ള ഓക്‌സിജന്‍ ലഭ്യമാകും. അതേസമയം എത്രത്തോളം കാര്യക്ഷമമായി നമുക്ക് റിഗോലിത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനാകുമെന്നതിനെ ആശ്രയിച്ചിരിക്കും അത്. എന്തുതന്നെ ആയാലും നമുക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ഒന്ന് തന്നെയാണ് ചന്ദ്രനിലെ ഓക്‌സിജന്‍ സാന്നിധ്യം.