
രാജ്യത്തിനായി ക്വാണ്ടം കംപ്യൂട്ടര്‍ വികസിപ്പിക്കുന്ന മലയാളി പറയുന്നു സര്‍വ്വം ക്വാണ്ടമയം
ഡോ.മധുവും അദ്ദേഹത്തോടൊപ്പം ഗ്രാന്റ് പങ്കിടുന്ന പ്രഫസര്‍ അനില്‍ ഷാജിയും രാജ്യത്തെ ആദ്യ ക്വാണ്ടം കംപ്യൂട്ടര്‍ വികസിപ്പിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്
'തരംഗാധിഷ്ഠിതമാണ് പ്രപഞ്ചത്തിലെ സര്‍വ്വവും. നമ്മുടെ കാഴ്ചയ്ക്കും ഇന്ദ്രിയജ്ഞാനത്തിനുമപ്പുറമാണ് ആ ലോകം. അവിടെ പദാര്‍ത്ഥങ്ങളും തരംഗങ്ങളും പരസ്പരബന്ധിതവും പൂരിതവും ആണ്. അവയെല്ലാം ഒരു സങ്കേതത്തിന്റെ ഭാഗമാണ്'. വേദാന്തമല്ല, ഇതാണ് ക്വാണ്ടം മെക്കാനിക്സ്, പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ ക്വെസ്റ്റ് (ക്വാണ്ടം എനബിള്‍ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി) പ്രോഗാമിന്റെ ഭാഗമായി ക്വാണ്ടം കംപ്യൂട്ടറും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് 11.38 കോടി രൂപയുടെ ഗ്രാന്റ് നേടിയ തിരുവനന്തപുരം ഐസറിലെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) ഭൗതികശാസ്ത്ര വിഭാഗം പ്രഫസറും ക്വാണ്ടം ട്രാന്‍സ്പോര്‍ട്ട് ഗവേഷകനുമായ മധു തലക്കുളമാണ്. ഡോ.മധുവും അദ്ദേഹത്തോടൊപ്പം ഗ്രാന്റ് പങ്കിടുന്ന പ്രഫസര്‍ അനില്‍ ഷാജിയും രാജ്യത്തെ ആദ്യ ക്വാണ്ടം കംപ്യൂട്ടര്‍ വികസിപ്പിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്. ക്വാണ്ടം കംപ്യൂട്ടിംഗ് രംഗത്ത് ഇന്ത്യ, മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും പിന്നിലാണ്. എന്നാല്‍ ഈ മേഖലയില്‍ അനുഭവസമ്പത്തും പ്രാഗത്ഭ്യവും ഉള്ള ശാസ്ത്രജ്ഞരിലൂടെ ആ വിടവ് നികത്താനുള്ള രാജ്യത്തിന്റെ ശ്രമമാണ് ക്വെസ്റ്റ് പ്രോഗ്രാം.
ക്വാണ്ടം കംപ്യൂട്ടിംഗ് രംഗത്ത് ഇന്ത്യ, മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും പിന്നിലാണ്
എന്താണ് ക്വാണ്ടം മെക്കാനിക്സ്? ഇരുപതാം നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രജ്ഞരെ ഇത്രയധികം ആകര്‍ഷിക്കുംവിധം എന്ത് മാന്ത്രികതയാണ് അതിനുള്ളത്. ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്രശാഖയെ കുറിച്ചും ക്വാണ്ടം കംപ്യൂട്ടറിന്റെ അസാധാരണ ശേഷികളെ കുറിച്ചും ഈ സങ്കേതികവിദ്യയുടെ സാധ്യതകളെ കുറിച്ചുമെല്ലാം സയന്‍സ് ഇന്‍ഡിക്കയുമായി സംവദിക്കുകയാണ് ഡോ. മധു തലക്കുളം.
