Nov 12, 2021 • 9M

ബഹിരാകാശത്ത് കൂണ്‍ കൃഷി തുടങ്ങിയാലോ!

ബഹിരാകാശം എന്നും ദുരൂഹതകളുടെയും വിസ്മയങ്ങളുടെയും ലോകമാണ്. ബഹിരാകാശത്ത് ജീവിതം നിലനിര്‍ത്താനായി കൂണുകള്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്

4
 
1.0×
0:00
-8:30
Open in playerListen on);
Episode details
Comments

ബഹിരാകാശത്തേക്കുള്ള ടൂറിസം പദ്ധതികള്‍ തുടങ്ങി കഴിഞ്ഞു. ആളുകള്‍ വിനോദസഞ്ചാരത്തിനായി ബഹിരാകാശത്ത് എത്തി തുടങ്ങി. ചൊവ്വയില്‍ മനുഷ്യ കോളനികള്‍ സ്ഥാപിക്കുമെന്ന് വരെ പ്രഖ്യാപനങ്ങളും വന്നു. അപ്പോള്‍ അവിടെയെല്ലാം ജീവിക്കാന്‍ ആഹാരം വേണ്ടേ എന്ന ചോദ്യം സ്വാഭാവികം. ഭൂമിയില്‍ നിന്നും കാലാകാലം ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയില്ലല്ലോ. അതിനായി അവിടുത്തെ ആവാസ വ്യവസ്ഥയ്ക്ക് യോജിക്കുന്ന തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാലേ ഇപ്പറഞ്ഞ യാത്രകളെല്ലാം സുഗമമാകൂ. അങ്ങനെയാണ് അന്യഗ്രഹങ്ങളിലടക്കം 'പച്ചപ്പ് ' നിറയ്ക്കാന്‍ കഴിയുമെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. ഫംഗസുകളാണ് ഇനി ശൂന്യാകാശത്ത് വിപ്ലവം തീര്‍ക്കാന്‍ പോകുന്നത് എന്ന് കഴിഞ്ഞ വര്‍ഷങ്ങളിലാണ് തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ വരും കാലങ്ങളില്‍ ബഹിരാകാശത്ത് പോകുന്നവര്‍ക്ക് കൂണ്‍ ആഹാരമാക്കാന്‍ ഉപകാരപ്പെടുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.


ഭാവിയില്‍ മനുഷ്യന്‍ കൈയ്യടക്കാനിരിക്കുന്ന ഗ്രഹങ്ങളിലും ബഹിരാകാശത്തുമെല്ലാം നമ്മള്‍ ഭൂമിയില്‍ ജീവിക്കുന്നതു പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ചില പച്ചത്തുരുത്തുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം


സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നാം കണ്ടിട്ടുള്ള ബഹിരാകാശ ജീവിതം മുഴുവന്‍ യന്ത്രങ്ങളും പറക്കുന്ന കാറുകളും ഒക്കെയുള്ളതാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതിലും വിചിത്രമായ പലതുമായിരിക്കും നടക്കുക. ഭാവിയില്‍ മനുഷ്യന്‍ കൈയ്യടക്കാനിരിക്കുന്ന ഗ്രഹങ്ങളിലും ബഹിരാകാശത്തുമെല്ലാം നമ്മള്‍ ഭൂമിയില്‍ ജീവിക്കുന്നതു പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ചില പച്ചത്തുരുത്തുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. അതിന്റെ ആദ്യ ചുവടുവയ്പ്പ് എന്ന നിലയ്ക്കാണ് കൂണ്‍ പോലെ ചില ഫംഗസുകള്‍ക്ക് അവിടെ വളരാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞത്.

