Oct 28, 2021 • 11M

എല്‍ഇഡി ബള്‍ബുണ്ടാക്കിയ മലയാളി സ്‌കൂളില്‍ പോയിട്ടില്ല...ഒടുവില്‍ കേന്ദ്രഅംഗീകാരവും

പോളിയോ ബാധിച്ച് സ്വയം എഴുന്നേറ്റ് നടക്കാനോ ചലിക്കാനോ കഴിയാത്ത ഒരു മനുഷ്യന്‍ നടത്തുന്ന സംരംഭവും ഇന്നവേഷനും നമ്മെ അല്‍ഭുതപ്പെടുത്തും. കേന്ദ്രത്തിന്റേയും അംഗീകാരം ലഭിച്ചിരിക്കുന്നു ഇപ്പോള്‍

7
2
 
1.0×
0:00
-10:40
Open in playerListen on);
Episode details
2 comments

ജീവിതത്തില്‍ ഇന്നേ വരെ സ്‌കൂളില്‍ പോയി വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ജോണ്‍സണ്‍ സ്വന്തമായി ഇലക്ട്രോണിക് സാധനങ്ങള്‍ നിര്‍മിച്ചു വിപണനം നടത്തിയാണ് ഒരു നാടിന് മുഴുന്‍ പ്രകാശമായി മാറിയത്. ഭിന്നശേഷിക്കാരനായ ജോണ്‍സണ്‍ എം എ ജീവിതത്തില്‍ പ്രതിസന്ധികളോട് മാത്രം പടവെട്ടിയാണ് ശാസ്ത്രത്തെയും ജീവിതത്തെയുമെല്ലാം നോക്കി പുഞ്ചിരിക്കുന്നത്. സ്‌കൂളില്‍ പോയിട്ടില്ലെങ്കിലും എല്‍ഇഡി ബള്‍ബ് മുതല്‍ സോളാര്‍ പാനല്‍ വരെ സ്വയം നിര്‍മിക്കും അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഔട്ട്‌സ്റ്റാന്‍ഡിംഗ് ക്രിയേറ്റിവ് അഡല്‍ട്ട് ഭിന്നശേഷി മേഖലയിലെ ദേശീയ പുരസ്‌കാരം എം എ ജോണ്‍സണിനാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്


വൈദ്യുതി പോലും സുലഭമല്ലാതിരുന്ന ഒരു കാലത്ത്, സ്‌കൂളില്‍ പോലും പോയിട്ടില്ലാത്ത ഒരാള്‍ ഇലക്ട്രോണിക്സില്‍ കണ്ടെത്തലുകളേറെ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതിശയം തോന്നിയേക്കാം. ജനിച്ച് ആറാം മാസം പോളിയോ ബാധിച്ച് അംഗപരിമിതനായ ഒരാള്‍ തനിച്ച് ജീവിതത്തോട് പൊരുതി നേടിയ വിജയങ്ങളാകുമ്പോള്‍ അതിന് തിളക്കം വര്‍ദ്ധിക്കും. മഠത്തിനകത്ത് ജോണ്‍സണ്‍ എം.എ എന്ന പ്രതിഭ തന്റെ കുറവുകളെയല്ല, കഴിവുകളെയാണ് ഇക്കാലമത്രയും വളര്‍ത്തിയത്. അന്‍പത്തിരണ്ടാം വയസ്സിലും പുതിയ കണ്ടെത്തലുകള്‍ക്കായി ജോണ്‍സണ്‍ ഇപ്പോഴും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

