
അതിശയിക്കേണ്ട, ഭൂമിയിലുമുണ്ട് 'ചൊവ്വ'
ഭൂമിയില്‍ ചൊവ്വ ഗ്രഹം എങ്ങനെയെന്നാണോ ചിന്തിക്കുന്നേ? ഭൂമിയിലെ ചില സ്ഥലങ്ങളില്‍ ചൊവ്വയിലെ പോലുള്ള കാലാവസ്ഥയും ഭൂപ്രകൃതിയുമുണ്ട്. അത്തരം ചില പ്രദേശങ്ങളെ പരിചയപ്പെടാം...
ചൊവ്വയില്‍ മനുഷ്യന്റെ പര്യവേഷണം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ചൊവ്വയില്‍ മനുഷ്യകോളനി വരെ സ്ഥാപിക്കുമെന്ന് ബഹിരാകാശ സംരംഭമായ സ്പേസ്എക്സിന്റെ സ്ഥാപന്‍ ഇലോണ്‍ മസ്ക്കിനെ പോലുള്ളവര്‍ പ്രഖ്യാപിച്ചും കഴിഞ്ഞു. ചൊവ്വയിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അവിടെ താമസിക്കാന്‍ ചെല്ലുന്നതിനു മുന്‍പ് ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി യാത്ര പറഞ്ഞ് പോകുന്നവര്‍ക്ക് അറിയാന്‍ കൗതുകവുമുണ്ടാകും. അപ്പോള്‍ ഭൂമിയില്‍ ചിന്ന ചൊവ്വകളുണ്ടെന്ന് അറിഞ്ഞാലോ? അതെ, നമ്മുടെ ഭൂമിയിലുമുണ്ട് ചില ചൊവ്വ പ്രദേശങ്ങള്‍.
ചൊവ്വയിലേതു പോലെ ഏകദേശം അനുഭവപ്പെടുന്ന ചില സ്ഥലങ്ങള്‍. ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടുമെല്ലാം ഒരു ചെറിയ ചൊവ്വയായി തോന്നുന്നവ. വരും നാളുകളില്‍ ചൊവ്വയിലേക്ക് പോകുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് പരിശീലനം നല്‍കാനും ഇവിടം ഉപയോഗപ്പെടുത്താനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
ചുവന്ന തവിട്ടു നിറത്തിലുള്ള മണ്ണ്, ഇടയ്ക്ക് പുള്ളി പോലുള്ള കറുത്ത അഗ്നിപര്‍വ്വത മണല്‍, താഴ്വാരങ്ങളില് കറുത്ത കൂറ്റന്‍ പാറക്കെട്ടുകള്‍, നീണ്ട കിഴക്കാംതൂക്കായ മലഞ്ചെരിവുകള്‍. കണ്ണെത്താ ദൂരത്തോളം പരന്നും താഴ്ന്നും കുന്നും ഒക്കെയായി വിജനമായി കിടക്കുന്ന ഈ പ്രദേശങ്ങള്‍ കണ്ട് ഏതോ അന്യഗ്രഹത്തിലെത്തിയ പ്രതീതിയില്‍ നില്‍ക്കുകയാണ് ക്ലെയര്‍ കസിന്‍സ് എന്ന ഗവേഷക. ഇവിടുത്തെ പാറകളെക്കുറിച്ച് പഠിക്കാനെത്തിയതാണ് ക്ലെയര്‍. മറ്റൊരു ലോകത്തും ജീവന്റെ സാന്നിധ്യമുണ്ടാകുമോ എന്ന് അറിയാനായി വളരെ സൂക്ഷ്മമായ പരിശോധനകളും അടയാളങ്ങളും തേടുകയാണ് ഇവര്‍. ഒറ്റ നോട്ടത്തില്‍ ചൊവ്വയിലാണെന്ന് തോന്നുമെങ്കിലും ക്ലെയര്‍ നില്‍ക്കുന്നത് ഭൂമിയില്‍ തന്നെയാണ്, വടക്കന്‍ ഐസ്ലന്ഡില്.