നിത്യജീവിതത്തില്‍ നാമറിയുന്നതും കാണുന്നതും അനുഭവിക്കതുമായ മിക്ക കാര്യങ്ങളും ക്വാണ്ടം മെക്കാനിക്സില്‍ അധിഷ്ഠിതമാണ്. പക്ഷേ നമ്മുടെ പ്രാഥമിക ചിന്തയ്ക്കും അറിവിനും അപ്പുറമുള്ള വിഷയമായതിനാല്‍ സാധാരണക്കാര്‍ അതറിയുന്നില്ല. ഉദാഹരണത്തിന് എല്‍ഇഡി ബള്‍ബുകള്‍, ലേസറുകള്‍, സോളാര്‍ പാനലുകള്‍, ആണവനിലയങ്ങള്‍, എന്തിന് സൂര്യനില്‍ നിന്നുള്ള ഊര്ജ്ജമടക്കം നമ്മുടെ കണ്മുന്നിലുള്ള മിക്കവയുടെയും അടിസ്ഥാനതത്വം ക്വാണ്ടം മെക്കാനിക്്സ് ആണ്. ഇവയുടെയെല്ലാം പ്രവര്‍ത്തനം വിവരിക്കണക്കമെങ്കില് നമുക്ക് ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്രശാഖ കൂടിയേ തീരു. എന്നാല്‍ പ്രാഥമികതലത്തില്‍ നാം പഠിക്കുന്ന ഭൗതികശാസ്ത്രത്തിലെവിടെയും ക്വാണ്ടം മെക്കാനിക്സ് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതിനാല്‍ തന്നെ സ്കൂള്‍തലത്തില്‍ ശാസ്ത്രപഠനം അവസാനിപ്പിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ജീവന്റെ നിലനില്‍പ്പിന് ആധാരമെന്ന് വിളിക്കാവുന്ന ഈ ശാസ്ത്രശാഖയെ കുറിച്ച് അറിയാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല.
ക്വാണ്ടം മെക്കാനിക്സിന്റെ പ്രസക്തി
ക്വാണ്ടം മെക്കാനിക്സ് ആശയങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് വസ്തുക്കളുടെ നിലനില്‍പ്പും ചലനവും വിശദീകരിക്കാന്‍ നാം ആശ്രയിച്ചിരുന്നത് ന്യൂട്ടന്റെ നിയമങ്ങളെയാണ്. എന്നാല്‍ സൂക്ഷമതലത്തിലേക്ക്, അതായത്, അറ്റോമിക്, സബ് ആറ്റോമിക് തലത്തിലേക്ക് വരുമ്പോള്‍ അവയുടെ സ്വഭാവങ്ങള്‍ വിശദീകരിക്കാന്‍ നമുക്ക് ന്യൂട്ടന്റെ മോളിക്കുലാര്‍ നിയമങ്ങള്‍ പോരാതെ വരുന്നു. ഇത്തരം സൂക്ഷ്മ കണികകളൊന്നും ന്യൂട്ടന്റെ നിയമങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ചലനവും സ്വഭാവരീതികളും വിവരിക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്രശാഖ-മധു തലക്കുളം പറയുന്നു.
