Feb 10 • 13M

പുതിയ കാര്‍ വാങ്ങുന്നവര്‍ അറിയണം ഈ ബാറ്ററിയെ!

ബാറ്ററിയില്ലാതെ പിന്നെന്തു ജീവിതം-ഭാഗം 4

4
1
 
1.0×
0:00
-13:26
Open in playerListen on);
Episode details
1 comment

ബാറ്ററിയില്ലാതെ പിന്നെന്തു ജീവിതം-ഭാഗം 4

ഇലക്ട്രിക് കാറുകളുടെ ജീവനാണ് ലി-അയണ്‍ ബാറ്ററി. പുതിയ കാര്‍ വാങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ലി-അയണ്‍ ബാറ്ററികളെ കുറിച്ച്...


ഇലക്ട്രിക് കാറില്‍ യാത്ര തുടരവേ ഉണ്ണി ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. വീട്ടിലെ കാറിലാണ് യാത്രയെങ്കില്‍ പുറകിലെ കുഴലിലൂടെ കറുത്ത പുക പോകുന്നത് കാണാറുണ്ട്. അന്തരീക്ഷവായുവിനെ മലിനമാക്കുന്ന വാതകങ്ങളാണ് ആ പുകക്കുഴലിലൂടെ പുറത്തേക്ക് പോകുന്നതെന്ന് ഉണ്ണി പഠിച്ചിട്ടുണ്ട്. മാത്രമല്ല, അന്തരീക്ഷത്തിലേക്ക് ദിനംപ്രതി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡില്‍ വലിയൊരളവ് വാഹനഗതാഗതത്തിലൂടെ, പ്രത്യേകിച്ച് കാറുകളിലൂടെ ആണെന്നും കഴിഞ്ഞിടെ ഉണ്ണി എവിടെയോ വായിച്ചിരുന്നു. പക്ഷേ ഈ കാറില്‍ നിന്നും അത്ര പുകയൊന്നും പുറത്തുവരുന്നില്ല. അപ്പോള്‍ ഇലക്ട്രിക് കാറുകള്‍ അന്തരീക്ഷത്തിലേക്ക് മാലിന്യങ്ങളൊന്നും പുറന്തള്ളുന്നില്ലെന്നാണോ, ഉണ്ണി ഡ്രൈവറോട് ചോദിച്ചു. അതെപ്പറ്റി തനിക്ക് കൂടുതലായി അറിയില്ലെങ്കിലും ഫോസില്‍ ഇന്ധനങ്ങള്‍, അതായത് പെട്രോള്‍, ഡീസല്‍ തുടങ്ങിയവ ഉപയോഗിച്ച് ഓടുന്ന കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മലിനീകരണം കുറവാണെന്ന് ഡ്രൈവര്‍ പറഞ്ഞുകൊടുത്തു. ബാക്കി പറഞ്ഞത് ഡോക്യു ചേച്ചിയാണ്.

വിഷപ്പുക തുപ്പാത്ത കാര്‍

ഇലക്ട്രിക് കാറും ഉണ്ണീടെ വീട്ടിലുള്ള പെട്രോള്‍ കാറും ഓടുന്നത് സ്ഥിതികോര്‍ജ്ജത്തെ (പൊട്ടന്‍ഷ്യല്‍ എനര്‍ജി) ഗതികോര്‍ജ്ജമാക്കി(കൈനറ്റിക് എനര്‍ജി) മാറ്റിയാണ്. എന്നാല്‍ ഇവ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമെന്ന് പറയുന്നത് സ്ഥിതികോര്‍ജ്ജത്തെ ഗതികോര്‍ജ്ജമാക്കി മാറ്റുന്ന പ്രക്രിയയിലാണ്. അതായത് ഫോസില്‍ ഇന്ധനത്തില്‍ ഓടുന്ന കാര്‍ രാസോര്‍ജ്ജമായി സംഭരിക്കപ്പെട്ടിരിക്കുന്ന ഊര്‍ജ്ജം എഞ്ചിനുള്ളില്‍ നടക്കുന്ന രാസപ്രക്രിയയിലൂടെ ഗതികോര്‍ജ്ജമായി മാറുന്നു. ഇലക്ട്രിക് കാറുകളിലും രാസോര്‍ജ്ജമാണ് സംഭരിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവിടെ  പരമ്പരാഗത കാറുകളില്‍ സംഭവിക്കുന്നത് പോലെ ജ്വലനം (combustion) നടക്കുന്നില്ല. അതായത് ഇലക്ട്രിക് കാറുകളില്‍ ഇന്ധനം കത്തിയല്ല വാഹനം ഓടുന്നത്. അതിനാല്‍ത്തന്നെ വണ്ടി ഓടുമ്പോള്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നില്ല. ഇതിനെല്ലാം നാം നന്ദി പറയേണ്ടത് ലിഥിയം അയണ്‍ ബാറ്ററിയോടാണ്.