ഇതുപോലെ ചുവന്ന ഗ്രഹത്തില്‍ നടക്കുന്ന അതേ പ്രതീതിയില്‍ നടക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു അവസരം തന്നെയാണ്. ഭൂമിയില്‍ ഇങ്ങനെ ചൊവ്വാ ജീവിതം അനുഭവിക്കാനാകുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം:
അറ്റക്കാമ മരുഭൂമി, ചിലി
ചിലിയിലെ അന്റോഫാഗസ്റ്റ നഗരത്തിന്റെ തെക്കുഭാഗത്തായുള്ള അറ്റക്കാമ മരുഭൂമിയുടെ ഹൃദയഭാഗത്തായാണ് ഒരു ചിന്ന ചൊവ്വയുള്ളത്. ഭൂമിയിലെ തന്നെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്ന്. വര്‍ഷങ്ങളോളം മഴ ഇല്ലാതെ കിടക്കുന്ന ഈ മരുഭൂമിയില്‍ ജീവിതം അസാധ്യമെന്നു തന്നെ പറയേണ്ടി വരും. വെറും 10 മില്ലി മീറ്റര്‍ മാത്രമാണ് വര്‍ഷത്തില്‍ ശരാശരി കിട്ടുന്ന മഴ! വര്‍ഷങ്ങളോളം മഴയൊന്നും ലഭിക്കാത്ത സ്ഥലത്തെ മണ്ണ് എങ്ങനെയാകുമെന്ന് ഊഹിക്കാമല്ലോ. അത്രയേറെ വരണ്ട പ്രദേശമാണിവിടെ.
ചൊവ്വയില്‍ കാണുന്ന പോലെ സമാനമായൊരു പ്രദേശമാണിതെന്ന് സെന്റ് ആന്‍ഡ്രൂസ് സര്‍വ്വകലാശാലയിലെ അധ്യാപിക കൂടിയായ ക്ലെയര്‍ കസിന്‍സ് പറയുന്നു. അറ്റക്കാമയിലെ താപനില ചൊവ്വയിലേതു പോലെ അത്രയധികം താഴാറില്ല. രാത്രി കാലങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട് താപനില. അതേസമയം, പകല്‍ 40 ഡിഗ്രി വരെ ചൂടും അനുഭവപ്പെടും. എന്നാല്‍ ചൊവ്വയില്‍ അങ്ങനെയല്ല കേട്ടോ. മൈനസ് 195 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അവിടുത്തെ തണുപ്പ്. ചൊവ്വയിലേതു പോലുള്ള തുരുമ്പിച്ച നിറമാണ് അറ്റക്കാമയിലെ മണ്ണിന്.
ചൊവ്വയില്‍ ഉപയോഗിക്കാന്‍ പോകുന്ന ചില ഉപകരണങ്ങള്‍ അതേപോലുള്ള പ്രതലത്തില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് അങ്ങോട്ട് വിടുന്നത്. Viking 1, Viking 2, Pheonix Mars എന്നിങ്ങനെയുള്ള സ്പേസ് ക്രാഫ്റ്റുകളിലൊക്കെ ഉപയോഗിച്ച കുറേ റോബോട്ടിക് ഉപകരണങ്ങള്‍ പരീക്ഷണത്തിനായി അറ്റക്കാമയില്‍ കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം ആദ്യം നാസയിലെ ചില ശാസ്ത്രജ്ഞര്‍ ഒരു റോബോട്ടിന്റെ സഹായത്തോടെ അറ്റക്കാമയുടെ പ്രതലം കുഴിച്ചു നോക്കിയിരുന്നു. ഇവിടെ നിന്നും ഉപ്പിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാത്രമല്ല, വിചിത്രമായ പല സവിശേഷതകളും ഇവിടെ കണ്ടെത്താനായി. ഇതെല്ലാം ചൊവ്വയില്‍ ജീവന്റെ അംശമുണ്ടോയെന്ന കണ്ടെത്തലിനു സഹായകമാകുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
