Jan 7 • 12M

പക്ഷി, തേനീച്ച, എട്ടുകാലി...പ്രകൃതിയിലേക്ക് കണ്ണ് തുറന്ന് റോബോട്ടിക്സ്

അതാ മുറ്റത്തൊരു റോബോക്കിളി, അച്ഛന്‍ ഉണക്കാനിട്ടിരിക്കുന്ന നെല്ല് കൊത്താന്‍ വരുന്ന ഒറിജിനല്‍ കിളികളെ പേടിപ്പിച്ചോടിക്കാന്‍ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്

3
 
1.0×
0:00
-11:54
Open in playerListen on);
Episode details
Comments

നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിക്കുന്ന റോബോട്ടുകള്‍ വ്യാപകമുന്ന കാലമാണ് വരുന്നത്. ബയോ-ഇന്‍സ്പയേര്‍ഡ് റോബോട്ടുകള്‍ എന്ന് വിളിക്കുന്ന ഇവ ദൈനംദിന ജീവിതത്തില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ വരുത്തും


പണ്ട് പണ്ട്.. ശ്ശേ ഈ പണ്ടത്തെ കഥകള്‍ കേട്ട് മടുത്തല്ലേ.. എന്നാപ്പിന്നെ ഇനി വരാനുള്ള കാലത്തെ ഒരു കഥ പറഞ്ഞാലോ. പതിറ്റാണ്ടുകള്‍ക്കപ്പുറം ഒരിടത്തൊരിടത്ത് പതിവുപോലെ പ്രഭാതം പൊട്ടിവിടര്‍ന്നു. ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ എവിടുന്നാണീ ശബ്ദം, സുരേശ് പുറത്തെ സിസിടിവിയുടെ വിഷ്വല്‍സ് ഫോണില്‍ നോക്കി, അതാ മുറ്റത്തൊരു റോബോക്കിളി, അച്ഛന്‍ ഉണക്കാനിട്ടിരിക്കുന്ന നെല്ല് കൊത്താന്‍ വരുന്ന ഒറിജിനല്‍ കിളികളെ പേടിപ്പിച്ചോടിക്കാന്‍ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ഒറിജിനല്‍ പക്ഷി കണ്ടാല്‍ നാണിച്ചുപോകും. ഏതായാലും ഉറക്കം പോയി, അമ്മേ ഒരു ചായ അവന്‍ കിടക്കപ്പായയില്‍ കിടന്ന് വിളിച്ചുപറഞ്ഞു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ട്രേയില്‍ ചായയുമായി ആളെത്തി. അമ്മയല്ല, റോബമ്മ. അപ്പോഴാണ് അവന്‍ ഓര്‍ത്തത് സമയം ഒമ്പതുമണി കഴിഞ്ഞു. അമ്മയിപ്പോ ഓഫീസിലെത്തിയിട്ടുണ്ടാകും. എന്നാലും പണ്ടുകാലത്ത് അമ്മമാര്‍ മക്കള്‍ക്ക് ചെയ്തുകൊടുത്തിരുന്നത് പോലെ അവന് ഭക്ഷണം എടുത്തുകൊടുക്കാനും അവന്റെ തുണിയലക്കാനും പോയ് കുളിക്കെന്ന് ഓര്‍മ്മിപ്പിക്കാനുമെല്ലാം വീട്ടില്‍ റോബമ്മയുണ്ട്. ഓഫീസില്‍ പോയി തിരിച്ചെത്തുന്ന അമ്മക്ക് വീട്ടില്‍ ഒരു പണിയുമില്ല, വെറുതെ ഇരുന്നാല്‍ മതി.

