Jan 6 • 10M

അഞ്ചാം വയസ്സില്‍ അവള്‍ അമ്മയായി; പക്ഷേ അതെങ്ങനെ സാധ്യമാവും?

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ ഒരു അഞ്ചു വയസ്സുകാരിയാണ്. കളിച്ചു ചിരിച്ച് ആര്‍ത്തുല്ലസിച്ച് നടക്കുന്ന പ്രായത്തില്‍ ഗര്‍ഭത്തിന്റെ വിഷമതകളും പ്രസവ നോവും അനുഭവിക്കേണ്ടി വരിക...

4
 
1.0×
0:00
-9:59
Open in playerListen on);
Episode details
Comments

വെറും അഞ്ചു വയസ്സ് മാത്രമുള്ള ഒരു കുഞ്ഞ്, ഗര്‍ഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചു എന്നു കേട്ടാല്‍ അപൂര്‍വ്വം എന്ന് പറയാം, പക്ഷേ അത് അസംഭവ്യമല്ല. കാരണം, വര്‍ഷങ്ങള്‍ക്കു മുന്‍പ് അത് സംഭവിച്ചിരുന്നു. എന്നാല്‍ ഇത്രയും ചെറിയ കുട്ടിക്ക് എങ്ങനെ അത് സാധ്യമാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നതിങ്ങനെ...


നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2017 മാര്‍ച്ചില്‍ ഇന്ത്യയെ ഞെട്ടിച്ച ഒരു വാര്‍ത്ത പുറത്തുവന്നു. 12 വയസ്സുകാരനില്‍ നിന്ന് 17 വയസ്സുകാരി അമ്മയായി എന്ന്. കേരളത്തില്‍ നടന്ന ഈ സംഭവത്തോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ ഈ 12 വയസ്സുകാരനാണെന്നും കുട്ടിയുടെ ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞു. ആണ്‍കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്തതിന് പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സംക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരം 12 വയസ്സുകാരനെതിരെ കേസെടുക്കുകയും ചെയ്തു. പക്ഷേ ഇതെല്ലാം എങ്ങനെ സംഭവിക്കും എന്ന് ചിന്തിക്കാത്തവരുണ്ടാകില്ല.

അഞ്ചുവയസ്സായ അമ്മ

എന്നാല്‍ ഇനി പറയുന്നത് കേള്‍ക്കുമ്പോള്‍ അതിലും അതിശയം തോന്നാം. കാരണം, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ ഒരു അഞ്ചു വയസ്സുകാരിയാണ്. കളിച്ചു ചിരിച്ച് ആര്‍ത്തുല്ലസിച്ച് നടക്കുന്ന പ്രായത്തില്‍ ഗര്‍ഭത്തിന്റെ വിഷമതകളും പ്രസവ നോവും അനുഭവിക്കേണ്ടി വരികയെന്നു പറഞ്ഞാല്‍ അതില്‍ പരം വിഷമം മറ്റെന്താണുള്ളത്? അതും തനിക്ക് സംഭവിക്കുന്നത് എന്താണെന്നു പോലും മനസ്സിലാകാത്ത പ്രായത്തിലായാല്‍! അതെ, അങ്ങനെയൊരു ഗര്‍ഭവും പ്രവസവവും ചരിത്രത്തിന്റെ ഭാഗമായുണ്ട്. വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിയ ആ സംഭവം ഇങ്ങനെയാണ്.