മക്മുര്‍ഡോ ഡ്രൈ വാലി, അന്റാര്‍ട്ടിക
അന്റാര്‍ട്ടിക എന്നു കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞുമൂടി കിടക്കുന്ന വലിയ പ്രദേശമാണ് നമ്മുടെ മനസ്സിലെത്തുക. എന്നാല്‍ ലോകത്തെ ഏറ്റവും തണുപ്പുള്ള ഭൂഖണ്ഡത്തില്‍ ചില താഴ്വാരങ്ങള്‍ മഞ്ഞില്ലാതെയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ട് തോന്നാം. അങ്ങനെയൊന്നാണ് കിഴക്കന്‍ അന്റാര്‍ട്ടിക്കയിലുള്ള മക്മുര്‍ഡോ ഡ്രൈ വാലി. ചൊവ്വ പോലെ തന്നെ ഉറഞ്ഞു പോകുന്ന തണുപ്പും എന്നാല്‍ കല്ലുപോലുള്ള പ്രതലങ്ങളുമായൊരു പ്രദേശം. ഇവിടെയെന്ന് മാത്രമല്ല, അന്റാര്‍ട്ടിക്കയില്‍ തന്നെ ജീവിതം ദുസ്സഹമാണെന്ന് അറിയാമല്ലോ. ഇവിടുത്തെ ശരാശരി താപനില തന്നെ മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ചെറിയ കാലത്തേക്ക് പോകുന്ന ശാസ്ത്രജ്ഞരൊഴിച്ചാല് അന്റാര്‍ട്ടിക്കയില്‍ സ്ഥിരം മനുഷ്യവാസമില്ല.
മക്മുര്‍ഡോ ഡ്രൈ വാലിയില്‍ വര്‍ഷങ്ങളായി, എന്നുപറഞ്ഞാല്‍ ദശലക്ഷം വര്‍ഷങ്ങളായി മഴ പെയ്യാത്ത സ്ഥലങ്ങളാണ്. അവിടെ വെള്ളം മഞ്ഞായി പെയ്തിറങ്ങുകയാണ് പതിവ്. ചില പഠനങ്ങളനുസരിച്ച് ഇവിടെ വര്‍ഷം ശരാശരി 7-11 മില്ലിമീറ്റര്‍ മഴയ്ക്ക് അനുസൃതമായുള്ള മഞ്ഞ് മാത്രമാണ് പെയ്യുന്നത്. എന്നാല്‍ ഇവിടെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ പെയ്യുന്ന മഞ്ഞ് സബ്ലിമേഷന്‍ (sublimation) എന്ന പ്രക്രിയയിലൂടെ പെട്ടെന്ന് തന്നെ വാതകമായി മാറും. അങ്ങനെ ഇവിടെ മഞ്ഞ് പെട്ടെന്ന് ഇല്ലാതാവുകയും ചെയ്യും. ചൊവ്വയിലെ കാര്‍ബണ്‍ ഡയോക്സൈഡിനും ഇതുപോലെയാണ് സംഭവിക്കുന്നത്. അവിടുത്തെ മണ്ണില്‍ ഉണ്ടാകുന്ന ഇത്തരം കാര്‍ബണ്‍ ഡയോക്സൈഡിന്റെ കട്ടകളായിരിക്കാം പ്രതലത്തിലെ മലയിടക്കുകളില്‍ നീര്‍ച്ചാലുകള്‍ പോലെ തോന്നിക്കുന്നത് എന്നാണ് കരുതുന്നത്.