പ്രകൃതിയിലുള്ള സങ്കീര്‍ണമായ പല പ്രതിഭാസങ്ങളും വിശദീകരിക്കാന്‍ ക്വാണ്ടം മെക്കാനിക്സിന് മാത്രമേ കഴിയൂ
പ്രകൃതിയിലുള്ള സങ്കീര്‍ണമായ പല പ്രതിഭാസങ്ങളും വിശദീകരിക്കാന്‍ ക്വാണ്ടം മെക്കാനിക്സിന് മാത്രമേ കഴിയൂ. പ്രകാശസംശ്ലേഷണത്തെ ഉദാഹരണമായെടുക്കാം. നാം ഇതുവരെ പഠിച്ചതനുസരിച്ച് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ജലവും കാര്‍ബണ്‍ ഡൈഓക്സൈഡും ഉപയോഗിച്ച് ചെടികള്‍ തങ്ങളുടെ ഇലകളില്‍ വെച്ച് അന്നജം ഉണ്ടാക്കുന്ന പ്രക്രിയ ആണത്. പക്ഷേ വെള്ളവും കാര്‍ബണ്‍ ഡൈഓക്സൈഡും മാത്രം ഉപയോഗിച്ച് ഒരു ചെടിക്ക് എങ്ങനെ അന്നജമുണ്ടാക്കാന് സാധിക്കുന്നുവെന്ന് വിശദീകരിക്കാന്‍ നമുക്ക് കഴിയുന്നില്ല. കുറച്ച് അന്ധന്മാര് ആനയെ കണ്ടത് പോലെയാണ് ക്ലാസിക്കല്‍ ഫിസിക്സ് ഈ പ്രക്രിയ വിശദീകരിക്കുന്നതെന്ന് മധു തലക്കുളം പറയുന്നു. അത് അങ്ങനെ ആയിരിക്കും എന്ന് സങ്കല്പ്പിക്കുകയാണ് നാം ഇതുവരെ ചെ്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത് ഒരു ക്വാണ്ടം പ്രക്രിയയാണ്.അവിടെ ഒരു പ്രകാശകണിക(ഫോട്ടോണ്‍) അഗിരണം ചെയ്യപ്പെടുകയും ജലവും, കാര്‍ബണ്‍ ഡൈഓക്സൈഡും അന്നജമായി മാറുകയും ചെയ്യുന്നത് അനേകം പഥങ്ങളിലൂടെ കടന്നുപോയിട്ടാണ്. എന്നാല്‍ ക്ലാസിക്കല്‍ ഫിസിക്സിന് ഈ പ്രക്രിയ വിശദീകരിക്കാനോ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നതെന്ന് കണ്ടെത്താനോ സാധിക്കില്ല. ഇവിടെയാണ് ക്വാണ്ടം ഫിസിക്സിന്റെയും ക്വാണ്ടം കംപ്യൂട്ടറിന്റെയും പ്രസക്തി.
ക്വാണ്ടം കംപ്യൂട്ടര്‍ എന്താണ് ചെയ്യുന്നത്?
ക്വാണ്ടം മെക്കാനിക്സില്‍ അധിഷ്ഠിതമായ പ്രക്രിയകള്‍ വിശദീകരിക്കാന്‍ ഒരു ക്വാണ്ടം സംവിധാനം ആവശ്യമാണ്. uncertainty, superposition, entanglement എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമാണ് ക്വാണ്ടം മെക്കാനിക്സ്. ക്ലാസിക്കല്‍ കംപ്യൂട്ടറിന്റെ അടിസ്ഥാന ഘടകങ്ങള്‍ ബിറ്റ്സ് ആണ്. കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള '0' അല്ലെങ്കില്‍ '1' എന്നീ രണ്ട് അവസ്ഥകള്‍ ഉപയോഗിച്ചാണ് നാം കൊടുക്കുന്ന സമസ്യകള്‍ക്ക് അവ ഉത്തരം കണ്ടെത്തുന്നത്. പക്ഷേ ക്വാണ്ടം കംപ്യട്ടറുകള്‍ ക്യുബിറ്റ്സ് ആണ് ഉപയോഗപ്പെടുത്തുന്നത്. ഇവിടെ ഒന്നുകില്‍ '0' അല്ലെങ്കില്‍ '1' എന്ന അവസ്ഥയല്ല രണ്ടും കൂടിച്ചേരുന്ന '0+1' എന്ന അവസ്ഥയാണ് ഉള്ളത്. ഇതുകൊണ്ടുള്ള ഗുണം എന്തെന്നാല്‍ ഒരേസമയം ലക്ഷക്കണക്കിന് സാധ്യതകള്‍ ഒരുമിച്ച് വിശകലനം ചെയ്ത് കൃത്യമായ ഉത്തരം തുച്ഛമായ സമയത്തിനുള്ളില്‍ കണ്ടെത്താന്‍ ഇവയ്ക്കാകും.