ഫംഗസുകള്‍ ചില്ലറക്കാരല്ല

ഫംഗസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ മൈകോളജിയില്‍ കുറച്ചു നാളുകളായി ബഹിരാകാശത്ത് ഇവയ്ക്കുള്ള പ്രാധാന്യവും വലിയ പഠന വിഷയമായിരുന്നു. പ്രമുഖ മൈകോളജിസ്റ്റായ പോള്‍ സ്റ്റാമെറ്റ്സ് നാസയുമായി ചേര്‍ന്ന് ഭൗമേതര പ്രതലത്തില്‍ ഫംഗസുകളുടെ വളര്‍ച്ചയെക്കുറിച്ചു പഠിച്ചാണ് ആ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. കൂണുകള്‍ക്ക് എത്രത്തോളം ഭൂമിക്ക് പുറത്തെ സാഹചര്യത്തില്‍ ജീവിക്കാനും വളരാനും കഴിയുമെന്നും അദ്ദേഹം കണ്ടെത്തി. ചില ഫംഗസുകള്‍ക്ക്, പ്രത്യേകിച്ച് കൂണുകള്‍ക്ക് ഭൂമിയിലെ പോലെ മറ്റ് ഗ്രഹങ്ങളിലും കഴിയാനുള്ള കഴിവുണ്ടത്രേ. നമ്മുടെ ആവാസവ്യവസ്ഥ ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. ഇത്രയധികം വ്യത്യസ്തത നിറഞ്ഞ ആവാസവ്യവസ്ഥയില്‍ പോലും പല രൂപമാറ്റങ്ങള്‍ വരുന്നു, പല തരത്തിലുള്ള ജീവജാലങ്ങളും പുതിയതായി ഉത്ഭവിക്കുന്നു. അപ്പോള്‍ ഇതിനെല്ലാം അനുസരിച്ച് നമ്മുടെ ആവാസവ്യവസ്ഥയിലും മാറ്റങ്ങളുണ്ടാകും. ജൈവവൈവിധ്യങ്ങളാണ് ആവാസവ്യവസ്ഥയെ നിയന്ത്രിക്കുന്നത് എന്നും ഒരു തരത്തില്‍ പറയാം. ഇതാണ് ഫംഗസുകള്‍ക്കും അവിടെ നിലനില്‍ക്കാന്‍ കഴിയും എന്ന് പറയുന്നതിന്റെ ആധാരം.

ഭൂമിയില്‍ ആദ്യം ഉണ്ടായ വസ്തുക്കളില്‍ ഒന്നാണ് ഫംഗസുകള്‍. ഇത്തരം ഫംഗല്‍ ശൃംഖലയുടെ ഭാഗമായി തന്നെ നിരവധി ജീവജാലങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഇതെല്ലാം ഫംഗസുകള്‍ക്ക് ഭൂമിക്ക് പുറത്തും ഒരു ജീവശൃംഖല ഉണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയിലേക്ക് വഴിവച്ചു. ഈ ഫംഗസുകള്‍ക്ക് ഭൗമേതര ഗ്രഹങ്ങളില്‍ ഉള്ള പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനായി അസ്ട്രോമൈകോളജി എന്ന വിഭാഗം തന്നെ രൂപീകരിച്ചു. ഇതിന്റെ തലവനായ പോള്‍ സ്റ്റാമെറ്റ്സ് ആണ് ഇപ്പോള്‍ വിപ്ലവകരമായേക്കാവുന്ന ഈ കണ്ടെത്തലിനു പിന്നില്‍.

ഭൗമേതര ഉപരിതലത്തില്‍ വളരാനായി ഫംഗസുകള്‍ക്ക് ചിലതിന്റെയെങ്കിലും അവശിഷ്ടങ്ങള്‍ ആവശ്യമായി വരും. ഇങ്ങനെ അവ ജീര്‍ണിച്ച് ഫംഗസുകള്‍ക്ക് വളരാന്‍ പാകത്തിനുള്ള 'മണ്ണ്' ആയിത്തീരും എന്നാണ് കരുതപ്പെടുന്നത്. അങ്ങനെ ഭാവിയില്‍ ബഹിരാകാശ സഞ്ചാരികള്‍ക്കും അവിടുത്തെ താമസക്കാര്‍ക്കും ആവശ്യത്തിന് ഭക്ഷണം അവിടെ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ഓയ്സ്റ്റര്‍ കൂണുകള്‍