അന്റാര്‍ട്ടിക്കയിലെ ഡ്രൈ വാലിയില്‍ ചുഴലിക്കാറ്റുകള്‍ വീശിയടിക്കുന്നത് മണിക്കൂറില്‍ 320 കിമീ വേഗത്തിലാണ്. ചൊവ്വയിലെ കൊടുങ്കാറ്റുകളെക്കാള്‍ മൂന്നിരട്ടിയിലധികം വേഗത്തിലാണ് ഡ്രൈ വാലിയിലേത്! ഇതെല്ലാം ഉണങ്ങി വരണ്ടു കിടക്കുന്ന മണ്ണിനെ ചുഴറ്റി പൊടി മേഘങ്ങള്‍ വരെയാക്കും. ഇത്തരത്തിലൊരു പൊടിക്കാറ്റിലാണ് ചൊവ്വയിലെ 15 വര്‍ഷം നീണ്ട ഓപ്പര്‍ച്യൂണിറ്റി റോവറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത്. അത്രമാത്രം അപകടകാരിയാണ് അതെന്ന് സാരം. ഇനി ഇതു മാത്രമല്ല, വേനല്‍ക്കാലത്ത് വലിയ തോതില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ സൂര്യനില്‍ നിന്നും നേരിട്ട് ഇവിടെ പതിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. പക്ഷേ ഇത്രയും പ്രതികൂല കാലാവസ്ഥയിലും ഇവിടെ ചില ജീവാംശങ്ങള് കണ്ടെത്തിയിട്ടുമുണ്ട്.
ചെറിയ ബാക്ടീരിയകള്‍ സൂര്യപ്രകാശത്തെ ഊര്‍ജമാക്കി മാറ്റി ഇവിടുത്തെ പാറകള്‍ക്ക് അടിയിലുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അസ്ട്രോബയോളജിസ്റ്റുകള്‍ വിശ്വസിക്കുന്നത്, ചൊവ്വയിലും ജീവന്റെ സാന്നിധ്യമുണ്ടെങ്കില്‍ അവിടെയും ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ച് നില്ക്കാന് കഴിയുന്നവയാകാം എന്നാണ്. ഡ്രൈ വാലിയിലെ ഏറ്റവും അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ച ടെയ്ലര് വാലി എന്ന മലയിടുക്കിന്റെ മുകളിലാണ്. ഈ മലമുകളിലൂടെ വലിയ മഞ്ഞുപാളികള്‍ താഴേക്ക് പതിക്കുന്നത് രക്ത ചുവപ്പിന്റെ നിറത്തിലാണ്. ഇവിടുത്തെ ഇരുമ്പ് ഓക്സൈഡുകളുടെ സാന്നിധ്യമാണ് ഇതിനു കാരണമായി പറയുന്നത്.
ഹാങ്ക്സ്വില്, ഉട്ട, അമേരിക്ക
തെക്ക് പടിഞ്ഞാറന്‍ അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന സമതലമാണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തില്‍ തന്നെ ഇവിടം വിജന മരുഭൂമിയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ചതുപ്പുനിലങ്ങളുടെ ബാക്കിയായ ചെളിയും എക്കല്‍ മണ്ണും കൊണ്ടുണ്ടായ ഈ പ്രദേശം ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പ്രകൃതിദൃശ്യമാണ് സമ്മാനിക്കുന്നത്.
ചൊവ്വയിലെ ഭൂമിക്ക് സമാനമായ നിറം! ചൊവ്വയിലേക്ക് അയക്കാനുള്ള ക്യാമറയുടെയും മറ്റ് ഉപകരണങ്ങളുടെയും പരീക്ഷണം ഇവിടെ വച്ച് കനേഡിയന്‍ സ്പേസ് ഏജന്‍സിയും ബ്രിട്ടീഷ് ശാസ്ത്രജ്ഞരും നടത്താറുണ്ട്. വരണ്ട വിണ്ടുകീറിയ ഭൂമിയും കല്ലുകളും നിറഞ്ഞ ഈ പ്രദേശം ചൊവ്വയിലെ പ്രതലത്തിന് സമാനമാണ്.