പോളിയോ ബാധിച്ച് സ്വയം എഴുന്നേറ്റ് നടക്കാനോ ചലിക്കാനോ കഴിയാത്ത ഒരു മനുഷ്യന് എന്തെല്ലാം സാധിക്കും എന്നല്ല എന്തുകൊണ്ട് എല്ലാം സാധ്യമല്ല എന്നാണ് ജോണ്‍സണ്‍ നമ്മളോട് ചോദിക്കുന്നത്. കാരണം, ഇക്കാലമത്രയും ജോണ്‍സണ്‍ സ്വന്തം ജീവിതം കൊണ്ട് അത് തെളിയിച്ചു കാണിച്ചു. എന്നാല്‍ തനിക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കു കൂടി പ്രകാശമാകാന്‍ കാരണമായി ഈ നാട്ടിന്‍പുറത്തുകാരന്‍. എല്‍ഇഡി ബള്‍ബും സോളാര്‍ ലൈറ്റും മുതല്‍ സോളാര്‍ പാനല്‍ വരെ സ്വന്തമായി നിര്‍മിച്ച് വിപണനം ചെയ്യുന്ന കോഴിക്കോട്ടുകാരുടെ 'സ്റ്റീഫന്‍ ഹോക്കിങ്.

വ്യത്യസ്തനാമൊരു ജോണ്‍സണ്‍

ചെറുപ്പം മുതലേ ഏത് കാര്യവും പഠിക്കാന്‍ ഭയങ്കര ആവേശമായിരുന്നു ജോണ്‍സന്. എന്നാല്‍ തന്റെ ശാരീരിക അവസ്ഥയും വീട്ടിലെ സാമ്പത്തിക ഞെരുക്കവും സ്‌കൂള്‍ പഠനത്തിന് വെല്ലുവിളിയായി. സ്‌കൂളില്‍ പോകാന്‍ കഴിയാതിരുന്ന ജോണ്‍സണ്‍ സഹോദരങ്ങളുടെ പുസ്തകങ്ങള്‍ വായിച്ചും മറ്റും കൈയ്യില്‍ കിട്ടുന്ന എല്ലാ അറിവുകളും സമ്പാദിക്കാന്‍ തുടങ്ങി. അമ്മച്ചി ഏലിക്കുട്ടിയായിരുന്നു ചെറുപ്പം മുതല്‍ ജോണ്‍സന്റെ താങ്ങ്. ഏതു കാര്യവും അറിയാനും പരിശ്രമിക്കാനുമുള്ള അഭിനിവേശം വളരുന്തോറും ജോണ്‍സണില്‍ കൂടിവന്നു. ആരും ചെയ്യുന്നതിന്റെ പിറകേ പോകുന്നതല്ല, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനായിരുന്നു എന്നും താല്‍പ്പര്യമെന്ന് അദ്ദേഹം സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു.

ജോണ്‍സന്റെ കഥ: വിഡിയോ കാണുക

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി എന്ന ഗ്രാമത്തില്‍ വൈദ്യുതി എത്തുന്നത് 1990ലാണ്. അന്ന് യുവാവായിരുന്ന ജോണ്‍സന്റെ ഉള്ളില്‍ നാട്ടിലെ വൈദ്യുതി വിളക്കുകള്‍ പുതിയ പ്രകാശം നിറച്ചു. ഇലക്ട്രോണിക്സുമായി അടുപ്പം തോന്നുന്നത് ആ സമയത്താണ്. അക്കാലത്ത് നാട്ടില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. അതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരുന്നു ആദ്യ പരിശ്രമം. കിട്ടുന്ന എല്ലാ അറിവുകളും ശേഖരിച്ച് കൊച്ചു പരീക്ഷണങ്ങള്‍ ജോണ്‍സണ്‍ തുടങ്ങി. അന്ന് ലഭിക്കുന്ന ഫിലിപ്സിന്റെ ചോക്കിനു പോലും നൂറു വാട്ടിലധികം വേണമായിരുന്നു കത്താന്‍.

ചോക്കിലെ വോള്‍ട്ടേജ് കുറയ്ക്കാനായാല്‍ പരിഹാരം കാണാനാകുമെന്ന് ജോണ്‍സണ്‍ കണക്കുകൂട്ടി. അതിനായി ട്യൂബ് ലൈറ്റിനകത്തെ ചോക്കിലെ ട്രാന്‍സിസ്റ്ററില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യ പരീക്ഷണങ്ങള്‍ മിക്കതും പരാജയപ്പെട്ടു. ട്രാന്‍സിസ്റ്ററുകള്‍ ഒന്നൊന്നായി പൊട്ടിത്തെറിക്കാന്‍ തുടങ്ങി. പക്ഷേ അതിലൊന്നും തോറ്റ് പിന്മാറാന്‍ ജോണ്‍സണ്‍ തയ്യാറായില്ല. ലോകത്താദ്യമായി പ്രകാശത്തിനുപയോഗിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ കണ്ടെത്തിയത് ജോണ്‍സണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു.