നമ്മുടെ നാട്ടില്‍ പൊതുവേ കഴിക്കാനുപയോഗിക്കുന്ന കൂണുകളാണ് ഓയ്സ്റ്റര്‍ മഷ്റൂം (Oyster Mushroom). ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പോഷക സമൃദ്ധമായ ഇവ ഒരു തരം ഫംഗസാണ്. ഹൃദയത്തിനും പ്രതിരോധ ശേഷിക്കും പറ്റിയ ഇവ പക്ഷേ ചെറുതായെങ്കിലും കേടുവന്നാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ഓയ്സ്റ്റര്‍ കൂണുകളാണ് ഭാവിയില്‍ അന്യഗ്രഹങ്ങളിലെ മനുഷ്യര്‍ക്ക് ആഹാരമാക്കാന്‍ പറ്റുകയെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഇവ മറ്റ് ഗ്രഹങ്ങളില്‍ വളര്‍ത്താന്‍ കഴിയുമെന്ന് അസ്ട്രോമൈകോളജിസ്റ്റായ പാള്‍ സ്റ്റാമെറ്റ്സ് പറയുന്നു.

റിഗോലിത് (Regolith) എന്നറിയപ്പെടുന്ന പാറപോലുള്ള പൊടിയാണ് ചൊവ്വയടക്കമുള്ള അന്യഗ്രഹങ്ങളിലെ ഉപരിതലത്തില്‍ കാണുന്നത്. അത്തരം മണ്ണില്‍ ജീവിക്കാന്‍ കഴിയുന്ന ഫംഗസുകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എഴുന്നൂറിലധികം ഫംഗസ് വര്‍ഗത്തില്‍ പെട്ടവയില്‍ നടത്തിയ പരീക്ഷണത്തില്‍ ഓയ്സ്റ്റര്‍ മഷ്റൂം എന്ന കൂണുകളാണ് റിഗോലിത്തില്‍ വളരാന്‍ പ്രാപ്തമായത് എന്ന് കണ്ടെത്തുകയായിരുന്നു. പോഷകഗുണങ്ങള്‍ നല്‍കിയ ഒരു കൂണ്‍ വര്‍ഗത്തെ റിഗോലിത്തില്‍ വളരാന്‍ അനുവദിക്കുകയും കൂടാതെ മറ്റ് ഫംഗസ് വര്‍ഗത്തില്‍ പെട്ടവ തമ്മില്‍ ചേര്‍ത്തും പരീക്ഷണങ്ങള്‍ നടത്തി. ഇവ രണ്ടിനും വലിയ പ്രതീക്ഷ നല്‍കാനായില്ലെങ്കിലും നിരവധി ഫംഗല്‍ വര്‍ഗങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് പരീക്ഷണം നടത്തിയത് വിജയം കാണുകയായിരുന്നുവെന്ന് പോള്‍ സ്റ്റാമെറ്റ്സ് പറഞ്ഞു. ജൈവവൈവിധ്യത്തിന്റെ ആശയം തെളിയിക്കുന്ന പരീക്ഷണങ്ങളായിരുന്നു അത്.


സിലോസൈബിന്‍ (Psilocybin mushrooms) കൂണുകള്‍ അറിയപ്പെടുന്നത് തന്നെ മാന്ത്രിക കൂണുകള്‍ എന്നാണ്. എന്താണെന്നല്ലേ? ഇവ കഴിക്കുന്നവര്‍ക്ക് ഒരു തരം ഉന്മത്താവസ്ഥ ഉണ്ടാകുമെന്നാണ് പറയുന്നത്