പണ്ടുകാലത്തെ അമ്മമാര്‍ പറഞ്ഞിരുന്നത് പോലെ നീയൊന്ന് കല്യാണം കഴിച്ച് എനിക്ക് സഹായത്തിന് ഒരു പെണ്ണ് വന്നാലേ എന്റെയീ കഷ്ടപ്പാടൊക്കെ തീരൂ എന്നല്ല അമ്മ അവനോട് പറഞ്ഞത്. നീ നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ പെണ്ണ് കെട്ടിയാ മതി, പക്ഷേ നല്ലോണം പഠിച്ച് എനിക്ക് സഹായമായി കുറച്ച് റോബോട്ടുകളെ ഉണ്ടാക്കിത്തന്നേ പറ്റൂ. അമ്മ പറഞ്ഞതുപോലെ അവന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും റോബോട്ടിക്സുമൊക്കെ പഠിച്ച് വീട്ടിലെല്ലാവരുടെയും ജോലികള്‍ എളുപ്പത്തിലാക്കാന്‍ കുറച്ച് റോബോട്ടുകളെയങ്ങ് ഉണ്ടാക്കി. കൃഷിക്കാരനായ അച്ഛന്റെ സഹായത്തിനും ഉണ്ട് കുറച്ച് റോബോച്ചേട്ടന്മാര്‍. പാടത്ത് കിളികളെ ഓടിക്കാന്‍ റോബോക്കിളി, നിലം ഉഴുന്നതിനുള്ള റോബോചേട്ടന്മാര്‍, പരാഗണത്തിന് സഹായിക്കുന്ന റോബോതേനീച്ചകള്‍ അങ്ങനെ പലതും.

മോന് റോബോട്ടുകളെ ഉണ്ടാക്കുന്ന ജോലിയായത് കൊണ്ട് വീട്ടിലിപ്പോള്‍ മനുഷ്യരേക്കാള്‍ റോബോട്ടുകളാണെന്നും എന്തായാലും മനുഷ്യരേക്കാള്‍ നന്ദിയും സ്നേഹവും ഇവറ്റെക്കാണെന്നും പണ്ടെങ്ങോ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് വെഞ്ഞാറമൂടിനെപ്പോലെ അച്ഛന്‍ കൂട്ടുകാരോട് വീമ്പ് പറയുന്നത് കേട്ട് സുരേശ് ചിരിച്ചിട്ടുണ്ട്. ഇതിപ്പോ വലിയ സംഭവമൊന്നും അല്ല അച്ഛാ, നമ്മുടെ ജീവിതം കൂടുതല്‍ സുന്ദരമാക്കുകയും സുഗമമാക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ കാലം വരാനിരിക്കുന്നതേയുള്ളുവെന്ന് സുരേശപ്പോള്‍ അച്ഛനോട് പറയും. അവന്റെ കമ്പനി ദിവസേന നൂറുകണക്കിന് റോബോട്ടുകളെയാണ് ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഉണ്ടാക്കിക്കൊടുക്കുന്നത്. അവയുടെ സവിശേഷത എന്തെന്നാല്‍ പ്രധാനമായും നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അത്തരം റോബോട്ടുകളെ നിര്‍മ്മിച്ചിരിക്കുന്നത്. ബയോ-ഇന്‍സ്പയേര്‍ഡ് റോബോട്ടുകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്.

ബയോ-ഇന്‍സ്പയേര്‍ഡ് റോബോട്ടുകള്‍

ശാസ്ത്ര സാങ്കേതിക മേഖലയില്‍ നാം ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും പ്രകൃതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാങ്കേതികരംഗത്ത് നമുക്ക് ഇനിയുമേറെ പോകാനുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് എങ്ങനെ വിമാനം പറത്തുമെന്നത് സംബന്ധിച്ച് മനുഷ്യരുടെ അറിവ് വളരെ പരിമിതമായിരുന്നു. എന്നാല്‍ പ്രകൃതിയില്‍ പറക്കലെന്ന വിദ്യയില്‍ അഗ്രഗണ്യരായ പക്ഷികളും മറ്റ് ജീവികളും എത്രയോ കാലം മുമ്പുണ്ട്. ആദ്യമായി വിമാനമെന്ന ആശയത്തെ കുറിച്ച് ചിന്തിച്ചവര്‍ പറന്നുയര്‍ന്ന് അകാശത്ത് സൈ്വര്യവിഹാരം നടത്തുന്ന പക്ഷികളെ മാതൃകയാക്കിയിട്ടുണ്ടാകുമെന്നത് തീര്‍ച്ചയാണ്. ശതകോടി വര്‍ഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ ഏറ്റവും മികച്ച കണ്ടെത്തലുകള്‍ക്ക് ജന്മം കൊടുത്ത പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഇന്നവേറ്ററാണ് പ്രകൃതി.