ടെനെറിഫ്, കാനറി ഐലന്‍ഡ്, സ്പെയ്ന്‍
മൂന്ന് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വ്വത സ്ഫോടനത്തിലൂടെയാണ് ഈ പ്രദേശം ഉണ്ടായത്. കാനറി ഐലന്റ് ഒരു പ്രശസ്ത അവധിക്കാല ഇടം കൂടിയാണ്. ദ്വീപിന്റെ ഹൃദയഭാഗത്തായി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതത്തിന്റെ ലാവ ഒഴുകിയ ചാലുകള്‍ ഇപ്പോഴും മൗണ്ട് ടൈഡ് എന്ന മലയുടെ ചെരിവുകളില്‍ ദൃശ്യമാണ്.
വലിയ അഗ്നിപര്‍വ്വത ഗുഹാമുഖങ്ങളും ഇവിടെ കാണാം. ഇതെല്ലാം ചൊവ്വയിലും കണ്ടെത്തിയിട്ടുള്ളതുകൊണ്ട് സ്വാഭാവിക വാസസ്ഥലങ്ങളായി ഭാവിയില്‍ ഉപയോഗപ്പെടുത്താം എന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ചൊവ്വയില്‍ കണ്ടെത്തിയ ഇത്തരം ഗുഹാമുഖങ്ങള്‍ ഭാവിയില്‍ വെള്ളം സൂക്ഷിക്കാനും സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് പതിക്കാതെ സംരക്ഷിക്കാനും സഹായിക്കുമെന്നാണ് കരുതുന്നത്.
ഐസ്ലന്ഡ്
യൂറോപ്പിലെ കുഞ്ഞന്‍ രാജ്യമായ ഐസ്ലന്ഡിലെ ചില ഇടങ്ങള്‍ ചൊവ്വന് പ്രദേശങ്ങളായി സാമ്യം തോന്നാം. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വയില്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഐസ്ലന്ഡിലെ ഈ പ്രദേശങ്ങള്‍.
രാജ്യത്തെ ഉള്‍പ്രദേശങ്ങള്‍ പലതും ആളൊഴിഞ്ഞ മരുഭൂമികളാണ്. കറുത്ത അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ബാക്കിയായ മണ്ണില്‍ വെള്ളവും നന്നേ കുറവാണ്, അതുകൊണ്ടുതന്നെ ജീവനും. പണ്ട് വലിയ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ നടന്ന ഇവിടെ ലാവ വന്ന് മൂടിയതാണെന്നാണ് കരുതുന്നത്. ചൊവ്വയിലും അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ വഴി സമാന സാഹചര്യങ്ങളുണ്ടായെന്നാണ് കരുതുന്നത്.
പില്ബറ, ഓസ്ട്രേലിയ
ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍, മധ്യ ഭാഗങ്ങളിലെ മരുഭൂമികള്‍ വരണ്ടതും ചുവന്നതുമാണ്. കൂടാതെ ഇവിടെ വലിയ കുന്നുകളും ഗുഹാമുഖങ്ങളുമെല്ലാം കൊണ്ട് നിറഞ്ഞതാണ്. ഇവിടുത്തെ ഭൂപ്രകൃതിയിലെ കാലാവസ്ഥയും കാറ്റിന്റെ ഗതിയുമെല്ലാം ചുവന്ന ഗ്രഹത്തിലെ പ്രകൃതിയുമായി സാമ്യം തോന്നിക്കുന്നതാണ്.
ഭൂമിയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചില പാറക്കെട്ടുകളും ഇവിടെയുണ്ടെന്നത് പില്ബറയുടെ പ്രത്യേകതയാണ്. കൂടാതെ, ഭൂമിയില്‍ ജീവന്റെ ഏറ്റവും പഴയ അടയാളം ലഭിച്ചിട്ടുള്ളതും ഇവിടെ നിന്നാണ്. 3.4 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോസിലുകള്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. പണ്ട് ബീച്ചുകളില്‍ നിന്നും ലഭിച്ച തരത്തിലുള്ള ചെറിയ ബാക്ടീരിയകളുടെ അംശങ്ങളാണ് കണ്ടെത്തിയത്.