ഓയ്സ്റ്റര്‍ കൂണുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ പ്രപഞ്ചത്തിലാകെ ഹൈഡ്രോകാര്‍ബണുകളുണ്ട്. ഈ ഹൈഡ്രോകാര്‍ബണുകള്‍ വിഘടിച്ച് ഫംഗലുള്‍ക്ക് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉണ്ടാക്കും. അതില്‍ നിന്നും പഞ്ചസാര (Sugar) ഉല്‍പ്പാദിപ്പിക്കപ്പെടും. ഈ ഷുഗര്‍ ഒരു ആത്യാവശ്യ പോഷക ഗുണമുള്ളതാണല്ലോ. എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഒന്ന്. അങ്ങനെ ഈ ഓയ്സ്റ്റര്‍ കൂണുകള്‍ക്ക് ആവശ്യമുള്ളവ ലഭിക്കാന്‍ ഈ ഹൈഡ്രോകാര്‍ബണുകള്‍ സഹായിക്കും. എന്നാല്‍ എക്കാലത്തും അത് മാത്രം ആശ്രയിച്ച് നിലനില്‍ക്കാനാവില്ല. കാരണം, ഹൈഡ്രോകാര്‍ബണുകള്‍ കൂടാതെ മറ്റ് അവശ്യ പോഷകങ്ങളും ഇവയ്ക്ക് ആവശ്യമായി വരും. ഇങ്ങനെ ഒരു പ്രതിപ്രവര്‍ത്തനം നടന്ന് ഇവ വേര് പിടിച്ചാല്‍ പിന്നെ സ്വയം അതിനു വേണ്ട നിലനില്‍പിന് ആവശ്യമായതെല്ലാം ഈ കൂണുകള്‍ കണ്ടെത്തും. ഇത്തരം രാസത്വരക (catalystic) പ്രതിപ്രവര്‍ത്തനങ്ങളെ എത്രത്തോളം നമുക്ക് കൂടുതല്‍ പരിപോഷിപ്പിക്കാന്‍ കഴിയുമോ അത്രയും ജൈവവൈവിധ്യം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല, ഒന്നുണ്ടായി അത് നശിച്ച് കഴിഞ്ഞാല്‍, സ്വാഭാവികമായും ചീഞ്ഞ് അടുത്തതിനുള്ള വളമായി തീരുമല്ലോ.

കാത്തിരിക്കാം

കരുതുന്നത് പോലെ അത്ര എളുപ്പമല്ല മറ്റൊരു ഗ്രഹത്തില്‍ നടപ്പിലാക്കാന്‍. ഇതെല്ലാം നമ്മുടെ ഭൂമിയിലെ പോലെ സിംപിളല്ല അന്യഗ്രഹത്തില്‍. അവിടത്തെ ജീവിതം 'പച്ചപിടിക്കാന്‍' 10 മുതല്‍ 20 വരെ വര്‍ഷങ്ങളെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

മാന്ത്രിക കൂണുകള്‍

സിലോസൈബിന്‍ (Psilocybin mushrooms) കൂണുകള്‍ അറിയപ്പെടുന്നത് തന്നെ മാന്ത്രിക കൂണുകള്‍ എന്നാണ്. എന്താണെന്നല്ലേ? ഇവ കഴിക്കുന്നവര്‍ക്ക് ഒരു തരം ഉന്മത്താവസ്ഥ ഉണ്ടാകുമെന്നാണ് പറയുന്നത്. ഇവയ്ക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. ചില രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഇവ ഉപകാരപ്പെടുമോയെന്നതിനെ കുറിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്. സിലോസൈബിന്‍ കൂണുകള്‍ ആളുകളുടെ ഒറ്റപ്പെടലും വിഷാദവും മാറ്റാന്‍ സഹായിക്കുന്നതാണെന്നും പഠനങ്ങളുണ്ട്.

സിലോസൈബിന്‍ കൂണുകള്‍ വഴി കാലങ്ങളോളം ബഹിരാകാശത്ത് ജീവിക്കാന്‍ പുറപ്പെടുന്ന ബഹിരാകാശ യാത്രികര്‍ക്ക് തങ്ങളുടെ പിരിമുറുക്കവും വിഷാദവും ഒറ്റപ്പെടലും മറികടക്കാനാകുമെന്നുമാണ് പോള്‍ സ്റ്റാമെറ്റ്സ് സമര്‍ഥിക്കുന്നത്. ഇങ്ങനെ ഭൂമിയില്‍ നിന്ന് അകന്ന് മറ്റൊരു ലോകത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുടെ മാനസിക ആരോഗ്യം കൂടി കണക്കിലെടുക്കേണ്ടി വരുമെന്നും അവര്‍ക്ക് ഒറ്റപ്പെടല്‍ തോന്നാതിരിക്കാനായി ഇത്തരം മാര്‍ഗങ്ങള്‍ യാത്രയുടെ ഭാഗമായി തന്നെ കരുതണമെന്നുമാണ് പോള്‍ സ്റ്റാമെറ്റ്സ് ഉള്‍പ്പെടെയുള്ള അസ്ട്രോമൈകോളജിസ്റ്റുകള്‍ സമര്‍ഥിക്കുന്നത്.