പെറുവിലെ ലിമ നഗരത്തിനടുത്തുള്ള ടിക്രാപോയില്‍ 1939ലാണ് ലിന മെഡിന എന്ന അഞ്ചു വയസ്സുകാരിയെയും കൊണ്ട് വീട്ടുകാര്‍ ആശുപത്രിയിലെത്തുന്നത്. അസാധാരണമായി കുഞ്ഞിന്റെ വയര്‍ വലുതാകുന്നുവെന്ന് പറഞ്ഞ ലിനയുടെ അമ്മയ്ക്കും ഡോക്ടര്‍മാര്‍ക്കും ആദ്യം ഇത് ട്യൂമര്‍ ആയിരിക്കുമോ എന്നായിരുന്നു സംശയം. എന്നാല്‍ പരിശോധനയില്‍ ലിന ഏഴു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ കണ്ടെത്തി. ഇതെങ്ങനെ സാധ്യമാകുമെന്ന് വൈദ്യശാസ്ത്രവും അതിശയിച്ചു. അങ്ങനെയാണ് ലിനയ്ക്ക് മൂന്ന് വയസ്സു മുതല്‍ ആര്‍ത്തവം ഉണ്ടാകാറുണ്ടെന്ന് അമ്മ വെളിപ്പെടുത്തിയത്.

പക്ഷേ എട്ടാം മാസം മുതല്‍ തന്നെ ലിനയ്ക്ക് ആര്‍ത്തവം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. 1933ല്‍ ജനിച്ച ലിന തനിക്ക് അഞ്ചു വയസ്സും ഏഴു മാസവും 21 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 2.7 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലിനയുടെ കുഞ്ഞിനെക്കുറിച്ച് അക്കാലത്തെ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. 1939 മെയ് 14ന് സിസേറിയനിലൂടെയാണ് ലിനയുടെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. അക്ഷരങ്ങള്‍ പോലും പഠിക്കുന്നതിനു മുന്‍പേ പേറ്റുനോവ് അനുഭവിക്കേണ്ടി വന്ന കുഞ്ഞു ലിന അങ്ങനെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയെന്ന ഖ്യാതി നേടി.

ഏറ്റവും ദുഖകരമായ അവസ്ഥ, തനിക്ക് എങ്ങനെ ഇതെല്ലാം സംഭവിച്ചുവെന്ന് മറ്റൊരാളോട് പറയാനുള്ള അറിവ് പോലും ലിനയ്ക്ക് ഇല്ലായിരുന്നു. ജെറാര്‍ഡ് എന്നു പേരിട്ട ലിനയുടെ കുഞ്ഞ് ആരോഗ്യത്തോടെ വളര്‍ന്നുവന്നു. സത്യം തിരിച്ചറിയാതെ, പത്തു വയസ്സു വരെ അവളെ സ്വന്തം ചേച്ചിയായാണ് ജെറാര്‍ഡ് കണ്ടത്. വീട്ടിലെ ഒന്‍പതു മക്കളില്‍ ഒരാളായ ലിനയുടെ കുഞ്ഞനുജനെപോലെ ജെറാര്‍ഡ് വളര്‍ന്നു. പിന്നീട് നാല്പതാം വയസ്സില്‍ എല്ലിന്റെ മജ്ജയ്ക്കുണ്ടായ അസുഖത്തെ തുടര്‍ന്നാണ് ജെറാര്‍ഡ് മരിച്ചത്.


എട്ടാം മാസം തന്നെ ഋതുമതിയായ ലിനയുടെ ശരീരം അഞ്ച് വയസ്സായപ്പോഴേക്കും കൗമാരക്കാരുടേതിന് സമാനമായ രീതിയില്‍ പൂര്‍ണ ശാരീരിക വളര്‍ച്ചയെത്തിയിരുന്നു


ലിനയുടെ കുഞ്ഞിന്റെ അച്ഛന്‍ ലിനയുടെ സ്വന്തം പിതാവ് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. കുട്ടിയെ പീഡിപ്പിച്ചതിന് അച്ഛന്‍ ടിബുറെലോ മെഡിനയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചു. എന്നാല്‍ ഇന്നുവരെ ലിനയോ ലിനയുടെ കുടുംബമോ ഇക്കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. റോയിട്ടേഴ്സ് അടക്കം നിരവധി മാധ്യമങ്ങള്‍ വര്‍ഷങ്ങളോളം ലിനയുടെ പ്രതികരണത്തിനായി പരിശ്രമിച്ചെങ്കിലും അവര്‍ ഒരിക്കലും തന്റെ ജീവിതത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തയ്യാറല്ലായിരുന്നു.