ഒരു പാമ്പിനെ പോലെ ഇഴഞ്ഞുനീങ്ങുന്ന റോബോട്ടുകള്‍ ലോകത്തുണ്ട്. എവിടെയെങ്കിലും ഒരു തവള ഉണ്ടെങ്കില്‍ ഇഴഞ്ഞെത്തി അവയെ വായിലാക്കുന്ന പാമ്പിന്റെ വിരുതും വേഗതയും കാര്യക്ഷമതയുമാണ് ഇത്തരം റോബോട്ടുകള്‍ വികസിപ്പിക്കുന്നതിന് പ്രചോദനമായത്


പ്രകൃതിയുടെ പാകപ്പെടുത്തലില്‍ ഓരോ ജീവിവര്‍ഗ്ഗവും കാലാന്തരത്തില്‍ തങ്ങളുടെ ന്യൂനതകളും ബലഹീനതകളും കുറച്ചുകൊണ്ടിരുന്നു. അതിനാല്‍ പലതരം ഉപയോഗങ്ങളുള്ള റോബോട്ടുകളുടെ ഡിസൈനുകള്‍ക്കും കണ്ടെത്തലുകള്‍ക്കും പൂര്‍ണ്ണതയ്ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും ആശയങ്ങള്‍ കടമെടുക്കാന്‍ പ്രകൃതിയേക്കാള്‍ വലിയ സ്രോതസ് ഇല്ലെന്ന് തന്നെ പറയാം.

റോബോട്ടിക്സ് രംഗത്തുള്ള മിക്ക കമ്പനികളും പ്രകൃതിയെയും സഹജീവികളെയും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ ഉല്‍പ്പന്നവും പുറത്തിറക്കുന്നതെന്ന് അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ബന്‍ഡിക്കൂട്ട് റോബോട്ടുകളെ നിര്‍മ്മിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച, തിരുവനന്തപുരം ആസ്ഥാനമായ ജെന്‍ റോബോട്ടിക്സ് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ വിമല്‍ ഗോവിന്ദ് സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു. ഇവരുടെ ബന്‍ഡിക്കൂട്ട് എന്ന റോബോട്ടിക് സ്‌കാവന്‍ജിംഗ് (യന്ത്രസഹായത്തോടെയുള്ള അഴുക്കുചാല്‍ ശുചീകരണം) സൊലൂഷന്റെ പേര് പോലും ഇതിന് ഉദാഹരണമാണ്. റോഡരികിലെ അഴുക്കുചാലുകളിലൂടെ പരക്കം പാഞ്ഞ് ഓടുന്ന ചെറുതും വലുതുമായ എലികളെ കണ്ടിട്ടില്ലേ. അവയുടെ ഇംഗ്ലീഷ് നാമമാണ് ബന്‍ഡികൂട്ടുകള്‍.


സാങ്കേതികപരമായി ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന മോട്ടറോട് കൂടിയ ഉപകരണങ്ങളാണ് റോബോട്ടുകളെന്ന് റോബോട്ട് ഫിസിസ്റ്റായ മാര്‍ക് ഡബ്ല്യൂ ടില്‍ഡണ്‍ പറയുന്നു. പക്ഷേ റോബോട്ടെന്നാല്‍ മനുഷ്യരൂപമുള്ള യന്ത്രങ്ങള്‍ അഥവാ യന്ത്രമനുഷ്യനാണെന്ന പൊതുബോധം ഒരു നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട്


ദുര്‍ഗന്ധം വമിക്കുന്ന ഓടകളിലും മാലിന്യക്കുഴികളിലും ഇത്തരം എലികളെ പോലെ നിഷ്പ്രയാസം ഓടിനടന്ന് ജോലി ചെയ്യുന്ന യന്ത്രമായിരിക്കണം തങ്ങളുടേതെന്ന ആശയമാണ് റോബോട്ടിന് ബന്‍ഡികൂട്ട് എന്ന പേര് നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് വിമല്‍ പറയുന്നു.