സ്വല്‍ബാര്‍ഡ്, നോര്‍വേ
ആര്‍ട്ടിക് സര്‍ക്കിളിന്റെ അതിരിലുള്ള ഈ മലനിരകളും താഴ്വാരങ്ങളും ചുവന്ന മണ്ണും ചരല്‍ക്കല്ലുകളും നിറഞ്ഞതാണ്. ആര്‍ട്ടിക്കിലെ തണുപ്പും ഇവിടുത്തെ ഭൂപ്രകൃതിയും എല്ലാം കൂടി ഇതിനെ ചൊവ്വയ്ക്ക് സമാനമാക്കുന്നു. ബഹിരാകാശ യാത്രകര്‍ക്കും ചൊവ്വയിലേക്കുള്ള ഉപകരണങ്ങള്‍ പരീക്ഷിക്കാനും ഇവിടെ ഉപയോഗിക്കാറുണ്ട്. അന്യഗ്രഹത്തില്‍ എത്തിപ്പെടുന്നവര് എത്രമാത്രം സാഹസികത നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകണമെന്ന് ഇവിടെ വരുന്നവര്‍ തിരിച്ചറിയാറുണ്ട്. കാരണം, വലിയ സ്യൂട്ടുകളും ഗ്ലൗസുകളുമെല്ലാം ധരിച്ച് ചലിക്കാന്‍ പോലും ഇവിടെ പ്രയാസപ്പെടും. അങ്ങനെയുള്ളപ്പോള്‍ മലകളും കുന്നുകളും മറ്റ് ഉപകരണങ്ങളും താങ്ങി കയറേണ്ടി വരുന്നു.
തണുപ്പും മടുപ്പും ക്ഷീണവുമെല്ലാം അനുഭവപ്പെട്ടാല്‍ പോലും സഹായത്തിന് ആരുമുണ്ടാകില്ല. ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും കഴിയില്ലല്ലോ. അതുകൊണ്ട് ഇവിടെ പരീക്ഷണത്തിന് എത്തുന്ന ശാസ്ത്രജ്ഞര്‍ സംഘമായി പരസ്പരം സഹായിച്ചാണ് മുന്നോട്ട് പോകാറുള്ളത്.
ഡോര്‍സെറ്റ്, യുകെ
ബ്രിട്ടന്റെ തെക്കന്‍ തീരത്തുള്ള ഈ പ്രദേശം പക്ഷേ വന്‍ ആസിഡ് അരുവികള്‍ ഒഴുകുന്നയിടമാണ്. സള്‍ഫര്‍ അടങ്ങിയ ഈ അരുവികളില്‍ വളരെ പ്രത്യേകതകളുള്ള ബാക്ടീരിയകള്‍ ജീവിക്കുകയും ചെയ്യും. ചൊവ്വയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നെന്ന് കരുതുന്ന ഇത്തരം അരുവികളുടെ പുനരാവിഷ്കാരമാണ് ഇവിടെയെന്നും തോന്നാം. ഗോഥൈറ്റ് എന്നറിയപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ ധാതു ഈ ആസിഡ് അരുവിയെ ഹെമറ്റൈറ്റ് ആക്കി മാറ്റും. ഇതും ചൊവ്വയിലുണ്ട്.
ചൊവ്വയിലെ ഇത്തരം ഹെമറ്റൈറ്റ് പരിശോധിച്ച് അവയിലെ ജൈവ ഘടനകള്‍ പരിശോധിക്കാനും അങ്ങനെ ചുവന്ന ഗ്രഹത്തിലെ ജീവന്റെ തെളിവുകള്‍ കണ്ടെത്താനും കഴിയുമോ എന്നാണ് ഗവേഷകര്‍ നോക്കുന്നത്. ഡോര്‍സെറ്റിലെ ഈ ആസിഡ് അരുവികള്‍ വരളുമ്പോള്‍ അവ ഗോഥൈറ്റ് ധാതുക്കളെ അവിടെ നിക്ഷേപിക്കുകയും ചില ജീവശാസ്ത്രപരമായ അടയാളങ്ങള്‍ അവിടെ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇതെല്ലാമാണ് ശാസ്ത്രജ്ഞര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്.