
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചില വൈറസുകള്‍ ഇവയാണ്
ഇതിനോടകം മനുഷ്യരെ 'അക്രമിച്ച' വൈറസുകളിലെ പ്രധാനികളെ പരിചയപ്പെടാം. നമ്മുടെയൊന്നും ചിന്തയില്‍ പോലുമില്ലാത്ത തരത്തിലുള്ള പേരറിയാത്ത അനേകം വൈറസുകള്‍ ആക്രമണത്തിന് കാത്തിരിക്കുന്നുമുണ്ട്
ഈ ലേഖന പരമ്പരയുടെ ആദ്യഭാഗത്തില്‍ നമ്മള് പറഞ്ഞത് വൈറസുകള്‍ എന്താണെന്നാണ്. അവയുടെ സവിശേഷതകളെകുറിച്ചും വ്യാപനത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തു. ഇനി ഇതുവരെ ലോകത്തെ 'അക്രമിച്ച' വൈറസുകളിലെ പ്രധാനികളെ ഒന്ന് പരിചയപ്പെടാം.
1.ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസുകള്‍ (HIV)
മനുഷ്യനില്‍ എയ്ഡ്സുണ്ടാക്കുന്ന വൈറസാണ് ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസുകള്‍ (HIV). എച്ച് ഐ വി വൈറസുകള്‍ ചിംപാന്‍സികളില്‍ നിന്നാണ് മനുഷ്യരില്‍ പ്രവേശിച്ചത് എന്ന് അനുമാനിക്കാം. കാട്ടില്‍ പോയി ചിംപാന്‍സികളെ വേട്ടയാടുന്നതും ഭക്ഷിക്കുന്നതും വഴി ഇവ മനുഷ്യരിലേക്കും വ്യാപിച്ചതായി കരുതുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധവ്യവസ്ഥയെ തന്നെ താറുമാറാക്കുന്ന അവസ്ഥ ആണ് ഈ വൈറസ് സൃഷ്ടിക്കുന്നത്.
എയ്ഡ്സ് എന്നത് ഒരു കൂട്ടം അസുഖങ്ങളിലേക്കു രോഗിയെ നയിക്കുന്ന ഒരു അവസ്ഥ ആണ്. എയ്ഡ്സ് രോഗിയുമായുള്ള ലൈംഗികബന്ധം വഴിയോ രോഗിയുടെ രക്തം സ്വീകരിക്കുന്നതിലൂടെയോ പകരാം. ഇതുവരെ ഈ രോഗത്തിനെതിരെ പ്രതിരോധ വാക്സിനോ മരുന്നുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.
എന്താണ് വൈറസുകള്‍ എന്ന ലേഖനം വായിക്കാനും കേള്‍ക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
2.എബോള വൈറസ് (Ebola Virus)
1976 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ എബോള നദിക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് ഈ വൈറസിനെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എബോള വൈറസിന്റെ വാഹകര്‍ വവ്വാലുകളായിരിക്കാം എന്ന് കരുതപ്പെടുന്നു. ഈ വൈറസിന് അഞ്ചു വകഭേദങ്ങള്‍ ആണ് ഉള്ളത്. രോഗം ബാധിച്ച ആളുകളുടെ ശാരീരിക ദ്രാവകങ്ങളുമായിട്ടുള്ള സമ്പര്‍ക്കം വഴിയാണ് എബോള വൈറസ് മനുഷ്യര്‍ക്കിടയില്‍ പകരുന്നത്.
3.നിപാ വൈറസ് (Nipah Virus)
നിപാ (Nipah) എന്നത് ഒരു തരം നെഗറ്റീവ് സ്ട്രാന്‍ഡ് ആര്‍എന്‍എ വൈറസാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1998-ല്‍ മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തില്‍ ആദ്യമായി കണ്ടെത്തി. അതിനാലാണ് ഈ വൈറസിന് നിപാ എന്ന പേര് കിട്ടിയത്. ഒട്ടുമിക്ക സസ്തനികളെയും ബാധിക്കുന്ന ഈ വൈറസ് മൂലമുള്ള രോഗം പല രാജ്യങ്ങളിലും പൊട്ടിപുറപ്പെട്ടിട്ടുണ്ട്. മരണനിരക്ക് 100% വരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാലും കൃത്യമായ പ്രതിവിധികളോ മരുന്നോ ഇതിനു ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേ രീതിയില്‍ പടരുന്ന ഹേന്ദ്ര, ഹെനിപാ എന്നീ വൈറസുകളെയും കണ്ടെത്തിയിട്ടുണ്ട്.