പേരില്‍ എലിയാണെങ്കില്‍ കാഴ്ചയിലും പ്രവൃത്തിയിലും എട്ടുകാലിയാണ് ബന്‍ഡികൂട്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ വരെ ഇന്നവേഷനുള്ള അംഗീകാരം നേടിയ സ്ഥാപനത്തിന്റെ മേധാവി പറയുന്നു. സ്വയം നിര്‍മിക്കുന്ന നൂലിലൂടെ (സ്പൈഡര്‍ സില്‍ക്ക്) എട്ടുകാലി ഊര്‍ന്നിറങ്ങുന്നത് പോലെയാണ് ബന്‍ഡികൂട്ടുകള്‍ ഒരു ചരട് വഴി മാന്‍ഹോളിലൂടെ അഴുക്കുചാലുകളിലേക്കും മാലിന്യക്കുഴികളിലേക്കും ഇറങ്ങുന്നത്. മാത്രമല്ല അവിടെ എത്തിക്കഴിഞ്ഞാല്‍ എട്ടുകാലി തന്റെ കാലുകള്‍ വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നത് പോലെ ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാനും ഇളകാതെ ഒരിടത്ത് നിന്ന് ജോലി ചെയ്യാനും ബന്‍ഡികൂട്ടിന് കഴിയും. ഇത്തരത്തില്‍ നിലവിലുള്ളതും ഇനി വരാന്‍ പോകുന്നതുമായ റോബോട്ടുകള്‍ കാഴ്ചയിലും പ്രവൃത്തിയിലും മനുഷ്യരടക്കം പ്രകൃതിയിലെ ജീവജാലങ്ങളുടെ സവിശേഷതകള്‍ ഉള്ളവയായിരിക്കുമെന്നാണ് വിമലിന്റെ അഭിപ്രായം.

പാമ്പ് മുതല്‍ വവ്വാല്‍ റോബോട്ടുകള്‍ വരെ

റോബോക്കിളി അഥവാ റോബേര്‍ഡ്സിനെ കുറിച്ച് നേരത്തെ പറഞ്ഞല്ലോ. ശരിക്കുമൊരു പക്ഷിയെ പോലെ ചിറകടിച്ച് പറക്കുന്ന റോബോട്ടുകള്‍ ആണിവ. വിമാനത്താവളങ്ങളിലടക്കം അപകടഭീഷണി ഉയര്‍ത്തുന്ന പക്ഷികളെ ഓടിക്കാന്‍ ഇവയ്ക്കാകും. മാത്രമല്ല പാടങ്ങളിലും കൃഷിയിടങ്ങളിലും വിള തിന്നാനെത്തുന്ന കിളികളെ പേടിപ്പിക്കാനും കഴിയും. ഒരു പാമ്പിനെ പോലെ ഇഴഞ്ഞുനീങ്ങുന്ന റോബോട്ടുകള്‍ ലോകത്തുണ്ട്. എവിടെയെങ്കിലും ഒരു തവള ഉണ്ടെങ്കില്‍ ഇഴഞ്ഞെത്തി അവയെ വായിലാക്കുന്ന പാമ്പിന്റെ വിരുതും വേഗതയും കാര്യക്ഷമതയുമാണ് ഇത്തരം റോബോട്ടുകള്‍ വികസിപ്പിക്കുന്നതിന് പ്രചോദനമായത്. മാത്രമല്ല കാഠിന്യമുള്ള അസ്ഥികൂടം ഇല്ലാത്തതിനാല്‍  ശരീരം നിഷ്പ്രയാസം വളയ്ക്കാനും ഒടിക്കാനും ഏത് ചെറിയ മാളത്തിലേക്കും നുഴഞ്ഞ് കയറാനും വെള്ളത്തില്‍ നീന്താനും മരത്തില്‍ കേറാനുമൈല്ലാം പാമ്പിന് കഴിയും. പാമ്പിന്റെ ഈ സവിശേഷതകളാണ് നാസ ഗവേഷകര്‍ക്ക് സ്നേക്ബോട്ട് നിര്‍മ്മിക്കാന്‍ പ്രചോദനമായത്. ചൊവ്വയിലേക്ക് പറക്കാനിരിക്കുന്ന നാസയുടെ പത്ത് റോബോട്ടിക് പര്യവേഷകരില്‍ ഒന്നാണ് സ്നേക്ബോട്ട്. കൂട്ടത്തിലെ താരവും സ്നേക്ബോട്ട് തന്നെ. കാരണം ചൊവ്വയുടെ പരുപരുത്ത ഉപരിതലത്തില്‍ ഒരു പാമ്പിനെ പോലെ ഇഴഞ്ഞുനീങ്ങിയും വിടവുകള്‍ക്കുള്ളിലേക്ക് നുഴഞ്ഞ് കയറിയും മണ്ണ് കുഴിച്ച് ആഴത്തിലേക്ക് ഇറങ്ങിച്ചെന്നും ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തെ കുറിച്ച് ഏറ്റവുമധികം വിവരങ്ങള്‍ നല്‍കുക സ്നേക്ബോട്ടുകള്‍ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് നാസ.