പ്രകാശസംശ്ലേഷണമെന്ന പ്രക്രിയയില്‍ അന്നജമുണ്ടാകാന് പല സാധ്യതകള്‍ മുന്നിലുണ്ട്. അവയില്‍ ഏതാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് നമുക്കറിഞ്ഞുകൂട. എല്ലാ സാധ്യതകളും ഒന്നൊന്നായി പരിശോധിച്ച് കൃത്യമായ വഴി കണ്ടെത്താന്‍ ക്ലാസിക്കല്‍ കംപ്യൂട്ടര്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തേക്കും. എന്നാല്‍ ക്വാണ്ടം കംപ്യൂട്ടറിനെ സംബന്ധിച്ചെടുത്തോളം ആ സാധ്യതകള്‍ എല്ലാം ഒറ്റയ്ക്കൊറ്റയ്ക്ക് ഉള്ളവയല്ല. എന്‍ടാന്‍ഗിള്‍മെന്റ്, സൂപ്പര്‍പൊസിഷന്‍, ക്വാണ്ടം പാരലലിസം എന്നിങ്ങനെയുള്ള ക്വാണ്ടം തത്വങ്ങളാല്‍ ഒരു പ്രക്രിയയിലെ ഓരോ വഴികളും പരസ്പരബന്ധിതമാണ്. അതിനാല്‍ ഒരൊറ്റ സ്റ്റെപ്പിലൂടെ എല്ലാ സാധ്യതകളും ഒരുമിച്ച് പരിശോധിച്ച് കൃത്യമായ വഴി ഏതാണെന്ന് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ മികച്ച ഒരു ക്വാണ്ടം കംപ്യൂട്ടറിന് സാധിക്കും. ക്വാണ്ടം കംപ്യൂട്ടറിന്റെ കംപ്യൂട്ടിംഗ് പവര്‍ അത്രമേല്‍ വലുതാണ്. എന്‍ടാന്‍ഗിള്‍മെന്റ്, സൂപ്പര്‍പൊസിഷന്‍, ക്വാണ്ടം പാരലലിസം എന്നീ ക്വാണ്ടം തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഉന്നതശേഷിയുള്ള ക്വാണ്ടം കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്.
ക്വാണ്ടം കംപ്യൂട്ടിന്റെ സാധ്യതകള്‍
പ്രകാശസംശ്ലേഷണത്തിലേക്ക് ഒന്നുകൂടി മടങ്ങിപ്പോകാം.ക്വാണ്ടം കംപ്യൂട്ടര്‍ ഉപയോഗിച്ച് പ്രകാശസംശ്ലേഷണ പ്രക്രിയയില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും മനസിലാക്കാന്‍ സാധിച്ചാല്‍ കൃഷി ഇല്ലാത്ത രാജ്യങ്ങള്‍ക്ക് പോലും സ്വന്തമായി ഭക്ഷണമുണ്ടാക്കാന്‍ സാധിക്കും. എങ്ങനെയെന്നല്ലേ പ്രകൃതി നടത്തുന്ന ഈ പ്രക്രിയയുടെ രഹസ്യം മനസിലാക്കിയെടുത്താല്‍ നമ്മുടെ കയ്യില്‍ ഇഷ്ടം പോലെയുള്ള ജലവും കാര്‍ബണ്‍ ഡൈഓക്സൈഡും സൂര്യപ്രകാശവും കൊണ്ട് അന്നജമുണ്ടാക്കിക്കൂടേ. അത് സാധ്യമായാല്‍ ലോകത്ത് നിന്ന് പട്ടിണി തുടച്ച് മാറ്റിക്കൂടേ.