ഇലക്ട്രിക് കാറുകളുടെ ജീവനാണ് ലി-അയണ്‍ ബാറ്ററി

ങേ, അതെന്താ, എല്ലാ കാറുകളും സ്റ്റാര്‍ട്ടാകാന്‍ ബാറ്ററി വേണം അത് തന്നെയല്ലേ ഇലക്ട്രിക് കാറിലും ലിഥിയം അയണ്‍ ബാറ്ററി ചെയ്യുന്നത്. ഉണ്ണിയുടെ അടുത്ത സംശയം മനസില്‍ കണ്ട് ഡോക്യു ചേച്ചി വീണ്ടും തന്റെ ക്ലാസ് ആരംഭിച്ചു. ഇപ്പോഴുള്ള കാറുകള്‍ക്കെല്ലാം ബാറ്ററി ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷേ പെട്രോള്‍, അല്ലെങ്കില്‍ ഡീസല്‍ എഞ്ചിനെ സ്റ്റാര്‍ട്ട് ചെയ്യുക മാത്രമാണ് അവയുടെ ജോലി. വണ്ടി ഓടുന്നത് ടാങ്കിനുള്ളിലെ ഇന്ധനം കൊണ്ടാണ്. പക്ഷേ ഇലക്ട്രിക് കാറില്‍ ഊര്‍ജ്ജ സ്രോതസ്സ് ബാറ്ററി മാത്രമാണ്.


ഇലക്ട്രിക് കാര്‍ യുഗം മുന്നില്‍ക്കണ്ട് ഖനനം ചെയ്തെടുക്കുന്ന ലോഹങ്ങളുടെ ഉപയോഗം പരമാവധി കുറച്ചുള്ള ബാറ്ററികള്‍ക്കായുള്ള ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്