ഭാവിയില്‍ വരാനിരിക്കുന്ന ഓട്ടക്കാരന്‍ റോബോട്ടുകള്‍ക്ക് ഒട്ടകപക്ഷിയുടെയോ ദിനോസറിന്റെയോ രൂപമായിരിക്കും. ഒട്ടകപക്ഷിയുടെ വേഗതയും ഊര്‍ജ്ജ സംരക്ഷണവും നേരെനില്‍ക്കാനുള്ള ശേഷിയുമാണ് അങ്ങനെ കരുതാനുള്ള കാരണം. രണ്ടുകാലുള്ള കരയിലെ ഓട്ടക്കാരില്‍ മുമ്പില്‍ പക്ഷികളാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. ഇത്തരത്തിലൊരു റോബോട്ടിന്റെ മാതൃക കഴിഞ്ഞിടെ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചിരുന്നു. രണ്ടുകാലുള്ള മറ്റ് റോബോട്ടുകള്‍ നേരെ നില്‍ക്കുന്നത് സോഫ്റ്റ് വെയറിന്റെയും സെന്‍സറുകളുടെയും സഹായത്തോടെയാണെങ്കില്‍ രൂപസവിശേഷത മൂലം ഒട്ടകപക്ഷിയുടെ രൂപത്തിലുള്ള റോബോട്ടുകള്‍ക്ക് സ്വയം നേരെ നില്‍ക്കാന്‍ കഴിയും. സ്വന്തമായി ബാലന്‍സ് ചെയ്ത് മണിക്കൂറില്‍ 27.8 മീറ്റര്‍ വേഗതയില്‍ ഓടുന്ന ഇവ മനുഷ്യരേക്കാള്‍ വലിയ ഓട്ടക്കാരായിരിക്കും.


വ്യാവസായികാവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട പരമ്പരാഗത റോബോട്ടുകളെ അപേക്ഷിച്ച് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഓട്ടോനോമസ് റോബോട്ടുകളാണ് നിത്യജീവിതത്തില്‍ നമുക്കേറെ ഉപകാരപ്പെടുക. ഇപ്പോള്‍ത്തന്നെ ഇലക്ട്രിക് കാറുകളില്‍ അടക്കം ഈ റോബോട്ടിക് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു


പറക്കുന്നതിനിടെ തോളുകളും കാലുകളും കൈകളും കൈപ്പത്തിയും ഒരുമിച്ച് ചലിപ്പിച്ച് ചിറകുകളുടെ അകൃതി മാറ്റാന്‍ കഴിവുള്ള, മൃഗങ്ങളില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ പറക്കല്‍ സംവിധാനമുള്ള ജീവികളാണ് വവ്വാലുകള്‍. വവ്വാലുകളുടെ അതുല്യമാര്‍ന്ന സവിശേഷതകളോടു കൂടിയ റോബോട്ടുകളെ ഉണ്ടാക്കുകയെന്നത് ദീര്‍ഘകാലമായി ശാസ്ത്രജ്ഞരുടെ മോഹമായിരുന്നു. പക്ഷേ അവയുടെ ചിറകിന്റെ സങ്കീര്‍ണ്ണായ ഘടന സാങ്കേതികപരമായി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പക്ഷേ അത്തരത്തിലൊരു വവ്വാല്‍ റോബോട്ടിനും-ബാറ്റ് ബോട്ട്-ശാസ്ത്രലോകം പിറവി നല്‍കി. കേവലം നൂറ് ഗ്രാമിനടുത്താണ് പറക്കുന്ന റോബോട്ടുകളില്‍ ഏറ്റവും മികച്ച വവ്വാല്‍ റോബോട്ടിന്റെ വലുപ്പം. ഇലാസ്തികതയോട് കൂടിയ ചിറകാണ് ഈ വവ്വാല്‍ റോബോട്ടുകളുടെ മറ്റൊരു പ്രത്യേകത.