മറ്റൊരു ഉദാഹരണം നോക്കാം. കാര്‍ഷികമേഖലയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അമോണിയ അടങ്ങിയ വളങ്ങള്‍. ഒരു നൂറ്റാണ്ടിലേറെയായി ഹേബര്‍ ബോഷ് പ്രക്രിയ അടിസ്ഥാനമാക്കിയാണ് വാണിജ്യാടിസ്ഥാനത്തില്‍ അമോണിയ നിര്‍മിക്കുന്നത്. ഉയര്‍ന്ന മര്‍ദ്ദത്തിലും താപനിലയിലും മീഥൈനോ മറ്റേതെങ്കിലും ഫോസില്‍ ഇന്ധനങ്ങളോ പുറത്ത് വിടുന്ന ഹൈഡ്രജന്‍ അന്തരീക്ഷത്തിലെ നൈട്രജനുമായി സമന്വയിപ്പിച്ചാണ് അമോണിയ ഉണ്ടാക്കുന്നത്. ലോകത്തിലെ മൊത്തം ഊര്‍ജ്ജത്തിന്റെ മൂന്ന് ശതമാനം ഇത്തരത്തില്‍ അമോണിയ നിര്‍മാണത്തിനായി ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല, ഇതുവഴി ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ ഡൈഓക്സൈഡും ഹരിതഗൃഹ വാതകങ്ങളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. പക്ഷേ പ്രകൃതിയില്‍ സ്വാഭാവികമായി അമോണിയ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. എവിടെയാണെന്നല്ലേ, ചെടികളുടെ വേരുകളില്‍. അനുയോജ്യമായ താപനിലയിലും മര്‍ദ്ദത്തിലും നൈട്രജന്‍ ഫിക്സിംഗ് ബാക്ടീരിയയുടെയും വേരുകളില്‍ കാണപ്പെടുന്ന നൈട്രജിനീസ് എന്ന എന്‍സൈമിന്റെയും സഹായത്തോടെ ചെടികള്‍ അമോണിയ നിര്‍മ്മിക്കുന്നു. നൈട്രജന്‍ ഫിക്സേഷന് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. സങ്കീര്‍ണ്ണമായ ഈ പ്രക്രിയ ക്വാണ്ടം കംപ്യൂട്ടര്‍ ഉപയോഗിച്ച് ഡീകോഡ് ചെയ്യാന്‍ സാധിച്ചാല്‍ ഒന്നാലോലിച്ച് നോക്കൂ, വളം നിര്‍മ്മാണ മേഖലയില്‍ ചിലവഴിക്കപ്പെടുന്ന നൂറ് കണക്കിന് ബില്യണ്‍ ഡോളറുകള്‍ ലാഭിക്കാം. ഒപ്പം പരിസ്ഥിതിയെ ഹാനികരമായ വാതകങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യാം. അവിടെയാണ് ക്വാണ്ടം കംപ്യൂട്ടിംഗിന്റെ സാധ്യത.
ചിലര്‍ക്കെങ്കിലും ഉള്ള അബദ്ധധാരണ പോലെ നാളെ എല്ലാ കംപ്യൂട്ടറുകളും ക്വാണ്ടം കംപ്യൂട്ടറുകള്‍ ആകുമെന്നല്ല നാം കരുതേണ്ടത്. മെഡിക്കല്‍ രംഗം, ജീവശാസ്ത്രം, ബയോകെമിസ്ട്രി, ഫിസിക്കല്‍ കെമിസ്ട്രി, പ്രതിരോധം, ബാങ്കിംഗ് എന്നീ മേഖലകളിലാണ് ക്വാണ്ടം കംപ്യൂട്ടിംഗ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുക.