നിപാവൈറസിനെ ആദ്യമായി കണ്ടെത്തിയത് പന്നി ഫാമില്‍ ആണ്. അതുപോലെ മനുഷ്യരിലും പൂച്ച, നായ എന്നീ മൃഗങ്ങളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏതൊരു വൈറസിനെയും പോലെ നിപ്പയും ജീവശരീരത്തില്‍ ബാധിച്ചു കഴിഞ്ഞാല്‍ ഏകദേശം രണ്ടാഴ്ച്ചകള്‍ എടുക്കും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍. നിപാ പിടിപെട്ടാല്‍ പനി, തലവേദന, ചെറിയ ശ്വാസതടസ്സം എന്നിവയില്‍ തുടങ്ങി മസ്തിഷ്കജ്വരത്തില് വരെ എത്താം സാഹചര്യം.
4.റാബീസ് (Rabies Virus)
വൈറസ് ബാധിച്ച സസ്തനികള്‍ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ ഉണ്ടാകുന്ന അസുഖമാണ് റാബീസ് അഥവാ പേപ്പട്ടിവിഷബാധ എന്നത്. വളര്‍ത്തുമൃഗങ്ങളില്‍നിന്ന് ഈ രോഗബാധ ഉണ്ടാവാന്‍ സാധ്യത ഏറെയാണ്. വാക്സിന് എടുക്കുകയാണ് പ്രതിവിധി. ഈ വൈറസിനെതിരെയുള്ള വാക്സിന് ലഭ്യമാണ്.
5. മീസില്‍സ് (Rubeola virus)
പൊങ്ങന്‍, മണ്ണന്‍ എന്നിങ്ങനെ നാട്ടുഭാഷയില്‍ അറിയപ്പെടുന്നതാണ് മീസില്‍സ് അഥവാ അഞ്ചാം പനി. വയറിളക്കം, ന്യുമോണിയ, മസ്തിഷ്ക അണുബാധ എന്നിവയിലേക്ക് നയിച്ച് മരണംവരെ ഉണ്ടാകാം. വായുവിലൂടെയോ രോഗിയുടെ ശരീരദ്രവങ്ങള്‍ വഴിയോ രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ പകരാം. ഫലപ്രദമായ പ്രതിരോധ വാക്സിന് ലഭ്യമാണ്.
6. വരിസെല്ല സോസ്റ്റര്‍ (Varicella zoster virus)
വാരിസെല്ല സോസ്റ്റര്‍ വൈറസ് മുഖേന ഉണ്ടാകുന്ന രോഗമാണ് ചിക്കന്‍പോക്സ്. അഞ്ചാംപനി പകരുന്ന അതേ പോലെ തന്നെയാണ് ചിക്കന്‍പോക്സും പകരുന്നത്. ഇവയ്ക്കു പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്. ഒരിക്കല്‍ രോഗം ബാധിച്ചു കഴിഞ്ഞാല്‍ ശരീരം തന്നെ അതിനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ചിക്കന്‍ ്പോക്സിനെതിരെ സ്വീകരിക്കുന്നതാണ്.
7. പോളിയോ മൈലൈറ്റിസ് (Polio Virus)
ഒരുകാലത്ത് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ വലിയ തോതില്‍ ഭീതി പരത്തിയ പകര്‍ച്ചവ്യാധി ആയിരുന്നു പിള്ളവാതം അഥവാ പോളിയോ മൈലൈറ്റിസ്. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഈ രോഗം സ്ഥിരമായ അംഗവൈകല്യത്തിലേക്കോ മരണത്തിലേക്കോ കൊണ്ടെത്തിക്കാം. ഫലപ്രദമായ പോളിയോ പ്രതിരോധ വാക്സിന് ലഭ്യമാണ്.
8. കൊറോണ വൈറസുകള്‍ (Corona virus)
കൊറോണവിരിഡേ എന്ന കുടുംബത്തില്‍ പെട്ട ആര്‍എന്‍എ വൈറസാണ് ഇവ. ഇപ്പോള്‍ കോവിഡ്-19 എന്ന പേരില്‍ ലോകത്തെ ഭയപ്പെടുത്തുന്ന വൈറസ് തന്നെ. 2019 ഡിസംബറില്‍, ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച പുതിയ കൊറോണ വൈറസ് മൂലമുണ്ടായിരിക്കുന്ന പകര്‍ച്ചവ്യാധി ഇന്ന് ലോകമെമ്പാടും ഭയവും ഉത്കണ്ഠയും അനുദിനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്തെയാകെ പേടിപ്പെടുത്തിക്കൊണ്ട് പുതുതായി കടന്നുവന്ന SARS-CoV 2 എന്ന് വിളിക്കുന്ന ഈ പുതിയ കൊറോണ വൈറസ് സകല മേഖലകളെയും വരിഞ്ഞുകെട്ടുകയുണ്ടായി. 2020 ഫെബ്രുവരി 11-ന്, ലോകാരോഗ്യ സംഘടന ഈ പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് കോവിഡ്-19 (COVID-19) എന്ന ഔദ്യോഗിക നാമം പ്രഖ്യാപിച്ചു.