ഇത്രമാത്രമല്ല കുളത്തിലും തടാകങ്ങളിലും, അരുവികളിലുമെല്ലാം വെള്ളത്തിന് മുകളിലൂടെ അനായാസം നടക്കുന്ന കൂത്താടികള്‍ (Water striders), ഉറുമ്പുകള്‍, തേനീച്ചകള്‍, നീരാളി, പല്ലി തുടങ്ങി പല ജീവികളും വിവിധതരത്തിലുള്ള റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പ്രചോദനമാകുന്നുണ്ട്. ചലനം, ഊര്‍ജ്ജ വിനിയോഗം, മറ്റ് ശേഷികള്‍ എന്നിവയാണ് പ്രകൃതിയിലെ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെ മാതൃകയാക്കി റോബോട്ടുകളെ നിര്‍മ്മിക്കാന്‍ ശാസ്ത്രസമൂഹത്തെ പ്രേരിപ്പിക്കുന്നത്. നാച്ചുറല്‍ സെലക്ഷനിലൂടെ പ്രകൃതി ഏറ്റവും മികച്ചവയെ മാത്രം നിലനിര്‍ത്തിപ്പോരുന്നത് പോലെ കാലാകാലങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെ ഫലമായി റോബോട്ടിക്സ് രംഗത്തും ഏറ്റവും മികവാര്‍ന്ന റോബോട്ടുകള്‍ ജന്മമെടുക്കുന്നുവെന്നത് മനുഷ്യരെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ അധ്വാനം ലഘൂകരിക്കപ്പെടുമെന്നതിനാല്‍ വളരെ നല്ല കാര്യമാണ്.

ജീവിതം മാറ്റിവരയ്ക്കുന്ന റോബോട്ടുകള്‍

ഭാവിയില്‍ റോബോട്ടുകള്‍ നമ്മുടെയൊക്കെ ജീവിതത്തെ മാറ്റുമോ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലതരത്തില്‍ റോബോട്ടുകള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുമ്പോള്‍ ഇതെന്തൊരു ചോദ്യമാണല്ലേ. മിക്സി നമുക്ക് വേണ്ടി അരി അരച്ച് തന്നപ്പോള്‍, മോട്ടര്‍ നമുക്ക് വേണ്ടി കിണറ്റില്‍ നിന്ന് വെള്ളം കോരിത്തന്നപ്പോള്‍ ടോസ്റ്റര്‍ നമുക്ക് വേണ്ടി ബ്രെഡ് ടോസ്റ്റ് ചെയ്തുതന്നപ്പോഴെല്ലാം മെക്കാനിക്സിലൂടെ ജീവിതം എളുപ്പമാകുകയാണെന്ന് നാം തിരിച്ചറിഞ്ഞു. പിന്നീടെന്തെല്ലാം..