ലിന എവിടെയെന്ന് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. 88 വയസ്സുകാരിയായ ലിന ഇന്നും പെറുവില്‍ ജീവിക്കുന്നുണ്ട്. ലൊസാഡയിലെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ലിന 1970 കളില്‍ റൈള്‍ ജുറാഡോ എന്നയാളെ വിവാഹം കഴിക്കുകയും 1972ല്‍ മറ്റൊരു ആണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കുകയും ചെയ്തു. മറ്റൊന്നും ഇതുവരെയും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ലിന ഒരുപക്ഷേ ഇന്നും ജീവിതത്തിലെ ആ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നു മുക്തയായിട്ടുണ്ടാകില്ല.

കെട്ടുകഥയോ?

ഇതു കെട്ടുകഥയാണെന്നെല്ലാം പ്രചരിച്ചിരുന്നു. ഇത്ര ചെറിയ ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഗര്‍ഭം ധരിക്കാനാകും എന്നെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ലിന ഗര്‍ഭം ധരിച്ചത് തന്റെ നാലാം വയസ്സിലായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ നാള്‍ മുതല്‍ ലിനയുടെ ഗര്‍ഭവും പ്രസവവും മാതൃത്വവുമെല്ലാം സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്നിലായിരുന്നു. എന്നാല്‍ ലിനയെ ചികിത്സിച്ച ഡോക്ടര്‍മാരും വിദഗ്ധരും നല്‍കിയ തെളിവുകള്‍ വിവാദങ്ങളെയെല്ലാം തള്ളിക്കളയുന്നതായിരുന്നു.

കാരണം, എട്ടാം മാസം തന്നെ ഋതുമതിയായ ലിനയുടെ ശരീരം അഞ്ച് വയസ്സായപ്പോഴേക്കും കൗമാരക്കാരുടേതിന് സമാനമായ രീതിയില്‍ പൂര്‍ണ ശാരീരിക വളര്‍ച്ചയെത്തിയിരുന്നു. ലിനയുടെ ഗര്‍ഭകാല പരിശോധനകളുടെയും ചിത്രങ്ങളുടേയും തെളിവുകള്‍ സഹിതം ഡോക്ടര്‍മാര്‍ ഇത് സ്ഥിരീകരിച്ചു. ലിനയുടെ ഗര്‍ഭകാലത്ത് നടത്തിയ രക്ത പരിശോധനകളും ഫോട്ടോകളും ഇത് തെളിയിക്കുന്നതായിരുന്നു. ലിനയുടെ കേസ് നിരവധി ഡോക്ടര്‍മാരാണ് പരിശോധിച്ചത്. ഇവര്‍ നടത്തിയ എക്സ്-റേ പരിശോധനയിലും ഗര്‍ഭാവസ്ഥയില്‍ വളരുന്ന ഒരു കുഞ്ഞിന്റെ എല്ലുകളും ലിനയുടെ ശരീരത്തില്‍ കണ്ടെത്താനായി എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലിനയ്ക്ക് പക്ഷേ സാധാരണ പ്രസവം നടത്താന്‍ പാകത്തിന് ഇടുപ്പെല്ലുകള്‍ക്ക് വികസനം ഇല്ലാത്തതിനാലും പ്രസവ വേദന അനുഭവിക്കാന്‍ ആ കുഞ്ഞിന് കഴിയില്ലെന്നുമുള്ള അറിവിലാണ് പ്രസവം സിസേറിയന്‍ ആക്കുവാന്‍ ഡോക്റ്റര്‍മാര്‍ തീരുമാനിച്ചതും. പ്രസവശേഷം അധികം ആര്‍ക്കും പിടിതരാതെ കഴിയാനാണ് ആ കുടുബം ആഗ്രഹിച്ചത്.