കണ്ടെത്തുക, നിര്‍മിക്കുക

അങ്ങനെ വായിച്ചതും കേട്ടതും ചെയ്തതുമായ അറിവുകള്‍ വച്ച് ആദ്യമായി അഞ്ചു വാട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ജോണ്‍സണ്‍ സ്വയമുണ്ടാക്കി. അന്ന് മുതല്‍ ഇലക്ട്രോണിക്സുമായി തുടങ്ങിയ ബന്ധമാണ് ഇപ്പോഴും ജോണ്‍സന്റെ ജീവിതത്തില്‍ വെളിച്ചം പകരുന്നത്. തനിക്കു മാത്രമല്ല, സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അന്നു തന്നെ ഉള്ളിലുണ്ടായിരുന്നുവെന്ന് ജോണ്‍സണ്‍ സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു. അങ്ങനെയാണ് 1991ല്‍ എംടെക്ക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രി എന്ന പേരില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം തുടങ്ങുന്നത്. ഒപ്പം രണ്ടു സഹായികളും. ഒന്നുമില്ലായ്മയില്‍ നിന്ന് ആരുടേയും പ്രത്യക്ഷ സഹായങ്ങളില്ലാതെ ജോണ്‍സണ്‍ ലോണ്‍ എടുത്തും കടം മേടിച്ചും വ്യവസായം തുടങ്ങിയപ്പോള്‍ അത് കാലുകള്‍ അനക്കാന്‍ പോലും കഴിയാത്ത അദ്ദേഹത്തെ സംബന്ധിച്ച് ഉയരത്തിലെത്താനുള്ള ആദ്യ ചവിട്ടുപടിയായിരുന്നു.

ട്യൂബ് ലൈറ്റ് നിര്‍മാണ യൂണിറ്റായാണ് ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. ഇലക്ട്രോണിക് ചോക്കിന്റെ വിജയം കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസര്‍ നിര്‍മാണത്തിന് പ്രചോദനമായി. സ്ഥാപനം തുടങ്ങി അഞ്ചു വര്‍ഷത്തിനു ശേഷം 30 വാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും പിന്നീട് അഞ്ചു വാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും വികസിപ്പിച്ചു. ആവശ്യക്കാര്‍ കൂടിയതോടെ ജോണ്‍സന്റെ സ്ഥാപനവും അനവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഇടമായി വളര്‍ന്നു. “പ്രയ്തനമാണ് ഒരാളെ വിജയത്തിലെത്തിക്കുന്നത്. വെറുതേയിരിക്കുന്ന ഒരാളുടെ ജീവിതത്തില്‍ ഒന്നും നേടാനാവില്ല. കഠിന പ്രയത്നങ്ങളിലൂടെയാണ് എനിക്കും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നത്,'' തന്റെ വിജയ ഫോര്‍മുല വെളിപ്പെടുത്തുകയാണ് ജോണ്‍സണ്‍.

പുതിയ വെളിച്ചം

അമ്മച്ചിയുടെ മരണത്തിനുശേഷം ജോണ്‍സന്റെ ജീവിതത്തില്‍ പുതിയ വെളിച്ചമാകാന്‍ ഉഷയെത്തി. വിവിധ മതസ്ഥരായിരുന്ന ഇരുവരുടേയും വിവാഹം അപ്പച്ചന്‍ എതിര്‍ത്തു. പക്ഷേ തനിക്ക് താങ്ങാകാന്‍ ഉഷയ്ക്ക് കഴിയുമെന്ന് ഉറപ്പുണ്ടായിരുന്ന ജോണ്‍സണ്‍ വിവാഹമെന്ന തീരുമാനത്തിലെത്തി. ഇന്ന് ജോണ്‍സണ്‍ നടക്കേണ്ട വഴികളിലെല്ലാം ഒരു കുഞ്ഞിനെ പോലെ താങ്ങിയെടുത്ത് ഉഷ നടക്കും. മക്കളായ ഓഷൂണ്‍ എന്‍ജിനിയറിങ്ങിനും ജഷൂണ്‍ പ്ലസ് ടുവിനും പഠിക്കുന്നു.