ഇലക്ട്രിക് കാറുകളുടെ യുഗം ആരംഭിച്ച് കഴിഞ്ഞു. പെട്രോളിലോടുന്ന വാഹനങ്ങളുടെ നിര്‍മാണം 2035 ആകുമ്പോഴേക്കും വസാനിപ്പിക്കുമെന്ന് അമേരിക്കയിലെ ജനറല്‍ മോട്ടോഴ്സും 2033 ആകുമ്പോഴേക്കും അവസാനിപ്പിക്കുമെന്ന് ജര്‍മ്മനിയിലെ ഔഡിയും പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് വാഹന നിര്‍മാതാക്കള്‍ക്കും അവയുടെ നിര്‍മാണം നിര്‍ത്തേണ്ടതായി തന്നെ വരും. കാരണം 2035 ആകുമ്പോഴേക്കും ലോകത്ത് വില്‍ക്കപ്പെടുന്ന യാത്രാവാഹനങ്ങളില്‍ പകുതിയും ഇലക്ട്രിക് ആയിരിക്കുമെന്നാണ് ബ്ലൂംബര്‍ഗ്നെഫ് കണ്‍സള്‍ട്ടന്‍സി അഭിപ്രായപ്പെടുന്നത്. ഇതിനര്‍ത്ഥം എന്താണ്, ഇലക്ട്രിക് കാറുകളുടെ യുഗമാണ് വരാന്‍ പോകുന്നത് എന്ന് തന്നെ. വലിയ പെട്രോള്‍ ടാങ്കിന് പകരം റീചാര്‍ജ് ചെയ്യാവുന്ന ഭീമന്‍ ബാറ്ററികളുള്ള കാറുകള്‍ നിരത്ത് കയ്യടക്കുന്ന കാലം അകലെയല്ല. ഇവയില്‍ ഉപയോഗിക്കുന്ന ബാറ്ററി ഏതായിരിക്കുമെന്ന് മാത്രമേ അറിയേണ്ടതുള്ളു. നിലവില്‍ ലഭ്യമായ ബാറ്ററികളില്‍ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കാന്‍ ഏറ്റവും മികച്ചത് ലിഥിയം അയണ്‍ ബാറ്ററി തന്നെയാണ്. അവയുടെ കാര്യക്ഷമതയും വലുപ്പക്കുറവും ലിഥിയത്തിന്റെ ലഭ്യതയുമാണ് അതിനുള്ള പ്രധാന കാരണങ്ങള്‍. നിലവില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഇലക്ട്രിക് കാറുകളായ നിസ്സാന്‍ ലീഫ്, ടെസ്ല മോഡല്‍ എസ് എന്നിവ ലിഥിയം- അയണ്‍ ബാറ്ററികളാണ് മുഖ്യ ഇന്ധന സ്രോതസായി ഉപയോഗിക്കുന്നത്.


ലിഥിയം അയണ്‍ ബാറ്ററികളെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ഗവേഷകര്‍ക്ക് അവയുടെ രാസഘടന ശരിയായി മനസിലാക്കേണ്ടതുണ്ട്. ലിഥിയം ആറ്റങ്ങളെ ദൃശ്യവല്‍ക്കരിക്കാനായാല്‍ അത് വളരെയധികം ഗുണം ചെയ്യും


ഇലക്ട്രിക് കാര്‍ യുഗം മുന്നില്‍ക്കണ്ട് ഖനനം ചെയ്തെടുക്കുന്ന ലോഹങ്ങളുടെ ഉപയോഗം പരമാവധി കുറച്ചുള്ള ബാറ്ററികള്‍ക്കായുള്ള ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. എങ്കിലും ലിഥിയം അയണ്‍ ബാറ്ററികളുടെ യുഗം ഉടനൊന്നും അവസാനിക്കില്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനുള്ള ഒരു കാരണം 1990കളില്‍ ആദ്യമായി വിപണിയില്‍ ഇറങ്ങിയതിനെ അപേക്ഷിച്ച് അവയുടെ വില മുപ്പത് മടങ്ങ് കുറഞ്ഞുവെന്നതാണ്. മാത്രമല്ല ഇക്കാലയളവില്‍ അവയുടെ പ്രകടനം വളരെയധികം മെച്ചപ്പെടുകയും ചെയ്തു. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി പാക്കിന്റെ വില 20 ശതമാനത്തോളം കുറയുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയമായ ബാറ്ററി പാക്ക് ആയിരക്കണക്കിന് സെല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ചാര്‍ജിംഗും ഡിസ്ചാര്‍ജിംഗും കൈകാര്യം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക്സ് ഈ സെല്ലുകള്‍ക്കുണ്ട്. പത്തുകിലോയോളം വിലയേറിയ ലോഹങ്ങളാണ് ഈ ബാറ്ററി പാക്കുകളില്‍ ഉള്ളത്. ഭാവിയില്‍ ഇവയുടെ ഡിമാന്‍ഡ് കുത്തനെ ഉയരുമെന്ന വസ്തുത കണക്കിലെടുത്ത് ഉപയോഗശൂന്യമാകുന്ന ബാറ്ററികളില്‍ നിന്ന് ഈ ലോഹങ്ങള്‍ റീസൈക്കിള്‍ (പുനഃചക്രമണം) ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം ലിഥിയം ഭൂമിയില്‍ അത്ര ദുര്‍ലഭമായ ഒന്നല്ല. ബ്ലൂംബര്‍ഗ് നെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം 21 ദശലക്ഷം ടണ്ണോളം ലിഥിയത്തിന്റെ ശേഖരം നിലവില്‍ ഭൂമിയിലുണ്ട്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോളം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് ഊര്‍ജം പകരാന്‍ ഇവ ധാരാളമാണ്. ഡോക്യൂ ചേച്ചിയുടെ കഥ അവസാനിച്ചപ്പോള്‍ നേരം ഇരുട്ടിയിരുന്നു. എന്നാപ്പിന്നെ നമുക്ക് തിരിച്ചാലോ എന്ന് ചോദിച്ച് കണ്ണ് തുറന്നടയ്ക്കും മുമ്പ് വണ്ടി ഉണ്ണീടെ വീട്ടിലെത്തിയിരുന്നു. ലിഥിയം അയണ്‍ ബാറ്ററിയിലോടുന്ന ഇലക്ട്രിക് കാറിന്റെ ഒരു പവറേ! തിരിച്ചുപോകുമ്പോള്‍ ഡോക്യൂ ചേച്ചി അവന്റെ കയ്യില്‍ ഒരു പുസ്തകം കൊടുത്തു. ലിഥിയം അയണ്‍ ബാറ്ററികളുടെയും മറ്റ് ബാറ്ററികളുടെയും ഭാവിയെക്കുറിച്ചുള്ളതായിരുന്നു അത്.