പ്രികോഷ്യസ് പ്യുബര്‍ട്ടി

ലിനയ്ക്ക് വളരെ നേരത്തെ തന്നെ ആര്‍ത്തവം തുടങ്ങിയിരുന്നു എന്നു പറഞ്ഞല്ലോ. ഈ അവസ്ഥയെയാണ് പ്രികോഷ്യസ് പ്യുബര്‍ട്ടി (Precocious puberty) അഥവാ വളരെ ചെറു പ്രായത്തില്‍ ഋതുമതിയാവുക എന്നു പറയുന്നത്. ഇത് ഒരു ഒരു പ്രത്യേക ജനിതക അവസ്ഥയാണ്. പെണ്‍കുട്ടികളില്‍ എട്ടു വയസ്സിനു മുന്‍പ് ആര്‍ത്തവം വരുന്ന അവസ്ഥയെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇത്തരം അവസ്ഥയുള്ള കുട്ടികളില്‍ സാധാരണ സ്ത്രീകളില്‍ ഉള്ളതുപോലെ ആര്‍ത്തവവും ഓവുലേഷനും എല്ലാം നടക്കും. കൂടാതെ ഈ കുട്ടികളുടെ സ്തനങ്ങളുടെ അടക്കമുള്ള ശരീര ഭാഗങ്ങളുടെ വളര്‍ച്ചയും നേരത്തെ നടക്കും.

പെണ്‍കുട്ടികളില്‍ മാത്രമല്ല, ആണ്‍കുട്ടികളിലും പ്രികോഷ്യസ് പ്യുബര്‍ട്ടി നടക്കാം എന്നാണ് പറയുന്നത്. ആണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ചയും ലിംഗ വളര്‍ച്ചയും ഈ അവസ്ഥയില്‍ കൂടുതലായിരിക്കും. മാത്രമല്ല, ആണ്‍കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഘട്ടത്തില്‍ സംഭവിക്കുന്ന സ്വര വ്യതിയാനങ്ങളും ഈ അവസ്ഥയില്‍ നേരത്തെ നടക്കും. ആണ്‍കുട്ടികളില്‍ 9 വയസ്സിനു മുന്‍പ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് പ്രികോഷ്യസ് പ്യുബര്‍ട്ടി എന്ന് വിളിക്കുന്നത്.


എട്ടാം മാസം മുതല്‍ക്കേ ലിനയ്ക്ക് ആര്‍ത്തവം തുടങ്ങി എന്ന് അവരെ ചികിത്സിച്ച ഡേ. എഡ്മുണ്‍ടോ എസ്‌കൊമേല്‍ ഒരു മെഡിക്കല്‍ ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്രയും നേരത്തെ ലിനയക്ക് ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ വ്യക്തത വരുത്താനായിട്ടില്ല


പതിനായിരം പേരില്‍ ഒരാള്‍ക്ക് ഈ അവസ്ഥ ഉണ്ടാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത് എന്ന് ഉറപ്പു പറയാനായിട്ടില്ല. പക്ഷേ ഈ അടുത്ത് നടന്ന ചില പഠനങ്ങള്‍ പ്രകാരം, ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികളില്‍ ഇത്തരത്തില്‍ നേരത്തെ ഋതുമതിയാകുന്ന അവസ്ഥ കാണപ്പെടുന്നുണ്ടത്രേ. അതായത്, ചെറുപ്രായത്തില്‍ തന്നെ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളെക്കാള്‍ വേഗത്തില്‍ ആര്‍ത്തവം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