കൊറോണ വൈറസുകള്‍ ആദ്യമായി തിരിച്ചറിഞ്ഞത് 1960 കളിലാണ്. മൃഗങ്ങളിലും പക്ഷികളിലും കാണപ്പെടുന്ന വൈറസുകളുടെ ഒരു വലിയ കൂട്ടമായ ഇവയുടെ ഉപരിതലത്തിലുള്ള കിരീടം പോലുള്ള സ്പൈക്കുകളില്‍ നിന്നാണ് ഈ പേര് ലഭിച്ചത് (കൊറോണ എന്നത് കിരീടത്തിനുള്ള ലാറ്റിന്പേരാണ്). ഈ സ്പൈക്കുകള്‍ ഉപയോഗിച്ചാണ് ഇവ ഹോസ്റ്റ് ജീവകോശങ്ങളെ അക്രമിക്കുന്നത്. ഒട്ടകങ്ങള്‍, പൂച്ചകള്‍, വവ്വാലുകള്‍ ഇവയൊക്കെയാണ് ഈ വൈറസുകളുടെ പ്രധാന വാഹകര്‍. മൊത്തം ഏഴ് കൊറോണ വൈറസുകള്‍ മനുഷ്യരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. SARS-CoV, MERS-CoV എന്നിവയാണ് നേരത്തെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും അപകടകാരിയായവര്. ഇപ്പോഴിതാ ഈ പുതിയ കൊറോണ വൈറസും.
പുതിയ ഗവേഷണങ്ങള്‍
ഈ പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള അപകടസാധ്യത വൈറസിന്റെ സ്വഭാവ സവിശേഷതകളെയും ആശ്രയിച്ചിരിക്കുന്നു. അവ മനുഷ്യരിലും മൃഗങ്ങളിലും എത്രത്തോളം പടരുന്നു, രോഗത്തിന്റെ തീവ്രത, വൈറസിന്റെ ആഘാതം നിയന്ത്രിക്കാന്‍ ലഭ്യമായ മെഡിക്കല്‍ വസ്തുക്കള്‍ (ഉദാഹരണത്തിന്, വാക്സിന് അല്ലെങ്കില്‍ ചികിത്സാ മരുന്നുകള്‍) ഇതൊക്കെ അറിയേണ്ടതുണ്ട്.
നമ്മള് ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത അനേകം വൈറസുകള്‍ ഇനിയും പൊട്ടിപുറപ്പെട്ടേക്കാം. നമുക്ക് വേണ്ടത് അറിവും ജാഗ്രതയും ആണ്
ഭാവിയില്‍ പൊട്ടിപുറപ്പെട്ട് വന്നേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ ഏതൊക്കെ രോഗകാരികളാണെന്ന് പ്രവചിക്കുക എന്നതാണ് വലിയ വെല്ലുവിളി. പകര്‍ച്ചവ്യാധി പടരാന്‍ സാധ്യതയുള്ള രോഗകാരിയെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രതിരോധവും നിയന്ത്രണ നടപടികളും വികസിപ്പിക്കാന്‍ കഴിയുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള പഠനങ്ങള്‍ ഇത്തരം ഗവേഷണങ്ങള്‍ക്കു സഹായകമാകുന്നു. കാലേകൂട്ടിയുള്ള രോഗപ്രതിരോധം മാത്രമാണ് മികച്ച പോംവഴി. ഇതിനായി നമ്മള് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം കഴിവതും ഒഴിവാക്കുക. ശുശ്രൂഷിക്കുന്നവര്‍ പ്രത്യേകം കരുതല്‍ ചെയ്യേണ്ടതാണ്. രോഗിയുടെ വിവിധ ശരീരസ്രവങ്ങള്‍ വഴി മറ്റുള്ളവരിലേക്ക് രോഗം പെട്ടെന്ന് പകരാനിടയാക്കുന്നു. ഇത് തടയുന്നതിനായി മാസ്ക്, ഗ്ലൗസ് എന്നിവ ശെരിയായ വിധം ധരിക്കേണ്ടതാണ്.
സോഷ്യല്‍ മീഡിയ വഴി പല കിംവദന്തികളും അസത്യപ്രചാരണങ്ങളും പടരുന്നതായി കാണുന്നുണ്ട്. അതില്‍ പരിഭ്രാന്തരാകാതെ ഉത്തരവാദപ്പെട്ട സ്രോതസുകളില്‍നിന്ന് മാത്രം നാം വിവരങ്ങളറിയണം. അന്താരാഷ്ട്രയാത്രകള്‍ ചെയ്യുന്നതിനുമുമ്പ് അവിടത്തെ രീതികളെക്കുറിച്ചും ആരോഗ്യാന്തരീക്ഷത്തെക്കുറിച്ചും വ്യക്തമായ ധാരണ വേണ്ടതാണ്. നമ്മള് ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത അനേകം വൈറസുകള്‍ ഇനിയും പൊട്ടിപുറപ്പെട്ടേക്കാം. നമുക്ക് വേണ്ടത് അറിവും ജാഗ്രതയും ആണ്.