ഭാവിയിലെ ബാറ്ററികള്‍

അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ താനിന്ന് കണ്ട ലിഥിയം അയണ്‍ ബാറ്ററികളുടെ വിസ്മയക്കാഴ്ചകളായിരുന്നു ഉണ്ണിയുടെ മനസ്സ് നിറയെ. അവന്‍ ചുറ്റുമൊന്ന് നോക്കി, ഫോണിലും ലാപ്ടോപ്പിലുമിരുന്ന് ലിഥിയം അയണ്‍ ബാറ്ററികള്‍ അവനെ നോക്കി ചിരിക്കുന്നു. അപ്പോഴാണ് ഡോക്യു ചേച്ചി കൊടുത്ത പുസ്തകത്തെ കുറിച്ച് അവന്‍ ഓര്‍ത്തത്. അവനത് വായിക്കാന്‍ തുടങ്ങി. അതിന്റെ ആമുഖം ഇങ്ങനെയായിരുന്നു. 'സ്മാര്‍ട്ട്ഫോണ്‍ മുതല്‍ ഇലക്ട്രിക് കാറുകളും പവര്‍ ഗ്രിഡുകളും വരെ സര്‍വ്വമേഖലകളിലും ലിഥിയം അയണ്‍ ബാറ്ററികളുടെ ആധിപത്യമാണ് ഇന്ന് കാണുന്നത്. പക്ഷേ ഇവ ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ട്. ഇപ്പോഴുള്ള ലി-അയണ്‍ ബാറ്ററികള്‍ മണിക്കൂറുകള്‍ കൊണ്ടാണ് റീചാര്‍ജ് ചെയ്യപ്പെടുന്നത്, മാത്രമല്ല പെട്ടെന്ന് ചീത്തയാകുമെന്നതും കാര്യമായ പവര്‍ ഉണ്ടാക്കുന്നില്ലെന്നതും അവയുടെ പോരായ്മയായി വിലയിരുത്തപ്പെടുന്നു. ഭാവിയില്‍ ഇത്തരം പോരായ്മകളെല്ലാം നികത്തിയ ലി-അയണ്‍ ബാറ്ററികള്‍ നമുക്കിടയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