പിച്ചവെച്ച് ഇന്ത്യയും
ക്വാണ്ടം കംപ്യൂട്ടിംഗ് രംഗത്ത് ഇന്ത്യ കുറഞ്ഞത് 15 വര്‍ഷമെങ്കിലും പിറകിലാണെന്ന് മധു പറയുന്നു. ആ രംഗത്ത് മുന്നേറണമെങ്കില്‍ ഇന്ത്യയില്‍ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ, സാങ്കേതിക വികസനം ആവശ്യമാണ്. കേന്ദ്രത്തിന്റെ ശാസ്ത്ര, സാങ്കേതിക വകുപ്പ് മുന്‍കൈ എടുത്ത് നടപ്പാക്കുന്ന 300 കോടി രൂപയുടെ ക്വെസ്റ്റ് പദ്ധതി ക്വാണ്ടം മേഖലയില്‍ ഇന്ത്യയിലുള്ള സാധ്യതകളും ശേഷികളും പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതിന് ശേഷം ദേശീയതലത്തില്‍. 8,000 കോടി രൂപയുടെ ഒരു വലിയ പദ്ധതിയും വരാനിരിക്കുന്നുണ്ട്.
നാല് ക്യുബിറ്റ് ഉള്ള ക്വാണ്ടം കംപ്യൂട്ടറും പ്രൊസസറും വികസിപ്പിക്കുക എന്നതാണ് നിലവില്‍ ക്വെസ്റ്റ് പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. വിദേശത്ത് ഉപരിപഠനം നടത്തി, വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ നടന്ന ക്വാണ്ടം കംപ്യൂട്ടര്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഡോ.മധുവിനെയും ഡോ.അനില്‍ ഷാജിയെയും പോലുള്ളവര്‍ക്കാണ് അതിനുള്ള ചുമതല. ആ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ സിഡാക്ക് പോലുള്ള ടെക് കമ്പനികളുടെ സഹായത്തോടെ ഉന്നത ശേഷിയുള്ള ക്വാണ്ടം കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ നമുക്കാകും.
ശാസ്ത്രാവബോധം മെച്ചപ്പെടണം
നിത്യജീവിതത്തില്‍ അത്രമേല്‍ പ്രസക്തമായ, പ്രപഞ്ചത്തിലെങ്ങും നിറഞ്ഞുനില്ക്കുന്ന ക്വാണ്ടം മെക്കാനിക്സിനെ കുറിച്ച് സാധാരണജനങ്ങള്‍ക്കിടയില്‍ അവബോധം നന്നേ കുറവാണ്. അതിനുള്ള പ്രധാനകാരണം നമ്മുടെ ശാസ്ത്രപഠനത്തിലെ പോരായ്മകളാണ്. നിത്യജീവിതവുമായി ബന്ധപ്പെടുത്തി എളുപ്പത്തില്‍ ഗ്രഹിക്കാന്‍ പറ്റുന്നതിനാല്‍ രസതന്ത്രവും ജീവശാസ്ത്രവും നമുക്ക് കുറച്ചെങ്കിലും അറിയാം. എന്നാല്‍ ഭൗതികശാസ്ത്രം മനസിലാക്കിയെടുക്കുന്നതിലെ ബുദ്ധിമുട്ട് മൂലം സാധാരണക്കാര്‍ ആ വിഷയത്തെ മാറ്റിനിര്‍ത്തുന്നു. ജീവിതത്തില്‍ ആ വിഷയത്തിനുള്ള പ്രസക്തി ബോധ്യപ്പെടുത്താന്‍ നമ്മുടെ സിലബസിനും കഴിയുന്നില്ല. പ്രാഥമികതലത്തില്‍ നമ്മള് ന്യൂട്ടന്റെ നിയമങ്ങളെ കുറിച്ച് മാത്രമേ പഠിക്കുന്നുള്ളൂ. ബിരുദതലത്തില്‍ മാത്രമാണ് ക്വാണ്ടം മെക്കാനിക്സ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷേ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് ക്വാണ്ടം മെക്കാനിക്സ്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്രാഭിരുചി ഉണ്ടാക്കിയെടുക്കണമെന്ന് മധു തലക്കുളം പറയുന്നു. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രമെങ്കിലും എല്ലാവരും അറിഞ്ഞിരിക്കുന്ന അവസ്ഥയിലേക്ക് സമൂഹത്തിന്റെ ശാസ്ത്ര സാക്ഷരത വളരണം.