വളരെ അപൂര്‍വ്വമായി നടക്കുന്നതാണെങ്കിലും ഈ അവസ്ഥ നാഡീ വ്യവസ്ഥയുടെ അസാധാരണ പ്രവര്‍ത്തനം മൂലമോ പിറ്റിയൂറ്ററി ഗ്രന്ഥിയുടേയോ ഹൈപോതലാമസിന്റെയോ അസാധാരണ പ്രവര്‍ത്തനങ്ങള്‍ മൂലമോ നടക്കാം. ഇതുമൂലം പുറപ്പെടുവിച്ചേക്കാവുന്ന ചില ഹോര്‍മോണുകള്‍ പ്രികോഷ്യസ് പ്യുബര്‍ട്ടിക്ക് കാരണമായേക്കാം എന്നാണ് ശാസ്ത്രം പറയുന്നത്. സെന്‍ട്രല്‍ പ്രികോഷ്യസ് പ്യുബര്‍ട്ടി (CPP), പെരിഫറല്‍ പ്രികോഷ്യസ് പ്യുബര്‍ട്ടി (PPP) എന്നിങ്ങനെ രണ്ടായി തരം തിരിച്ചാണ് ഈ അവസ്ഥയെ കാണുന്നത്. ഹോര്‍മോണ്‍ നില അളക്കുന്നതിലൂടെയും എല്ലുകളുടെ വളര്‍ച്ച നോക്കിയും പ്രികോഷ്യസ് പ്യൂബര്‍ട്ടി എന്ന അവസ്ഥ ഉണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.

എട്ടാം മാസം മുതല്‍ക്കേ ലിനയ്ക്ക് ആര്‍ത്തവം തുടങ്ങി എന്ന് അവരെ ചികിത്സിച്ച ഡേ. എഡ്മുണ്‍ടോ എസ്‌കൊമേല്‍ ഒരു മെഡിക്കല്‍ ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്രയും നേരത്തെ ലിനയക്ക് ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ വ്യക്തത വരുത്താനായിട്ടില്ല. അഞ്ചാം വയസ്സില്‍ തന്നെ കുട്ടികളുടേതു പോലെയല്ലാത്ത മാറിടങ്ങളും ഇടുപ്പും എല്ലുകളുടെ വളര്‍ച്ചയും ലിനയില്‍ കണ്ടിരുന്നു. പക്ഷേ പാവം കുഞ്ഞു ലിനയുടെ ശരീരത്തിനനുസരിച്ച് വളരാനുള്ള പക്വത ആ മനസ്സിനായിരുന്നില്ലല്ലോ. ലിനയ്ക്ക് അണ്ഡോത്പാദനവും (ovulation) ആര്‍ത്തവവും നടന്നതുകൊണ്ടാണ് ഗര്‍ഭിണിയായത് എന്നു മാത്രമേ ശാസ്ത്രത്തിനു തെളിയിക്കാനായുള്ളൂ. അതിനപ്പുറം ഉണ്ടായ സത്യങ്ങള്‍ ഇന്നും അജ്ഞാതമായി തുടരുകയാണ്.

ലിനയുടെ അത്ഭുത ഗര്‍ഭത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഡോളറുകള്‍ വരെ ലിനയ്ക്കും കുടുംബത്തിനും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, ലിനയുടെയോ കുടുംബത്തിന്റെയോ ഒരു ഇന്റര്‍വ്യൂവിനായും ഇതേക്കുറിച്ചുള്ള സിനിമ നിര്‍മിക്കുന്നതിനായും മറ്റും. എന്നാല്‍ ഒന്നിനോടും പ്രതികരിക്കാനോ അതേക്കുറിച്ച് എന്തെങ്കിലും പറയാനോ ലിനയും കുടുംബവും തയാറായിരുന്നില്ല. ഒരായുസ്സു മുഴുവന്‍ നീണ്ട ചോദ്യശരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ പെറുവിലെ ലിമ എന്ന നഗരത്തില്‍ ലിന ജീവിക്കുന്നുണ്ട്. കളിച്ചു നടക്കേണ്ട പ്രായത്തില്‍ മാതൃത്വത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പേറേണ്ടി വന്ന ആ ദുരിതകാലത്തെ ഓര്‍മകളും പേറി.