എപ്പോഴും പുതിയത് എന്ത് എങ്ങനെ എന്ന അന്വേഷണത്തിലായിരുന്നു ജോണ്‍സണ്‍. കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറിയില്ലെങ്കില്‍ തുടങ്ങിയടത്തു തന്നെ ഇപ്പോഴും ഞാന്‍ നിന്നേനേ. അന്നും ഇന്നും എന്നും പരീക്ഷണങ്ങളിലാണ്. പുതിയതായി എന്ത് ചെയ്യാനാകും, എന്ത് കണ്ടെത്താനാകും എന്ന ചിന്തയാണ് എപ്പോഴും ഉള്ളില്‍-അറിവിന്റെ ചില്ലകള്‍ വിടര്‍ത്തുന്നതിനെക്കുറിച്ച് ജോണ്‍സണ്‍ പറയുന്നു. അങ്ങനെയാണ് 2004ല്‍ എല്‍ഇഡി ലൈറ്റ് നിര്‍മിച്ചത്. സ്വന്തമായി ഉണ്ടാക്കിയ ഡിസൈന്‍ വച്ച് വിദേശത്തു നിന്ന് എല്‍ഇഡി നിര്‍മിക്കുന്ന കമ്പനിയില്‍ നിന്ന് നേരിട്ട് അദ്ദേഹം പല മോഡലുകളും ഉണ്ടാക്കി. എന്നാല്‍ അന്നതിന് അത്ര പ്രചാരം ലഭിച്ചിരുന്നില്ല. വിലയും കൂടുതലായിരുന്നു. പിന്നീട് എല്‍ഇഡി വ്യാപകമായി തുടങ്ങിയപ്പോള്‍ ജോണ്‍സണും വിവിധ എല്‍ഇഡി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു.

തേടിയെത്തുന്ന വിപണി

ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, വിവിധ തരം എല്‍ഇഡി ലൈറ്റുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, ടേബിള്‍ ലാമ്പുകള്‍, സോളാര്‍ ഗാര്‍ഡന്‍ ലൈറ്റ്, സോളാര്‍ ഡിസി പവര്‍ പാക്ക്, സോളാര്‍ പവര്‍ പ്ലാന്റ്, ഇന്‍വര്‍ട്ടറുകള്‍, കാര്‍ ലൈറ്റുകള്‍ തുടങ്ങി എല്ലാ തരം എല്‍ഇഡി, സോളാര്‍ ഉല്‍പ്പന്നങ്ങളും ജോണ്‍സണ്‍ ഇവിടെ സ്വയം നിര്‍മിക്കുന്നുണ്ട്. എം-ഡിജിറ്റല്‍ എന്ന പേരിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്. തന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി വിപണി തേടി പോകേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. കേട്ടറിഞ്ഞ് എത്തുന്ന ആളുകള്‍ വഴിയും ചെറുകിട ഡീലര്‍മാര്‍ വഴിയുമാണ് വിപണനം. ഇന്ന് കേരളത്തിലെ മിക്ക ജില്ലകളിലും എം-ഡിജിറ്റലിന്റെ ഉല്‍പ്പന്നങ്ങള്‍ ഉണ്ട്.