വ്യാവസായിക രംഗത്തും നിര്‍മ്മാണരംഗത്തും വളരെ സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യുന്ന നമുക്കറിയാത്ത യന്ത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍പ്പോലും നമുക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന, ഇഷ്ടപ്പെട്ട പാട്ട് വെച്ച് തരുന്ന, എന്തിന് കാര്‍ വരെ ഓടിക്കുന്ന എത്ര യന്ത്രങ്ങള്‍ ഇന്നുണ്ട്. പക്ഷേ ഒരു മുഖമില്ലാത്തത് കൊണ്ട് നാമവയെ റോബോട്ടുകള്‍ എന്ന് വിളക്കാന്‍ മടിക്കും. എന്നാല്‍ സാങ്കേതികപരമായി ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന മോട്ടറോട് കൂടിയ ഉപകരണങ്ങളാണ് റോബോട്ടുകളെന്ന് റോബോട്ട് ഫിസിസ്റ്റായ മാര്‍ക് ഡബ്ല്യൂ ടില്‍ഡണ്‍ പറയുന്നു. പക്ഷേ റോബോട്ടെന്നാല്‍ മനുഷ്യരൂപമുള്ള യന്ത്രങ്ങള്‍ അഥവാ യന്ത്രമനുഷ്യനാണെന്ന പൊതുബോധം ഒരു നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും റോബോട്ടിക്സും അതിവേഗം വികസിച്ചുകൊണ്ടിരിക്കെ വരുംകാലങ്ങളില്‍ റോബോട്ടുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. വ്യാവസായികാവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട പരമ്പരാഗത റോബോട്ടുകളെ അപേക്ഷിച്ച് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഓട്ടോനോമസ് റോബോട്ടുകളാണ് നിത്യജീവിതത്തില്‍ നമുക്കേറെ ഉപകാരപ്പെടുക. ഇപ്പോള്‍ത്തന്നെ ഇലക്ട്രിക് കാറുകളില്‍ അടക്കം ഈ റോബോട്ടിക് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഡ്രൈവിംഗ് പഠിക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് മനുഷ്യര്‍ പിന്നീട് വാഹനമോടിക്കുന്നത് പോലെ രൂപകല്‍പ്പന ചെയ്യുമ്പോള്‍ തനിക്ക് നല്‍കിയ ഒരുകൂട്ടം നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് എങ്ങോട്ട് പോകണമെന്നും എങ്ങനെ സഞ്ചരിക്കണമെന്നുമെല്ലാം സ്വയം തീരുമാനിക്കുന്ന ഓട്ടോനോമസ് ഇലക്ട്രിക് കാറുകള്‍ മറ്റൊരു തരത്തിലുള്ള റോബോട്ടുകള്‍ തന്നെയാണ്. ആതുരശുശ്രൂഷ രംഗത്തും ഹാര്‍ഡ്വെയര്‍ ഇന്‍ഡസ്ട്രിയിലുമെല്ലാം വലിയ വിപ്ലവങ്ങളാണ് റോബോട്ടിക്സ് മൂലം ഉണ്ടാകാനിരിക്കുന്നതെന്ന് വിമല്‍ ഗോവിന്ദ് പറയുന്നു.

പരാശ്രയമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയും ദീര്‍ഘകാലം മെച്ചപ്പെട്ട ജീവിതം തുടരാന്‍ സഹായിക്കുകയും ചെയ്യുന്ന റോബോട്ടുകള്‍ ഉണ്ടെങ്കില്‍ വയോധികരുടെയും മറവിരോഗം ബാധിച്ചവരുടെയും നടക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം മറ്റുള്ളവരെ ആശ്രയിക്കുന്നവരുടെയും ജീവിതം എത്രത്തോളം സുന്ദരമാകും. ഒരു മേലങ്കി പോലെ ദേഹത്ത് എടുത്തണിയാന്‍ സാധിക്കുന്ന എക്സോസ്‌കെലിട്ടണ്‍ റോബോട്ടുകള്‍ക്ക് അതണിയുന്നവരെ നടക്കാനും നില്‍ക്കാനും പാചകം ചെയ്യാനും വൃത്തിയാക്കാനുമെല്ലാം സഹായിക്കാനാകും. ഇത്തരത്തില്‍ ഓട്ടോനോമസ് റോബോട്ടുകളും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും.

തറ വൃത്തിയാക്കുന്ന ഉപകരണങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ അടുക്കിവെക്കുന്ന റോബോട്ടുകള്‍, നിരീക്ഷണ ജോലി ചെയ്യുന്ന റോബോട്ടുകള്‍ തുടങ്ങി നമുക്ക് നേരിട്ട് കാണാവുന്ന രൂപത്തിലും വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് സഹായമൊരുക്കുന്ന അസിസ്റ്റന്‍സ് ടെക്നോളജി, ശസ്ത്രക്രിയ രംഗത്തെ സപ്പോര്‍ട്ട് ഉപകരണങ്ങള്‍, പ്രോസ്തെസിസ് തുടങ്ങി പരോക്ഷ രൂപങ്ങളിലും അവ പ്രത്യക്ഷപ്പെടാം. സമയവും അധ്വാനവും വേണ്ടിവരുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ റോബോട്ടുകള്‍ ഉണ്ടാകുകയെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. വീടുകളില്‍ നമുക്ക് വേണ്ടി ഭാരിച്ച ജോലികള്‍ ചെയ്യാന്‍ ഒരാളുണ്ടെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ. കീശയിലൊതുങ്ങുന്ന കാശിന് അത്തരമൊരു റോബോട്ടിനെ കിട്ടുമെന്നുണ്ടെങ്കില്‍ ആര് വേണ്ടെന്ന് വെക്കുമെന്ന് വിമല്‍ ചോദിക്കുന്നു.