പക്ഷേ ലിഥിയം അയണ്‍ ബാറ്ററികളെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ഗവേഷകര്‍ക്ക് അവയുടെ രാസഘടന ശരിയായി മനസിലാക്കേണ്ടതുണ്ട്. ലിഥിയം ആറ്റങ്ങളെ ദൃശ്യവല്‍ക്കരിക്കാനായാല്‍ അത് വളരെയധികം ഗുണം ചെയ്യും. പക്ഷേ പറയുന്നത് പോലെ അതത്ര എളുപ്പമല്ല. ഏറ്റവും മികച്ച ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിന് പോലും ആറ്റോമികതലത്തില്‍ ലിഥിയത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് ഗവേഷകര്‍ക്ക് കാണിച്ച് കൊടുക്കാനാകുന്നില്ല. പക്ഷേ കഴിഞ്ഞിടെ ആറ്റം പ്രോബ് ടോമോഗ്രഫി, ഭാരം കുറഞ്ഞ മൂലകങ്ങളെ അളക്കുന്നതിനുള്ള സെക്കന്‍ഡറി അയണ്‍ മാസ് സ്പെക്ട്രോമെട്രി എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വാഷിംഗ്ടണിലെ പസഫിക് നോര്‍ത്ത്വെസ്റ്റ് നാഷണല്‍ ലബോറട്ടറിയില്‍ ലിഥിയം അയണ്‍ ബാറ്ററികളെ കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ബാറ്ററിക്കുള്ളിലെ ഇലക്ട്രോഡുകളെ നിരീക്ഷിച്ചു. ലിഥിയത്തില്‍ ഉടനീളം  ചെറിയ സുഷിരങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍ പെട്ടു. ഈ സുഷിരങ്ങളില്‍ ആറ്റങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകും. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചാല്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ അത് ഉപകാരപ്പെടും. എന്തുതന്നെ ആയാലും നമ്മുടെ ജീവിതം ഇതുപോലെയൊക്കെ മുന്നോട്ട് പോകണമെങ്കില്‍ നിലവില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ കൂടിയേ തീരൂ. കൂടുതല്‍ മികച്ച മറ്റൊരു ബാറ്ററി കണ്ടെത്തുംവരെ ബാറ്ററി ലോകത്തെ രാജാവായി ലിഥിയം അയണ്‍ ബാറ്ററി വാഴും. ഒരു കാര്യം തീര്‍ച്ചയാണ് നൂറ്റാണ്ടുകളായി ബാറ്ററികള്‍ നമുക്കിടയില്‍ ഉണ്ട്. കുറച്ച് കാലങ്ങള്‍ കൂടി പുതിയ രൂപങ്ങളില്‍ അവയിവിടെ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്'.

ആമുഖം വായിച്ച് കഴിഞ്ഞപ്പോള്‍ ഭാവിയില്‍ ലോകത്ത് ഉണ്ടാകിനിടയുള്ള ബാറ്ററികള്‍ എന്തൊക്കെയായിരിക്കുമെന്ന് അറിയാന്‍ ഉണ്ണിക്ക് കൗതുകം തോന്നി. അവന്‍ ഉള്‍പ്പേജുകളിലൂടെ ഒന്ന് കണ്ണോടിച്ചു. ചില പേരുകള്‍ അവന്റെ മനസ്സിലുടക്കി.

ലിഥിയത്തിന്റെ പുതിയ കൂട്ടുകാര്‍: ലിഥിയം അയണ്‍ ബാറ്ററി സാങ്കേതികവിദ്യയില്‍ സിലിക്കണ്‍, ഗ്രാഫീന്‍ ഷീറ്റ് എന്നിവ ആനോഡായി വരുന്നതും ലിഥിയത്തിനൊപ്പം കാതോഡായി അന്തരീക്ഷത്തിലെ ഓക്സിജന്‍ ഉപയോഗിക്കുന്ന ലിഥിയം-എയര്‍ സാങ്കേതികവിദ്യയും ലിഥിയം-സള്‍ഫര്‍ സാങ്കേതികവിദ്യയുമെല്ലാം ഭാവിയില്‍ പച്ചപിടിച്ചേക്കാവുന്ന ബാറ്ററി സാങ്കേതികവിദ്യകളാണ്.