സൗജന്യമായി ആളുകള്‍ക്ക് ഇലക്ട്രോണിക്സില്‍ പഠനം നടത്താനായി ഒരു റിസര്‍ച്ച് സെന്റര്‍ സ്വപ്നം കാണുകയാണ് ജോണ്‍സണ്‍


വിവിധ സ്ഥലങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഇങ്ങോട്ട് വന്ന് സമീപിക്കുന്നത് ജോണ്‍സണിലും അദ്ദേഹത്തിന്റെ ഉല്‍പ്പന്നങ്ങളിലുമുള്ള വിശ്വാസത്തിന്റെ ഉദാഹരണമാണ്. വില്‍പന നടത്തുന്നവയ്ക്ക് ഗ്യാരണ്ടിയും ഇദ്ദേഹം നല്‍കുന്നു. “സമൂഹത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ എനിക്കു കഴിയണം എന്നായിരുന്നു ആഗ്രഹം. അതിനായി നിരന്തരം പ്രയത്നിക്കുകയായിരുന്നു. ഒരു സാഹചര്യങ്ങളും അനുകൂലമല്ലാതിരുന്ന എനിക്ക് അതെല്ലാം കഠിനമായിരുന്നു. പക്ഷേ നമ്മള്‍ ഒന്നിലും തോറ്റ് മടങ്ങില്ലെന്ന് തീരുമാനിച്ചാല്‍ എല്ലാ വഴിയും നമുക്കായി തെളിഞ്ഞു വരും. സ്വപ്നം കാണുന്നതിന് നമ്മുടെ പരിമിതികള്‍ ഒരിക്കലും തടസ്സമല്ല. പക്ഷേ അധ്വാനിച്ച് ആ സ്വപ്നങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യം വയ്ക്കേണ്ടത്,” നിശ്ചയദാര്‍ഢ്യത്തോടെ ജോണ്‍സണ്‍ പറയുന്നു.

പ്രകാശം പരത്തുന്ന മനുഷ്യന്‍

സ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ജോണ്‍സണ്‍ ഇന്ന് നിരവധി സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുക്കുന്നുണ്ട്. അവരെ സ്വയം തൊഴിലിന് പ്രാപ്തരാക്കാന്‍ കഴിയുന്നു. കുടുംബശ്രീ പോലുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കും സൗജന്യമായി ബള്‍ബ് പോലുള്ള വസ്തുക്കളുടെ നിര്‍മാണം പഠിപ്പിച്ചുകൊടുക്കുന്നു. സാമൂഹിക വിഷയങ്ങളിലും തനിക്ക് കഴിയുന്ന എല്ലാ ഇടപെടലുകളും ജോണ്‍സണ്‍ നടത്താറുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കും വെളിച്ചമെത്താത്ത പല സ്ഥലങ്ങളിലും ജോണ്‍സണ്‍ സൗജന്യമായി വഴിവിളക്കുകളും സോളാര്‍ എമര്‍ജന്‍സി ലാമ്പുകളും നല്‍കി. നാട്ടുകാരുടെ പൊതു പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നതും ജോണ്‍സണ്‍ തന്റെ ഉത്തരവാദിത്വമായി കാണുന്നു.

നമ്മുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അതിനായി പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ നമ്മുടെ കുറവുകളെക്കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. എന്നെപ്പോലെ കഴിവുണ്ടായിട്ടും സാഹചര്യമില്ലാത്ത അനവധിപ്പേരുണ്ടാകും. അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് അടുത്ത ലക്ഷ്യം-പുതിയ ആശയങ്ങളുടെ പണിപ്പുരയിലാണ് ജോണ്‍സണ്‍.

സൗജന്യമായി ആളുകള്‍ക്ക് ഇലക്ട്രോണിക്സില്‍ പഠനം നടത്താനായി ഒരു റിസര്‍ച്ച് സെന്റര്‍ സ്വപ്നം കാണുകയാണ് ജോണ്‍സണ്‍. പക്ഷേ അതിനായി വരുന്ന ചിലവുകള്‍ മുഴുവന്‍ സ്വയം വഹിക്കാന്‍ ജോണ്‍സന് ആകില്ല. ആരുടെയെങ്കിലും സഹായം ലഭിച്ചാല്‍ ആ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് നിശ്ചയദാര്‍ഢ്യത്തോടെ ജോണ്‍സണ്‍ പറയുന്നു.