ഫിസിക്സിനോടുള്ള പ്രേമവും ഇന്ത്യക്കാരനെന്ന് അറിയപ്പെടാനുള്ള മോഹവും
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് മധുവിന്റെ സ്വദേശം. സ്കൂള്‍ വിദ്യാഭ്യാസം വയനാട്ടിലും കാസര്‍ഗോഡുമായി പൂര്‍ത്തിയാക്കി. സ്കൂള്‍ പഠനകാലത്തേ ഫിസിക്സ് ആയിരുന്നു പ്രിയ വിഷയം. കാഞ്ഞങ്ങാട് നെഹ്റു കോളെജില്‍ പ്രീഡിഗ്രി പാസായതിന് ശേഷം കാസര്‍ഗോഡ് ഗവണ്മെന്റ് കോളെജില്‍ ഫിസിക്സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തു. ഫിസിക്സില്‍ ഉന്നത വിദ്യാഭ്യാസം നേടുക മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം.
ഹൂസ്റ്റണിലെ റൈസ് സര്‍വ്വകലാശാലയില്‍ നിന്നുമാണ് മധു ക്വാണ്ടം ഡിവൈസ് ഫിസിക്സില്‍ ഡോക്ടറേറ്റ് നേടുന്നത്. അതിനുശേഷം ക്വാണ്ടം ഫിസിക്സ്, നാനോഫിസിക്സ് ഗവേഷണങ്ങള്‍ക്ക് പേരുകേട്ട മാഡിസണിലെ വിസ്കോണ്‍സിന്‍ സര്‍വ്വകലാശാലയില്‍ നിന്നും പോസ്റ്റ് ഡോക്ടറേറ്റ് ചെയ്തു. അതേ വിഷയത്തില്‍ അമേരിക്കയിലെ തന്നെ സാന്‍ഡിയ നാഷണല്‍ ലാബിലും ഗവേഷണം തുടര്‍ന്നു. പിന്നീട് അതേ ലാബില്‍ തന്നെ ജോലിക്ക് കയറി. പക്ഷേ പ്രതിരോധ മേഖലയ്ക്ക് കീഴിലുള്ള ആ ലാബില്‍ ഉയര്‍ന്ന പദവികളിലേക്ക് എത്തണമെങ്കില്‍ അമേരിക്കന്‍ പൗരത്വം എടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ സ്വപ്നതുല്യമായ ജോലി വിട്ടെറിഞ്ഞ് മധു നാട്ടിലേക്ക് വന്നു. അതിനുള്ള പ്രധാനകാരണം ഇന്ത്യക്കാരനായി എക്കാലവും അറിയപ്പെടുക എന്ന തീരുമാനമായിരുന്നു. നിലവില്‍ ഐസറിലെ അധ്യാപന ജീവിതവും ക്വാണ്ടം കംപ്യൂട്ടര്‍ വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സസന്തോഷം മുന്നോട്ട് പോകുകയാണ് അദ്ദേഹം.
ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് വലിയ സാധ്യതകളാണ് ക്വാണ്ടം മെക്കാനിക്സ് എന്ന താരതമ്യേന പുതിയ ശാസ്ത്രശാഖ തുറന്നിടുന്നത്. ഇന്ത്യയില്‍ ക്വാണ്ടം കംപ്യൂട്ടിംഗ് ശൈശവ ദശയില്‍ ആണെന്നത് കൊണ്ട് തന്നെ അതിന് വേണ്ട ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുങ്ങേണ്ടതുണ്ട്. ബിഎസ്സി ഫിസിക്സോ, എംഎസ്സി ഫിസിക്സോ പഠിച്ചവര്‍ക്ക് മാത്രമല്ല, ക്വാണ്ടം കംപ്യൂട്ടിംഗ് വികസനത്തിന് ആവശ്യമായ സാധനസാമഗ്രികളും യന്ത്രങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും അനുബന്ധ മേഖലകളില്‍ ഉള്ളവര്‍ക്കും വലിയ അവസരങ്ങള്‍ മുന്നിലുണ്ട്.