അലുമിനിയം-എയര്‍: ഭൂമിയുടെ ബാഹ്യപാളിയില്‍ വളരെധികം കാണപ്പെടുന്ന അലൂമിനിയം ആനോഡായും ഓക്സിജന്‍ കാതോഡായും ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് വില തീരെ കുറവായിരിക്കും. മാത്രമല്ല അവ ഭാരം കുറഞ്ഞവയും ഉയര്‍ന്ന കാര്യക്ഷതയുള്ളവയും ആയിരിക്കും. ഇലക്ട്രിക് വാഹനങ്ങളില്‍ അവ ഒരുപക്ഷേ ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചേക്കും.

സോഡിയം-അയണ്‍: ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് സമാനമായ പ്രവര്‍ത്തനരീതിയായിരിക്കും സോഡിയം-അയണ്‍ ബാറ്ററികള്‍ക്കും ഉണ്ടായിരിക്കുക. എളുപ്പത്തില്‍ ശേഖരിക്കാമെന്നതും (കടല്‍വെള്ളം തന്നെ പോരേ) ചെലവ് കുറവാണെന്നതും സോഡിയത്തിന്റെ മേന്മകളാണ്. ഇപ്പോള്‍ത്തന്നെ കാറ്റാടി. സോളാര്‍പ്പാടങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജം സംഭരിക്കുന്നതിന് ഇത്തരം ബാറ്ററികള്‍ ഉപയോഗിക്കുന്നുണ്ട്.

ഇതൊന്നും കൂടാതെ ഏതെങ്കിലും തരത്തിലുള്ള ബലം പ്രയോഗിച്ചാല്‍, ഉദാഹരണത്തിന് ഞെക്കുകയോ ഉരസുകയോ അമര്‍ത്തുകയോ ചെയ്താല്‍ ഇലക്ട്രിക് ചാര്‍ജ് ഉണ്ടാക്കുന്ന പീസോഇലക്ട്രിക് പദാര്‍ത്ഥങ്ങള്‍ ഉപയോഗപ്പെടുത്തി നമ്മുടെ കാല്‍വെപ്പുകളും ശബ്ദവും ഉരസലും എന്തിന് അനക്കം വരെ വൈദ്യുതിയാക്കി മാറ്റാവുന്ന വളരെ ഭാവനാത്മകമായ ചില ബാറ്ററി സങ്കല്‍പ്പങ്ങളെക്കുറിച്ചും ലോകത്ത് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതിലേറ്റവും രസകരമായി ഉണ്ണിക്ക് തോന്നിയത് മൂത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ്. കേള്‍ക്കുമ്പോള്‍ അരോചകമായി തോന്നുമെങ്കിലും മൈക്രോബിയല്‍ ഫ്യുവല്‍ സെല്‍സില്‍ (സൂക്ഷ്മാണു ഇന്ധന കോശങ്ങള്‍) അധിഷ്ഠിതമായ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയെക്കുറിച്ചുള്ള ഗവേഷണങ്ങളും വളരെ ഗൗരവമായി തന്നെയാണ് രസതന്ത്രലോകത്ത് പുരോഗമിക്കുന്നത്. നിരവധി മൈക്രോബിയല്‍ ഫ്യുവല്‍ സെല്ലുകള്‍ നേര്‍രേഖയില്‍ അണിനിരത്തി  ബ്രിസ്റ്റോള്‍ റോബോട്ടിക്സ് ലാബിലെ ഗവേഷകര്‍ നിര്‍മ്മിച്ച ഉപകരണം മൊബീല്‍ ഫോണിനെ ചാര്‍ജ് ചെയ്യുന്ന ചിത്രവും പുസ്തകത്തില്‍ നല്‍കിയിരുന്നു. എന്നും കാലത്തെഴുന്നേറ്റ് വെറുതേ ഒഴുക്കിവിടുന്ന മൂത്രം ബാറ്ററിയായി നമ്മളിലേക്ക് തിരിച്ചെത്തി ഫോണിനെ ചാര്‍ജ്ജ് ചെയ്യുന്നത് ആലോചിച്ച് ചിരിച്ച് ചിരിച്ച് ഉണ്ണി ഉറക്കത്തിലേക്ക് വീണു.